Reading Time: 4 minutes

ലോകത്ത് ഏറ്റവുമധികം വനിതകള്‍ ഒരു പ്രത്യേക ചടങ്ങിനായി ഒത്തുചേര്‍ന്നതിന്റെ റെക്കോഡ് കേരളത്തിലാണ്. 2009 മാര്‍ച്ച് 10ന് നടന്ന ആറ്റുകാല്‍ പൊങ്കാലയുടെ പേരിലാണ് ആ ലോക റെക്കോഡ്. 25 ലക്ഷം സ്ത്രീകള്‍ അന്ന് ഒത്തുചേര്‍ന്നു എന്നാണ് ഗിന്നസ് അംഗീകരിച്ചിരിക്കുന്നത്. ആ കണക്കിന്റെ വാസ്തവം സംബന്ധിച്ച പലവിധ പരിശോധനകള്‍ പിന്നീട് നടന്നുവെങ്കിലും റെക്കോഡ് അവിടെത്തന്നെയുണ്ട്. ഈ കണക്കിനെക്കുറിച്ച് നേരത്തേ തന്നെ എന്റേതായ രീതിയിലും പരിശോധന നടത്തിയിട്ടുണ്ട് –ആറ്റുകാലിലെ മദാമപ്പെരുമ.

ആറ്റുകാലിലെ മദാമ്മപ്പെരുമ

ആറ്റുകാലിലെ റെക്കോഡ് ലോകത്തെവിടെയെങ്കിലും ഭേദിക്കപ്പെടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയധികം സ്ത്രീകളെ മാത്രം ഒന്നിച്ച് അണിനിരത്തുക എന്നത് ഏതാണ്ട് അസാദ്ധ്യമായ കാര്യമാണല്ലോ. പൊങ്കാലയ്‌ക്കെത്തുന്നവരുടെ എണ്ണം കൂടുന്നതായി ആറ്റുകാല്‍ ട്രസ്റ്റുകാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നേരത്തേയുള്ള റെക്കോഡ് തന്നെ സംശയത്തിന്റെ നിഴലില്‍ ആയതിനാല്‍ അംഗീകരിക്കപ്പെടാന്‍ സാദ്ധ്യത തീരെ കുറവാണ്. 15 ലക്ഷം പൊങ്കാലക്കലങ്ങള്‍ നിരത്തണമെങ്കില്‍ പോലും ആറ്റിങ്ങല്‍ മുതല്‍ നെയ്യാറ്റിന്‍കര വരെ ഇടമുറിയാതെ അടുപ്പുകള്‍ വരണം എന്നതാണ് പരമാര്‍ത്ഥം. 2009ലെന്നല്ല, ഇന്നു വരെ അതു നടന്നിട്ടില്ല എന്ന് നമുക്കറിയാമല്ലോ.

എന്നാല്‍, ലോക റെക്കോഡ് മറികടക്കാന്‍ ഇപ്പോള്‍ അവസരമൊരുങ്ങിയിരിക്കുന്നു. 2019ലെ പുതുവത്സര ദിനത്തില്‍ അതു സംഭവിക്കും. പൊങ്കാലയല്ല, മതിലാണ് റെക്കോഡ് സൃഷ്ടിക്കുക. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കുറഞ്ഞത് 30 ലക്ഷം സ്ത്രീകളെങ്കിലും അണിനിരക്കും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മതപരമായ ചടങ്ങിന്റെ പേരിലുള്ള റെക്കോഡ് തീര്‍ത്തും മതനിരപേക്ഷമായ ചടങ്ങിന്റെ പേരിലേക്ക് മാറുമ്പോള്‍ ഉയരുന്നത് കേരളത്തിന്റെ മൂല്യം തന്നെയാണ്.

കുറഞ്ഞത് 30 ലക്ഷം സ്ത്രീകളെ പ്രതീക്ഷിക്കുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലോക റെക്കോഡിനായി എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന ചിന്ത മനസ്സിലുദിച്ചിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആദ്യ കടമ്പകള്‍ വിജയകരമായി പിന്നിട്ടുകഴിഞ്ഞു. വനിതാ മതില്‍ റെക്കോഡാകുമോ എന്നു വിലയിരുത്താന്‍ യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം നിരീക്ഷണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മഹാസംഗമം ലോക റെക്കോഡിന് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിനായി 10 ജില്ലകളിലായി ജൂറി അംഗങ്ങളെ ഗിന്നസ് റെക്കോഡ്‌സ് അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഡോ.സുനില്‍ ജോസഫ് നിയമിച്ചു. ഓരോ ജില്ലയിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 അംഗങ്ങളുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമുണ്ടാകും.

നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള 176 സംഘടനകള്‍ക്ക് പുറമെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി സംഘടനകളും വനിതാ മതിലില്‍ അണിചേരും. കാസര്‍കോട് മുതല്‍ തിരുവനന്തപുരത്തെ വെള്ളയമ്പലം വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിലാണ് വനിതാ മതില്‍ സ്യഷ്ടിക്കുക. 50 കേന്ദ്രങ്ങളുള്ള കൃത്യമായ റൂട്ട് മാപ്പ് നിശ്ചയിച്ചിട്ടുണ്ട്.

  • കാസര്‍കോട്
  • ചന്ദ്രഗിരിപ്പാലം
  • കാഞ്ഞങ്ങാട്
  • നിലേശ്വരം
  • ചെറുവത്തൂര്‍
  • പയ്യന്നൂര്‍
  • തളിപ്പറമ്പ്
  • കണ്ണൂര്‍
  • തലശ്ശേരി
  • മാഹി
  • വടകര
  • കൊയിലാണ്ടി
  • കോഴിക്കോട് മുതലക്കുളം
  • രാമനാട്ടുകര
  • കൊണ്ടോട്ടി
  • മലപ്പുറം
  • പെരിന്തല്‍മണ്ണ
  • പുലാമന്തോള്‍
  • പട്ടാമ്പി
  • ഷൊര്‍ണ്ണൂര്‍
  • ചെറുതുരുത്തി
  • വടക്കാഞ്ചേരി
  • തൃശ്ശൂര്‍
  • ഒല്ലൂര്‍
  • ചാലക്കുടി
  • കൊരട്ടി
  • കറുകുറ്റി
  • അങ്കമാലി
  • ആലുവ
  • ഇടപ്പള്ളി
  • വൈറ്റില
  • അരൂര്‍
  • ചേര്‍ത്തല
  • ആലപ്പുഴ
  • അമ്പലപ്പുഴ
  • ഹരിപ്പാട്
  • കായംകുളം
  • ഓച്ചിറ
  • കരുനാഗപ്പള്ളി
  • കൊല്ലം
  • കൊട്ടിയം
  • ചാത്തന്നൂര്‍
  • പാരിപ്പള്ളി
  • കടമ്പാട്ടുകോണം
  • ആറ്റിങ്ങല്‍
  • കഴക്കൂട്ടം
  • കേശവദാസപുരം
  • പി.എം.ജി. ജംഗ്ഷന്‍
  • മ്യൂസിയം
  • വെള്ളയമ്പലം

ഈ ചരിത്ര സംഭവത്തിന് സാക്ഷികളാവാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വന്‍ മാധ്യമ സംഘം എത്തിക്കഴിഞ്ഞു. ജനുവരി 1 വൈകുന്നേരം 3.45 ന് വനിതാ മതിലിന്റെ ട്രയല്‍ നടക്കും. വൈകുന്നേരം 4ന് വന്‍ വനിതാ മതില്‍ ഔദ്യോഗികമായി സൃഷ്ടിക്കപ്പെടും.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ -പുരുഷ സമത്വത്തെയും കടന്നാക്രമിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളുമുണ്ടായി. ഹിന്ദു വര്‍ഗീയ ശക്തികളാണ് ഇത്തരം പ്രചരണങ്ങളുമായി തെരുവുകളെ അക്രമ കേന്ദ്രങ്ങളാക്കിയത്. ഈ പിന്തിരിപ്പന്മാരെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ മെഗാറാലികള്‍ വേണ്ടിവരും.

ആള്‍ക്കൂട്ടത്തിന്റെ വലിപ്പം കാണിച്ച് പേടിപ്പിച്ച് കൂടിയാണ് ചരിത്രത്തില്‍ ചിലപ്പോഴൊക്കെ മാറ്റങ്ങള്‍ വരുത്തുന്നത്. കേരളത്തിൽ ഭൂരിപക്ഷം നിശ്ശബ്ദരായതിനാല്‍ ചെറിയ കൂട്ടം ഉണ്ടാക്കുന്ന ബഹളം വലുതാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. ഇതുവരെ നിശ്ശബ്ദരായിരുന്ന ഭൂരിപക്ഷം തങ്ങളുടെ കരുത്തു തെളിയിക്കാന്‍ അണിചേരുന്നതാണ് ഈ മതില്‍. സമൂഹത്തിലെ പിന്തിരിപ്പന്മാര്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനും ഈ ശക്തിപ്രകടനം സഹായിക്കും.

മതില്‍ വിഭജനത്തിന്റെ പ്രതീകമല്ലേ? -ഒരുപാട് പേര്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. രണ്ടു സ്ഥലങ്ങളെ അല്ലെങ്കില്‍ സമൂഹങ്ങളെ തന്നെ വേര്‍തിരിക്കുന്നതാണ് മതിലെന്ന് ജര്‍മ്മന്‍ മതിലിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പറയാം. പക്ഷേ, വനിതാ മതിലിന്റെ ലക്ഷ്യം വിഭജനത്തിന്റേതല്ല, സുരക്ഷയുടേതാണ്. അണക്കെട്ടു പോലെ ജീവിതം സുരക്ഷിതമാക്കുന്ന മതില്‍. സമൂഹം എന്ന നിലയില്‍ കേരളം പുറന്തള്ളിയ പിന്തിരിപ്പന്‍ മൂല്യങ്ങളെ തിരികെയെത്തിക്കാന്‍ വളരെ ആസൂത്രിതമായി ഇപ്പോള്‍ ശ്രമം നടക്കുന്നു. ഈ പിന്തിരിപ്പന്‍ മൂല്യങ്ങള്‍ മലവെള്ളപ്പാച്ചിലായി വരുമ്പോള്‍ അതിനെ തടുത്തുനിര്‍ത്താനുള്ള വലിയൊരു അണയാണ് ഈ മതില്‍. ഈ വനിതാ മതില്‍ പിന്തിരിപ്പന്‍ മൂരാച്ചികള്‍ക്കെതിരായ അണകെട്ടലാണ്.

വനിതാ മതിലിനോട് യോജിച്ചും വിയോജിച്ചും പലരും രംഗത്തുണ്ട്. ഏതു പക്ഷത്ത് എന്ന് വ്യക്തമാക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിക്കപ്പെടുന്നിടത്തേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. അതിനാല്‍ത്തന്നെ ഇതിലിടപെടാതെ മാറിനില്‍ക്കാനാവില്ല. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ്സും അവരുടെ ചുവടുപിടിച്ച് കോണ്‍ഗ്രസ്സും വിശ്വാസികളെ കൂടെ കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ കേരളം വളരെ ഭയാനകമായ ഭിന്നിപ്പിന്റെ ഭീഷണി നേരിടുകയാണ്.

വര്‍ഗ്ഗീയതയുടെ വ്യാപനം തടയുക എന്നതിനൊപ്പം സ്ത്രീവിരുദ്ധതയ്ക്കു ചൂട്ടുപിടിക്കുന്നവര്‍ക്കെതിരെ ഒന്നിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ത്തന്നെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സമാധാനത്തിലും വിശ്വസിക്കുന്ന വ്യക്തി എന്ന നിലയില്‍ വനിതാ മതിലിന്റെ പക്ഷത്തു നില്‍ക്കാനും അതിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കാനും മാത്രമേ സാധിക്കൂ. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഈ സമരം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനല്ല, അതിനെ തകര്‍ക്കാനുള്ള മുന്നേറ്റമാണ്.

ഈ മുന്നേറ്റത്തിന് റെക്കോഡിന്റെ മേമ്പൊടിയുണ്ടാകണം എന്നാഗ്രഹിക്കുന്നത് പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടായിട്ടില്ല. ഉത്തരേന്ത്യയിലെവിടെയോ ഉള്ള ശീതീകരിച്ച മുറികളിലിരുന്ന്, വോട്ടും സീറ്റും ലക്ഷ്യമിട്ട്, നമ്മുടെ ജീവിതത്തില്‍ തീ കൊളുത്താന്‍ ശ്രമിക്കുന്ന ഗോസായിമാര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ ബോദ്ധ്യപ്പെടാന്‍ ഇതുപകരിക്കും എന്നതിനാല്‍ മാത്രമാണ്.

വനിതാ മതില്‍ -പ്രതിജ്ഞ

പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.

ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു.

മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.

പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹിക വിമോചനത്തിന്റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു.

പ്രതിജ്ഞ!
പ്രതിജ്ഞ!!
പ്രതിജ്ഞ!!!

Previous article‘ലാപ്‌സായ’ ഓഖി ഫണ്ട് ??!!!
Next articleഇതുതാന്‍ടാ പൊലീസ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here