HomePOLITYകാവി പുതച്ചെന...

കാവി പുതച്ചെന്നോ? ആര്? എവിടെ?

-

Reading Time: 6 minutes

‘2ല്‍ നിന്ന് 272ല്‍ എത്തിയ ഒരു ചരിത്രം നമ്മള്‍ കണ്ടല്ലോ’ -ബി.ജെ.പിയെയും സംഘപരിവാറിനെയും വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം സമൂഹമാധ്യമങ്ങളില്‍ സംഘപ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന മറുപടിയാണ്. ബി.ജെ.പിയുടെ അശ്വമേധം ഇന്ത്യയെ കാവി പുതപ്പിച്ചിരിക്കുന്നു എന്ന് അവരുടെ അവകാശവാദം. ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായി ഒരു സംഘിമിത്രം ഇത്ര കൂടി പറഞ്ഞു -‘രാജ്യത്തു നടക്കുന്ന എല്ലാ ഒഫന്‍സുകളും ഒരു പാര്‍ട്ടിയുടെ തലയില്‍ കയറ്റിവെക്കുന്നതിന്റെ ഒരു സുഖം മലയാളികളെ പോലെ മറ്റുള്ളവര്‍ അനുഭവിക്കുന്നില്ല എന്നതാണ് ത്രിപുരയും കാത്വ സംഭവത്തിനുശേഷം നടന്ന കര്‍ണാടകയും ബംഗാള്‍ പഞ്ചായത്തു തിരഞ്ഞെടുപ്പുകളും കാണിക്കുന്നത് . സ്ട്രാറ്റജി ഒന്ന് മാറ്റിപ്പിടിക്കേണ്ടിവരും സാര്‍.’ ഇന്ത്യ തങ്ങളുടെ കാല്‍ക്കീഴില്‍ അമരുന്നു എന്ന ആത്മവിശ്വാസം (???!!!) സ്ഫുരിക്കുന്ന വാക്കുകള്‍.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോള്‍ ബ്രിട്ടനിലെ ഡെയ്‌ലി മെയ്ല്‍ പത്രത്തില്‍ വന്ന ഗ്രാഫിക്‌സ്‌

സംഘികളുടെ ആത്മവിശ്വാസത്തിന് ആധാരം എന്താണ്? നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം രാജ്യമെങ്ങും മോദി തരംഗമാണെന്ന് അവര്‍ പറയുന്നത് യഥാര്‍ത്ഥത്തില്‍ ശരിയാണോ? എങ്ങനെ ഇത് വിലയിരുത്തും? കണക്കുകള്‍ പരിശോധിക്കുക മാത്രമേ വഴിയുള്ളൂ. രാജ്യത്ത് മൊത്തം 4,139 നിയമസഭാ മണ്ഡലങ്ങളുണ്ട്. സംഘികള്‍ പറയുന്നതു വെച്ചു നോക്കുകയാണെങ്കില്‍ കുറഞ്ഞത് 3,000 മണ്ഡലങ്ങളെങ്കിലും അവരുടെ നിയന്ത്രണത്തിലായിരിക്കണം. അങ്ങനെ ആണോ സ്ഥിതി? അല്ല തന്നെ. സമീപകാലത്തൊന്നും അതു സംഭവിക്കാനും പോകുന്നില്ല. കാവിയടിച്ച ഭൂപടമൊക്കെ കാണിച്ച് പേടിപ്പിക്കും. അതിലൊന്നും വലിയ കഥയില്ല എന്നതാണ് സത്യം.

ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളാണുള്ളത്. ഇതില്‍ 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ ഭരിക്കുന്നു. 5 സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ക്കാണ് ഭരണനേതൃത്വം. എന്നാല്‍, സംഘികള്‍ അവകാശപ്പെടുന്നതു പോലെ ബി.ജെ.പിക്ക് സമ്പൂര്‍ണ്ണാധിപത്യം ഉള്ളത് 10 സംസ്ഥാനങ്ങളില്‍ മാത്രം. മുമ്പ് കോണ്‍ഗ്രസ്സിനും അതുണ്ടായിരുന്നു. അതിലേറെ ഉണ്ടായിരുന്നു.

അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് സ്വന്തം നിലയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളത്. ഛത്തീസ്ഗഢ്, മധ്യ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പിലേക്കു പോകുകയാണ്. അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി. നന്നായി പ്രയത്‌നിക്കേണ്ടി വരുമെന്നു തന്നെയാണ് അവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലും മറ്റും അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റമ്പിയത് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തുന്ന ഘടകമാണ്, അവരത് പുറത്തേക്കു കാണിക്കുന്നില്ലെങ്കിലും.

-അരുണാചല്‍ പ്രദേശിലെ 60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 48 സീറ്റുണ്ട്. 2 സ്വതന്ത്രരെ കൂടി ചേര്‍ത്ത് ഭരണപക്ഷത്ത് 50.

-ഛത്തീസ്ഗഢിലെ 90 അഗം നിയമസഭയില്‍ ബി.ജെ.പിക്ക് 49 സീറ്റുണ്ട്.

-ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളില്‍ 99 എണ്ണം ബി.ജെ.പിക്ക് സ്വന്തം.

-ഹരിയാണയിലെ 90 അംഗ നിയമസഭയില്‍ 47 സീറ്റുകളുമായാണ് ബി.ജെ.പി. അധികാരം പിടിച്ചത്. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് 1 സീറ്റുണ്ട്.

-ഹിമാചല്‍ പ്രദേശിലെ 68 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 44 സീറ്റുണ്ട്.

-മധ്യ പ്രദേശിലെ 230 അംഗ നിയമസഭയില്‍ 165 സീറ്റുകളുമായാണ് ബി.ജെ.പി. ആധിപത്യമുറപ്പിച്ചത്.

-രാജസ്ഥാനിലെ 200 സീറ്റുകളില്‍ 163 സീറ്റുകളും ബി.ജെ.പിയുടെ കൈയിലാണ്.

-ത്രിപുരയിലെ 60 അംഗ നിയമസഭയില്‍ 36 സീറ്റുകള്‍ നേടി ബി.ജെ.പി. വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്. സഖ്യകക്ഷിയായ ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ 8 സീറ്റുകള്‍ കൂടി ചേരുമ്പോള്‍ 44 സീറ്റുകളുമായി ആധിപത്യം പൂര്‍ണ്ണം.

-ഉത്തര്‍ പ്രദേശിലെ 403 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് മാത്രം 312 സീറ്റുകളുണ്ട്. സഖ്യകക്ഷികളായ അപ്‌നാദള്‍ -സോനേലാലിന് 9 എം.എല്‍.എമാരും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്ക് 4 എം.എല്‍.എമാരുമുണ്ട്. അപ്പോള്‍ ആകെ 325 പേര്‍ ഭരണപക്ഷത്ത്.

-ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയില്‍ 57 സീറ്റുള്ള ബി.ജെ.പിക്ക് വ്യക്തമായ ആധിപത്യം.

ഇന്ത്യയിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ ഇഴകീറി പഠിക്കേണ്ടതാണ് അരുണാചല്‍ പ്രദേശിലെ രാഷ്ട്രീയം. അത്രമാത്രം കുത്തഴിഞ്ഞതാണ് അവിടത്തെ സ്ഥിതിഗതികള്‍. ജനാധിപത്യം എന്നേ പണാധിപത്യത്തിനു വഴിമാറിയിരിക്കുന്നു. അരുണാചല്‍ പ്രദേശ് നിയമസഭയിലെ 60 സീറ്റുകളിലേക്ക് 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 42 സീറ്റുമായി അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്സാണ്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് അന്ന് 11 സീറ്റുണ്ടായിരുന്ന ബി.ജെ.പിയാണ്. ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം ഇപ്പോള്‍ 48 ആയി ‘വര്‍ദ്ധിച്ചിരിക്കുന്നു’!!! ഇതിനു പുറമെയാണ് 2 സ്വതന്ത്രരെക്കൂടി പിടിച്ച് 50 തികച്ചത്. കോണ്‍ഗ്രസ്സിന് ഇപ്പോള്‍ 1 എം.എല്‍.എ. മാത്രം. എങ്ങനെ ഇതൊക്കെ സംഭവിച്ചു എന്നു പറയേണ്ടതില്ലല്ലോ.

ബി.ജെ.പി. ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

അസം, ഗോവ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മണിപുര്‍ എന്നിവിടങ്ങളില്‍ സഖ്യകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ ഭരിക്കുന്നു. ഇതില്‍ പലതും വഴിവിട്ട രീതിയില്‍ രൂപംകൊണ്ട സര്‍ക്കാരുകളാണെന്നത് എടുത്തുപറയണം. ആ ‘വിട്ട’വഴിയാണ് ബി.ജെ.പി. കര്‍ണ്ണാടകയിലും പയറ്റിനോക്കിയത്, ദയനീയമായി പാളിയതും.

-അസമിലെ 126 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 60 സീറ്റുണ്ട്. അസം ഗണ പരിഷത്തിന്റെ 14 സീറ്റും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ 12 സീറ്റും ചേര്‍ത്ത് ഭരണപക്ഷത്ത് 86 സീറ്റ്.

-ഗോവയില്‍ 40 അംഗ നിയമസഭ. 17 സീറ്റുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷി. പക്ഷേ, 13 സീറ്റുള്ള ബി.ജെ.പി. 3 സീറ്റുകള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയെയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെയും 2 സ്വതന്ത്രരെയും കൂടെപ്പിടിച്ച് സര്‍ക്കാരുണ്ടാക്കി.

-ജാര്‍ഖണ്ഡ് നിയമസഭയില്‍ 81 സീറ്റുകളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി.ജെ.പിക്ക് 37 സീറ്റുകള്‍. സഖ്യകക്ഷിയായ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് 5 സീറ്റുകള്‍. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച -പ്രജാതാന്ത്രിക്കിലെ 6 എം.എല്‍.എമാര്‍ കൂടി പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 43 ആയി ഉയര്‍ന്നു. സഖ്യബലം 48!

-മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയില്‍ 122 അംഗങ്ങളുള്ള ബി.ജെ.പിക്ക് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷമില്ല. ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന ശിവസേനയുടെ 63 എം.എല്‍.എമാര്‍ ബി.ജെ.പി. സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നു. 1 എം.എല്‍.എയുള്ള രാഷ്ട്രീയ സമാജ് പക്ഷയും ഒപ്പമുണ്ട്.

-മണിപുരിലെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 28 എം.എല്‍.എമാരും ബി.ജെ.പിക്ക് 21 എം.എല്‍.എമാരുമാണുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും 4 എം.എല്‍.എമാരെ വീതവും ലോക് ജനശക്തി പാര്‍ട്ടിയുടെ 1 എം.എല്‍.എയും 1 സ്വതന്ത്രനെയും പിടിച്ച് ബി.ജെ.പി. സര്‍ക്കാരുണ്ടാക്കി.

ബിഹാര്‍, ജമ്മു കശ്മീര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ സഖ്യകക്ഷി മുഖ്യമന്ത്രിമാര്‍ ഭരിക്കുന്നു. സിക്കിമിലൊഴികെയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പിക്ക് ഭരണപങ്കാളിത്തമുണ്ട്. സിക്കിമില്‍ ഭരണപങ്കാളിത്തം ഇല്ലാതിരിക്കാന്‍ കാരണമുണ്ട് -അവിടെ ഒരു എം.എല്‍.എ. പോലും ബി.ജെ.പിക്ക് ഇല്ല!!വെറും 2 എം.എല്‍.എമാരുള്ള മേഘാലയയില്‍ ബി.ജെ.പി. ഭരണം പിടിച്ച കുപ്രസിദ്ധ വഴികള്‍ നമ്മള്‍ ചര്‍ച്ച ചെയ്തിട്ട് അധികകാലമായിട്ടില്ല.

2014ല്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭരണനില ഇങ്ങനെ ആയിരുന്നു

പഞ്ചാബ്, മിസോറാം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുള്ളത്. കര്‍ണ്ണാടകത്തില്‍ ജനതാദള്‍ സെക്കുലര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ കോണ്‍ഗ്രസ് പങ്കാളിയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ മറ്റു കക്ഷികള്‍ ഭരിക്കുന്നു.

ഭരണമില്ലാത്തിടത്തെ ബി.ജെ.പി. നില

മിസോറാമില്‍ 0
തമിഴ്‌നാട്ടില്‍ 0
കേരളത്തിലെ 140ല്‍ 1
പഞ്ചാബിലെ 117ല്‍ 3
പശ്ചിമ ബംഗാളിലെ 294ല്‍ 3
ഡല്‍ഹിയിലെ 70ല്‍ 3
തെലങ്കാനയിലെ 119ല്‍ 5
ആന്ധ്ര പ്രദേശിലെ 294ല്‍ 9
ഒഡിഷയിലെ 147ല്‍ 10
നാഗാലാന്‍ഡിലെ 60ല്‍ 12

ഭരണമുള്ളിടത്തെ ബി.ജെ.പി. നില

സിക്കിമില്‍ 0
മേഘാലയയില്‍ 60ല്‍ 2
ബിഹാറില്‍ 243ല്‍ 53
ജമ്മു കശ്മീരില്‍ 87ല്‍ 25
ഗോവയില്‍ 40ല്‍ 13

ചുരുക്കത്തില്‍ രാജ്യത്തെ മൊത്തം 4,139 നിയമസഭാ സീറ്റുകള്‍ ഉള്ളതില്‍ വെറും 1,516 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്കാര്‍ ജയിച്ചത്. വെറും 36.63 ശതമാനം. ‘ഇന്ത്യ കാവി പുതച്ചു’ എന്നൊക്കെ പറയണമെങ്കില്‍ ഒരു 70 ശതമാനമൊക്കെ വേണ്ടേ? കുറഞ്ഞ പക്ഷം 50 ശതമാനമെങ്കിലും വേണ്ടേ? അത് എത്താന്‍ ഇനിയും ഒരുപാട് കാതം താണ്ടണം. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ 1,516 എന്ന എണ്ണം തന്നെ കാര്യമായി കുറയും. അപ്പോള്‍പ്പിന്നെ പുതപ്പിന്റെ കാര്യമൊക്കെ അങ്ങ് മറന്നേക്കൂ. വോട്ടിങ് യന്ത്രം വെച്ചു നടത്താവുന്ന തട്ടിപ്പിനൊക്കെ ഒരു പരിധിയുണ്ട് ഹേ!!

നിലവിലുള്ള എം.എല്‍.എമാരില്‍ തന്നെ 965 പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, രാജസ്ഥാന്‍ എന്നീ 6 സംസ്ഥാനങ്ങളില്‍ നിന്നാണ്. ബി.ജെ.പിക്ക് ആകെയുള്ള എം.എല്‍.എമാരില്‍ 63.65 ശതമാനവും ഈ 6 സംസ്ഥാനങ്ങളില്‍ നിന്നു വരുന്നു. ഈ 6 സംസ്ഥാനങ്ങള്‍ മാത്രം ചേര്‍ന്നാല്‍ ഇന്ത്യ ആവുമെങ്കില്‍ പറയാം ‘ഇന്ത്യ കാവി പുതച്ചു’ എന്ന്. അപ്പോഴും 70 ശതമാനം ആയിട്ടില്ല!!

ഇന്ത്യ കാവി പുതച്ചിട്ടില്ല എന്നതിന്റെ തെളിവ് വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിവാകും. 4 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പുണ്ട്. ഇവയില്‍ മഹാഭൂരിപക്ഷത്തിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. വിശേഷിച്ചും ലോക്‌സഭാ മണ്ഡലങ്ങളില്‍ -ഒരെണ്ണമെങ്കിലും ബി.ജെ.പി. ജയിച്ചാല്‍ മഹാത്ഭുതമാകും!!

യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയതിനെത്തുടര്‍ന്ന് ഒഴിവു വന്ന ഗൊരഖ്പുരിലും ഫുല്‍പുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേരിട്ട കനത്ത തിരിച്ചടി ഒരു പതനത്തിന്റെ തുടക്കമാണ്. ഉത്തര്‍ പ്രദേശിലെ ആ 2 മണ്ഡലങ്ങളിലും വിജയിച്ചത് എസ്.പി. -ബി.എസ്.പി. സഖ്യമാണ്. ഉത്തര്‍ പ്രദേശിലെ കൈറാനയില്‍ മെയ് 28ന് നടക്കാന്‍ പോകുന്ന വോട്ടെടുപ്പിലും ഈ സഖ്യം ആവര്‍ത്തിക്കുന്നു. ബി.ജെ.പി. എം.പി. ഹുക്കും സിങ് മരിച്ചതിനെത്തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകള്‍ മൃഗാംഗ സിങ്ങാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി. രാഷ്ട്രീയ ലോക്ദളിലെ മുന്‍ എം.പി. തബസും ഹസ്സനെ എസ്.പി., ബി.എസ്.പി., കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെല്ലാം പിന്തുണയ്ക്കുന്നു. 2014ല്‍ ഈ കക്ഷികള്‍ പരസ്പരം പോരടിച്ചതാണ് ബി.ജെ.പിയെ വിജയിപ്പിച്ചത്. അതിനാല്‍ത്തന്നെ ഇക്കുറി ബി.ജെ.പിയുടെ കാര്യം പോക്കാണെന്നുറപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പിണങ്ങിയ നാനാ പട്ടോലെ രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതാണ് മഹാരാഷ്ട്രയിലെ ഭണ്ഡാര -ഗോണ്ടിയ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമാക്കിയത്. കഴിഞ്ഞ തവണ എന്‍.സി.പിയുടെ കരുത്തന്‍ പ്രഫുല്‍ പട്ടേലിനെയാണ് നാനാ പട്ടോലെ വീഴ്ത്തിയത്. ഇക്കുറി എന്‍.സി.പി. സ്ഥാനാര്‍ത്ഥി മധുകര്‍ കുക്ക്‌ഡെയാണ്. കോണ്‍ഗ്രസ്സും ബി.എസ്.പിയും എ.എ.പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ഈ ഐക്യത്തിനു മുന്നില്‍ ബി.ജെ.പിയുടെ ഹേമന്ത് പാട്ടീലിന് ഒരു സാദ്ധ്യതയുമില്ല.

മഹാരാഷ്ട്രയിലെ ഫാല്‍ഗഢില്‍ ബി.ജെ.പി. എം.പി. ചിന്താമണ്‍ വാങ്ക മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ്. എന്‍.ഡി.എ. ഘടകകക്ഷിയാണെങ്കിലും ശിവസേനയാണ് ബി.ജെ.പിയെ വലയ്ക്കുന്നത്. വാങ്കയുടെ മകന്‍ ശ്രീനിവാസിനെ ശിവസേന സ്ഥാനാര്‍ത്ഥിയാക്കി. ബി.ജെ.പിയുടെ ഗവിത് രാജേന്ദ്ര ധേദ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ കൂടുതല്‍ സ്വീകാര്യന്‍ ശ്രീനിവാസ് ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്സിന്റെ ദാമോദര്‍ ബര്‍ക്കു ഷിംഗാഡെയെ എന്‍.സി.പി. അടക്കമുള്ള കക്ഷികള്‍ പിന്തുണയ്ക്കുന്നു. ബി.ജെ.പി. ജയിച്ചാലും കഴിഞ്ഞ തവണയുണ്ടായിരുന്ന രണ്ടര ലക്ഷം വോട്ട് ഭൂരിപക്ഷത്തിന്റെ അടുത്തെന്നും എത്തില്ലെന്നാണ് സൂചന.

ബി.ജെ.പി. സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി നേതാവ് നെയ്ഫ്യൂ റിയോ നാഗാലാന്‍ഡ് മുഖ്യമന്ത്രിയാവാന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നാഗാലാന്‍ഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. തോഖോഹോ യെപ്‌തോമിയാണ് റിയോയുടെ പകരക്കാരന്‍. നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ സി.അപോക്ഷ ജാമിര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ട്. ഈ മണ്ഡലത്തിലെ ഫലം പ്രവചനാതീതമാണ്. ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെങ്ങന്നൂരടക്കം 10 നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ നൂര്‍പുര്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണെങ്കിലും അവിടെ പരാജയം ഏതാണ്ടുറപ്പാണ്. 10 നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണമെങ്കിലും ബി.ജെ.പിക്ക് കിട്ടുമോ എന്നത് തുലോം സംശയമുള്ള കാര്യമാണ്.

നരേന്ദ്ര മോദി

സംഘി എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പറയുന്നത് മൊത്തം ഉഡായിപ്പാണ്. ഇവര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കള്ളങ്ങള്‍ നമ്മളില്‍ പലരും തൊണ്ട തൊടാതെ വിഴുങ്ങുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഒന്നു ചിന്തിക്കൂ. സത്യം മനസ്സിലാക്കൂ. എന്നിട്ട് പ്രതികരിക്കൂ. ഈ രാജ്യത്തെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks