HomeENTERTAINMENTചാരം മാറുമ്പോ...

ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം

-

Reading Time: 6 minutes

‘കുറച്ചൊക്കെ ഫാന്റസി വേണം. എന്നാലല്ലേ ജീവതത്തിലൊക്കെ ഒരു ലൈഫുള്ളൂ.. ങ്‌ഹേ??’ -സമീറയോട് സിബി ചോദിച്ചു. സിബിയെയും സമീറയെയും മലയാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് പരിചയമായിട്ടില്ല. പരിചയപ്പെട്ടു വരുന്നതേയുള്ളൂ. താമസിയാതെ മുഴുവന്‍ മലയാളികളും ഇവരെ പരിചയപ്പെട്ടോളും എന്നെനിക്കുറപ്പ്.

മംമ്ത മോഹന്‍ദാസും ഹഫദ് ഫാസിലും

ഭൂമിയിലെ ജീവിതത്തില്‍ അവിഭാജ്യ ഘടകമായ കാര്‍ബണ്‍ എന്ന മൂലകത്തിന് ചാരമായും വജ്രമായുമൊക്കെ വ്യത്യസ്തമായ രൂപഭേദങ്ങള്‍ പ്രകൃതി നല്‍കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെയൊക്കെ മനസ്സുകളിലും പ്രകൃതി വ്യത്യസ്തമായ രൂപപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. മനസ്സുകളില്‍ ഉണ്ടാവുന്ന ഇത്തരം രൂപപ്പെടുത്തലുകളുടെ കഥയാണ് കാര്‍ബണ്‍. സിബി സെബാസ്റ്റ്യനും സമീറയും കാര്‍ബണിലെ കഥാപാത്രങ്ങളാണ്.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് സിബിയെയും സമീറയെയും നമുക്ക് പരിചയപ്പെടുത്തുന്നത്. അപക്വമായ സ്വപ്‌നങ്ങളിലൂടെ ജീവിതം മുന്നോട്ടുനീക്കാന്‍ ശ്രമിക്കുന്ന സിബിയിടെ മനസ്സുകളില്‍ പ്രകൃതി വരുത്തുന്ന രൂപപ്പെടുത്തലുകളാണ് വേണുവിന്റെ കാര്‍ബണ്‍ എന്ന സിനിമ. സിബിയുമായുള്ള സഹവാസത്തിലൂടെ സമീറയുടെ മനസ്സിലും ചില രൂപപ്പെടുത്തലുകള്‍ സംഭവിക്കുന്നുണ്ട്, താല്‍ക്കാലികമായാണെങ്കിലും.

വേണു

ജീവസുറ്റ ചിത്രങ്ങള്‍ പകര്‍ത്തി എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് വേണു. നൂറിലേറെ സിനിമകള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത പ്രഗത്ഭന്‍! ഇതിന്റെ പേരില്‍ 4 തവണ ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ വേണുവിന്റെ വീട്ടിലുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ക്യാമറയ്ക്കരികിലേക്ക് ഇരിപ്പിടം മാറ്റിയ വേണു സംവിധായകനായി, 1998ല്‍. എം.ടി.വാസുദേവന്‍ നായരുടെ പേനയില്‍ വിരിഞ്ഞ ദയ എന്ന ആ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന -ദേശീയ പുരസ്‌കാരങ്ങളും വേണുവിന്റെ വീട്ടിലെത്തി. സംവിധായകനായുള്ള വേണുവിന്റെ അടുത്ത വരവിന് 16 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2014ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പ് എന്ന ചിത്രവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മുന്നറിയിപ്പ് സ്ഥാനം നേടി.

മുന്നറിയിപ്പ് കഴിഞ്ഞ് 4 വര്‍ഷത്തിനു ശേഷം വേണു ഇപ്പോള്‍ വീണ്ടുമെത്തിയിരിക്കുകയാണ്. അതാണ് കാര്‍ബണ്‍. ഇക്കുറി പുതുതലമുറയില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലാണ് വേണുവിനൊപ്പം. മംമ്ത മോഹന്‍ദാസും കൂട്ടുണ്ട്. വേണുവും ഫഹദും മംമ്തയും ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. ആ പ്രതീക്ഷ തകര്‍ന്നില്ല എന്നാണ് കാര്‍ബണ്‍ കണ്ട് പുറത്തിറങ്ങുമ്പോള്‍ എന്റെ വിലയിരുത്തല്‍. ഫഹദാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച സിബി സെബാസ്റ്റ്യന്‍. മംമ്തയാണ് സമീറ. സിബി പറഞ്ഞതാണ് കാര്‍ബണ്‍ എന്ന സിനിമയുടെ ആകെത്തുക -ഫാന്റസിയുണ്ടെങ്കിലേ ജീവിതത്തിന് ലൈഫുള്ളൂ!!

ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയുന്ന സിനിമയല്ല കാര്‍ബണ്‍. ചെറിയൊരു ദുരൂഹത നിഴലിക്കുന്ന തരത്തിലാണ് തുടക്കം തന്നെ. സിബിയെ കാണാനില്ലെന്ന വാര്‍ത്തയാണ് നമ്മളെ സ്വീകരിക്കുന്നത്. കുറുക്കുവഴിയിലൂടെ ജീവിതവിജയം നേടാന്‍ ശ്രമിക്കുന്നയാളാണ് സിബി. ചെറുകിട തട്ടിപ്പുകളും നിയമവിരുദ്ധമായ കച്ചവടവുമൊക്കെ അവന്‍ ശ്രമിക്കുന്നുണ്ട്. അവനെ കണ്ടെത്താനുള്ള അന്വേഷണത്തിനൊടുവില്‍ കൂട്ടുകാരില്‍ നിന്നറിയുന്നു, ഒരു മരകതക്കല്ല് വില്‍ക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായി മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന്. ആ ശ്രമം പാളുമ്പോഴാണ് സിബി പിന്നെ പൊങ്ങുന്നത്.

ആനക്കച്ചവടം, വെള്ളിമൂങ്ങ കച്ചവടം, സൈക്കിള്‍ ഇറക്കുമതി എന്നിങ്ങനെ പലതിനും ശ്രമിച്ച് സിബി പരാജയപ്പെടുന്നതും പലിശക്കാര്‍ തീര്‍ത്ത ഊരാക്കുടുക്കില്‍ കുടുങ്ങുന്നതുമെല്ലാം അവതരിപ്പിക്കുക വഴി ആ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കാന്‍ നമ്മളെ പ്രാപ്തരാക്കുകയാണ് വേണു ആദ്യ പകുതിയില്‍. സിബിയുടെ വീട്ടിനു മുന്നില്‍ അച്ഛനമ്മമാരെ സാക്ഷിയാക്കി പലിശക്കാരന്‍ ഇസ്ബു മൂത്രമൊഴിക്കുന്നത് നമ്മുടെ സിരകളില്‍ വല്ലാത്തൊരു ആത്മരോഷത്തിന്റെ മിന്നല്‍പ്പിണര്‍ കടത്തിവിടും. എന്നാല്‍, ഇസ്ബുവിന്റെ ചെയ്തിയോട് സിബി പ്രകടിപ്പിക്കുന്ന നിസ്സംഗഭാവം നമ്മളില്‍ അവനോട് അങ്ങേയറ്റത്തെ വെറുപ്പും ദേഷ്യവും ഉണര്‍ത്തും. എല്ലാത്തിനും സിബിക്ക് ന്യായീകരണമുണ്ട് -‘ഒരു കടുവ അതിന്റെ ഇരയെ പിടിക്കുന്നതിനു മുമ്പ് 10 തവണ ശ്രമിക്കേണ്ടി വരും. ഞാന്‍ ബാലരമയില്‍ വായിച്ചിട്ടുണ്ട്.’ സിനിമയിലുടനീളം സിബിയെ മുന്നോട്ടു നയിക്കുന്ന തത്ത്വശാസ്ത്രം ഇതാണ്. ഒന്നിലേറെ തവണ അവനിതു പറയുന്നുമുണ്ട്. ആശയം കിട്ടിയത് ബാലരമയില്‍ നിന്നാണെന്നതു കൂടി ചേരുമ്പോള്‍ അത് ബാലിശമാണെന്നതു പ്രകടം.

പലവിധ തട്ടിപ്പുശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ വ്യത്യസ്തമായ ഒരു ജോലിക്കുള്ള ഓഫര്‍ സ്വീകരിക്കാന്‍ സിബി നിര്‍ബന്ധിതനാവുന്നിടത്ത് സിനിമയുടെ ഉദ്വേഗജനകമായ അടുത്ത ഘട്ടം തുടങ്ങുകയായി. തട്ടിപ്പുകാരന്‍ എന്നതു തന്നെയാണ് ആ ജോലി ലഭിക്കാന്‍ യോഗ്യതയായത്! ചീങ്കണ്ണിപ്പാറ എന്ന സ്ഥലത്തിനടുത്ത് കാട്ടിനു നടുവിലെ ഏകാന്തമായ ഒരു കൊട്ടാരത്തില്‍ മാനേജരായി അവന്‍ എത്തുന്നു. അതോടെയാണ് സിനിമയിലെ പ്രധാന കഥാപാത്രം നമുക്കു മുന്നിലെത്തുന്നത് -കാട്. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ മഴ പ്രധാന കഥാപാത്രമായതുപോലെ തന്നെ. കാടിന്റെ മനോഹാരിതയല്ല, നിഗൂഢതയും വന്യതയുമാണ് നമുക്ക് മുന്നില്‍. അതിനും മനോഹാരിതയുണ്ടെന്നത് വേറെ കാര്യം.

തന്റെ പുതിയ തൊഴില്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റാന്‍ ശ്രമിക്കുന്ന സിബിയെയാണ് പിന്നെ കാണുന്നത്. ഈ സമയത്ത് ‘ജങ്കിള്‍ ജങ്കി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന സമീറ അവിടെയെത്തുന്നു. ആ കൊട്ടാരത്തില്‍ ഇടയ്ക്കിടെ എത്താറുണ്ട് എന്നതൊഴിച്ചാല്‍ സമീറയുടെ വരവിന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല. സമീറയും സിബിയും തമ്മില്‍ ഒരു പ്രത്യേക സൗഹൃദം ഉടലെടുക്കുന്നുണ്ട്. സിബിയുടെ ഉത്തരവാദിത്വ പ്രകടനം താല്‍ക്കാലികമാണെന്ന് താമസിയാതെ നമ്മള്‍ തിരിച്ചറിയുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്ത് കാട്ടിലൊളിപ്പിച്ച നിധിയുടെ കഥ കേള്‍ക്കുന്നതോടെ സിബിയുടെ യഥാര്‍ത്ഥ സ്വഭാവം വീണ്ടും പുറത്തേക്കു വരുന്നു. തലക്കാണി എന്ന സ്ഥലത്ത് ഉള്ളതായി ‘പറയപ്പെടുന്ന’ നിധിയാണ് പിന്നെ അവന്റെ ലക്ഷ്യം. നിധി തേടിപ്പോയ ആരും തിരികെ വന്നിട്ടില്ല എന്ന വിശ്വാസമൊന്നും സിബിയെ പിന്നോട്ടുവലിക്കുന്നില്ല. താന്‍ തേടി നടക്കുന്ന ‘രക്ഷ’ ആ നിധിയാണെന്ന് സിബി ഉറപ്പിക്കുകയാണ്.

തലക്കാണിയിലേക്ക് പോകാന്‍ കൂട്ടുകാരെ സംഘടിപ്പിക്കുന്നതില്‍ സിബി വിജയിക്കുന്നു. ഒരാള്‍ സഞ്ചാരം ഇഷ്ടപ്പെടുന്ന സമീറ തന്നെ. പ്രകൃതിയെ അതിന്റേതായ രീതിയില്‍ അറിയാനും പഠിക്കാനും അതില്‍ അലിഞ്ഞുചേരാനും ആഗ്രഹിക്കുന്നവള്‍. സിബിയുടെ വഴികാട്ടിയാണ് സ്റ്റാലിന്‍. കാടിനെ കൈത്തലം പോലെ അറിയാവുന്ന, കാടിനോട് മല്ലിട്ട് ഉപജീവനം നടത്തുന്നവന്‍. പ്രായോഗികതയുടെ പേരില്‍ കാടിലെ നിയമങ്ങള്‍ അവഗണിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അനുഭവങ്ങള്‍ പലപ്പോഴും അയാളെ പിന്നോട്ടു വലിക്കുന്നു. സാധനങ്ങള്‍ ചുമക്കാന്‍ സ്റ്റാലിന്‍ വിളിക്കുന്ന സഹായിയാണ് 100 ശതമാനം ആദിവാസിയായ കണ്ണന്‍. പ്രകൃതിയുടെ നിയമങ്ങള്‍ പാലിച്ച്, മറ്റു ജീവികള്‍ക്ക് ജീവിക്കാനുള്ള അവകാശം അംഗീകരിച്ച് ജീവിക്കുന്നവന്‍.

ചിത്രീകരണത്തിനിടെ നെടുമുടി വേണുവിനും ഫഹദ് ഫാസിലിനും നിര്‍ദ്ദേശം നല്‍കുന്ന വേണു

കഥാപാത്രങ്ങളുടെ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങള്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് തുളഞ്ഞു കയറും വിധം വേണു തൊടുത്തുവിട്ടിരിക്കുന്നു. പ്ലാസ്റ്റിക് കുപ്പികള്‍ കാട്ടില്‍ വലിച്ചെറിയുന്നതിന് വിദ്യാസമ്പന്നനായ സിബിക്ക് ഒരു മടിയുമില്ല. മറുവശത്ത് കാട്ടിലെ കിളിക്കൂട്ടില്‍ നിന്ന് ഭക്ഷണത്തിനായി മുട്ടയെടുക്കുമ്പോള്‍ നാലോ അഞ്ചോ മുട്ട കിളിക്കുവേണ്ടി തിരികെ വെയ്ക്കുന്നവനാണ് കണ്ണന്‍. തലക്കാണിയിലേക്കു പോകാനുള്ള കണ്ണന്റെ പേടിയെ അസംബന്ധമെന്ന് പറഞ്ഞ് സിബി കളിയാക്കുന്നുണ്ട്. രാഹുകാലത്തിലുള്ള സിബിയുടെ വിശ്വാസവും ഒട്ടും മോശമല്ലെന്ന് സ്റ്റാലിന്‍ പറയുമ്പോള്‍ തിയേറ്ററില്‍ മുഴങ്ങുന്നത് ചിരിയാണെങ്കിലും ഉണരുന്നത് ഗഹനമായ ചിന്തയാണ്.

സത്യവും മിഥ്യയും ഇടകലര്‍ത്തിയുള്ള ആഖ്യാനശൈലിയാണ് വേണു അവലംബിച്ചിരിക്കുന്നത്. സിനിമയുടെ പുരോഗതി ഒരു സവിശേഷ ഘട്ടത്തിലെത്തുമ്പോള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്ന തരത്തില്‍ നമ്മള്‍ അതില്‍ ആണ്ടുപോകുന്നു. ഒന്നാം പകുതിയിലും ചില മായക്കാഴ്ചകള്‍ എത്തുന്നുണ്ടെങ്കിലും അവ സിബിയുടെ സ്വപ്‌നാടനമാണ് എന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, കഥയുടെ നിയന്ത്രണം കാട് ഏറ്റെടുത്തു കഴിയുമ്പോള്‍ കാര്യം അങ്ങനെയല്ല. സിബിയെ നോക്കുക എന്നതിലുപരി സിബിക്കുള്ളിലേക്കു നോക്കുക എന്ന രീതിയിലേക്കു നമ്മള്‍ മാറുന്നു.

ഓരോ സിനിമ കഴിയുമ്പോഴും അത്ഭുതപ്പെടുത്തുന്ന പതിവ് ഫഹദ് കാര്‍ബണിലും തുടരുകയാണ്. സിബിയുടെ ഉടയാടകള്‍ അനായാസം എടുത്തണിയുന്ന ഈ നടന്‍ നേരെ കഥയിലേക്കു നമ്മെ നയിക്കുകയാണ്. സ്വതസിദ്ധവും സ്വാഭാവികവുമായ സിബിയുടെ ഭാവങ്ങള്‍ ചിലപ്പോള്‍ ചിരിയുണര്‍ത്തുന്നു, ചിലപ്പോള്‍ വെറുപ്പിക്കുന്നു, മറ്റു ചിലപ്പോള്‍ സഹതാപമുണര്‍ത്തുന്നു. നിഷ്‌കളങ്കനായ സിബിയെ നമ്മള്‍ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ പെട്ടെന്നു നമ്മള്‍ തിരിച്ചറിയും അവന്‍ എത്ര വലിയ കാപട്യക്കാരനാണെന്ന്. അല്പ നേരം കഴിയുമ്പോള്‍ വീണ്ടും നിഷ്‌കളങ്കത കൈമുതലാക്കി സിബി സ്‌ക്രീനില്‍ നിറയും. ശരിക്കും, ഹഫദ് ഈ സിനിമയെ ചുമലിലേറ്റിയിരിക്കുന്നു.

ഇടവേളയോടടുപ്പിച്ചാണ് മംമ്ത സ്‌ക്രീനിലേക്കു കടന്നുവരുന്നത്. വന്നതിനു ശേഷം നായകനോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന പ്രകടനം നായികയും കാഴ്ചവെച്ചിരിക്കുന്നു. സ്റ്റാലിനായ മണികണ്ഠനും കണ്ണനായ ചേതന്‍ ജയലാലും കൈയടി നേടുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം സ്‌ക്രീനില്‍ കണ്ട സ്ഫടികം ജോര്‍ജ്ജിന് സിബിയുടെ അച്ഛന്‍ സെബാസ്റ്റിയന്റെ സൗമ്യഭാവമായിരുന്നു. നെടുമുടി വേണു, വിജയരാഘന്‍, കൊച്ചുപ്രേമന്‍, സൗബിന്‍ ഷാഹിര്‍, പ്രവീണ, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, അശോകന്‍, ബിനു അടിമാലി എന്നിവരും ഇടയ്ക്ക് സ്‌ക്രീനില്‍ മിന്നിമറയുന്നു.

വേണുവും കെ.യു.മോഹനനും ചിത്രീകരണത്തിനിടെ

ഈ ചലച്ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ആത്മാര്‍ത്ഥത ഓരോ ഫ്രെയിമിലും പ്രകടം. വേണുവിലെ സംവിധായകനൊപ്പം അദ്ദേഹത്തിലെ ഛായാഗ്രാഹകനും ചിന്തകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് സ്വാഭാവികം. വേണുവിന്റെ മനസ്സിലാണ് ക്യാമറ ചലിച്ചതെങ്കില്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ അതു ചലിപ്പിച്ചത് ബോളിവുഡിലെ സ്ഥിരസാന്നിദ്ധ്യമായ കെ.യു.മോഹനന്‍ ആണ്. ഡോണ്‍, ആജാ നച്‌ലേ, തലാശ്, ഫുക്രെ, റയീസ്, ജബ് ഹാരി മെറ്റ് സേജല്‍ തുടങ്ങിയ സിനിമകളുടെയെല്ലാം ടൈറ്റിലില്‍ കണ്ട പേര് തന്നെ!! മോഹനന്റെ ആദ്യ മലയാള ചിത്രമാണ് കാര്‍ബണ്‍.

കാര്‍ബണ്‍ ക്ലൈമാക്‌സ് ചിത്രീകരണം

മാച്ചിസിലൂടെ പ്രശസ്തനായ വിശാല്‍ ഭാരദ്വാജാണ് ഗാനങ്ങളൊരിക്കിയത്. വിശാലിന്റെ ഭാര്യ രേഖ ഭരദ്വാജും ബെന്നി ദയാലും ഗായകര്‍. വേണുവിന്റെ ആദ്യ ചിത്രമായ ദയയിലൂടെ മലയാളത്തിലെത്തിയ വിശാല്‍ ഇപ്പോള്‍ തിരിച്ചെത്തുന്നതും വേണുവിനൊപ്പം തന്നെ. മാച്ചിസിലെ പ്രശസ്തമായ ‘ഛോട് ആയേ ഹം വോ ഗലിയാം’, ‘ചപ്പ ചപ്പ ചര്‍ക്ക ചലേ’ എന്നീ ഗാനങ്ങള്‍ മാത്രം മതി വിശാലിനെ എല്ലാക്കാലവും ഓര്‍ത്തിരിക്കാന്‍. കാര്‍ബണില്‍ സമീറയ്ക്കു വേണ്ടി രേഖ പാടിയ ‘ദൂരെ ദൂരെ’ എന്ന പാട്ടിന് ‘ഛോട് ആയേ ഹം വോ ഗലിയാം’ എന്ന പാട്ടിനോട് സാമ്യമുള്ളതായി തോന്നി. ഒരു പക്ഷേ, ആ മാച്ചിസ് ഗാനത്തോടുള്ള എന്റെ പ്രണയം കൊണ്ട് തോന്നിച്ചതാവാം. സിനിമയുടെ സുഗമമായ ഒഴുക്കിന് ബിജിബാലിന്റെ പശ്ചാത്തല സംഗീതം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. വേണു മനസ്സില്‍ കണ്ട ഭാവങ്ങള്‍ കൃത്യമായി സ്‌ക്രീനിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ബീനാ പോളിന്റെ എഡിറ്റിങ് സഹായിച്ചു. ടൈറ്റില്‍ ഗ്രാഫിക്‌സില്‍ പല വിഭാഗങ്ങളിലായി ധാരാളം ഹിന്ദിക്കാരുടെ പേരുകള്‍ കണ്ടു. ബോളിവുഡ്ഡില്‍ നിന്നു വന്നവരാകണം!

ഒരു സാഹസിക യാത്രയുടെ കഥ എന്നൊക്കെ ലളിതമായി പറഞ്ഞുവെയ്ക്കാമെങ്കിലും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും പെരുമാറ്റരീതികളും അത്ര ലളിതമല്ല തന്നെ. കാര്‍ബണ്‍ ഉയര്‍ത്തിപ്പിടിക്കുന്ന മേന്മ ഇതു തന്നെയാണ്. നമ്മുടെ മനസ്സിന്റെ ഏതോ കോണിലുള്ള ചിന്തകളെ തൊട്ടുണര്‍ത്താന്‍ കഥാപാത്രങ്ങള്‍ക്കും അതിലൂടെ ചലച്ചിത്രകാരനും സാധിക്കുന്നു. സ്‌ക്രീനില്‍ തെളിയുന്നത് പ്രേക്ഷകന്‍ അനുഭവിക്കുക എന്നു പറയുന്നത് സിനിമയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. കാര്‍ബണ്‍ അനുഭവിച്ച് അറിയേണ്ട സിനിമയാണ്. അതിനുള്ള മനസ്സ് നമുക്കുണ്ടാവണം എന്നു മാത്രം. ‘വെറുമൊരു’ സിനിമ കാണുന്ന ലാഘവബുദ്ധിയോടെ സമീപിച്ചാല്‍ കയറിയതു പോലെ തിരിച്ചിറങ്ങാം, ഒന്നും കിട്ടില്ല. സ്വീകരിക്കുന്ന പാത്രത്തിനെത്ര വലിപ്പമുണ്ടോ അത്രയ്ക്കും കിട്ടും!!

ടീം കാര്‍ബണ്‍

നിങ്ങള്‍ കയറാന്‍ മടിക്കുന്ന ഗുഹകളിലാണ് യഥാര്‍ത്ഥ നിധി ഒളിഞ്ഞുകിടക്കുന്നതെന്ന ആഴമേറിയ ചിന്ത കാര്‍ബണ്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ വേണു ചെയ്തിരിക്കുന്നതും അതു തന്നെയാണ്. മറ്റു പലരും കയറാന്‍ മടിക്കുന്ന ഗുഹയില്‍ കയറി നല്ല ചിത്രമെന്ന നിധി കണ്ടെടുത്തു!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

4 COMMENTS

COMMENTS

Enable Notifications OK No thanks