Reading Time: 4 minutes

1990കളുടെ മധ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ. ഇംഗ്ലീഷിന് ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. പഠിച്ചു എന്നു പറയാനാവുമോ? ക്ലാസ്സിലേക്ക് അവന്‍ കടന്നു വരുമ്പോഴെല്ലാം ഇന്റര്‍വെല്ലായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറിയും കോളേജിന്റെ നീണ്ട ഇടനാഴികളുമായിരുന്നു അവന്റെ പ്രധാന വിഹാരകേന്ദ്രം. ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നതും അവിടെയാണ്.

BIJU (2).jpg

ക്ലാസ്സില്‍ കയറിയില്ല എന്നതുകൊണ്ട് തലതിരിഞ്ഞവനാണെന്ന് അര്‍ത്ഥമില്ല. ക്ലാസ്സില്‍ കയറിയില്ലെങ്കിലും അവന്‍ നല്ലൊരു പഠിപ്പിസ്റ്റ് തന്നെയായിരുന്നു. ഒട്ടുമിക്ക ക്ലാസ്സുകളിലും കയറിയിരുന്ന എന്നെ അപേക്ഷിച്ചു നോക്കുമ്പോള്‍ അവന്‍ ബഹുമിടുക്കനാണെന്നു പറയും. ബി.എയ്ക്കു പഠിക്കുമ്പോള്‍ ഒരു ക്ലാസ്സിലും കയറാതെ രാഷ്ട്രീയവും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി നടന്നിരുന്നതിന്റെ ഫലമായി ആരെയും കാണിക്കാന്‍ കൊള്ളാത്ത ഒരു ബിരുദ സര്‍ട്ടിഫിക്കാണ് മൂന്നാം വര്‍ഷത്തിനൊടുവില്‍ എനിക്കു സമ്മാനമായി ലഭിച്ചത്. പഠനവും പാഠ്യേതര പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോവാനുള്ള കഴിവ് തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് വിജയകരമായി പരീക്ഷിച്ചുവെങ്കിലും ഡിഗ്രിക്കത് ദയനീയമായി പരാജയപ്പെട്ടു. ബി.എ. ഇംഗ്ലീഷ് പഠിച്ച ഞാന്‍ മറ്റു വിഷയങ്ങള്‍ പഠിച്ചുവരുന്നവരെപ്പോലെ ജനറല്‍ ഇംഗ്ലീഷിനു കിട്ടിയ മികച്ച മാര്‍ക്കിന്റെ പച്ചയിലാണ് എം.എ. ഇംഗ്ലീഷിന് പ്രവേശനം നേടിയതെന്നു പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുമല്ലോ. അതുകൊണ്ട് പുറത്തുകാണിക്കാന്‍ കൊള്ളാവുന്ന ഒരു എം.എ. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താനായിരുന്നു എന്റെ ശ്രമം. അതിനാണ് 2 വര്‍ഷം മുഴുവന്‍ മറ്റെല്ലാം മാറ്റിവെച്ച് ക്ലാസ്സില്‍ അടയിരുന്നത്. അതിനു ഫലവുമുണ്ടായി. അങ്ങനെ കഷ്ടപ്പെട്ട് ഞാന്‍ നേടിയ ഫലം ക്ലാസ്സില്‍ കയറാതെ അവന്‍ നേടി എന്നത് വേറെ കാര്യം. ക്ലാസ്സില്‍ കയറുന്നവരെല്ലാം നന്നായി പഠിക്കുന്നവരാണെന്നും അല്ലാത്തവരെല്ലാം മോശക്കാരാണെന്നും ഉള്ള പൊതുധാരണ ഇന്നത്തേതിനെക്കാള്‍ ശക്തമായ കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ കോളേജ് വിദ്യാഭ്യാസം.

blood-pheasant-ithaginis-cruentus-tibetanus-ura-valley-bhutan
Blood Pheasant (Ithaginis Cruentus Tibetanus) @ Ura Valley, Bhutan
bronze-winged-jacana-metopidius-indicus-punchakkari-wetlands-trivandrum
Bronze Winged Jacana (Metopidius Indicus) @ Punchakkari wetlands, Trivandrum

ഈ ‘അവന്‍’ ആരെന്നു പറയാം. നെയ്യാറ്റിന്‍കര സ്വദേശിയാണ് താരം. എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് എന്ന ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി.ബിജു. അതല്ല അവന്റെ യഥാര്‍ത്ഥ വിലാസം. രാജ്യത്തെ എണ്ണം പറഞ്ഞ പക്ഷി നിരീക്ഷകരിലൊരാളാണ് കക്ഷി ഇപ്പോള്‍. ലോകപ്രശസ്തനായ പക്ഷിനിരീക്ഷകന്‍ സാലിം അലിയുടെ പാതയില്‍ സഞ്ചരിക്കുന്ന പ്രഗത്ഭന്‍. ‘അതിവിനയനായ’ അവന്‍ ഇതു സമ്മതിച്ചുതരില്ല എന്നു മാത്രം. പക്ഷിനിരീക്ഷകന്‍ എന്നു പറയുന്നത് പക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതിനാലാണ്. വിവിധയിനം മൃഗങ്ങളെയും അവന്‍ ക്യാമറക്കൂടിലാക്കിയിട്ടുണ്ട്. അവന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കിയാല്‍ മതി. നമ്മളൊന്നും സങ്കല്പിച്ചിട്ടു പോലുമില്ലാത്ത നിറങ്ങളും രൂപങ്ങളും ഭാവങ്ങളുമുള്ള വിവിധയിനം പക്ഷികളുടെയും മൃഗങ്ങളുടെയും വര്‍ണ്ണചിത്രങ്ങള്‍ അവിടെ നിറഞ്ഞിരിക്കുന്നു. ശരിക്കുമൊരു ഓണ്‍ലൈന്‍ നേച്വര്‍ ഫോട്ടോ എക്‌സിബിഷന്‍ എന്നു തന്നെ പറയാം.

emerald-cuckoo-female-namling-bhutan
Emerald Cuckoo Female @ Namling, Bhutan
fire-tailed-sunbird-thrumshingla-bhutan
Fire-tailed Sunbird @ Thrumshingla, Bhutan
malabar-trogon-female-kattilappara-kollam
Malabar Trogon Female @ Kattilappara, Kollam
mrs-goulds-sunbird-male-chele-la-bhutan
Mrs.Gould’s Sunbird Male @ Chele La, Bhutan

ബേര്‍ഡ് ഫൊട്ടോഗ്രാഫര്‍ എന്നതിലുപരി താനൊരു ബേര്‍ഡ് വാച്ചര്‍ ആണെന്ന് ബിജു പറയും. പക്ഷികളെ കാണാനും ആ സൗന്ദര്യം ആസ്വദിക്കാനുമാണ് ആദ്യം തുനിഞ്ഞത്. പിന്നെ എപ്പോഴോ ക്യാമറ കൈയിലെത്തി. ഇ.എസ്.ഐയില്‍ ജോലിക്കു ചേര്‍ന്ന് ആദ്യ പോസ്റ്റിങ് ലഭിച്ച് ചെങ്കോട്ടയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ഒരു പക്കാ നാട്ടിന്‍പുറത്തുകാരനായ അവന്‍ ചെങ്കോട്ടയ്ക്കു സമീപത്തുള്ള അരിപ്പ, ആര്യങ്കാവ്, തെന്മല വനങ്ങളിലെല്ലാം യാത്രകള്‍ നടത്തി. അത്തരം ട്രക്കിങ്ങിനുള്ള ഏതവസരം വന്നാലും ബിജു ചാടിപ്പിടിക്കുമായിരുന്നു. ഈ കാലഘട്ടത്തിലാണ് പക്ഷികളെക്കുറിച്ച് പഠിച്ചു തുടങ്ങിയത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് -കേരള ശാഖ കേരളത്തിലെ വനാന്തരങ്ങളിലേക്കു നടത്തിയിരുന്ന നിരീക്ഷണയാത്രകള്‍ വളരെ ഗുണം ചെയ്തു. പക്ഷികളുടെ വര്‍ഗ്ഗവും മറ്റു വിശദാംശങ്ങളും മനസ്സിലാക്കാന്‍ ആ യാത്രകള്‍ സഹായിച്ചു. കാണുന്ന മനോഹരദൃശ്യങ്ങള്‍ വീണ്ടും കാണാനായി പകര്‍ത്തിവെയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറ കൈയിലെടുത്തത്. പിന്നീടത് ശരീരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായി.

small-minivet-male-bandipur-ooty
Small Minivet Male @ Bandipur, Ooty
streaked-spiderhunter-arachnothera-magna-morong-bhutan
Streaked Spiderhunter (Arachnothera Magna) @ Morong, Bhutan
tickells-blue-flycatcher-sims-park-coonoor
Tickell’s Blue Flycatcher @ Sim’s Park, Coonoor

ഏതൊരു പക്ഷിയെക്കുറിച്ചു ചോദിച്ചാലും അതിന്റെ ആവാസവ്യവസ്ഥ, ജീവിതരീതി, ഭക്ഷണക്രമം, സ്വഭാവസവിശേഷതകള്‍ എന്നിവയെല്ലാം നിമിഷനേരത്തിനകം ബിജുവിന്റെ നാവിന്‍തുമ്പിലെത്തും. ‘ഇതൊക്കെ എങ്ങനെ പഠിച്ചെടേയ്’ എന്ന എന്റെ ചോദ്യത്തിന് അവന്റെ മറുപടി സ്വതസിദ്ധമായ ശൈലിയില്‍ -‘ഓ എന്തോന്ന് പഠിക്കാന്‍. ഇതൊക്കെയങ്ങ് മനസ്സിലായെടേയ്. അത്ര തന്നെ.’ പക്ഷികളുടെ ചിത്രം ഇടയ്ക്ക് ഞാനും എടുക്കാറുണ്ട്. പക്ഷേ, ബിജുവിന്റെ ചിത്രങ്ങള്‍ക്കുള്ള മിഴിവ് അതിനു ലഭിക്കാറില്ല. അവനോടു തന്നെ ചോദിച്ചു. മറുപടിയും ലഭിച്ചു -‘പക്ഷിയെ സമീപിക്കുന്ന രീതി മുതല്‍ ഒരു ചിത്രം നല്ലതാണോ മോശമാണോ എന്നു തീരുമാനിക്കപ്പെടുന്നു. നമ്മള്‍ തലയുയര്‍ത്തിപ്പിടിച്ച് ക്യാമറ സൂം ചെയ്താല്‍ ആ പക്ഷിയെ ഭീതി പിടികൂടുകയും അതു പറന്നുപോകുകയും ചെയ്യും. ഒരു മരത്തിനു പിന്നില്‍ മറഞ്ഞിരിക്കുക. കുനിഞ്ഞു പോകുക. വേണ്ടി വന്നാല്‍ ഇഴയുക. ക്ഷമ കാണിക്കുക. നല്ല ചിത്രം ലഭിക്കും.’ കാര്യം വളരെ സിമ്പിളാണ്. പക്ഷേ സ്‌ട്രോങ്ങാണ്.

nat-trails
നാറ്റ്-ട്രെയ്ല്‍സ് പ്രദര്‍ശനം തിരുവനന്തപുരത്തു നടന്നപ്പോള്‍ ബിജു സഹ ഫൊട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം

ചിറകടികള്‍ തേടിപ്പോകുന്നത് ബിജു ഒറ്റയ്ക്കല്ല. പക്ഷികളെ പ്രണയിക്കുന്നവരുടെ ഒരു കൂട്ടം തന്നെയുണ്ട്. കര്‍ണ്ണാടക കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അഭിരാം ശങ്കര്‍, ബി.എസ്.എന്‍.എല്‍. മുന്‍ ഉദ്യോഗസ്ഥരായ ഒ.എം.മാത്യു, കെ.ശിവപ്രസാദ്, കൊല്ലം റീറ്റ്‌സ് ഡയറക്ടര്‍ ഷിനു സുകുമാരന്‍, കുസാറ്റിലെ എ.എസ്.സിനേഷ്, വെറ്ററിനറി സര്‍ജനായ അഭിലാഷ് അര്‍ജ്ജുനന്‍, അഗ്നിസേനാ ഉദ്യോഗസ്ഥനായ സാഹില്‍ സലിം, എന്‍ജിനീയറായ ഭരത് കൃഷ്ണന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകനായ എസ്.അനോജ്, പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍ തന്നെയായ തോംസണ്‍ സാബുരാജ് എന്നിവരാണ് ബിജുവിന്റെ കൂട്ടാളികള്‍. യാത്രകളും ക്യാമ്പുകളുമെല്ലാം ഇവര്‍ ഒരുമിച്ചാണ്. പശ്ചിമഘട്ടത്തില്‍ നിന്ന് ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം നാറ്റ് ട്രെയ്ല്‍സ് എന്ന പേരില്‍ അടുത്തിടെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരുന്നു.

BIJU (1).jpg

യാദൃശ്ചികമായാണ് ബിജുവിന്റെ ഫോട്ടോ ആല്‍ബം കഴിഞ്ഞ ദിവസം വീണ്ടും കാണാനിടയായത്. അതിന്റെ ഫലമായി ബിജുവിനോടുണ്ടായ ചെറിയൊരു അസൂയയുടെ ഫലമാണ് ഈ കുറിപ്പ്. അസൂയ തീര്‍ക്കാനുള്ള ശ്രമം തന്നെ. പക്ഷികള്‍ക്കു പിന്നാലെ ബിജു പോകാത്ത നാടുകളില്ല, കാടുകളില്ല. അരിപ്പ മുതല്‍ അങ്ങ് ഭൂട്ടാന്‍ വരെ എല്ലായിടത്തും പോയി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നതിലാണ് അസൂയ. എനിക്കു സാധിക്കില്ലല്ലോ എന്ന വേദനയില്‍ നിന്നുളവാകുന്ന അസൂയ. സ്‌നേഹത്തിന്റെ ഭാഗമായ അസൂയ. അങ്ങ് അന്റാര്‍ട്ടിക്കയില്‍ പോയി പെന്‍ഗ്വിന്റെ പടമെടുത്ത് എനിക്കവന്‍ സമ്മാനിക്കുന്ന ദിനത്തിനായി ഞാന്‍ കാത്തിരിക്കുന്നു.

 


ബിജുവിന്റെ ചിത്രങ്ങള്‍

Previous articleഈ സമരം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?
Next articleമതവൈരം മാത്രമല്ല, ഭൂമിതട്ടിപ്പുമുണ്ട്!!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here