Reading Time: 6 minutes

നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര്​ പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 24,000 രൂപ പിഴയിട്ടു. കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും പടർത്തിയ വേദനിപ്പിക്കുന്ന നടപടി. നാടകക്കാര്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനു തന്നെ അമര്‍ഷമുളവാക്കിയ തീര്‍ത്തും അധാര്‍മ്മികമായ നടപടി. എങ്ങനെയും ഇതിനെ എതിര്‍ത്തേ മതിയാകൂ. പിഴയിട്ട നടപടി പിന്‍വലിപ്പിക്കണം. ആലുവ അശ്വതി എന്ന നാടക ട്രൂപ്പിന് ഈടാക്കിയ പിഴ പിന്‍വലിക്കണം. ഇല്ലാത്ത നിയമത്തിന്റെ പേരില്‍ വന്‍ പിഴ ഈടാക്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണം. ധാര്‍മ്മികരോഷത്തിന്റെ പ്രചണ്ഡ താളം.

തീര്‍ച്ചയായും വേണ്ടതു തന്നെ! പക്ഷേ, ഇതെല്ലാം നടക്കണമെങ്കില്‍ ആദ്യം ആലുവ അശ്വതിക്ക് മോട്ടോര്‍ വാഹന വകുപ്പ് 24,000 രൂപ പിഴയിടണം!! അതെ, ഇടാത്ത പിഴയുടെ പേരിലായിരുന്നു ഈ പുകിലെല്ലാം!!!

തൃപ്രയാര്‍ എ.എം.വി.ഐ. സി.സി.ഷീബ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

കേരളത്തിലെ നാടകക്കാരുള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരെയും കലാപ്രേമികളെയും ധാര്‍മ്മിക ബോധമുള്ള പൗരന്മാരെയും അക്ഷരാഭ്യാസമില്ലാത്ത ഏതോ വിവരദോഷി കുഴിയില്‍ ചാടിച്ചു. കാള പെറ്റുവെന്നു കേട്ടു, എല്ലാവരും ചാടിയിറങ്ങി കയറുമെടുത്തു. 24,000 രൂപയുടെ പിഴ ആലുവ അശ്വതിക്ക് ഒരു സര്‍ക്കാര്‍ സംവിധാനവും ഈടാക്കിയിട്ടില്ല.

തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ക്ക് അധാര്‍മ്മികമായി പിഴയിട്ടതിനെതിരെ പ്രതിഷേധിക്കാന്‍ നെറ്റ്വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയേറ്റർ ആക്റ്റിവിസ്റ്റ്സ് കേരളം -നാടക് ആണ് മുന്നില്‍ നിന്നത്. അവര്‍ ഗതാഗതമന്ത്രിക്ക് പരാതിയും നല്കി.

നാടക്

ശ്രീ. എ.കെ.ശശീന്ദ്രൻ,
ബഹു. കേരള ട്രാൻസ്പോർട് മിനിസ്റ്റർ,
തിരുവനന്തപുരം.

വിഷയം: നാടകവണ്ടിക്കു തൃപ്രയാർ RTO ഓഫീസർ 24,000 രൂപ പിഴ ചുമത്തിയത് സംബന്ധിച്ച്‌

സർ,

കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും പടർത്തിയ വേദനിപ്പിക്കുന്ന ഒരു സംഭവം കേരള ട്രാൻസ്പോർട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ആലുവ അശ്വതി തിയേറ്റേഴ്സിൻറെ നാടക വണ്ടിക്ക് മുൻകൂർ ഫീസ് അടയ്ക്കാതെ ബോർഡ് വച്ചു എന്ന കുറ്റം ചുമത്തി ഭീമമായ പിഴ ഇട്ടുകൊണ്ടു വെഹിക്കിൾ ഓഫീസർ നടപടി എടുത്തിരിക്കുന്നു. വാടകയ്ക്കെടുത്ത വണ്ടിയും മുപ്പതിനായിരത്തിൽ താഴെ പ്രതിഫലവും പത്തിലേറെ അംഗങ്ങളും ഉൾക്കൊള്ളുന്ന സമിതിക്കാണ് ഈ അവസ്‌ഥ ഉണ്ടായത്. ഇത്തരം ഷോക്കുകൾ മറികടക്കാൻ സാധാരണ നാടക പ്രവർത്തകർക്ക് സാമ്പത്തികം കൊണ്ടോ സാമൂഹികപിൻബലം കൊണ്ടോ ആകില്ലെന്നത് എല്ലാർക്കും അറിയുന്ന സത്യമാണ്.

കേരളം ഉണ്ടായ കാലം മുതൽ നാടക വണ്ടികൾ സമിതിയുടെ പേരും നാടകത്തിന്റെ പേരും എഴുതിയ ബോർഡുകൾ മുന്നിലും പിറകിലും പ്രദർശിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ നെടുകെയും കുറുകെയും രായും പകലും ഓടിക്കൊണ്ടിരിക്കുന്നത്. കലാ പ്രവർത്തനം വ്യത്യസ്തമാണെന്നും അതിനുവേണ്ടി ഉപയോഗിക്കുന്ന വണ്ടി ചരക്കുവണ്ടിയുടെ ഗണത്തിൽ വരില്ലെന്നുമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. നിയമങ്ങൾ ഉണ്ടാക്കുമ്പോൾ പോലും സാംസ്‌കാരികവും മാനവീകവുമായ നിലപാടും കരുതലും കേരളത്തിൽ എന്നും ഉണ്ടായിട്ടുണ്ട്.
ഇത് കേരളത്തിൽ നിന്ന്‌ മാത്രം പ്രതീക്ഷിയ്ക്കാൻ കഴിയുന്ന കാര്യമാണ്. പക്ഷേ ഈ സംഭവം അത്തരം എല്ലാ ധാരണകളെയും തകിടം മറിച്ചിരിക്കുന്നു.

1988 മോട്ടോർ വെഹിക്കിൾ ആക്ടിലെ 191 ഭാഗം പാലിച്ചില്ല എന്ന കാരണത്തിനാണ് പിഴ എന്നു ഓഫിസർ പറയുന്നു.1988ൽ ആ നിയമം വന്നതിനു ശേഷം ഇതുവരെ ഒരു സമിതിക്കും ഇങ്ങനെ ഒരു അവസ്‌ഥ നേരിടേണ്ടി വന്നിട്ടില്ല എന്നു നാടകപ്രവർത്തകർ ഒന്നടങ്കം പറയുന്നു. ഒരുപക്ഷേ അത് ഉദ്യോഗസ്ഥരുടെ വിവേകമോ വിവേചനമോ ദയയോ ആയിരുന്നിരിയ്ക്കാം. അതാണ് ഇപ്പോൾ മനസ്സിലാകുന്നത്.

കേരളത്തിലെ നാടക മേഖല പിടിച്ചുനിൽക്കാൻ പോലും പെടാപ്പാട് പെടുന്ന ഈ കാലത്തു ഇത്തരം ഇരുട്ടടികൾ, നാടകപ്രവർത്തനം തന്നെ അവസാനിപ്പിച്ചു നാടകസമിതികളെ പിരിച്ചു വിടാൻ പ്രേരിപ്പിക്കുന്നതാണ്. ഇങ്ങനെ ഒരു നിയമം ഉണ്ടെന്നോ അത് നാടക വണ്ടികൾക്കും ബാധകമാണെന്നോ എത്ര നാടകക്കാർക്ക് അറിയും എന്നത് പോലും വലിയ പ്രശ്നമാണ്.

സർ, കാലാകാലങ്ങളിൽ പല നിയമങ്ങളും വരികയും ചിലതൊക്കെ കടലാസ്സിൽ തന്നെ ഉറങ്ങുകയും, ചിലതൊക്കെ സാധാരണക്കാർക്ക് മാത്രം ബാധകമാക്കുകയും ചെയ്യുന്നു എന്ന് പരക്കെ ഉള്ള ആക്ഷേപത്തിനെ സാധൂകരിയ്ക്കുന്നതല്ലേ ഈ നടപടി. രാഷ്ട്രീയ സാമുദായിക സർക്കാർ പരിപാടികളിലെല്ലാം ഇത്തരം ബോർഡുകളും വാഹനം മുഴുവൻ കവർ ചെയ്യുന്ന ബോക്സുകളുമൊക്കെ പരക്കെ ഉപയോഗിച്ചു കാണാറുണ്ട്. അപ്പോൾ സാമാന്യജനം കരുതുന്നത്‌ ഇത്തരം കാര്യങ്ങൾ നിയമ വിധേയം ആണെന്നല്ലേ? നാടകക്കാരും അങ്ങനെ മാത്രമേ ഇതുവരെ കരുതിയിരുന്നുള്ളൂ.

സർ, ഇതുമായി ബന്ധപ്പെട്ട് 2 കാര്യങ്ങളിൽ ഉടനടി അങ്ങയുടെ ഇടപെടൽ ഉണ്ടാകണം എന്ന് കേരളത്തിലെ നാടകക്കാർക്ക് വേണ്ടി NATAK (Network of Artistic Theater Activists Kerala) അഭ്യർത്ഥിയ്ക്കുന്നു. ചുമത്തിയ 24,000 പിഴ റദ്ദ് ചെയ്യാൻ വേണ്ട നിർദ്ദേശം നൽകണം.

ഈ വിഷയത്തിന്റെ വെളിച്ചത്തിൽ 1988 ലെ മോട്ടോർ വെഹിക്കിൾ നിയമത്തിലെ 191 വകുപ്പിൽ നിന്ന്‌ കേരളത്തിലെ നാടക സാംസ്ക്കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങളെ ഒഴിവാക്കാൻ വേണ്ടി നിയമ ഭേദഗതി നടത്താൻ മുൻകയ്യെടുക്കണം. ഭേദഗതി ഉണ്ടാകും വരെ നിയമം നടപ്പാക്കുന്നതിൽ നിന്നും ഈ വിഭാഗത്തെ ഒഴിവാക്കി നിർത്താനുള്ള നിദ്ദേശം നൽകണം.

തനിക്ക് ഒരു നേരത്തെ അന്നം കിട്ടുന്നതിനൊപ്പം നാടിന്റെ കലാ പാരമ്പര്യത്തെ കൂടി ജീവിപ്പിക്കുന്നവരാണ് നാടകക്കാർ. നാടിന്റെ സാംസ്ക്കാരിക മുഖച്ഛായ നിലനിർത്താൻ കഷ്‌ടതകൾക്കുള്ളിലും പുഞ്ചിരിച്ചുകൊണ്ട് തട്ടിൽ നിന്നും തട്ടിലേക്കു രാപ്പകൽ ഓടുന്നവർക്ക് സാമൂഹികനീതി നിഷേധിക്കരുത്. എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് നിർമ്മിക്കുന്ന നാടകം കളിക്കാനും അതിനു വേണ്ടി സഞ്ചരിക്കാനും കഴിയാത്ത തരത്തിൽ ഉള്ള എല്ലാ നിയമ തടസ്സങ്ങളും സാമ്പത്തീക ബാദ്ധ്യതകളും ഒഴിവാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. നാടക കലാകാരന്മാരെ അവരുടെ പ്രവർത്തി സുഗമമായി ചെയ്യാൻ സഹായിക്കുന്ന തരത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം എന്നു അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ,

ജെ.ശൈലജ
ജ. സെക്രട്ടറി,
നാടക് സംസ്ഥാന കമ്മറ്റി
05/03/2020

പാവം നാടകക്കാര്‍ക്ക് പിഴയിട്ടു എന്ന വിവരം കേട്ട് വിജൃംഭിതനായി പ്രതികരിക്കാന്‍ ഞാനും ചാടിയിറങ്ങിയതാണ്. പക്ഷേ, സാധാരണ ഉണ്ടാകുന്നതു പോലെ എന്തോ ഒരുള്‍വിളി. മറുവശം കൂടി അന്വേഷിക്കണ്ടേ? അന്വേഷിച്ചു. ആര്‍.ടി.ഒ. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു. അദ്ദേഹം കാര്യം വിശദീകരിച്ചു. അതു കേട്ടതോടെ എന്റെ വിജൃംഭിക്കല്‍ കാറ്റു തുറന്നു വിട്ട ബലൂണ്‍ പോലെ ശൂ എന്നായി!!

തൃപ്രയാര്‍ സബ് ആര്‍.ടി. ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ അഥവാ എ.എം.വി.ഐ. സി.സി.ഷീബയാണ് കഥാനായിക. ആദ്യം വില്ലത്തിയുടെ റോളിലാണ് നാടക്കാര്‍ ഇവരെ അവതരിപ്പിച്ചത്. സത്യമറിഞ്ഞവര്‍ക്കെല്ലാം അവര്‍ ഇപ്പോള്‍ നായികയാണ്. തന്റെ ജോലി കൃത്യമായി സത്യസന്ധതയോടെ ചെയ്ത നായിക.

ഷീബ ടെമ്പോ ഡ്രൈവര്‍ക്കു നല്‍കിയ ചെക്ക് റിപ്പോര്‍ട്ടിന്റെ അസ്സല്‍ പകര്‍പ്പ്

മാര്‍ച്ച് 4ന് ഉച്ചതിരിഞ്ഞ് 3.30 മണിയോടെ പതിവ് വാഹനപരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു ഷീബ. അപ്പോഴാണ് കൊടുങ്ങല്ലൂര്‍ നിന്ന് ഗുരുവായൂരേക്ക് പോകുന്ന റോഡില്‍ തളിക്കുളത്ത് കെ.എല്‍.-42-ജി-18 നമ്പരുള്ള ടെമ്പോ ട്രാവലര്‍ ശ്രദ്ധയില്‍പ്പെട്ടത്. ആ ടെമ്പോയ്ക്കു മുകളില്‍ ആലുവ അശ്വതി എന്ന നാടകസമിതിയുടെ ബോര്‍ഡ് ഉണ്ടായിരുന്നു. ആ പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ നിശ്ചിത ഫീസ് ഒടുക്കി അനുമതി വാങ്ങിയിട്ടുണ്ടോ എന്നു ചോദിച്ചു. ബോര്‍ഡുണ്ടാക്കുന്ന സുരക്ഷാപ്രശ്നത്തെക്കുറിച്ചും പറഞ്ഞു. അനുമതിയില്ലാതെ ബോര്‍ഡ് വെയ്ക്കാന്‍ പറ്റില്ലെന്നും വ്യക്തമാക്കി.

ആര്‍.ടി. ഓഫീസ് രജിസ്റ്ററില്‍ ഷീബയുടെ ചെക്ക് റിപ്പോര്‍ട്ടിന്റെ കാര്‍ബണ്‍ പകര്‍പ്പ്

എം.എം.വി.ഐ. പറഞ്ഞത് നാടകസംഘത്തിലെ ഒരു ‘കലാകാരന്’ ഒട്ടും ഇഷ്ടപ്പെട്ടില്ല. ടിയാന്റെ ചോരയുടെ തിളപ്പ് അല്പം കൂടി -“നിങ്ങള്‍ ഞങ്ങളെ നിയമം പഠിപ്പിക്കുകയൊന്നും വേണ്ട. ഇത്തരമൊരു ഫീസ് നാട്ടില്‍ നിലവിലില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആ നിയമം നടപ്പാക്കാന്‍ കോടതിക്കേ അധികാരമുള്ളൂ. മോട്ടോര്‍ വാഹന വകുപ്പിന് ഒരധികാരവുമില്ല. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ നിയമനടപടികള്‍ എഴുതിത്തരണം.” ആവശ്യം അംഗീകരിക്കാന്‍ എ.എം.വി.ഐ. തയ്യാറായി. ബോര്‍ഡിന്റെ അളവെടുത്തു. അവര്‍ ശാന്തയായി ചെക്ക് റിപ്പോര്‍ട്ട് എഴുതിത്തുടങ്ങി.

ടെമ്പോയ്ക്കു മുകളിലുണ്ടായിരുന്ന ബോ‍ര്‍ഡിന്റെ അളവെടുക്കുന്നു

ഈ സമയത്ത് ചോര തിളച്ചയാള്‍ അടങ്ങിയിരുന്നില്ല. “ഇതിന്റെ അനന്തരഫലങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരും” എന്ന മുന്നറിയിപ്പ് ഷീബയ്ക്കു നേരെ വന്നു. ഒപ്പം അദ്ദേഹത്തിന്റെ കൈയിലെ മൊബൈല്‍ ഫോണില്‍ പരിസരചിത്രീകരണവും തുടങ്ങി. സമചിത്തത ഒട്ടും കൈവിടാതെ എ.എം.വി.ഐ. ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി. അസ്സല്‍ പകര്‍പ്പ് ടെമ്പോയുടെ ഡ്രൈവര്‍ക്കു കൊടുത്തു. ചെക്ക് റിപ്പോര്‍ട്ടില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ആര്‍.ടി.ഒയ്ക്കു മുന്നില്‍ അതു ബോധിപ്പിക്കാന്‍ 14 ദിവസത്തെ സാവകാശവും നല്‍കി. ഇതു കഴിഞ്ഞയുടനെ തന്നെ ആ ഉദ്യോഗസ്ഥ അവിടെ നിന്നു പോകുകയും ചെയ്തു.

പിന്നെ ഷീബ അറിയുന്നത് താന്‍ ‘ഫേമസ്’ ആയ വിവരമാണ്. നാലുപാടു നിന്നു തനിക്കു നേരെയുണ്ടാവുന്ന പുലഭ്യം വിളി കേട്ട് അവര്‍ അമ്പരന്നു. 26,000 രൂപയ്ക്ക് നാടകം കളിക്കുന്ന നാടക സംഘത്തിന് 24,000 രൂപ പിഴയിട്ട നരാധമ എന്നൊക്കെ കേട്ട് ഷീബ നടുങ്ങി. എവിടെയാണ് താന്‍ പിഴയിട്ടതെന്ന് എത്ര ആലോചിച്ചിട്ടും ആ ഉദ്യോഗസ്ഥയ്ക്കു പിടികിട്ടിയില്ല. എല്ലാ വാര്‍ത്തയിലും താന്‍ വിപരീതാര്‍ത്ഥത്തില്‍ നിറഞ്ഞിരിക്കുന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ അവര്‍ തളര്‍ന്നിരുന്നു പോയി.

ഷീബ എഴുതിയ ചെക്ക് റിപ്പോര്‍ട്ടിന്റെ കാര്‍ബണ്‍ പകര്‍പ്പ് ആര്‍.ടി. ഓഫീസിലെ ബുക്കിലുണ്ട്. അതിന്റെ പകര്‍പ്പ് എന്റെ സുഹൃത്തായ ഉദ്യോഗസ്ഥന്‍ അയച്ചുതന്നു. നാടകസംഘത്തിന് ലഭിച്ച അസ്സല്‍ രശീതിന്റെ പകര്‍പ്പ് നാടകരംഗത്തെ ഒരു സുഹൃത്തും കൈമാറി. ഇതു രണ്ടും പരിശോധിച്ചതില്‍ നിന്ന് ഷീബ എഴുതിയ ചെക്ക് റിപ്പോര്‍ട്ട് കൃത്യമായി മനസ്സിലായി.

വാഹനത്തിന്റെ പുറകിലും മുന്‍പിലുമായി 160 cm നീളത്തിലും 150 cm വീതിയിലുമായി ‘ആലുവ അശ്വതി’ എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആയതിന്റെ advt ചാര്‍ജ്ജ് അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. Violation of Kerala Motor Vehicle rule 191.
160 x 150 = 24,000 cm2ന്റെ ഫീസ് ഈടാക്കാവുന്നതാണ്.

24,000 ചതുരശ്ര സെന്റിമീറ്റര്‍ എന്നത് 24,000 രൂപയാണെന്ന് ആ കൂട്ടത്തിലെ ഏതോ വിവരദോഷി ധരിച്ചു. ബോര്‍ഡിന്റെ വിസ്തീര്‍ണ്ണമെഴുതിയതിനെ പിഴത്തുകയാക്കി ചിത്രീകരിച്ചു. നാടകസമിതിക്ക് ഒരു താക്കീതുപോലും നല്‍കാതെ അവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കിയതിനെതിരെ ധാര്‍മ്മികരോഷം പതഞ്ഞുപൊങ്ങി. നാടക് പോലുള്ള സംഘടനകള്‍ പരസ്യപ്രതികരണവുമായി വന്നു. മന്ത്രി വിഷയത്തിലിടപെട്ടു.

ഷീബയ്ക്കെതിരെ നാലുപാടു നിന്നു പുലഭ്യം തുടങ്ങി. അവരുടെ കുടുംബത്തെ വരെ ആക്രമിച്ചു. അത് ഈ നിമിഷത്തിലും തുടരുന്നു. കാരണം പിഴ ഈടാക്കിയതിനെക്കുറിച്ചറിഞ്ഞതിന്റെ നാലിലൊന്നു പേര്‍ പോലും സത്യമറിഞ്ഞില്ല. പിഴത്തുകയല്ല ബോര്‍ഡിന്റെ വിസ്തീര്‍ണ്ണമാണ് ഷീബ എഴുതിയതെന്ന് മഹാഭൂരിപക്ഷത്തിനും അറിയില്ല. അവര്‍ ഇപ്പോഴും പുലഭ്യം നിര്‍ബാധം തുടരുന്നു.

ഇതിനിടെ ചില എട്ടുകാലി മമ്മൂഞ്ഞുമാരും വിഷയത്തില്‍ ഇടപെട്ടു. തന്റെ ഇടപെടല്‍ കൊണ്ട് പിഴ ഒഴിവാക്കിയെന്ന് പ്രസ്താവനയും കാച്ചി. പക്ഷേ, ഇല്ലാത്ത പിഴയാണ് ഒഴിവാക്കിയെന്ന് അവകാശപ്പെടുന്നതെന്ന് അദ്ദേഹം അറിഞ്ഞില്ല.

നാടകസമിതിക്കാര്‍ പിഴ അടച്ചിട്ടില്ല. അതിനാല്‍ത്തന്നെ പിഴയുടെ രശീതും ഹാജരാക്കാനാവില്ല. പിന്നെന്തിനായിരുന്നു ഈ പ്രഹസനം? ഇക്കാര്യത്തിൽ നാടകസമിതിയുടെ ഭാഗത്തുണ്ടായ ബോധപൂർവ്വമായ വീഴ്ച അവര്‍ക്കു വേണ്ടി പ്രതികരിച്ച, കേരളത്തില്‍ നാടകത്തിനൊപ്പം നില്‍ക്കുന്നവരോടുള്ള ചതിയാണ്. തങ്ങള്‍ക്കു പിശകുനപറ്റിയതാണെന്നു പറയാന്‍ പോലും അവര്‍ തയ്യാറായില്ല എന്നതാണ് ദുരന്തം.

പണ്ട് ഗ്രാമവാസികളെ പറ്റിക്കാന്‍ ശ്രമിച്ച ഇടയബാലന്റെ കഥ ഓര്‍മ്മവരുന്നു. “പുലി വരുന്നേ” എന്ന് അവന്‍ നിലവിളിക്കുന്നത് കേട്ട് ഓടിച്ചെല്ലുമ്പോള്‍ ഗ്രാമവാസികള്‍ കാണുന്നത് “അയ്യയ്യേ പറ്റിച്ചേ” എന്ന ചിരിയുമായി നില്‍ക്കുന്ന ഇടയനെയാണ്. ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ പുലി വരിക തന്നെ ചെയ്തു. ഇടയന്‍ പതിവു പോലെ “പുലി വരുന്നേ” എന്നു നിലവിളിച്ചു. പക്ഷേ, ഗ്രാമവാസികള്‍ കാര്യമാക്കിയില്ല, പതിവ് തമാശയാക്കി. ഇടയനെയും ആടുകളെയും പുലി കൊണ്ടുപോയി.

ഇതുപോലൊരു സാഹചര്യമാണ് ആലുവ അശ്വതി ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇനി നാടകക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നം യഥാര്‍ത്ഥത്തില്‍ ഉണ്ടായാലും അതില്‍ ഇടപെടാന്‍ പൊതുസമൂഹം ഒന്നു മടിക്കും, ഒന്നു സംശയിക്കും. അത്രയും ഉപകാരം ഈ സംഭവം കൊണ്ട് ഉണ്ടായിട്ടുണ്ട്. കേരളത്തിലെ നാടകക്കാര്‍ക്ക് എന്നും പാര നാടകക്കാര്‍ തന്നെയാണ്. ഈ സംഭവം അതിനു തെളിവാണ്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കുപ്രചാരണം നടത്തിയവര്‍ക്കെതിരെ ഷീബ പൊലീസില്‍ ഒരു പരാതി കൊടുത്താല്‍ കളി മാറും. എങ്കില്‍ ആലുവ അശ്വതിക്കാര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാടകം കളിക്കാന്‍ അവസരം ലഭിച്ചേക്കും. എന്റെ അഭിപ്രായം ഷീബ ഒരു ജയില്‍ നാടകത്തിന് അവസരമൊരുക്കി സഹായിക്കണം എന്നു തന്നെയാണ്. എങ്കിലേ ഇവറ്റകള്‍ നന്നാവൂ.

സത്യം പുറത്തുവരുന്നതിനു മുമ്പ് പ്രതിഷേധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒരു നാടകപ്രവര്‍ത്തന്‍ എഴുതി -“ഒരു പ്രശ്നം വന്നാൽ നാടകക്കാർ പിന്നെ ഒന്നാണ്. സിനിമയെ കുറിച്ച് ഞാനൊന്നും പറഞ്ഞില്ല.” അതെ, നാടകക്കാര്‍ ഒറ്റക്കെട്ടാണ്. പക്ഷേ, കിം ഫലം?

Previous article5 അപ്പം കൊണ്ട് 5,000 പേരെ ഊട്ടിയോ?
Next articleമഹാമാരിക്കെതിരെ സാമ്പത്തിക ഇടപെടല്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here