മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലറുണ്ട് -ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എൻ.സ്വാമി എഴുതി കെ.മധു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് കാൽ നൂറ്റാണ്ട് പഴക്കം. ആ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കഥാപാത്രം അഡ്വ.അനിയൻ കുരുവിള കോടതിയിൽ കേസ് തെളിയിക്കുന്നത് ഒരു ഫോട്ടോ വെച്ചാണ്. സൂര്യന്റെ നിഴൽ പതിക്കുന്നത് അടിസ്ഥാനമാക്കി ഒരു ഫോട്ടോ ശരിക്കുള്ളതാണോ വ്യാജമാണോ എന്നു ലോജിക്കലായി തെളിയിക്കുന്ന രംഗം. നായകൻ അവസാനം മുകളിലേക്കു ചൂണ്ടി വില്ലന്മാരോടു പറയുന്ന ഒരു ഡയലോഗുണ്ട് -“അങ്ങേരുടെയടുത്ത് ഒരു വേലത്തരവും നടക്കില്ല.”
കഴിഞ്ഞ ദിവസം വിവാദത്തിലായ ഒരു ഫോട്ടോയാണ് ചിന്തകളെ 1995ലെ സിനിമ വരെ ചിന്തയെ കൊണ്ടെത്തിച്ചത്. വിവാദമുണ്ടാക്കുന്ന ഏതെങ്കിലും ഫോട്ടോയിൽ കുടുങ്ങിയാലുടനെ ബന്ധപ്പെട്ടവർ വിശദീകരിക്കുക ഇങ്ങനെയായിരിക്കും -“അത് പൊതുപരിപാടിക്കിടെ എത്രയോ പേർ വന്ന് ചിത്രമെടുക്കുന്നു, അതിലൊന്നാണ്”. കഴിഞ്ഞ ദിവസം വന്ന ഫോട്ടോയിലും ഇതേ ന്യായീകരണം വന്നിട്ടുണ്ട്. പക്ഷേ, എസ്.എൻ.സ്വാമിയുടെ ഭാഷയിൽ പറഞ്ഞാൽ അവിടെ “അങ്ങേര് പണി പറ്റിച്ചു”.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നിൽക്കുന്നതായി കാണപ്പെട്ട ഒരു പ്രമുഖനാണ് പതിവുപോലെ പൊതുപരിപാടി എന്ന ന്യായീകരണം ചമച്ചത്. മൂന്നു പേർ പുഞ്ചിരിയോടെ നിൽക്കുന്ന ആ ചിത്രത്തിലെ കെട്ടിടച്ചുമരിൽ ഒരു നമ്പരുണ്ട് 36347 95379. ഈ നമ്പരാണ് എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ എഴുതിയ പോലെ ‘മുകളിലിരിക്കുന്നയാളുടെ പണി’ എന്നു ഞാൻ പറയും. ദുബായിലെ ഏതു കെട്ടിടത്തിനും ഒരു പത്തക്ക നമ്പർ നൽകാറുണ്ട്. കൊട്ടാരമായാലും വീടായാലും ബഹുനില കെട്ടിടമായാലും ആസ്പത്രിയായാലുമെല്ലാം ഈ നമ്പർ കാണും. 2015 തുടക്കത്തിലാണ് ദുബായ് മുൻസിപ്പാലിറ്റിയിൽ മകാനി നമ്പർ നിലവിൽ വന്നത്. നമ്മുടെ നാട്ടിൽ പഞ്ചായത്തും കോർപ്പറേഷനുമൊക്കെ നൽകുന്ന കെട്ടിട നമ്പർ പോലെ തന്നെ. ദുബായിൽ അതിന് മകാനി നമ്പർ എന്നാണ് പറയുക. ഇതുണ്ടെങ്കിൽ ദുബായിലെ ഏതു സ്ഥലവും അനായാസം കണ്ടെത്താം.
വിവാദ ചിത്രത്തിൽ കാണുന്ന 36347 95379 എന്നത് ആ കെട്ടിടത്തിന്റെ മകാനി നമ്പരാണ്. ഇത് ഫോട്ടോയിൽപ്പെട്ട പ്രമുഖൻ അവകാശപ്പെടുന്നതു പോലെ ഒരു പൊതു സ്ഥലത്തിന്റേതല്ല. ദുബായിലെ അൽ തവാർ വില്ല പ്രൊജക്ടിലെ ഒരു സ്വകാര്യ മന്ദിരമാണ് ഈ സ്ഥലം. കുറച്ചു ഗും വേണമെങ്കില്‍ ‘പ്രൈവറ്റ് വില്ല’ എന്നും പറയാം. അപ്പോൾ ന്യായീകരണം യഥാർത്ഥ വസ്തുതകൾ അടിസ്ഥാനമാക്കിയല്ല. അതിനാൽ അതിനു നിലനില്പുമില്ല. ഒന്നും പറയാതിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ, കള്ളം പറഞ്ഞാൽ അതു ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും.
ദുബായിലെത്തിയപ്പോൾ താമസിച്ച സ്ഥലമാണ് ഈ പ്രൈവറ്റ് വില്ല എന്നു ന്യായീകരിക്കാൻ ഒരുങ്ങുന്നുവെങ്കിൽ അതിനു മുമ്പ് രണ്ടു വട്ടം ചിന്തിക്കണം. പൊതു ഇടത്തെ ഫോട്ടോ ഏതെങ്കിലും ‘അജ്ഞാതന്’ എടുക്കാൻ സാധിക്കും. പക്ഷേ, താമസസ്ഥലത്തെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ‘അജ്ഞാതന്’ കഴിയില്ല. സ്വകാര്യ സ്ഥലത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യണമെങ്കിൽ ഏതെങ്കിലും രീതിയിൽ പരിചയമുള്ളതോ പരിചയപ്പെട്ടതോ ആയ വ്യക്തിയാവും. അങ്ങനെ പറഞ്ഞാൽ കൂടുതൽ കുഴപ്പമാവും. മാത്രവുമല്ല, ദുബായിൽ ഒന്നോ രണ്ടോ തവണ പോയി വന്നവരെക്കാൾ എനിക്കു വിശ്വാസം അവിടെ സ്ഥിരതാമസമാക്കിയ സുഹൃത്തുക്കളെയാണ്. അവർ തന്നെയാണ് ഈ വിവരം നൽകിയതും.
കുറ്റവാളിയായ ഒരാൾക്കൊപ്പം ചിത്രത്തിൽ പെട്ടു എന്നതിന്റെ പേരിൽ ആരും കുറ്റവാളി ആകുന്നില്ല. ഫോൺ വിളി സംബന്ധിച്ച വിവാദത്തിനും മാനദണ്ഡം ഇതു തന്നെ. കുറ്റവാളിയെ ഫോൺ വിളിച്ചു എന്നതിന്റെ പേരിൽ ആരും കുറ്റവാളി ആകുന്നില്ല. പക്ഷേ, ഇവിടെ പ്രശ്നം വേറെയാണ്. ആരോപണവിധേയർ അത്തരം ചിത്രങ്ങളിൽ പെടുന്നവരെ വിമർശിക്കുന്നവരാണ്. കാൾ ലിസ്റ്റിൽ പേരു വന്നവരെ വിമർശിക്കുന്നവരാണ്. എന്നു മാത്രമല്ല നിലം തൊടാതെ പറപ്പിക്കുന്നവരുമാണ്. അവർ സൃഷ്ടിച്ച അളവുകോൽ അഥവാ ‘സ്കെയിൽ’ വെച്ചു തന്നെ ഇപ്പോൾ അവരും അളക്കപ്പെടുന്നു എന്നതാണ് ഇവിടെ പ്രശ്നം. അതായത് ഫോട്ടോയും ഫോൺവിളിയുമൊന്നും പ്രശ്നമല്ല. ഫോട്ടോയുടെയും ഫോൺവിളിയുടെയും അളവ് രീതിയാണ് പ്രശ്നം. അത് എല്ലാവരും അംഗീകരിച്ചാൽ പ്രശ്നം തീർന്നു.
സ്വന്തം അനുഭവങ്ങൾ പാഠങ്ങളാവട്ടെ. ഒരാളെ അകാരണമായി ആക്ഷേപിക്കുമ്പോൾ അതു കേൾക്കുന്നയാൾക്ക് എന്തു തോന്നും എന്ന ധാരണയുണ്ടാക്കാൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടട്ടെ. ഏതെങ്കിലും വിധത്തിലുള്ള തിരുത്തലിന് ഇത്തരം വിവാദങ്ങൾ കാരണമാവുമെങ്കിൽ അത് നല്ലതല്ലേ?