HomeJOURNALISMനിയന്ത്രണം വര...

നിയന്ത്രണം വരുന്ന വഴികള്‍!!

-

Reading Time: 4 minutes

IMG-20160406-WA0001

സുഹൃത്തേ,

കോട്ടയം പ്രസ് ക്ലബ്ബില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 12ന് വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന സജി മഞ്ഞക്കടമ്പന്‍ എന്ന വ്യക്തിയുടെ വാര്‍ത്താസമ്മേളനം താങ്കളുടെ പ്രേരണയാല്‍ കോട്ടയം ടി.ബിയില്‍ നടത്തിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ പ്രവണത കെ.യു.ഡബ്ല്യു.ജെയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും വിവിധ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍സ്ഥിരതയെയും ബാധിക്കുമെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. ഇത്തരം പ്രവണതകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് അറിയിക്കുന്നു. ഇത് സംബന്ധിച്ച് താങ്കള്‍ക്ക് വിശദീകരണമുണ്ടെങ്കില്‍ ഏപ്രില്‍ ഏഴിനകം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എസ്.മനോജ് (പ്രസിഡന്റ്)
ഷാലു മാത്യു (സെക്രട്ടറി)

ആര്‍ക്കും ഒന്നും പുടികിട്ടീലാന്നറിയാം. നുമ്മടെ റിപ്പോര്‍ട്ടര്‍ ടീവിലെ കോട്ടയം പ്രതിനിധിയും ചീഫ് റിപ്പോര്‍ട്ടറുമായ സനില്‍ ഫിലിപ്പിന് കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദേശാഭിമാനിക്കാരനായ എസ്.മനോജും സെക്രട്ടറിയും മംഗളംകാരനുമായ ഷാലു മാത്യുവും ചേര്‍ന്നു കൊടുത്ത കത്ത് അഥവാ മുന്നറിയിപ്പ് അഥവാ കാരണം കാണിക്കല്‍ നോട്ടീസാണിത്. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സ്ഥാപനങ്ങള്‍ക്ക് അവരുടെ ചെയ്തികളുമായി ബന്ധമില്ലെന്ന് ആദ്യമേ തന്നെ പറയട്ടെ. പരിചയപ്പെടുത്തലിനായി സ്ഥാപനങ്ങള്‍ പരാമര്‍ശിച്ചുവെന്നു മാത്രം.

തിരുവനന്തപുരത്ത് ഒഴികെ ബാക്കി 13 ജില്ലകളിലും പ്രസ് ക്ലബ്ബുകള്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ അഥവാ കെ.യു.ഡബ്ല്യു.ജെ. നിയന്ത്രണത്തിലാണ്. തിരുവനന്തപുരത്ത് മാത്രം യൂണിയന്‍ എന്നത് കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റാണ്. ഈ സ്ഥാപനങ്ങളുടെ പ്രസിഡന്റും സെക്രട്ടറിയും എന്നു പറഞ്ഞാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമാണ്. അതായത് സനല്‍ ഫിലിപ്പിന് കത്തു കൊടുത്തത് യൂണിയനാണെന്നര്‍ത്ഥം.

എന്താണ് സനില്‍ ഫിലിപ്പിന് ലഭിച്ച നോട്ടീസിന് കാരണം? വിശദമായിത്തന്നെ അന്വേഷിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തിരുന്നു തന്നെ എനിക്കത് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതിനാല്‍ കോട്ടയത്തു പോകാനൊന്നും നിന്നില്ല. അന്വേഷിച്ചു കണ്ടെത്തിയത് മുഴുവന്‍ പറഞ്ഞാല്‍ പല ‘സുഹൃത്തുക്കള്‍ക്കും’ ഇഷ്ടമാവില്ല. പക്ഷേ, ചിലത് പറയാതിരിക്കാനുമാവില്ല.

കേരളാ കോണ്‍ഗ്രസ് -മാണി ഗ്രൂപ്പില്‍ വിമതശബ്ദമുയര്‍ത്തി നില്‍ക്കുന്ന ഒരു നേതാവിന്റെ ബൈറ്റെടുത്തു. സജി മഞ്ഞക്കടമ്പനാണ് ഈ നേതാവ്. പൂഞ്ഞാറില്‍ സീറ്റ് ലഭിക്കും എന്ന് സജി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടാവാത്ത സാഹചര്യത്തില്‍ സജി വിമതനായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ഏതൊരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളവും ചൂടുള്ള വാര്‍ത്താവിഷയമാണ് സജി മഞ്ഞക്കടമ്പന്‍ എന്നര്‍ത്ഥം.

സജി മഞ്ഞക്കടമ്പനെ കണ്ടെത്താന്‍ സനില്‍ ഫിലിപ്പും കോട്ടയത്തെ മറ്റു മാധ്യമപ്രവര്‍ത്തകരും രണ്ടു മൂന്നു ദിവസമായി ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ സജി തന്റെ രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു വെച്ചു. സജിക്കൊപ്പം എപ്പോഴുമുണ്ടാവുന്ന നാലു കൂട്ടുകാരുടെ നമ്പര്‍ ഉണ്ടായിരുന്നു എന്നതാണ് സനില്‍ ഫിലിപ്പിന്റെ നേട്ടം. ചാനലില്‍ സജി ചര്‍ച്ചയ്ക്ക് അതിഥിയായി വരുമ്പോഴെല്ലാം പ്രസാദ്, ഗൗതം, കാപ്പന്‍, ഓജോ എന്നീ നാലു കൂട്ടുകാരും അദ്ദേഹത്തിനൊപ്പമുണ്ടാവും. അവരില്‍ ഒരാളിലൂടെ സജിയിലേക്കെത്തിയ സനല്‍ കക്ഷിയെ കോട്ടയം ടി.ബിയിലെത്തിച്ചു. ഒറ്റയ്ക്ക് ബൈറ്റെടുത്ത് റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ് അടിക്കുക എന്നതു തന്നെയായിരുന്നു സനലിന്റെ ലക്ഷ്യം.

ടി.ബിയില്‍ വെച്ച് കണ്ടപ്പോഴാണ് സനിലിനോട് സജി പറഞ്ഞത് -ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, കൈരളി പീപ്പിള്‍ എന്നിവയുടെ റിപ്പോര്‍ട്ടര്‍മാര്‍ കഴിഞ്ഞ രാത്രി വരെ തന്നെ തുടര്‍ച്ചയായി വിളിക്കുന്നുണ്ടായിരുന്നു. അവരെ ഒഴിവാക്കി റിപ്പോര്‍ട്ടറിനു മാത്രം ബൈറ്റ് നല്‍കുന്നത് മര്യാദകേടാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരാളുടെ അഭ്യര്‍ത്ഥന സനല്‍ എതിര്‍ത്തില്ല. ടി.ബിയില്‍ തന്റെ ബൈറ്റെടുക്കാന്‍ റിപ്പോര്‍ട്ടറിലെ സനില്‍ ഫിലിപ്പ് എത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒപ്പം കൂടാമെന്നും സജി തന്നെ മറ്റു മൂന്നു ചാനലുകാരെ വിളിച്ചറിയിച്ചു.

ലൈവ് കൊടുക്കുന്നതിനുള്ള ബാക്ക് പായ്ക്കുമായിട്ടാണ് ഏഷ്യാനെറ്റ്, മാതൃഭൂമി റിപ്പോര്‍ട്ടര്‍മാര്‍ എത്തിയത്. ടി.ബിയുടെ മുറ്റത്തുനിന്ന് സംസാരിക്കാന്‍ സജി മഞ്ഞക്കടമ്പന്‍ വിഷമം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഒരു മുറി നാലു റിപ്പോര്‍ട്ടര്‍മാരും ചേര്‍ന്ന് തരപ്പെടുത്തി. മാതൃഭൂമി ഉച്ചയ്ക്ക് 2 മണി വാര്‍ത്തയില്‍ സജിയുടെ ബൈറ്റ് ലൈവ് കൊടുത്തു. അപ്പോള്‍ത്തന്നെ ബൈറ്റെടുത്ത എല്ലാ ചാനലുകാരെയും പ്രസ് ക്ലബ്ബില്‍ നിന്നു വിളിച്ചു. ബൈറ്റ് എടുക്കുന്നതിനു കാരണഭൂതനായ സനിലിനെയും ക്ലബ്ബില്‍ നിന്നു വിളിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് അപ്പോള്‍ത്തന്നെ കൈമാറുകയും ചെയ്തു.

SANIL-PHILIP4
സനില്‍ ഫിലിപ്പ്

അതിനുമാത്രം വലിയ എന്തു കുറ്റമാണ് സനില്‍ ഫിലിപ്പ് ചെയ്തത്? എനിക്കു മനസ്സിലാവുന്നില്ല. അതു മനസ്സിലാക്കാനും മാത്രമുള്ള വിവരം എനിക്കില്ലാത്തതിനാലായിരിക്കാം.

പത്രസമ്മേളനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസാണ് പ്രസ് ക്ലബ്ബുകള്‍ക്കുള്ള പ്രധാന വരുമാനസ്രോതസ്സ്. അങ്ങനെയുള്ള വരുമാനം നഷ്ടപ്പെടുന്നതിന് സനില്‍ ഫിലിപ്പ് വഴിവെച്ചു എന്നാണ് ക്ലബ്ബ് ഭാരവാഹികളുടെ ആരോപണം. സജി മഞ്ഞക്കടമ്പന്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ ഏപ്രില്‍ അഞ്ചിന് 12 മണിക്ക് പത്രസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നുവത്രേ. ഇത് സനില്‍ ഫിലിപ്പിന്റെ പ്രേരണയാല്‍ കോട്ടയം ടി.ബിയില്‍ വച്ച് നടത്തിയെന്ന് പ്രസ്സ് ക്ലബ്ബിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്.

എന്നാല്‍, അത്തരമൊരു പത്രസമ്മേളനത്തിന് സജി മഞ്ഞക്കടമ്പന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നതാണ് സത്യം. ആര്‍ക്കുവേണമെങ്കിലും സജിയെ വിളിച്ച് ഇത് അന്വേഷിക്കാം. തിങ്കളാഴ്ച രാത്രി 10.30 മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി വരെ സജിയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. പ്രസ് ക്ലബ്ബില്‍ നിന്ന് സജിയെ അങ്ങോട്ടു വിളിച്ചിട്ടുണ്ടാവാം. പക്ഷേ, പത്രസമ്മേളനം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച് ക്ലബ്ബിലേക്ക് സജി വിളിച്ചിട്ടില്ലെന്നുറപ്പ്.

പിന്നെന്താണ് ഈ നോട്ടീസിനു പിന്നിലുള്ള പ്രേരണ? അവിടെയാണ് കോട്ടയം പ്രസ് ക്ലബ്ബിലെ ചിലരും പാലായുമായുള്ള ഹോട്ട്‌ലൈന്‍ ബന്ധം വെളിവാകുന്നത്. ചിലര്‍ക്കെതിരെ പത്രസമ്മേളനം നടത്താന്‍ ആരെങ്കിലും പ്രസ് ക്ലബ്ബിനെ സമീപിച്ചാല്‍ അപ്പോള്‍ത്തന്നെ എതിര്‍കക്ഷി വിവരമറിയുമെന്ന ആക്ഷേപമുണ്ട്. വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തുന്ന ചിലര്‍ പത്രപ്രവര്‍ത്തക സമൂഹത്തിലുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കോട്ടയത്ത് മാത്രമല്ല, അത്തരക്കാര്‍ എല്ലായിടത്തുമുണ്ട്. ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാലാണ് സജി മഞ്ഞക്കടമ്പന്‍ പത്രസമ്മേളന വേദിയായി ക്ലബ്ബ് തിരഞ്ഞെടുക്കാതിരുന്നത് എന്ന് കരുതുന്നു. പക്ഷേ, ഭാരവാഹികള്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുന്നത്, അല്ലെങ്കില്‍ തട്ടിപ്പുകാരില്‍ ചിലര്‍ ഭാരവാഹികളാവുന്നത് ഒരു ക്ലബ്ബിനും ഭൂഷണമല്ല.

ചൊവ്വാഴ്ച പ്രസ് ക്ലബ്ബില്‍ 12 മണിക്ക് പത്രസമ്മേളനം നടക്കുമ്പോള്‍ സനില്‍ ഫിലിപ്പ് അവിടെത്തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.45നാണ് സനില്‍ ക്ലബ്ബില്‍ നിന്നിറങ്ങി ടി.ബിയിലേക്കു പോകുന്നത്. 12ന് ക്ലബ്ബില്‍ നടത്താനിരുന്ന പത്രസമ്മേളനം എങ്ങനെയാണാവോ ഒന്നേമുക്കാല്‍ മണിക്കൂറിനു ശേഷം മാറ്റിവെയ്പിക്കുന്നത്! സനില്‍ ഫിലിപ്പിന്റെ കൈവശം ‘ടൈം മെഷിന്‍’ വല്ലതും ഉണ്ടോ ആവോ! ഈ പ്രവണത കെ.യു.ഡബ്ല്യു.ജെയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും വിവിധ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍സ്ഥിരതയെയും ബാധിക്കുമെന്ന് സനിലിന് അറിയാമല്ലോ എന്ന് യൂണിയന്‍. ഹ.. ഹ… ഹ…. കെട്ടുറപ്പ്.. ഐക്യം… തൊഴില്‍സ്ഥിരത… പ്രസ് ക്ലബ്ബിലെ പത്രസമ്മേളനം നടക്കാതിരുന്നാല്‍… ചിരിക്കാതെന്തു ചെയ്യും.

എന്താണ് കെ.യു.ഡബ്ല്യു.ജെ.? പത്രപ്രവര്‍ത്തകര്‍ക്ക് തൊഴില്‍പരമായ ബുദ്ധിമുട്ടോ പ്രതിസന്ധിയോ ഉണ്ടാവുകയാണെങ്കില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാനുള്ള സംഘടന. ഇക്കാര്യം മര്യാദയ്ക്കു ചെയ്യുന്നില്ലെന്നതു പോകട്ടെ, പത്രപ്രവര്‍ത്തകരെ മര്യാദയ്ക്കു ജോലി ചെയ്യാന്‍ യൂണിയന്‍ സമ്മതിക്കില്ലെന്നായാലോ? തൊഴില്‍സ്ഥിരതയെക്കുറിച്ച് കോട്ടയം ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നു. ഇന്ത്യാവിഷനിലാണ് ഇപ്പോഴും എനിക്കു ജോലി എന്നു കൂടി പറയാം. തൊഴില്‍സ്ഥിരതയ്ക്കുള്ള കെ.യു.ഡബ്ല്യു.ജെ. ഇടപെടലിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടല്ലോ.

ഏതു റിപ്പോര്‍ട്ടര്‍ ഏതു വാര്‍ത്ത ചെയ്യണമെന്ന് കെ.യു.ഡബ്ല്യു.ജെ. ഭാരവാഹികളല്ല തീരുമാനിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റാരും ബൈറ്റെടുക്കാന്‍ പറ്റില്ലെന്ന് അങ്ങ് പാലാ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ പോയി പറഞ്ഞാല്‍ മതി.

ഒരു സാങ്കല്പിക സന്ദര്‍ഭം പറയാം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നു എന്നു കരുതുക. അദ്ദേഹം പ്രസ് ക്ലബ്ബിലോ കേസരി ട്രസ്റ്റിലോ രാവിലെ 11 മണിക്ക് ‘മീറ്റ് ദ പ്രസ്’ വെച്ചിട്ടുണ്ടെന്നും കരുതുക. ചുമ്മാ കരുതെന്നേ.. രാവിലെ 9.30ന് എന്റെ സ്വാധീനമുപയോഗിച്ച് ഞാന്‍ പ്രധാനമന്ത്രിയുടെ ബൈറ്റെടുത്ത് എക്‌സ്‌ക്ലൂസീവടിച്ചാല്‍ അത് എന്റെ കഴിവ്. ‘മീറ്റ് ദ പ്രസ്’ നിശ്ചയിച്ചിരിക്കുമ്പോള്‍ നേരത്തേ അഭിമുഖം നടത്തി പ്രാധാന്യം കുറച്ചു എന്നൊക്കെ പറഞ്ഞ് എന്നെ മൂക്കില്‍ക്കയറ്റാന്‍ ഏതെങ്കിലും ഭാരവാഹി വന്നാല്‍ ആദ്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും. മനസ്സിലാക്കാതെ വീണ്ടും ചൊറിഞ്ഞാല്‍ അടിച്ച് കരണക്കുറ്റി പുകയ്ക്കും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ അത്രയ്ക്കു ബോറന്മാരല്ല തിരുവനന്തപുരത്തെ ഭാരവാഹികള്‍ എന്നത് വേറെ കാര്യം.

സനില്‍ ഫിലിപ്പിനോട് എനിക്കു പറയാനുള്ളത്. കോട്ടയം പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ തന്നെ കത്ത് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിടുക. അവന്മാരെ അല്ലെങ്കില്‍ അവന്മാരെക്കൊണ്ട് ഈ നാറിയ കളി കളിപ്പിച്ചവന്മാരെ പോയി തൂങ്ങിച്ചാവാന്‍ പറ. അവന്മാര്‍ ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതിലും നല്ലത് അതാ..

മറ്റാരുടെയോ സമ്മര്‍ദ്ദത്തിന് മനോജും ഷാലുവും വഴങ്ങിപ്പോയതാകാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും ഒരു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

 

LATEST insights

TRENDING insights

  1. സംഭവമൊക്കെ കൊള്ളാം… പകർപ്പിൽ മഞ്ഞവരയിട്ട്‌ ജനറൽ റിപ്പോർട്ടിങ്ങിന്‌ സംസ്ഥാന ടി വി അവാർഡ്‌ മേടിക്കുന്നത്ര ധാർമ്മികപ്രശ്നമുണ്ടോന്നൊരു സംശയം

    • അബ്‌ജ്യോത് സഖാവേ..

      മറുപടി പറയണോ എന്നു പലവട്ടം ആലോചിച്ചു. പിന്നെ, ആകാമെന്നു വെച്ചു. താങ്കളുടെ കമന്റില്‍ ഞാന്‍ അവാര്‍ഡ് ഒപ്പിച്ചെടുത്തു എന്ന ധ്വനി എനിക്കു ഫീല്‍ ചെയ്തു.

      ഞാന്‍ വലിയ ആളൊന്നുമല്ല. വിഷ്വല്‍ മീഡിയയിലേക്കു വന്ന ശേഷം ചെയ്ത രണ്ടാമത്തെ വാര്‍ത്തയ്ക്കു തന്നെ എനിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അതു പൊട്ടക്കണ്ണന്റെ മാവേലേറാണ് എന്ന് വിശ്വസിക്കുന്നയാള്‍ തന്നെയാണ് ഞാന്‍. അതിനാല്‍തന്നെയാണ് അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സന്തോഷത്തെക്കാളേറെ നടുക്കം രേഖപ്പെടുത്തിയത്. ചെറുതായൊന്നു ബോധം കെടുകയും ചെയ്തു. പക്ഷേ, ആ ടി.വി. അവാര്‍ഡ് വാര്‍ത്തകൊണ്ടു മാത്രമല്ല ശ്യാംലാല്‍ എന്ന ജേര്‍ണലിസ്റ്റ് വിലയിരുത്തപ്പെടുന്നത് എന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ.

      മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട് 19 വര്‍ഷമായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ കേരളത്തിലെ വാര്‍ത്താചരിത്രം എഴുതുകയാണെങ്കില്‍ ശ്യാംലാലിന്റേതായി കുറഞ്ഞത് 5 വാര്‍ത്തയെങ്കിലുമുണ്ടാവും -എസ്.എന്‍.സി. ലാവലിന്‍ സി.എ.ജി. റിപ്പോര്‍ട്ട് അടക്കം. പിന്നെ, താങ്കള്‍ പറഞ്ഞ മഞ്ഞവരയിട്ട വാര്‍ത്ത. ഒരു വാര്‍ത്ത വിജയിക്കുന്നത് അതിന് പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാവുമ്പോഴാണ്. ഇന്ന് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നുണ്ടെങ്കില്‍ അതിനു കാരണം ആ വാര്‍ത്തയാണെന്നു നിസ്സംശയം പറയാം. കൊളംബോയ്ക്കു വേണ്ടി ഇവിടെ കണ്‍സള്‍ട്ടന്‍സി രൂപത്തില്‍ വന്ന് വിഴിഞ്ഞത്തെ വിഴുങ്ങാന്‍ നിന്ന ഐ.എഫ്.സി. എന്ന തട്ടിപ്പ് പ്രസ്ഥാനം പുറത്തായത് ആ വാര്‍ത്ത കാരണമാണ്.

      മഞ്ഞ വരയ്ക്കും ശക്തിയുണ്ട്. ഉപയോഗിക്കാനറിയുന്നവര്‍ ഉപയോഗിക്കേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍. അത്രേയുള്ളൂ.

      ഇപ്പോള്‍ ഞാന്‍ ഒരു സ്ഥാപനത്തിലും ജോലി ചെയ്യുന്നില്ല. പക്ഷേ, കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ഈയുള്ളവന്റെ വാര്‍ത്തയാണ് -‘Why don’t you clear out these bastards!’

      വെറുതെ എന്നെ ‘തന്നെപ്പുകഴ്ത്തുന്ന പൊണ്ണപ്പോഴന്‍’ ആക്കല്ലേ..

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights