Reading Time: 6 minutes

കേരളത്തില്‍ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പഞ്ചായത്തുകളില്‍ ഒന്ന്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശം. നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട സ്ഥാനം. അതാണ് പെരിങ്ങമല. എന്നാല്‍, ഈ പെരിങ്ങമലയ്ക്ക് നമ്മള്‍ നഗരവാസികള്‍ ‘സമ്മാനിക്കാന്‍’ ഒരുങ്ങുന്നത് എന്താണെന്നോ? മാലിന്യം!! അല്ല, മാലിന്യക്കൂമ്പാരം!!!

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി ആദ്യം രംഗത്തുവന്നത്. നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് അവര്‍ വാലും ചുരുട്ടി മടങ്ങി. ഇപ്പോഴിതാ സര്‍ക്കാര്‍ തന്നെ അവിടെയെത്തിരിക്കുന്നു -മാലിന്യത്തില്‍ നിന്നു വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതിയുമായി. വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതിയൊക്കെ നല്ലതു തന്നെ. പക്ഷേ, അത് പെരിങ്ങമലയില്‍ വേണ്ട. കാരണം, വൈദ്യുതി ലഭിക്കുന്നതിലുള്ള ലാഭത്തെക്കാള്‍ വലുതാണ് ആ മേഖലയിലുണ്ടാവുന്ന നഷ്ടം.

അഗസ്ത്യമലയുടെ താഴ്‌വാരം ഒരു അനുഭൂതിയാണ്. പൊന്നും മൂടി മല തരുന്ന ശുദ്ധമായ വായു. അഗസ്ത്യമലയില്‍ നിന്ന് വരുന്ന മരുന്നിന്റെ മണമുള്ള കാറ്റിന്റെ മേമ്പൊടി. ബ്രൈമൂറിലൂടെ ഒഴുകി വരുന്ന ചിറ്റാറിലെ ശുദ്ധജലം. ഈ പ്രദേശവുമായി എന്നെ അടുപ്പിച്ചത് യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുമെല്ലാം ഒപ്പമുണ്ടായിരുന്ന പ്രിയ സുഹൃത്ത് പി.ദീപുവാണ്. ചെയ്യുന്ന ഏതു കാര്യത്തിലും 100 ശതമാനം ആത്മസമര്‍പ്പണമുള്ള ഈ മനുഷ്യന്‍ ഓരോ ദിവസവും ഓരോ രീതിയില്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. പെരിങ്ങമല നേരിടാന്‍ പോകുന്ന ദുരവസ്ഥയില്‍ ദീപു അങ്ങേയറ്റം വേദനിക്കുന്നു. ആ വേദന എന്നിലേക്ക് പടര്‍ന്നിരിക്കുന്നു.

ഹ്യൂമന്‍സ് സംഘം പെരിങ്ങമലയില്‍

പെരിങ്ങമലയെ ഞാന്‍ അടുത്തറിയുന്നത് അടുത്തിടെയാണ്. ഹ്യൂമന്‍സ് എന്ന ഞങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആ പ്രദേശത്ത് പോയതെങ്കിലും ആദ്യ യാത്രയില്‍ത്തന്നെ അവിടവുമായി പ്രണയത്തിലായി. പിന്നെ പല തവണ പോയി. കുടുംബത്തെയും കൊണ്ടു പോയി. അവിടെ താമസിച്ചു. ഇനിയും പോകും. ആദിവാസകളുമായി ബന്ധം സ്ഥാപിച്ചു. അവരുടെ സ്‌നേഹമറിഞ്ഞു. ആദിവാസി കുട്ടികള്‍ പഠിക്കുന്ന ഇടിഞ്ഞാല്‍ ട്രൈബല്‍ ഹൈസ്‌കൂളുമായി ബന്ധപ്പെട്ട് ചില പ്രവര്‍ത്തനങ്ങള്‍ ഹ്യൂമന്‍സ് ഏറ്റെടുത്തിട്ടുണ്ട്. അതിനാല്‍ യാത്രകള്‍ പതിവായിരിക്കുന്നു. യാത്രകള്‍ സ്‌കൂള്‍ പദ്ധതിയുടെ പേരിലാണെങ്കിലും ലക്ഷ്യം പ്രകൃതിയുടെ മടിത്തട്ടില്‍ ഊളിയിടുക എന്നതു തന്നെ.

ഹ്യൂമന്‍സ് സംഘം പെരിങ്ങമലയില്‍

പെരിങ്ങമലയെ ആശങ്കയിലാക്കിയ ആ വാര്‍ത്ത വന്നത് നിയമസഭയില്‍ നിന്നാണ്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന 6 പ്ലാന്റുകള്‍ തുടങ്ങുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞത് നിയമസഭയിലാണ്. പെരിങ്ങമല, കുരീപ്പുഴ, ലാലൂര്‍, കഞ്ചിക്കോട്, പാണക്കാട്, ചേലോറ എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. പെരിങ്ങമല പഞ്ചായത്തില്‍ അഗ്രിഫാമിനുള്ളിലെ ഏഴാം ബ്ലോക്കില്‍പ്പെട്ട 15 ഏക്കറിലാണ് പ്ലാന്റ് വരിക. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണിവിടം. അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ കോര്‍ ഏരിയ.

പുലി, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, മുള്ളന്‍പന്നി, കാട്ടുപന്നി, കരടി തുടങ്ങിയ മൃഗങ്ങളും വേഴാമ്പലടക്കമുള്ള പക്ഷികളും വിവിധയിനം തുമ്പികളും ഉഭയജീവികളും ഒക്കെ അധിവസിക്കുന്ന അതീവ ജൈവവൈവിധ്യ പ്രാധാന്യമുള്ള ഈ പ്രദേശം ആനകളുടെ പ്രജനനകേന്ദ്രം കൂടിയാണ്. കാട്ടുജാതിക്ക മുതല്‍ അനേകം അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍, പൂമ്പാറ്റകള്‍, വന്യജീവികള്‍, പക്ഷികള്‍ എന്നിവയെല്ലാം സമൃദ്ധിയോടെ ജീവിച്ച് വളരുന്നയിടം. ഇരവികുളത്ത് ഉള്ളതിനേക്കാള്‍ പുഷ്ടിയുള്ള വരയാടുകള്‍ കാണപ്പെടുന്ന പ്രദേശമാണിത്. മലമുഴക്കി വേഴാമ്പല്‍, കടുവ, കാട്ടുപോത്ത് തുടങ്ങിയ ഒട്ടേറെ ജീവജാലങ്ങളുടെ ആവാസമേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശവുമാണ്.

തനത് ആദിവാസികള്‍ യഥേഷ്ടം സൈ്വരമായി ജീവിക്കുന്ന മണ്ണ്. മാര്‍ത്താണ്ഡവര്‍മ്മ രാജാവിനെ എട്ടു വീട്ടില്‍ പിള്ളമാരുടെ കൈകളില്‍ നിന്ന് രക്ഷപ്പെടുത്തി ഗുഹയ്ക്കുള്ളില്‍ കൊണ്ട് പോയി സംരക്ഷിച്ചതിന്റെ പാരിതോഷികമായി 32 കാണിയിടം ചെമ്പ് പട്ടയമായി ആദിവാസികള്‍ക്ക് സസുഖം വേട്ടയാടിയും കൃഷി ചെയ്തും ജീവിക്കാന്‍ നല്‍കിയത് എന്നു പറയപ്പെടുന്ന പ്രദേശം. ഒരുപറക്കരിക്കകം, പന്നിയോട്ട് കടവ്, മുല്ലച്ചല്‍ എന്നീ പട്ടികവര്‍ഗ്ഗ കോളനികളും പേത്തലക്കരിക്കകം, വെങ്കട്ട, അടിപ്പറമ്പ് എന്നീ പട്ടികജാതി കോളനികളിലുമായി നന്മയുടെ പ്രതീകങ്ങളായ ആദിവാസികള്‍ സൈ്വരമായി ജീവിക്കുന്നു.

രാജഭരണകാലത്ത് ആദിവാസികള്‍ക്ക് കൃഷി ചെയ്യാന്‍ കൊടുത്ത ഭൂമി 1960ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഗ്രിഫാമാക്കി. അപ്പോള്‍ തന്നെ പുറത്തായ ആദിവാസികളെ മേഖലയില്‍ നിന്ന് ആട്ടിയോടിക്കാനേ ഈ പദ്ധതിക്ക് സാധിക്കൂ. പദ്ധതിക്കുദ്ദേശിച്ച സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ അറുപത്തഞ്ചോളം വാഴയിനങ്ങളുണ്ട്. ആദിവാസികള്‍ മാത്രം കൃഷി ചെയ്യുന്ന ഒറ്റമുങ്കൂലി എന്ന പേരിലുള്ള വാഴയിനം പോലും ആ ഫാമിലുണ്ട്. 5,000 ഇനത്തിലുള്ള 50,000 സ്പീഷീസ് ഉള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഇതിനോടു ചേര്‍ന്നാണ്. ഇവയെയെല്ലാം പ്ലാന്റിന്റെ പ്രവര്‍ത്തനം ബാധിക്കും.

ആദിവാസി ജനതയുടെ ഒരു ആരാധനാകേന്ദ്രവും ഈ പദ്ധതി പ്രദേശത്തില്‍ ഉള്‍പ്പെടുന്നു. മേഖലയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമായ ഒരുപറക്കുന്നിലാണ് പ്ലാന്റ് വരാന്‍ പോകുന്ന ഭൂമി. ഇവിടെ ഖരമാലിന്യങ്ങള്‍ കൂട്ടിയിടുന്നതു വഴിയുണ്ടാവുന്ന മലിനജലം താഴെയുള്ള ഒരുപറ സെറ്റില്‍മെന്റ് കോളനികളിലേക്കാവും ഒഴുകി ചെല്ലുക. ഇരുന്നൂറിലധികം ആദിവാസി കുടുംബങ്ങളാണ് സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്നത്. വന്‍ മാലിന്യക്കൂമ്പാരം ഒരുപറക്കുന്നില്‍ വന്നടിയുന്നതോടെ ഇവരുടെ ജീവിതം ദുസ്സഹമാവുമെന്നുറപ്പ്.

വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാര്‍ നദി ഈ പ്രദേശത്തെ ചുറ്റിയാണ് ഒഴുകുന്നത്. വെറും 200 മീറ്റര്‍ അകലെ 12 മീറ്റര്‍ വീതിയിലൊഴുകുന്നു. ചിറ്റാര്‍ നദിയിലെ ഇറച്ചിപ്പാറ വെള്ളചാട്ടത്തിനും നിരവധി നീരൊഴുക്കുകള്‍ക്കും തൊട്ടടുത്ത്. ചിറ്റാര്‍ നദിയിലെ വെള്ളമാണ് പ്രദേശത്തുള്ളവര്‍ കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. മലിനജലം ഒഴുകി ചിറ്റാറിലേക്കെത്തിയാല്‍ അതോടെ പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സ് മലിനമാവും. ചിറ്റാര്‍ ഒഴുകി ചെന്നുചേരുന്ന വാമനപുരം നദിയില്‍ 38 കുടിവെള്ള പദ്ധതികളാണുള്ളത്. ചിറയന്‍കീഴ് താലൂക്കിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ ജലസ്രോതസ്സിനെയാണ്. ഇങ്ങനെയെല്ലാം നോക്കിയാല്‍ ജനജീവിതത്തിന് അത്യന്താപേക്ഷിതമായ സംവിധാനങ്ങള്‍ക്കൊക്കെ വലിയരീതിയില്‍ നാശമുണ്ടാക്കിക്കൊണ്ടായിരിക്കും മാലിന്യം ഇവിടേക്കെത്തുക.

ഹ്യൂമന്‍സ് സംഘം ഓടുചുട്ടപടുക്കയില്‍

ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ മിരിസ്റ്റിക്ക സ്വാമ്പ് എന്ന ശുദ്ധജല ചതുപ്പിലാണ് പാലോടിനടുത്ത് ഓടുചുട്ടപടുക്കയില്‍ ഐ.എം.എ. ആസ്പത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങിയത്. പെരിങ്ങമലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ. ജൈവസമ്പത്താല്‍ സമ്പുഷ്ടമായ, വന്യമൃഗങ്ങളുടേയും ചെറുജീവികളുടേയും ആവാസ-പ്രജനന മേഖലയായ വനഭൂമിയില്‍ പ്ലാന്റ് വരുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ ഫലമായി ആ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. മട്ടു മാത്രമേയുള്ളൂ എന്നെടുത്തു പറയണം, ഇപ്പോഴും ഉറപ്പായിട്ടില്ല. അതിനിടെയാണ് പുതിയ മാലിന്യ വൈദ്യുതി പ്ലാന്റുമായി സര്‍ക്കാര്‍ എത്തുന്നത്. ഇതാവാമെങ്കില്‍ അതെന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്ത ഐ.എം.എയിലുണര്‍ന്നാല്‍ തെറ്റുപറയാനാവില്ല.

ഹ്യൂമന്‍സ് സംഘം ഓടുചുട്ടപടുക്കയില്‍

നിര്‍ദ്ദിഷ്ട പ്ലാന്റിനെക്കുറിച്ച് വിശദീകരിക്കാന്‍ വളരെയെളുപ്പമാണ്!! ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് സിന്തറ്റിക് ഗ്യാസ് ആക്കി മാറ്റും. ആ ഗ്യാസ് കത്തിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കും. ആ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉണ്ടാക്കും. ഇതാണ് പദ്ധതി. തിരുവനന്തപുരം നഗരപ്രദേശത്തെ 35 കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലത്തുനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ പെരിങ്ങമലയില്‍ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഹ്യൂമന്‍സ് സംഘം ഓടുചുട്ടപടുക്കയില്‍

പദ്ധതിക്കായി സര്‍ക്കാര്‍ ഒരു രൂപ പോലും മുതല്‍മുടക്കില്ല. മാലിന്യം ശേഖരിക്കുന്നതും തരംതിരിക്കുന്നതും അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതുമെല്ലാം കരാര്‍ ഏറ്റെടുക്കുന്ന ഏജന്‍സിയുടെ ഉത്തരവാദിത്വമാണ്. ഇതിനൊക്കെ ചെലവാകുന്ന തുക വൈദ്യുതി വിറ്റ് കിട്ടുന്ന പണം കൊണ്ട് കരാറുകാര്‍ക്ക് തിരിച്ചുപിടിക്കാം. സംഗതി വളരെ ലളിതമാണ്. പക്ഷേ, ഈ ലാളിത്യത്തിനപ്പുറത്ത് ഗൗരവത്തോടെ ഉയരുന്ന ചില വലിയ ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല എന്നത് വളരെ വലിയ പ്രശ്‌നം തന്നെയാണ്.

ഖരമാലിന്യങ്ങള്‍ സിന്തറ്റിക് ഗ്യാസ് ആക്കി മാറ്റുമ്പോള്‍ ഫലമായി ഉണ്ടാകുന്ന സ്ലറി എന്തുചെയ്യും? സംസ്‌കരിക്കാനെത്തുന്ന മാലിന്യത്തില്‍ നിന്നുണ്ടാകുന്ന മലിനജലം എവിടെ ഒഴുക്കിവിടും? വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും മഴ പെയ്യുന്ന പശ്ചിമഘട്ടത്തിന്റെ അടിവാരമാണിവിടം എന്നു മറക്കരുത്. വ്യക്തമായി തരംതിരിക്കാതെ കൊണ്ടുവരുന്ന മാലിന്യങ്ങളിലെ പ്ലാസ്റ്റിക്കുകള്‍ എന്തുചെയ്യും? പ്ലാന്റ് പ്രവര്‍ത്തനം നിമിത്തം താപവ്യതിയാനവും അന്തരീക്ഷ ഊഷ്മാവിന് വ്യത്യാസവും വരും. ഇതു നിമിത്തം ആനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആവാസ മേഖലയായ ഈ പ്രദേശത്തുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എങ്ങനെ പരിഹരിക്കും? പര്‍വ്വതചരിവുകളില്‍ നിന്ന് വരുന്ന കുമിലസ് മേഘങ്ങളിലും മൂടല്‍മഞ്ഞിലും പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയും പൊടിപടലങ്ങളും ചേര്‍ന്ന് രൂപപെടുന്ന സ്‌മോഗ് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാവില്ലേ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍.

എന്തെല്ലാം മുന്‍കരുതലുകളെടുക്കും എന്ന് പറഞ്ഞാലും കേരളത്തില്‍ ഒരു മാലിന്യസംസ്‌ക്കരണ പ്ലാന്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നത് വിളപ്പില്‍ശാലയുടെ അനുഭവത്തില്‍ നിന്നു തെളിഞ്ഞിട്ടുള്ളതാണ്. മാലിന്യം സംസ്‌കരിച്ച് വളമാക്കുക എന്ന പദ്ധതിയാണ് അവിടെ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചത്. എന്നാല്‍ മാലിന്യം കുന്നുകൂടി ജനജീവിതം ദുരിതമായി. ആ പ്രദേശത്തെ ജനങ്ങള്‍ പലതരത്തില്‍ ഒറ്റപ്പെട്ടു. നിരന്തര പോരാട്ടത്തിനൊടുവില്‍ ആ പ്ലാന്റ് പൂട്ടിയെങ്കിലും അതു സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പെരിങ്ങമല പോലെ പാരിസ്ഥിതികമായി പ്രാധാന്യമുള്ള പ്രദേശത്ത് അത്തരം പ്രത്യാഘ്യാതങ്ങള്‍ക്ക് പതിന്മടങ്ങ് വ്യാപ്തിയുണ്ടാകും.

സര്‍ക്കാര്‍ പദ്ധതിയാണെങ്കിലും ഇതിന് ചെറിയൊരു നിയമവിരുദ്ധ വശമുണ്ട്. പ്ലാന്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ വ്യത്യാസത്തിലാണ് വനഭൂമിയുള്ളത്. അവിടെ നിന്നുള്ള വന്യജീവികള്‍ പലപ്പോഴും പെരിങ്ങമല മേഖലയിലും എത്താറുണ്ട്. 10 കിലോമീറ്ററിനുള്ളിലാണ് ശെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രം. കേന്ദ്രനിയമം അനുസരിച്ച് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ 10 കിലോമീറ്ററില്‍ താഴെയുള്ള പ്രദേശങ്ങള്‍ പരിവര്‍ത്തനപ്പെടുത്താനാവില്ല. അങ്ങനെ വന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്.

ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദനം എന്നത് പല ലോകരാജ്യങ്ങളിലും പരാജയപ്പെട്ട ഒരു മാര്‍ഗമാണ്. വെള്ളവും വായുവും മലിനപ്പെടുത്തി അത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന്റെ സാംഗത്യം എന്തെന്ന ചോദ്യത്തിനും ഉത്തരമില്ല. ഇനി ഈ പ്ലാന്റ് വന്നാല്‍ വൈദ്യുതി വരുമെന്നു സമ്മതിച്ചാല്‍ തന്നെ ഒപ്പം മറ്റു പലതും വരും എന്നതു കൂടി അംഗീകരിക്കണം. മാലിന്യവുമായി വരുന്ന ടിപ്പറുകള്‍ വരുന്ന വഴികള്‍ തൊട്ട് ദുര്‍ഗന്ധം വമിക്കും. വാമനപുരം നദിയില്‍ ചേര്‍ന്ന് കടലോളമെത്തുന്ന പുഴകള്‍ മരിക്കും. ഭൂമിയില്‍ അവശിഷ്ടങ്ങള്‍ കൊത്തി പറക്കുന്ന പറവകള്‍ ആകാശം കീഴടക്കും. പെരും തേന്‍ മല പെരും ഈച്ച മലയാകും. ഭൂമിയുടെ വില കുറയും, മനുഷ്യരുടെയും.

അവശേഷിക്കുന്ന വനഭൂമിയുടെ ഹൃദയത്തില്‍ കൊണ്ട് നഗരമാലിന്യങ്ങള്‍ തള്ളാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍കയ്യെടുക്കേണ്ട സര്‍ക്കാര്‍ തന്നെ അതു ചെയ്യുന്നു. എന്നിട്ട് അതിനെ വികസനമെന്നു വിളിക്കുന്നു. വികസനമെന്നാല്‍ പുതിയ പദ്ധതികള്‍ മാത്രമല്ല. വികസനമെന്നാല്‍ നിലവിലുള്ള സാഹചര്യങ്ങള്‍ സംരക്ഷിക്കുന്നതു കൂടിയാവണം. പെരിങ്ങമലയെ നമുക്ക് വേണം, ഇന്നത്തെ അതേ രൂപത്തില്‍. അതിനായി നമുക്ക് ഒരുമിക്കാം.

ചിത്രങ്ങള്‍: സാലി പാലോട്

 


പിന്‍കുറിപ്പ്: തെറ്റിയാര്‍, കിള്ളിയാര്‍ എന്നിവ വീണ്ടെടുക്കാന്‍ കോടികളാണ് സര്‍ക്കാര്‍ മുടക്കുന്നത്. കിള്ളിയാര്‍ ഒരുമ തന്നെ ഉദാഹരണം. വളരെ നല്ല കാര്യം. അതേ സര്‍ക്കാര്‍ തന്നെയാണ് മറുവശത്ത് ഇപ്പോള്‍ ചിറ്റാര്‍ നദിയുടെ മരണമണി മുഴക്കുന്നത്. ന്യായീകരിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും.

Previous articleഅഭിമന്യുവിനെ എന്തിന് കൊന്നു?
Next articleമാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here