Reading Time: 12 minutes

ആത്മവിശ്വാസമില്ലാത്ത വ്യക്തിയുടെ മുഖംമൂടിയാണ് ധാര്‍ഷ്ട്യം എന്നു പറയാറുണ്ട്. കായ്ഫലമുള്ള മരം താഴ്ന്നു നില്‍ക്കും എന്നു പറയുന്നത് വെറുംവാക്കല്ല. ഉന്നതങ്ങളില്‍ വിഹരിക്കുന്ന വ്യക്തിക്ക് വിജയവും ശക്തിയുമേകുക വിനയമാണ്. പക്ഷേ, നമ്മുടെ മുഖ്യമന്ത്രി എന്തുകൊണ്ടോ ഇതു ശ്രദ്ധിച്ചു കാണുന്നില്ല. വിനയത്തിന്റെ മകുടോദാഹരണങ്ങളായി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ എത്രയോ മാതൃകകളുണ്ട്, വിലയിരുത്താന്‍.

‘കടക്ക് പുറത്ത്’ -കേരളം ചര്‍ച്ച ചെയ്യുന്നത് ഈ വാക്കുകളാണ്. സമാധാനയോഗത്തിന്റെ വാര്‍ത്തയെടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ സമാധാനം ഒട്ടുമില്ലാതെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകള്‍. മാധ്യമങ്ങള്‍ അര്‍ഹിച്ച പരിഗണന എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണവൃന്ദം പറയുന്നത്. അതിലേക്ക് പതിയെ വരാം. മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയോ തെറ്റോ എന്നു വിലയിരുത്തും മുമ്പ് എന്തുകൊണ്ട് മുഖ്യമന്ത്രി അങ്ങനെ പെരുമാറി എന്നു പരിശോധിക്കണ്ടേ?

മാതൃഭൂമി, 2017 ജൂലൈ 31

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ്. കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതിന്റെ പേരില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ ‘വിളിച്ചുവരുത്തി’. മാത്രമല്ല, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയെയും ഗവര്‍ണര്‍ വിളിപ്പിച്ചു. ഗവര്‍ണര്‍ ‘വിളിച്ച’ ഉടനെ മുഖ്യമന്ത്രി രാജ്ഭവനില്‍ ചെന്ന് ‘മുഖം കാണിച്ചു.’ സമാധാന യോഗം നടക്കുന്ന അന്നു രാവിലെ ഇറങ്ങിയ എല്ലാ പത്രങ്ങളിലെയും പ്രധാന വാര്‍ത്ത ‘ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി’ എന്നതാണ്. മാധ്യമങ്ങള്‍ക്കെതിരെ ഹാലിളകി വരുമ്പോഴാണ് സമാധാനയോഗ വേദിയില്‍ തിങ്ങിക്കൂടിയ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. അതോടെ മുഖ്യമന്ത്രിയുടെ സകല നിയന്ത്രണവും കൈവിട്ടു.

മലയാള മനോരമ, 2017 ജൂലൈ 31

‘ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി’ എന്ന വാര്‍ത്ത കണ്ട് പിണറായിക്ക് ദേഷ്യം വരേണ്ട കാര്യമുണ്ടോ? ഉണ്ട് തന്നെ. നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു അക്കിടി പറ്റി. അതാണ് പിന്നീട് ‘കടക്ക് പുറത്ത്’ ആയി മാറിയത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ വിളിച്ചുവരുത്താനുള്ള അധികാരമുള്ളതായി നമ്മുടെ ഭരണഘടനയില്‍ ഒരിടത്തും എഴുതി വെച്ചിട്ടില്ല. ഇല്ലാത്ത അധികാരം സദാശിവം പ്രയോഗിച്ചപ്പോള്‍ ‘അച്ചടക്കമുള്ള ആട്ടിന്‍കുട്ടി’യെ പോലെ പിണറായിയും ബെഹറയും ചെന്നു കയറിക്കൊടുത്തു. മുഖ്യമന്ത്രിയുടെ ഉപദേശകരെ തട്ടിയിട്ട് സെക്രട്ടേറിയറ്റില്‍ നടക്കാനാവാത്ത അവസ്ഥയാണെങ്കിലും കാര്യവിവരമുള്ള ആരും അവിടെയില്ലേ എന്ന സംശയമുയരുക സ്വാഭാവികം. സമാനമായ സംഭവം പശ്ചിമ ബംഗാളില്‍ അടുത്തിടെ അരങ്ങേറിയിരുന്നു. ഗവര്‍ണര്‍ കെ.എന്‍.ത്രിപാഠി വിളിച്ച് വിരട്ടാന്‍ നോക്കിയപ്പോള്‍ ‘എന്നെ പേടിപ്പിക്കണ്ട’ എന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി മറുപടി നല്‍കിയത്. റബ്ബര്‍ സ്റ്റാമ്പായ ഗവര്‍ണറോട് പോയി പണി നോക്കാന്‍ പറഞ്ഞ മമത അവിടെ കൈയടി വാങ്ങി. ഗവര്‍ണര്‍ക്ക് ഒരു ചുക്കും ചെയ്യാനായില്ല.

Summoned Chief minister @CMOKerala and State Police Chief to know about action taken by State govt on law and order issues in Trivandrum

ഗവര്‍ണര്‍ സദാശിവത്തിന്റെ ട്വീറ്റ് അത്ര നിസ്സാരമല്ല. ഉപയോഗിച്ചിരിക്കുന്ന ഭാഷ പോലും അദ്ദേഹത്തിന്റെ അധികാര പരിധിക്കു പുറത്താണ്. എന്നാല്‍, സദാശിവത്തിന് കളി അറിയാമെന്ന് ഇപ്പോഴത്തെ നടപടി കൂടുതല്‍ വ്യക്തമാക്കുന്നു. ഭരണഘടന കൈയില്‍ വെച്ചു കളിച്ചാണ് അദ്ദേഹം ന്യായാധിപനായത്. അധികാരത്തിന്റെ ഉള്ളുകളികള്‍ അറിയാവുന്നയാള്‍ എന്ന നിലയില്‍ അദ്ദേഹം ഗവര്‍ണറുമായി. അതിനാലാണ് ഭരണഘടനയില്‍ പറയാത്ത ‘അധികാരം’ ഉപയോഗിച്ച്, ഒരു കൊലപാതകത്തിന്റെ വിവരം ആരായാന്‍ സംസ്ഥാന മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും ‘summon’ ചെയ്തെന്ന് ഗവര്‍ണര്‍ പറയുന്നത്. ‘Summoned Chief Minister’ എന്നാണ് സദാശിവത്തിന്റെ അവകാശവാദം! Summon എന്നത് നിയമ ഭാഷയാണ്. Summon എന്നാല്‍ order to be present എന്നാണ്. കോടതിക്കു മുമ്പാകെ ഹാജരാകാന്‍ ഒരാള്‍ക്ക് അയയ്ക്കുന്ന രേഖാമൂലമുള്ള നോട്ടീസ്. ഒരാളുടെ പരാതിപ്രകാരം എതിര്‍കക്ഷിയെ ‘അധികാരത്തോടെ’ വിളിച്ചു വരുത്തുന്ന പ്രക്രിയ എന്നു പറഞ്ഞാലും തെറ്റില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം ദൈനംദിന ഭരണനിര്‍വ്വഹണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ summon ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് summon ചെയ്യാനുള്ള അധികാരവും ഗവര്‍ണര്‍ക്കില്ല. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 152 മുതല്‍ 237 വരെ പ്രതിപാദിക്കുന്നത് ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങളെ കുറിച്ചാണ്. സംസ്ഥാന നിയമസഭ വിളിച്ചു കൂട്ടുവാനും പിരിച്ചുവിടാനും ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുവെങ്കിലും മുഖ്യമന്ത്രിയെ വിളിപ്പിച്ചു ദൈനംദിന കാര്യത്തില്‍ ഇടപെട്ട് ചില പ്രത്യേക വ്യക്തികളോട് സംസാരിക്കണമെന്നും മറ്റും പറയുവാന്‍ അധികാരമില്ല തന്നെ. സര്‍ക്കാരിന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണര്‍ വെറും ആലങ്കാരിക പദവി മാത്രമാണ്. ഭരണം ഞാണിന്മേല്‍ക്കളിയാണെങ്കില്‍ ഗവര്‍ണര്‍ പരമാധികാരിയാവും. ഭരണഘടനയുടെ അനുച്ഛേദം 163 ഗവര്‍ണറുടെ അധികാരങ്ങളെപ്പറ്റി ഇങ്ങനെ പറയുന്നു.

Council of Ministers to aid and advise Governor

(1) There shall be a council of Ministers with the Chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion.

(2) If any question arises whether any matter is or is not a matter as respects which the Governor is by or under this Constitution required to act in his discretion, the decision of the Governor in his discretion shall be final, and the validity of anything done by the Governor shall not be called in question on the ground that he ought or ought not to have acted in his discretion.

(3) The question whether any, and if so what, advice was tendered by Ministers to the Governor shall not be inquired into in any court.

ഇനി ഗവര്‍ണര്‍ക്ക് അധികാരം പ്രയോഗിക്കാവുന്ന കാര്യങ്ങളെപ്പറ്റിയും ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതില്‍ summon എന്നത് ഇല്ലേയില്ല.

The matters in which the Governor is expected to use his discretion are:-

(i) In chosing the Chief Minister.
(ii) In testing majority of the government in office.
(iii) In the matter of dismissal of a Chief Minister.
(iv) In dissolving the Legislative Assembly.
(v) In recommending President’s rule.
(vi) In reserving Bills for President’s Consideration.

ഭരണഘടനയുടെ അനുച്ഛേദം 167ലാണ് മുഖ്യമന്ത്രിയുടെ ചുമതലകളെപ്പറ്റി പറയുന്നത്.

Duties of Chief Minister as respects the furnishing of information to Governor, etc.

It shall be the duty of the Chief Minister of each State

(a) to communicate to the Governor of the State all decisions of the council of Ministers relating to the administration of the affairs of the State and proposals for legislation;

(b) to furnish such information relating to the administration of the affairs of the State and proposals for legislation as the Governor may call for; and

(c) if the Governor so requires, to submit for the consideration of the Council of Ministers any matter on which a decision has been taken by a Minister but which has not been considered by the Council.

ഇവിടെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറെ കാണാം, സ്വന്തം താല്പര്യപ്രകാരം. എന്നാല്‍, മുഖ്യമന്ത്രിയെ summon ചെയ്യുവാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. ഇങ്ങനെ ഭരണഘടനയുടെ അധികാര പരിധിക്കു പുറത്ത് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നതിനു പകരം വഴങ്ങിക്കൊടുക്കുക എന്ന അക്ഷന്തവ്യമായ അപരാധം മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ ക്രമസമാധാനപ്രശ്‌നത്തില്‍ എന്തു നടപടിയെടുത്തു എന്നറിയുവാനാണ് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും summon ചെയ്തത്. തന്റെ നിര്‍ദ്ദേശപ്രകാരം കുമ്മനം രാജശേഖരനെയും ആര്‍.എസ്.എസ്. സംസ്ഥാന തലവനെയും കാണാമെന്നും സമാധാനത്തിന് ആഹ്വാനം ചെയ്യാമെന്നും മുഖ്യമന്ത്രി സമ്മതിച്ചതായും സദാശിവം ട്വിറ്ററില്‍ പ്രഖ്യാപിക്കുന്നു. അബദ്ധജഡിലമായ ആ പ്രഖ്യാപനത്തിന്റെ അനന്തരഫലമാണ് ‘കടക്ക് പുറത്ത്’!! മുഖ്യമന്ത്രിക്ക് അബദ്ധം ബോദ്ധ്യപ്പെട്ടപ്പോഴേക്കും വൈകിപ്പോയി. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ബി.ജെ.പി. -ആര്‍.എസ്.എസ്. നേതാക്കളെ കണ്ടു എന്നു വരുന്നതിന്റെ ക്ഷീണമായിരിക്കാം അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്ത് തീര്‍ത്തത്. അബദ്ധം പ്രവര്‍ത്തിച്ചതല്ല കുറ്റം അത് പുറത്ത് പറഞ്ഞതാണ് എന്ന നിലയിലായി കാര്യങ്ങള്‍.

Chief minister @CMOKerala said he’d have meeting with @KummanamRajasekharan and State RSS chief and make public appeal to maintain peace.

ഭരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദശേപ്രകാരം പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതയുള്ള ആലങ്കാരിക പദവി മാത്രമാണ് ഗവര്‍ണര്‍. മന്ത്രിസഭ എഴുതിത്തയ്യാറാക്കി കൊടുക്കുന്ന നയപ്രഖ്യാപന പ്രസംഗം 2 ഗ്ലാസ് വെള്ളം കുടിച്ച് കുത്തും കോമയും പോലും തെറ്റിക്കാതെ അദ്ദേഹം നിയമസഭയില്‍ വായിച്ചുതീര്‍ക്കുന്നത് ചുമ്മാതല്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ രാജ്ഭവനില്‍ ചായപ്പൊടി വാങ്ങാന്‍ പോലും ഗവര്‍ണര്‍ക്കാവില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിരാകരിക്കാന്‍ ഗവര്‍ണര്‍ക്കു സാധിക്കും. എന്നാല്‍, ഗവര്‍ണര്‍ നിരാകരിക്കുന്നത് സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ അംഗീകരിച്ചേ പറ്റൂ. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഗവര്‍ണറെയല്ല സര്‍ക്കാരിനെയാണ്. അതാണ് ജനാധിപത്യം.

ഗവര്‍ണര്‍ പി.സദാശിവത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ എത്തിയപ്പോള്‍

സദാശിവത്തിന്റെ നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്. ഇപ്പോഴത്തെ സംഭവം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തുന്നത് കീഴ്‌വഴക്കത്തിന്റെ ഭാഗമായി ഭാവിയില്‍ വ്യാഖ്യാനിക്കപ്പെടാം. ജനാധിപത്യ വ്യവസ്ഥിതിക്ക് അതീതമായ കീഴ്‌വഴക്കങ്ങളാണ് സ്വേച്ഛാധിപത്യത്തിലേക്കു നയിക്കുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും പറ്റിയ കക്ഷിയാണ് സദാശിവം. സദാശിവത്തെ കേരളത്തിലേക്ക് ബി.ജെ.പി. നിയോഗിച്ചിരിക്കുന്നത് വെറുതെയല്ല. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് എന്നതിലുപരി മറ്റു പലതുമാണ് അദ്ദേഹം.

ഗവര്‍ണര്‍ പി.സദാശിവത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ രാജ്ഭവനില്‍ സന്ദര്‍ശിക്കുന്നു

In the case on hand, even though Graham Staines and his minor sons were burnt to death while they were sleeping inside a station wagon at Manoharpur, the intention was to teach a lesson to Graham Staines about his religious activities, namely converting poor tribals to Christianity. All these aspects have been correctly appreciated by the high court and modified the sentence of death into life imprisonment with which we concur.

It is undisputed that there is no justification for interfering in someone’s belief by way of use of force, provocation, conversion and incitement or upon a flawed premise that one religion is better than the other.

‘ചുട്ടു കൊന്നത് തെളിയിക്കപ്പെട്ടുവെങ്കിലും സ്റ്റെയിന്‍സിന്റെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളോട് ധാരാ സിങ്ങിനുള്ള പ്രതിഷേധവും അതിന്റെ പേരില്‍ സ്റ്റെയിന്‍സിനെ ഒരു പാഠം പഠിപ്പിക്കാന്‍ ധാരാ സിങ് ആഗ്രഹിച്ചതുമാണ് കൊലയ്ക്കു പിന്നിലെന്നത് കാണാതിരുന്നുകൂടാ. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്.’ -ഒഡിഷയിലെ ക്യോഞ്ജര്‍ ജില്ലയിലെ മനോഹര്‍പുരില്‍ ഓസ്‌ട്രേലിയക്കാരനായ സുവിശേഷകന്‍ ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെയും വാഹനത്തില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ചുട്ടുകൊന്ന കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയില്‍ സദാശിവം പറഞ്ഞതാണിത്. മതപ്രചാരണം നടത്തുന്നയാളെ ചുട്ടുകൊല്ലുന്നത് തെറ്റല്ലെന്ന്!! ക്രൂരമായ കുറ്റം തെളിഞ്ഞ പ്രതികളെ രക്ഷിച്ചെടുക്കാന്‍ അതിലും ഭയാനകമായ ന്യായീകരണം എഴുതിയ ജഡ്ജിയുടെ നീതിബോധത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ.

ഇതേ സദാശിവം തന്നെയാണ് അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ വാദം  കേള്‍ക്കാന്‍ പോലും തയ്യാറാവാതെ തള്ളിയത്. ‘ജാമ്യത്തിന്റെ കാര്യവും ചോദിച്ച് ഇനി മേലില്‍ ഈ വഴി വരരുത്’ എന്നായിരുന്നു തിട്ടൂരം. ജാമ്യം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. പക്ഷേ, വാദം പോലും കേള്‍ക്കില്ല എന്നു പറയുന്നത് എത്ര വലിയ നീതികേടാണ്!! ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കാന്‍ സദാശിവം കാട്ടിയ തിടുക്കം അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയായിരുന്നില്ലേ എന്ന് ആരെങ്കിലും ഇന്ന് സംശയിച്ചാല്‍ തെറ്റുപറയാനാവുമോ? മനോഹരമായ പുഞ്ചിരിയുടെ പിന്നിലെ കുത്സിതലക്ഷ്യങ്ങളുമായി സദാശിവം മുന്നേറുന്നതു ചെറുക്കാനാവുന്നില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം!! സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നത് ഒരു രോഗമാണോ ഡോക്ടര്‍!!

ഗവര്‍ണറുടെ ചട്ടവിരുദ്ധമായ വിളിക്ക് മുഖ്യമന്ത്രി വഴങ്ങിയത് പാളിച്ച തന്നെയാണ്. ആദ്യമായല്ല ഇത്തരം ഭരണപരമായ പാളിച്ചയുണ്ടാവുന്നത്. സെന്‍കുമാറിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധിയില്‍ എന്താണ് സംഭവിച്ചത് എന്ന് ഓര്‍മ്മയില്ലേ? സെന്‍കുമാര്‍ മഹാനായതുകൊണ്ടല്ല പൊലീസ് മേധാവി പദവിയില്‍ അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സെന്‍കുമാറിനെ നീക്കാന്‍ നിയമപരമായും ഭരണപരമായും സ്വീകരിക്കേണ്ട നടപടികള്‍ പിന്തുടരാത്തതിന്റെ പേരിലാണ് സുപ്രീം കോടതിയില്‍ നിന്ന് എതിര്‍വിധിയുണ്ടായത്. കോടതിയുടെ വിമര്‍ശം തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. ഇപ്പോഴത്തെ ‘കടക്കു പുറത്ത്’ സംഭവത്തിലുമുണ്ടായത് ഇതു തന്നെയാണ്!!

മാസ്‌കറ്റ് ഹോട്ടലിലെ ചര്‍ച്ചാവേദിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുന്നതിനായി കോപത്തോടെ കാത്തു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍

‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ കൈയടിച്ച് വരവേല്‍ക്കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്. പിശകു സംഭവിച്ചാലും അതു ചൂണ്ടിക്കാട്ടാതെ ന്യായീകരിക്കുന്നത് സഹജമായ വിധേയത്വമാണ്. കോപം മനുഷ്യസഹജമാണ്. പക്ഷേ, അത് ആരോട് എവിടെ പ്രകടിപ്പിക്കണം എന്നതു നിയന്ത്രിക്കാന്‍ സാധിച്ചാല്‍ മാത്രമേ വ്യക്തിയെന്ന നിലയില്‍ വിജയമുണ്ടാകൂ. ‘നിങ്ങള്‍ പുറത്തു നില്‍ക്കൂ’ എന്നു പറയാമായിരുന്നു. അത് മര്യാദ. ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിക്കുന്നത് ധാര്‍ഷ്ട്യമായി വ്യാഖ്യാനിക്കപ്പെടുക സ്വാഭാവികം. മുഖ്യമന്ത്രി ഫ്രെയിമിലേക്ക് കടന്നു വരുന്നതു തന്നെ മാസ്‌കറ്റ് ഹോട്ടലിലെ അസിസ്റ്റന്റ് മാനേജരോട് മാധ്യമപ്രവര്‍ത്തകരെ ചൂണ്ടി ‘നിങ്ങള്‍ ഇവരെ സ്വീകരിക്കാനാണോ നില്‍ക്കുന്നത്’ എന്ന ചോദ്യവുമായാണ്. അപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ യോഗം നടക്കുന്ന മുറി കാട്ടുകയും മുഖ്യമന്ത്രി അങ്ങോട്ടു നടക്കുകയുമാണ്. വാതിലിനു മുന്നില്‍ എത്തിയ ഉടനെ ‘ക്യാമറ പുറത്തുകടക്ക്’ എന്നു നിര്‍ദ്ദേശം. ഇതിനു പിന്നാലെ ഇടുങ്ങിയ വാതിലിലൂടെ ഓരോ മാധ്യമപ്രവര്‍ത്തകരായി പുറത്തുകടക്കുന്നു. അടുത്ത ചോദ്യം -‘ഇതെന്താ ക്യാമറ മീറ്റിങ്ങാ?’ അസിസ്റ്റന്റ് മാനേജരുടെ മറുപടി -‘പറഞ്ഞതാണ്.’ വീണ്ടു മുഖ്യമന്ത്രി -‘എന്തു പറഞ്ഞതാണ്?’ ഇതിനെല്ലാം സാക്ഷിയായി കോടിയേരിയുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്കിറങ്ങുന്നതിന് വേണ്ടത്ര വേഗം പോരെന്നു മുഖ്യമന്ത്രിക്കു തോന്നിക്കാണും. ആക്രോശം -‘കടക്ക് പുറത്ത്.’ മുഴുവനാളുകളും പുറത്തിറങ്ങിയ ശേഷം പിണറായിയും കോടിയേരിയും അകത്തേക്ക്. വാതിലടഞ്ഞു. ഒരു സഹജീവിയുടെ ആത്മാഭിമാനത്തെ മാനിക്കാതെ വാല്യക്കാരോട് ആക്രോശിക്കും പോലെ പറഞ്ഞതാണ് വിവാദമായത്. ഒരു സമാധാന യോഗത്തിന് മുന്‍കൈയെടുക്കുന്ന ഭരണാധികാരിയുടെ ശരീരഭാഷ പോലും വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം മറന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍ ക്ലിഫ് ഹൗസില്‍ പുതിയ ഓഫീസ് തുടങ്ങാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. രാപകല്‍ ഭേദമന്യേ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞ കാലം. പ്രതിപക്ഷത്തിരുന്ന് പിണറായി അടക്കമുള്ളവര്‍ ഇത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ റോളാണ് നിര്‍വ്വഹിക്കേണ്ടത് എന്നായിരുന്നു വ്യാഖ്യാനം. മാധ്യമപ്രവര്‍ത്തകര്‍ ചൂഴ്‌ന്നെടുത്ത തെളിവുകളുടെ ഫലമായുള്ള ആരോപണവും അന്വേഷണവും പുരോഗമിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബം പോലും വിവാദത്തില്‍ കക്ഷിയാകുന്ന ഘട്ടമുണ്ടായി. എന്നാല്‍, പൂര്‍ണ്ണ സംയമനത്തോടെ -തെളിവില്ല, ജനകീയ കോടതി വിധി പറയും തുടങ്ങിയ വരട്ടുവാദങ്ങള്‍ ഉയര്‍ത്തിയാണെങ്കിലും -ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയ ഉമ്മന്‍ചാണ്ടിയുമായി പിണറായി വിജയന്റെ പെരുമാറ്റം താരതമ്യം ചെയ്യപ്പെടുക സ്വാഭാവികമല്ലേ?

മാസ്‌കറ്റ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത് നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു നടപടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു. പരസ്പരം കൊലവിളിക്കുന്ന സി.പി.എം. നേതാക്കളും ബി.ജെ.പി. -ആര്‍.എസ്.എസ്. നേതാക്കളും ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ നല്‍കാനാകുമായിരുന്ന സന്ദേശം വളരെ വലുതായിരുന്നു. അതാണ് ‘കടക്ക് പുറത്ത്’ എന്ന രണ്ട് വാക്കിലൂടെ പിണറായി ഇല്ലാതാക്കിയത്. ആ യോഗം പൂര്‍ണ്ണരൂപത്തില്‍ ക്യാമറയിലാക്കി ലോകത്തെ കാണിക്കുക ആരുടെയും ലക്ഷ്യമായിരുന്നില്ല. മുഖ്യമന്ത്രിയടക്കമുള്ളവര്‍ യോഗത്തിനായി ഇരുപ്പുറപ്പിച്ചു കഴിയുമ്പോള്‍ അതു പകര്‍ത്തിയ ശേഷം സ്വാഭാവികമായും ക്യാമറയും കൊണ്ട് പുറത്തിറങ്ങുമായിരുന്നു. ഏതെങ്കിലും സര്‍വ്വകക്ഷി ചര്‍ച്ചയോ ഉഭയകക്ഷി ചര്‍ച്ചയോ മാധ്യമപ്രവര്‍ത്തകര്‍ കൂടി പങ്കെടുത്ത് ‘വിജയിപ്പിച്ച’ ചരിത്രം ഇന്നുവരെയില്ല. അത് ഞങ്ങളുടെ ജോലിയുമല്ല. സി.പി.എം. കേന്ദ്ര കമ്മിറ്റിയോഗത്തിന്റെ ദൃശ്യങ്ങളും എ.ഐ.സി.സി. യോഗത്തിന്റെ ദൃശ്യങ്ങളും ബി.ജെ.പി. നിര്‍വ്വാഹക സമിതിയുടെ ദൃശ്യങ്ങളുമെല്ലാം പകര്‍ത്തുന്നത് ഇതുപോലെ തന്നെ. എം.പിമാരുടെ യോഗമടക്കം മുഖ്യമന്ത്രി തന്നെ പങ്കെടുത്ത സര്‍ക്കാര്‍ യോഗങ്ങളുടെ ദൃശ്യങ്ങള്‍ ഇതുപോലെ എത്രയോ തവണ പകര്‍ത്തിയിട്ടുണ്ട്. അപ്പോഴൊന്നും ആരും ഇങ്ങനെ ‘കടക്ക് പുറത്ത്’ എന്ന് ആക്ഷേപിച്ചിട്ടില്ല.

സമാധാനയോഗം തുടങ്ങിയപ്പോള്‍ ക്യാമറയുമായി അവിടെ നില്‍ക്കുകയായിരുന്നെങ്കില്‍ പോലും മാന്യമായ ഭാഷയില്‍ ആയിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി പ്രതികരിക്കേണ്ടിയിരുന്നത്. പിണറായി വിജയന്‍ എന്ന വ്യക്തിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് സംസാരിക്കുന്നത്. ഉന്നത പദവിയിലിരിക്കുന്ന ആളുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില ജനാധിപത്യ മര്യാദകള്‍ ഉണ്ട്. പിണറായി വിജയന്‍ അതു പാലിക്കാതിരിക്കുമ്പോള്‍ ഇടിയുന്നത് അദ്ദേഹത്തിന്റെ വില തന്നെയാണ്. മാധ്യമങ്ങള്‍ക്ക് അറിയിപ്പ് കിട്ടുന്നവയായാലും അല്ലാത്തവയായാലും, എല്ലാ യോഗങ്ങളും രഹസ്യ സ്വഭാവം ഉള്ളവ തന്നെയാണ്. അത്തരം എല്ലാ യോഗങ്ങളുടെയും ദൃശ്യങ്ങളും ചിത്രങ്ങളും ഞങ്ങള്‍ പകര്‍ത്താറുണ്ട്. 2-3 മിനിറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പുറത്തിറങ്ങും. യോഗാനന്തരം ഉള്ള വിശദീകരണത്തിനായി പിന്നീട് കാത്തിരിക്കും. അല്ലാതെ അനുമതിയുള്ളതും ഇല്ലാത്തതും എന്ന് ഞങ്ങള്‍ക്കില്ല. ഇനി പ്രവേശിക്കാന്‍ അനുമതി ഇല്ലെങ്കില്‍ ഞങ്ങളാരും ആ വേദിയുടെ ഏഴയലത്ത് പോകില്ല. അങ്ങനെ പാഴാക്കാന്‍ ഞങ്ങള്‍ക്ക് സമയവുമില്ല.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ചോദ്യം ചെയ്യല്‍ നടക്കുന്ന ആലുവ പൊലീസ് ക്ലബ്ബിനുള്ളിലേക്ക് ഒരു മാധ്യമപ്രവര്‍ത്തകനെങ്കിലും ഇന്നുവരെ കടന്നിട്ടുണ്ടോ? എല്ലാവരും ക്ലബ്ബിന്റെ ഗേറ്റിനു പുറത്തു നിന്നല്ലേ വാര്‍ത്ത നല്‍കുന്നത്? കടക്കാന്‍ വിലക്കുണ്ടെന്ന തികഞ്ഞ ബോദ്ധ്യത്തില്‍ നിന്നാണ് ആ വിവേകം ഉണ്ടാവുന്നത്. ഏതു വേദിയിലും കടത്തി വിട്ടാല്‍ ദൃശ്യം പകര്‍ത്തും. അല്ലാതെ ചായ കുടിക്കാനല്ല പ്രവേശിപ്പിക്കുന്നത്. സി.പി.എം. -ബി.ജെ.പി. യോഗം നടന്ന തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് ആദ്യമായും അവസാനമായും ഒരാള്‍ മാത്രമാണ് പറഞ്ഞത് -പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിന് കനത്ത പൊലീസ് ബന്തവസ്സുണ്ടായിരുന്നു. ഏതെങ്കിലും ഒരു പൊലീസുകാരനോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞാല്‍ പോരായിരുന്നോ മാധ്യമപ്രവര്‍ത്തകരെ കടത്തരുതെന്ന്? അങ്ങനെ തടഞ്ഞാല്‍ ഒരാള്‍ പോലും കടക്കില്ലെന്നത് 101 തരം.

മലയാള മനോരമ, 2017 ഓഗസ്റ്റ് 1

വനിതകള്‍ അടക്കമുള്ളവരെയാണ് ‘കടക്ക് പുറത്ത്’എന്ന് ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കിയത്. മുഖ്യമന്ത്രി അതു പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യാതെ വാലും ചുരുട്ടി ഇറങ്ങിപ്പോയതിനെ ദൗര്‍ബല്യമായി ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. പിണറായിയോടെന്നല്ല ആരോടും അങ്ങനെ തിരിഞ്ഞു നിന്നു തറുതല പറയുന്നല്ല മാധ്യമപ്രവര്‍ത്തകരുടെ ജോലി. പക്ഷേ, ചോദിക്കേണ്ടത് കൃത്യമായി യോഗത്തിനു ശേഷം മുഖ്യമന്ത്രിയോട് ചോദിച്ചിട്ടുണ്ട്. ക്ഷോഭത്തിനുള്ള കാരണം ചോദിച്ചപ്പോള്‍ ആദ്യം കേട്ട ഭാവം നടിച്ചില്ല. ‘ഇന്നത്തെ മീറ്റിങ്ങിന്റെ വിഷ്വല്‍ എടുക്കരുതെന്ന് ഒരു ഡയറക്ഷനും ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് സി.എം. മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നു പറഞ്ഞത്?’ -ഒരു പെണ്‍കൊടിയാണ് ചോദിച്ചത്. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘മാറങ്ങോട്ട്’ എന്ന മറുപടിയുമായി പിണറായി വേഗത്തില്‍ കാറില്‍ കയറി പോകുകയായിരുന്നു. പിണറായിക്കു പിന്നാലെ വന്ന കോടിയേരി ബാലകൃഷ്ണന്‍ ഈ വിഷയത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു മുന്നില്‍ കുഴങ്ങി. യോഗസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് പിന്നീട് ഫേസ്ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു. അതോടെ വിഷയം തീര്‍ന്നുവെന്ന് അദ്ദേഹം കരുതുന്നു.

സമാധാന ഭംഗമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ക്കശമായി ഇടപെടും. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം, ബി.ജെ.പി, ആര്‍.എസ്. എസ് നേതാക്കളുമായി മുഖ്യമന്ത്രി എന്ന നിലയില്‍ ചര്‍ച്ച നടത്തി. ഒരു വിധത്തിലുള്ള അക്രമസംഭവങ്ങളും ഉണ്ടാവരുതെന്ന പൊതുധാരണയാണ് എല്ലാവരും പങ്കുവെച്ചത്. അണികളില്‍ ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്താനും ധാരണയായി.

തിരുവനന്തപുരത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കും ബി.ജെ.പി.ഓഫീസിനു നേരെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയും അക്രമം നടന്നു. ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങള്‍ക്ക് പിന്നാലെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ ഉണ്ടാകുന്നത് തെറ്റായ പ്രവണതയാണ്. മേലില്‍ ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കുമെന്ന ഉറപ്പാണ് യോഗത്തിലുണ്ടായത്.

തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം ജില്ലകളിലും ഉഭയകക്ഷി ചര്‍ച്ച നടത്തും. ആഗസ്ത് 6 ന് വൈകിട്ട് 3 മണിക്ക് സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോള്‍ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. അതു കൊണ്ടാണ് അവരോട് പുറത്തു പോകാന്‍ പറഞ്ഞത്. അതല്ലാത്ത ഒരര്‍ത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

‘കടക്ക് പുറത്ത്’ പോലുള്ള ആട്ടലുകള്‍ ആദ്യമായല്ല ഞങ്ങള്‍ കേള്‍ക്കുന്നത്. തെറിയോ അടിയോ ഏതു നിമിഷം വേണമെങ്കിലും നേരെ വന്നേക്കാം എന്നറിഞ്ഞു കൊണ്ടാണ് മാധ്യമപ്രവര്‍ത്തനം എന്ന തൊഴിലിനിറങ്ങിയത് തന്നെ. പൊതുജനങ്ങള്‍ അറിയണം എന്നു കരുതുന്ന അല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെടുന്ന വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്താറുണ്ട്. സമയമില്ലായ്മ നിമിത്തമോ മറ്റു കാരണങ്ങളാലോ സാധാരണക്കാര്‍ക്ക് പോകാന്‍ പറ്റാത്തിടത്ത് അവരുടെ പ്രതിനിധികളായാണ് ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പോകുന്നത്. ശേഖരിക്കുന്ന വാര്‍ത്തകള്‍ ആരും വീട്ടില്‍ക്കൊണ്ടുപോകുകയല്ല ചെയ്യുന്നത്, സാധാരണക്കാര്‍ക്ക് കൈമാറുക തന്നെയാണ്. അഴിമതിയും കൈക്കൂലിയും അഹങ്കാരവും പീഡനവും നിറഞ്ഞ കഥകള്‍ മാത്രമല്ല ഇങ്ങനെ നല്‍കുന്നത്. ആയിരക്കണക്കിന് ജീവിതങ്ങള്‍ക്ക് പ്രതീക്ഷയും നിറങ്ങളും ഞങ്ങളുടെ വാര്‍ത്തകളിലൂടെ പകര്‍ന്നിട്ടുണ്ട്. അവരുണ്ട് ഞങ്ങള്‍ക്കൊപ്പം.

മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വാതിലും മനസ്സും കൊട്ടിയടയ്ക്കുന്ന മുഖ്യമന്ത്രി ഫലത്തില്‍ സാധാരണ ജനങ്ങളെ തന്നെയല്ലേ നിരാകരിക്കുന്നത്? സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് പിണറായി ആട്ടിയത്. അത് ന്യായീകരണക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ബോദ്ധ്യപ്പെടുന്ന ധാരാളം പേര്‍ ഇന്നാട്ടിലുണ്ട്. ആട്ടുന്നതിനു പകരം സ്വന്തം പാര്‍ട്ടി സെക്രട്ടറിയുമായി മുറിക്കകത്ത് കയറി കുമ്മനത്തിനു കൈ കൊടുക്കുന്ന ഒരു പടത്തിനു പോസ് ചെയ്താല്‍ മുഖ്യമന്ത്രിക്ക് ഒന്നും നഷ്ടപ്പെടുമായിരുന്നില്ല. നാട്ടില്‍ സമാധാനം കൈവരുത്താനുള്ള നീക്കം എന്ന പേരില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനായ അദ്ദേഹം ശ്ലാഘിക്കപ്പെടുമായിരുന്നു. താനും കുമ്മനവും ഒരുമിച്ചുള്ള ദൃശ്യം പോലും വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാവും. ആട്ടിയിറക്കിയിട്ടും യോഗം കഴിഞ്ഞിറങ്ങിയപ്പോള്‍ പിണറായിയുടെ നേര്‍ക്ക് മൈക്ക് നീട്ടിയതും അദ്ദേഹം പറഞ്ഞത് കുറിച്ചെടുത്തതും എന്തെങ്കിലും നല്ലത് ജനങ്ങളെ അറിയിക്കാന്‍ കാണും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.

മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസ്താവന

ക്ഷണം കിട്ടുന്നിടത്ത് പോയി സര്‍ക്കാരിനു താല്പര്യമുള്ള വാര്‍ത്ത ചെയ്യാന്‍ ഇവിടെ കൈരളിയും ദേശാഭിമാനിയും മാത്രം മതിയല്ലോ. ക്ഷണപത്രങ്ങളും പത്രക്കുറിപ്പുകളും നോക്കി വാര്‍ത്തയടിക്കാന്‍ ടൈപ്പിസ്റ്റ് മതി, ജേര്‍ണലിസ്റ്റ് വേണ്ട. എവിടെ വാര്‍ത്തയുണ്ടോ അവിടെ മാധ്യമപ്രവര്‍ത്തകനും ഉണ്ടാകും. സോളാര്‍ അഴിമതിയിലായാലും ബാര്‍ കോഴയിലായാലും ജിഷ്ണുവിന്റെയും വിനായകന്റെയും മരണങ്ങളിലായാലും മൂന്നാര്‍ കൈയേറ്റത്തിലായാലും കോവളം കൊട്ടാരം കൈമാറ്റത്തിലായാലും അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുന്നതിലായാലും നേഴ്‌സുമാരുടെ സമരത്തിലായാലും കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ പ്രശ്‌നത്തിലായാലും ഞങ്ങള്‍ ഇടപെട്ടത് ക്ഷണിക്കാതെ തന്നെയാണ്. അതുപോലെ, തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന രണ്ടു പാര്‍ട്ടികളുടെ നേതാക്കള്‍ ഒത്തുചേര്‍ന്ന് സമാധാനം ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പ്രോത്സാഹിപ്പിച്ച് ജനത്തിന് നന്മ വരുത്തുക എന്ന കര്‍മ്മം ചെയ്യാനാണ് മാസ്‌കറ്റില്‍ ക്ഷണമില്ലാതെ ഞങ്ങള്‍ ചെന്നത്. വിളിക്കാത്ത കല്യാണത്തിന് പോകുന്ന പോലെ എന്നു കളിയാക്കുന്നവരുണ്ട്. അതെ, വിളിക്കാത്ത കല്യാണത്തിനു പോകുന്നവര്‍ തന്നെയാണ് ഞങ്ങള്‍. പക്ഷേ, ഓസിന് സദ്യ തട്ടാറില്ല, സഹോ. ക്ഷണിച്ചിടത്തും ക്ഷണിക്കാത്തിടത്തും ഇനിയും ചെല്ലും, എഴുതുന്നത് വായിക്കാനും പകര്‍ത്തുന്ന ദൃശ്യം കാണാനും ആളുണ്ടെങ്കില്‍. വിമര്‍ശിക്കുന്നവരെല്ലാം കുത്തിയിരുന്ന് വാര്‍ത്താചാനലുകള്‍ കാണുന്നവരാണ്, രാവിലെ പത്രം വന്നാലുടന്‍ വായിച്ചു തീര്‍ക്കുന്നവരാണ്. വയറു നിറയെ തിന്നിട്ട് ഭക്ഷണത്തെ കുറ്റം പറയുന്ന പരിപാടിയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. വാര്‍ത്തയെന്ന ഭക്ഷണത്തിനായി കാത്തിരിക്കുന്നവരില്‍ നിങ്ങള്‍ വിമര്‍ശകര്‍ തന്നെയാണ് മുന്നില്‍. കാരണം, വിമര്‍ശിക്കാതെ നിങ്ങള്‍ക്ക് ഉറക്കം വരില്ല. വാര്‍ത്തയില്ലെങ്കില്‍ പിന്നെ വിമര്‍ശനമില്ലല്ലോ.

ഏതൊരു വാര്‍ത്തയും ചിലര്‍ക്ക് ശരിയായിരിക്കും. വേറെ ചിലര്‍ക്ക് തെറ്റായിരിക്കും. അത് വാര്‍ത്തയുടെയോ ലേഖകന്റെയോ പ്രശ്‌നമല്ല, വാര്‍ത്ത സ്വീകരിക്കുന്നവരുടെയാണ്. ഒരു വ്യക്തിയുടെ രാഷ്ട്രീയതാല്പര്യം നിഴലിക്കുന്ന വാര്‍ത്തകള്‍ മാത്രമേ അയാള്‍ക്ക് സ്വീകാര്യമാവുകയുള്ളൂ. എന്നാല്‍, ശരിയുടെ പക്ഷത്ത് നില്‍ക്കുക എന്നതു ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നു വിശ്വസിക്കുന്നു. ഞങ്ങളില്‍ മഹാഭൂരിപക്ഷവും ആ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. ഏതു മേഖലയിലും എന്ന പോലെ ചില പേടുകള്‍ മാധ്യമരംഗത്തും ഉണ്ടാവാം. ചിലര്‍ക്ക് ചില വാര്‍ത്തകള്‍ ഇഷ്ടപ്പെടാത്തത് അവര്‍ ശരിയുടെ പക്ഷത്ത് അല്ലാത്തതിനാലാണ്.

മാധ്യമങ്ങളെ വര്‍ജ്ജിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മലയാളീകരിച്ച രൂപമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നൊക്കെ ചിലര്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്! മീഡിയ മാനേജ്മെന്റ് ഒരു കലയാണ്. പത്രക്കാരോട് സംസാരിക്കുന്നത് ചതുര്‍ത്ഥിയായ മോദിയുടെ ഒരു ചിത്രം കൂടി പങ്കുവെയ്ക്കാം. കാലിടറി വീണ പത്രഫൊട്ടോഗ്രാഫറെ കൈപിടിച്ചുയര്‍ത്തുന്ന പ്രധാനമന്ത്രി. 2015 ഏപ്രില്‍ 7ലെ ചിത്രമാണ്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും സംയുക്ത സമ്മേളനത്തില്‍ സംസാരിച്ച ശേഷം പുറത്തേക്കു വരുമ്പോഴാണ് പടമെടുക്കാന്‍ തിക്കിത്തിരക്കിയ ഫൊട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ കാലിടറി വീഴുന്നത് കണ്ടത്. നടപ്പ് നിര്‍ത്തിയ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് ആ ഫൊട്ടോഗ്രാഫര്‍ക്ക് കൈനല്‍കി, പിടിച്ചുയര്‍ത്തി. ഫൊട്ടോഗ്രാഫര്‍ക്ക് അത് അത്ഭുതമായി. ഒരു പക്ഷേ, ആ ചിത്രത്തിന് ലഭിക്കാനിടയുള്ള വാര്‍ത്താപ്രാധാന്യം മനസ്സിലാക്കിയുള്ള നാടകമായിരിക്കാം.

മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനും അതിന്റേതായ വഴികളുണ്ട്, ധാര്‍ഷ്ട്യരഹിത വഴി.

Previous articleചൈനാ യാത്രയുടെ ഓര്‍മ്മകള്‍
Next article2,000 രൂപയുടെ ‘ജന്മി’?!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

31 COMMENTS

 1. മർമ്മം നോക്കി കുത്തിയിട്ടും ആ ചെറുപ്പകാരനായ എം.എൽ.എ നിലത്ത്‌ വീഴാതായപോൾ കൂത്തുപറമ്പ് പോലീസ്‌ സ്റ്റേഷനിലെ പോലീസുകാരാണ് ഇവനെന്ത്‌ “ധാർഷ്ട്യ”മാണെന്ന് ആദ്യം പറഞ്ഞത്‌. അപ്പോളും ആ ചെറുപ്പകാരൻ പതറാതെ പോലീസുകാരോട്‌ പറഞ്ഞുവത്രെ “എന്നെ വീഴ്ത്താനുള്ളതൊന്നും നിങ്ങളാരും പഠിച്ചിട്ടില്ല”എന്ന്. അന്നുമുതൽ തുടങ്ങിയതാണ് അയാളിൽ ധാർഷ്ട്യം എന്ന അലങ്കാരപട്ടം ചാർത്താൻ. ആ യുവ എ.എൽ.എ എന്നതിൽ നിന്നും ഇന്നൊരു മുഖ്യമന്ത്രി ആയി വളർന്നപോൾ അയാളുടെ കൂടെ ധാർഷ്ട്യകാരൻ എന്ന അലങ്കാര പട്ടവും ചിലർ വളർത്തി വലുതാക്കി. ധാർഷ്ട്യകാരനായ പിണറായി വിജയനായി.

  ആരുടെയും നല്ല വാക്കിനായൊ, എല്ലെങ്കിൽ തലകുനിച്ച്‌ നിന്ന് ആളാവാനൊ പിണറായി ശ്രമിച്ചില്ല എന്നതാണ് ഇന്ന് പലരും ധാർഷ്ട്യമെന്ന് വിളിച്ച്‌ കൂവുന്നത്‌.

  പണ്ട്‌ കൂത്തുപറമ്പിൽ പിണറായി വിജയൻ മത്സരിക്കുന്ന സമയം. വോട്ട്‌ അഭ്യർത്ഥിച്ച്‌ പിണറായി വിജയൻ വോട്ടർമ്മാരെ കണ്ട്‌ കൊണ്ടിരിക്കുന്നു. അതിനിടയിൽ പെട്ടൊന്ന് ഒരാൾ പറഞ്ഞു “നിങ്ങൾക്ക്‌ വോട്ട്‌ തന്നിട്ട്‌ എന്ത്‌ കാര്യം.? പിന്നെ നിങ്ങളയൊന്നും ഈ വഴിക്ക്‌ കാണില്ലല്ലൊ.? ” . ആ വോട്ടറുടെ പ്രതികരണം കേട്ടപോൾ കൂടെയുള്ള സഖാക്കൾ ആകെ ഞെട്ടി. പക്ഷെ അതിനേക്കാൾ ഞെട്ടിക്കുന്ന മറുപടിയാണ് പിണറായി അന്ന് കൊടുത്തത്‌.ആ മറുപടി ഇങ്ങനെ ആയിരുന്നു.
  “അല്ല ഞാൻ ജയിച്ചാൽ നിന്റെ പൊരക്ക്‌ വന്ന് കുത്തിരിക്കാം”.
  ലോകത്ത്‌ ഒരു സ്ഥാനാർത്തിയും ഇങ്ങനൊരു പ്രതികരണം ഒരു വോട്ടർമ്മാരോട്‌ നടത്തികാണില്ല. പിണറായിയുടെ സ്ഥാനത്ത്‌ വേറൊരാളായിരുന്നുവെങ്കിൽ അവിടുന്ന് ആ വോട്ടറുടെ മുന്നിൽ കൈ കൂപ്പി നിൽക്കുമായിരുന്നു. പക്ഷെ പിണറായി ചെയ്തത്‌ ഒരു എം.എൽ.എ ആയാൽ എന്നും വന്നിരുന്ന് സൊറ പറയാൻ സാധ്യമെല്ലന്ന പച്ചയായ പ്രതികരണമാണ്.

  പിന്നീട്‌ തലശ്ശേരി കലാപനാളുകളിൽ ഒരു യുവപോരാളിയായി തലശ്ശേരിയുടെ മണ്ണിൽ സമാധാനത്തിൻ കാഹളം മുഴക്കിയപോളും പലർക്കും പിണറായി ധാർഷ്ട്യകാരനായിരുന്നു.
  പിന്നീട്‌ വസൂരി വന്നവർക്ക്‌ കൂട്ടിരുന്നപോൾ അയാൾ ധാർഷ്ട്യത്തിൻ മനുഷ്യ രൂപമാണെന്ന് വരെ ചില മഹാ ജന്തുക്കൾ ചിന്തിച്ചു.

  ഇതൊക്കെയാണ് പിണറായിക്കാരൻ വിജയൻ. ചെയ്യേണ്ടത്‌ ചെയ്യും. പറയേണ്ടത്‌ പറയേണ്ടിടത്ത്‌ പറയും.ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കും. ഇതൊക്കെ നിങ്ങൾക്ക്‌ ധാർഷ്ട്യമായി തോനുന്നുണ്ടെങ്കിൽ അതെ പിണറായി ധാർഷ്ട്യകാരനാണ്. നട്ടല്ലിന് വളവില്ലാത്ത കേരള രാഷ്ട്രിയത്തിലെ സമാനതകളില്ലാത്ത ധാർഷ്ട്യകാരൻ.

  എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്‌ നിങ്ങൾക്ക്‌ ഇദ്ദേഹത്തെ ഇങ്ങനെയല്ലാം വളഞ്ഞിട്ട്‌ ആക്രമിച്ചിട്ടും എന്തെ മതിയാവത്തത്‌ എന്നാണ്. അദ്ദേഹം അനുഭവിച്ചത്‌ പോലെ ഒരു രാഷ്ട്രീയ നേതാവും മാധ്യമ വിചാരണ നേരിട്ടിട്ടില്ല. അതൊരു ബഹുമുഖ ആക്രമണമായിരുന്നു. മഹാ നേതാക്കന്മാർ വരെ അണിനിരനൊരു ബഹുമുഖാക്രമണം. എന്നിട്ടും ഒരു ശബ്ദം പോലും ഇടറിയില്ല. എല്ലാം കോടതി പറയുമെന്ന് പറഞ്ഞ്‌ അതിനയെല്ലാം നേരിട്ടു.

  കേരളത്തിലെ മാധ്യമങ്ങൾക്ക്‌ പിണറായി വിജയനോട്‌ ചെറിയൊരു ചൊറിച്ചലുണ്ട്‌. അവരുടെ മാധ്യാമാഭിനയത്തിന് നിന്ന് കൊടുക്കാത്തതിന്റെ ചൊറിച്ചൽ. അതാണ് അവർ പലപോഴും തീർക്കുന്നത്‌. മാധ്യമ സാറന്മാർക്ക്‌ അത്‌ തുടരാം. ഒരു കുഴപവുമില്ല. പക്ഷെ നിങ്ങളുടെ കുഴലൂത്തിൽ ഈ പാർട്ടിയും വിജയനുമെല്ലാം തീർന്ന് പോകുമെന്ന് പൊട്ടൻ ചിന്തയും പേറി നടക്കേണ്ടതില്ലെന്ന് മാത്രം. മധ്യമ ഏമാന്മാർ ഒരു സാമ്പത്തിക അടിത്തറക്ക്‌ മുകളിൽ നിന്ന് കുരക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ കുരച്ച്‌ തോൽപ്പിക്കാൻ നോക്കുന്നത്‌ ബഹുജന അടിത്തറയിൽ കെട്ടിയുണ്ടാകിയ ഒരു മഹാ പ്രസ്ഥാനത്തെയാണ്. അത്‌ മറക്കരുത്‌.

 2. കേരളത്തിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപതികളിൽ എത്രയോ മാസങ്ങൾ കൊണ്ട് ഉച്ച ഭക്ഷണം ഡി വൈ എഫ് ഐ വകയാണ് ..ഒരു പക്ഷെ രാജ്യത്തിനു തന്നെ മാതൃകയായ ഹൃദപൂർവ്വം എന്ന പദ്ധതിയെ പറ്റി ഒരു ഒറ്റകോളം വാർത്തയും എങ്ങും കണ്ടിട്ടില്ല

 3. നിങ്ങൾ സഖവിനെ തിരെ എന്തല്ലാം എഴുതി വളഞ്ഞിട്ട് ആക്രമിച്ചില്ലോ എന്നിട്ട് അദ്ദ്ദേഹത്തിന് ഒന്നും പറ്റിട്ടില്ല അദ്ദ്ദേഹം മുഖ്യമന്തിയായൽ ഈ പണി നിർത്തും എന്ന് ഒരു മാധ്യമ പ്രവർത്തക പറഞ്ഞിട്ട് ആ പണി നിർത്തി വേറെ പണിക്ക് പോകാൻ തുടങ്ങിയോ

 4. മാതൃഭൂമിലെ സീനിയർ റിപ്പോർട്ടർ ജീവനക്കാരീനെ പീഡിപ്പിച്ചത് എന്ത് കൊണ്ട് ചർച്ചചെയ്തില്ല…..അവിടുത്തെ ഉന്നതർക്കും അതിൽ പങ്കുണ്ടെന്ന് പൊതുജനം സംശയിക്കുന്നെങ്കിൽ ഉത്തരവാദി അതിന്റെ നടത്തിപ്പുകാരും എഡിറ്റോറിയൽ ബോർഡും കൂടിയാണ്….. ഇതിന്റെ ഉള്ളിൽ നിന്ന് വരുന്നത് അത്ര സുഖകരമായ വാർത്തകളല്ല….നാറിയ കഥകളാണ്…..സ്ത്രീകൾ മാധ്യമ സ്ഥാപനങ്ങളിൽ പീഡിപ്പിക്കപ്പെടുന്നത്….കുറച്ചേ പുറത്ത് വരുന്നുള്ളൂ……. വിത്ത് പൊട്ടി ചെടി പുറത്ത് വരുന്നത് പോലെ,,,,,,,,, സത്യം ഒരു നാൾ ,,,,,,,,, ഒരു നാൾ പുറത്ത് വരികതന്നെ ചെയ്യും…. നന്ദി……. വലീയ നമസ്ക്കാരം….

 5. പിണറായി വിജയൻ എന്ന നിലയിലല്ല അദ്ദേഹം ആ മീറ്റിംഗിന് എത്തിയത്, കേരളാ മുഖ്യമന്ത്രി എന്ന നിലയിലാണ്… പരസ്പരം കൊമ്പ് കോർക്കുന്ന രണ്ട് പാർട്ടിയുടേയും നേതാക്കൻമാർ മുഖ്യന്റെ സാന്നിധ്യത്തിൽ ചിരിച്ച് കൊണ്ടിരിക്കുന്നതും പരസ്പരം കൈകൊടുക്കുന്നതുമായ ചിത്രങ്ങൾ ഒരു പക്ഷേ നാളെ കൊലക്കത്തിയുമായി ഇറങ്ങുന്ന ഒരുത്തനെയെങ്കിലും മാറി ചിന്തിപ്പികുമായിരുന്നു….

 6. കപട ചിരി കണ്ടു വളർന്നവർക്ക് പിണറായിയെ പിടിക്കൂല്ല . മാദ്ധ്യമധർമ്മം വയറ്റി പിഴപ്പാണെന്ന് (ചിലർ ഒഴിവാണ് ) സാധാരണക്കാർക്കും അറിയാം

 7. << സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തെയാണ് 'കടക്ക് പുറത്ത്' എന്നു പറഞ്ഞ് പിണറായി ആട്ടിയത്. >> മാഷേ, എനിക്ക് നിങ്ങളോടൊക്കെ ബഹുമാനമുണ്ട്. സാധാരണക്കാരന്റെ അറിയാനുള്ള അവകാശം അത് തന്നെയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്.

  മാധ്യമപ്രവർത്തനം എന്നത് കൊണ്ട് എനിക്ക് മനസ്സിലായത് ഇതാണ്. ഞങ്ങൾ (സാധാരണക്കാർ) കാണാത്ത, കേൾക്കാത്ത, അറിയാത്ത ഒരു സംഭവം/വിഷയം അത് നിങ്ങളിലൂടെ ഞങ്ങൾ അറിയുന്നു. സംഭവം കണ്ട, കേട്ട, അറിഞ്ഞ നിങ്ങൾ ഞങ്ങളെ ഒരു മീഡിയത്തിലൂടെ ആ വിഷയം/സംഭവം ഞങ്ങളെ അറിയിക്കുന്നു. അതായത് ഞങ്ങൾക്ക് വേണ്ടി നിങ്ങൾ കണ്ണും കാതും തുറന്നിരിക്കുന്നു. സമൂഹത്തിന്റെ കണ്ണായും, കാതായും നിങ്ങൾ പ്രവർത്തിക്കുന്നു. ഇതാണല്ലോ മാധ്യമപ്രവർത്തനം. പക്ഷെ ആ സാമൂഹിക ഉത്തരവാദിത്വം നിങ്ങൾ എത്രത്തോളം സത്യസന്ധതയോടെ ചെയ്യാറുണ്ട് ? 100% എന്നതൊക്കെ പോട്ടെ 50% സത്യസന്ധതയോടെയെങ്കിലും നിങ്ങൾ അത് നിർവഹിക്കാറുണ്ടോ ? ഒന്ന് സ്വയം വിമർശനം നടത്തി നോക്കൂ. കണ്ണാടിയിൽ നോക്കി ചോദിച്ചാൽ ഇല്ലാ എന്നായിരിക്കും ഉത്തരം, അല്ലെ.

  പിണറായിയാണല്ലോ, പിണറായിയുടെ “കടക്കു പുറത്ത്” എന്ന വാക്കുകളാണല്ലോ ഈ പോസ്റ്റിന്റെ ആധാരം. അതുകൊണ്ട് പിണറായിയെത്തന്നെ എടുക്കാം. സിപിഎം എന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയതിനു ശേഷം എത്ര കൊല്ലം ആ വ്യക്തിയെ നിങ്ങൾ വേട്ടയാടി ? കമലാ ഇന്റർനാഷണൽ, കമലാ ഇന്റർനാഷനലിന് സിംഗപ്പൂർ ബേസ്ഡ് കിഡ്നി ഫൌണ്ടേഷനുമായുള്ള ബന്ധം, ഒരു ദിലീപ് രാഹുലൻ, ഒരു KSEB എഞ്ചിനീയറുടെ കൊലപാതകം, അത് നേരിൽ കണ്ട ദൃക്‌സാക്ഷി, കാനറാ ബാങ്കിൽ നിന്ന് 8 കോടി രൂപ പിൻവലിച്ച് നൽകിയത്, കാനഡയിൽ ഉള്ള സുർജിത്തിന്റെ മകന് ലാവലിൻ കമ്പനിയുമായുള്ള ബന്ധം, ആ ബന്ധം PSP പദ്ധതിയായി വന്നത്, റിമോട്ട് കണ്ട്രോൾ ഉള്ള സ്യൂട്ട് ധരിച്ച സെക്യൂരിറ്റി ഉള്ള 1 കോടിയുടെ വീട്, ബർമിങ്ഹാംമിൽ പഠിക്കുന്ന മകന്റെ ഫീസ് അങ്ങനെ എന്തൊക്കെ.

  ഇതൊക്കെ സാധാരണക്കാരന്റെ അറിയാനുള്ള അവകാശമായിരുന്നായിരിക്കും അല്ലെ മാഷേ. അതുകൊണ്ട് ഒരു സ്വയം വിമർശനം നടത്താൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും എത്രത്തോളം തയാറാണ്. ഒരു വ്യക്തിയെയല്ല ഉദ്ദേശിച്ചത്, മൊത്തം മാധ്യമപ്രവർത്തനം എന്ന സിസ്റ്റത്തെ. ആ സിസ്റ്റത്തിനകത്ത് നിങ്ങൾ എത്രത്തോളം സ്വയം വിമർശനം നടത്താറുണ്ട് ?

 8. വളരേ ശരിയാണ് സാർ.
  അല്പം എളിമ എത്ര ചങ്കുള്ളവനും നല്ലതാണ്.
  ഈ കടക്കൂ പുറത്ത് ആക്രോശ സമയത്തെ മുഖഭാവവും ബോഡീ ലാംഗ്വേജും ശബ്ദ സൗകുമാരൃവും ശ്രദ്ധിച്ചാൽ അറിയാം ഈ ദേഹത്തിൻറെ മനസ്സിലിരിപ്പ്.

  ഈ ദേഹം ലോകത്ത് ആദ്യമായി അല്ലെങ്കിൽ കേരളത്തിൽ ആദ്യമായി ആയ മുഖ്യമന്ത്രി ഒന്നും അല്ലല്ലൊ.
  ന്യായീകരണ പാണൻമാരുടെ സ്തുതിഗീതം കേട്ടാൽ തോന്നും ഇതു കേരള റിപ്പബ്ളിക്കും ഇദ്ദേഹം ഇവിടത്തെ കിം ഉൽ സൂങ്ങും ആണെന്ന്.

  ജനം പറയുന്നത് കേൾക്കാൻ പാണൻമാർ മനസ് കാണിയ്ക്കണ്ട മറിച്ച് പാണസമൂഹത്തിൻറ കേന്ദ്ര നേതൃത്വം ഈ വിഷയത്തിൽ പ്രതികരിച്ചത് കൂടി പാണഗീതങ്ങളിൽ ഉൾപ്പെടുത്തി സ്തുതിഗീതം മുഴക്കട്ടെ.

 9. ഈ മാധ്യമ തൊഴിലാളികളുടെ വിഷമം കടക്ക്‌ പുറത്ത്‌ എന്ന് പറഞ്ഞതിലല്ല.
  “കിടക്ക്‌ അകത്ത്‌” എന്ന് പറയാഞ്ഞതിനാലണു.
  കാരണം മനുഷ്യന്റെ സ്വകാര്യതയിലേക്ക്‌ വരെ ഒളി ക്യാമറയുമായി വരുന്ന മാധ്യമ സംസ്ക്കാരമാണു ഇപ്പോൾ ഉള്ളത്‌.
  ഇത്രയും കാലം മാധ്യമങ്ങൾ ഈ ലോകത്തില്ലായിരുന്നല്ലോ. പണ്ടും വാർത്തകൾ ഒക്കെ ജനങ്ങൾ അറിഞ്ഞിരുന്നു. മാധ്യമങ്ങൾ നല്ല ഒരു സംസ്ക്കാരം അന്ന് പുലർത്തിയിരുന്നു. ഇപ്പോഴുള്ളത്‌ വാർത്ത സ്യഷ്ടി മാത്രം. ഉപ്പും, മുളകും ഇട്ട്‌ ചുട്ടെടുത്ത വാർത്താ സ്യഷ്ടി. ഇത്‌ കേരളത്തിലെ ജനങ്ങൾക്ക്‌ അറിയാം. ഇനി എന്ത്‌ പേകൂത്ത്‌ സ്യഷ്ടിചാലും, എല്ലാം വെറുതെയാണു. “ജനങ്ങൾ പ്രബുദ്ദരാണു”.

 10. പിണറായി എന്നും മാധ്യമങ്ങൾ വേട്ടയാടിയ ഇരയായിരുന്നു. ജനങ്ങളും പാർട്ടിയും ഇരയോടൊപ്പം നിന്നതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.

 11. മാധ്യമ പ്രവർത്തകർ എന്നെങ്കിലും സാധാരക്കാർക്ക് വേണ്ടി പ്രവർത്തിച്ചത് ഒന്ന് വിവരിക്കാമോ?

 12. അഷ്‌റഫ് വള്ളിക്കുന്ന് എന്നാണെന്നു തോന്നുന്നു ഒരുബ്ലോഗേർ പണ്ട് കുറെകാലങ്ങൾക്കുമുന്നെ ഇന്ത്യാവിഷൻ ചാനലിൽ എഴുതിയ ഒരു ബ്ലോഗ് വായിച്ചു .പിണറായി വിജയനെ വേട്ടയാടാൻ ഈ മാധ്യമങ്ങൾ അന്ന് വധ ഭീഷണിയുണ്ടായിരുന്ന കാലയളവിൽ തോക്കനുവദിച്ചിരുന്നു അതിന്റെ തിര ബാഗിൽ മറന്നുവച്ചു ഐര്പോര്ട്ടിൽ ചെക്ചെയ്തപ്പോൾ പിടിച്ചു അന്ന് തുടങ്ങിയതാണ് ഈ വേട്ടയാടൽ. ആര് ആരെ അധികം ഇകഴ്ത്തിയിട്ടുണ്ടോ..അവരെക്കാലവും ശക്തരായിട്ടേയുള്ളു. അതാണ് ചരിത്രം

 13. അഷ്‌റഫ് വള്ളിക്കുന്ന് എന്നാണെന്നു തോന്നുന്നു ഒരുബ്ലോഗേർ പണ്ട് കുറെകാലങ്ങൾക്കുമുന്നെ ഇന്ത്യാവിഷൻ ചാനലിൽ എഴുതിയ ഒരു ബ്ലോഗ് വായിച്ചു .പിണറായി വിജയനെ വേട്ടയാടാൻ ഈ മാധ്യമങ്ങൾ അന്ന് വധ ഭീഷണിയുണ്ടായിരുന്ന കാലയളവിൽ തോക്കനുവദിച്ചിരുന്നു അതിന്റെ തിര ബാഗിൽ മറന്നുവച്ചു ഐര്പോര്ട്ടിൽ ചെക്ചെയ്തപ്പോൾ പിടിച്ചു അന്ന് തുടങ്ങിയതാണ് ഈ വേട്ടയാടൽ. ആര് ആരെ അധികം ഇകഴ്ത്തിയിട്ടുണ്ടോ..അവരെക്കാലവും ശക്തരായിട്ടേയുള്ളു. അതാണ് ചരിത്രം

 14. നിങ്ങളുടെ തലോടൽ ചോദിച്ചു വാങ്ങീട്ടുണ്ടെങ്കിൽ അതങ്ങു കാണിക്കു എന്നിട്ടു വായ അടപ്പിക്കു…
  ഇത് ഒരു തരം ഉണ്ടയില്ലാവെടിയും കൊണ്ട് വരും….
  ഇത് അനുവാദം ഇല്ലാതെ അകത്തു കടന്ന പ്രശ്നം ആണ്…
  ഒരു ദിവസം നിങ്ങളുടെ പ്രെസ്സ്ക്ലബ്ബിൽ വന്നിട്ട് എനിക്കൊരു പത്രസമ്മേളനം നടത്തണം എന്നുപറഞ്ഞാൽ നിങ്ങളുടെ സമീപനം എന്തായിരിക്കും..
  എല്ലാറ്റിനും ഒരു സമയവും, അനുവാദവും വേണ്ടേ, ഇല്ലെങ്കിൽ നിങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല എന്നാണോ പറഞ്ഞു വരുന്നതു..

 15. അര മണിക്കൂറിലധികമാക്കെ മാധ്യമ പ്രവർത്തകരോട് ചുമ്മാ വെടി പറഞ്ഞിരുന്നിട്ടുള്ള പിണറായിയെ ചിരിക്കാത്ത ധാർഷ്ട്യക്കാരനായ ഭീകരനായിട്ടാണല്ലോ നിങ്ങൾ മാധ്യമ പ്രവർത്തകർ സാധാരണ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്?

  അതോണ്ട് അതിഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ” കടക്കൂ പുറത്തും ” ഇഷ്ടപ്പെടും 😀

 16. മാധ്യമങ്ങൾ ലോകത്ത് ഒരു കമ്യൂi നേതാവിനെയും സൃഷ്ടിച്ചിട്ടില്ല. അത് കമ്യൂ: കാർക്ക് നന്നായറിയാം- i പിന്നെ രാത്രി കുറ്റകൃത്യ വാർത്ത വായിച്ചിരുന്ന ഒരു ഊള പെണ്ണ് കേസിൽ പെട്ട് ജയിലിലുണ്ട്: അത് കൊണ്ട് വല്ലാതെ ധാർമ്മികത വിള വേണ്ട

 17. നിങ്ങൾ മാധ്യമങ്ങളാണു അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ പിടിച്ചിരുത്തിയത്‌ എന്നുകൂടെ തള്ളിക്കൊ.. ഈ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ഡോ. ഡി ബാബു പോളിനോട്‌ സർക്കാരിനെ പ്രവത്തനത്തെ മോശമായി ചിത്രീകരിച്ച്‌ ലേഖനം എഴുതാൻ ആവശ്യപ്പെട്ട മ്യാധ്യമ ധർമ്മം …. പിന്നെ എം ജി രാധാകൃഷണനെകൊണ്ടുപോലും പച്ചകള്ളം പടച്ചുവിട്ട മ്യാധ്യമ ധർമ്മം…. .. ഒന്നു വിട്ടുപിടി ആശാനെ

 18. കേരള രാഷ്ട്രീയത്തിൽ മാധ്യമ ങ്ങൾ ഇത്രയേറെ വേട്ടയാടിയ ഒരു വ്യക്തി ഉണ്ടാവില്ല.അപ്പോൾ ഇങ്ങനെ തിരിച്ചും കിട്ടും അങ്ങ് സഹിച്ചേക്ക്

 19. അന്നൊക്കെ നിങ്ങളെ നോക്കി ഭയങ്കര ചിരി ചിരിച്ച ആളെ ആണൊ നിങ്ങൾ മാധ്യമ പ്രവർത്തകർ, ചിരിക്കാനറിയാത്ത പിണറായി ആക്കിയത്‌?

 20. അല്ല ചഗാവേ.. അപ്പൊ മാധ്യമ ധർമം… ആവിഷ്കാര സ്വാതന്ത്ര്യം…., അറിയാനുള്ള അവകാശം,… ഇതൊക്കെ തല്ക്കാലം എടുത്തു കക്ഷത്തിൽ വച്ചതാണോ…. ? ഇത് വല്ല ഉത്തരേന്ത്യയിൽ ആണെങ്കിൽ ഉറഞ്ഞു തുള്ളുമായിരുന്നല്ലോ… ഓ… ഇത് ഞമ്മന്റെ ആളായിപ്പോയല്ലോ അല്ലേ… അതല്ല ഇനി കാരണോർക്ക് അടുപ്പിലും ആവാം എന്ന എന്നാണോ… എന്തായാലും ന്യായീകരണ കുഴലൂത്തു പാണന്റെ പണി കൊള്ളാം

 21. V.S.Syamlal ഗ്രൂപ്പ്…! നിങ്ങൾക്ക് ഒരു മാറ്റവുമില്ലലോ സുഹൃത്തേ…!! ഗ്രൂപ്പിന്റെ എസ്സെൻസ് ചേർത്ത് വർത്തനിർമ്മിച്ചു കൊണ്ടുള്ള, പണ്ട് ചെയ്തോണ്ടിരുന്ന പണി മറക്കുന്നതെങ്ങനെ, അല്ലെ…?

LEAVE A REPLY

Please enter your comment!
Please enter your name here