HomeLIFEട്രഷറിയിലേക്ക...

ട്രഷറിയിലേക്ക് ഒരു യാത്ര

-

Reading Time: 5 minutes

അച്ഛന് 76 വയസ്സു കഴിഞ്ഞു, അമ്മയ്ക്ക് 75ഉം. ഞാന്‍ താമസിക്കുന്ന വീടിന് അര കിലോമീറ്റര്‍ അകലെ കുടുംബവീട്ടിലാണ് അച്ഛനും അമ്മയും. രണ്ടു ദിവസത്തിലൊരിക്കല്‍ ഞാനോ അനിയനോ പോയി കാര്യങ്ങള്‍ തിരക്കും. പക്ഷേ, മക്കളെ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങള്‍ നടത്തുക എന്നതാണ് വാശി.

ഇരുവരും വീടിന് പുറത്തിറങ്ങുന്നത് അപൂര്‍വ്വം. അച്ഛന്‍ ഇടയ്ക്കെങ്കിലും പുറത്തുചാടും. മാസത്തിലൊരിക്കല്‍ എന്റെ സുഹൃത്തായ ഡോ.രാജേഷിനെ കാണാന്‍ പോകുമ്പോള്‍ മാത്രമാണ് അമ്മ പുറത്തിറങ്ങുക. രാജേഷിന്റെ മരുന്നുകള്‍ അമ്മയ്ക്ക് വലിയ വിശ്വാസമാണ്, ആശ്വാസമാണ്. അതിനാല്‍ കൃത്യമായി ഇടയ്ക്കിടെ രാജേഷിന്റെ അരികിലെത്തിക്കും.

അമ്മ പൊതുവെ ചിത്രങ്ങള്‍ക്ക് നിന്നുതരാറില്ല. കൊച്ചുമക്കള്‍ ഒപ്പമുള്ളപ്പോള്‍ മാത്രമാണ് അതിന് മാറ്റം വരാറുള്ളത്. ഇപ്പോള്‍ 6 വയസ്സുള്ള എന്റെ മകന് 1 വയസ്സുള്ളപ്പോള്‍ അവനെ അച്ഛനും അമ്മയും ചേര്‍ന്ന് കളിപ്പിക്കുന്നതാണ് ചിത്രം

ഏതാണ്ട് ഒരാഴ്ചയ്ക്കു മുമ്പ് അമ്മ ഒരു ഡിമാന്‍ഡ് വെച്ചു -“നീയെന്നെ ട്രഷറി വരെ ഒന്നു കൊണ്ടുപോകണം”. ഞാന്‍ അമ്പരന്നു -“അതെന്തിനാ അമ്മ ട്രഷറിയില്‍ പോകുന്നത്? എല്ലാ മാസവും പെന്‍ഷന്‍ വാങ്ങിക്കൊണ്ടു വരുന്നത് ഞാനല്ലേ?” സാധാരണനിലയില്‍ ഈ പ്രായത്തിലും എവിടെയെങ്കിലും പോകണമെങ്കില്‍ അമ്മ ഞങ്ങള്‍ മക്കളെ ആശ്രയിക്കാറില്ല. ഒറ്റയ്ക്ക് ബസില്‍ കയറിയൊരു പോക്കാണ്. പക്ഷേ, ഇത്തവണ ലോക്ക്ഡൗണ്‍ ചതിച്ചു.

“കാര്യം എന്നോടു പറഞ്ഞാല്‍ മതി, ഞാന്‍ ശരിയാക്കിത്തരാം” എന്ന് ലെ ഞാന്‍. അമ്മയ്ക്ക് നേരിട്ട് പോയേ പറ്റൂ. 10 വയസ്സില്‍ താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പുറത്തിറങ്ങാന്‍ പാടില്ലെന്നായി ഞാന്‍. “നിയമവും നിയന്ത്രണവും തെറ്റിക്കാന്‍ പറ്റില്ല” -ഞാന്‍ കട്ടായം പറഞ്ഞു. എന്റെ വാദമുറപ്പിക്കാന്‍ അച്ഛന്റെ സഹായം തേടി. പക്ഷേ, അദ്ദേഹം നൈസായി കൈ മലര്‍ത്തി. കുടുംബാന്തരീക്ഷം കലുഷിതമാക്കാന്‍ പുള്ളിക്ക് താല്പര്യമില്ല. ഞാനും അമ്മയും തര്‍ക്കിക്കുമ്പോള്‍ അച്ഛന് കേട്ട ഭാവമില്ല.

അമ്മ വയലന്റായിത്തുടങ്ങി -ഒരു രക്ഷയുമില്ല. ഒടുവില്‍ മെയ് 15 എന്ന തീയതി നിശ്ചയിച്ചു. അന്നും നൈസായി ഞാനുഴപ്പി. ഭയങ്കര ക്ഷീണം, ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ 4 ആയി എന്നൊക്കെ പറഞ്ഞ് ഊരി. അപ്പോള്‍ത്തന്നെ അമ്മ അടുത്ത തീയതി നിശ്ചയിച്ചു, മെയ് 18. ഒപ്പം ഒരു ഭീഷണിയും -“നിനക്കു പറ്റില്ലെങ്കില്‍ ഞാന്‍ വേറെ വഴി നോക്കും”. നേരിട്ടു പോകേണ്ട കാര്യമെന്താണെന്ന് ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു. “അതു നീയറിയേണ്ട കാര്യമില്ല” -വെട്ടൊന്ന് തുണ്ടം രണ്ട് സ്റ്റൈല്‍ മറുപടി.

ഇന്ന് മെയ് 18. സത്യമായിട്ടും കോവിഡ് കാലത്തെ കത്തുകള്‍ എഴുത്തു പൂര്‍ത്തിയാക്കി കിടന്നപ്പോള്‍ രാവിലെ 5 കഴിഞ്ഞു. പക്ഷേ, ഇന്ന് ഉഴപ്പിയാല്‍ അമ്മ വേറെ എന്തെങ്കിലും വഴി നോക്കുമെന്നുറപ്പ്. അമ്മ ഇന്ന് ട്രഷറിയിലെത്തിയിരിക്കും. രാവിലെ 8 മണിക്ക് വീട്ടിലേക്കു വിളിച്ചപ്പോള്‍ അമ്മ കുളിക്കുകയാണ്. യാത്രയ്ക്കുള്ള ഒരുക്കമാണ്. ഞാന്‍ കിടക്കാന്‍ വൈകിയ കാര്യം പറഞ്ഞപ്പോള്‍ അച്ഛന് ഒരു വിശ്വാസക്കുറവ്. എന്തായാലും 11 മണിയാകുമ്പോള്‍ അമ്മയോട് റെഡിയായിരിക്കാന്‍ പറഞ്ഞേല്പിച്ചു. അപ്പോള്‍ അച്ഛന്റെ ചോദ്യം -“ഉറപ്പാണല്ലോ അല്ലേ?”

കൃത്യം 11 മണിയായപ്പോള്‍ ഞാന്‍ വീട്ടിലേക്കു വിളിച്ചു. അമ്മ റെഡിയാണ്. “നീ ഇങ്ങോട്ടു വന്ന് സമയം കളയണ്ട, ഞാന്‍ റോഡിലേക്കു വരാം.” -വാക്കുകളില്‍ ഉത്സാഹം. ഞാന്‍ ചെല്ലുമ്പോള്‍ വീട്ടില്‍ നിന്നുള്ള റോഡുമായി വഴി ചേരുന്നിടത്ത് അമ്മയുണ്ട്. അടുത്തെത്തിയപ്പോള്‍ മുഖത്തേക്കു സൂക്ഷിച്ചു നോക്കി, മൂഡ് റെഡ് സോണിലാണോ എന്നറിയാന്‍. കുഴപ്പമില്ല, ആശ്വാസം.

“മുന്നിലോ പിന്നിലോ” -കാറിനടുത്തു വന്ന് ചോദിച്ചു. മറ്റാരുമില്ലെങ്കില്‍ മുന്നിലാണ് കയറുക. അതിനാല്‍ ചോദ്യം അസാധാരണമാണ്. കോവിഡിന്റെ സ്വാധീനമാകും. “പിന്നില്‍, മുന്നില്‍ കയറ്റരുതെന്നാ” -അമ്മ പിന്നില്‍ കയറി. കുറച്ചുനേരം ഞങ്ങളിരുവരും മിണ്ടിയില്ല. അമ്മ തന്നെ മൗനം മുറിച്ചു. “കണ്ണനെന്തു പറയുന്നു?” -ചോദ്യം എന്റെ മകനെക്കുറിച്ചാണ്. കണ്ണനില്‍ പിടിച്ചു ഞാന്‍ കയറി, അവസാന ശ്രമം.

“മസ്റ്ററിങ് ആണ് കാര്യമെങ്കില്‍ ദേവിയുടെ കൂട്ടുകാരെ ആരെയെങ്കിലും കൊണ്ട് സര്‍ട്ടിഫിക്കറ്റ് കൊടുക്കാം. ഈ സമയത്ത് വെറുതെ പോകണ്ട”. പെന്‍ഷന്‍ വാങ്ങുന്നയാള്‍ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടെത്തി ജീവിച്ചിരിപ്പുണ്ടെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ് മസ്റ്ററിങ്. നേരിട്ട് ഹാജരായിലെങ്കില്‍ ഏതെങ്കിലും ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ മതി. ഭാര്യയുടെ സഹപ്രവര്‍ത്തകരുടെ സഹായം തേടാമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. “മസ്റ്ററിങ്ങിന് സമയമായിട്ടില്ല. ഇനിയും രണ്ടോ മൂന്നോ മാസമുണ്ട്” -അവിടെ കഴിഞ്ഞു. കാറിന്റെ പിന്‍നോട്ട കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ അമ്മയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല. ഞാന്‍ ശ്രമം ഉപേക്ഷിച്ചു.

പെന്‍ഷന്‍കാരുടെ സംഭാവന ഉത്തരവ്

തിരുവനന്തപുരം ജില്ലാ ട്രഷറി. മൂന്നാമത്തെ നിലയിലാണ്. കോവിഡായതിനാല്‍ ലിഫ്റ്റില്ല. പടിക്കെട്ടു കയറിപ്പോകാന്‍ എനിക്കു തന്നെ ബുദ്ധിമുട്ട്. അല്പം ക്ലേശിച്ചാണെങ്കിലും അമ്മ കയറി. മുകളിലെത്തിയപ്പോള്‍ ഞാന്‍ അമ്മയുടെ മുഖത്തേക്കു നോക്കി -ഇനിയെന്ത് എന്ന സ്റ്റൈലില്‍. “നീ ആ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സത്യവാങ്മൂലം കൊടുക്കുന്നത് എവിടാണെന്നു നോക്കിയേ” -ആഗമനോദ്ദേശ്യം അമ്മ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ പെന്‍ഷന്‍കാര്‍ സത്യവാങ്മൂലം കൊടുക്കണം എന്ന വാര്‍ത്ത വായിച്ച ശേഷമാണ് നേരിട്ട് ട്രഷറിയിലെത്തണമെന്ന് അമ്മ തീരുമാനിച്ചത്. അത് എന്തിന് എന്നോടു മറച്ചുവെച്ചു എന്നറിയില്ല, സര്‍പ്രൈസ് നല്‍കാനാവണം. അല്ലെങ്കില്‍ നേരിട്ടു തന്നെ ചെയ്യണമെന്ന ദൃഢനിശ്ചയമാവണം. ആളൊഴിഞ്ഞ മൂലയില്‍ അമ്മയെ സുരക്ഷിതമായിരുത്തിയ ശേഷം ഞാന്‍ കൗണ്ടറിലേക്ക്.

ഒരു മാസത്തെ പെന്‍ഷനോ ഇഷ്ടമുള്ള തുകയോ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാം. 2 മാസം അല്ലെങ്കില്‍ 5 മാസമായി തുക ഈടാക്കാനാണ് സത്യവാങ്മൂലം കൊടുക്കേണ്ടത്. പിന്നെ തിരിച്ചുതരും. “അതൊന്നും വേണ്ട, ഒരു മാസത്തെ പെന്‍ഷന്‍ അങ്ങു കൊടുക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നീ ചോദിക്ക്” -അടുത്ത ഉത്തരവ്. ചെക്ക് കൊടുത്താല്‍ മതിയെന്ന് കൗണ്ടറിലെ യുവതി. കൊടുക്കേണ്ട അക്കൗണ്ട് നമ്പറും തന്നു. പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക നമ്പറാണ്.

ചെക്കും ട്രാന്‍സ്ഫര്‍ ഫോറവും

അമ്മ ബാഗു തുറന്ന് ചെക്ക് ബുക്കെടുത്ത് എന്റെ നേര്‍ക്ക് നീട്ടി -“നീ തന്നെ എഴുത്”. ഞാന്‍ ബാഗില്‍ നിന്ന് കണ്ണട തപ്പിയെടുക്കുന്നതു കണ്ടപ്പോള്‍ -“ഇതില്ലാതെ പറ്റില്ലെന്നായി അല്ലേ?” കരുതലിന്റെ ശബ്ദം. ആവേശപൂര്‍വ്വം ഞാന്‍ ആ ചെക്കിലെഴുതി CMDRF -799010100193172. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നു വിരമിച്ച അമ്മയുടെ ഒരു മാസത്തെ പെന്‍ഷന്‍ 31,142 രൂപയാണ്. തുകയെഴുതി കൊടുത്തപ്പോള്‍ അമ്മ അതിലൊപ്പുവെച്ചു. അതിനുശേഷം തുക ഡിജിറ്റലായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഫോറവും പൂരിപ്പിച്ച് അതിലും അമ്മയുടെ ഒപ്പുവാങ്ങി.

ചെക്കും ട്രാന്‍സ്ഫര്‍ ഫോറവും കൈമാറുമ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന യുവതി ബഹുമാനത്തോടെ എന്നെ നോക്കി. ഞാന്‍ അതിന്റെ ഇരട്ടി ബഹുമാനത്തോടെ അമ്മയെ നോക്കി. അപ്പോള്‍ ആ യുവതിയില്‍ നിന്ന് അമ്മയ്ക്കു കിട്ടി, മനോഹരമായൊരു പുഞ്ചിരി. ആ പുഞ്ചിരി കേരളത്തിന്റെ കരുതലിന്റെ പ്രതീകമായിരുന്നു.

റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്

ആദായനികുതി ഇളവിനുള്ള റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റും വാങ്ങി ട്രഷറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. “എല്ലാവരും കൊടുത്തുവെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടല്ലോ? നമ്മളും കഴിയുന്ന പോലെ എന്തെങ്കിലും ചെയ്യണ്ടേ?” -അതു ചോദിക്കുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ പതിവു ക്ഷീണം അമ്മയുടെ ശബ്ദത്തില്‍ എനിക്കു തോന്നിയില്ല. തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ രാവിലത്തെ ട്രഷറിയിലേക്കു പോകുമ്പോഴുണ്ടായ സമ്മര്‍ദ്ദം അപ്രത്യക്ഷമായിരുന്നു. ഇപ്പോഴാലോചിക്കുമ്പോള്‍ ആ സമ്മര്‍ദ്ദത്തിനൊരു സുഖമുണ്ട്. അതു പിന്നീടു പകര്‍ന്ന അത്ഭുതത്തിന്റെ സുഖം. അതിലുപരി ഈ അമ്മയുടെ മകനെന്ന അഭിമാനവും.

ഇത്രയ്ക്കു പറയാനും മാത്രമുണ്ടോ എന്ന് വായിക്കുന്നവര്‍ക്ക് തോന്നാം. എന്റെ അമ്മയുടെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ എനിക്കിത് വലിയ കാര്യം തന്നെയാണ്. വെറും 10 മീറ്റര്‍ നടന്നാല്‍ അമ്മ വല്ലാതെ അണയ്ക്കും. ചെറിയൊരു കയറ്റം കയറിയാല്‍ അമ്മയ്ക്ക് കടുത്ത ശ്വാസംമുട്ടലുണ്ടാവും. ഇതിന്റെ പേരില്‍ തന്നെയാണ് ഞാന്‍ യാത്ര നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഈ അമ്മ എല്ലാ ക്ഷീണവും മറന്ന് 3 നിലകള്‍ പടിക്കെട്ടു കയറിപ്പോയി ഒരു നല്ല കാര്യം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗം ബാധിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള വിഭാഗത്തില്‍ പെടുന്നു എന്നതും ആ ദൃഢനിശ്ചയത്തിനു മുന്നില്‍ തടസ്സമായില്ല. നാടിന് നന്മ ചെയ്യാനുള്ള ഊര്‍ജ്ജം എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി. തന്നാല്‍ കഴിയുന്ന ചെറിയ പങ്ക്, അത്രയേ അമ്മ കരുതിയിട്ടുള്ളൂ.

 


പിന്‍കുറിപ്പ്: ട്രഷറിയില്‍ കണ്ട ഒരു കാഴ്ച വിമര്‍ശിക്കാതെ തരമില്ല. ധാരാളം പേര്‍ തങ്ങളുടെ കഴുത്തിനെയും താടിയെയും മാസ്ക് ധരിപ്പിച്ചിരിക്കുന്നു!! ഇനിയും ചിലര്‍ മാസ്ക് ധരിച്ചിട്ടുണ്ടെങ്കില്‍ തന്നെ മൂക്ക് അതിനു പുറത്താണ്!! എന്റെ അമ്മയെപ്പോലെ ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ടവര്‍ അവിടെ വരുന്നുണ്ട്. ചില ഘട്ടങ്ങളില്‍ അവരെപ്പോലുള്ളവര്‍ വരുന്നത് ഒഴിവാക്കാനാവില്ല. അങ്ങനെയുള്ള സ്ഥലത്താണ് ചിലര്‍ ഒരു സാമൂഹികബോധവുമില്ലാതെ മാസ്ക് വഴിപാട് നടത്തുന്നത്. ചില ട്രഷറി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു ഇക്കൂട്ടത്തില്‍.

ബൈക്കില്‍ പോകുന്നവര്‍ റോഡരികില്‍ നിന്ന് 100 രൂപയുടെ ഹെല്‍മറ്റ് വാങ്ങി പൊലീസിനെ തൃപ്തിപ്പെടുത്തുമ്പോലെ ഫൈന്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരക്കാര്‍ മാസ്ക് കൊണ്ടു നടക്കുന്നത്. അവനവനെയും മറ്റുള്ളവരെയും രക്ഷിക്കാനല്ല.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights