HomeINTERNATIONALബലോചിസ്ഥാന്റെ...

ബലോചിസ്ഥാന്റെ വേദനകള്‍

-

Reading Time: 5 minutes

പാകിസ്താനെ അടിക്കാനുള്ള ഇന്ത്യന്‍ വടി എന്ന നിലയിലാണ് ബലോചിസ്ഥാനെ നാമറിയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ബലോചിസ്ഥാന്‍ വിഷയം വീണ്ടും ലോകശ്രദ്ധയിലെത്തിച്ചത് എന്നതും ശരി തന്നെ. ഇന്ത്യ ഉന്നയിച്ചു എന്നതുകൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണോ ബലോചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം? അല്ല തന്നെ. ഇത് പാകിസ്താനെതിരെ ഇന്ത്യ ഉന്നയിച്ച വെറും ആരോപണമല്ല, നടുക്കുന്ന സത്യമാണ്. ആഗോളതലത്തില്‍ വിവിധ ബലോച് ഗ്രൂപ്പുകള്‍ ഇത് ഉന്നയിക്കാന്‍ ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. ബലോചിസ്ഥാനില്‍ പാക് സൈന്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്നത് വംശഹത്യയാണ്. ബലോചികളുടെ പരിദേവനങ്ങള്‍ ലോകത്തിന്റെ കര്‍ണ്ണങ്ങളില്‍ കൂടുതല്‍ ഉച്ചത്തില്‍ പതിക്കാന്‍ ഇന്ത്യയുടെ പിന്തുണ കാരണമായിട്ടുണ്ട് എന്നു മാത്രം.

Baloch Map.jpg

പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് തെക്കു-പടിഞ്ഞാറുള്ള ബലോചിസ്ഥാന്‍. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ഈ പ്രവിശ്യ പക്ഷേ ആ രാജ്യത്തെ ഏറ്റവും ദരിദ്ര മേഖലയാണ്. പാകിസ്താന്‍ എന്ന ഇസ്ലാമിക രാഷ്ട്രത്തിലെ മതനിരപേക്ഷ ജനതയാണ് ബലോചികള്‍. എന്തുകൊണ്ടോ പാകിസ്താനിലെ ‘ജനാധിപത്യ’ സര്‍ക്കാരുകള്‍ എന്നും ബലോചികള്‍ക്ക് എതിരായിരുന്നു. മറുഭാഗത്ത്, തുടരുന്ന പാക് സൈനിക നടപടികളില്‍ ഇവിടത്തെ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പഞ്ചാബികള്‍ക്ക് മേല്‍ക്കൈയുള്ള പാക് സേന ബലോചികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതായാണ് ആക്ഷേപം. അത് ഒരു പരിധി വരെ സത്യവുമാണ്. 1948-52, 1958-60, 1962-63, 1973-77 വര്‍ഷങ്ങളിലെല്ലാം ബലോചിസ്ഥാനില്‍ പാക് സൈനിക നടപടിയുണ്ടായി. ഏറ്റവും ഒടുവിലത്തേത് 2005ല്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്നു. താലിബാനെ നേരിടാന്‍ എന്ന പേരില്‍ അമേരിക്കയില്‍ നിന്നു സ്വന്തമാക്കിയ ആയുധങ്ങള്‍ മുഴുവന്‍ പാകിസ്താന്‍ പ്രയോഗിച്ചതും ഇപ്പോള്‍ പ്രയോഗിക്കുന്നതും ബലോചിസ്ഥാനിലാണ്. ഒട്ടുമിക്ക അവസരങ്ങളിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരപരാധികള്‍.

ബലോചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനോ നേതാക്കളെ പിടികൂടാനോ പാക് സൈന്യത്തിന് സാധിച്ചിട്ടില്ല. അതിന്റെ നിരാശ അവര്‍ തീര്‍ക്കുന്നത് എളുപ്പം പിടികൂടാവുന്ന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ബുദ്ധിജീവികള്‍, അഭിഭാഷകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു നേരെയാണ്. നിര്‍ബന്ധിത അപ്രത്യക്ഷമാകലുകള്‍ ഇവിടെ തുടര്‍ക്കഥയാണ്. പ്രായഭേദമന്യേ ആളുകള്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് അപ്രത്യക്ഷരാവുന്നു. മാസങ്ങളോ ഒരു പക്ഷേ വര്‍ഷങ്ങളോ അവരെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല. ഇത്തരത്തിലുള്ള ഒട്ടുമിക്ക കേസുകളിലും ഒടുവില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായ, ബുള്ളറ്റുകള്‍ തുളഞ്ഞുകയറിയ, പലപ്പോഴും തിരിച്ചറിയാനാവാത്ത തരത്തിലുള്ള മൃതദേഹങ്ങള്‍ ഒരു ദിവസം പാതയോരത്തു നിന്ന് കണ്ടെത്തും. ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷണലും ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ബലോചിസ്ഥാനിലെ അവസ്ഥയെ പാകിസ്താന്‍ നടപ്പാക്കുന്ന ‘കൊന്നു തള്ളല്‍’ അഥവാ ‘KILL & DUMP’ പദ്ധതി എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിക്കുന്നത്.

cs9djcdxgaangdf

ബലോചിസ്ഥാന്റെ അസ്തിത്വത്തിനായി വാദിക്കുന്നവരെ കടുത്ത ഭീഷണി, അറസ്റ്റ്, മാനസികവും ശാരീരികവുമായ കൊടിയ പീഡനം എന്നിവ കാത്തിരിക്കുന്നു. രാഷ്ട്രീയ നേതാക്കളെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി തടങ്കലിലാക്കുക അവിടെ പതിവാണ്. സമാധാനപരമായ പൊതു പ്രകടനങ്ങളോ, അഭിപ്രായസ്വാതന്ത്ര്യമോ അവിടെയില്ല. അതേസമയം ബലോച് സ്വാതന്ത്ര്യവാദികളെ എതിര്‍ക്കുന്ന താലിബാന്‍ അനുകൂല പഷ്തൂണ്‍ ഗ്രൂപ്പുകള്‍ക്ക് ബലോചിസ്ഥാനില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. ഈ മതനിരപേക്ഷ ജനതയ്ക്കുമേല്‍ താലിബാന്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ സംഘടനയുടെ സഹായത്തോടെ അവര്‍ ശ്രമിക്കുന്നു.

baloch-map-1

പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവയുടെ ഒത്ത നടുവിലായി വരുന്ന മലനിരകളും മരുഭൂമിയുമടങ്ങുന്ന പ്രദേശമാണ് ബലോചിസ്ഥാന്‍. ഒരിക്കല്‍ സ്വതന്ത്ര രാഷ്ട്രമായിരുന്ന ഈ പ്രദേശം ഇന്ന് പാകിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കിടയിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ സ്വാതന്ത്ര്യദാഹത്തിന്റെ പേരില്‍ പ്രശ്‌നബാധിതം പാകിസ്താന്റെ കൈവശമുള്ള, അഥവാ പാകിസ്താന്‍ ബലമായി കൈയടക്കിവെച്ചിരിക്കുന്ന പ്രദേശമാണ്. പാക് അധീന കശ്മീര്‍ പോലെ തന്നെയാണ് ബലോചിസ്ഥാന്‍ എന്നര്‍ത്ഥം.

ബലോച് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാക്കണമെങ്കില്‍ ഇന്ത്യാ വിഭജന ചരിത്രം പരിശോധിക്കണം. 1947ല്‍ ഇന്ത്യയും പാകിസ്താനും രൂപമെടുക്കുന്ന വേളയില്‍ അന്ന് കലാട്ട് എന്നറിയപ്പെട്ടിരുന്ന ബലോചിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമായാണ് നിന്നത്. വിഭജനത്തിനു ശേഷം ഇന്ത്യയും കിഴക്കും പടിഞ്ഞാറുമായി നിന്ന പാകിസ്താനും മാത്രമല്ല, കലാട്ട് എന്നൊരു രാജ്യവും ഉണ്ടായിരുന്നു എന്നര്‍ത്ഥം. ബ്രിട്ടീഷുകാരുടെ പിന്മാറ്റത്തിലൂടെ ഇന്ത്യ, പാകിസ്താന്‍, കലാട്ട് എന്നീ സ്വതന്ത്ര രാജ്യങ്ങള്‍ പിറന്നകാര്യം ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രൂപമെടുത്ത ആദ്യ വര്‍ഷം പാകിസ്താന്‍ നടത്തിയത് ബലോച് ഗോത്ര നേതാക്കളെ വരുതിയിലാക്കാനും ഗോപ്യമായ പിന്‍വാതില്‍ ഇടപാടുകളിലൂടെ ബലോച് ഭൂമിയുടെ ഭാഗങ്ങള്‍ കൈയടക്കാനുമുള്ള ശ്രമങ്ങളാണ്. എന്നാല്‍, പാകിസ്താന്റെ നിര്‍ദ്ദേശം ബലോച് പാര്‍ലമെന്റിന്റെ ഉപരിസഭയും അധോസഭയും ഒരുപോലെ തള്ളി. ഇതേത്തുടര്‍ന്ന് 1948 മാര്‍ച്ച് 27ന് സൈനികശക്തിയാല്‍ കലാട്ടിനെ പാകിസ്താന്‍ പിടിച്ചടക്കി. പാകിസ്താന്റെ ഭൂവിസ്തൃതി ഇരട്ടിയാക്കുന്നതായിരുന്നു ആ പിടിച്ചടക്കല്‍.

ധാതുലവണങ്ങള്‍, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ നിക്ഷേപത്താല്‍ സമ്പുഷ്ടമാണ് ബലോച് ഭൂമി. അവിടം പിടിച്ചടക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. ഈ പ്രകൃതി വിഭവങ്ങളിലൂടെ പാകിസ്താന്‍ സ്വായത്തമാക്കിയ സമ്പത്ത് ഒരിക്കലും ബലോച് ജനതയുമായി തുല്യമായി പങ്കുവെയ്ക്കപ്പെട്ടില്ല. പാകിസ്താനിലെ ഏറ്റവും ശക്തമായ പ്രവിശ്യയായ പഞ്ചാബിന്റെ ഇന്ധനം മുഴുവന്‍ പോകുന്നത് ബലോചിസ്താനില്‍ നിന്നാണ്, 1953 മുതല്‍. തിരികെ എന്തു ലഭിച്ചു എന്നു ചോദ്യത്തിന് ഒന്നുമില്ല എന്നാണുത്തരം. ഭൂമിയും പ്രകൃതിവിഭവങ്ങളും കൈപ്പിടിയിലൊതുക്കിയെങ്കിലും അവിടത്തെ ജനതയെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഒരുകാലത്തും പാകിസ്താന്‍ തയ്യാറായില്ല എന്നു സാരം.

nawab-akbar-khan-bugti
അക്ബര്‍ ഖാന്‍ ബുഗ്തി

സാമ്പത്തിക അസമത്വം മാത്രമല്ല ബലോചിസ്ഥാനിലെ പ്രശ്‌നം, സാമൂഹികവും മതപരവും കൂടിയാണ്. മിതവാദത്തില്‍ അധിഷ്ഠിതമായ ഇസ്ലാമാണ് ബലോചിസ്ഥാനിലേത്. ദേശീയവാദത്തെ മറികടക്കാന്‍ അവിടെ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് തുടക്കം മുതല്‍ പാകിസ്താന്‍ സ്വീകരിച്ചു. ഇതിനൊപ്പം സര്‍ക്കാര്‍ പിന്തുണയോടെ നടന്ന മറ്റു പ്രവിശ്യകളില്‍ നിന്നുള്ള കൂട്ടക്കുടിയേറ്റം ബലോചികള്‍ക്ക് പഠിക്കാനും തൊഴില്‍ നേടാനുമുള്ള അവസരങ്ങള്‍ ഇല്ലാതാക്കി. ഇത് ബലോച് യുവതയ്ക്കിടയിലുണ്ടാക്കിയ കൊടിയ അസംതൃപ്തിയാണ് സ്വാതന്ത്ര്യവാദത്തിന് കരുത്തു പകര്‍ന്നത്.

balach-marri
ബലാച് മാരി

അബ്ദുള്‍ കരീം ബലോചിന്റെ നേതൃത്വത്തിലുണ്ടായ 1948ലെ ആദ്യ ബലോച് പ്രക്ഷോഭം രാഷ്ട്രീയ പരമാധികാരത്തിനു വേണ്ടിയായിരുന്നുവെങ്കില്‍ പില്‍ക്കാലത്തെ പ്രക്ഷോഭങ്ങള്‍ സ്വയംഭരണം, വികസനപ്രശ്‌നങ്ങള്‍, പ്രകൃതിവിഭവങ്ങളുടെ അവകാശം എന്നിവയ്ക്കു വേണ്ടിയായിരുന്നു. ബലോച് നേതാക്കളായ നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയെ 2006ലും ബലാച് മാരിയെ 2007ലും പാക് സൈന്യം കൊലപ്പെടുത്തിയതോടെ ബലോച് വിപ്ലവകാരികള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ല എന്ന നിലപാടിലേക്കെത്തി.

brahamdagh-bugti1
ബ്രഹംദാഗ് ബുഗ്തി

നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ ചെറുമകന്‍ ബ്രഹംദാഗ് ഖാന്‍ ബുഗ്തിയാണ് ബലോച് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഇപ്പോഴത്തെ പ്രതീകം എന്നു പറയാം. ബലോച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത് ഈ 34കാരനാണ്. പക്ഷേ, പാകിസ്താന് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത് ബലോചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ്. ബി.എല്‍.എയെ ഭീകരസംഘടനയായി പാകിസ്താനും ബ്രിട്ടനും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തന്നെ ബി.എല്‍.എ. നേതാവ് ഹൈര്‍ബയാര്‍ മാരിയെ ബ്രിട്ടന്‍ അഭയാര്‍ത്ഥിയായി സ്വീകരിച്ചിട്ടുമുണ്ട്.

ബി.എല്‍.എയ്ക്കു പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം പാകിസ്താന്‍ തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറിലും ജലാലാബാദിലുമുള്ള നയതന്ത്രകാര്യാലയങ്ങള്‍ ഇതിനായി ഇന്ത്യ വിനിയോഗിക്കുന്നുണ്ടെന്നും ആരോപിക്കുന്നു. ബി.എല്‍.എയ്ക്കുള്ള പിന്തുണയില്‍ ഇന്ത്യയുടെ കൂട്ടുപ്രതിയായി റഷ്യയെ ഐ.എസ്.ഐ. ചേര്‍ത്തിട്ടുമുണ്ട്. എന്നാല്‍, പാകിസ്താന്റെ സഖ്യരാഷ്ട്രമെന്നു പറയപ്പെടുന്ന അമേരിക്ക പോലും ഇത് അംഗീകരിക്കുന്നില്ല. 2013ല്‍ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജെയിംസ് ഡോബിന്‍സ് നടത്തിയ വിലയിരുത്തല്‍ തന്നെയാണ് ഇതിനു തെളിവ് -‘പാകിസ്താനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കാണ് ഭീകരരുടെ കടന്നുകയറ്റം നടക്കുന്നത്. ഒരു ഭാഗം തിരികെയും നടക്കുന്നുണ്ടാവാം. എന്നാല്‍, ഇതു സംബന്ധിച്ച പാകിസ്താന്റെ സംശയങ്ങള്‍ അതിരുകടന്നതാണ്.’ ലഷ്‌കര്‍-എ-ബലോചിസ്ഥാന്‍, ബലോച് ലിബറേഷന്‍ യുണൈറ്റഡ് ഫ്രണ്ട് എന്നീ സംഘടനകളും ബലോചിസ്ഥാന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നു.

ബലോചിസ്ഥാനിലെ നിയമവിരുദ്ധമായ തട്ടിക്കൊണ്ടുപോകലുകളും കൊലകളും മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്തകളാവുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ മേഖലയിലേക്ക് പാകിസ്താന്‍ പ്രവേശനം അനുവദിക്കുന്നില്ല എന്നതു തന്നെ കാരണം. ബലോചിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് ലോകശക്തികള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് വിക്കിലീക്ക്‌സ് രേഖകളും സ്ട്രാറ്റ്‌ഫോര്‍ ഇ-മെയിലുകളും തെളിയിക്കുന്നു. രാഷ്ട്രീയകാരണങ്ങളാല്‍ പലരും മൗനം അവലംബിച്ചിരുന്നു എന്നു മാത്രം. ആ മൗനം ഭഞ്ജിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതാണ് ഇപ്പോള്‍ ഇന്ത്യയും നരേന്ദ്ര മോദിയും നടത്തിയിരിക്കുന്ന ഇടപെടല്‍.

Baloch.jpg

ബലോചിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധയിലേക്ക് കൂടുതലായി വന്നു തുടങ്ങിയിരിക്കുന്നു. ബാനുക് ഷിറിന്‍ ബലോച് എന്ന വനിതയുടെ ട്വിറ്റര്‍ അക്കൗണ്ട് @Shirin_Baloch മാത്രം പരിശോധിച്ചാല്‍ മതി നടുക്കുന്ന തെളിവുകള്‍ക്കായി. ബലോചിസ്ഥാനില്‍ ഇന്ത്യയുടെ പരസ്യമായ ഇടപെടല്‍ അപകടമാണെന്ന പാകിസ്താന്റെ ഭീതി ശരിവെയ്ക്കുന്ന നടപടികള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ഉണ്ടാവുന്നു എന്നതും കാണണം. ബലോചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആ രാജ്യത്തിനെതിരെ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധമേര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാര്‍ഡ് സാര്‍നെക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബലോചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനീവയില്‍ നടന്ന മൗനപ്രതിഷേധത്തില്‍ അദ്ദേഹം നേരിട്ടു പങ്കെടുക്കുകയും ചെയ്തു.

Baloch 2.jpg

THE LINE OF FREEDOM

ബലോചിസ്ഥാനിലെ അവസ്ഥയിലേക്ക് കുറെയൊക്കെ വെളിച്ചം വീശുന്നതാണ് 2012ല്‍ പുറത്തുവന്ന ‘ദ ലൈന്‍ ഓഫ് ഫ്രീഡം’ എന്ന ഈ ഹ്രസ്വചിത്രം. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൂര്‍ദിന് മെംഗലും ഭവല്‍ മെംഗലും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ബ്രിട്ടീഷ് ചലച്ചിത്രകാരനായ ഡേവിഡ് വിറ്റ്‌നിയാണ്. പാക് സൈന്യം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാസിര്‍ ദഗാര്‍സായിയുടെ കഥ പറയുന്ന ഈ ചിത്രം മുന്നോട്ടുവെയ്ക്കുന്ന വലിയൊരു സത്യമുണ്ട് -‘ഏറ്റവും രഹസ്യമായി നടത്തുന്ന യുദ്ധങ്ങളാണ് ഏറ്റവും രക്തരൂക്ഷിതം’.

The Line Of Freedom (A True Story) – Pakistan’s Dirty War against Baloch – David Whitney, Noordin Mengal from GulZameen on Vimeo.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights