2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ താരമാര്? സംശയമൊന്നുമില്ല, വി.എസ്.അച്യുതാനന്ദന്‍ തന്നെ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഓട്ടപ്രദക്ഷിണം പൂര്‍ത്തിയായപ്പോള്‍ എല്ലായിടത്തും നേരിടേണ്ടി വന്നത് ഒരേ ചോദ്യം -‘വി.എസ്. തന്നെയല്ലേ മുഖ്യമന്ത്രി?’ ഈ ചോദിക്കുന്നവര്‍ക്ക് എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല, വി.എസ്. മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിലേ ഉള്ളൂ. കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ഈ 93കാരനാണ്. വടക്ക് കാസര്‍കോട്ടു നിന്ന് തെക്ക് നെടുമങ്ങാട് വരെ വി.എസ്. പങ്കെടുത്ത 64 പ്രചാരണ പൊതുയോഗങ്ങളില്‍ സ്വപ്രേരണയാല്‍ തടിച്ചുകൂടിയ ജനക്കൂട്ടം മാത്രം മതി ഇതിനു തെളിവായി.
2006ലും 2011ലും കണ്ട വി.എസ്.അച്യുതാനന്ദനെയല്ല നാം 2016ല്‍ കാണുന്നത്. കഴിഞ്ഞ രണ്ടു തവണയും സ്ഥാനാര്‍ത്ഥിത്വം പിടിച്ചുവാങ്ങി പാര്‍ട്ടിയോടു പൊരുതി നിന്ന വി.എസ്സായിരുന്നു രംഗത്ത്. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ കൈമെയ് മറന്ന് വാദിച്ചവരെല്ലാം പിന്നീട് വി.എസ്സിന്റെ ചിത്രം ഒപ്പം ചേര്‍ത്ത് പോസ്റ്ററും ഫ്‌ളെക്‌സുമടിക്കുകയും പ്രചാരണത്തിനായി അദ്ദേഹത്തെ തങ്ങളുടെ മണ്ഡലത്തിലെത്തിക്കാന്‍ മത്സരിക്കുകയും ചെയ്തുവെന്നത് വേറെ കാര്യം. പക്ഷേ, ഇത്തവണ വി.എസ്. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ സ്വത്താണ്. പിണറായി പണ്ടിത് പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കിച്ചിരിച്ചു. വി.എസ്സിനെ ഇന്ന് പാര്‍ട്ടി സര്‍വ്വാത്മനാ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശാഭിമാനി പത്രത്തിലും കൈരളി പീപ്പിള്‍ ടി.വിയിലും വി.എസ്സിനു ലഭിക്കുന്ന ഇടം തന്നെയാണ് ഏറ്റവും വലിയ തെളിവ്. അച്ചടക്കമുള്ള തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനായി വി.എസ്സും പ്രതികരിക്കുന്നു. ഏറെക്കാലത്തിനു ശേഷം സി.പി.എം. ഒരു മനസ്സോടെ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടത് ഇത്തവണയാണെന്നു പറയാം. അതിന്റെ ഗുണം ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. ഫിദല്‍ കാസ്‌ട്രോ കഴിഞ്ഞാല്‍ സ്വന്തം നാട്ടില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്.അച്യുതാനന്ദനാണെന്നാണ് അന്താരാഷ്ട്ര തലത്തിലെ റിപ്പോര്‍ട്ട്. സി.പി.എമ്മില്‍ നിന്നാണ് വി.എസ്. അങ്ങനെയായത്. അതിനാല്‍ നേതാവിനെയും പാര്‍ട്ടിയെയും വേര്‍തിരിച്ചു കാണേണ്ടതില്ല എന്നു പറയാമെങ്കിലും അതു പ്രാവര്‍ത്തികമായത് ഇത്തവണയാണ്.
വി.എസ്. ഒരു തരംഗമാവുകയാണ്. വി.എസ്സിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി മാത്രം എല്‍.ഡി.എഫിന് വോട്ടു നല്‍കാം എന്നു തീരുമാനിച്ചവരുണ്ട്. ഇത് അദ്ദേഹത്തിനുള്ള അവസാന അവസരമല്ലേ എന്ന സഹതാപം ചിലരൊക്കെ പ്രകടിപ്പിച്ചു കണ്ടു. ഇത് അതിശയോക്തിയല്ല, കേരളത്തിലെ വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സിലാക്കിയ കാര്യം. ജനങ്ങളില്‍ നിന്നുണ്ടായ ഈ പ്രതികരണം ഒരു പരിധി വരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. പുതുമ എന്ന നിലയിലായിരുന്നില്ല അത്ഭുതം, മറിച്ച് വി.എസ്സിനോടുള്ള ജനങ്ങളുടെ സ്‌നേഹം എന്തുകൊണ്ടോ ഇരട്ടിച്ചിരിക്കുന്നു എന്നതിനാലാണ്. ഇതൊരു പ്രതിഭാസമാണ്. ആശ്രയിക്കാവുന്ന ഒരു നേതാവിനെ ജനങ്ങള്‍ തേടുന്നു. സമീപകാല തിരഞ്ഞെടുപ്പ് ചരിത്രങ്ങളെല്ലാം ഇതു വ്യക്തമാക്കിയിട്ടണ്ട്. നരേന്ദ്ര മോദിയും അരവിന്ദ് കെജരിവാളും നിതീഷ് കുമാറുമെല്ലാം ഇതിന്റെ നേട്ടം കൊയ്തവര്‍ തന്നെ. 2006 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങള്‍ നേതാവായി കാണുന്നത് വി.എസ്സിനെയാണ്. തിരഞ്ഞെടുപ്പിനു മുമ്പുള്ള പ്രവചനങ്ങളും ഫലപ്രഖ്യാപനത്തിനു ശേഷമുള്ള അവലോകനങ്ങളും ഇക്കാര്യം ശരിവെയ്ക്കുന്നു. 2011ല്‍ സി.പി.എം. കണക്കുകൂട്ടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍.ഡി.എഫിന്റെ അക്കൗണ്ടില്‍ വന്നുവെങ്കില്‍ അതിനുള്ള ഏക കാരണം വി.എസ്സിന്റെ സ്വാധീനം അളക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നതു മാത്രമാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ അനിഷേധ്യ നേതാവ് നരേന്ദ്ര മോദി ആയിരുന്നു. രാഹുല്‍ ഗാന്ധിയെ ഈ സ്ഥാനത്തേക്കുയര്‍ത്താന്‍ കോണ്‍ഗ്രസ് കഴിവിന്റെ പരമാവധി ശ്രമിച്ചുവെങ്കിലും അതിനു സാധിച്ചില്ല. ഫലമോ, കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ ബി.ജെ.പി. ജയിച്ചുകയറി. പിന്നീട് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ രൂപത്തിലും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ രൂപത്തിലും ഈ പ്രതിഭാസം ആവര്‍ത്തിച്ചുകണ്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അശ്വമേധം നടത്തിയ നരേന്ദ്ര മോദിക്ക് ഡല്‍ഹിയിലെയും ബിഹാറിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അടിപതറിയെന്നത് എടുത്തുപറയണം. ഓരോ സംസ്ഥാനത്തിലെയും സാഹചര്യത്തിനനുസരിച്ചാണ് അവിടത്തെ ജനങ്ങള്‍ നേതാവിനെ തിരഞ്ഞെടുക്കുന്നതെന്നര്‍ത്ഥം.
കേരളത്തില്‍ ഇപ്പോള്‍ മത്സരരംഗത്തുള്ള പ്രധാന നേതാക്കള്‍ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍ തുടങ്ങിയവരാണ്. ഇതില്‍ വി.എസ്.അച്യുതാനന്ദന്‍ എല്‍.ഡി.എഫിന്റെയും ഉമ്മന്‍ ചാണ്ടി യു.ഡി.എഫിന്റെയും പ്രതീക്ഷകള്‍ പേറുന്നു. പിണറായിയും ചെന്നിത്തലയും ഇരുമുന്നണികളിലെയും രണ്ടാം സ്ഥാനക്കാരായുണ്ട്. ഇത്തരമൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാനില്ല എന്നതാണ് ബി.ജെ.പി. കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തിയേകാനാണ് അവര്‍ വോട്ടു ചോദിക്കുന്നത്. ബിഹാറിലും ഡല്‍ഹിയിലും അമ്പേ പരാജയപ്പെട്ട തന്ത്രമാണത്. നരേന്ദ്ര മോദി ഏതായാലും കേരള മുഖ്യമന്ത്രി ആവില്ലല്ലോ! ഏറ്റവും പ്രമുഖരായ രണ്ടു നേതാക്കളില്‍ തിളക്കത്തോടെ നില്‍ക്കുന്നത് വി.എസ്സാണ്. അഴിമതി ആരോപണങ്ങളുടെ കരിനിഴല്‍ ഉമ്മന്‍ ചാണ്ടിയുടെ തിളക്കം കുറച്ചിരിക്കുന്നു എന്നതു തന്നെ കാരണം. പിന്നെയുള്ളത് ചെന്നിത്തലയും പിണറായിയും. ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് അദ്ദേഹത്തിന്റെ ഗ്രൂപ്പുകാര്‍ മാത്രമേ തല്‍ക്കാലം ആഗ്രഹിക്കുന്നുള്ളൂ. ബി.ജെ.പിയിലെ രണ്ടു നേതാക്കള്‍ക്കാണെങ്കില്‍ സമീപഭാവിയിലെങ്ങും അതിനു സാദ്ധ്യതയില്ല. പിണറായിയുടെ കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യണം.
എന്തുകൊണ്ട് വി.എസ്സിനെപ്പോലെ വലിയ ജനപിന്തുണ പിണറായി വിജയന് ലഭിക്കുന്നില്ല? അത് പിണറായിയുടെ കുഴപ്പമല്ല. അപരിചിതത്വം തന്നെ കാരണം. 1998ല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായ വ്യക്തിയാണ് പിണറായി വിജയന്‍. അന്ന് പാര്‍ലമെന്ററി രംഗത്തോട് വിട പറഞ്ഞതാണ്. പിണറായി വിജയന്റെ ഭരണനൈപുണ്യം മാറ്റുരച്ചു നോക്കാന്‍ ഇപ്പോഴത്തെ തലമുറയ്ക്ക് അവസരം ലഭിച്ചിട്ടില്ല എന്നത് പ്രശ്‌നമാണ്. 1996 -1998 കാലഘട്ടത്തില്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നടപടികളാണ് പിന്നീട് കേരളത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി ഒരു പരിധി വരെ ഒഴിച്ചുനിര്‍ത്തിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേരുമായി ചേര്‍ത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എസ്.എന്‍.സി. -ലാവലിന്‍ കേസാണ്. ആ കേസില്‍ കുറ്റവിമുക്തനായതിന്റെ കരുത്തുമായാണ് ഇപ്പോള്‍ പിണറായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും. പക്ഷേ, പിണറായി വിജയന്റേതായി ഇപ്പോഴും ജനമനസ്സിലുള്ളത് കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയുടെ മുഖമാണ്. പണ്ട് വി.എസ്. പാര്‍ലമെന്ററി രംഗത്തേക്കു വന്നതും ഇതുപോലെ തന്നെ. വി.എസ്സിനോളം കര്‍ക്കശക്കാരനായ സി.പി.എം. സെക്രട്ടറി വേറെ ഉണ്ടായിട്ടില്ല എന്നത് വേറെ കാര്യം. അദ്ദേഹവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്‍ക്കശ്യത്തിന്റെ കാര്യത്തില്‍ പിണറായി എത്രയോ പിന്നില്‍. വി.എസ്സിന്റെ പരിണാമകാലത്ത് ടെലിവിഷന്‍ ചാനലുകള്‍ സജീവമായിരുന്നില്ല. ഗുസ്തി മുഴുവന്‍ പത്രത്താളുകളിലായിരുന്നു. പക്ഷേ, ഇപ്പോള്‍ എല്ലാം തത്സമയം ടെലിവിഷനിലൂടെ സ്വീകരണമുറിയിലെത്തുന്നു. പിണറായി നേരിടുന്ന പ്രതിസന്ധിയും അതു തന്നെ.
പിണറായിയെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും അവിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വി.എസ്സിനെ പിണറായി മൂലയ്ക്കിരുത്തുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. സി.പി.എമ്മിന്റെ പരാജയമാഗ്രഹിക്കുന്ന ചിലര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പിണറായിയും വി.എസ്സും തമ്മിലുള്ള പോരിന്റെ കാലം കഴിഞ്ഞുവെന്ന സൂചന തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കു വരുന്നത്. പരസ്പരവിശ്വാസം പൂര്‍ണ്ണമായി വീണ്ടെടുത്തിട്ടില്ലെന്നത് ശരി തന്നെ. പാര്‍ട്ടി സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങള്‍ തന്നെ താഴ്ത്തിക്കെട്ടാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി നേരത്തേ വി.എസ്സിന് പരാതിയുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം സ്ഥിതിഗതികള്‍ മാറി. വി.എസ്സിനോട് സോഫ്ട് കോര്‍ണര്‍ ഉള്ളതായി പറയപ്പെടുന്ന സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. വി.എസ്സിനെ ഒപ്പം കൊണ്ടുപോകാന്‍ സംസ്ഥാന പാര്‍ട്ടി ശ്രമിച്ചു. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്ല മെയ്‌വഴക്കം പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടിക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വി.എസ്സും തയ്യാറായി. ഏറെക്കാലത്തിനു ശേഷം വി.എസ്സും പിണറായിയും ഒരേ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി. പിണറായി വിജയന്‍ ഇപ്പോള്‍ വി.എസ്. ഗ്രൂപ്പായെന്നാണ് യു.ഡി.എഫ്. ആഭിമുഖ്യമുള്ള ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇടയ്ക്ക് പറഞ്ഞത്. തമാശയായിട്ടാണ് അദ്ദേഹം പറഞ്ഞതെങ്കിലും ആ വാക്കുകളില്‍ സമീപകാല യാഥാര്‍ത്ഥ്യം നിഴലിക്കുന്നുണ്ട്. ധര്‍മ്മടത്ത് പ്രചാരണത്തിനെത്തുമ്പോള്‍ വി.എസ്. എന്തു പറയും എന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. മറ്റൊന്നും പറഞ്ഞില്ലെങ്കിലും ‘എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുക’ എന്നു മാത്രം പറഞ്ഞ് പിണറായിയെ വി.എസ്. ഒഴിവാക്കും എന്നു ബെറ്റു വെച്ചവര്‍ പോലുമുണ്ട്. എന്നാല്‍ വി.എസ്. കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ‘സഖാവ് പിണറായി വിജയന് അഭിമാനാര്‍ഹമായ വിജയം നല്‍കണം’ എന്ന് അദ്ദേഹം തീര്‍ത്തു തന്നെ പറഞ്ഞു. മലമ്പുഴയില്‍ പ്രചാരണത്തിനെത്തിയ പിണറായിയും തന്റെ റോള്‍ ഭംഗിയാക്കി.
ഇപ്പോള്‍ പുതിയ ചര്‍ച്ച വന്നിരിക്കുന്നു. 1996 ആവര്‍ത്തിക്കുമെന്ന്. മലമ്പുഴ മറ്റൊരു മാരാരിക്കുളമാവുമെന്ന്. പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ വി.എസ്സിനെ തോല്‍പ്പിക്കുമെന്ന്. വി.എസ്. വിജയിക്കണമെന്ന് വി.എസ്സിനെക്കാള്‍ ആഗ്രഹിക്കുന്നത് പിണറായി വിജയനാണെന്ന് ഈ പ്രചാരണം നടത്തുന്നവര്‍ക്കറിയില്ല. മലമ്പുഴയില്‍ വി.എസ്. പരാജയപ്പെട്ടാല്‍ തകരുന്നത് പിണറായിയുടെ വിശ്വാസ്യതയാണ്. ഞാനറിയുന്ന പിണറായി വിജയന്‍ ഏറ്റവുമധികം വിലമതിക്കുന്നതും വിശ്വാസ്യതയാണ്. വി.എസ്. തോറ്റാല്‍ അതോടെ പിണറായി വിജയന്റെ കഥ തീര്‍ന്നു. അദ്ദേഹത്തെക്കുറിച്ച് ഇത്രയുംകാലം പ്രചരിച്ചിരുന്ന കാലുഷ്യത്തിന്റെ കഥകള്‍ ശരിയാണെന്നു വരും. പിണറായി എന്തായാലും അതാഗ്രഹിക്കില്ല. മലമ്പുഴയില്‍ വി.എസ്സിനെ തോല്‍പ്പിക്കാന്‍ കടുത്ത ശ്രമം നടക്കുന്നുണ്ട്. പിണറായിയല്ല അതിനു പിന്നില്‍, വെള്ളാപ്പള്ളി നടേശനാണ്. മൈക്രോഫിനാന്‍സ് കേസ് തന്നെയാണ് വിഷയം. വി.എസ്. മുഖ്യമന്ത്രിയായാല്‍ തന്റെ കഥ തീര്‍ന്നുവെന്ന് നടേശനറിയാം. പക്ഷേ, നടേശന്‍ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുന്നതാണ് കേരളീയര്‍ കണ്ടിട്ടുള്ളത്. എങ്കിലും ചതിക്കുഴികള്‍ ഒഴിവാക്കാന്‍ വി.എസ്. പ്രത്യേകം ശ്രദ്ധിക്കുന്നു. വി.എസ്സിന്റെ വിജയം ഉറപ്പാക്കാന്‍ പിണറായിയും കരുക്കള്‍ നീക്കുന്നു.
അപ്പോള്‍പ്പിന്നെ മാരാരിക്കുളം വീണ്ടും ചര്‍ച്ചയാവാന്‍ എന്താണ് കാരണം? വി.എസ്. ഇത്തവണ നിയമസഭ കാണില്ലെന്നും അദ്ദേഹം ഗ്രേസ് പീരീയഡിലാണെന്നും മുസ്ലിം ലീഗ് നേതാവ് മായന്‍ ഹാജി അടുത്തിടെ ഗള്‍ഫില്‍ പ്രസംഗിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആ പ്രസംഗം വെറുതെയല്ല. ബിഹാറില്‍ നിന്ന് ഉമ്മന്‍ ചാണ്ടി എത്തിച്ച പോള്‍ മാനേജര്‍മാര്‍ ആസൂത്രിതമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന തന്ത്രമാണ് മായന്‍ ഹാജിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. ഒരു ചെറിയ അളവിലുള്ള വോട്ട് വ്യതിയാനമാണെങ്കില്‍ പോലും അതു തെക്കു മുതല്‍ വടക്കു വരെ തരംഗമായി അലയടിക്കുന്നതാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം. 1982നു ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെ വോട്ട് വ്യതിയാനം ഒന്നു മുതല്‍ അഞ്ചു വരെ ശതമാനം മാത്രമാണ്. ഇത്തവണത്തെ വ്യതിയാന ഘടകത്തിലെ പ്രധാന ചേരുവ വി.എസ്.അച്യുതാനന്ദനാണ്. അദ്ദേഹത്തിനു പിന്തുണയായി ഒരു തരംഗം രൂപമെടുത്തിരിക്കുന്നു. ആ തരംഗം ശക്തി പ്രാപിച്ചാല്‍ യു.ഡി.എഫിന്റെ കോട്ടകൊത്തളങ്ങള്‍ തകരും. വി.എസ്. പരാജയപ്പെടും എന്ന പ്രചാരണം മാത്രമാണ് പ്രതിരോധം ചമയ്ക്കാനുള്ള വഴി. അത്രയൊന്നും പരിചിതനല്ലാത്ത, ‘കാര്‍ക്കശ്യത്തിന്റെ ആള്‍രൂപമായ’ പിണറായിയുടെ കൈയില്‍ ഭരണമേല്‍പ്പിക്കണോ എന്ന ചോദ്യവും കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ മറിച്ചുവെയ്ക്കാമെന്ന് യു.ഡി.എഫ്. കരുതുന്നു.
ഇവിടെയാണ് മറുചോദ്യമുയരുന്നത്. വി.എസ്. മുഖ്യമന്ത്രിയെന്ന് പിണറായി പ്രഖ്യാപിച്ചാല്‍? തിരഞ്ഞെടുപ്പ് നയിച്ച വി.എസ്സിനെ ഫലപ്രഖ്യാപനത്തിനു ശേഷം ഒഴിവാക്കിയാല്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്ക് കനത്ത ഇടിവായിരിക്കും എന്ന വിലയിരുത്തലുമുണ്ട്. അപ്പോള്‍പ്പിന്നെ പിണറായി തന്നെ ഈ പ്രഖ്യാപനം നടത്തിയാല്‍ അതിലൂടെ ഉയരുക വി.എസ്സിന്റെ ഗ്രാഫല്ല, മറിച്ച് പിണറായിയുടേതാണ്. കര്‍ക്കശക്കാരനായ, ചിരിക്കാത്ത, എല്ലാം പിടിച്ചടക്കുന്ന മനുഷ്യന്‍ എന്ന കുമിള ഒറ്റയടിക്ക് പൊട്ടും. വി.എസ്. മുഖ്യമന്ത്രിയായാലും പരമാവധി രണ്ടു വര്‍ഷത്തിലധികം അദ്ദേഹം ആ കസേരയില്‍ ഇരിക്കാന്‍ സാദ്ധ്യതയില്ല. ആ കാലം വി.എസ്സും പിണറായിയും തമ്മില്‍ ഇപ്പോള്‍ ദൃശ്യമാകുന്ന ഐക്യം പ്രതിഫലിച്ചാല്‍ ഇടതുപക്ഷത്തിന് വലിയ നേട്ടമായി മാറും. വി.എസ്. ഒഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പിന്തുണയോടെ സ്വാഭാവിക പിന്‍ഗാമിയായി പിണറായി അംഗീകരിക്കപ്പെടും.
ഇനി ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഉണ്ടാക്കുന്ന നേട്ടം. ഇപ്പോള്‍ അടിത്തട്ടില്‍ പ്രകടമായ അദൃശ്യ തരംഗത്തിന്റെ ഫലമായി യു.ഡി.എഫിന്റെ പക്കലുള്ള 18 മുതല്‍ 28 വരെ സീറ്റുകള്‍ എല്‍.ഡി.എഫിന്റെ കൈയിലേക്കു വരാമെന്ന് ശാസ്ത്രീയമായി നടത്തപ്പെട്ട എല്ലാ തിരഞ്ഞെടുപ്പ് പ്രവചന സര്‍വ്വേകളും വ്യക്തമാക്കുന്നു. അതായത് ശരാശരി 86 മുതല്‍ 96 വരെ സീറ്റുകള്‍ എല്‍.ഡി.എഫിന് പ്രവചിക്കപ്പെടുന്നു. ഇതില്‍ വി.എസ്. ഘടകം ഒരു പരിധി വരെ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലേക്ക് വി.എസ്. ഉയര്‍ത്തപ്പെട്ടാല്‍ തരംഗത്തിന്റെ ശക്തി വീണ്ടും വര്‍ദ്ധിക്കും. സീറ്റുകളിലെ വ്യതിയാനം 22 മുതല്‍ 42 വരെ പോകാം എന്നര്‍ത്ഥം. അതായത് 90 മുതല്‍ 110 വരെ സീറ്റുകള്‍ എല്‍.ഡി.എഫിന് ലഭിക്കാം. ഇത് ശാസ്ത്രീയമായ വിലയിരുത്തലാണ്, എന്റെ കണക്കല്ല.
രണ്ടു കക്ഷികള്‍ നേരിട്ടാണ് മത്സരമെങ്കില്‍ പോള്‍ ചെയ്യുന്ന വോട്ടിന്റെ 50 ശതമാനത്തിലേറെ വേണം വിജയം വരിക്കാന്‍. എന്നാല്‍, വോട്ടുകള്‍ വിഭജിക്കപ്പെടുമ്പോള്‍ വിജയിക്കാന്‍ ആവശ്യമായ ശതമാനത്തിന്റെ തോത് കുറയും. രാജ്യത്താകെ വെറും 32 ശതമാനം വോട്ട് നേടിയ ബി.ജെ.പി. 75 ശതമാനം സീറ്റുകളുമായി പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം നേടിയത് ഇതിന്റെ ഫലമായാണ്. കേരളത്തിലും 2016ല്‍ സംഭവിക്കാന്‍ പോകുന്നത് ഇതാണ്. തിരഞ്ഞെടുപ്പ് സര്‍വേകള്‍ പൊതുവായി എല്‍.ഡി.എഫിന് ശരാശരി 44 ശതമാനം വോട്ടും യു.ഡി.എഫിന് ശരാശരി 39 ശതമാനം വോട്ടും കണക്കുകൂട്ടുന്നു. ബി.ജെ.പിക്കാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് വര്‍ദ്ധനയുണ്ടാവുക -16 ശതമാനത്തിലേക്കുയരും. ബി.ജെ.പിയുടെ നേട്ടത്തില്‍ വലിയൊരു ഭാഗം പോകുന്നത് യു.ഡി.എഫിന്റെ പക്കല്‍ നിന്നാണ്. അതാണ് പൂര്‍വ്വകാല ചരിത്രം. എല്‍.ഡി.എഫിന്റെ ചെറിയൊരു ഭാഗം വോട്ടുകളും ബി.ജെ.പി. കൊണ്ടുപോകും. കൂട്ടിക്കിഴിക്കലിനു ശേഷമുള്ള നാലോ അഞ്ചോ ശതമാനം വോട്ടു മുതി കേരളം മുഴുവന്‍ തരംഗമായി ആഞ്ഞടിക്കാന്‍.
വോട്ട് ശതമാനത്തില്‍ വളര്‍ച്ച നേടുന്ന ബി.ജെ.പിക്ക് അതു സീറ്റാക്കി മാറ്റാനുള്ള ശേഷിയുണ്ടോ എന്ന ചോദ്യം പ്രധാനപ്പെട്ടതാണ്. ഇത്തവണ ഏതായാലും ഇല്ല എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. അതിനു കാരണമാവുന്നത് ആര്‍.എസ്.എസ്സിന്റെ വര്‍ദ്ധിച്ച സാന്നിദ്ധ്യം തന്നെ. ആര്‍.എസ്.എസ്സിനെ ഹിന്ദുക്കള്‍ക്കു പോലും പേടിയാണ്. അപ്പോള്‍പ്പിന്നെ മറ്റു സമുദായങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ബി.ജെ.പിയെയും മോദിയെയും അംഗീകരിക്കുന്നവര്‍ പോലും ആര്‍.എസ്.എസ്സിനെ അംഗീകരിക്കുന്നില്ല എന്നത് വേറെ കാര്യം. കാവിത്തൊപ്പിയും കാവി മുണ്ടും ചുവന്ന കുറിയും കൈയിലെ ചുവന്ന ചരടുമെല്ലാം കൂടി പേടിക്കേണ്ട ഒരു വിഭാഗമാണ് എന്ന പ്രതീതിയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ആര്‍.എസ്.എസ്. പ്രതിഫലിപ്പിച്ചിരിക്കുന്നത്. സംഘടനാപരമായ അച്ചടക്കം നല്ലതാണെങ്കിലും വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം പലയിടത്തും പ്രവര്‍ത്തകര്‍ മറന്നു. അവര്‍ വോട്ട് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഇതും അന്തിമവിശകലനത്തില്‍ ദോഷകരമായി ഭവിച്ചിട്ടുണ്ട്. സൗമ്യമുഖമായിരുന്ന വി.മുരളീധരനു പകരം കുറച്ചു കൂടി കടുപ്പമുള്ള ആര്‍.എസ്.എസ്സുകാരനായി അറിയപ്പെടുന്ന കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി വന്നതും ഭീതി അരക്കിട്ടുറപ്പിച്ചു. ആര്‍.എസ്.എസ്സിന്റെ എതിര്‍പക്ഷത്തുള്ളവരാണ് ഭൂരിപക്ഷം. അങ്ങനെ ആര്‍.എസ്.എസ്സിനെ എതിര്‍ക്കണമെന്ന് താല്പര്യമുള്ളവര്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് സംഘടിതമായി വോട്ടു ചെയ്യുന്ന അവസ്ഥയാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും ഇതു ഫലത്തില്‍ നേട്ടമാവുന്നത് എല്‍.ഡി.എഫിനു തന്നെ. ആര്‍.എസ്.എസ്സിനോട് മൃദുസമീപനം കാട്ടുന്നവരാണ് യു.ഡി.എഫുകാര്‍ എന്ന പ്രചാരണം ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വീകരിക്കപ്പെടുന്നുണ്ട്. മലപ്പുറത്ത് മുസ്ലിം ലീഗിനടക്കം ആശങ്കയുണ്ടാക്കുന്നതാണ് ഈ പ്രചാരണം.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നനഞ്ഞ പടക്കമായി മാറുക ബി.ഡി.ജെ.എസ്. ആയിരിക്കും. എസ്.എന്‍.ഡി.പി. യോഗത്തിലെ സംഘടനാ സംവിധാനത്തില്‍ വെള്ളാപ്പള്ളി നടേശന്റെ അപ്രമാദിത്തമാണെങ്കിലും ഈഴവര്‍ക്കിടയില്‍ അങ്ങനെയല്ല എന്നു തന്നെയാണ് വിശദമായ പരിശോധനയില്‍ വ്യക്തമാകുന്നത്. സി.പി.എമ്മില്‍ പിണറായി വിജയനെപ്പോലെയാണ് എസ്.എന്‍.ഡി.പി. യോഗത്തില്‍ നടേശനെന്നാണ് വെയ്പ്. പിണറായിയോടൊപ്പം സി.പി.എം. സംഘടനാ സംവിധാനം നിന്നപ്പോള്‍ അനുഭാവികളില്‍ ഭൂരിപക്ഷവും പുറത്ത് വി.എസ്സിനൊപ്പമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യം. നടേശന്റെ സാമ്പത്തികബലത്തിന്റെ ആനുകൂല്യം പറ്റുന്ന യൂണിയന്‍ ഭാരവാഹികളാണ് എല്ലായിടത്തും ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികളായി അവതരിച്ചിരിക്കുന്നത്. സാധാരണ ഈഴവര്‍ക്ക് ഇതില്‍ റോളില്ല. സാധാരണ ഈഴവരില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തിരുന്നവര്‍ കോണ്‍ഗ്രസ്സിനും സി.പി.എമ്മിന് വോട്ടു ചെയ്തിരുന്നവര്‍ സി.പി.എമ്മിനും തന്നെ ഇനിയും വോട്ടു ചെയ്യും. യൂണിയന്‍ ഭാരവാഹികളായിരിക്കുന്ന ചിലരും അവരുടെ അടുപ്പക്കാരും മാത്രം നിലപാടു മാറ്റിയേക്കാം. യഥാര്‍ത്ഥത്തില്‍ നഷ്ടം ബി.ജെ.പിക്കാണ്. അവര്‍ക്കൊപ്പമുണ്ടായിരുന്ന ഈഴവര്‍ മുഴുവന്‍ ഇപ്പോള്‍ ബി.ഡി.ജെ.എസ്സായി. നാളെ നടേശന്‍ പാര്‍ട്ടിയെ മറ്റൊരു മുന്നണിയില്‍ കൊണ്ടു പോയി കെട്ടിയാല്‍ ഇവരും ഒപ്പം പോകും. ബി.ജെ.പി. -ബി.ഡി.ജെ.എസ്. സഖ്യം വലിയ ചലനം സൃഷ്ടിക്കില്ല എന്നു പറയുന്നതും ഇതിനാലാണ്.
അപ്പോള്‍ വിഷയം വി.എസ്.അച്യുതാനന്ദന്‍ മാത്രമാവുന്നു. അഴിമതിക്കെതിരെ പോരാട്ടത്തിന്റെ പ്രതീകമായി ഇപ്പോള്‍ അദ്ദേഹം മാത്രമാണുള്ളത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വി.എസ്. തയ്യാറാവില്ല എന്നതുറപ്പ്. അച്ചടക്കമുള്ള ചിട്ടയായ ജീവിതം അദ്ദേഹത്തിന് ആയുര്‍ദൈര്‍ഘ്യം നല്‍കിയേക്കാമെങ്കിലും ഇത് അവസാന മത്സരം തന്നെ. അതാണ് 2016നെ സവിശേഷമാക്കുന്നതും അദ്ദേഹത്തിനനുകൂലമായ തരംഗം സൃഷ്ടിക്കുന്നതും. 1991ലാണ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ലമെന്ററി രംഗത്തേക്ക് വന്നത്. അന്നു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാണ് കേന്ദ്രബിന്ദു, വ്യത്യസ്ത കാരണങ്ങളാലാണെന്നു മാത്രം. 1987ല്‍ ഇ.കെ.നായനാരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആ സര്‍ക്കാരിന്റെ കാലത്ത് 1990ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വന്‍ വിജയം നേടി. ഇത് ഒരു തുടര്‍ഭരണത്തിനു സാദ്ധ്യതയായി കണ്ട സി.പി.എം., സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കേ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്. എല്‍.ഡി.എഫ്. വിജയം സുനിശ്ചിതമായ വേളയിലാണ് ശ്രീപെരുമ്പുതൂരിലെ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി ദാരുണമായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഞ്ഞടിച്ച സഹതാപതരംഗത്തില്‍ എല്‍.ഡി.എഫ്. ഒലിച്ചുപോയി. മുഖ്യമന്ത്രിയാവാനിറങ്ങിയ അച്യുതാനന്ദന് യോഗം പ്രതിപക്ഷ നേതാവിന്റെ കസേര.
1996ലെ തിരഞ്ഞെടുപ്പില്‍ വി.എസ്. തന്നെയാണ് എല്‍.ഡി.എഫിനെ നയിച്ചത്. ചാരക്കേസ് നിമിത്തം കരുണാകരന്‍ ഇടയ്ക്ക് സ്ഥാനമൊഴിഞ്ഞ് ആന്റണി മുഖ്യമന്ത്രിയായതടക്കമുള്ള പ്രശ്‌നങ്ങളില്‍പ്പെട്ട് യു.ഡി.എഫ്. ഉഴലുമ്പോള്‍ എല്‍.ഡി.എഫ്. വരുമെന്ന് ഉറപ്പായിരുന്നു. വരികയും ചെയ്തു. പക്ഷേ, മാരാരിക്കുളത്ത് വി.എസ്. തോറ്റു. കോണ്‍ഗ്രസ്സിന്റെ പി.ജെ.ഫ്രാന്‍സിസ് 1,965 വോട്ടുകള്‍ക്കാണ് വി.എസ്സിനെ അട്ടിമറിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ചത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സല്ല, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. വി.എസ്സിനെ വാരിക്കിടത്തി. അങ്ങനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന പാര്‍ട്ടി സെക്രട്ടറി ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി. തലശ്ശേരിയില്‍ നിന്ന് പിന്നീടദ്ദേഹം നിയമസഭയിലെത്തി. മാരാരിക്കുളത്തെ ചതിക്കു ശേഷം പിന്നെ വി.എസ്. ആലപ്പുഴ ജില്ലയില്‍ മത്സരിച്ചിട്ടില്ല.
2001ലും വി.എസ്. തന്നെ നയിച്ചു. അദ്ദേഹം മലമ്പുഴയിലെത്തിയത് ആ വര്‍ഷമാണ്. സാമാന്യം നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചു. പക്ഷേ, ഭരണം യു.ഡി.എഫിന്. വീണ്ടും പ്രതിപക്ഷ നേതാവാകാനായിരുന്നു വി.എസ്സിന്റെ വിധി. പാര്‍ട്ടി ജയിക്കുമ്പോള്‍ സ്വയം തോല്‍ക്കുകയും സ്വയം ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന നേതാവെന്ന് എല്ലാവരും വി.എസ്സിനെ ആക്ഷേപിച്ചു. അത്തവണയാണ് വി.എസ്സില്‍ പരിണാമം ദൃശ്യമായിത്തുടങ്ങുന്നത്. എല്ലാവിധ ജനകീയ പ്രശ്‌നങ്ങളുമേറ്റെടുത്ത് മുന്നില്‍ നിന്നു നയിക്കുകയും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന ഉശിരന്‍ പ്രതിപക്ഷ നേതാവ്. അത്തവണയും പകുതി വഴിക്ക് യു.ഡി.എഫില്‍ ഭരണമാറ്റമുണ്ടായി. ആന്റണി മാറി ഉമ്മന്‍ ചാണ്ടി വന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സ്വീകാര്യനാവുമ്പോള്‍ മറുഭാഗത്ത് പാര്‍ട്ടി നേതൃത്വവുമായി വി.എസ്. അകലുകയായിരുന്നു. 2006ല്‍ വി.എസ്. മുഖ്യമന്ത്രിയായിക്കാണാന്‍ ജനങ്ങള്‍ ആഗ്രഹിച്ചപ്പോള്‍ പാര്‍ട്ടിയുടെ അഭിപ്രായം മറിച്ചായിരുന്നു, സീറ്റില്ല. വലിയ പ്രതിഷേധങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഒടുവില്‍ വി.എസ്. സ്ഥാനാര്‍ത്ഥിയായി. എതിര്‍ത്തവരെല്ലാം അദ്ദേഹത്തിനെ പ്രചാരണനായകനാക്കി. ഒടുവില്‍ പാര്‍ട്ടി ജയിച്ചപ്പോള്‍ വി.എസ്സും ജയിച്ചു, മുഖ്യമന്ത്രിയായി. അഞ്ചു വര്‍ഷം തരക്കേടില്ലാത്ത ഭരണമാണ് കാഴ്ചവെച്ചത്. 2011ലെ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനു സാദ്ധ്യതയുണ്ടെന്നു വിലയിരുത്തപ്പെട്ടു. പക്ഷേ, സി.പി.എമ്മില്‍ 2006 ആവര്‍ത്തിക്കുന്നതാണ് കണ്ടത്, വി.എസ്സിന് സീറ്റില്ല. പക്ഷേ, ഒടുവില്‍ വി.എസ്സിനെ മലമ്പുഴയില്‍ മത്സരിപ്പിക്കേണ്ടി വന്നു. ഭരണത്തുടര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടായിരുന്നുവെങ്കിലും സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളില്‍ വന്ന ചില പിഴവുകള്‍ നേരീയ വ്യത്യാസത്തില്‍ യു.ഡി.എഫിന് ജയം സമ്മാനിച്ചു. വി.എസ്. പ്രതിപക്ഷ നേതാവ്.
ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു 2016. മലമ്പുഴയിലേക്ക് മറ്റൊരു പേരു പോലും ഉയര്‍ന്നില്ല. വി.എസ്. മത്സരിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം കരുക്കള്‍ നീക്കി വിവാദങ്ങള്‍ ഒഴിവാക്കി. വി.എസ്സിനൊപ്പം പിണറായി വിജയനും മത്സരിക്കാനിറങ്ങി. യു.ഡി.എഫിനേറ്റ കനത്ത അടിയായിരുന്നു തീരുമാനം. വി.എസ്സിന്റെയും പിണറായിയുടെയും നേതൃത്വത്തിലുള്ള രണ്ടു ചേരികളായി സി.പി.എം. വിഘടിച്ചുനില്‍ക്കുന്നതായിരുന്നു അവര്‍ക്കു താല്പര്യവും നേട്ടവും. ആ പ്രതീക്ഷ തകര്‍ന്നപ്പോള്‍ വി.എസ്സിനെയും പിണറായിയെയും തമ്മിലടിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പരമാവധി ശ്രമിച്ചു. അതിനായി ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടു വന്നു. അര്‍ത്ഥഗര്‍ഭമായ മൗനം അവലംബിച്ച വി.എസ്. കുടുക്കില്‍ വീണില്ല. വി.എസ്സും പിണറായിയും ഒരേ വഞ്ചിയില്‍ ഒരേ ദിശയില്‍ തുഴയുന്നു എന്നതാണ് എല്‍.ഡി.എഫിന്റെ കരുത്ത്. പ്രചാരണച്ചുമതല ഇരു നേതാക്കളും പങ്കിട്ടെടുത്തു. പിണറായിയുടെ മണ്ഡലത്തില്‍ വി.എസ്സും വി.എസ്സിന്റെ മണ്ഡലത്തില്‍ പിണറായിയും വോട്ടു ചോദിച്ചെത്തി. അഭിമാനാര്‍ഹമായ വിജയം നല്‍കണമെന്ന് ഇരുവരും പരസ്പരം അഭ്യര്‍ത്ഥിച്ചു. ഐകമത്യം മഹാബലമാകുന്ന ഈ മാറ്റത്തിനൊപ്പം വി.എസ്. തലയുയര്‍ത്തി നില്‍ക്കുന്നത് വിജയത്തിലേക്കുള്ള വഴിയാണ്. അത് അപകടമാണെന്ന് യു.ഡി.എഫ്. തിരിച്ചറിയുന്നു. മലമ്പുഴയില്‍ വി.എസ്സിനെ കാത്തിരിക്കുന്ന വാരിക്കുഴികളെക്കുറിച്ച് അവര്‍ വാചാലരാവുന്നതും വെറുതെയല്ല.
പിന്‍കുറിപ്പ്: ഇതിനെല്ലാമപ്പുറം ചില യുക്തികളുണ്ട്. 2016ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആരാവും എന്ന ചോദ്യത്തിന് മടിച്ചുമടിച്ചാണെങ്കിലും പിണറായി വിജയന്‍ എന്ന മറുപടിയാണ് എന്നിലെ ജേര്‍ണലിസ്റ്റ് പറയുക. ഹൃദയം വി.എസ്. എന്നു പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തലച്ചോര്‍ പിണറായിക്കൊപ്പമാണ്.
Dear Sir,
Before 2 decades Mathrubhumi published an article about Sri.Pinarai Vijayan, admiring him as an efficient minister for electricity. If possible kindly post a copy of it.
Very good analysis.
Dear Syamlal. Excellent article. Pure facts and no fabrication. Treat reading your coloumns.