HomeSOCIETYഅമ്മയെ തല്ലിയ...

അമ്മയെ തല്ലിയാലും രണ്ടഭിപ്രായം

-

Reading Time: 4 minutes

എല്ലാ രാജ്യക്കാര്‍ക്കും അവരുടെ ദേശീയ ഗാനം ഒരു വികാരമാണ്. തങ്ങളുടെ രാജ്യത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ദേശീയ ഗാനം പ്രയോജനപ്പെടുത്താറുണ്ട്. ദേശീയ ഗാനം പാടാനോ, ആദരം പ്രകടിപ്പിക്കാനോ ആരും നിര്‍ബന്ധിക്കുക പതിവില്ല. എന്നാല്‍, ഇന്ത്യ ഒരു വിശേഷപ്പെട്ട രാജ്യമാണ്. ഇവിടെ ദേശീയ ഗാനം പാടാന്‍ ചിലര്‍ നിര്‍ബന്ധിക്കുന്നു. അങ്ങനെ നിര്‍ബന്ധിക്കുന്നതിനോടു പ്രതിഷേധിക്കാന്‍ എന്ന പേരില്‍ ദേശീയ ഗാനത്തെ ആദരിക്കാന്‍ ചിലര്‍ വിസമ്മതിക്കുന്നു. കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കുന്ന അവസ്ഥ!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ലോക സിനിമാ സമുദ്രത്തില്‍ ചങ്ങാടമിറക്കി തുഴഞ്ഞു നടക്കുകയായിരുന്നു. തിരുവനന്തപുരത്തു നടന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 21-ാം അദ്ധ്യായത്തിന്റെ ഭാഗമായി. നല്ല കുറെ സിനിമകള്‍ കണ്ടു. മികച്ച ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന്റെയും സംഘാടനത്തിന്റെയും പേരില്‍ പ്രശംസിക്കപ്പെട്ട മേള ബ്രിട്ടനിലെ ‘ദ ഗാര്‍ഡിയന്‍’ പത്രത്തില്‍ പോലും വാര്‍ത്തയില്‍ സ്ഥാനം നേടി. പക്ഷേ, ‘ദ ഗാര്‍ഡിയന്‍’ വാര്‍ത്ത മേളയുടെ മികവിന്റെ പേരിലായിരുന്നില്ല, വിവാദത്തിന്റെ പേരിലായിരുന്നു. വിവാദത്തിനു കാരണമായത് നമ്മുടെ ദേശീയ ഗാനം!!!

IFFK.jpg

കുറച്ചു ദിവസമായി ദേശീയ ഗാനം ചര്‍ച്ചവിഷയമാണെങ്കിലും അതിന്റെ ചൂട് നേരിട്ട് അനുഭവപ്പെട്ടത് ചലച്ചിത്രമേളയിലാണ്. തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം വേണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ചലച്ചിത്ര മേളയ്ക്കും ബാധകമായിരുന്നു. അങ്ങനെ വരുമ്പോള്‍ ഓരോ സിനിമ തുടങ്ങുന്നതിനു മുമ്പും ദേശീയ ഗാനം പാടുന്ന അവസ്ഥയായി. ചലച്ചിത്ര മേളയില്‍ ഒരു ദിവസം രാവിലെ മുതല്‍ രാത്രി വരെ സജീവമായി പങ്കെടുക്കുന്ന പ്രതിനിധി 5 തവണ ദേശീയ ഗാനം പാടേണ്ടി വരുന്ന സ്ഥിതി! ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരം പ്രകടിപ്പിക്കാത്തതിന്റെ പേരില്‍ അറസ്റ്റും പൊലീസ് കേസുമൊക്കെ ഉണ്ടായി. ആദ്യ ദിവസങ്ങളിലാണ് അറസ്റ്റും അതേത്തുടര്‍ന്നുള്ള മുന്നറിയിപ്പുമെല്ലാം ഉണ്ടായതെങ്കിലും ദേശീയ ഗാനം മുഴങ്ങുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരം പ്രകടിപ്പിക്കാന്‍ തയ്യാറാവാത്തവരെ വീണ്ടും പല തിയേറ്ററുകളിലും നേരിട്ടു കണ്ടു.

നമ്മുടെ ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റു നില്‍ക്കുന്നയാളാണ് ഞാന്‍. അതങ്ങനെ തന്നെയാവണം എന്നും വിശ്വസിക്കുന്നു. ഇതിന് അപവാദങ്ങളുണ്ട്. ടെലിവിഷനില്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണുത്തരം. ക്രിക്കറ്റും ഫുട്ബാളുമൊക്കെ നടക്കുമ്പോള്‍ തുടക്കത്തില്‍ ദേശീയ ഗാനം മുഴങ്ങാറുണ്ട്. അപ്പോള്‍ അനങ്ങാതിരിക്കുക എന്നതില്‍ കവിഞ്ഞൊന്നും ചെയ്യാനില്ല. ബഹുമാനം അങ്ങനെയാണ്. ആലപിക്കുന്നിടത്ത് നേരിട്ട് പങ്കാളികള്‍ അല്ലല്ലോ. സ്‌റ്റേഡിയത്തിലായിരുന്നുവെങ്കില്‍ എഴുന്നേറ്റ് നില്‍ക്കും. ഇപ്പോഴത്തെപ്പോലെ ആരെങ്കിലും നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാന്‍ വരും മുമ്പു തന്നെ ദേശീയ ഗാനത്തോടുള്ള എന്റെ നിലപാട് ഇതു തന്നെയാണ്.

ദേശീയത, ഇന്ത്യ തുടങ്ങിയ വികാരങ്ങള്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ മനസ്സില്‍ കയറി കുടിയിരുന്നതാണ്. ബുദ്ധിയും ബോധവുമുള്ള കാലത്തോളം അത് അങ്ങനെത്തന്നെ ആയിരിക്കും. പക്ഷേ, അതിനൊപ്പം മറ്റൊരു കാര്യം കൂടിയുണ്ട്. ദേശീയ ഗാനം പാടേണ്ടിടത്തു മാത്രമേ അതു പാടാവൂ. സ്‌കൂളില്‍ രാവിലെ അസംബ്ലിക്കൊടുവിലും വൈകുന്നേരം ക്ലാസ് അവസാനിക്കുമ്പോഴും ദേശീയ ഗാനം പാടുന്ന പതിവുണ്ടായിരുന്നു. ഓരോ പീരീയഡ് അവസാനിക്കുമ്പോഴും പാടണം എന്ന് ഹെഡ്മാസ്റ്റര്‍ ഉത്തരവിട്ടിരുന്നേല്‍ ദേശീയ ഗാനത്തോട് ഇന്നു മനസ്സിലുള്ള വികാരമായിരിക്കുമോ ഉണ്ടായിരിക്കുക? തീര്‍ച്ചയായും അല്ല തന്നെ. ദേശീയ ഗാനം എവിടെയും എപ്പോഴും പാടാമെന്ന മിഥ്യാധാരണ ചിലര്‍ക്കെല്ലാം ഉണ്ടായിട്ടുണ്ട് എന്നതും ഇപ്പോഴത്തെ വിവാദത്തിന്റെ മറുവശമാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീടിനു മുന്നില്‍ ചിലര്‍ സംഘടിതമായി ദേശീയ ഗാനം ആലപിച്ചത് ഉദാഹരണം. ഇത്തരം നടപടികള്‍ യഥാര്‍ത്ഥത്തില്‍ ദേശീയ ഗാനത്തെ അപമാനിക്കലാണ്. അതിന്റെ പേരില്‍ ആരുടെയെങ്കിലും പേരില്‍ കേസെടുത്തതായി അറിവില്ല. തീര്‍ച്ചയായും കേസെടുക്കേണ്ട കുറ്റം തന്നെയാണ് അസ്ഥാനത്ത് ദേശീയ ഗാനം ആലപിച്ചവര്‍ ചെയ്തത്.

cartoon.jpeg

എല്ലാ സിനിമാ തിയേറ്ററുകളിലും എല്ലാ ഷോകള്‍ക്കു മുമ്പ് ദേശീയ ഗാനം വേണമെന്ന് സുപ്രീം കോടതിക്ക് പെട്ടെന്ന് വെളിപാടുണ്ടായതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. അപ്പോള്‍ അവിടെയുള്ള എല്ലാവരും എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍, ദേശീയ ഗാനത്തെ ‘ബഹുമാനിപ്പിക്കാന്‍’ നടപടിയെടുത്ത കോടതി സ്വന്തം കാര്യം വന്നപ്പോള്‍ ‘അത്രയ്ക്കങ്ങ്ട് ബഹുമാനം വേണ്ട ട്ടോ’ എന്ന നിലപാടിലാണ്. കോടതികളില്‍ ദിവസേന ദേശീയ ഗാനം പാടണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ചുമ്മാ തള്ളി. ദേശീയ ഗാനം സിനിമാ തിയേറ്ററുകളില്‍ കേള്‍പ്പിക്കണമെന്ന് ഈ രാജ്യത്തെ ഒരു നിയമവും നിഷ്‌കര്‍ഷിക്കുന്നില്ല. മറ്റുള്ളവര്‍ ദേശീയ ഗാനം ആലപിക്കുകയും എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിനു തടസ്സമുണ്ടാക്കുന്നത് കുറ്റമാണ്. അതായത്, ഒരു തടസ്സവും സൃഷ്ടിക്കാതെ ഒതുങ്ങിക്കൂടുന്നത് കുറ്റകരമല്ല എന്നാണ് നിയമജ്ഞരുടെ വാദം. ദേശീയ ഗാനം പാടുമ്പോള്‍ എഴുന്നേറ്റു നിന്ന് കൂടെ പാടി ദേശഭക്തി പ്രകടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അല്ലാതെ, ചെയ്യാതിരിക്കുന്നത് കുറ്റമായി കണക്കാക്കുന്ന നിയമം ഉണ്ടോ എന്നതു സംബന്ധിച്ചും രണ്ടഭിപ്രായം നിലനില്‍ക്കുന്നു.

ദേശീയ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കുന്ന ഇപ്പോഴത്തെ വിധി സുപ്രീം കോടതിയുടെ തന്നെ പഴയൊരു വിധിയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമാണ്. നേരത്തേയുള്ള വിധിയില്‍ കേരളത്തിന് ചെറിയൊരു പങ്കുണ്ട്. യഹോവാസാക്ഷിയായ ബിജോയ് ഇമ്മാനുവലും സ്‌റ്റേറ്റ് ഓഫ് കേരളയും തമ്മിലുള്ള കേസിലാണ് ദേശീയ ഗാനം സംബന്ധിച്ച് സുപ്രീം കോടതിയുടെ ആദ്യ വിധി. ദേശീയ ഗാനം ആലപിക്കുന്നത് യഹോവാസാക്ഷികളുടെ വിശ്വാസത്തിന് എതിരാണെന്നതിനാല്‍ അതിനു നിര്‍ബന്ധിക്കരുതെന്നാണ് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ദേശീയ ഗാനം പാടാന്‍ നിര്‍ബന്ധിക്കുന്നത് ഭരണഘടന ഉദ്‌ഘോഷിക്കുന്ന സഹനത്തില്‍ വെള്ളം ചേര്‍ക്കലാണെന്നായിരുന്നു അന്നത്തെ വിധിന്യായം. പുതിയ വിധിയില്‍ പഴയ വിധിയെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല.

സ്ഥാനത്തും അസ്ഥാനത്തും കേള്‍പ്പിക്കുന്നത് ദേശീയ ഗാനത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഇതിനു പരിഹാരം കാണാന്‍ ഹര്‍ജിയുമായി സുപ്രീം കോടതിയ തന്നെ സമീപിക്കുകയേ മാര്‍ഗ്ഗമുള്ളൂ. എങ്കിലും ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരെ കേസെടുത്തതില്‍ തെറ്റില്ല എന്നു തന്നെയാണ് എന്റെ പക്ഷം. ഏതൊരു സമരത്തിനു നേരെയും നിയമനടപടി ഉണ്ടാവുക സ്വാഭാവികം. പ്രതിഷേധിക്കുന്നവര്‍ക്ക് നിയമനടപടിയും നേരിടാനുള്ള ബാദ്ധ്യതയുണ്ട്. ഇല്ലാത്ത അവകാശം ഉണ്ടെന്ന് അപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ല. നിയമപരമായി തെറ്റായ വിധിയെ നിയമപരമായി തന്നെ നേരിടുകയാണ് വേണ്ടത്. ദേശീയ ഗാനത്തെയും ദേശീയതയെയുമൊക്കെ ദുര്‍വാശിയുടെ പേരില്‍ പടിയിറക്കി വിടുന്നത് താരതമ്യേന പഴഞ്ചനായ ഞാന്‍ അംഗീകരിക്കുന്നില്ല. ഒടുവില്‍ ഇന്ത്യ എന്ന വികാരം പോയിട്ട് ഇന്ത്യ തന്നെ ഇല്ലാതാവും. ബഹുമാനം അര്‍ഹിക്കുന്ന എന്തിനെയും ബഹുമാനിക്കുക തന്നെ വേണം. അപമാനിച്ചുള്ള പ്രതിഷേധത്തിനോട് യോജിപ്പില്ല. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുന്നത് നിയമപരമായി തെറ്റല്ല എങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അതിനെ അപമാനമായിട്ടു തന്നെ കാണണം. അത്തരം നടപടിയോട് എനിക്ക് യോജിപ്പില്ല. നിങ്ങള്‍ക്ക് എന്നോട് യോജിക്കാം, വിയോജിക്കാം.

ഭരണഘടനയുടെ 19-ാം അനുച്ഛേദം അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യവും അവകാശവുമെല്ലാം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുന്ന, അല്ലെങ്കില്‍ മറച്ചുപിടിക്കുന്ന മറ്റൊരു അനുച്ഛേദമുണ്ട് -51. ഒരു ഇന്ത്യന്‍ പൗരന്റെ കടമകളെക്കുറിച്ച് പറയുന്നതാണ് അനുച്ഛേദം 51. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതു പോലെ കടമകള്‍ നിറവേറ്റപ്പെടുകയും വേണം. മനഃപൂര്‍വ്വം മറക്കുന്ന കാര്യങ്ങള്‍ നിയമപരമായി ഓര്‍മ്മിപ്പിക്കുകയും ഉറപ്പുവരുത്തുകയും വേണം. അത്തരമൊരു ഇടപെടല്‍ അടുത്തിടെ കണ്ടു -പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് മക്കളുടെ കടമയാണെന്ന് ഓര്‍മ്മിപ്പിക്കാന്‍, അതു നടപ്പാകുന്നുവെന്ന് ഉറപ്പാക്കാന്‍ കോടതി ഇടപെട്ടു. അല്പം ഔചിത്യക്കുറവും നിയമപരമായ പിഴവും സംഭവിച്ചിട്ടുണ്ടെങ്കിലും ദേശീയ ഗാനത്തിന്റെ കാര്യത്തിലും അത്തരമൊരു ഇടപെടലാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഔചിത്യക്കുറവ് ചൂണ്ടിക്കാട്ടാനും പിഴവ് നിയമപരമായി തന്നെ തിരുത്താനും നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

deity
തിരുവനന്തപുരം പൂജപ്പുര സാമൂഹികനീതി ഡയറക്ടറേറ്റിന്റെ ചുമരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വിഗ്രഹങ്ങള്‍

ചെറിയൊരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. തിരുവനന്തപുരത്ത് പൂജപ്പുരയിലെ സാമൂഹികനീതി ഡയറക്ടറേറ്റിന്റെ ചുമരിനു മുകളില്‍ 3 വിഗ്രഹങ്ങള്‍ ഇരിപ്പുണ്ട്. രണ്ട് കൃഷ്ണന്മാരും ഒരു സരസ്വതിയും. ഇപ്പോള്‍ പോയി നോക്കിയാല്‍ കാണാം. ഏതാനും നാളുകള്‍ക്കു മുമ്പ് പൂജപ്പുര മണ്ഡപത്തില്‍ നടന്ന നവരാത്രി ആഘോഷ വേളയില്‍ താല്‍ക്കാലികമായി വന്ന മറുനാടന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വിശ്വാസത്തിന്റെ ഭാഗമായി പൂജയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളാണവ. പാതയോര കച്ചവടക്കാരില്‍ നിന്നു വാങ്ങപ്പെട്ടവ തന്നെയാണ് ആ വിഗ്രഹങ്ങളും. ആഘോഷവും വ്യാപാരവും നടക്കുന്ന വേളയില്‍ ആ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ വിളക്ക് തെളിഞ്ഞിരുന്നു, പൂജ നടന്നിരുന്നു. ആഘോഷം കഴിഞ്ഞ് മറുനാട്ടുകാര്‍ പോയപ്പോള്‍ ഉപേക്ഷിച്ചുപോയ വിഗ്രഹങ്ങള്‍ ആരോ എടുത്ത് മതിലിനു മുകളില്‍ വെച്ചതാണ്. ഒരിക്കല്‍ പൂജിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങള്‍ ഇപ്പോള്‍ കാറ്റും വെയിലും മഴയുമേറ്റ് അവഗണിക്കപ്പെട്ട നിലയില്‍. അതായത് ഇരിക്കേണ്ട സ്ഥാനത്തു നിന്നു മാറിയപ്പോള്‍ ദൈവങ്ങള്‍ക്ക് വിലയില്ലാതായി, വിശ്വാസത്തിന് വിലയില്ലാതായി. നമ്മുടെ ദേശീയ ഗാനത്തിന്റെ അവസ്ഥയും ഏതാണ്ട് ഈ വിഗ്രഹങ്ങളുടേതിന് സമാനമാണ് ഇപ്പോള്‍.

ദേശീയ ഗാനം പാടണോ, പാടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണോ എന്നതിനെക്കുറിച്ചൊക്കെ ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുകയാണ്. അമ്മയെ തല്ലിയാലും ഇവിടെ രണ്ടഭിപ്രായമാണല്ലോ. പക്ഷേ, എനിക്ക് അഭിപ്രായം രണ്ടുണ്ടെങ്കിലും അത് പരസ്പരപൂരകമാണ്.
-ദേശീയ ഗാനം പാടുമ്പോള്‍ ആദരം പ്രകടിപ്പിക്കുക.
-സ്ഥാനത്തും അസ്ഥാനത്തും ദേശീയ ഗാനം പാടി അപമാനിക്കാതിരിക്കുക.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights