Reading Time: 2 minutes

ഭാര്യ ദേവിക സര്‍ക്കാര്‍ കോളേജില്‍ അദ്ധ്യാപികയാണ്. പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാത്രി വൈകുവോളം ഉണര്‍ന്നിരുന്ന് കുത്തിക്കുറിക്കുന്നത് ഇടയ്ക്കൊക്കെ കാണാറുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി ചിലപ്പോഴൊക്കെ ഒരു പരിപാടി വീട്ടില്‍ അരങ്ങേറും -അരിച്ചുപെറുക്കല്‍. ഇത് വീട്ടിലെല്ലാവര്‍ക്കും വലിയ തലവേദനയാണ്.

എന്തിനാണ് അരിച്ചുപെറുക്കല്‍ എന്നതാണ് രസം! ഒരിക്കല്‍ തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍ പുള്ളിക്കാരി എവിടെയെങ്കിലും സൂക്ഷിച്ചുവെയ്ക്കും. ആ “സൂക്ഷിച്ചുവെയ്ക്കുന്ന” കുറിപ്പുകള്‍ കണ്ടെത്താനാണ് പിന്നീടുള്ള അരിച്ചുപെറുക്കല്‍!! പലപ്പോഴും നിരാശയായിരിക്കും ഫലം. വേറെ വഴിയില്ലാത്തതിനാല്‍ നഷ്ടപ്പെട്ട പഠനക്കുറിപ്പിനു പകരം പുതിയതൊരെണ്ണം എഴുതിയുണ്ടാക്കും. ആ പണി കഴിയുമ്പോഴായിരിക്കും നഷ്ടപ്പെട്ടുവെന്നു കരുതിയ പഴയ കുറിപ്പ് മുന്നിലെത്തുക.

ഈ ലോക്ക്ഡൗണ്‍ കാലത്തും കലാപരിപാടി ആവര്‍ത്തിച്ചു. അപ്പോഴാണ് കുറിപ്പുകള്‍ ഡിജിറ്റലാക്കുന്ന കാര്യം ആലോചിച്ചത്. പഠിപ്പിക്കാനും കുട്ടികള്‍ക്കു കൈമാറാനുമൊക്കെയുള്ള കുറിപ്പുകള്‍ ഭാര്യ ലാപ്ടോപ്പില്‍ തയ്യാറാക്കിത്തുടങ്ങി. അതിനായി പുതിയ ഫോള്‍ഡറുകളും സബ്ഫോള്‍ഡറുകളും സൃഷ്ടിക്കപ്പെട്ടു. അപ്പോഴാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വന്നത്.

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍ തന്നെ. പാവപ്പെട്ട കുട്ടികളാണ്, എല്ലാവര്‍ക്കും തത്സമയം ഓണ്‍ലൈനില്‍ വരാന്‍ കഴിയണമെന്നില്ല. അതിനാല്‍ വാട്ട്സാപ്പിലായി പഠിപ്പിക്കല്‍. ഓഡിയോ ക്ലിപ്പുകളും പഠനക്കുറിപ്പുകളും വാട്ട്സാപ്പിലൂടെ പറന്നു. ടീച്ചര്‍ കൊടുത്തതെല്ലാം കുട്ടികള്‍ സൗകര്യം പോലെ സ്വീകരിച്ചു.

അപ്പോഴാണ് അടുത്ത പ്രശ്നം. വാട്ട്സാപ്പിലെ ഫയലുകള്‍ അധികകാലം കിടക്കില്ലല്ലോ. കമ്പ്യൂട്ടറിലേക്കു മാറ്റി സൂക്ഷിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടറില്ല. ബദല്‍ സംവിധാനം കണ്ടെത്തിയേ പറ്റൂ. അങ്ങനെയാണ് പ്രശ്നം എന്റെ മുന്നിലെത്തിയത്. “ഒരു വെബ്സൈറ്റ് തുടങ്ങൂ” -ഞാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക് ഏറ്റവും എളുപ്പത്തില്‍ പറയാവുന്നത് അതാണല്ലോ.

വെബ്സൈറ്റ് എന്നൊക്കെ പറയുമ്പോള്‍ ബുദ്ധിമുട്ടായതിനാല്‍ കക്ഷി പിന്മാറുമെന്നു ഞാന്‍ കരുതി. എന്നാല്‍ ടീച്ചര്‍ മാഡം വിടാന്‍ തയ്യാറായിരുന്നില്ല. വെബ്സൈറ്റ് ഉടനെ തുടങ്ങണമെന്നായി. അതിനും പരിഹാരമുണ്ടാക്കേണ്ടത് ഞാന്‍ തന്നെ. സ്ഥിരവരുമാനമുള്ള ജോലിയില്ലാത്തവനായ ഞാന്‍ അന്നദാതാവിന്റെ ആവശ്യം നിരസിക്കുന്നതെങ്ങനെ?

ഒരു വെബ്സൈറ്റ് ഡിസൈന്‍ ചെയ്യിക്കുക ചെലവുള്ള പണിയാണ്. അധികമില്ലെങ്കിലും ആ ചെലവ് എങ്ങനെ ലാഭിക്കാമെന്നായി ചിന്ത. വെബ്സൈറ്റ് നിര്‍മ്മാണത്തില്‍ മുമ്പ് 2 തവണ പഠന -പരീക്ഷണ -നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അത് ഒരിക്കല്‍ക്കൂടി പ്രാവര്‍ത്തികമാക്കാന്‍ തന്നെ തീരുമാനിച്ചു.

നാലു ദിവസം അക്ഷരാര്‍ത്ഥത്തില്‍ അടച്ചിരുന്നു. ശരിക്കും ലോക്ക്ഡൗണ്‍. സമൂഹമാധ്യമങ്ങളില്ല, ടെലിവിഷനില്ല, വാര്‍ത്തയില്ല, ഒന്നുമില്ല. രാവും പകലും പണിയോടു പണി. ഒടുവില്‍, എ‍ഞ്ജിനീയറിങ് കോളേജിന്റെ വരാന്തയില്‍ മഴയത്തുപോലും കയറി നില്‍ക്കാത്ത ഞാന്‍ കര്‍മ്മം വിജയകരമായി പൂര്‍ത്തിയാക്കി. ബിരുദമുണ്ടാവുക എന്നതിനെക്കാള്‍ പ്രധാനം താല്പര്യമുണ്ടാവുക എന്നതിനാണെന്ന് ഈ സൃഷ്ടിയിലൂടെ ബോദ്ധ്യമായി.

δάσκαλος (dáskalos) എന്ന ഗ്രീക്ക് പദമാണ് സൈറ്റിന് പേരായി തിരഞ്ഞെടുത്തത്. അദ്ധ്യാപകന്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം. www.devikapanikar.com എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.

ഇതില്‍ പഠനക്കുറിപ്പുകള്‍ മാത്രമാണ്. വിവിധ സ്രോതസ്സുകള്‍ റഫര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് ദേവിക തയ്യാറാക്കിയ നോട്ടുകള്‍. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിക്കുന്നവര്‍ക്ക് പ്രയോജനപ്രദം.

വെബ്സൈറ്റിന്റെ സെര്‍വര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന് സഹായം നല്‍കിയ യുവസുഹൃത്ത് ഹരികൃഷ്ണന് പ്രത്യേകം നന്ദി. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ PHACSIN TECHNOLOGIES സി.ഇ.ഒ. ആണ് ഹരി.

കാണുക. വിലയിരുത്തുക. അഭിപ്രായങ്ങള്‍ അറിയിക്കുക.

Previous articleപഠനം തുടരുക തന്നെ വേണം
Next articleമികവുകേന്ദ്രം എന്നാല്‍ അതിതാണ്
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

COMMENTS