Reading Time: 4 minutes

ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം. മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചതും അതിനു ശേഷം തന്റെ ഇരിപ്പിടത്തില്‍ എത്തിയപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതും സ്വാഭാവികമായിട്ടാണോ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. അത് എന്തു തന്നെ ആയാലും ഈ നടപടിയിലൂടെ രാഹുല്‍ ആദ്യമായി മോദിയെ പിന്നിലാക്കി, കുറഞ്ഞപക്ഷം സമൂഹമാധ്യമങ്ങളിലെങ്കിലും.

ലോക്സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയില്‍ രാഹുല്‍ ഗാന്ധി

വെറുതെയങ്ങ് പോയി കെട്ടിപ്പിടിക്കുകയല്ല രാഹുല്‍ ചെയ്തത്. മോദി സര്‍ക്കാരിനെതിരായ കുറ്റപത്രം തീപ്പൊരി പ്രസംഗത്തില്‍ അക്കമിട്ടു നിരത്തി. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ ബി.ജെ.പി. എം.പിമാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഇടയ്ക്ക് സഭ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കൊള്ളയിലെ പങ്കാളിയാണെന്നായിരുന്നു രാഹുലിന്റെ വിലയിരുത്തല്‍. വന്‍ വ്യവസായികളുമായള്ള വഴിവിട്ട ബന്ധം വഴി മോദി നേട്ടമുണ്ടാക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കാര്‍ഷികവിളകള്‍ക്കു താങ്ങുവില പ്രഖ്യാപിക്കുമെന്നുമെല്ലാമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മോദി വിഴുങ്ങിയതിനെ കണക്കിനു കളിയാക്കി.

‘ഝുംല’ എന്ന വാക്കിനെ രാഹുല്‍ പ്രശസ്തമാക്കി. വ്യാജവാഗ്ദാനം നല്‍കി കബളിപ്പിക്കല്‍ എന്നാണ് ‘ഝുംല’യുടെ അർത്ഥം. മോദി നടത്തുന്നത് ഝുംല സ്‌ട്രൈക്കാണ്. ആദ്യം വളരെ ആവേശവും സന്തോഷവുമെല്ലാമുണ്ടാകും. പിന്നെ വല്ലാത്തൊരു നടുക്കമായിരിക്കും. ഒടുവില്‍ ബാക്കിയുണ്ടാവുക മണിക്കൂറുകള്‍ നീളുന്ന പ്രസംഗം മാത്രമായിരിക്കും. ഈ ഝുംല സ്‌ട്രൈക്കില്‍ കര്‍ഷകരും ചെറുപ്പക്കാരും ദളിതരുമെല്ലാം ആകെ തകര്‍ന്നിരിക്കുന്നു.

നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിക്കുന്നു

ഒടുവില്‍ രാഹുല്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും നന്ദി പറഞ്ഞു -‘പ്രധാനമന്ത്രിയോട് വെറുപ്പും ദേഷ്യവുമാണ് എന്റെ ഉള്ളിലെന്നു നിങ്ങല്‍ കരുതുന്നുണ്ടാവും. ഞാന്‍ ഹൃദയത്തില്‍ തൊട്ടു പറയട്ടെ, പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും ഞാന്‍ നന്ദി പറയുന്നു. കോണ്‍ഗ്രസ്സുകാരനാവുന്നതിന്റെയും ഭാരതീയനാവുന്നതിന്റെയും അര്‍ത്ഥം നിങ്ങളെനിക്കു നന്നായി മനസ്സിലാക്കിത്തന്നു. നിങ്ങളുടെയുള്ളില്‍ എന്നോടു ദേഷ്യമുണ്ടാകാം. നിങ്ങള്‍ക്കു ഞാന്‍ പപ്പുവായിരിക്കാം. എന്നാല്‍ എന്റെയുള്ളില്‍ നിങ്ങളോട് അശേഷം ദേഷ്യമോ വെറുപ്പോ ഇല്ല. ഇതാണ് കോണ്‍ഗ്രസ്. നിങ്ങളുടെയെല്ലാം ഉള്ളിലുള്ള സ്‌നേഹം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അങ്ങനെ നിങ്ങളെയും കോണ്‍ഗ്രസ്സുകാരാക്കാമെന്നും വിശ്വാസമുണ്ട്.’

ഇത്രയും പറഞ്ഞ ശേഷമാണ് രാഹുല്‍ നേരെ പ്രധാനമന്ത്രിയുടെ അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്. മോദി ശരിക്കും അന്ധാളിച്ചുപോയി. കെട്ടിപ്പിടിച്ച ശേഷം പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതു പോലെ തിരിഞ്ഞു നടന്ന രാഹുലിനെ അദ്ദേഹം തിരികെ വിളിച്ചു. എന്തോ സംസാരിച്ചു. പുഞ്ചിരിയോടെ രാഹുല്‍ തിരിച്ചുവന്ന് പ്രസംഗം തുടരാന്‍ ശ്രമിച്ചുവെങ്കിലും സമയം കഴിഞ്ഞുവെന്നു പറഞ്ഞ് സ്പീക്കര്‍ സുമിത്ര മഹാജന്‍ വിലക്കി. അതോടെ ഇരിപ്പിടത്തില്‍ ഇരുന്ന രാഹുലിനെ മറ്റു കോണ്‍ഗ്രസ് എം.പിമാര്‍ അഭിനന്ദിച്ചു. അപ്പോഴാണ് അദ്ദേഹം ജ്യോതിരാദിത്യയെ നോക്കി കണ്ണിറുക്കിയത്. ആ കണ്ണിറുക്കലിനുമുണ്ടായിരുന്നു രാഷ്ട്രീയമാനം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കു തുടക്കമായാണ് ഈ അവിശ്വാസപ്രമേയ ചര്‍ച്ചയെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കണ്ടത്. ഈ സാഹചര്യത്തില്‍ രാഹുലിന്റെ കെട്ടിപ്പിടിത്തത്തിന് പല മാനങ്ങളുണ്ട്. എന്തിനായിരിക്കാം രാഹുല്‍ മോദിയുടെ ഇരിപ്പിടത്തില്‍ പോയി കെട്ടിപ്പിടിച്ചത്? കാരണങ്ങള്‍ പലതുണ്ടെന്നു കാണാം.

ഈ കെട്ടിപ്പിടിത്തത്തിലൂടെ രാഹുല്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ്സിന് ബി.ജെ.പി.-സംഘപരിവാര്‍ ശക്തികളുമായുള്ള പ്രകടമായ വ്യത്യാസമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് എന്ന ആക്ഷേപം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇതിനു ബദലായി സ്‌നേഹം പടര്‍ത്തുന്നതിലും എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുന്നതിലുമാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത് എന്ന കാര്യം ഊട്ടിയുറപ്പിച്ചതാകാം. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു നേരെ അടുത്തിടെ പരിവാര്‍ സംഘടനകളുടെ പക്ഷത്തു നിന്നുണ്ടായ അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഉയര്‍ത്തിക്കാട്ടി ഈ വ്യത്യാസം പ്രകടമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.

മോദിയും വിവിധ രാഷ്ട്ര നേതാക്കളും കെട്ടിപ്പിടിത്തത്തില്‍

രാഹുല്‍ പ്രധാനമന്ത്രിയെ കളിയാക്കിയതാണോ? ആകാം. ലോക നേതാക്കളുമായി താന്‍ വളരെ അടുപ്പത്തിലാണെന്നു പ്രകടിപ്പിക്കാന്‍ അവരെയെല്ലാം കെട്ടിപ്പിടിക്കുന്നത് മോദി പതിവാക്കിയിട്ടുണ്ട്. എതിർഭാഗത്തുള്ളയാള്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്നൊന്നും മോദി നോക്കാറില്ല. ചാടിക്കയറിയങ്ങ് കെട്ടിപ്പിടിക്കും. ആ പ്രകടനപരതയെ തന്റെ ഈ കെട്ടിപ്പിടിത്തത്തിലൂടെ രാഹുല്‍ കളിയാക്കിയതാവാം.

അടുത്തിടെ ഡല്‍ഹിയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാനെ ഇരുകൈയും നീട്ടി കെട്ടിപ്പിടിക്കാനൊരുങ്ങുന്ന നരേന്ദ്ര മോദി

രാഹുലിന്റെ ഇമേജ് പൊളിച്ചെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായും ഈ കെട്ടിപ്പിടിത്തത്തെ കാണാവുന്നതാണ്. മുന്‍കാലങ്ങളിലെ രാഹുലിന്റെ പല പ്രതികരണങ്ങളും -2012ല്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക പൊതുസമ്മേളനത്തില്‍ പരസ്യമായി വലിച്ചുകീറിയതു പോലുള്ളവ -അദ്ദേഹത്തിന് ‘ക്ഷുഭിതയൗവ്വനം’ എന്ന ഇമേജ് ചാര്‍ത്തിനല്‍കാന്‍ ഇടയായിട്ടുണ്ട്. അത് പൊളിച്ചുകളയാന്‍ മോദിയോടുള്ള സ്‌നേഹപ്രകടനത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭരണപക്ഷത്തെ വേട്ടക്കാരായും തന്നെയും ഒപ്പമുള്ളവരെയും ഇരകളായും ചിത്രീകരിക്കാനുള്ള രാഹുലിന്റെ വ്യഗ്രത തന്നെ. നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളിലെല്ലാം നെഹ്രു-ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കുന്നത് ഇപ്പോള്‍ പതിവാക്കിയിട്ടുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും ഇതു തന്നെയാണ് സ്ഥിതി. ഈ ആക്രമണത്തിനായി മോദി ഇടയ്ക്ക് പച്ചക്കള്ളങ്ങള്‍ പറഞ്ഞത് വലിയ വിവാദത്തിനു വഴിവെച്ചിരുന്നു. തന്നെ ‘പപ്പു’ എന്നു വിളിക്കുന്ന കാര്യം എടുത്തുപറയുക വഴി രാഷ്ട്രീയ എതിരാളികളുടെ ധാര്‍ഷ്ട്യം രാഹുല്‍ തെളിയിക്കുകയും ചെയ്തു.

ലോക്സഭയിലെ കെട്ടിപ്പിടിത്തം അമൂലിന് കാർട്ടൂണ്‍ പരസ്യ വിഷയമായപ്പോള്‍

അപ്രതീക്ഷിത നടപടികളിലൂടെ എതിരാളികളെ അമ്പരപ്പിക്കുന്നത് നരേന്ദ്ര മോദിയുടെ രീതിയാണ്. എന്നാല്‍, ആ നരേന്ദ്ര മോദിയുടെ മുഖത്ത് അത്ഭുതം നിഴലിക്കുന്നത് ചെറിയ കാര്യമല്ല. ‘ഇതികര്‍ത്തവ്യഥാമൂഢന്‍’ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം അറിയാത്തവര്‍ മോദിയുടെ ആ ഇരിപ്പ് ഒന്നു നോക്കിയാല്‍ മതി. രാഹുല്‍ കെട്ടിപ്പിടിച്ചപ്പോള്‍ മോദി ഇതികര്‍ത്തവ്യഥാമൂഢനായി ഇരുന്നു എന്നു പറയാം. ഏതായാലും ഒരു കാര്യം ഉറപ്പ്. രാഹുലിനെ ‘പപ്പു’ എന്നു വിളിക്കാന്‍ തുനിയുന്നവര്‍ ഇനി മേലില്‍ ഒരു വട്ടം കൂടി ആലോചിച്ചിട്ടേ അങ്ങനെ വിളിക്കുകയുള്ളൂ. താന്‍ വെറും ‘പപ്പു’ അല്ല എന്ന് വെറുമൊരു കെട്ടിപ്പിടിത്തത്തിലൂടെ രാഹുല്‍ ഗാന്ധി തെളിയിച്ചിരിക്കുന്നു.

Previous articleഭഗവാന് മരണമില്ല തന്നെ
Next articleതിരിച്ചറിവുകള്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here