മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ത്യ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയെന്നറിയാമോ? പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മാധ്യമപ്രവര്‍ത്തക സംഘടന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എല്ലാ വര്‍ഷവും ചെയ്യുന്നതു പോലെ 2017ലും വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തന സാഹചര്യങ്ങള്‍ വിലയിരുത്തി പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിലെ 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. പാകിസ്താനെക്കാള്‍ വെറും 3 സ്ഥാനം മാത്രം മുകളില്‍. കലാപകലുഷിതമായ അഫ്ഗാനിസ്ഥാന്‍ പോലും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ എത്രയോ മുന്നിലാണ് -120. 2016ലെ പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 133 ആയിരുന്നത് ഒരു വര്‍ഷത്തിനിടെ 3 പടി താഴേക്കിറങ്ങി. പാകിസ്താനാകട്ടെ 147ല്‍ നിന്ന് ഈ വര്‍ഷം 139ലേക്കു കയറി.
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം ഒട്ടും സുരക്ഷിതമല്ലാത്തെ തൊഴിലാണെന്നു പറയുന്നതില്‍ ഒരത്ഭുതവുമില്ല. കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഇന്ത്യയില്‍ മൃഗീയമായി കൊല്ലപ്പെട്ടത് 22 മാധ്യമപ്രവര്‍ത്തകര്‍. ഈ പട്ടിക പൂര്‍ണ്ണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എത്രയോ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ നമ്മളറിയാതെ പോകുന്നു. എന്തിനും പോന്ന ചിലരുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ ചിലര്‍ ജീവനൊടുക്കി. മറ്റു ചിലര്‍ ആക്രമിക്കപ്പെടുകയോ അപകീര്‍ത്തിക്ക് ഇരയാവുകയോ ജോലിയില്‍ നിന്നു പുറത്താക്കപ്പെടുകയോ ചെയ്തു. എല്ലാം സ്വാതന്ത്ര്യത്തിനും വിമോചനത്തിനും നീതിക്കും വേണ്ടി നിന്നതിന്റെ പേരില്‍. ആ പട്ടികയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ഗൗരി ലങ്കേഷ്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് കാര്യമില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഇടതുപക്ഷം മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. നിലവില്‍ രാഷ്ട്രീയസ്വാധീനം കൂടുതലുള്ള ബി.ജെ.പിക്കും സംഘപരിവാറിനും സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകരോടുള്ള അസഹിഷ്ണുതയിലും പങ്കാളിത്തം കൂടുന്നു. നക്‌സലുകള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്ര ഇടതുപക്ഷവും ഇക്കാര്യത്തില്‍ ബി.ജെ.പിക്കൊപ്പമാണ്. അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയം ഭരണവര്‍ഗ്ഗത്തിന്റെ മുഖമുദ്രയാണ്, കൈയൂക്കുള്ളവന്റെയും. ചിലയിടത്ത് ഭരണകൂടത്തിനാണ് കൈയൂക്കെങ്കില്‍ മറ്റു ചിലയിടത്ത് നക്‌സലുകളെപ്പോലുള്ള സമാന്തര ഭരണകൂടത്തിനാണ് കൈയൂക്ക്.
എല്ലാ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്, കൊലപ്പെടുത്തുന്നുണ്ട്, ഇനിയും കൊലപ്പെടുത്തും. രാഷ്ട്രീയക്കാര്‍ക്ക് നേരിട്ട് പങ്കില്ലാത്ത സംഭവങ്ങളില്‍ പ്രതികളെ രക്ഷിക്കാന്‍ അവര്‍ ചരടുവലിച്ചിട്ടുണ്ട്. മാഫിയകള്‍ക്കെതിരെ, രാഷ്ട്രീയക്കാര്‍ക്കെതിരെ, നക്‌സലുകള്‍ക്കെതിരെയെല്ലാം വാര്‍ത്തയെഴുതിയവര്‍ കൊല്ലപ്പെട്ടു. അഴിമതി തുറന്നു കാട്ടിയതിന്റെ പേരിലായിരുന്നു മിക്ക കൊലപാതകങ്ങളും. സമീപകാലത്ത് -2013 മുതലിങ്ങോട്ട് -കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടിക നോക്കിയാല്‍ നമുക്കത് മനസ്സിലാവും.
രാജേഷ് വര്‍മ്മ
ഐ.ബി.എന്‍. ലേഖകനായിരുന്നു രാജേഷ് വര്‍മ്മ. 2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കലാപം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കൊല്ലപ്പെട്ടു. കലാപത്തിനിരയായി എന്ന് ഔദ്യോഗികഭാഷ്യം. ശരിക്കും വര്‍മ്മ ആരുടെയോ കൊലക്കത്തിക്ക് ഇരയാവുകയായിരുന്നു, ഇരയാക്കപ്പെടുകയായിരുന്നു.
നേമി ചന്ദ് ജയിന്‍
2013ല്‍ ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള നമ ഗ്രാമത്തില്‍വെച്ചാണ് നയി ദുനിയ ലേഖകനായ നേമി ചന്ദ് ജയിനിനെ നക്‌സലുകള്‍ കുത്തിക്കൊന്നത്. ഇതേത്തുടര്‍ന്ന് നക്‌സലൈറ്റുകളെ ബഹിഷ്‌കരിക്കുന്നതായുള്ള പ്രമേയം ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകര്‍ പാസാക്കി നടപ്പാക്കി. ഒടുവില്‍ ജയിനിനെ കൊലപ്പെടുത്തിയതിന് നക്‌സലുകള്‍ പരസ്യമായി മാപ്പു പറഞ്ഞു. പക്ഷേ…
സായി റെഡ്ഡി
ഛത്തീസ്ഗഢിലെ നക്‌സല്‍ അക്രമത്തിന്റെ മറ്റൊരു ഇരയാണ് ദേശബന്ധു ലേഖകനായ സായി റെഡ്ഡി. ബിജാപുരിലെ ബസഗുഡയില്‍ വെച്ച് 2013ല്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. ബസ്തര്‍ മേഖലയില്‍ നിന്ന് തങ്ങളെ തുരത്താന്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു റെഡ്ഡിക്കെതിരായ നക്‌സലുകളുടെ കുറ്റാരോപണം.
രാകേഷ് ശര്‍മ്മ
2013ല്‍ ആജ് ലേഖകനായ രാകേഷ് ശര്‍മ്മയെ ഉത്തര്‍പ്രദേശില്‍ കൊലപ്പെടുത്തിയത് ചൂതാട്ട മാഫിയയാണ്. എന്നാല്‍, വ്യക്തിവൈരാഗ്യമാണ് ഈ 50കാരന്റെ കൊലയ്ക്കു പിന്നില്‍ എന്നായിരുന്നു പൊലീസ് ഭാഷ്യം.
ജിതേന്ദ്ര സിങ്
പ്രഭാത് ഖബറിന്റെ ലേഖകനായ ജിതേന്ദ്ര സിങ്ങിനെ ജാര്‍ഖണ്ഡിലെ ഖ്‌നുതി ജില്ലയിലുള്ള മുര്‍ഹുവില്‍ 2013 ഏപ്രിലിലാണ് നക്‌സലുകള്‍ വെടിവെച്ചുകൊന്നത്. മേഖലയിലെ ഒരു റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിങ്ങിന്റെ കൊലപാതകത്തിലേക്കു നയിക്കുകയായിരുന്നു. അവിടെ വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളെ ഈ മാധ്യമപ്രവര്‍ത്തകന്‍ പിന്തുണച്ചത് നക്‌സലുകള്‍ക്ക് സ്വീകാര്യമായില്ല.
തരുണ്‍കുമാര്‍ ആചാര്യ
ഒഡിഷയിലെ ഖല്ലികോട്ടെയില്‍ 2014ല്‍ കുത്തേറ്റു മരിക്കുമ്പോള്‍ കനക് ലേഖകനായ തരുണ്‍കുമാര്‍ ആചാര്യയ്ക്ക് വെറും 29 വയസ്സായിരുന്നു പ്രായം. ആചാര്യ അന്ത്യശ്വാസം വലിച്ചതിന്റെ പന്ത്രണ്ടാം ദിനം പൊലീസ് പ്രതിയെ പിടിച്ചു -ഒരു കശുവണ്ടി സംസ്‌കരണ കേന്ദ്രത്തിന്റെ ഉടമയായ ശ്യാംസുന്ദര്‍ പ്രുസ്തി. ഇയാളുടെ ഫാക്ടറിയിലെ ബാലവേലയും ബാലപീഡനവും ആചാര്യ പുറത്തുകൊണ്ടുവന്നിരുന്നു.
എം.വി.എന്‍.ശങ്കര്‍
ആന്ധ്രപ്രദേശിലെ ആന്ധ്രപ്രഭ ലേഖകനായ എം.വി.എന്‍.ശങ്കറിനെ 2014ല്‍ കൊലപ്പെടുത്തിയത് എണ്ണമാഫിയ ആണ്. ‘അജ്ഞാതരായ’ അക്രമികള്‍ അദ്ദേഹത്തെ ഇരുമ്പു വടികള്‍ ഉപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. പൊതുവിതരണ സമ്പ്രദായത്തിലെ മണ്ണെണ്ണ വില്പനയില്‍ എണ്ണമാഫിയ നടത്തുന്ന തിരിമറികളെക്കുറിച്ച് വാര്‍ത്ത എഴുതിയതിന്റെ ശിക്ഷ.
മിഥിലേഷ് പാണ്ഡെ
ദൈനിക് ജാഗരണ്‍ ലേഖകനായ മിഥിലേഷ് പാണ്ഡെയെ 2015ല്‍ കൊലപ്പെടുത്തിയതും ‘അജ്ഞാതര്‍’ തന്നെ. ബിഹാറിലെ ഗയ ജില്ലയിലുള്ള കഷ്ത ഗ്രാമത്തിലെ പാണ്ഡെയുടെ വീട്ടില്‍ കടന്നുകയറിയ അക്രമികള്‍ അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയാണുണ്ടായത്. തുടര്‍ച്ചയായി വധഭീഷണി ലഭിച്ചിരുന്ന പാണ്ഡെ അതിന്റെ പേരില്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊലപാതികകള്‍ ആരെന്ന് വ്യക്തമായ സൂചനയുണ്ടായിട്ടും കേസന്വേഷണം എങ്ങുമെത്തിയില്ല.
ഹേമന്ത് യാദവ്
ടി.വി.24 ലേഖകനായിരുന്ന ഹേമന്ത് യാദവ് ഒരു സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 2015ലല്‍ ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ബൈക്കിലെത്തിയ അക്രമികള്‍ യാദവിനെ വെടിവെച്ചുവീഴ്ത്തി. അദ്ദേഹത്തിന്റെ ‘സാമൂഹികപ്രവര്‍ത്തനം’ ഇഷ്ടപ്പെടാത്ത ആരെങ്കിലുമായിരിക്കാം കൊലയ്ക്കു പിന്നിലെന്നു മാത്രമാണ് പൊലീസിനു പറയാനുണ്ടായിരുന്നത്.
അജയ് വിദ്രോഹി
ബിഹാറിലെ അറിയപ്പെടുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായിരുന്നു അജയ് വിദ്രോഹി. 2015ല്‍ സിതാമഢി ജില്ലയിലെ വീട്ടിനുമുന്നില്‍ അജ്ഞാതര്‍ അദ്ദേഹത്തെ വെടിവെച്ചുകൊന്നു. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക സമൂഹം വന്‍തോതില്‍ പ്രക്ഷോഭം അഴിച്ചുവിട്ടുവെങ്കിലും പൊലീസിനെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ അതു മതിയാവുമായിരുന്നില്ല. തെളിയാത്ത കേസുകളുടെ പട്ടികയില്‍ ഒരെണ്ണം കൂടി.
സഞ്ജയ് പാഠക്ക്
ഉത്തര്‍പ്രദേശിലെ ഫരീദ്പുര്‍ മേഖലയിലെ ചെറുകിട പത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു സഞ്ജയ് പാഠക്ക്. 2015ല്‍ ഫരീദ്പുരിലെ ബക്‌സരിയെ മേഖലയില്‍ ഇദ്ദേഹത്തെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ പാഠക്കിന്റെ മൃതദേഹം വലിച്ചിഴച്ചുകൊണ്ടു പോകുന്നതിനിടെ പൊലീസ് റോന്ത് സംഘം സ്ഥലത്തെത്തുകയും ഒരാളെ കൈയോടെ പിടികൂടുകയും ചെയ്തു. ഈ കേസ് വിചാരണഘട്ടത്തിലാണ്.
ദേവേന്ദ്ര ചതുര്‍വേദി
ഉത്തര്‍പ്രദേശിലെ സ്മരിധി, യുണൈറ്റഡ് ഇന്ത്യ തുടങ്ങിയ പത്രങ്ങളുടെ ലേഖകനായിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ദേവേന്ദ്ര ചതുര്‍വേദിയെ 2015ല്‍ കനൗജിലെ അദ്ദേഹത്തിന്റെ വീട്ടിനു മുന്നില്‍ വെച്ചാണ് അക്രമികള്‍ വെടിവെച്ചുകൊന്നത്. അദ്ദേഹത്തിന്റെ മകനായ രാജാ ചൗധരിയെയും ഇതിനൊപ്പം കൊലപ്പെടുത്താന്‍ അക്രമികള്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പത്രപ്രവര്‍ത്തകനും അഭിഭാഷകനുമായ രാജ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.
അക്ഷയ് സിങ്
രാജ്യത്തെ പിടിച്ചുകുലുക്കിയ മധ്യപ്രദേശിലെ വ്യാപം അഴിമതിയുടെ ഭാഗമായുള്ള അസ്വാഭാവിക മരണങ്ങള്‍ അന്വേഷിക്കുന്നതിനിടെ തീര്‍ത്തും അസ്വാഭാവികമായാണ് ആജ് തക് ലേഖകന്‍ അക്ഷയ് സിങ്ങിന്റെ അന്ത്യമുണ്ടായത്. ഒരു അഭിമുഖത്തിനു ശേഷം അക്ഷയ് പെട്ടെന്ന് കുഴഞ്ഞുവീണു. ഉടനെ തന്നെ ദഹോദിലെ ആസ്പത്രിയില്‍ അദ്ദേഹത്തെ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തിലെ അസ്വാഭാവികത കണക്കിലെടുത്ത് ഇതേക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടക്കുകയാണ്.
സന്ദീപ് കോത്താരി
മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ നടക്കുന്ന അനധികൃത ഖനനവും ഭൂമി കൈയേറ്റവും വെളിച്ചത്തുകൊണ്ടുവന്നതാണ് നയി ദുനിയ ലേഖകന്‍ സന്ദീപ് കോത്താരിക്ക് 2015ല്‍ ജീവന്‍ നഷ്ടമാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 പേര്‍ക്കും അനധികൃത ഖനനവുമായും ചിട്ടിക്കമ്പനി തട്ടിപ്പുമായും ബന്ധമുണ്ടായിരുന്നു. കോത്താരിയെ തട്ടിക്കൊണ്ടു പോയ മൂവര്‍സംഘം അദ്ദേഹത്തെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞു.
ജഗേന്ദ്ര സിങ്
ഉത്തര്‍പ്രദേശിലെ സമാചാര്‍ അടക്കമുള്ള പത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ജഗേന്ദ്ര സിങ് 2015ലാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പിന്നാക്കക്ഷേമ മന്ത്രി രാംമൂര്‍ത്തി സിങ് വര്‍മ്മയ്ക്ക് അനധികൃത ഖനന ലോബിയുമായുള്ള അടുത്ത ബന്ധവും അതുവഴി മന്ത്രി നടത്തിയ അഴിമതികളും വെളിച്ചത്താക്കിയത് സിങ്ങിന് വിനയായി. മന്ത്രിയും ഏതാനും പൊലീസുകാരും ചേര്‍ന്ന് ജഗേന്ദ്ര സിങ്ങിനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സിങ് ആസ്പത്രിയില്‍ മരിക്കുന്നതിനു മുമ്പ് മന്ത്രിക്കും പൊലീസുകാര്‍ക്കും മറ്റു കൂട്ടാളികള്‍ക്കുമെതിരെ മരണമൊഴി നല്‍കി. കേസ് ഇപ്പോള്‍ കോടതിയിലാണ്.
കരുണ്‍ മിശ്ര
അനധികൃത ഖനനത്തിനെതിരായ വാര്‍ത്ത തന്നെയാണ് ജന്‍സന്ദേശ് ലേഖകനായ കരുണ്‍ മിശ്രയുടെയും ജീവനെടുത്തത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ 2016ല്‍ അദ്ദേഹം വെടിയേറ്റു മരിക്കുകയായിരുന്നു. രണ്ട് ഖനന കരാറുകാര്‍ ഈ കേസില്‍ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.
ഇന്ദ്രദേവ് യാദവ്
ജാര്‍ഖണ്ഡിലെ താസാ ടി.വിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ഇന്ദ്രദേവ് യാദവ് എന്ന അഖിലേഷ് പ്രതാപിനെ 2016ലാണ് കൊലപ്പെടുത്തിയത്. ഒരു കരാര്‍ സംബന്ധിച്ച തര്‍ക്കം യാദവിന്റെ കൊലയിലേക്കു നയിച്ചുവെന്ന് പൊലീസ് ഭാഷ്യം. കേസുമായി ബന്ധപ്പെട്ട് 2 പേര്‍ പിടിയിലായി.
രാജ്‌ദേവ് രഞ്ജന്‍
ബിഹാറിലെ ദൈനിക് ഹിന്ദുസ്ഥാന്‍ ലേഖനായിരുന്ന രാജ്‌ദേവ് രഞ്ജനെ 2016 മെയില്‍ ഗുണ്ടകള്‍ കൊലപ്പെടുത്തി. രാഷ്ട്രീയനേതാവായി മാറി ആര്‍.ജെ.ഡി. ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ ഗുണ്ടാ നേതാവ് മുഹമ്മദ് ഷഹാബുദ്ദീനായിരുന്നു കൊലയ്ക്കു പിന്നില്‍. ഷഹാബുദ്ദീനെതിരെ രഞ്ജന്‍ എഴുതിയ വാര്‍ത്തകള്‍ തന്നെ പ്രകോപനം. ഈ കേസ് സി.ബി.ഐ. അന്വേഷിക്കുകയാണ്.
കിഷോര്‍ ദവെ
ഗുജറാത്തിലെ ജയ്ഹിന്ദ് ലേഖകന്‍ കിഷോര്‍ ദവെ 2016ല്‍ കൊല്ലപ്പെട്ടത് വ്യക്തിവൈരാഗ്യത്തിന്റെ ഫലമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മാധ്യമപ്രവര്‍ത്തക സമൂഹം ഇത് അംഗീകരിക്കുന്നില്ല. ട്രാവല്‍ ഏജന്‍സി നടത്തിപ്പില്‍ ദവെയുടെ പങ്കാളിയായിരുന്ന വ്യക്തിയടക്കം 3 പേര്‍ ഈ കേസില്‍ അറസ്റ്റിലായെങ്കിലും അവര്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് ആരും വിശ്വസിക്കുന്നില്ല.
ധര്‍മ്മേന്ദ്ര സിങ്
ദൈനിക് ഭാസ്‌കര്‍ ലേഖകനായ 35കാരന്‍ ധര്‍മ്മേന്ദ്ര സിങ്ങിനെ ബിഹാറിലെ റോത്തസ് ജില്ലയിലെ അമ്ര താലാബില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ 2016ല്‍ വെടിവെച്ചുകൊന്നു. ക്വാറി മാഫിയയ്‌ക്കെതിരായ സിങ്ങിന്റെ വാര്‍ത്തകളാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ്.
കമലേഷ് ജയിന്‍
2016ല്‍ മധ്യപ്രദേശിലെ പിപ്ലിയാമണ്ഡിയില്‍ വെച്ചാണ് നയി ദുനിയ ലേഖകനായ കമലേഷ് ജയിന്‍ വെടിയേറ്റു മരിച്ചത്. വ്യാജമദ്യ മാഫിയയ്‌ക്കെതിരെ ഇദ്ദേഹം തുടര്‍ച്ചയായി വാര്‍ത്തകളെഴുതിയിരുന്നു. എന്നാല്‍, പൊലീസ് ഈ കൊലപാതകവും വ്യക്തിവൈരാഗ്യത്തിന്റെ ഫലമാക്കി അവസാനിപ്പിച്ചു. ജയിന്‍ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്ന യുവതിയുടെ സഹോദരനുമായുള്ള ശത്രുതയാണ് കൊലയ്ക്കു കാരണമെന്നായിരുന്നു പൊലീസിന്റെ ‘കണ്ടെത്തല്‍’. വ്യാജമദ്യ മാഫിയയുടെ രാഷ്ട്രീയ സ്വാധീനം തന്നെ കാരണം.
ഗൗരി ലങ്കേഷ്
2017 സെപ്റ്റംബര്‍ 5നാണ് കര്‍ണ്ണാടകത്തിലെ ഗൗരി ലങ്കേഷ് പത്രികയുടെ എല്ലാമെല്ലാമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള അവരുടെ വീടിനു മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതരായ 3 അക്രമികള്‍ വെടിവെച്ചു വീഴ്ത്തി കടന്നുകളഞ്ഞത്. എന്തും തുറന്നുപറയാന്‍ മടികാട്ടാതിരുന്ന, നിര്‍ഭയയായ ഈ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകികളെ കണ്ടെത്താനും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.
‘ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന നിലയില്‍ ഗൗരിയുടെ കൊലപാതകികളുടെ സ്ഥാനത്ത് സംഘപരിവാര്‍ സ്വാഭാവികമായും പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. ഗൗരി ഇന്നുവരെ സ്വീകരിച്ച നിലപാടുകളും അവരുടെ മരണശേഷം പരിവാരങ്ങള്‍ സ്വീകരിച്ച നിലപാടുകളും പ്രചാരണവുമെല്ലാം ഈ സംശയം ഉറപ്പിക്കുന്നു. സമൂഹത്തില്‍ സമാധാനവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. 2013 ഓഗസ്റ്റ് 20ന് നരേന്ദ്ര ധാബോല്‍കറെ കൊന്ന പോലെ, 2015 ഫെബ്രുവരി 20ന് ഗോവിന്ദ് പന്‍സാരെയെ കൊന്നപോലെ, 2015 ഓഗസ്റ്റ് 30ന് എം.എം.കല്‍ബുര്‍ഗിയെ കൊന്ന പോലെ, 2017 സെപ്റ്റംബര്‍ 5ന് ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു. ധാബോല്‍കര്‍ -പന്‍സാരെ -കല്‍ബുര്‍ഗി കൊലപാതകങ്ങള്‍ തെളിയിക്കാനാവാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ഗൗരിയുടെ കേസിലും സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നത്.
ജീവിച്ചിരുന്ന കാലത്ത് ഗൗരി ലങ്കേഷിനെ ആര്‍ക്കുമറിയുമായിരുന്നില്ല എന്നാണ് പരിവാരം പറയുന്നത്. ജീവിച്ചിരുന്നപ്പോള്‍ അറിഞ്ഞില്ലെങ്കിലെന്താ, മരിച്ച ശേഷം അവരെ എല്ലാവരും അറിഞ്ഞില്ലേ? തന്റെ മരണം പോലും ഗൗരി ഒരു പോരാട്ടമാക്കി മാറ്റി, താന്‍ എതിര്‍ത്ത ശക്തികള്‍ക്കും ആശയങ്ങള്‍ക്കുമെതിരെ. അക്രമികള്‍ ഗൗരിക്കെതിരെ 7 റൗണ്ട് വെടിയുതിര്‍ത്തു. 3 വെടിയുണ്ടകള്‍ ആ ദുര്‍ബല ശരീരം തുളച്ച് ജീവനെടുത്തു. 4 വെടിയുണ്ടകള്‍ വീടിന്റെ ഭിത്തി തുളച്ചു. ഇത് വലിയ വീരകൃത്യമായി വ്യാഖ്യാനിക്കുന്നവരോട് സഹതാപം മാത്രം.
ജീവിച്ചിരുന്ന കാലത്ത് തന്റെ ആശയങ്ങള്‍ എത്തിക്കാനാവാത്ത തലങ്ങളിലേക്ക് മരണത്തിലൂടെ അതെത്തിക്കാന്‍ ഗൗരിക്ക് സാധിച്ചിരിക്കുന്നു. ഒരു ചെറുന്യൂനപക്ഷം മാത്രം വായിക്കുമായിരുന്ന ഗൗരിയുടെ എഡിറ്റോറിയല്‍ -അവസാനത്തേത് -ലോകം മുഴുവന്‍ വായിക്കുന്നു. ഇതൊരു മഹാവിജയമല്ലെങ്കില്‍ പിന്നെതാണ്. അതെ അതു തന്നെ -കൊല്ലാം പക്ഷേ, തോല്‍പ്പിക്കാനാവില്ല.
മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി കണ്ട് കേരളത്തില്‍ എല്ലാം ഭദ്രമാണെന്നു കരുതണ്ട. ഇവിടെയും പല മാധ്യമപ്രവര്‍ത്തകര്‍ക്കും വധഭീഷണി ലഭിക്കുന്നുണ്ട്. മാതൃഭൂമിയിലെ വി.ബി.ഉണ്ണിത്താനു നേരെയുണ്ടായ ആക്രമണം തന്നെയാണ് സമീപകാലത്തെ ഏറ്റവും വലിയ ഉദാഹരണം. ഏതൊരു വാര്‍ത്തയും ആര്‍ക്കെങ്കിലുമൊക്കെ ഇഷ്ടപ്പെടാതെ പോകുന്നുണ്ട്. അല്പം കരുത്തരാണെങ്കില്‍ അവര്‍ ആദ്യം ചെയ്യുന്നത് ആ വാര്‍ത്ത വരുത്താതിരിക്കാന്‍ നോക്കുക എന്നതാണ്. അതിന് പ്രലോഭനം മുതല്‍ ഭീഷണി വരെ എല്ലാ അടവുകളും പയറ്റും. പ്രലോഭനത്തില്‍ വീണില്ലെങ്കിലാണ് ഭീഷണി വരിക.
ഈ കുറിപ്പിനായുള്ള വിശദാംശങ്ങള്‍ പരതുന്ന വേളയില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് എനിക്കു നേരെയുണ്ടായ ഒരു ‘ഭീഷണി’യെക്കുറിച്ചോര്‍ത്തു. കഴിഞ്ഞ മെയ് മാസത്തില്‍ +971568060015 എന്ന ദുബായ് നമ്പറില്‍ നിന്നാണ് വിളിയും എസ്.എം.എസ്സും തുടര്‍ച്ചയായി വന്നത്. ഈ നമ്പറിന്റെ വിലാസമായി True Caller കാട്ടിയത് Dawood Team എന്ന വിലാസം. ലോകത്ത് സ്വന്തമായി ടീമുള്ള ഒരു ദാവൂദിനെ മാത്രമേ എനിക്കറിയൂ -ദാവൂദ് ഇബ്രാഹിം.
ദാവൂദ് സംഘാംഗം ഈയുള്ളവനെ വിളിച്ചു ഭീഷണിപ്പെടുത്താന്‍ മാത്രം വലിയ വാര്‍ത്തകളൊന്നും എഴുതിയിട്ടില്ല. അത്ര കനപ്പെട്ട വിഷയങ്ങളൊന്നും എടുക്കാറുമില്ല. എന്റെ വാര്‍ത്തകളോട് ആകെ ദേഷ്യമുണ്ടാവാന്‍ സാദ്ധ്യതയുള്ളത് ചില കെട്ടിടനിര്‍മ്മാതാക്കള്‍ക്കു മാത്രമാണ്. ഫ്‌ളാറ്റിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളുടെ വിശദാംശങ്ങളിലേക്കു വെളിച്ചം വീശുന്ന ചില കുറിപ്പുകള്‍ ഞാനെഴുതിയിരുന്നു. ആ കെട്ടിടനിര്‍മ്മാതാക്കള്‍ ദുബായ് അടക്കമുള്ള കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരാണ്. അവരോ അവരുടെ ബന്ധുക്കളില്‍ ആരെങ്കിലുമോ ആയിരിക്കും ഭീഷണിക്കു പിന്നില്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഏതായാലും ഭാഗ്യപരീക്ഷണത്തിനു മുതിര്‍ന്നില്ല. ദാവൂദ് സംഘം എന്നു കണ്ടതിനാല്‍ എന്‍.ഐ.എയ്ക്കും സി.ബി.ഐയ്ക്കും കേരളാ പൊലീസിനുമൊപ്പം ദുബായ് പൊലീസിനും വിശദമായ പരാതി അയച്ചു. ഭീഷണി സന്ദേശം വന്ന ഫോണിന്റെ സേവനദാതാക്കളായ എറ്റിസലാറ്റിന്റെ തലപ്പത്തുള്ളവരെയും വിവരമറിയിച്ചു. ഇതിലേതെങ്കിലും ഏജന്‍സി നടപടി സ്വീകരിച്ചതുകൊണ്ടാണോ എന്നറിയില്ല, ഭീഷണി ക്രമേണ നിലച്ചു. അല്ലെങ്കില്‍, ഭീഷണിപ്പെടുത്താനും മാത്രമുള്ള വലിപ്പമൊന്നും എനിക്കില്ല എന്ന് ദാവൂദ് ഇബ്രാഹിം തന്നെ തീരുമാനിച്ചതാവാനും മതി.
കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് കാരണം – ജനസംഖ്യാ വർദ്ധനവ് തന്നെ – ചിലപ്പോൾ ഇതിനും കാരണം സംഘപരിവാർ ആയിരിക്കും
ശ്യാം ഇടതുപക്ഷം വ്യത്യസ്തത പുലർത്തുന്നു എന്ന് പറയുന്നവർ ഇടതുപക്ഷത്തോട് നീതി കാണിച്ചിട്ടുണ്ടോ.
ഗുണപാഠം
മാധ്യമ പ്രവർത്തകരെ അക്രമിക്കുന്നവരെയാണ് അവർ വാഴ്ത്തുക
ഇടതുപക്ഷം വ്യത്യസ്തത പുലര്‍ത്തുന്നു എന്നു പറഞ്ഞാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ കൊല്ലുന്നില്ല എന്നേയുള്ളൂ. ഭീഷണി, ഊരുവിലക്ക്, കൈയേറ്റം, വിരട്ടല്‍ തുടങ്ങിയ കലാപരിപാടികളില്‍ അവരും മറ്റുള്ളവരെപ്പോലെ തന്നെ.
ചില സമയത്ത് നിങ്ങൾക്ക് ആവശ്യമായി വരും. ഉദാഹരണം “രാജസ്ഥാൻ കർഷക സമരം” നിങ്ങൾ എഴുതിയോ? എന്നാലോ പെമ്പിളൈ ഒരു മ സമരം അഘോനിച്ചില്ലേ
Murder of T P Chandrasekhar is not due to intolerance of any political party?Be impartial otherwise followers will desert you
ചക്കെന്നു പറയുമ്പോള്‍ ചുക്കെന്നു കേട്ടിട്ട് കൊക്കെന്നു മനസ്സിലാക്കും. എന്നിട്ട് ചാടിക്കയറി അഭിപ്രായം പാസാക്കും. ഇങ്ങനെയുള്ളവരാണ് നാടിന്റെ ശാപം. അങ്ങ് ഈ കുറിപ്പ് വായിച്ചിട്ടില്ലെന്നത് 101 തരം.
ഞാന്‍ ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളെ കുറിച്ച് മാത്രമാണ്. ടി.പി.ചന്ദ്രശേഖരന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നോ? എനിക്കറിയില്ല.
ആരാധകരെ സൃഷ്ടിക്കുക എന്റെ ലക്ഷ്യമല്ല. എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ എഴുതിയിടുന്നത്. ഒരാളെങ്കിലും വായിക്കാനുണ്ടെങ്കില്‍ ഞാന്‍ എഴുതുക തന്നെ ചെയ്യും. താല്പര്യമില്ലാത്ത ആരെയും പിടിച്ചുനിര്‍ത്താനില്ല.
എന്റെ കുറിപ്പുകളോട് ഏതു വിധത്തിലും പ്രതികരിക്കാം, സ്വീകരിക്കും. പക്ഷേ, പ്രതികരിക്കുന്നതിനു മുമ്പ് കുറിപ്പിന്റെ ഉള്ളടക്കം മനസ്സിലാക്കണ്ടേ??!!!
Good article