HomeACADEMICSഓര്‍മ്മകളുടെ ...

ഓര്‍മ്മകളുടെ ഇരമ്പം

-

Reading Time: 5 minutes

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കരുതാറുണ്ട്, ഒന്നു കയറി നോക്കിയാലോ. കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയാണോ? അതോ കാലം മാറ്റങ്ങള്‍ വരുത്തിയോ? സ്വയം വിലക്കും, വേണ്ട ആരെങ്കിലും ചോദിച്ചാല്‍ എന്താ പറയുക? രണ്ടു ദശകങ്ങള്‍ക്കു മുമ്പ് ഞാന്‍ ഇവിടെ പഠിച്ചിരുന്നു എന്നോ? ആ അവകാശവാദം അംഗീകരിച്ചുതരാന്‍ ഇപ്പോഴത്തെ തലമുറ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തയ്യാറായില്ലെങ്കിലോ?

പഴയ ആസ്ഥാനം -കോളേജ് യൂണിയന്‍ ഓഫീസ്‌
പഴയ ആസ്ഥാനം -കോളേജ് യൂണിയന്‍ ഓഫീസ്‌

പക്ഷേ, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് എന്നെ ഞാനാക്കിയ കോളേജിലേക്ക് കാറോടിച്ചു ചെല്ലുമ്പോള്‍ മനസ്സില്‍ അത്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് എനിക്ക് അവിടെ ധൈര്യമായി കടന്നുചെല്ലാം. കലാലയ മുത്തശ്ശിക്ക് 150 വയസ്സുതികയുന്ന മഹാമുഹൂര്‍ത്തം എങ്ങനെ ആഘോഷിക്കണമെന്നാലോചിക്കാന്‍ യോഗം വിളിച്ചിരിക്കുകയാണ്. യോഗത്തെക്കുറിച്ച് കേട്ടറിവ് മാത്രം വെച്ചാണ് എന്റെ വരവ്. വലിയ വലിയ ആളുകളെയൊക്കെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. സംഘാടകരുടെ കണ്ണില്‍പ്പെടാന്‍ മാത്രമുള്ള വലിപ്പം എനിക്കുണ്ടാകാത്തതു കൊണ്ട് പ്രത്യേക ക്ഷണമൊന്നുമില്ല. എന്റെ കൂട്ടുകാരും ഇതുപോലുള്ള സാധാരണക്കാര്‍. ഇപ്പോള്‍ പ്രമുഖരല്ലെങ്കിലും കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങളെക്കാള്‍ വലിയ പ്രമുഖരാരും അവിടെ ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.

കോളേജ് യൂണിയന്‍ ഓഫീസിനു മുന്നില്‍
കോളേജ് യൂണിയന്‍ ഓഫീസിനു മുന്നില്‍

ഞങ്ങള്‍ കൃത്യസമയത്തു തന്നെയെത്തി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് 150-ാം വാര്‍ഷികം ആഘോഷിക്കുന്നതു തന്നെ ഞങ്ങളുടെ തലമുറയുടെ പോരാട്ടവീര്യത്തിന്റെ ഫലമാണല്ലോ എന്ന ചിന്ത അധിക ഊര്‍ജ്ജം പകര്‍ന്നു. ഞങ്ങള്‍ അന്ന് പൊരുതാനിറങ്ങിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ നടക്കുക ഒരു സെവന്‍ സ്റ്റാര്‍ ബാര്‍ ഹോട്ടലിന്റെ രജത ജൂബിലി ആഘോഷമായിരുന്നേനെ. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന തത്ത്വമനുസരിച്ച് രാഷ്ട്രീയ ആരാച്ചാരന്മാര്‍ വിധിച്ച മരണശിക്ഷയില്‍ നിന്ന് 125 വയസ്സുള്ള മുത്തശ്ശിയെ രക്ഷിക്കാന്‍ കൈമെയ് മറന്ന് പൊരുതിയവരാണ് ഞങ്ങള്‍. ആ ഒരു അവകാശബോധം ഞങ്ങള്‍ക്ക് ഉള്‍ക്കരുത്തേകി. രാഷ്ട്രീയ കുടിലതന്ത്രത്തിന്റെ ഭാഗമായി പിറവിയെടുത്ത കാര്യവട്ടം ഗവണ്‍മെന്റ് കോളേജിന് 25 വയസ്സാകാറായി.

കുന്നുകുഴി മേയര്‍!! തിരുവനന്തപുരം മേയറെക്കാള്‍ പത്രാസാണ് 'കുന്നുകുഴി മേയര്‍' എന്ന അപരനാമധേയത്തിലറിയപ്പെടുന്ന കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ വിനു ഐ.പി. ബാഗും തൂക്കി നില്‍ക്കുന്ന അവനൊപ്പം ഞങ്ങളും
കുന്നുകുഴി മേയര്‍!!
തിരുവനന്തപുരം മേയറെക്കാള്‍ പത്രാസാണ് ‘കുന്നുകുഴി മേയര്‍’ എന്ന അപരനാമധേയത്തിലറിയപ്പെടുന്ന കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ വിനു ഐ.പി. ബാഗും തൂക്കി നില്‍ക്കുന്ന അവനൊപ്പം ഞങ്ങളും

കടന്നുചെല്ലുമ്പോള്‍ സ്വീകരണം ഹൃദ്യമായിരുന്നു. ഞങ്ങളുടെ പഴയ ക്യാമ്പസിലൂടെ നടന്നു. കണ്‍കുളിര്‍ക്കെ കണ്ടു. ഉള്ളില്‍ ഓര്‍മ്മകളുടെ ഇരമ്പം. ക്യാമ്പസിന്റെ പിന്‍ഭാഗത്തും വശങ്ങളിലുമുണ്ടായിരുന്ന കവാടങ്ങള്‍ ഇപ്പോഴില്ല. ഇപ്പോള്‍ മുന്നിലെ രണ്ടു കവാടങ്ങള്‍ മാത്രം. ഞങ്ങളുടെ കാലത്ത് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെയും വേദിയായിരുന്ന കോളേജ് യൂണിയന്‍ ഓഫീസില്‍ കയറി. സധൈര്യം കയറി വരുന്ന സീനിയര്‍മാരെ കണ്ടപ്പോള്‍ തന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് മനസ്സിലായി, മുമ്പ് ആ മുറിയുടെ അവകാശികളായിരുന്നവര്‍. അവര്‍ക്ക് നിറഞ്ഞ സ്‌നേഹവും ബഹുമാനവും. ചുമരിലെ ചെഗുവേരയുടെ വലിയ ചിത്രം പരിചിതഭാവത്തില്‍ ഞങ്ങളെ നോക്കി ചിരിച്ചു.

ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംഘാടക സമിതി പിറവിയെടുക്കുന്നു
ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സംഘാടക സമിതി പിറവിയെടുക്കുന്നു

യോഗത്തിനു സമയമായി. മുന്നില്‍ ഏ.ആര്‍.രാജരാജവര്‍മ്മയുടെ ശില്പത്തിനു മുന്നില്‍ എല്ലാവരും ഇരിക്കുന്നു. ഞങ്ങളുടെ കാലഘട്ടത്തിലുണ്ടായിരുന്ന അദ്ധ്യാപകരെ കണ്ടു. അവരില്‍ പഠിപ്പിച്ചവരും പഠിപ്പിക്കാത്തവരുമുണ്ട്. പരിചയം പുതുക്കി. ഞങ്ങള്‍ക്ക് എല്ലാ അദ്ധ്യാപകരുടെയും പേരറിയാം. അവര്‍ക്ക് തിരിച്ച് അങ്ങനെ ആവില്ലല്ലോ. അദ്ധ്യാപകന്‍ ഒരാള്‍ മാത്രം. വിദ്യാര്‍ത്ഥികള്‍ അസംഖ്യം. എങ്കിലും മുഖപരിചയമുണ്ട്. എല്ലാവര്‍ക്കും സന്തോഷം. അല്പം സൗഹൃദം കൂടുതലുണ്ടായിരുന്ന അദ്ധ്യാപകന്റെ കമന്റ് -‘പഴയ കില്ലാഡികളെല്ലാം ഉണ്ടല്ലോ’. ഫയലുമായി കുഞ്ഞനുജന്മാരും അനുജത്തിമാരും ഓടിനടക്കുന്നു. വന്നവര്‍ക്കെല്ലാം കോളേജുമായുള്ള ബന്ധവും വിലാസവും വ്യക്തമാക്കുന്ന ഫോറം പൂരിപ്പിക്കണം. കുറെ തടിമാടന്മാര്‍ ആര്‍ത്തട്ടഹസിച്ച്.കൂടിനില്‍ക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്കു ചെറിയൊരു മടി. ഒരു മിടുക്കി മാത്രം ഞങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറി ഫയല്‍ നീട്ടി. പിന്നാലെ ബാക്കിയുള്ളവരും എത്തി. ഫോറം പൂരിപ്പിക്കുന്ന വേളയില്‍ പരസ്പരമുള്ള കളിയാക്കലുകളും കുതികാല്‍വെട്ടുമെല്ലാം ഉച്ചത്തിലായതോടെ പലരും ഞങ്ങളെ ശ്രദ്ധിച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് പലരും കണ്ടുമുട്ടുന്നത്. ആ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ശബ്ദകോലാഹലം.

എന്നും പിന്‍നിരക്കാര്‍..
എന്നും പിന്‍നിരക്കാര്‍..
എന്നും പിന്‍നിരക്കാര്‍..
എന്നും പിന്‍നിരക്കാര്‍..

യോഗം തുടങ്ങാന്‍ സമയമായി. അനുജന്മാരും അനുജത്തിമാരും ഞങ്ങളെ കസേരകളിലേക്കു ക്ഷണിച്ചു. മുന്നില്‍ കുറെ ഒഴിഞ്ഞ കസേരകള്‍. ആദ്യം അവിടെ ഇരുന്നു. ഇരിപ്പുറയ്ക്കുന്നില്ല. മുന്നില്‍ ഇരുന്നു ശീലമില്ല. പതിയെ അവിടെ നിന്നു സ്‌കൂട്ടായി പിന്നിലെത്തി. അവിടെയും കസേരയില്‍ അധികനേരം ഉറച്ചില്ല. പിന്നിലേക്കിറങ്ങി. അവിടെ ഞങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിമാവ്. ക്ലാസ് കട്ട് ചെയ്ത് പുറത്തുചാടുമ്പോള്‍ ഞങ്ങള്‍ക്ക് ആശ്രയമായിരുന്നത് ആ മുത്തശ്ശിയുടെ തണലും കൈവരിയുമായിരുന്നു. ആ കൈവരിയില്‍ കിടന്ന് എത്രയോ ദിവസം ഉറങ്ങിയിരിക്കുന്നു. ഇന്ന് കൈവരിയില്ല. കാലത്തിന്റെ പ്രഹരം അതിജീവിക്കാനാവാതെ മുത്തശ്ശിമാവ് ഓര്‍മ്മയായിരിക്കുന്നു. ഇപ്പോഴുള്ളത് തിരുശേഷിപ്പ് മാത്രം. അതു കണ്ടപ്പോള്‍ മനസ്സില്‍ ചെറിയൊരു വിങ്ങല്‍.

മരണാസന്നയായ മുത്തശ്ശിമാവ്‌
മരണാസന്നയായ മുത്തശ്ശിമാവ്‌

യോഗം അതിന്റെ നടപടിക്രമങ്ങളിലൂടെ മുന്നോട്ടു നീങ്ങി. ഞങ്ങളുടെ തലമുറയില്‍ നിന്ന് പ്രതിനിധികളായി വേദിയിലുണ്ടായിരുന്നത് നടന്‍ കരമന സുധീറും നര്‍ത്തകി നീനാ പ്രസാദും. ബാക്കിയുള്ളവര്‍ പിന്നില്‍ ഞങ്ങളുടേതായ ലോകം സൃഷ്ടിച്ചു. പഴയ ഓര്‍മ്മകള്‍ അയവിറക്കി. ചിത്രങ്ങളെടുത്തു. ആ യോഗത്തില്‍ ഞങ്ങള്‍ക്ക് കാര്യമായ റോളില്ല എന്ന് നേരത്തേ ബോദ്ധ്യപ്പെട്ട കാര്യമായതിനാല്‍ ആശയക്കുഴപ്പം ഒട്ടുമുണ്ടായിരുന്നില്ല. എങ്കിലും ഉദ്ഘാടന പ്രസംഗം അല്പം നീണ്ടപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് വിസില്‍ ഉയര്‍ന്നു. അതു മനസ്സിലാക്കാനുള്ള ഔചിത്യബോധം ഉദ്ഘാടകനുണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് നിര്‍ത്തി. സുധീര്‍ സംസാരിച്ചപ്പോള്‍ മാത്രമായിരുന്നു പിന്നീട് വിസില്‍. അത് സ്വന്തക്കാരനോടുള്ള ഇഷ്ടപ്രകടനമായിരുന്നു.

ഒടുവില്‍ സംഘാടക സമിതിക്ക് രൂപം നല്‍കാനുള്ള സമയമായി. സംഘാടക സമിതിക്ക് രൂപം നല്‍കാനുള്ള യോഗം ചേരും മുമ്പ് തന്നെ അതിന്റെ പ്രധാന ഭാരവാഹിയെ തീരുമാനിച്ച് പത്രസമ്മേളനം നടത്തുന്ന അപൂര്‍വ്വത നേരത്തേ തന്നെ ശ്രദ്ധിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ അവസാന വാക്കെങ്കില്‍ സംഘാടക സമിതിക്ക് രൂപം നല്‍കാനുള്ള യോഗമെന്ന പേരില്‍ അസംബന്ധ നാടകമെന്തിന് എന്ന് സംശയിക്കുകയും ചര്‍ച്ചിക്കുകയും ചെയ്തു. എങ്കിലും അതിനെ ചോദ്യം ചെയ്തില്ല. ‘ഈ തീരുമാനം നിങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ’ എന്ന ഭംഗിവാക്ക് പക്ഷേ ഒഴിവാക്കാമായിരുന്നു എന്നു തോന്നി. അതുപോലെ തന്നെയാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കാനുള്ള പാനല്‍ അവതരിപ്പിക്കാനുള്ള അനുമതി തേടലും കല്ലുകടിയായി. പാനലിനെ ആരും എതിര്‍ക്കില്ല. പാനല്‍ എന്നു കേട്ടാലുടനെ കസേര പൊക്കി മേലോട്ടെറിയാന്‍ ഇതെന്താ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ സമ്മേളനമോ മറ്റോ ആണോ?

സമിതിക്ക് രൂപം നല്‍കാന്‍ യോഗം ചേരുകയാണെങ്കിലും നേരത്തെ തന്നെ എവിടെയോ ആരോ തീരുമാനിച്ച പാനല്‍ വായിച്ചുതുടങ്ങി. യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപകരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ 230 പേരുണ്ടെന്നാണ് അറിവ്. ഈ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ മുഴുവന്‍ വിവിധ കമ്മിറ്റികളായി തരംതിരിച്ച് വായിച്ചു. ചില രാഷ്ട്രീയക്കളികളും കണ്ടു. കമ്മിറ്റിയുടെ ഘടന തീരുമാനിക്കപ്പെട്ട രീതി തന്നെ ആഘോഷങ്ങളുടെ ഭാവി എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പാസാക്കാന്‍ ഞങ്ങളും കൈയടിച്ചു. വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

പിന്‍നിരയിലെ അര്‍മാദം..
പിന്‍നിരയിലെ അര്‍മാദം..

യൂണിവേഴ്‌സിറ്റി കോളേജ് എന്നത് ഞങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ഒരു വികാരമാണ്. മുത്തശ്ശിയുടെ 150-ാം പിറന്നാള്‍ അതിനാല്‍ത്തന്നെ ഞങ്ങള്‍ക്കൊരുത്സവമാണ്. എല്ലാ കമ്മിറ്റികളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പരിപാടികള്‍ വിജയത്തിലെത്തിക്കാനാവൂ. പക്ഷേ, അദ്ധ്യാപകര്‍ എന്നറിയപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് മറ്റൊരു സര്‍ക്കാര്‍ പരിപാടി മാത്രമാണ്. അവരില്‍ ചിലര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുമായിരിക്കാം. പക്ഷേ, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നൂറിലൊരംശം ആത്മാര്‍ത്ഥത അവര്‍ക്കുണ്ടാവില്ലെന്നുറപ്പ്.

പിന്‍നിരയിലെ അര്‍മാദം..
പിന്‍നിരയിലെ അര്‍മാദം..

ഒരാഘോഷം സംഘടിപ്പിക്കപ്പെടുമ്പോള്‍ അതെങ്ങനെയാവണം എന്ന രൂപരേഖ ആദ്യം മനസ്സിലുണ്ടാവണം. യൂണിവേഴ്‌സിറ്റി കോളേജിന്റെ 150-ാം വാര്‍ഷികത്തിന് അതു കൂടിയേ തീരു. ഈ ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ഇത്രയും വലിയൊരു യോഗം ഇനി നടക്കില്ല. ക്ഷണിക്കപ്പെടേണ്ട പലരെയും ഇത്തവണ വിട്ടുകളയുകയോ ഒഴിവാക്കുകയോ ചെയ്തുവെങ്കിലും ഈ യോഗമായിരുന്നു രൂപരേഖ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം. എന്തു തരം പരിപാടികളാണ് ഉദ്ദേശിക്കുന്നത്, എത്ര തുക ചെലവ് വരും, സര്‍ക്കാര്‍ എത്ര തുക തരും, ബാക്കി ഫണ്ട് എവിടെ നിന്ന് കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്, ഇതില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഴയ അദ്ധ്യാപകര്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ഉള്ള റോളെന്ത്, സ്വാഭാവികമായും ഉണ്ടാവാനിടയുള്ള ഫണ്ട് തിരിമറി സംബന്ധിച്ച ആരോപണം പ്രതിരോധിക്കാന്‍ എന്ത് തിരുത്തല്‍ നടപടികളാണ് സ്വീകരിക്കുന്നത് എന്നിവയെല്ലാം ന്യായമായും വിശദീകരിക്കേണ്ടതാണ്. പക്ഷേ, സര്‍ക്കാര്‍ കാര്യം മുറപോലെ.

ഈയുള്ളവനെ ഏതെങ്കിലും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയോ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്തതിന്റെ പേരിലല്ല ഈ കുറിപ്പ്. ഏതെങ്കിലും കമ്മിറ്റിയുടെ ഭാഗമായി നിന്ന് കൃത്യമായി പ്രവര്‍ത്തിക്കാന്‍ തൊഴില്‍പരമായ പരിമിതികളും സമയക്കുറവും എനിക്ക് പ്രശ്‌നമാണ്. സമയലഭ്യത അനുസരിച്ച് എന്തിലും സഹകരിക്കാന്‍ തയ്യാറെന്നു മാത്രമേ പറയാനാവൂ. എന്നാല്‍, ഈ കമ്മിറ്റികളില്‍ ഉള്‍പ്പെടാനും നേതൃത്വപരമായ ചുമതല നിറവേറ്റാനും യോഗ്യതയുള്ള അനേകം പേര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഒരു രൂപ പോലും ഫണ്ടില്ലാത്ത കോളേജ് യൂണിയന്റെ ഒരു വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്ത് വിജയകരമായി നടത്തി പരിചയമുള്ള മുന്‍ ചെയര്‍മാന്മാരും ജനറല്‍ സെക്രട്ടറിമാരും. കോളേജ് യൂണിയന്‍ പരിപാടികളെ കുറച്ചുകൂടി വിശാലമായ ക്യാന്‍വാസില്‍ അവതരിപ്പിക്കാം എന്നല്ലാതെ ശതോത്തര സുവര്‍ണ്ണ ജൂബിലിക്ക് വേറെന്തെങ്കിലും ചെയ്യാന്‍ ഒരു സര്‍ക്കാര്‍ കോളേജിനാവും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

അവഗണിച്ചു എന്നു പരാതിപ്പെടാനൊന്നും ഞങ്ങളില്ല. ആരു സംഘടിപ്പിച്ചാലും പരിപാടികള്‍ നന്നായി നടക്കണം എന്നേയുള്ളൂ. പരിപാടികള്‍ നന്നായില്ലെങ്കില്‍ ഞങ്ങള്‍ വരും, ചോദിക്കാന്‍. എതിര്‍പക്ഷത്ത് ആരായിരുന്നാലും കൂട്ടത്തോടെ വന്നുള്ള ചോദ്യത്തിന്റെ പ്രഹരശേഷി താങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതെന്റെ മാത്രം വാക്കല്ല, ഇന്ന് അവിടെ ഒത്തുചേര്‍ന്ന ഓരോ പൂര്‍വ്വവിദ്യാര്‍ത്ഥിയുടേതുമാണ്.

സംഘടിച്ച് ശക്തരാകുവാന്‍ ഞങ്ങളുടെ കലാലയ മുത്തശ്ശി പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുന്ന മുത്തശ്ശിയുടെ മക്കളെയും ചെറുമക്കളെയും ഒരുമിച്ചണിനിരത്തേണ്ടതിന്റെ ആവശ്യകത ഇന്നൊരിക്കല്‍ കൂടി ബോദ്ധ്യപ്പെട്ടു. പ്രതികരണങ്ങള്‍ക്ക് സംഘടിതരൂപം വേണം. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയാണ്. നമ്മുടെ മുത്തശ്ശിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലി നമ്മുടേതായ രീതിയില്‍ ആഘോഷിക്കാന്‍ -അതു ചെറിയ രീതിയിലാണെങ്കിലും -ആരുടെയും അനുമതി വേണ്ടല്ലോ. വലിയ ആഘോഷത്തോടു ചേര്‍ന്നുനില്‍ക്കുന്നതാവണം ഞങ്ങളുടെ ചെറിയ ആഘോഷവും എന്നാണ് ആഗ്രഹം. മുത്തശ്ശിക്കു വേണ്ടി ഞങ്ങളും എന്തെങ്കിലും ചെയ്തു എന്ന സമാധാനം വേണമല്ലോ.

ആലോചനായോഗത്തില്‍ പ്രമുഖ വേഷമണിഞ്ഞ ചിലരൊക്കെ മറന്നുപോയ, അല്ലെങ്കില്‍ ബോധപൂര്‍വ്വം വിസ്മരിച്ച ഒരു കാര്യമുണ്ട് 
-ഇത് യൂണിവേഴ്‌സിറ്റി കോളേജാണ്. 
യൂണിവേഴ്‌സിറ്റി കോളേജാണ്. 
യൂണിവേഴ്‌സിറ്റി കോളേജാണ്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks