Reading Time: 3 minutes

നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വളരെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ ഫോറന്‍സിക് വിദഗ്ദ്ധന്മാരുടെ ‘ശാസ്ത്രീയ’ അഭിപ്രായങ്ങള്‍ക്ക് കേസുകളുടെ വിധി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. ശാസ്ത്രാവബോധമുള്ള ഉത്തമ പൗരന്മാരാണ് എന്നാണ് ഇവരെക്കുറിച്ച് പൊതുവെയുള്ള വിശ്വാസം. അതു തെറ്റാണെന്നു തെളിയിക്കുന്ന കാര്യമായ കാര്യങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഇടയ്ക്ക് ചില പൊട്ടലും ചീറ്റലുമൊക്കെ വന്നിട്ടുണ്ടെങ്കിലും.

ശാസ്ത്രാവബോധം ഉച്ചസ്ഥായിയിലായ ഫോറന്‍സിക് സര്‍ജന്മാരുടെ ഇടയില്‍ അടുത്തിടെ ചര്‍ച്ചാവിഷയമായ ഒരു തര്‍ക്കത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അറിയാനിടയായി. ഇതിലെ കഥാനായകനായ സുഹൃത്ത് തന്നെയാണ് പറഞ്ഞത്. ശരിക്കും അമ്പരന്നു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. അവിടത്തെ ഫോറന്‍സിക് വിഭാഗം മേധാവിയുമായി മുതിര്‍ന്ന ഫോറന്‍സിക് സര്‍ജനായ ഈ സുഹൃത്തിന് തര്‍ക്കിക്കേണ്ടി വന്നു. വലിയ തല പോകുന്ന കാര്യമൊന്നുമായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എങ്ങനെ സജ്ജീകരിക്കണമെന്നതായിരുന്നു വിഷയം.

ഈ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയോടനുബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് രണ്ടു മുറികളുണ്ട്. ഒന്ന് സാധാരണ നിലയിലുള്ള മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന പ്രധാന മുറി. മറ്റൊന്ന് ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഫൗള്‍റൂം. ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ പ്രധാന മുറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ അതിന്റെ നാറ്റം ദിവസങ്ങളോളം തങ്ങിനില്‍ക്കുമെന്നതിനാലാണ് പ്രത്യേകിച്ച് ഫൗള്‍റൂം സജ്ജീകരിച്ചിരിക്കുന്നത്. ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ എല്ലായ്‌പ്പോഴും വരില്ലല്ലോ. ഒന്നു വന്നു പോയി അടുത്തത് വരാറാവുമ്പോഴേക്കും അന്തരീക്ഷം ഭേദപ്പെട്ടിട്ടുണ്ടാവും. ഈ രണ്ടു മുറികളിലും പോസ്റ്റ്‌മോര്‍ട്ടം ടേബിളുകളുണ്ടാവുക സ്വാഭാവികം.

മോര്‍ച്ചറിയിലേക്ക് കടന്നുവന്ന ഫോറന്‍സിക് വിഭാഗം മേധാവി ഇമ്മിണി ബല്യ ഉത്തരവ് പുറപ്പെടുവിച്ചു -‘പോസ്റ്റ്‌മോര്‍ട്ടം ടേബിളിന്റെ തലഭാഗം തെക്കോട്ടാക്കി സ്ഥാപിക്കണം.’ എന്നു പറഞ്ഞാല്‍ ‘തെക്കോട്ടെടുക്കണം’!!! പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന പ്രധാന മുറിയില്‍ അതു നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, ഫൗള്‍റൂമില്‍ അത് നടക്കില്ല. കാരണം ഒരു ഇടനാഴി പോലെയാണ് ഫൗള്‍റൂമിന്റെ ഘടന. ഒരു സ്‌ട്രെച്ചര്‍ തള്ളിക്കയറ്റി പോസ്റ്റ്‌മോര്‍ട്ടം ടേബിളിനു സമാന്തരമായി നിര്‍ത്തും. അതിനു ശേഷം സ്‌ട്രെച്ചറിലെ മൃതദേഹം നിരക്കി ടേബിളിലേക്കു മാറ്റിക്കിടത്തി പരിശോധന നടത്തുകയാണ് പതിവ്. അവിടെയും പോസ്റ്റ്‌മോര്‍ട്ടം ടേബിളിന്റെ തല തെക്കോട്ടാക്കണമെന്ന് വകുപ്പു മേധാവിക്ക് നിര്‍ബന്ധം.

പുതിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ വല്ലതും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാവും ഈ ഉത്തരവെന്ന് നമ്മുടെ സുഹൃത്ത് കരുതി. വല്ല തെക്ക്-വടക്ക് കാന്തികമണ്ഡലസ്വാധീനം വല്ലതും പുതിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലോ? അത് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലത്തെ തന്നെ സ്വാധീനിക്കുന്നതായാലോ? പുതിയ അറിവ് സ്വായത്തമാക്കുന്നതിനായി അദ്ദേഹം മേധാവിയോട് ചോദിച്ചു -‘മാഡം, എന്തിനാണ് പോസ്റ്റ്‌മോര്‍ട്ടം ടേബിളിന്റെ തല തെക്കോട്ടാക്കുന്നത്?’

ചോദ്യം മാഡത്തെ ക്ഷുഭിതയാക്കി. ഇത്രപോലും വിവരമില്ലേ എന്ന രീതിയിലുള്ള പുച്ഛഭാവത്തോടെ മറുപടി ഉടനെ വന്നു -‘ആത്മാവ് പോകുന്നത് തെക്കോട്ടേക്കാണെന്ന് അറിയില്ലേ ……?’ സ്വന്തം ശാസ്ത്രാവബോധത്തില്‍ അഭിമാനിക്കുകയും സത്യത്തിനു വേണ്ടി ഉറച്ചുനില്‍ക്കണമെന്ന നിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്ന നമ്മുടെ ഫോറന്‍സിക് സര്‍ജന്‍ സുഹൃത്തിന് തന്റെ കാലിനു കീഴിലെ മണ്ണ് ഊര്‍ന്നു പോകുന്നതു പോലെ തോന്നി. ആത്മാവിന്റെ സഞ്ചാരം തെക്കോട്ടെന്ന് ശാസ്ത്രീയമായ പ്രബോധനം!! ഇവരാണല്ലോ ശാസ്ത്രത്തെ അടിസ്ഥാനമാക്കി നീതി നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നത്!!

ഇത്തരം അസംബന്ധങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സ്വബോധമുള്ള ആര്‍ക്കെങ്കിലും സാധിക്കുമോ? ‘തലമാറ്റം’ ആ ഫോറന്‍സിക് സര്‍ജന്‍ ശക്തിയുക്തം എതിര്‍ത്തു. തന്റെ നിലപാടില്‍ മേധാവി മാഡം ഉറച്ചു തന്നെ നിന്നു. അവസാനം സര്‍ജന്‍ വജ്രായുധം പ്രയോഗിച്ചു -‘ഈ തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഞാന്‍ മാധ്യമങ്ങളെ വിവരമറിയിക്കും. അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പരസ്യമായി പറയും.’ അതോടെ മേധാവി ഞെട്ടി. വര്‍ഗ്ഗീയവും വിവാദവുമെല്ലാം കൂടി പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ കുടല്‍മാല പോലെ കുഴയുമെന്ന് അവര്‍ക്കു മനസ്സിലായി. തല്‍ക്കാലം തലമാറ്റം ഉദ്യമത്തില്‍ നിന്ന് പിന്മാറി. തെക്കോട്ടു പോകുന്ന ആത്മാക്കളുടെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനുള്ള പുതിയ വഴികള്‍ തേടുകയാണത്രേ ഇപ്പോള്‍ ആയമ്മ!!

നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ചോദ്യം ചെയ്യപ്പെടാതെ നിലനില്ക്കുന്ന ഒരു ന്യൂനതയാണോ ഫോറന്‍സിക് സര്‍ജന്റെ വിദഗ്ദ്ധാഭിപ്രായം എന്ന സംശയം ഇതൊക്കെ അറിയുമ്പോള്‍ സ്വാഭാവികമായും ഉയരുന്നു. പുനര്‍വിചിന്തനത്തിനു വിധേയമാക്കാതെ ഈ വിദഗ്ദ്ധാഭിപ്രായം സ്വീകരിക്കുന്ന രീതി എത്രമാത്രം ആശാസ്യമാണ്? ഒട്ടുമിക്കപ്പോഴും പ്രോസിക്യൂഷന്റെ മുന്‍വിധികളോടു സമരസപ്പെടുന്ന ഒരു വ്യാഖ്യാനമാകും ഫോറന്‍സിക് വിദഗ്ദ്ധന്‍ കോടതിയില്‍ അവതരിപ്പിക്കുക. അതിലെ ശാസ്ത്രീയത സൂക്ഷനിരീക്ഷണം നടത്താനുള്ള ഒരു ശ്രമവും ഇപ്പോള്‍ നിലവിലില്ല.

ഒരാള്‍ ഏതെങ്കിലും രംഗത്തു വിദഗ്ദ്ധനാണോ എന്നതു മാത്രമല്ല, അദ്ദേഹം അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ശാസ്ത്രീയ യുക്തികള്‍ക്കു നിരക്കുന്നതാണോ എന്നതാണ് ആ വസ്തുതയുടെ മൂല്യം നിശ്ചയിക്കേണ്ടത്. അതിന് രണ്ടാമതൊരു പരിശോധന അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ രണ്ടാമതൊരു വിദഗ്ദ്ധന്റെ അഭിപ്രായം കൂടി പരിഗണിക്കുക എന്നത് നീതിയുടെ ജനാധിപത്യവത്കരണത്തിലെ അതിപ്രധാന ഘടകമായി മാറുന്നു. ഈ വിഷയം നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമനിര്‍മാണ സഭയും പരിഗണിക്കണമെന്ന ആവശ്യം നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ നിന്നു തന്നെ ഉയര്‍ന്നു വരണം. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സര്‍ജന്റെ നോട്ടപ്പിശകു നിമിത്തം പ്രതി രക്ഷപ്പെടാനിട വരരുത്. സര്‍ജന്റെ അമിതാവേശം കാരണം നിരപരാധി ശിക്ഷിക്കപ്പെടുകയുമരുത്.

നമ്മുടെ സുഹൃത്തിന്റെ മോര്‍ച്ചറി കഥ കേട്ട് അന്തംവിട്ടു നില്‍ക്കുകയായിരുന്ന ഞങ്ങള്‍ക്കിടയിലേക്ക് ഇടിത്തീ പോലെയാണ് മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ ഒരു പെണ്‍കുട്ടിയുടെ വാക്കുകള്‍ വന്നത്. അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ ബോധം കെട്ടില്ലെന്നേയുള്ളൂ. ‘മോര്‍ച്ചറിയില്‍ തെക്കോട്ടു തല വെയ്ക്കണമെന്നു പറയുന്നതു പോകട്ടെ. മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ തെക്കു-വടക്ക് ദിശയില്‍ ഒരു ഓപ്പറേഷന്‍ ടേബിള്‍ കാണിച്ചുതരാമോ? എല്ലാം കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ്!!’

അപ്പോ അടിപൊളിയല്ലേ!! ആത്മാവിന് പോകാന്‍ തെക്കോട്ടുള്ള വഴി. പോകാതിരിക്കാന്‍ കിഴക്കോട്ടുള്ള വഴി. ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്നതൊക്കെ പഴയ കഥ. ശാസ്ത്രത്തെ മനുഷ്യന്‍ വീണ്ടും വീണ്ടും തോല്പിച്ചുകൊണ്ടിരിക്കുവല്ലേ!!!!

 


പിന്‍കുറിപ്പ്: ഫോറന്‍സിക് സര്‍ജനായ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടില്‍ വന്ന് കിടപ്പുമുറിയുടെ ഘടന നോക്കി. കട്ടില്‍ തെക്കോട്ടു തലവെച്ച നിലയിലാണ്. നമ്മുടെ ഫോറന്‍സിക് മാഡത്തിന്റെ അഭിപ്രായമനുസരിച്ചാണെങ്കില്‍ എന്റെ ആത്മാവ് ഭാര്യയുടെയും പുത്രന്റെയും ആത്മാക്കളുടെ കൈയും പിടിച്ച് എന്നേ സലാം പറഞ്ഞു പോയിട്ടുണ്ടാവും!! ല്ലേ??

Previous articleഅരങ്ങിലൊരു കാര്‍ണിവല്‍
Next articleകുഞ്ഞിന്റെ അച്ഛനാര്?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here