വിജയത്തിന്റെ നേട്ടം ഏറ്റെടുക്കാന്‍ ഒട്ടേറെ അവകാശികളുണ്ടാവും. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കാര്യം തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. പരാജയത്തിന്റെ ഉത്തരവാദിത്വം പങ്കിടാനാണെങ്കില്‍ ആരുമുണ്ടാവില്ല എന്നത് ഇതിന്റെ മറുവശം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യന്‍ വംശജനാണെന്ന് ഇന്ത്യക്കാര്‍ അവകാശപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന അവിഭക്ത ഇന്ത്യയില്‍ നിന്നു കുടിയേറിയവരാണ് ഋഷിയുടെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം എന്നാണ് അവകാശവാദം.
ഋഷിയുടെ പൈതൃകത്തില്‍ പാകിസ്താനും അവകാശവാദമുണ്ട്. ഋഷിയുടെ മുത്തശ്ശന്‍ അവരുടെ മണ്ണിലാണ് ജനിച്ചതത്രേ.
ഋഷി സുനകിന്റെ അച്ഛന്‍ യശ്വീര്‍ സുനക് തങ്ങളുടെ മണ്ണിലാണ് ജനിച്ചതെന്നതിന്റെ പേരില്‍ കെനിയയ്ക്കുമുണ്ട് അവകാശം.
ബ്രിട്ടീഷുകാര്‍ക്ക് അത്തരം അവകാശവാദങ്ങളൊന്നുമില്ല. കാരണം ഋഷി ജനിച്ചത് സൗതാംപ്ടണിലാണ്. അതിനാല്‍ അദ്ദേഹം ബ്രിട്ടീഷുകാരന്‍ തന്നെയാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് ഋഷിയുടെ മേലുള്ള അവകാശം അദ്ദേഹത്തിന്റെ അമ്മ ഉഷ വഴിയാണ്. ഉഷ ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്.
ഇന്ത്യയ്ക്ക് ഋഷിയുടെ മേല്‍ വേറൊരു രീതിയില്‍ അവകാശം സ്ഥാപിക്കാനാവും. ഋഷി ഇന്ത്യയുടെ മരുമകനാണ്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് ഋഷി വിവാഹം കഴിച്ചിരിക്കുന്നത്.
അതോടെ അമേരിക്കയും മത്സരരംഗത്ത് കടന്നുവരികയാണ്!! അക്ഷത മൂര്‍ത്തി അമേരിക്കന്‍ പൗര ആയതിനാല്‍ ഋഷി യഥാര്‍ത്ഥത്തില്‍ അവരുടെ മരുമകനാണത്രേ!!
തര്‍ക്കം മൂക്കുന്ന സാഹചര്യത്തില്‍ ഋഷി സുനകിന്റെ കുടുംബ വേരുകള്‍ ഒന്നു പരതുന്നത് നന്നാവും എന്നു തോന്നുന്നു. ഏതായാലും വ്യാജ അവകാശവാദങ്ങളെക്കുറിച്ച് ബോദ്ധ്യമുണ്ടാവുമല്ലോ.
ഋഷിയുടെ അച്ഛന്റെ അച്ഛന്‍ രാംദാസ് സുനക് പഞ്ചാബിലെ ഗുജ്രന്‍വാലയിലാണ് ജനിച്ചത്. അന്ന് പഞ്ചാബ് ബ്രിട്ടീഷ് ഇന്ത്യയിലായിരുന്നു. എന്നാല്‍ 1947ൽ ഇന്ത്യയും പാകിസ്താനുമായി രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ഗുജ്രന്‍വാല ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പഞ്ചാബ് പ്രദേശം പാകിസ്താന്റെ ഭാഗമായി. വിഭജനത്തിന് 10 വര്‍ഷം മുമ്പ് 1937ല്‍ തന്നെ രാംദാസ് സുനക് ഭാര്യ സുഹാഗ് റാണിക്കൊപ്പം കെനിയയിലേക്കു കുടിയേറിയിരുന്നു.
ഋഷിയുടെ അമ്മയുടെ അച്ഛന്‍ രഘുബീര്‍ ബെറിയും പഞ്ചാബുകാരന്‍ തന്നെ. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ലുധിയാന ഇപ്പോള്‍ ഇന്ത്യയിലാണ്. എന്തായാലും രഘുബീർ ബെറിയും ഭാര്യ സ്രാക്ഷയ്ക്കൊപ്പം നാടുവിട്ടു. അവരും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ തന്നെയാണ് എത്തിപ്പെട്ടത് -ഇന്നത്തെ ടാൻസാനിയയിൽ. അങ്ങനെ ഋഷിയുടെ അച്ഛൻ യശ്വീർ ജനിച്ചത് കെനിയയിലും അമ്മ ഉഷ ജനിച്ചത് ടാൻസാനിയയിലുമാണ്.
1960 ആയപ്പോഴേക്കും യശ്വീറും ഉഷയും അവരുടെ അച്ഛനമ്മമാർക്കൊപ്പം ബ്രിട്ടനിലേക്കു കുടിയേറി. യശ്വീറും ഉഷയും വാസമുറപ്പിച്ചത് സൗതാംപ്ടണിലാണ്. ഋഷി ജനിച്ചതും വളർന്നതും അവിടെത്തന്നെ. യശ്വീർ സുനക് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസസിൽ ഡോക്ടറായി പ്രവർത്തിച്ചപ്പോൾ ഉഷ ഫാർമസിസ്റ്റായി ജോലി ചെയ്തു. കുടുംബത്തിന് സ്വന്തമായി ഒരു ഫാർമസി ബിസിനസും ഉണ്ടായിരുന്നു. ഇവരുടെ മൂത്ത മകനാണ് ഋഷി. സഞ്ജയ് എന്നൊരു അനിയനും രാഖി എന്നൊരു അനിയത്തിയും കൂടി ഋഷിക്കുണ്ട്. സഞ്ജയ് ഇപ്പോഴൊരു സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു. രാഖി ജോലി ചെയ്യുന്നത് ഐക്യരാഷ്ട്ര സഭയിലാണ്.
പ്രശസ്തമായ ബോർഡിങ് സ്കൂൾ വിനചെസ്റ്റർ കോളജിലായിരുന്നു ഋഷി സുനകിൻറെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ഓക്സ്ഫഡ് സർവ്വകലാശാലയിൽ ബിരുദപഠനം. അമേരിക്കയിലെ സ്റ്റാൻഫഡ് സർവ്വകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദം നേടി. സ്റ്റാൻഫഡിലെ പഠനകാലത്താണ് അദ്ദേഹം തൻറെ ഭാവി ജീവിതപങ്കാളി അക്ഷതയെ കണ്ടുമുട്ടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത. അക്ഷതയ്ക്ക് ഇപ്പോഴുള്ളത് അമേരിക്കൻ പൗരത്വമാണ്. ഋഷിക്കും അക്ഷതയ്ക്കും രണ്ടു പെൺമക്കൾ -കൃഷ്ണയും അനുഷ്കയും.
രാഷ്ട്രീയത്തിലെത്തിപ്പെടുന്നതിനു മുമ്പ് ഋഷി പ്രവർത്തിച്ചിരുന്നത് ഗോൾഡ്മാൻ സാക്സ് പോലെ ഇൻവെസ്റ്റ്മെൻറ് ബാങ്കിങ് രംഗത്തുള്ള സ്ഥാപനങ്ങളിലായിരുന്നു. ഇപ്പോൾ എട്ടു വർഷമായി അദ്ദേഹം നോർത്ത് യോർക്ക് ഷയറിലെ റിച്ച്മണ്ടിൽ നിന്നുള്ള പാർലമെൻറ് അംഗമാണ്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ചീഫ് സെക്രട്ടറി ഓഫ് ട്രഷറി ആയും പിന്നീട് ചാൻസലർ ഓഫ് ദി എക്സ്ചെക്കർ എന്ന തന്ത്രപ്രധാന പദവിയിലും പ്രവർത്തിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി എന്ന നിലയിൽ ലോകത്ത് അറിയപ്പെടുന്നത് 10 ഡൗണിങ് സ്ട്രീറ്റ് ആണ്. എന്നാൽ പ്രധാനമന്ത്രി ആവുന്നതിനു മുമ്പു തന്നെ കുടുംബസമേതം അവിടെ താമസിച്ചയാളാണ് ഋഷി സുനക്. ബ്രിട്ടനിലെ ചാനസലർ ഓഫ് ദി എക്സചെക്കർ പദവി വഹിക്കുമ്പോഴായിരുന്ന അത്. യഥാർത്ഥത്തിൽ ചാൻസലറുടെ വസതി 11 ഡൗണിങ് സ്ട്രീറ്റ് ആണ്. എന്നാൽ ടോണി ബ്ലെയർ മുതലുള്ള ഭൂരിഭാഗം പ്രധാനമന്ത്രിമാരും 11നു മുകളിലുള്ള ഫ്ലാറ്റാണ് താമസത്തിനു തിരഞ്ഞെടുത്തത്. അല്പം കൂടി വലിപ്പമുണ്ട് എന്നതായിരുന്നു ഈ മാറ്റത്തിനു കാരണം. അങ്ങനെ 10 ചാൻസലർക്കു സ്വന്തമായി. ഇപ്പോഴത് വീണ്ടും മാറുകയാണ്. നേരത്തേ 10 ഡൗണിങ് സ്ട്രീറ്റിൽ താമസിച്ചു പരിചയമുള്ള ഋഷി സുനകും കുടുംബവും പ്രധാനമന്ത്രി പദവിയിൽ അവിടേക്കു തന്നെയാണ് വരുന്നത്. അങ്ങനെ 10 ഡൗണിങ് സ്ട്രീറ്റ് ഒരിക്കൽക്കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി എന്ന സ്ഥാനത്ത് തിരിച്ചെത്തുന്നു.
അപ്പോൾ ഋഷി സുനകിനെച്ചൊല്ലി ഇവിടുള്ളവർ തള്ളി മറിക്കേണ്ട കാര്യമില്ല. ബ്രിട്ടനിൽ ജനിച്ചുവളർന്ന 100 ശതമാനം ബ്രിട്ടീഷുകാരനായ ബ്രിട്ടീഷ് പ്രധാനമന്ത്രി -അത്രേയുള്ളൂ. പിന്നെ വെള്ളക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന പദവി സുനകിനുണ്ട്, അതേയുള്ളൂ…