മലയാള സിനിമ ഇന്ന് മുന്നോട്ടു നീങ്ങുന്നത് ഉപഗ്രഹ സംപ്രേഷണാവകാശം അഥവാ സാറ്റലൈറ്റ് റൈറ്റ് ആധാരമാക്കിയാണ്. സിനിമ നിലനിൽക്കുന്നത് ടെലിവിഷൻ ചാനലുകളെ ആശ്രയിച്ചാണെന്ന് ചുരുക്കം.
ഒരു സിനിമ പിറവിയെടുക്കുന്നതിനു മുമ്പു തന്നെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് സംബന്ധിച്ച ധാരണയുണ്ടാക്കനാണ് സിനിമാ പ്രവർത്തകരുടെ നെട്ടോട്ടം. സൂപ്പർ താരസാന്നിദ്ധ്യം സാറ്റലൈറ്റ് റൈറ്റ് നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിനാൽ തന്നെയാണ് അവർക്കു പിന്നാലെ നിർമ്മാതാക്കൾ പരക്കം പായുന്നത്. തിയേറ്ററിൽ ഓടാതിരുന്ന പല സിനിമകളുടെയും നിർമ്മാതാക്കൾ അവ പുറത്തിറങ്ങുന്നതിനു മുമ്പു നിർണ്ണയിക്കപ്പെട്ട ഉയർന്ന സാറ്റലൈറ്റ് റൈറ്റ് പിൻബലത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്.
സത്യം ഇതാണെന്നിരിക്കെ ഉപഗ്രഹ സംപ്രേഷണാവകാശം മുൻകൂർ വിൽക്കാതെ സിനിമ തിയേറ്ററിലെത്തിക്കാൻ അസാമാന്യ ധൈര്യം വേണം. ആ ധൈര്യമാണ് ആർ.എസ്.വിമൽ പ്രകടിപ്പിച്ചത്. Fortune favours the brave എന്ന ചൊല്ല് ഇവിടെ അന്വർത്ഥമാവുകയാണ്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ‘എന്നു നിന്റെ മൊയ്തീൻ’ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുന്നു. ഏഷ്യാനെറ്റ് ഈ സിനിമ വാങ്ങിയത് 6.87 കോടി രൂപയ്ക്കാണ്. സൂര്യ 5.70 കോടി രൂപ നൽകി വാങ്ങിയ ‘ലൈഫ് ഓഫ് ജോസൂട്ടി’ ആണ് ഇതുവരെയുള്ള ഏറ്റവും വില കൂടിയ സിനിമ എന്നാണ് എന്‍റെ അറിവ്. മഹാനായ മൊയ്തീനു മുന്നിൽ ആ ചരിത്രം വഴി മാറുകയാണ്.
‘എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ ലഭിച്ച സ്വീകാര്യത സാറ്റലൈറ്റ് റൈറ്റിന് ഉയർന്ന വില ലഭിക്കുന്നതിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രദർശനത്തിന്റെ 150 ദിവസം തികയ്ക്കുമ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സാണ്. ഈ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സംബന്ധിച്ച് ധാരാളം വാർത്തകൾ പ്രചരിക്കുകയും ചെയ്തു. 8 കോടിക്കു വിറ്റു എന്നൊക്കെ ആയിരുന്നു വാര്‍ത്തകള്‍. ആ വാർത്തകളുടെ സത്യാവസ്ഥയാണ് ഇപ്പോൾ വെളിപ്പെടുന്നത് -6.87 കോടി രൂപയ്ക്ക് ‘എന്നു നിന്റെ മൊയ്തീൻ’ ഏഷ്യാനെറ്റിന് സ്വന്തം.
വിമൽ എന്ന നവാഗത സംവിധായകന്റെ ശിരസ്സിൽ പൊതുജനം ചാർത്തി നൽകിയ കിരീടത്തിലെ പൊൻതൂവലാണിത്. മുക്കത്തുകാരനായ മൊയ്തീൻ തിരുവനന്തപുരത്തുകാരനായ വിമലിന്റെ വീട്ടിലെ സ്വീകരണമുറി പുരസ്കാരങ്ങളാൽ ഇപ്പോൾത്തന്നെ നിറച്ചുകഴിഞ്ഞു. ഇനിയുമേറെ പുരസ്കാരങ്ങൾ അവിടെയെത്താൻ എവിടെയൊക്കെയോ കാത്തിരിക്കുന്നുണ്ടാവാം…
പ്രിയ വിമൽ.. നിന്റെ വിജയത്തിൽ മതിമറന്നാഹ്ലാദിക്കുന്ന ഉറ്റവരുടെ കൂട്ടത്തിൽ ഞാനും അണി ചേരുന്നു. ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കാൻ നിനക്കെന്റെ ആശംസകൾ !!