HomeSOCIETYശ്രീനിവാസൻ പോ...

ശ്രീനിവാസൻ പോകണം, അങ്കണവാടിയിലേക്ക്…

-

Reading Time: 5 minutes

അങ്കണവാടി എന്നൊക്കെ പറഞ്ഞിട്ട് ഒരു വിദ്യാഭ്യാസവുമില്ലാതെ ഏതെങ്കിലും സ്ത്രീകളും അവരുമിവരുമൊക്കെ ഏതെങ്കിലും വേറെ ജോലിയൊന്നുമില്ലാത്ത ആളുകളെ പിടിച്ചുനിർത്തുകയാണ് വേറെ പിള്ളേരെ നോക്കാൻ വേണ്ടി. അവരുടെ ഇടയിലാണ് ഈ കുട്ടികൾ വളരുന്നത്. അപ്പോൾ അവരുടെ നിലവാരത്തിലേ ഈ കുട്ടികൾക്ക് വളരാൻ പറ്റൂ.


ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രിയ ചലച്ചിത്രകാരൻ ശ്രീനിവാസൻ പറഞ്ഞതാണ് ഈ വാക്കുകൾ. ഏതു വിഷയത്തിലും പഠിച്ച് അഭിപ്രായം പറയുന്നു എന്ന പൊതുബോധം സൃഷ്ടിച്ചിട്ടുള്ളയാളാണ് അദ്ദേഹം. അങ്ങനെയുള്ളൊരാൾ ഇത്തരത്തിൽ കാര്യങ്ങൾ ശരിക്കു മനസ്സിലാക്കാതെ ഓരോന്നു പറയുമ്പോൾ അത് അങ്ങേയറ്റം അപകടകരമാവുന്നു, വേദനാജനകമാവുന്നു. അടുത്തകാലത്തൊന്നും ശ്രീനിവാസൻ അങ്കണവാടിയിൽ പോയിട്ടില്ല എന്നതുറപ്പാണ്. പോയിരുന്നുവെങ്കിൽ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല എന്നതും ഉറപ്പാണ്. നാട്ടിലെ സാധാരണക്കാരുടെ കുഞ്ഞുമക്കൾ ആശ്രയിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം അങ്ങേയറ്റം അപക്വമായിപ്പോയി എന്നു പറയാതെ വയ്യ.

സർക്കാർ കൃത്യമായ പരിശീലനം നൽകിയിട്ടുള്ള ജീവനക്കാരാണ് അങ്കണവാടികളിലുള്ളത്. തലച്ചോറിന്റെ വളർച്ച 83 ശതമാനവും നടക്കുന്ന കാലത്താണ് ഒരു കുട്ടി അങ്കണവാടിയിലെത്തുന്നത്. അതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെട്ട് കുട്ടികളെ മനശ്ശാസ്ത്രപരമായി സമീപിക്കുന്നതിനുള്ള പരിശീലനം സർക്കാർ സംവിധാനത്തിലൂടെ വ്യക്തമായും കൃത്യമായും അങ്കണവാടി പ്രവർത്തകർക്കു ലഭ്യമാക്കുന്നുണ്ട്. അങ്കണവാടി ജീവനക്കാർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ശ്രീനിവാസൻ കണ്ടിട്ടുണ്ടോ? Integrated Child Development Services -Common Application Software (ICDS -CAS) എന്നത് ശ്രീനിവാസൻ പറഞ്ഞ പോലെ ഒരു വിദ്യാഭ്യാസവുമില്ലാത്ത സ്ത്രീകൾക്ക് കൈകാര്യം ചെയ്യാനാവുന്നതാണോ? ഇതുൾപ്പെടെ അങ്കണവാടിയുടെ പ്രവർത്തനം എങ്ങനെയാണെന്ന് അറിയാമോ? ശ്രീനിവാസന് മാത്രമല്ല, പലർക്കും ഇതറിയില്ല. അതിന്റെ ഭാഗമായുണ്ടാവുന്നതാണ് ഇത്തരക്കാരുടെയുള്ളിൽ തികട്ടി വരുന്ന പുച്ഛം.

1975 ഒക്ടോബർ 2ന് മഹാത്മാഗാന്ധിയുടെ 106-ാം ജന്മദിനത്തിൽ, കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാനായി കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണ് അങ്കണവാടി. ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരാണ് അങ്കണവാടികളിലെ ഗുണഭോക്താക്കൾ. നവജാതശിശുക്കളുടെ ആരോഗ്യനിരീക്ഷണം, പ്രി-സ്കൂൾ വിദ്യാഭ്യാസം, പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം, പോഷണത്തെപ്പറ്റിയുള്ള പ്രചാരണം, ഗർഭനിരോധനോപാധികളെ പറ്റിയുള്ള ഉപദേശങ്ങൾ, അവയുടെ വിതരണം എന്നിവ അങ്കണവാടികളിലെ പ്രവർത്തനങ്ങളിൽ പെടുന്നു.

അങ്കണവാടിയുടെ ഭരണം നടത്തുന്നത് ഐ.സി.ഡി.എസ്. ഓഫീസ് ആണ്. ഒരു അങ്കണവാടിയിൽ ഒരു വർക്കറും ഒരു ഹെൽപ്പറുമാണുണ്ടാവുക. അങ്കണവാടിയിൽ കുട്ടികൾക്കു വേണ്ട കളിയുപകരണങ്ങൾ, ബേബി വെയിങ് മെഷിനുകൾ, ചാർട്ടുകൾ, വർക്കർക്കും ഹെൽപ്പർക്കും ഓണറേറിയം നൽകൽ തുടങ്ങിയവ ഐ.സി.ഡി.എസിന്റെ കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസർമാർ നിർവഹിക്കും. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന നിരക്കിൽ പ്രതിമാസ ഓണറേറിയമാണ് വർക്കർക്കും ഹെൽപ്പർക്കും നൽകുന്നത്.

40 മുതൽ 65 വരെയുള്ള ഓരോ ഗ്രൂപ്പ് അങ്കണവാടി തൊഴിലാളികൾക്കും ഒരു മുഖ്യസേവികയെ നിയമിച്ചിട്ടുണ്ട്. അങ്കണവാടിയുടെ സേവനം കാര്യക്ഷമമാണോ എന്ന് ഈ മുഖ്യസേവിക നോക്കണം. എല്ലാവർക്കും ആവശ്യമായ പ്രയോജനം ലഭിക്കുന്നുണ്ടോ എന്നവർ അന്വേഷിക്കണം. പ്രത്യേകിച്ച് പോഷകദാരിദ്ര്യം നേരിടുന്നവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. അതുപോലെ അങ്കണവാടിയുമായി ബന്ധപ്പെട്ട കണക്കുകളെടുക്കുക, എങ്ങനെ അങ്കണവാടിയെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ തയ്യാറാക്കുക തുടങ്ങിയ ഒട്ടേറെ കടമകൾ മുഖ്യസേവികയ്ക്കുണ്ട്. മുഖ്യസേവികയുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് ശിശുവികസന പ്രൊജക്റ്റ് ഓഫീസർക്കു (CDPO) കൈമാറും. അതനുസരിച്ചാണ് ആവശ്യമായ നടപടികളുണ്ടാവുക.

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പാക്കുന്ന ആശ്വാസ കിരണം, സ്‌നേഹപൂർവം തുടങ്ങിയ പദ്ധതികളുടെ പ്രാരംഭപ്രവർത്തനങ്ങൾ അങ്കണവാടികളിലാണ് നടക്കുന്നത്. കൃത്യമായ ഇടവേളകളിൽ, കുട്ടികളുടെ തൂക്കമെടുത്ത്, തൂക്കം അടയാളപ്പെടുത്തുന്ന ‘ഗ്രോത്ത് ചാർട്ടുകൾ’ അങ്കണവാടികളിൽ സൂക്ഷിക്കുന്നുണ്ട്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള തൂക്കം രേഖപ്പെടുത്തുന്ന ഈ ഗ്രാഫ് കുട്ടികളുടെ പോഷണ നിലവാരം മനസ്സിലാക്കുന്നതിനും അതനുസരിച്ച് പോഷകാഹാരം നൽകുന്നതിനും സഹായിക്കുന്നു.

അങ്കണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും അങ്കണവാടി തലത്തിൽ വെൽഫെയർ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ, ഗ്രാമപഞ്ചായത്തംഗവും നഗര പ്രദേശങ്ങളിൽ വാർഡ് കൗൺസിലറും ഈ കമ്മിറ്റിയിലുണ്ട്. അങ്കണവാടി വർക്കറാണ് സമിതിയുടെ കൺവീനർ. മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന അങ്കണവാടി പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ഓരോ വർഷവും അവാർഡുകൾ നൽകുന്നുണ്ട്.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി അങ്കണവാടികളുമായി ബന്ധപ്പെട്ട ചില ചുമതലകൾ ത്രിതല പഞ്ചായത്തുകൾക്ക് കൈമാറി. അതോടെ, അങ്കണവാടികളുടെ ഭൗതികസാഹചര്യവും ഗുണമേന്മയും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളുടെ ജീവിതത്തിൽ പുരോഗമനപരമായ മാറ്റം വരുത്താൻ അങ്കണവാടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ഒരു തർക്കവുമില്ല. പ്ലസ് ടു പാസായാൽ ഒരാൾക്ക് അങ്കണവാടി വർക്കറാവാം. എന്നാൽ, കേരളത്തിലെ അങ്കണവാടി വർക്കർമാർ ഏതാണ്ടെല്ലാവരും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. മാസത്തിൽ വെറും 10,000 രൂപയിൽ താഴെ -കൃത്യമായി പറഞ്ഞാൽ 9,262 രൂപ മാത്രമാണ് ഇവർക്ക് പ്രതിഫലം.

33,115 അങ്കണവാടികൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഗ്രാമ-നഗര പ്രദേശങ്ങളെ പ്രത്യേകം തരംതിരിച്ച് 1000 ആളുകൾക്ക് ഒരു അങ്കണവാടി എന്ന കണക്കിൽ 152 ഐ.സി.ഡി.എസ്. ബ്ലോക്കുകളുടെ കീഴിലാണ് കേരളത്തിൽ ഓരോ അങ്കണവാടിയും പ്രവർത്തിക്കുന്നത്. ഓരോ ജില്ലയിലും 30 കോടി രൂപ വീതം അങ്കണവാടി പ്രവർത്തനങ്ങൾക്കായി ചെലവിടുന്നു. കേന്ദ്രസർക്കാർ ഈ മേഖലയെ കമ്പ്യൂട്ടർവത്കരിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഏർപ്പെടുത്തിയത്. അതുവഴി അങ്കണവാടിയിൽ ശേഖരിക്കുന്ന ഡാറ്റ വേഗം കൈമാറാനും സൂക്ഷിച്ചുവയ്ക്കാനുമാകും. അതാണ് ICDS -CAS.

കുട്ടികളോടു മാത്രമല്ല, രക്ഷിതാക്കളോടും അവരുടെ ജീവിതസാഹചര്യം മനസ്സിലാക്കി ഇടപെടാനുള്ള വിവേകം കൈമുതലാക്കിയവരാണ് അങ്കണവാടി ജീവനക്കാർ. അതിന് അവരെ കൃത്യമായി തയ്യാറെടുപ്പിക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും താഴേതട്ടിലുള്ളവരാണ് പൊതുവേ തങ്ങളുടെ കുട്ടികളെ അങ്കണവാടികളിലാക്കുന്നത്. അവരുടെ ജീവിതസാഹചര്യം എത്രമാത്രം ക്ലേശകരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ? ആ ക്ലേശങ്ങൾ കുട്ടികളുടെ മാനസികവളർച്ചയിൽ ദോഷകരമായ സ്വാധീനം ചെലുത്താതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാവുന്ന വിധത്തിൽ അങ്കണവാടികളിലെ അന്തരീക്ഷം ക്രമപ്പെടുത്തിയിട്ടുണ്ട്.

അങ്കണവാടികളിൽ മാത്രമല്ല, കുട്ടികളുടെ കുടുംബങ്ങളിലേക്കു കൂടി എത്തുന്നവരാണ് അങ്കണവാടി ജീവനക്കാർ. ഈ കോവിഡ് കാലം തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. ലോക്ക്ഡൗൺ നിമിത്തം അങ്കണവാടികൾ പൂട്ടിയപ്പോൾ അവിടെ നൽകിയിരുന്ന ഭക്ഷണം ഓരോ കുട്ടിയുടെയും വീടുകളിൽ എത്തിച്ചുനൽകിയത് ആരാണ്? ഈ കർമ്മത്തിനായി അങ്കണവാടികളിൽ പ്രവർത്തിക്കുന്ന ഒരാളെപ്പോലും നിർബന്ധിക്കേണ്ടി വന്നില്ല എന്ന് ശ്രീനിവാസന് അറിയുമോ? തങ്ങളുടെ മക്കള്‍ക്കു ഭക്ഷണം നൽകാൻ ആ അമ്മമാർ ഓടി നടക്കുകയായിരുന്നു. 3.75 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

കുട്ടികളെ കൈകാര്യം ചെയ്യാൻ, അവരെ നല്ല നിലയ്ക്കു വളർത്താൻ മനശ്ശാസ്ത്രത്തിലെ ഗവേഷണ ബിരുദത്തെക്കാൾ അവശ്യം വേണ്ട മറ്റൊരു യോഗ്യതയുണ്ട്. അത് കുട്ടികൾക്ക് സ്നേഹം നിർലോഭം നൽകാനുള്ള കഴിവാണ്. സ്നേഹത്തിലൂടെ നേടിക്കൊടുക്കാൻ കഴിയാത്ത ഒരു വളർച്ചയും മനുഷ്യനില്ല തന്നെ. അതു മനസ്സിലാവണമെങ്കിൽ അങ്കണവാടികളിൽ പോയി നോക്കണം. അവിടത്തെ കുട്ടികളുമായി ഇടപഴകണം. അവരുടെ രക്ഷിതാക്കളുമായി സംസാരിക്കണം. കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരള മോഡലിൽ ഈ അങ്കണവാടി പ്രവർത്തകർ നടത്തുന്ന ഇടപെടൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ അവരുടെ പ്രവർത്തനങ്ങളിലേക്ക് ഒന്നു നോക്കണം, ഇന്റർനെറ്റിൽ പരതിയാൽ കിട്ടില്ല.

മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ചയം പൊളിച്ചു മാറ്റിയത് ശ്രീനിവാസന് ഓർമ്മയില്ലേ? അവിടെ ഏറ്റവുമധികം ക്ലേശകരമായി അനുഭവപ്പെട്ടത് സമീപത്തുള്ള ഒരു ചെറിയ കെട്ടിടം സംരക്ഷിക്കാനുള്ള ശ്രമമാണ് -ഒരു അങ്കണവാടി കെട്ടിടം. മരട് കണ്ണാടിക്കാട് പുഴയോരത്തെ ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റ് സമുച്ചയം, മരടിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ടതിൽ ഏറ്റവും ചെറുതായിരുന്നു. എന്നാൽ അതു പൊളിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞതാക്കിയത് ആ കുഞ്ഞു കെട്ടിടമാണ്. ഗോൾഡൻ കായലോരത്തിന് വെറും രണ്ട് മീറ്റർ മാത്രം മാറിയായിരുന്നു അങ്കണവാടി. ഒടുവിൽ വലിയ ശബ്ദത്തോടെ ഗോൾഡൻ കായലോരം തകർന്നടിഞ്ഞു വീണു. വേണ്ടിവന്നത് വെറും 6 സെക്കൻഡ് മാത്രം!

പൊടിപടലങ്ങളടങ്ങിയപ്പോൾ എല്ലാവരും നോക്കിയത് ആ അങ്കണവാടിക്കെട്ടിടത്തിന് എന്ത് സംഭവിച്ചുവെന്നാണ്. ഒരു പോറൽ പോലുമില്ല! ഒരു വിള്ളലുമില്ല. പൊടിപടലങ്ങൾ കയറാതിരിക്കാൻ മൂടിയ ഷീറ്റുകൾ ചാരനിറമായിക്കിടക്കുന്നുവെന്ന് മാത്രം. കുട്ടികൾ പിച്ചവെയ്ക്കുന്ന ആ ഇടം ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കപ്പെടണമെന്ന പൊതുബോധം കേരളത്തിനു മുഴുവനുമുണ്ടായിരുന്നു. അങ്കണവാടികൾക്ക് കേരളത്തിന്റെ സാമൂഹികജീവിതത്തിലുള്ള പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ആ നടപടി. എന്നിട്ടും ശ്രീനിവാസനെപ്പോലെ ഒരാൾക്ക് ഇത് ബോദ്ധ്യപ്പെടുന്നില്ല എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.

ശ്രീനിവാസൻ പ്രസ്താവന പിൻവലിക്കണമെന്നൊന്നും ഞാൻ പറയില്ല. പക്ഷേ, അദ്ദേഹം ഏതെങ്കിലുമൊരു അങ്കണവാടിയിൽ പോകണമെന്നും അവിടത്തെ കുട്ടികളുമായി ഇടപഴകണമെന്നും രക്ഷിതാക്കളോടു സംസാരിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കും. ആ സന്ദർശനവും ഇടപെടലും അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വരുത്തുമെന്ന് എനിക്കുറപ്പാണ്. അതിനു ശേഷം അദ്ദേഹം പറയേണ്ടത് സ്വയം

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks