HomeINTERNATIONALഒബാമയെ എനിക്ക...

ഒബാമയെ എനിക്കിഷ്ടമാണ്

-

Reading Time: 3 minutes

അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് വാക്കര്‍ ബുഷ്, ബരാക് ഒബാമ എന്നിവരാണ്. റെയ്ഗനോടും ഗള്‍ഫ് യുദ്ധത്തിനു കാരണക്കാരനായ ജോര്‍ജ്ജ് ബുഷ് സീനിയറിനോടും അല്പം പോലും പ്രതിപത്തി ഉണ്ടായിരുന്നില്ല. അല്പമെങ്കിലും ഇഷ്ടം തോന്നിയത് ബില്‍ ക്ലിന്റനോടാണ്. സുന്ദരനും മൃദുഭാഷിയും അദ്ദേഹത്തിനുണ്ടായിരുന്ന സിനിമാ താരത്തിന്റെ ഭാവവും കോളേജ് വിദ്യാര്‍ത്ഥിയായ എന്നെ ആകര്‍ഷിച്ചു. ലെവിന്‍സ്‌കിയന്‍ ദുരന്തം വന്നതോടെ ആ ബഹുമാനവും ഇഷ്ടവുമെല്ലാം പോയി.

obama-modi
ഒബാമയ്‌ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

പത്രപ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് വന്ന ജോര്‍ജ്ജ് ബുഷ് ജൂനിയറെ തട്ടിപ്പിലൂടെ ജയിച്ചവന്‍ എന്ന പേരില്‍ മനസ്സ് അംഗീകരിച്ചില്ല. ലോകം കുട്ടിച്ചോറാക്കിയ രണ്ട് യുദ്ധങ്ങള്‍ക്കു തുടക്കമിടുക കൂടി ചെയ്തതോടെ ടിയാനോട് വെറുപ്പായി. ഈ നിലപാടുതറയിലേക്കാണ് മന്ദമാരുതനായി ഒബാമ വന്നിറങ്ങിയത്. അദ്ദേഹത്തെ സ്‌നേഹിച്ചുപോകുക സ്വാഭാവികം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഹിലരി ക്ലിന്റനോടും ഡൊണാള്‍ഡ് ട്രംപിനോടും ആ താല്പര്യമോ പ്രണയമോ തോന്നിയില്ല. ട്രംപിന്റെ ജയം അറിഞ്ഞപ്പോഴും ഒരുതരം നിസ്സംഗത. ഒബാമയ്ക്കു തുല്യന്‍ ഒബാമ മാത്രം.

അമേരിക്കയിലെ പ്രസിഡന്റുമാര്‍ക്കിടയില്‍ ബരാക് ഹുസൈന്‍ ഒബാമയുടെ സ്ഥാനം എവിടെയാണ്? ഒബാമ ചരിത്രത്തിലേക്കു വഴിമാറാന്‍ ഒരുങ്ങുമ്പോള്‍ എല്ലാവരും ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. അമേരിക്കയിലെ ഏറ്റവും മികച്ച പ്രസിഡന്റുമാര്‍ ആരെന്ന വിഷയത്തില്‍ തര്‍ക്കമേയില്ല -പുതിയൊരു രാഷ്ട്രം സൃഷ്ടിച്ച ജോര്‍ജ്ജ് വാഷിങ്ടണ്‍, അതിനെ ഒന്നായി സംരക്ഷിച്ച എബ്രഹാം ലിങ്കണ്‍, അതിനെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചെടുത്ത ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റ്. ഈ പട്ടികയ്ക്ക് രാഷ്ട്രീയ നിഷ്പക്ഷതയുണ്ട്. ഒരാള്‍ റിപ്പബ്ലിക്കന്‍, ഒരാള്‍ ഡെമോക്രാറ്റ്. ഇനിയൊരാള്‍ രാഷ്ട്രീയ കക്ഷികള്‍ നിലവില്‍ വരുന്നതിനു മുമ്പ് ഭരിച്ചയാള്‍ -നിഷ്പക്ഷന്‍ എന്നു പറയാം.

ഇവരുടെ ഗണത്തിലേക്ക് ഏതായാലും ഒബാമ എത്തില്ലെന്നുറപ്പ്. എന്നാല്‍, മികച്ചതിന് അടുത്തത് എന്ന സ്ഥാനം ഒബാമയ്ക്ക് കല്പിക്കപ്പെടുന്നുണ്ട്. 1933ല്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചാവേളയില്‍ ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റ് സ്ഥാനമേറ്റതിനു ശേഷം മറ്റൊരു അമേരിക്കന്‍ പ്രസിഡന്റിനും ഇത്രയും വലിയ സാമ്പത്തികപ്രതിസന്ധി അധികാരമേറ്റ് ആദ്യദിനം തന്നെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. റിപ്പബ്ലിക്കന്മാരുടെ തുടര്‍ച്ചയായ എതിര്‍പ്പിനിടയിലും നിയമമാക്കപ്പെട്ട ഒബാമയുടെ നയങ്ങളാണ് വലിയൊരു തകര്‍ച്ചയില്‍ നിന്ന് അമേരിക്കയെ രക്ഷിച്ചത്. ഒബാമയുടെ നയങ്ങള്‍ റൂസ്വെല്‍റ്റിന്റെ നയങ്ങളെക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു എന്നു നിസ്സംശയം പറയാം. 1939ല്‍ രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ഉത്പാദനം വര്‍ദ്ധിപ്പിച്ചതാണ് അന്ന് സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് മോചനം നല്‍കിയത്. എന്നാല്‍, വിദേശരാജ്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന രണ്ട് യുദ്ധങ്ങളില്‍ നിന്നു പിന്മാറുക വഴിയാണ് ഒബാമ അമേരിക്കയെ രക്ഷിച്ചെടുത്തത്.

വിദേശനയത്തിന്റെ പേരിലാണ് ഒബാമ നമ്മുടെയെല്ലാം സ്‌നേഹം പിടിച്ചുപറ്റിയത്. അമേരിക്കന്‍ ജനതയ്ക്ക് ഒട്ടും താല്പര്യമില്ലാത്ത രണ്ടു യുദ്ധങ്ങള്‍ ചുമന്നാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലേറിയത് -ഇറാഖിലും അഫ്ഗാനിസ്ഥാനിലും. അവിടെ നിന്നുള്ള പിന്മാറ്റത്തിലൂടെ ആഗോള തലത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങള്‍ മാറ്റിയെഴുതുകയും കുറച്ചുകൂടി മിതത്വത്തോടെയുള്ള മുഖം പ്രകടമാക്കുകയും ചെയ്തു. അതേസമയം, ഭീകരതയുടെ മുഖമായ ഉസാമ ബിന്‍ ലാദനെ വധിക്കുക വഴി ലക്ഷ്യം സാക്ഷാത്കരിച്ച ശേഷമാണ് പിന്മാറ്റമെന്ന് സ്വന്തം ജനങ്ങളെ വിശ്വസിപ്പിക്കാനുമായി. വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു ആണവ കരാര്‍ ഇറാനുമായി ഒപ്പിടാന്‍ ധൈര്യം കാട്ടിയ ഒബാമ ക്യൂബയുമായുള്ള ബന്ധങ്ങളും മെച്ചപ്പെടുത്തി. പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിറക്കാനുള്ള ശ്രമങ്ങള്‍ നിരാകരിച്ചു. സൈനികശക്തി ഉപയോഗിക്കുന്നതില്‍ ഒബാമ പ്രകടിപ്പിച്ച മിതത്വം ജോര്‍ജ്ജ് ബുഷ് യുഗത്തിലെ പാരമ്പര്യവാദികളെ ചൊടിപ്പിച്ചുവെങ്കിലും ആഗോള തലത്തില്‍ അമേരിക്കയുടെ മുഖം മിനുങ്ങുന്നതിനു കാരണമായിട്ടുണ്ട്.

പ്രതിസന്ധികള്‍ പരിഹരിച്ചു എന്നതു മാത്രമല്ല, സ്വന്തമായി ഒരു അടയാളം അവശേഷിപ്പിച്ചു പോകാനും ഒബാമയ്ക്കു സാധിക്കുന്നുണ്ട്. ഹാരി ട്രൂമാന്‍ മുതലുള്ള ഡെമോക്രാറ്റിക് പ്രസിഡന്റുമാരെല്ലാം ശ്രമിച്ചു പരാജയപ്പെട്ട പദ്ധതി -എല്ലാ അമേരിക്കക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് -ഒബാമകേര്‍ വിജയകരമായി നടപ്പാക്കി. ഒരു പ്രസിഡന്റ് എന്തായിരിക്കണമെന്ന് പലപ്പോഴും ഒബാമ സ്വയം ഉദാഹരണമായി. തന്റെ വാക്കുകളിലൂടെ ജനങ്ങളെ പ്രചോദിതരാക്കാനും എതിരാളികള്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നു വരുത്താനും അദ്ദേഹത്തിനു സാധിച്ചു. അമേരിക്കയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് എന്ന പ്രതീകാത്മക കരുത്ത് അദ്ദേഹത്തിന് പിന്‍ബലമായി. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയറുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ ഒബാമ പക്ഷേ, നിറത്തിന്റെ പേരിലായിരിക്കില്ല ഭാവിയില്‍ സ്മരിക്കപ്പെടുക. മികച്ച വ്യക്തിത്വത്തിന്റെ പേരിലായിരിക്കും.

ഫ്രാങ്ക്‌ളിന്‍ റൂസ്വെല്‍റ്റിനു ശേഷമുള്ള ഏറ്റവും മികച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് -അതാണ് ബരാക് ഒബാമ. ഒബാമയുടെ വരവ് അമേരിക്കന്‍ പ്രസിഡന്‍സിയുടെ യശസ്സുയര്‍ത്തി എന്നു പറയാം. ഡൊണാള്‍ഡ് ട്രംപ് വരുമ്പോള്‍ ആ യശസ്സിന് എന്തു സംഭവിക്കുമെന്നത് വേറെ കാര്യം. ഒബാമ യഥാര്‍ത്ഥത്തില്‍ അമേരിക്കക്കാരനാണോ എന്ന ശരാശരി ‘അമേരിക്കന്‍’ ചോദ്യങ്ങളുയര്‍ത്തി ചെളിയിലേക്കു വലിച്ചിടാന്‍ പലരും ശ്രമിച്ചുവെങ്കിലും അദ്ദേഹം അതിലൊന്നും തൊടാതെ പറന്നു നടന്നു. അദ്ദേഹം അമേരിക്ക എന്ന രാഷ്ട്രത്തിന്റെ മാത്രം നേതാവായിരുന്നില്ല. നയിക്കാന്‍ വളരെ ബുദ്ധിമുട്ടായ അമേരിക്കന്‍ ചിന്താഗതികളുടെയും നിലപാടുകളുടെയും കൂടി നേതാവായിരുന്നു. എപ്പോഴൊക്കെ അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നതയുടെ വിഷം പകരുന്നതായി കണ്ടുവോ, അക്കൂട്ടത്തിലെ മുതിര്‍ന്ന വ്യക്തിയായി ഒബാമ നിന്നു. എല്ലാവരും പിന്തുടരാനും അനുകരിക്കാനും ആഗ്രഹിക്കുന്ന മുതിര്‍ന്ന വ്യക്തി.

പീറ്റര്‍ ജെ.സൂസ പകര്‍ത്തിയ ഒബാമ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഈ കുറിപ്പ് എഴുതണമെന്ന് തോന്നിയതു തന്നെ. ഈ നിമിഷത്തില്‍ ലോകത്തേറ്റവുമധികം ആളുകള്‍ കാണുന്ന ചിത്രങ്ങള്‍ ഒരു പക്ഷേ ഇവയാകാം. വൈറ്റ് ഹൗസില്‍ ഒബാമയുടെ ചീഫ് ഒഫീഷ്യല്‍ ഫൊട്ടോഗ്രാഫറാണ് പീറ്റ്. നേരത്തേ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നപ്പോവും 1983 മുതല്‍ 1989 വരെ പീറ്റ് ഇതേ സ്ഥാനം വഹിച്ചിരുന്നു.

pete-souza
പീറ്റര്‍ ജെ.സൂസ

ഏതായാലും, ഒബാമ എന്ന പച്ച മനുഷ്യന്റെ ഭാവങ്ങള്‍ പീറ്റിന്റെ ക്യാമറയിലൂടെ ഇപ്പോള്‍ ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു. ആ ചിത്രങ്ങള്‍ ഞാനും ഇവിടെ പങ്കിടുകയാണ്. ഈ 50 ചിത്രങ്ങളിലെ ഒബാമാ ഭാവങ്ങള്‍ അദ്ദേഹത്തോട് വല്ലാത്തൊരടുപ്പം ജനിപ്പിക്കുന്നുണ്ട്. ഒബാമ എന്തായിരുന്നു എന്ന് അദ്ദേഹം മടങ്ങിക്കഴിയുമ്പോഴായിരിക്കും ലോകം മനസ്സിലാക്കുക എന്നു തോന്നുന്നു.

 


ചിത്രങ്ങള്‍ക്ക് കടപ്പാട്: വൈറ്റ് ഹൗസ് ഫൊട്ടോഗ്രഫി | (c) White House Photography

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

COMMENTS

Enable Notifications OK No thanks