ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചുനാളുകളായി. വാര്‍ത്തകള്‍ വായിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ചൈന വിദൂരദേശമാണ്. അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് കേട്ടുകേഴ്‌വികള്‍ മാത്രമായിരിക്കും പലര്‍ക്കുമുണ്ടാവുക. എന്നാല്‍, എനിക്ക് അങ്ങനെയല്ല. മാതൃഭൂമി പത്രത്തില്‍ ജോലി ചെയ്യുന്ന കാലത്ത് ഭാരത സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തിലെ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചൈനയില്‍ 15 ദിവസത്തെ സന്ദര്‍ശനം നടത്താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് -2009ല്‍ -അവസരമുണ്ടായിട്ടുണ്ട്.
സന്ദര്‍ശനത്തിനെക്കുറിച്ച് വിശദമായി എഴുതുവാന്‍ ചില കുറിപ്പുകള്‍ എടുത്തുവെച്ചിരുന്നുവെങ്കിലും എന്തുകൊണ്ടോ അതു നടന്നില്ല. ഉഴപ്പി എന്നു പറയുന്നതാവും ശരി. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒരു ചെറുകുറിപ്പ് എഴുതി അവസാനിപ്പിച്ചു. എന്നാല്‍, 2009 ജൂണ്‍ 14 മുതല്‍ 25 വരെ നടന്ന ആ സന്ദര്‍ശനത്തില്‍ കണ്ട കാര്യങ്ങള്‍ എഴുതാന്‍ ഇതിനെക്കാള്‍ നല്ലൊരവസരം വേറെ ഇല്ല എന്നു തോന്നുന്നു.
ചൈനയിലെ മാറ്റങ്ങള്‍
ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ വെച്ച് ആദ്യമായി കണ്ട നിമിഷം മുതല്‍ വെന്‍താവോ പ്രകടിപ്പിച്ചത് വര്‍ഷങ്ങളായുള്ള പരിചയഭാവം. ‘നീ ഹാവ്’ (അങ്ങയ്ക്കു സുഖം തന്നെയല്ലേ) എന്ന് ചൈനീസ് ഭാഷയില്‍ അഭിവാദനം ചെയ്തപ്പോള്‍ സന്തോഷത്തോടെ അയാള്‍ പ്രത്യഭിവാദനം ചെയ്തു -‘നീ ഹാവ്’. കൈവശമുണ്ടായിരുന്ന മുറി ചൈനീസ് പുതുസൗഹൃദത്തിനു നാന്ദിയായി.
വെന്‍താവോയുടെ ചോദ്യങ്ങള്‍ക്ക് അന്ത്യമുണ്ടായിരുന്നില്ല. എല്ലാം അറിയാനും മനസ്സിലാക്കാനുമുള്ള ചൈനക്കാരന്റെ ആകാംക്ഷ. ‘നിങ്ങളുടെ ഭാഷ ഏതാണ്?’ ഭാഷയുടെ പേര് ഇംഗ്ലീഷിലെഴുതിക്കാട്ടി. ഇടത്തോട്ടും വലത്തോട്ടും ഒരേ അക്ഷരങ്ങളുള്ള മലയാളം എന്ന പേരു കണ്ടപ്പോള്‍ കൗതുകം. ഭാഷ അറിയില്ലെങ്കിലും ‘ദൈവത്തിന്റെ സ്വന്തം നാടി’നെക്കുറിച്ച് അയാള്‍ ധാരാളം കേട്ടിരിക്കുന്നു. ‘ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അവിടെ കമ്മ്യൂണിസ്റ്റുകാര്‍ തോറ്റില്ലേ?’ -ചോദ്യം 2 മാസം മുമ്പു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ജനങ്ങള്‍ നല്‍കിയ ആ ഷോക്ക് ട്രീറ്റ്‌മെന്റ് ഭാവിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഗുണം ചെയ്‌തേക്കാമെന്നു വിലയിരുത്തിയപ്പോള്‍ അടുത്ത ചോദ്യം വന്നു. ‘അതെന്താ അങ്ങനെ പറയുന്നത്? നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ?’ രാഷ്ട്രീയ ബന്ധമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വെന്‍താവോയ്ക്കു ദഹിച്ച മട്ടില്ല.
‘കേരളത്തിലെവിടെയാ വീട്?’ തിരുവനന്തപുരമെന്നു മറുപടി നല്‍കിയ ഉടനെ അയാളുടെ പ്രതികരണം വന്നു ‘ഓ.. ശശി തരൂരിന്റെ നാട്”. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായതിനാലാവാം തരൂരിന്റെ മണ്ഡലം ശ്രദ്ധിക്കാന്‍ കാരണം. ഇന്ത്യയെക്കുറിച്ച് അത്യാവശ്യം വേണ്ട വിവരങ്ങള്‍ വെന്‍താവോയുടെ പക്കലുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള അറിവ് അപാരം. പുതിയ മന്ത്രിമാരെ അറിയാം. കൃഷ്ണയെക്കാള്‍ പ്രണബ് മുഖര്‍ജി നല്ല വിദേശ മന്ത്രി ആവുമായിരുന്നു എന്നാണ് വിലയിരുത്തല്‍. മൊബൈല്‍ ഫോണില്‍ ഏറ്റവും പുതിയ ഹിന്ദി പാട്ടുകള്‍ നിറച്ച്, അത് മൂളി, മറ്റുള്ളവരെ പാടാന്‍ പ്രേരിപ്പിച്ചു നടക്കുന്ന അയാള്‍ക്ക് ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ളത് കടുത്ത പ്രണയം.
ഇന്ത്യന്‍ സംഘം സഞ്ചരിച്ചിരുന്ന ബസ് അപ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ നഗരചത്വരമായ ടിയാനന്‍മെനില്‍ എത്തി. ‘ഇതാണ് പ്രശസ്തമായ ടിയാനന്‍മെന്‍ ചത്വരം’ -വെന്‍താവോയുടെ പരിചയപ്പെടുത്തല്‍ അത്രമാത്രം. വിവാദങ്ങളില്‍ സ്പര്‍ശിക്കാന്‍ താല്പര്യം ഒട്ടുമില്ല. പക്ഷേ, പിന്നീട് ചൈനീസ് പാര്‍ലമെന്റായ ‘ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളി’ല്‍ കടന്നുചെന്നപ്പോള്‍ അവിടത്തെ പരവതാനികളുടെ പഴക്കം മുതല്‍ വന്‍ ആഡംബര വിളക്കുകളുടെ ഭാരം വരെയുള്ള പൂര്‍ണ്ണവിവരണം ലഭിച്ചു.
2006ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോയും ഒപ്പിട്ട സംയുക്ത പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 84 ഇന്ത്യന്‍ യുവാക്കളുടെ സൗഹൃദ സംഘം ചൈനയിലെത്തിയത്. ഈ സംഘത്തെ ചൈനയിലെ വിവിധ പ്രദേശങ്ങള്‍ കൊണ്ടുനടന്നു കാണിക്കാന്‍ ചുമതലയുള്ള 3 ലെയ്‌സണ്‍ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു സെങ് വെന്‍താവോ. സിചുവാന്‍ പ്രവിശ്യയിലുള്ള ചൈന പഞ്ചിഹുവ ഗ്വാംഗുവ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡിലെ പ്രോഗ്രാം മാനേജരായി പ്രവര്‍ത്തിക്കുകയാണയാള്‍. ജോലിയുടെ ഭാഗമായി ഇടയ്ക്ക് ഡല്‍ഹി സന്ദര്‍ശിക്കാറുണ്ടെന്നതാണ് വെന്‍താവോയുടെ ഇന്ത്യാ ബന്ധം.
ഇന്ത്യന്‍ സുഹൃത്തുക്കളുടെ വഴികാട്ടിയാവാന്‍ അയാള്‍ കമ്പനിയില്‍ നിന്ന് അവധിയെടുത്തു. ലെയ്‌സണ്‍ ഓഫീസറുടെ ചുമതല വഹിക്കുന്നതിന് പ്രതിഫലമില്ല. വെന്‍താവോ ഒരു കമ്മ്യൂണിസ്റ്റാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇസത്തോട് കാര്യമായ പ്രതിപത്തിയുള്ളതായി അയാളുടെ സംസാരം തോന്നിച്ചില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റുകാരെല്ലാം അതു തുറന്നു സമ്മതിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ്. എങ്കിലും അയാള്‍ വന്നു. ഒരു സേവനമെന്ന നിലയില്‍ തന്റെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍. പുതിയ സൗഹൃദങ്ങള്‍ സ്വന്തമാക്കാന്‍. ചൈനയില്‍ വളരുന്ന സന്നദ്ധപ്രവര്‍ത്തന സംസ്‌കാരത്തിന്റെ ഒരു രൂപമാണ് വെന്‍താവോ. അനുദിനം മാറുന്ന ചൈനയില്‍ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട് -സന്നദ്ധപ്രവര്‍ത്തനത്തിന്റെ സ്വാധീനം.
ഇതു കുറച്ചുകൂടി വിശദീകരിക്കാന്‍ ഒരു കഥ പറയാം. 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സ്. ഇക്വസ്ട്രിയന്‍ മത്സരങ്ങളില്‍ കിരീടമുറപ്പിച്ചാണ് ആ അമേരിക്കക്കാരന്‍ എത്തിയത്. പ്രകടനം പ്രതീക്ഷിച്ച പോലെ നന്നായില്ല. അഭിമുഖത്തിനായി ചെന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും അയാള്‍ പറപ്പിച്ചുവിട്ടു. പക്ഷേ, അല്പസമയത്തിനു ശേഷം മീഡിയ വോളന്റിയറായിരുന്ന ചൈനീസ് പെണ്‍കൊടിക്ക് സസന്തോഷം അയാള്‍ അഭിമുഖം അനുവദിച്ചു. ബെയ്ജിങ് സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി തോണ്‍ ജിന്‍ജി എന്ന ജസീക്കയായിരുന്ന ആ സന്നദ്ധപ്രവര്‍ത്തക. ക്ഷുഭിതനായി നില്‍ക്കുന്ന ആ കായികതാരത്തെ പാട്ടിലാക്കാന്‍ ജസീക്ക പറഞ്ഞ രണ്ടു വാക്കുകള്‍ മാത്രം -‘ഹാപ്പി ബര്‍ത്ത്‌ഡേ’.
ചൈനക്കാര്‍ക്ക് സന്നദ്ധപ്രവര്‍ത്തനം തമാശയല്ല. ഒരു കാര്യത്തിനിറങ്ങി പുറപ്പെടും മുമ്പ് അതു സംബന്ധിച്ച എല്ലാ അറിവുകളും അവര്‍ സ്വായത്തമാക്കിയിട്ടുണ്ടാവും. ശശി തരൂരിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കാനറിയുന്ന വെന്‍താവോയും അഭിമുഖം ചെയ്യാന്‍ പോകുന്ന കായികതാരത്തിന്റെ ജന്മദിനം പോലും ഓര്‍ത്തുവെയ്ക്കുന്ന ജസീക്കയുമെല്ലാം ചൈനയുടെ പുതിയ മുഖങ്ങളാണ്.
ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്കു ശേഷം അകന്നുപോയ ചെറുപ്പക്കാരെ തിരികെ ആകര്‍ഷിക്കാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവിഷ്‌കരിച്ച തന്ത്രത്തിന്റെ ഭാഗമായാണ് യുവാക്കളുടെ സന്നദ്ധപ്രവര്‍ത്തനത്തിന് വളരെയധികം പ്രോത്സാഹനം നല്‍കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ, മറ്റെന്തിലുമെന്ന പോലെ കൃത്യമായ ചട്ടക്കൂട് തയ്യാറാക്കി അവര്‍ സന്നദ്ധപ്രവര്‍ത്തനം മുന്നോട്ടു നീക്കുന്നു. 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സ് വന്‍ വിജയമായത് സംഘാടകരുടെ മികവിലല്ല, മറിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ മികവിലായിരുന്നു. ബെയ്ജിങ് ഒളിമ്പിക്‌സ് സംഘാടക സമിതി തന്നെ പരസ്യമായി അംഗീകരിച്ചതാണ് ഇക്കാര്യം. ആ സമയത്ത്, 2010ല്‍ ന്യൂഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളാന്‍ ഒരുങ്ങുകയായിരുന്ന ഇന്ത്യക്ക് ചൈനയില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങള്‍ ആ സന്ദര്‍ശനത്തില്‍ ഉണ്ടാവുകയും ചെയ്തു.
ഒളിമ്പിക്‌സിനായി രണ്ടു തരം സന്നദ്ധപ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായ ബെയ്ജിങ് മുന്‍സിപ്പല്‍ യൂത്ത് ഫെഡറേഷന്‍ തയ്യാറാക്കിയത് -ജനറലും പ്രൊഫഷണലും. കാണികളുടെ നിയന്ത്രണം, ഭക്ഷണം എത്തിക്കല്‍ തുടങ്ങിയ സാധാരണ ജോലികളായിരുന്നു ജനറല്‍ വോളന്റിയര്‍മാരുടെ ചുമതല. പ്രമുഖ വ്യക്തികളുടെ അകമ്പടി, സുരക്ഷാ പരിശോധന, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സഹായം തുടങ്ങി പ്രത്യേക കഴിവുകള്‍ വേണ്ട കര്‍മ്മങ്ങള്‍ പ്രൊഫഷണല്‍ വോളന്റിയര്‍മാര്‍ നിര്‍വ്വഹിച്ചു. 61 മേഖലകളിലായി 2,940 തസ്തികകളിലാണ് ഒളിമ്പിക്‌സില്‍ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിച്ചത്. അവരുടെ ഹാജര്‍നിലയാകട്ടെ 99.5 ശതമാനവും.
2005 മാര്‍ച്ച് മുതല്‍ 2006 ഓഗസ്റ്റ് വരെ നീണ്ട ഗവേഷണങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് വോളന്റിയര്‍മാരുടെ തിരഞ്ഞെടുപ്പ് നടന്നത്. 2006 ഓഗസ്റ്റിനും 2007 ഓഗസ്റ്റിനുമിടയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. 13,27,038 പേരാണ് വോളന്റിയര്‍മാരാവാന്‍ മുന്നോട്ടുവന്നത്. ഇക്കൂട്ടത്തില്‍ 77,169 പേരെ ഒളിമ്പിക്‌സിനായി തിരഞ്ഞെടുത്തു. 44,261 പേരെ പാരാലിമ്പിക്‌സിനും. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സര്‍വ്വകലാശാലകളിലെയും കലാലയങ്ങളിലെയും വിദ്യാര്‍ത്ഥികളായിരുന്നു.
വോളന്റിയര്‍മാര്‍ക്ക് അനുവദിക്കപ്പെട്ട ചുമതലയനുസരിച്ചുള്ള പരിശീലനമായിരുന്നു പിന്നീട്. പൊതു പരിശീലനം, പ്രൊഫഷണല്‍ പരിശീലനം, വേദി പരിശീലനം, കര്‍മ്മമനുസരിച്ചുള്ള പരിശീലനം എന്നിങ്ങനെ തരംതിരിച്ചു. വിദൂര പരിശീലനം, മുഖാമുഖ പരിശീലനം, പരീക്ഷ എന്നിവയെല്ലാമായി ഓരോ വോളന്റിയറും കുറഞ്ഞത് 100 മണിക്കൂറെങ്കിലും ക്ലാസ്സിലിരുന്നു. തങ്ങളുടെ ദൈനംദിന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പുറമെയായിരുന്നു അവരുടെ ഈ അദ്ധ്വാനം. ഇതിന്റെ ഫലമെന്തായിരുന്നുവെന്നതിന് ബെയ്ജിങ് ഒളിമ്പിക്‌സ് സാക്ഷ്യപത്രം.
ആഘോഷത്തിനു മാത്രമല്ല സന്നദ്ധപ്രവര്‍ത്തനം ചൈനക്കാര്‍ പ്രയോജനപ്പെടുത്തുക. പ്രതിസന്ധി ഘട്ടങ്ങളിലും അങ്ങനെ തന്നെ. ചൈന എന്ന മഹാരാജ്യത്തിന് പ്രകൃതി ദുരന്തങ്ങള്‍ അന്യമല്ല. പക്ഷേ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ചൈനക്കാര്‍ പുതിയ പാതകള്‍ വെട്ടിത്തെളിച്ചു, സന്നദ്ധപ്രവര്‍ത്തനത്തിന്റെ പിന്‍ബലത്തില്‍. ഭൂകമ്പം നാശം വിതച്ച സിചുവാന്‍ പ്രവിശ്യയില്‍ ഇതു കാണാനാവും.
2008 മെയ് 12നായിരുന്നു സിചുവാന്‍ പ്രവിശ്യയില്‍ ഭൂചലനത്തിന്റെ രൂപത്തില്‍ പ്രകൃതിയുടെ സംഹാരതാണ്ഡവം. എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം സിചുവാനിലെ ചെങ്ദുവിലെത്തുമ്പോള്‍ ഞങ്ങള്‍ കണ്ടത് സാധാരണനിലയിലേക്ക് അവിശ്വസനീയ വേഗത്തില്‍ മടങ്ങുന്ന നാടിനെയും നാട്ടുകാരെയുമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശരവേഗത്തില്‍ പുരോഗമിക്കുന്നത് സന്നദ്ധപ്രവര്‍ത്തനത്തിന്റെ മറ്റൊരു വിജയം.
ഒളിമ്പിക്‌സിന്റെ അനുഭവം മുന്നിലുണ്ടായിരുന്നതിനാല്‍ ഭൂകമ്പമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ സിചുവാനില്‍ സന്നദ്ധപ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റ് തുടങ്ങി. ഇതിനായി സിചുവാന്‍ പ്രൊവിന്‍ഷ്യല്‍ യൂത്ത് ഫെഡറേഷന്‍ ദേശീയ -പ്രവിശ്യാ -മുന്‍സിപ്പല്‍ തലങ്ങളില്‍ വോളന്റിയര്‍ ഡയറക്ഷന്‍ സെന്ററുകള്‍ തുറന്നു. 18 ലക്ഷം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് 1.80 ലക്ഷം വോളന്റിയര്‍മാരെ ഫെഡറേഷന്‍ തിരഞ്ഞെടുത്തു. ഇതില്‍ 22,000 മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. വിവിധ മേഖലകളിലെ വൈദഗ്ദ്ധ്യവും ഭൂകമ്പബാധിത പ്രദേശങ്ങളിലെ സ്ഥലപരിചയവുമായിരുന്നു തിരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡങ്ങള്‍.
ഭൂകമ്പ പ്രദേശങ്ങളിലെ സ്ഥിതിഗതികളും സ്ഥലത്തിന്റെ പ്രത്യേകതകളും മനസ്സിലാക്കാനായി ചെറുപരിശീലനം. പിന്നെ കര്‍മ്മപഥത്തിലേക്ക്. ഭൂകമ്പ ബാധിതര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി മനഃശാസ്ത്രപരമായ പരിശീലനവും വോളന്റിയര്‍മാര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഒരു വിഭാഗം രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ പുനരധിവാസ പ്രവര്‍ത്തനത്തിനിറങ്ങി. ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കിേടയില്‍ നിന്ന് 83,000 പേരെയാണ് സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം, ചികിത്സാസഹായം, പകര്‍ച്ചവ്യാധി പ്രതിരോധം, മനഃശാസ്ത്രപരമായ പിന്തുണ, പുനരധിവാസം തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചു.
ഭൂകമ്പത്തിനിരയായവരുടെ ദുരിതവും മരണവും കണ്ട് വോളന്റിയര്‍മാരില്‍ ചിലര്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇവരെ സഹായിക്കാന്‍ സിചുവാന്‍ യൂത്ത് ഫെഡറേഷന്‍ ഒരു ഹോട്ട്‌ലൈന്‍ തുറന്നു. ഞങ്ങള്‍ എത്തുമ്പോള്‍ പ്രതിസന്ധി ഘട്ടം മറികടന്ന്, സന്നദ്ധപ്രവര്‍ത്തകര്‍ സാധാരണ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. പൊതുജനാരോഗ്യ പ്രവര്‍ത്തനം, ഭൂകമ്പം അനാഥരാക്കിയ കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും പരിരക്ഷ, മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് എന്നിവ അവര്‍ സ്തുത്യര്‍ഹമാംവിധം നോക്കിനടത്തുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സിചുവാന്‍ സര്‍വ്വകലാശാല ചെങ്ദുവിലാണ്. 1,900 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു എന്നത് അത്ഭുതത്തോടെയാണ് മനസ്സിലാക്കിയത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ചൊക്കെ പറയുമ്പോഴും ഇന്നും ഇത്ര തന്നെ വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ട്. സന്നദ്ധപ്രവര്‍ത്തനത്തില്‍ തങ്ങളുടേതായ പങ്ക് അവരും നിര്‍വ്വഹിച്ച കാര്യം സര്‍വ്വകലാശാല വൈസ് പ്രസിഡന്റ് ഡോ.ഷി ജിയാന്‍ അംഗീകരിച്ചു.
ബെയ്ജിങ്ങ് ഒളിമ്പിക്‌സിനു ശേഷം മറ്റൊരു കായിക മാമാങ്കത്തിന് ചൈന തയ്യാറെടുക്കുകയായിരുന്നു അപ്പോള്‍. 2016ല്‍ പതിനാറാം ഏഷ്യന്‍ ഗെയിംസിന് ഗ്വാങ്ചൗവില്‍ ആതിഥ്യമരുളാന്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ നില്‍ക്കുന്നു. അവിടെയും പ്രാമുഖ്യം സന്നദ്ധപ്രവര്‍ത്തനത്തിനു തന്നെ. 2,092 വോളന്റിയര്‍മാര്‍ അപ്പോള്‍ത്തന്നെ ഏഷ്യന്‍ ഗെയിംസ് സംഘാടകസമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പുതിയ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ വിദേശ ഭാഷാ പരിജ്ഞാനത്തിനും പ്രത്യേക കഴിവുകള്‍ക്കും പ്രാമുഖ്യം നല്‍കാനായിരുന്നു തീരുമാനം.
ഒളിമ്പിക്‌സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച 100 വോളന്റിയര്‍മാര്‍ ഗ്വാങ്ചൗവിലുണ്ട്. എന്നാല്‍, അവരും മറ്റു വോളന്റിയര്‍മാര്‍ക്കൊപ്പം പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിച്ച് പരീക്ഷയില്‍ വിജയിച്ചേ മതിയാകൂ. മുന്‍പരിചയത്തിന് മുന്‍തൂക്കമില്ലെന്നു സാരം. അതുതന്നെയാണ് ചൈനയെ വ്യത്യസ്തമാക്കുന്നതും.
സന്നദ്ധപ്രവര്‍ത്തനത്തിന്റെ ശക്തി ഭാവിയില്‍ ചൈനയുടെ സാമൂഹിക വികസനത്തിനുതകുന്ന വിധത്തില്‍ തിരിച്ചുവിടുന്ന പരിപാടികളാണ് അവിടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ആവിഷ്‌കരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തനം ആദ്യമായി സംഘടിത രൂപമാര്‍ജ്ജിച്ചത് ഗ്വാങ്ചൗ ഉള്‍പ്പെടുന്ന ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ്. ഇപ്പോള്‍ അവിടെ ഇത്തരം കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക നിയമം തന്നെ നിലവിലുണ്ട്. ചൈനയിലെ ആദ്യ വോളന്റിയര്‍ ഡയറക്ടറേറ്റ് സ്ഥാപിക്കപ്പെട്ടതും ഗ്വാങ്‌ഡോങ്ങില്‍ തന്നെ.
സോഷ്യലിസത്തിന്റെ ചൈനീസ് വ്യാഖ്യാനം
ചൈന നടപ്പാക്കുന്നത് പുതിയ തരത്തിലുള്ള മുതലാളിത്തമാണെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് പറയാറുണ്ട്. ചൈനക്കാര്‍ അത് അംഗീകരിക്കാത്തത് സ്വാഭാവികം. തങ്ങള്‍ നടപ്പാക്കുന്നത് ശാസ്ത്രീയ സോഷ്യലിസമാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു -ചൈനയുടേതായ പ്രത്യേകതകളുള്ള സോഷ്യലിസം.
പുതിയ ചൈനയില്‍ ഇസങ്ങള്‍ക്കു വലിയ പ്രാധാന്യമുള്ളതായി തോന്നിയില്ല. ചൈനയില്‍ പണക്കാരന്‍ പണക്കാരനായും പാവപ്പെട്ടവന്‍ പാവപ്പെട്ടവനായും തന്നെ ജീവിക്കുന്നു. കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിക്കുള്ളതായി പറയപ്പെടുന്ന വ്യത്യാസം മനസ്സിലാക്കാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വരും. ഡല്‍ഹിയിലെ ജനങ്ങളെ ബെയ്ജിങ്ങിലുള്ളവരില്‍ നിന്നു വേര്‍തിരിക്കുന്ന വലിയ ഘടകങ്ങളൊന്നുമില്ല. ബെയ്ജിങ്ങില്‍ രാഷ്ട്രീയത്തെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല, രാഷ്ട്രീയക്കാരൊഴികെ. ഇന്ത്യയിലെപ്പോലെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പു നടത്താന്‍ കോടികള്‍ പൊട്ടിക്കുന്നില്ല എന്ന വ്യത്യാസം മാത്രം.
ബെയ്ജിങ്ങിലെ പടുകൂറ്റന്‍ ബഹുനില മന്ദിരങ്ങളും ആഡംബര കാറുകളുമെല്ലാം ഒരു മുതലാളിത്ത രാഷ്ട്ര തലസ്ഥാനത്തെ അനുസ്മരിപ്പിക്കുന്നു. എവിടെ നോക്കിയാലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും മൊബൈല്‍ ഫോണ്‍ കടകളും ഫുട് മസാജ് പാര്‍ലറുകളും. ജനങ്ങള്‍ നവീന ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞിരിക്കുന്നു. ഇത് ബെയ്ജിങ്ങിന്റെ ഒരു മുഖം. മറുവശത്ത ഭിക്ഷക്കാരുണ്ട്, അഭിസാരികകളുണ്ട്. ഭിക്ഷയ്ക്കായി കൈനീട്ടുന്നയാളുടെ ചിത്രമെടുക്കാന്‍ തുനിഞ്ഞാല്‍ കൈ പിന്നിലേക്കു വലിക്കുമെന്നു മാത്രം.
വേശ്യാവൃത്തി അവസാനിപ്പിക്കാന്‍ ഷാങ്ഹായിലെ അഭിസാരികകളെ അവിടത്തെ ചെറുപ്പക്കാര്‍ കൂട്ടത്തോടെ വിവാഹം കഴിച്ചത് സമീപകാല ചരിത്രം. പക്ഷേ, ചൈനീസ് സാമൂഹിക ജീവിതത്തില്‍ അത് എന്തെങ്കിലും സ്വാധീനം ചെലുത്തിയതായി പറയാനാവില്ല. ചൈനക്കാരികള്‍ക്കൊപ്പം റഷ്യന്‍ വനിതകളും ഈ തൊഴിലില്‍ സജീവം. ബെയ്ജിങ്, ചെങ്ദു, ഗ്വാങ്ചൗ എന്നിവിടങ്ങളിലെല്ലാം വന്‍കിട പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് അന്തിക്കൂട്ട് ഏര്‍പ്പാടാക്കി നല്‍കാന്‍ വന്‍ തുക ശമ്പളമുള്ള മാനേജര്‍മാരെ വരെ നിയമിച്ചിട്ടുണ്ട്. ജീവിതച്ചെലവുകള്‍ കൂടിയ ചൈനയില്‍ വിലയില്ലാത്തത് ഒന്നിനു മാത്രം -പെണ്ണിന്.
9 ശതമാനം സാമ്പത്തികവളര്‍ച്ചയുടെ രണ്ടു ദശകങ്ങള്‍ ചൈനയില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ചിരിക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ചെറുതായാലും വലുതായാലും, നഗരങ്ങളില്‍ പണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നു. ഇന്ത്യയില്‍ വലിയ ധനികന്മാര്‍ക്കു മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന ഓഡി -4000 കാറുകള്‍ ബെയ്ജിങ്ങിലെ നിരത്തുകളില്‍ സുലഭമാണെ വസ്തുത വേണമെങ്കില്‍ ഒരു അളവുകോലായി എടുക്കാം. പാര്‍ട്ടി നേതാക്കള്‍ ഭൂരിഭാഗത്തിന്റെയും സഞ്ചാരം ഇത്തരം ആഡംബര കാറുകളില്‍ തന്നെ.
വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍ തങ്ങളെ മറ്റുള്ളവര്‍ പെടുത്തുന്നതില്‍ ചൈനക്കാര്‍ക്ക് എതിര്‍പ്പുണ്ട്. അവിടെ ജനങ്ങളില്‍ പകുതിയോളം ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്കു താഴെയാണെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ ഔദ്യോഗികമായി പറയുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരു പക്ഷേ, അതിലും വലിയ അളവില്‍ തങ്ങള്‍ക്കുമുണ്ടെന്നാണ് അവരുടെ ഭാഷ്യം. ചൈനീസ് ഗ്രാമങ്ങളിലെ സ്ഥിതി നോക്കുമ്പോള്‍ ഒരു പരിധി വരെ അതു ശരിയാണു താനും. ബെയ്ജിങ്ങില്‍ നിന്നു ചെങ്ദുവിലെത്തുമ്പോള്‍ ഈ മാറ്റം പ്രകടമാണ്. നഗരപരിധി വിട്ട് റോഡ് മാര്‍ഗ്ഗം മുന്നോട്ടു നീങ്ങുമ്പോള്‍ കെട്ടിടങ്ങളുടെ പകിട്ട് കുറഞ്ഞു വരുന്നതു കാണാം. പക്ഷേ, നഗരവും ഗ്രാമവും തമ്മില്‍ രണ്ടു കാര്യങ്ങളില്‍ സാമ്യതയുണ്ട് -വൃത്തിയുള്ള തെരുവുകള്‍, നല്ല റോഡുകള്‍.
1989ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല ചൈനയുടെ ചരിത്രത്തിലെ വഴിത്തിരിവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പാരമ്പര്യവാദികളും പരിഷ്‌കരണവാദികളും തമ്മിലുള്ള വടംവലിയുടെ അനന്തരഫലമായിരുന്നു ആ സംഭവം. ആ നിമിഷത്തെ പോരാട്ടത്തില്‍ പാരമ്പര്യവാദികള്‍ വിജയിച്ചുവെങ്കിലും അന്തിമ യുദ്ധത്തില്‍ നേട്ടം പരിഷ്‌കരണവാദികള്‍ക്കായി. ടിയാനന്‍മെന്‍ സംഭവത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ടിയിരുന്നു. അതിനായി സ്വകാര്യവത്കരണത്തിനും കമ്പോള പരിഷ്‌കാരങ്ങള്‍ക്കും ആക്കം കൂട്ടി. ഫലമോ, ഇന്നത്തെ ചൈന രൂപമെടുത്തു.
പുതിയ ചൈനയില്‍ ജീവിക്കണമെങ്കില്‍ ഒന്നുകില്‍ ധനികനായിരിക്കണം, അല്ലെങ്കില്‍ അച്ചടക്കമുള്ള പൗരനായിരിക്കണം. ലളിത ജീവിതത്തെക്കുറിച്ചു പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ രമ്യഹര്‍മ്മ്യങ്ങളില്‍ എല്ലാവിധ സുഖസൗകര്യങ്ങളോടു കൂടി വാഴുന്നു. മറ്റെല്ലായിടത്തുമെന്ന പോലെ പണമുള്ളവര്‍ക്ക് സ്വാധീനവുമുണ്ട്. പക്ഷേ, ജനങ്ങളെ അതൊന്നും ബാധിക്കുന്നില്ല. ചൈനക്കാര്‍ ജീവിതത്തില്‍ ആദ്യം പഠിക്കുന്നതും പ്രാധാന്യം നല്‍കുന്നതും അച്ചടക്കത്തിനാണ്, ആഹ്ലാദത്തിനല്ല. പുതിയ ഇസമോ പഴയ ഇസമോ എന്നതു പ്രശ്‌നമല്ല, എല്ലാവരെയും ധനികരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പറഞ്ഞത്. ഒരു കാര്യം അംഗീകരിക്കാതിരിക്കാനാവില്ല -മുതലാളിത്തം നല്ല രീതിയില്‍ നടപ്പാക്കാനും ഒടുവില്‍ കമ്മ്യൂണിസ്റ്റുകാര്‍ വേണ്ടിവന്നു.
ചൈനയില്‍ പല നഗരങ്ങള്‍ കണ്ടു, ഗ്രാമങ്ങളും. പക്ഷേ, മനസ്സില്‍ തങ്ങിനില്‍ക്കുന്നത് മൂന്നു മുഖങ്ങള്‍ -ഒന്ന് സെങ് വെന്‍താവോ. രണ്ടാമന്‍ കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ബംഗാളിയില്‍ ബിരുദം നേടിയ ശേഷം ഒരു ബംഗാളി പത്രത്തിന്റെ ബെയ്ജിങ് ലേഖകനായി പ്രവര്‍ത്തിക്കുന്ന, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ ആകാശ് എന്ന സിയനാന്‍. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഹിന്ദി വിദ്യാര്‍ത്ഥിയായ പവന്‍ എന്ന വെയ് ഫെങ് ആണ് മൂന്നാമന്‍. ബെയ്ജിങ്ങില്‍ തുടങ്ങിയ യാത്ര ഗ്വാങ്ചൗവില്‍ അവസാനിക്കും വരെ എന്തിനുമേതിനും ഇവര്‍ മൂവരും ഒപ്പമുണ്ടായിരുന്നു.
സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് വെന്‍താവോയും ആകാശും പവനും വന്നു കയറിയത് ഞാനടക്കമുള്ളവരുടെ മനസ്സിലേക്കാണ്. രാഷ്ട്രങ്ങളെന്ന നിലയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അത്ര മെച്ചപ്പെട്ടതല്ലെങ്കിലും ഇത്തരം രാജ്യാന്തര സൗഹൃദങ്ങള്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.