ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ക്രൈസ്തവ ദേവാലയത്തിന്റെ സെറ്റിട്ടു. ചിലർക്ക് അതിൽ സിനമയോ സെറ്റോ കാണാനായില്ല. അവർ കണ്ടത് ‘പള്ളി’ ആണ്. ആ വർഗ്ഗീയവാദികൾ സെറ്റ് അടിച്ചു തകർന്നു. പ്രമുഖരുൾപ്പെടെ ചില ഈ സംഭവത്തെക്കുറിച്ചു പറയുന്നത്, “പള്ളി പൊളിച്ചു” എന്നാണ്.
സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. സിനിമാ രംഗത്തെ വർഗ്ഗീയ ചേരിതിരിവു സംബന്ധിച്ച ചർച്ച ഇപ്പോഴും സജീവം. സെറ്റ് തകർത്ത നടപടിയെ ന്യായീകരിക്കാൻ വലിയ നിലയിൽ ശ്രമങ്ങൾ നടക്കുന്നു. ഇത്തരക്കാരുടെ കൂടി പ്രേരണയുടെ ഫലമായി ടൊവീനോയെയും ബേസിലിനെയുമൊക്കെ വലിയ തട്ടിപ്പുകാരും നിയമലംഘകരുമായി ചിത്രീകരിക്കുന്ന വീഡിയോകൾ ചില ഓൺലൈൻ മാധ്യമങ്ങളുടെ വകയായി പറക്കുന്നു. ചില രേഖകളൊക്കെ ഹാജരാക്കിയാണ് പ്രചാരണം. അതിനാൽത്തന്നെ അവയ്ക്ക് തത്സമയം മറുപടി നൽകാനാവാത്ത സ്ഥിതി.
വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടായിരുന്നു. ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കേണ്ടതുണ്ടായിരുന്നു. ഈ കോവിഡ് കാലത്ത് അത് അത്ര എളുപ്പമായിരുന്നില്ല. തിരുവനന്തപുരത്ത് ഇരിക്കുന്ന എനിക്ക് എറണാകുളത്തെ ഒരു പഞ്ചായത്തോഫീസിലിരിക്കുന്ന ഫയൽ എടുപ്പിക്കാൻ ഒരു മാസത്തോളം സമയമെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ജീവനക്കാരുമെല്ലാം ഒരുപോലെ കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായിപ്പോയതാണ് കാരണം. ആ ഫയലിലെ രേഖയിൽ ഈ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുണ്ട്.
മണപ്പുറത്തെ സെറ്റ് പൊളിച്ചത് എന്തിനാണ്? വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന ന്യായീകരണക്കാർ പറയുന്നത് വലിയ കാര്യങ്ങളാണ്. ശിവരാത്രി മണപ്പുറത്ത് ‘പള്ളി’ വരാതിരിക്കാനുള്ള പരിശ്രമമായിരുന്നത്രേ! ‘ആമേൻ’ സിനിമയ്ക്കായി 2013ൽ ഇട്ട ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഷൂട്ടിങ്ങിനു ശേഷവും പൊളിച്ചു മാറ്റിയില്ലെന്നും അതിപ്പോഴൊരു തീർത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ ‘ആമേൻ പള്ളി’യുടെ നിജസ്ഥിതി എത്ര പേർക്കറിയാം? ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലുള്ള ഉളവയ്പിലാണ് ആ സെറ്റിട്ടത്. ഏതാണ്ട് ഒന്നര മാസത്തോളം നീണ്ടു നിന്ന ഷൂട്ടിങ്ങിനു ശേഷം ആ ‘പള്ളി’ വിറകുവിലയ്ക്ക് പൊളിച്ചു വിറ്റുവെന്നതാണ് യാഥാർത്ഥ്യം. ഇത് ആ നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷേ, ചിലരുടെ കഥകളിൽ അതിപ്പോഴും തീർത്ഥാടന കേന്ദ്രമായ കുമരങ്കരി പള്ളിയായി നിലനിൽക്കുന്നു. അത്തരത്തിൽ ശിവരാത്രി മണപ്പുറത്ത് ‘പള്ളി’ വരാതിരിക്കാനാണത്രേ ഇപ്പോഴത്തെ പൊളിക്കൽ!
കൊച്ചിയിലൊരു ‘സ്വാഭിമാന ഹിന്ദു’ വക്കീലുണ്ട്. വാ തുറന്നാൽ സത്യം പറയുകയേയില്ല എന്നത് നിഷ്ഠയാണ്. കൊടും വർഗ്ഗീയവാദി. ചീറ്റുന്നത് കാളകൂടത്തിനെക്കാൾ മാരകമായ വിഷം. സിനിമാ സെറ്റ് തല്ലിത്തകർത്ത നടപടി ന്യായീകരിക്കാൻ മുന്നിൽ നിന്നത് ഈ വക്കീലായിരുന്നു. ഒരു പക്ഷേ, സെറ്റ് തകര്‍ത്ത കേസിലെ പ്രതികളുടെ വക്കാലത്തും ഈ മാന്യനായിരിക്കും. സിനിമാ സെറ്റിന് പഞ്ചായത്ത് അനുമതി ഇല്ലായിരുന്നുവെന്നും നിയമവിരുദ്ധമായ നിർമ്മാണമാണ് പൊളിച്ചുനീക്കിയത് എന്നുമായിരുന്നു ഇദ്ദേഹമുയർത്തിയ പ്രധാന വാദം. അതിന്‍റെ തുടർച്ചയായി ഭക്തസംഘം ഒരു വിവരാവകാശ രേഖയും പുറത്തുവിട്ടു. ഒക്കൽ ഗ്രാമപഞ്ചായത്തിൽ നിന്ന് കൃഷ്ണദാസ് എന്ന വ്യക്തി സംഘടിപ്പിച്ചതായിരുന്നു ഈ രേഖ. ഒക്കൽ ഗ്രാമപഞ്ചായത്തിലെ രേഖകൾ പ്രകാരം കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടില്ല. സിനിമാ ഷൂട്ടിങ്ങുകാർ മണപ്പുറത്ത് പള്ളിയുടെ സെറ്റ് ഇടുന്ന വിവരം പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചു. വിഷയം തീപിടിക്കാൻ ഇനിയെന്തു വേണം?
ഒക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള വിവരാവകാശ രേഖ എല്ലാവരും വിശ്വസിച്ചു. അതിനെ ചുറ്റിപ്പറ്റിയായി പിന്നീടുള്ള ചർച്ചകൾ. സിനിമക്കാർ നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ അവരുടെ വാദങ്ങൾക്ക് നിനില്പില്ലെന്ന് എഴുതിത്തള്ളി. പക്ഷേ, സാമാന്യബുദ്ധിയുള്ളവർക്കെല്ലാം തോന്നുന്ന സംശയം എനിക്കും തോന്നി -അങ്ങനെ നിയമവിരുദ്ധമായി അനുമതിയില്ലാതെ കാലടി മണപ്പുറത്ത് ഒരു സിനിമയുടെ സെറ്റിട്ട് ഷൂട്ട് ചെയ്യാൻ പറ്റുമോ? എന്തെങ്കിലും ഗുലുമാലുണ്ടായാൽ വലിയ നഷ്ടം സംഭവിക്കുമെന്ന് ഉറപ്പുള്ള ഇപ്പണിക്ക് സ്വബോധമുള്ള ഏതെങ്കിലും നിർമ്മാതാവ് തയ്യാറാവുമോ? ഈ തോന്നലാണ് ഇതു സംബന്ധിച്ച അന്വേഷണത്തിലേക്കു നയിച്ചത്.
അന്വേഷിച്ചപ്പോൾ ആദ്യം മുന്നിലെത്തിയ വിവരം തന്നെ അമ്പരപ്പിച്ചു. വളരെ രസകരമാണത്. വേറൊരു ഉദാഹരണത്തിലൂടെ പറഞ്ഞാലാണ് അത് എളുപ്പത്തിൽ മനസ്സിലാവുക. തിരുവനന്തപുരം നഗരത്തിലെ പുത്തരിക്കണ്ടം മൈതാനത്ത് ദിവസങ്ങൾ നീളുന്ന ഒരു പ്രദർശനം നടക്കുന്നു എന്നു കരുതുക. അത്തരമൊരു പരിപാടിക്ക് അനുമതി നൽകിയിട്ടുണ്ടോ എന്ന് കൊല്ലം കളക്ടറേറ്റിൽ വിവരാവകാശ നിയമപ്രകാരം ചോദിച്ചാൽ എന്തു മറുപടി കിട്ടും? ‘ഇല്ല’ എന്നല്ലേ? പുത്തരിക്കണ്ടത്തെ പരിപാടിക്ക് അനുമതി നൽകിയിട്ടുണ്ടോ എന്ന് തിരുവനന്തപുരം കളക്ടറേറ്റിലാണ് ചോദിക്കേണ്ടത്. ഈ ‘പള്ളി’ സെറ്റിന്റെ കാര്യത്തിലും സമാനമായ കാര്യമാണ് സംഭവിച്ചത്. ഒക്കൽ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നില്ല ആ സെറ്റ്. അതിനാലാണ് അവർ അനുമതി നൽകിയില്ല എന്നു മറുപടി വന്നത്. സെറ്റ് നിർമ്മിച്ചത് കാലടി ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു!! ഒക്കലിന്റെ അതിരേതാ കാലടിയുടെ അതിരേതാ എന്നുള്ളതൊക്കെ ആ പഞ്ചായത്തിലുള്ളവർക്കു തന്നെ അറിയുമോ എന്ന കാര്യം സംശയം! എങ്ങനുണ്ട് വിവരാവകാശക്കാരുടെ കുത്സിതബുദ്ധി??!!
ഇതു സംബന്ധിച്ച പരിശോധന ഗ്രാമപഞ്ചായത്തിന്റെ അനുമതിയിലേക്ക് എത്തുന്നതിനു മുമ്പ് അതുവരെ നടന്ന കാര്യങ്ങൾ അറിയേണ്ടതുണ്ട്. ‘മിന്നൽ മുരളി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് അനുമതി തേടിക്കൊണ്ട് നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പേരിൽ പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം 2020 ഫെബ്രുവരി 24ന് കാലടി പഞ്ചായത്തോഫീസിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പഞ്ചായത്ത് സ്വീകരിച്ചതിന്റെ രശീത് മനോജിന് കിട്ടുകയും ചെയ്തു. ‘സർക്കാരിന്റെ കാര്യമാണ്, അനുമതി കിട്ടാൻ നടപടിക്രമം വൈകും’ എന്ന് അന്നു തന്നെ പഞ്ചായത്തധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. എങ്കിലും വേറെ വള്ളിക്കെട്ടൊന്നും ഇല്ലാത്തതിനാൽ പണി തുടങ്ങിക്കൊള്ളാൻ പറഞ്ഞു. രശീത് തെളിവായുണ്ടല്ലോ എന്നതായിരുന്നു ധൈര്യം.
പഞ്ചായത്തുകാർ നൽകിയ പിന്തുണയുടെ ധൈര്യത്തിൽ സെറ്റ് പണി തുടങ്ങി. പണി വേഗത്തിൽ തീർന്നു. പിന്നാലെ ലോക്ക്ഡൗണായി. ഉത്തരവ് സിനിമക്കാരുടെ കൈയിൽ കിട്ടിയുമില്ല. സെറ്റ് തകർത്തത് വിവാദമായപ്പോഴാണ് ഈ ഉത്തരവിന്റെ കാര്യം ഓർക്കുകയും അന്വേഷിക്കുകയും ചെയ്തത് എന്നു പറഞ്ഞാലും തെറ്റില്ല. വാക്കാലുള്ള അനുമതിയില്‍ വിശ്വസിച്ചു മുന്നോട്ടു നീങ്ങിയവർക്ക് പ്രശ്നമുണ്ടായപ്പോൾ രേഖാമൂലമുള്ള ഉത്തരവ് ഹാജരാക്കാനോ അതുവെച്ച് ന്യായീകരിക്കാനോ സാധിച്ചില്ല. പക്ഷേ, അപേക്ഷ നൽകി ഫീസ് അടച്ചു 30 ദിവസത്തിനുള്ളിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി നിർമ്മാണം നടത്താമെന്ന് പഞ്ചായത്ത് ബിൽഡിങ് ചട്ടം. അങ്ങനാണേൽ 30 ദിവസമല്ല, 60 ദിവസമായി. പക്ഷേ, അതാരെങ്കിലും പറഞ്ഞുവോ എന്നറിയില്ല. പറഞ്ഞെങ്കിൽ തന്നെ അത് വിലപ്പോയില്ല.
പഞ്ചായത്തിൽ മാത്രമല്ല നിർമ്മാതാക്കൾ അപേക്ഷിച്ചത്. പള്ളിയുടെ സെറ്റിട്ട സ്ഥലം ഫ്ലഡ് പ്ലെയിനിലാണ്. അതായത് ജലസേചന വകുപ്പിന്റെ കൈവശമാണെന്ന്. അവിടെയും അനുമതിക്കായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അപേക്ഷ നൽകിയിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയുണ്ട്. കാലടി മണപ്പുറത്തെ മതപരമായ കാര്യങ്ങൾ നിറവേറ്റുന്നത് കാലടി മണപ്പുറം മഹാദേവ ക്ഷേത്രം മഹാശിവരാത്രി ആഘോഷ സമിതിയാണല്ലോ. അവർക്കും നിർമ്മാണ കമ്പനി അപേക്ഷ നൽകി. സമിതി ആ അപേക്ഷ ചർച്ച ചെയ്യുകയും മാർച്ച് 4 മുതൽ ഏപ്രിൽ 15 വരെ നിബന്ധനകൾ പാലിച്ച് ഷൂട്ടിങ്ങ് നടത്താൻ അനുമതി നൽകുകയും ചെയ്തു. നിബന്ധനകൾ താഴെപ്പറയുന്നവയാണ്:
- ക്ഷേത്ര ആചാരമര്യാദകൾ നിർബന്ധമായും സിനിമാകമ്പനി പ്രവർത്തകർ പാലിക്കേണ്ടതാണ്.
- സിനിമാ ഷൂട്ടിങ്ങിന് ആവശ്യമായ മറ്റ് അനുവാദപത്രങ്ങൾ മറ്റ് അധികാരികളിൽ നിന്നും വിക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് കമ്പനി കരസ്ഥമാക്കേണ്ടതാണ്.
- മഹാദേവ ക്ഷേത്ര പരിസരത്തും മണപ്പുറം പരിസരങ്ങളിലും സസ്യേതര ഭക്ഷണം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല.
- ഷൂട്ടിങ് ജോലികൾ തീരുന്ന മുറയ്ക്ക് മണപ്പുറവും പരിസരവും ശുചിയാക്കി തരേണ്ട ഉത്തരവാദിത്വം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സിനിമാ കമ്പനിക്കാണ്.
ശിവരാത്രി ആഘോഷ സമിതിക്ക് ഇത്തരമൊരു സെറ്റ് നിർമ്മാണത്തിന് അനുമതി കൊടുക്കാൻ നിയമപരമായി യാതൊരു അധികാരവും അവകാശവുമില്ല. പക്ഷേ, രാജ്യത്തു നിലനിൽക്കുന്ന മതപരമായ സാഹചര്യം പരിഗണിക്കുമ്പോൾ ഇത്തരമൊരു മുൻകരുതൽ സിനിമാ കമ്പനി സ്വീകരിച്ചത് നന്നായി എന്നു തന്നെ പറയേണ്ടി വരും. വൃണപ്പെടാൻ കാത്തിരിക്കുന്ന മതവികാരമുള്ള നാടാണല്ലോ ഇത്.
ഇതിനെല്ലാം അപ്പുറമായിരുന്നു ക്വട്ടേഷൻ വിവാദം. സെറ്റ് നിർമ്മാണത്തിന് അനുമതി കിട്ടിയിട്ടില്ല എന്നു മാത്രമല്ല സിനിമയുടെ നിർമ്മാതാവ് തന്നെയാണ് ക്വട്ടേഷൻ നൽകി സെറ്റ് പൊളിപ്പിച്ചത് എന്ന വാദവുമായി ചില ‘മഹാ’മാധ്യമ പ്രവർത്തകർ രംഗത്തു വന്നു. പ്രളയം വരാറായെന്നും അതു വരും മുമ്പ് ഇൻഷുറൻസ് തട്ടാൻ പൊളിച്ചതാണെന്നുമാണ് കണ്ടെത്തൽ. സെറ്റ് ഇൻഷുർ ചെയ്തിരുന്നോ എന്നത് ഇന്നും വ്യക്തമല്ല എന്നത് വേറെ കാര്യം. നിർമ്മാതാവിന്റെ ക്വട്ടേഷൻ വാദത്തോട് ചേർന്നു പോകാത്ത ഒരു പ്രധാന വസ്തുത വേറെയുണ്ട്. സെറ്റ് തല്ലിപ്പൊളിച്ച അന്താരാഷ്ട്ര ഹിന്ദു പരിഷത്തുകാർ സെറ്റ് നിർമ്മിക്കുന്നതിനെതിരെ മാർച്ച് 20ന് തന്നെ പഞ്ചായത്തിൽ പരാതി കൊടുത്തിട്ടുണ്ട്. ലോക്ക്ഡൗൺ വരുന്നതിനു മുമ്പ്. ഇതനുസരിച്ച്, സെറ്റ് നിർമ്മാണം പൂർത്തിയാകും മുമ്പു തന്നെ അതു പൊളിക്കാൻ നിർമ്മാതാവ് ക്വട്ടേഷൻ കൊടുത്തു എന്നാണോ? ഇങ്ങനൊക്കെ പറയുന്നത് അതിബുദ്ധി എന്നു പറഞ്ഞാൽ പോരാ, മഹാബുദ്ധി എന്നു തന്നെ പറയണം. ലോക്ക്ഡൗണായി 20 ദിവസത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങാം എന്നാണ് സിനിമാ സംഘം കരുതിയിരുന്നത്. എന്നാൽ, ലോക്ക്ഡൗൺ രണ്ടും മൂന്നും ഘട്ടങ്ങൾ കടന്നു മുന്നേറിയപ്പോഴാണ് ഷൂട്ടിങ് മുടങ്ങിയെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടത്. ഷൂട്ടിങ് തടസ്സപ്പെടുമെന്നു കണ്ട് സെറ്റ് പൊളിക്കാൻ കാലേകൂട്ടി ക്വട്ടേഷൻ കൊടുക്കുന്ന നിർമ്മാതാവിന് അതീന്ദ്രിയജ്ഞാനം ഉണ്ടായിരിക്കണമല്ലോ!
ഇനി ഏറ്റവും പ്രധാനപ്പെട്ട ഘടകം, അന്വേഷിച്ചു കണ്ടെത്തിയത്. ചിത്രീകരണത്തിനുള്ള പഞ്ചായത്തിന്റെ അനുമതി. ‘മിന്നൽ മുരളി’ എന്ന സിനിമയുടെ ഷൂട്ടിങ് സംബന്ധിച്ച ഫയൽ കാലടി ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ട്. ഫയൽ നമ്പർ A6-1425/20. ഫയൽ രൂപമെടുത്ത തീയതി 2020 ഫെബ്രുവരി 24. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ലെറ്റർപാഡിൽ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നമാണ് മാർച്ച് 23 മുതൽ ഏപ്രിൽ 15 വരെ ഷൂട്ടിങ്ങിന് അനുമതി തേടിയുള്ള അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷയ്ക്കു മുകളിൽ തന്നെ നമ്പരിട്ട് ഫയൽ രൂപമെടുക്കുകയായിരുന്നു. ഫെബ്രുവരി 24ന് നൽകിയ അപേക്ഷ തൊട്ടടുത്ത ദിവസം തന്നെ പരിഗണിച്ചു. ‘സെക്രട്ടറിയെ കാണിച്ച് തുടർനടപടി സ്വീകരിക്കുക’ എന്നെഴുതിയ ശേഷം ജൂനിയർ സൂപ്രണ്ട് ഫയൽ മുകളിലേക്കു കൈമാറി. ഫയൽ കണ്ട പഞ്ചായത്ത് സെക്രട്ടറി ‘ഷൂട്ടിങ്ങിന് അനുവദിക്കാവുന്നതാണ്’ എന്നു ശുപാർശ ചെയ്തു. ഇതിനുമേൽ പഞ്ചായത്ത് പ്രസിഡന്റ് ‘അനുവദിച്ചു’ എന്നെഴുതി, മാർച്ച് 6ന് തന്നെ. ഇതു തന്നെയാണ് ഷൂട്ടിങ്ങിനുള്ള അനുമതി. അനുമതിയില്ലാത്ത ഷൂട്ടിങ് എന്ന പേരിൽ അഴിഞ്ഞാടിയ ‘സ്വാഭിമാന ഹിന്ദു’ വക്കീൽ അടക്കമുള്ള കുത്തിത്തിരിപ്പുകാർക്ക് ഓടാൻ ഇഷ്ടമുള്ള കണ്ടം തിരിഞ്ഞെടുക്കാൻ അവസരമുണ്ട്.
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പേരിൽ സെറ്റ് പൊളിക്കാനിറങ്ങിയവർ ചില്ലറക്കാരല്ല. കേസിലെ മുഖ്യപ്രതിയായ മലയാറ്റൂർ സ്വദേശി രതീഷ് കൊലപാതകം ഉൾപ്പെടെ 29 കേസുകളിലെ പ്രതിയാണ്. സംഭവത്തില്‍ മതസ്പർധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിവിധ സിനിമാ സംഘടനകളും മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതികളില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഏതായായാലും പിന്നീട് സിനിമാപ്രവർത്തകർ തന്നെ ബാക്കിയുണ്ടായിരുന്ന സെറ്റ് പൊളിച്ചു മാറ്റി. കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് സെറ്റ് പൊളിച്ചത്. കാലവർഷം തുടങ്ങിയതിനാൽ മണപ്പുറത്ത് വെള്ളം കയറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സെറ്റ് പൊളിക്കുകയായിരുന്നു. എന്നാൽ, ഇതും ചിലർ വ്യാജപ്രചരണത്തിന് ഉപയോഗിച്ചു. അനുമതിയില്ലാതെ നിർമ്മിച്ച സെറ്റ് പൊലീസിടപെട്ട് പൊളിച്ചുമാറ്റിയെന്നായിരുന്നു വ്യാഖ്യാനം. അനുമതിയുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യം ഇതിനകം വ്യക്തമായതാണല്ലോ. ദൈവങ്ങൾക്കുപോലും രക്ഷയില്ലാത്ത ഈ കോവിഡ് കാലത്തും ദൈവങ്ങളുടെ പേരിൽ കലാപമുണ്ടാക്കി മുതലെടുപ്പിനു ശ്രമിക്കുന്നവരെ എന്താണ് പറയുക?!!
പിൻകുറിപ്പ്: ഈ സത്യാന്വേഷണത്തിൽ എനിക്കെന്താണ് ഇത്ര താല്പര്യം എന്ന ചോദ്യം വരാം. താല്പര്യമുണ്ട് എന്നത് ശരിയാണ്. ടൊവീനോ തോമസ് എന്റെ നല്ല സുഹൃത്താണ്.