‘എന്നു നിന്റെ മൊയ്തീന്‍’ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ഇന്നലെ വൈകുന്നേരം 6.45ന് സംവിധായകന്‍ ആര്‍.എസ്.വിമലിന് ലഭിച്ച ഇ-മെയില്‍ സന്ദേശമാണിത്. മത്സരിക്കാന്‍ സമ്മതമാണെങ്കില്‍ അറിയിക്കണമെന്നും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിമലിന് വലിയ ആഹ്ലാദം. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചത് ചലച്ചിത്ര അക്കാദമി തിരുത്തി എന്നാണ് ആദ്യം കരുതിയത്. ഒറ്റ നോട്ടത്തില്‍ അപാകമൊന്നും സന്ദേശത്തില്‍ കണ്ടില്ല. ഇതു പ്രകാരം മത്സരവിഭാഗത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.
എന്നാല്‍, വിശദമായ പരിശോധനയില്‍ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. 2015ല്‍ ഇറങ്ങിയ ‘എന്നു നിന്റെ മൊയ്തീന്‍’ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 2014ല്‍ നടന്ന 19-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കാണ്! 2014 ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് മേള നടക്കുന്നത്!!
ഈ വര്‍ഷം നടക്കുന്ന 20-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കാണ് വിമല്‍ തന്റെ ചിത്രം സമര്‍പ്പിച്ചിരുന്നത്. അക്കാദമി ആവശ്യപ്പെട്ട പ്രകാരമായിരുന്നു നടപടി. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് മത്സരിക്കാന്‍ വേണ്ടി മാത്രമാണ് സമര്‍പ്പിക്കുന്നതെന്നും ഇല്ലെങ്കില്‍ പരിഗണിക്കേണ്ടതില്ലെന്നും അന്നു തന്നെ വ്യക്തമാക്കിയിരുന്നു. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധബുദ്ധിയായിരുന്നില്ല ഇത്.
മത്സരവിഭാഗത്തില്‍ ഉള്‍പ്പെടാത്ത ചിത്രം മേളയില്‍ നിന്നു പിന്‍വലിക്കുകയാണെന്ന് നേരത്തേ വിമല്‍ പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. തന്റെ ചിത്രം ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത് എന്ന വിവരം അദ്ദേഹം അറിഞ്ഞത് പത്രവാര്‍ത്തയിലൂടെ മാത്രമാണ്. ഇതിലുള്ള പ്രതിഷേധവും സംവിധായകന്‍ അറിയിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോഴത്തെ കളിയാക്കല്‍.
ഇന്നലെ വന്ന ഇ-മെയില്‍ അബദ്ധമാണെന്നാണ് അക്കാദമിയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. എങ്ങനെ ഇത്തരമൊരബദ്ധം വന്നു? ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ പേരെഴുതി ആര്‍.എസ്.വിമലിനെ അഭിസംബോധന ചെയ്ത് അബദ്ധം പറ്റുമോ? ഈ ചിത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആദ്യം തീരുമാനിച്ചശേഷം പിന്നീട് അട്ടിമറിക്കപ്പെടതാണോ?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍…