വിശപ്പിന്റെ മണം ചുവപ്പ്.
വേദനയുടെ നിറം ചുവപ്പ്.
മരണത്തിന്റെ അടയാളം ചുവപ്പ്.
വിമോചനത്തിന്റെ മാര്‍ഗ്ഗവും ചുവപ്പ്.
ആദ്യം മുംബൈയിലാണ് ചുവപ്പ് പടര്‍ന്നത്. ഇപ്പോള്‍ ലഖ്‌നൗവിലേക്കും അത് വ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലെ 60 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധ സ്വരം മുഴക്കാന്‍ ലഖ്‌നൗവിലെ ലക്ഷ്മണ്‍ മേള മൈതാനത്ത് ഒത്തുചേര്‍ന്നു. മുംബൈയില്‍ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ ഒത്തുചേര്‍ന്നുവെങ്കില്‍ ലഖ്‌നൗവിലെത്തിയത് 20,000ലേറെ. ചരിത്രം നിര്‍മ്മിച്ചതും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതും രാജാക്കന്‍മാരും നേതാക്കന്‍മാരുമല്ല. പൊരുതുന്ന ജനവിഭാഗങ്ങളുടെ സംഘബോധവും ഇച്ഛാശക്തിയുമാണ്. അതിനാണ് ഇപ്പോള്‍ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.
മുംബൈയിലെ സമരം ജനങ്ങളെ അറിയിക്കാതിരിക്കാന്‍ ഈ രാജ്യത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പരമാവധി ശ്രമിച്ചു. അവര്‍ക്ക് വിജയിക്കാനായില്ല എന്നത് ജനാധിപത്യത്തിന്റെ വിജയം. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എന്ന് എടുത്തു പറഞ്ഞതിന് കാരണമുണ്ട്. കോര്‍പ്പറേറ്റ് അല്ലാത്ത, ജനപക്ഷത്തു നില്‍ക്കുന്ന മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പക്ഷേ, ലഖ്‌നൗവിലെ വാര്‍ത്താതമസ്‌കരണം കോര്‍പ്പറേറ്റുകള്‍ വിജയകരമായി നടപ്പാക്കി.
വാര്‍ത്തയില്‍ ജനിച്ച് വാര്‍ത്തയില്‍ ജീവിച്ച് വാര്‍ത്തയില്‍ മരിക്കുന്ന രാഷ്ട്രീയക്കാര്‍ ഭരണം കൈയാളുന്ന നാട്ടില്‍ ഇപ്പോള്‍ യഥാര്‍ത്ഥ മുന്നേറ്റം വാര്‍ത്തയ്ക്കു പുറത്ത് ജനങ്ങള്‍ക്കിടയിലാണ്. അതു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നിടത്താണ് ഭരണക്കാരെ കാത്തിരിക്കുന്ന തിരിച്ചടി നിലനില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും രാജസ്ഥാനിലെയുമൊക്കെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന ആ തിരിച്ചടിയുടെ ആഘാതം ചെറുതായിരിക്കില്ല എന്നു തന്നെയാണ്.
മുംബൈയിലായാലും ലഖ്‌നൗവിലായാലും കര്‍ഷകര്‍ ഉച്ചത്തില്‍ പറഞ്ഞത് ഇനിയും ആത്മഹത്യ ചെയ്യാന്‍ തങ്ങളില്ലെന്ന സന്ദേശമാണ്. വിള നല്‍കേണ്ട വയലില്‍നിന്ന് വിശപ്പാണ് കിട്ടുന്നതെങ്കില്‍ കലപ്പയേന്തുന്ന കൈകള്‍ ആയുധമേന്തണമെന്ന് ചെ ഗുവേര പറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകര്‍ ആയുധമേന്തിയില്ലെങ്കിലും മുഷ്ടിചുരുട്ടി അന്തരീക്ഷത്തില്‍ ആഞ്ഞിടിച്ചു. ആ ഇടിയുടെ ആഘാതത്തില്‍ ഭരണക്കാരുടെ കോട്ടകൊത്തളങ്ങള്‍ പ്രകമ്പനം കൊണ്ടു.
കര്‍ഷകര്‍ തീര്‍ച്ചയായും സമരം ചെയ്യണം. കര്‍ഷകരുടെ മാന്യമായ ജീവിതം ഉറപ്പാക്കണം. കാരണം, ഈ രാജ്യം നിലനില്‍ക്കുന്നത് കര്‍ഷകരുടെ ബലത്തിലാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞത് വെറുതെയായിരുന്നില്ല. അതിനാല്‍, കര്‍ഷകനന്മ എന്ന ആവശ്യമുയര്‍ത്തുന്ന സമരം ഏതു പാര്‍ട്ടി നയിച്ചാലും അതു വിജയിക്കുക തന്നെ വേണം.
പക്ഷേ, കര്‍ഷകരെപ്പോലുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും അവയ്ക്കു പരിഹാരമുണ്ടാക്കാനും സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടുന്ന ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന വസ്തുത എടുത്തുപറയേണ്ടതാണ്. സമരം ചെയ്യാനാവശ്യം സംഘടനാബലമൊന്നുമല്ല. അടിസ്ഥാനവര്‍ഗത്തോടുള്ള പ്രതിബദ്ധതയും സമരം ചെയ്യാനുള്ള ഇച്ഛാശക്തിയും മാത്രം മതി. മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും കര്‍ഷകരെ സംഘടിപ്പിച്ചത് സി.പി.എമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയാണ്.
തങ്ങളുടെ പ്രശ്‌നങ്ങള്‍ ആരുന്നയിച്ചാലും കര്‍ഷകര്‍ അവര്‍ക്കൊപ്പം അണിചേരും. അവിടെയാണ് ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്ന സി.പി.എം. അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പ്രസക്തി കൈവരുന്നത്. മഹാരാഷ്ട്രയിലെയും ഉത്തര്‍ പ്രദേശിലെയും മുന്നേറ്റങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിലെ വോട്ടായി മാറുമെന്ന് ഞാന്‍ കരുതുന്നില്ല.
പക്ഷേ, ബാലറ്റ് പെട്ടിയിലേക്ക് ഭാവിയില്‍ വോട്ടെത്തിക്കുന്ന സ്ഥിരനിക്ഷേപം തന്നെയാണ് സി.പി.എം. നടത്തിയിരിക്കുന്നത്. ഇപ്പോള്‍ ഏതായാലും സമരം വേറെ, വോട്ട് വേറെ. വോട്ട് മാത്രമല്ലല്ലോ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉത്തരവാദിത്വപ്പെട്ടവരാണ് വോട്ടു വാങ്ങി ജയിക്കുന്നവര്‍. അവര്‍ അതു ചെയ്യാതാവുമ്പോള്‍ പ്രക്ഷോഭങ്ങള്‍ ഉടലെടുക്കുന്നു.
മുംബൈയിലെ സമാധാനപരമായ കര്‍ഷക മുന്നേറ്റം ലക്ഷ്യം കണ്ടുവെന്നത് അങ്ങേയറ്റം പ്രതീക്ഷാനിര്‍ഭരമായ വസ്തുതയാണ്. വനാവകാശ നിയമം നടപ്പാക്കണം എന്നതുള്‍പ്പെടെ ഉന്നയിച്ച 13 ആവശ്യങ്ങളില്‍ 12 എണ്ണവും അംഗീകരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത് ചെറിയ കാര്യമല്ല. ചെങ്കൊടിയേന്തി കിലോമീറ്ററുകള്‍ കാല്‍നടയായി അണിചേര്‍ന്ന പതിനായിരങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം.
പണക്കാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തികനയങ്ങള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സമ്മാനിച്ചത് കൊലക്കയറുകളാണ്. നാലു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ആത്മഹത്യ ചെയ്തത്. അതില്‍ത്തന്നെ വലിയൊരു ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. ഇനി ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മഹത്യ മാത്രമാണ് പോംവഴി എന്ന തോന്നലില്‍ നിന്നാണ് ഈ സമരം ഉയര്‍ന്നുവന്നത്.
ഇപ്പോള്‍ തുടങ്ങിയതല്ല ഈ സമരം. കഴിഞ്ഞ 2 വര്‍ഷമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നിരന്തര സമരത്തിലായിരുന്നു. പലപ്പോഴായി അവര്‍ക്ക് സര്‍ക്കാര്‍ പല വാഗ്ദാനങ്ങളും നല്‍കി. അതെല്ലാം പാഴ്‌വാക്കുകളായപ്പോഴാണ് അവര്‍ മഹാനഗരത്തിലേക്ക് മാര്‍ച്ചു ചെയ്തത്. ഇത് മണ്ണിന്റെ മക്കളായ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സമരമാണ്. ഈ സമരം വിജയച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായത്. ഈ സമര വിജയം പുതിയ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാണ്.
മഹാത്മാ ഗാന്ധി നയിച്ച ദണ്ഡി മാര്‍ച്ചിനോട് ഈ കര്‍ഷക മുന്നേറ്റത്തെ ഉപമിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. 30,000 കര്‍ഷകരടങ്ങിയ ലോങ് മാര്‍ച്ച് ഈ മാസം 6ന് നാസിക്കില്‍ നിന്നാണ് ആരംഭിച്ചത്. അവര്‍ 6 ദിവസം കൊണ്ട് 180 കിലോമീറ്റര്‍ സഞ്ചരിച്ച് മുംബൈയില്‍ എത്തിയപ്പോഴേക്കും എണ്ണം ഒരുലക്ഷത്തിന് മുകളിലായി. സഹനയാത്രയില്‍ വഴിയിലുടനീളം ആയിരങ്ങള്‍ അണിചേര്‍ന്നു.
ഒരു ലക്ഷത്തിലേറെ വരുന്ന സമരക്കാരെ ആ മഹാനഗരം എങ്ങനെ സ്വീകരിക്കും എന്നറിയാന്‍ പലര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍, രാത്രി ഉറങ്ങാതെ സഞ്ചരിച്ചാണ് സമരക്കാര്‍ മുംബൈ നഗരത്തിനുള്ളിലേക്ക് കടന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയമാതിനാല്‍, ഗതാഗത പ്രശ്നം ഒഴിവാക്കാനാണ് താണെ മുതല്‍ മുംബൈ വരെ അവര്‍ രാത്രിയില്‍ സഞ്ചരിച്ചത്. ഈയൊരൊറ്റ നടപടിയിലൂടെ സമരക്കാര്‍ മുഴുവന്‍ മുംബൈവാസികളുടെയും ഹൃദയത്തിലേക്ക് നടന്നുകയറി.
അതിന്റെ ഫലമായി തന്നെയാണ് കര്‍ഷകര്‍ക്ക് മുംബൈയില്‍ അത്ഭുതകരമായ പിന്തുണയാണ് ലഭിച്ചത്. കുടിക്കാനുള്ള വെള്ളവും വീടുകളിലുണ്ടാക്കിയ ലഘുഭക്ഷണവും നല്‍കിയാണ് നഗരവാസികള്‍ ആ പ്രക്ഷോഭകരെ ഊഷ്മളമായി സ്വീകരിച്ചത്. മുംബൈയിലെത്തിയ സമരക്കാര്‍ക്കുള്ള ഭക്ഷണവിതരണം ഡബ്ബാവാലകള്‍ ഏറ്റെടുത്തു.
വിശപ്പ് ഒരു ചുവന്ന മഹാനദിയായി ഒഴുകിപ്പടര്‍ന്നു. സി.പി.എമ്മിന്റെ കര്‍ഷകസംഘടനയുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കിലും ശിവസേനയും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികളെല്ലാം സമരമുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അവര്‍ക്ക് ചുമരെഴുത്ത് വായിക്കാനായി. വായിക്കാനാവാതെ പോയ ബി.ജെ.പി. ക്ഷീണം തീര്‍ക്കാന്‍ സമൂഹമാധ്യമങ്ങളിലെ ആഭാസപ്രചാരണത്തിന് കോപ്പു കൂട്ടുന്നു. അവരുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും സമൂഹമാധ്യമങ്ങളിലാണല്ലോ.
സാമ്രാജ്യത്വത്തിനും വൈദേശികാധിപത്യങ്ങള്‍ക്കും നേരെ ധീരമായി പൊരുതിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ആ പാരമ്പര്യത്തിന്റെ ഭാഗമാകാതെ, ചരിത്രപരമായി തന്നെ സാമ്രാജ്യത്വത്തിന്റെ അടിമകളായി നില്‍ക്കുന്നവരാണ് ജനകീയസമരങ്ങളെയും പ്രക്ഷോഭങ്ങളെയും ചെറുത്തുനില്പുകളെയും തള്ളിപ്പറയുന്നത്. വന്‍കിട മുതലാളിമാരുടെ ഉയര്‍ച്ചയ്ക്കു പകരം ജനങ്ങള്‍ക്ക് മേല്‍ അശാസ്ത്രീയമായ സാമ്പത്തികനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇവര്‍ തന്നെയാണ്.
സമരം വിജയിച്ചത് ആവശ്യങ്ങള്‍ അംഗീകരിച്ചവന്റെ മഹാമനസ്‌കതയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ഗൂഢനീക്കം പുറത്തായെങ്കിലും തല്പരകക്ഷികള്‍ പിന്മാറിയിട്ടില്ല. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായല്ല, ബ്രിട്ടീഷുകാരുടെ മഹാമനസ്‌കത കാരണമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് പറയുന്നതു പോലെയല്ലേ അത്? ശരിയാണ്, അങ്ങനെ പറയുന്നവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന സാഹചര്യമാണല്ലോ ഇന്ത്യയിലുള്ളത്!!
പാര്‍ട്ടിയും കൊടിയുടെ നിറവുമൊന്നും ജനങ്ങള്‍ക്ക് പ്രശ്‌നമല്ല എന്ന് മുംബൈയും ലഖ്‌നൗവുമെല്ലാം തെളിയിക്കുന്നു. തങ്ങളുടെ പക്ഷത്ത് ആരു നില്‍ക്കുന്നു എന്നേ ജനങ്ങള്‍ നോക്കുന്നുള്ളൂ. അവര്‍ക്ക് പൊറുതിമുട്ടിയിരിക്കുന്നു. കൂടെ നില്‍ക്കാന്‍, സമരം നയിക്കാന്‍ ഓരോ സ്ഥലത്തും രാഷ്ട്രീയ ദിശാബോധവും ഇച്ഛാശക്തിയുമുള്ള 10 പേരെയെങ്കിലും കിട്ടിയാല്‍ അവര്‍ സമരരംഗത്തിറങ്ങും.
പശ്ചിമബംഗാളിലെ ഭാംഗോറില്‍ മാസങ്ങളായി തുടരുന്ന ഒരു കര്‍ഷക സമരമുണ്ട്. ആ പ്രദേശത്ത് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമുണ്ടായിരുന്ന സി.പി.ഐ. (എം.എല്‍- റെഡ്സ്റ്റാര്‍) ആണ് ആ സമരം നയിക്കുന്നത്, സി.പി.എം. അല്ല. പക്ഷേ, തേഭാഗാ സമരത്തിന്റെ പാരമ്പര്യമുള്ള ആ മണ്ണില്‍ പതിനായിരക്കണക്കിന് ദരിദ്ര കര്‍ഷകരാണ് ആ സമരത്തില്‍ അണിനിരന്നത്. വയലേലകളില്‍ നിന്നായിരിക്കാം പുതിയ വസന്തം പിറവിയെടുക്കുന്നത്. ഒന്നും നടക്കില്ലെന്ന് ഉറപ്പിക്കേണ്ട. എല്ലാം തുടങ്ങാന്‍ ഒരു ചുവട് മതി…
സി.പി.എമ്മിന് സമരം ചെയ്യാന്‍ മാത്രമേ അറിയാവൂ എന്ന് പലരും കളിയാക്കുന്നതു കേട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ രാജ്യത്തിനാവശ്യം സമരം ചെയ്യാന്‍ അറിയാവുന്നവരെയാണ്. ജനപക്ഷത്തു നിന്ന് സമരം ചെയ്യുന്നവര്‍ക്കൊപ്പം ജനം നില്‍ക്കും. കാരണം ജനങ്ങള്‍ക്ക് ഇപ്പോള്‍ സമരമാണ് ജീവിതം. അംബാനിമാരും മോഡിമാരും മല്യമാരും മാത്രമാണല്ലോ ഭരണത്തിന്റെ ഗുണഭോക്താക്കള്‍!!