Reading Time: 10 minutes

അര്‍ഹതയില്ലാത്ത വ്യക്തി അര്‍ഹമല്ലാത്ത സ്ഥാനത്ത് എത്തിയാല്‍ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഇല്ലാത്ത അര്‍ഹത തനിക്കുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരം ശ്രമങ്ങള്‍ പരിഹാസ്യമാവുകയും ചെയ്യും. പുതുപ്പണക്കാരായ പ്രാഞ്ചിയേട്ടന്മാരുടെ ജീവകാരുണ്യ പ്രവര്‍ത്തനം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. മേനി നടിക്കാന്‍ പണം മുടക്കി സംഘടിപ്പിക്കുന്ന പരിപാടികള്‍ വന്‍ വിജയമാണെന്ന് അവര്‍ ധരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ നാട്ടുകാര്‍ പുച്ഛിച്ചു ചിരിക്കുകയായിരിക്കും.

സ്മൃതി ഇറാനി

വൈകുന്നേരം ടെലിവിഷനില്‍ വാര്‍ത്ത കണ്ടിരുന്നപ്പോള്‍ ഉണര്‍ന്നതാണ് ഈ ചിന്തകള്‍. ചിന്ത ഉണര്‍ത്തിയത് പ്രാഞ്ചിയേട്ടന്‍ അല്ല. ഒരു ചേച്ചിയാണ്. സ്മൃതി ഇറാനി എന്ന പഴയ സീരിയല്‍ നടി. 2018 മെയ് 3 വൈകുന്നേരം 4.38 ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു സമയമായി രേഖപ്പെടുത്തപ്പെട്ടു. ചരിത്രത്തില്‍ കരിക്കട്ടയാല്‍ എഴുതിവെയ്ക്കപ്പെട്ട നിമിഷം. രാഷ്ട്രപതി അല്ലാതെ മറ്റൊരാള്‍ ദേശീയ സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്ത നിമിഷം.

ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണ്ണയം മുമ്പ് ഇടയ്‌ക്കൊക്കെ വിവാദത്തില്‍ പെട്ടിട്ടുണ്ടെങ്കിലും മൊത്തത്തില്‍ അതിന്റെ മൂല്യം ഇതുവരെ ഇടിഞ്ഞിട്ടില്ല. എന്നാല്‍, ഇന്ന് അതും സംഭവിച്ചു. ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കലാകാരന്മാര്‍ക്ക് രാജ്യത്തിന്റെ ആദരമാണ് ഈ അവാര്‍ഡുകള്‍. രാജ്യത്തെ പ്രഥമ പൗരന്‍ നേരിട്ടു വിതരണം ചെയ്യുന്നു എന്നതാണ് പുരസ്‌കാരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ദേശീയ സിനിമാ അവാര്‍ഡുകളുടെ 64 വര്‍ഷത്തെ ചരിത്രം ഇതാണ്. എന്നാല്‍, ഈ വര്‍ഷം ചരിത്രം മാറി. അതാണ് ചരിത്രത്തില്‍ കരിക്കട്ട കൊണ്ടെഴുതിയ ആ നിമിഷം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിച്ച് രാഹുല്‍ ഗാന്ധിയോട് ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റുവെങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ കയറിക്കൂടാന്‍ സ്മൃതി ഇറാനിക്ക് അതു തടസ്സമായില്ല. അതിന് 3 വര്‍ഷം മുമ്പു തന്നെ താരപ്രഭയില്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമായിരുന്നു. രാജ്യസഭാംഗം എന്ന നിലയില്‍ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടു തന്നെയാണ് ജനങ്ങള്‍ക്കു കൂടി പങ്കാളിത്തമുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തോല്‍ക്കുന്നതും!! അതൊരു തമാശ. ഓരോ തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുമ്പോഴും മാറ്റിപ്പറയുന്ന ബിരുദവുമായി നില്‍ക്കുന്ന, യഥാര്‍ത്ഥത്തില്‍ ഒരു ബിരുദവുമില്ലാത്ത സ്മൃതി. മാനവശേഷി വികസന മന്ത്രി എന്ന നിലയില്‍ ഇവര്‍ ചെയ്തുകൂട്ടിയ മണ്ടത്തരങ്ങള്‍ക്ക് കൈയും കണക്കുമില്ല.

യോഗ പഠിപ്പിക്കാന്‍ രാജ്യത്തെ 6 സര്‍വ്വകലാശാലകളില്‍ പ്രത്യേക വിഭാഗം തുടങ്ങിയതും ആര്‍.എസ്.എസ്സുകാരന്‍ എന്ന യോഗ്യത മാത്രം പരിഗണിച്ച് വിശ്രം ജാംദാര്‍ എന്ന വിവരദോഷിയെ നാഗ്പുരിലെ വിശ്വേശരയ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ചെയര്‍മാനാക്കിയതും ഹൈദരാബാദ് ദേശീയ സര്‍വ്വകലാശാലയിലും ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലും സൃഷ്ടിച്ച വിവാദങ്ങളുമെല്ലാം ഭരണനൈപുണ്യത്തിന്റെ ഉദാഹരണം. അങ്ങേയറ്റം ‘പ്രശംസനീയമായ’ സേവനം പരിധി വിട്ടതോടെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ നരേന്ദ്ര മോദി 2016 ജൂലൈയില്‍ ഇവരെ പൊക്കിയെടുത്ത് തുണിമില്ല് മന്ത്രാലയത്തിലിട്ടു.

കുറച്ചുകാലത്തേക്ക് അനക്കമില്ലായിരുന്നു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും നടിയുടെ തലവര തെളിഞ്ഞു. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയുടെ കസേരയില്‍ ഇരുന്നതോടെ അതുവരെ അദ്ദേഹം കൊണ്ടു നടന്നിരുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സ്മൃതിയുടെ കൈയിലായി. പാഠങ്ങളൊക്കെ പഠിച്ചു നന്നായി എന്നാ കരുതിയത്. എവിടെ നന്നാവാന്‍!! നായയുടെ വാല്‍ പന്തീരാണ്ടു കാലം കുഴലിലിട്ടാലും അതു വളഞ്ഞു തന്നെയിരിക്കും. അതാണല്ലോ ഇപ്പോള്‍ കണ്ട പ്രാഞ്ചിത്തരം.

സ്മൃതി ഇറാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

പക്ഷേ, അവര്‍ക്ക് എന്തും ചെയ്യാം, പേടിക്കണ്ട. വിദ്യാഭ്യാസമില്ലെങ്കിലും ഇന്ന് ഇന്ത്യയില്‍ ജീവിക്കാന്‍ ആവശ്യമുള്ള ഏറ്റവും വലിയ യോഗ്യത അവര്‍ക്കുണ്ട് -കുട്ടിക്കാലം മുതല്‍ ആര്‍.എസ്.എസ്സുകാരി. അപ്പൂപ്പന്‍ സ്വയം സേവകനും അമ്മ ജനസംഘവും ആണെന്ന പാരമ്പര്യവുമുണ്ട്. പോരാത്തതിന് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വാത്സല്യഭാജനവും.

പ്രോട്ടോക്കോള്‍ പ്രകാരം രാംനാഥ് കോവിന്ദ് എന്ന രാഷ്ട്രപതി ഇന്ത്യയിലെ പ്രഥമ പൗരനായിരിക്കാം. പക്ഷേ, ‘യഥാര്‍ത്ഥ’ ഭരണക്രമത്തില്‍ അദ്ദേഹത്തിനു മുകളില്‍ ഒട്ടേറെപ്പേരുണ്ട്. സ്മൃതി ഇറാനി ഉറപ്പായും കോവിന്ദിനു മുകളിലുള്ളവരുടെ ആ പട്ടികയില്‍ താക്കോല്‍ സ്ഥാനത്ത് ഉള്‍പ്പെടുന്നു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ദേശീയ സിനിമാ അവാര്‍ഡിലേക്കു നോക്കിയാല്‍ മതി. രാഷ്ട്രപതിയെ വെട്ടി ഒരു തുക്കടാ മന്ത്രിണിക്ക് റോള്‍ നല്‍കിയത് വെറുതെ ആവില്ലല്ലോ. ഇപ്പോഴും വെറും നടി മാത്രമായ സ്മൃതിയുടെ ഇമേജ് മന്ത്രിണിയുടേതാക്കി വളര്‍ത്തിയെടുക്കാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പക്ഷേ, പൊളിഞ്ഞു പാളീസായിപ്പോയി.

ന്യൂട്ടനിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ പങ്കജ് ത്രിപാഠി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്നിവരില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു

ദേശീയ സിനിമാ അവാര്‍ഡുകളില്‍ കഥ, കഥേതര വിഭാഗങ്ങളിലായി 131 പേരുകളാണ് ഉണ്ടായിരുന്നത്. ഒന്നിലേറെ അവാര്‍ഡുകള്‍ നേടിയ ഏ.ആര്‍.റഹ്മാനെയും ജയരാജിനെയും പോലുള്ളവര്‍ വന്നപ്പോള്‍ പുരസ്‌കാര ജേതാക്കളുടെ മൊത്തം എണ്ണം നൂറോളമായി കുറഞ്ഞു. അതില്‍ 66 പേര്‍ മന്ത്രിണിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങി അപമാനിതരാവാന്‍ തങ്ങളില്ലെന്ന് തീര്‍ത്തുപറഞ്ഞു, മാറിനിന്നു. ദേശീയ അവാര്‍ഡ് ജേതാക്കളില്‍ 30 ശതമാനം മാത്രമാണ് അവാര്‍ഡുകള്‍ സ്വീകരിച്ചത്. അതില്‍ 11 പേര്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് നേരിട്ട് സ്വീകരിച്ചു. സ്മൃതിക്ക് വിതരണം ചെയ്യാനായത് 20ഓളം അവാര്‍ഡുകള്‍ മാത്രം.

ദേശീയ സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ രാഷ്ട്രപതി രാംനാത് കോവിന്ദ് ഡല്‍ഹി വിജ്ഞാന്‍ ഭവനിലേക്കെത്തുന്നു

സ്മൃതി അവാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങി കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞ് -വൈകുന്നേരം 5.38നാണ് രാഷ്ട്രപതി പുരസ്‌കാര വിതരണ വേദിയായ വിജ്ഞാന്‍ ഭവനില്‍ എത്തിയത്. ഇതുവരെയുള്ള രീതി ആദ്യാവസാനക്കാരനായി രാഷ്ട്രപതി പങ്കെടുക്കുക എന്നതായിരുന്നു. പക്ഷേ, മുക്കാല്‍ മണിക്കൂര്‍ പോലും ഇക്കുറി രാംനാഥ് കോവിന്ദ് അവിടെ ചെലവഴിച്ചില്ല. കൃത്യം 6.15ന് അദ്ദേഹം സ്ഥലം കാലിയാക്കി.

പുരസ്‌കാര വിതരണം വിജ്ഞാന്‍ ഭവനില്‍ നടക്കുമ്പോള്‍ പ്രധാന പുരസ്‌കാര ജേതാക്കള്‍ അവര്‍ താമസിച്ചിരുന്ന അശോക ഹോട്ടലില്‍ പ്രതിഷേധത്തിലായിരുന്നു. അവാര്‍ഡ് മന്ത്രിയുടെ കൈയില്‍ നിന്ന് വാങ്ങിയില്ലെങ്കിലും അവര്‍ ആരും അവാര്‍ഡ് നിരസിച്ചിട്ടില്ല. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു നേടിയ പുരസ്‌കാരം വേണ്ടെന്നു വെയ്ക്കാനില്ല എന്ന നിലപാട് തന്നെയാണ് ശരി. കാരണം ആ അവാര്‍ഡ് സ്മൃതി ഇറാനിയുടെ ഔദാര്യമല്ലല്ലോ.

മികച്ച നടിക്കുള്ള ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാഹ്നവി, ഖുശി എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു

ഇത്തവണത്തെ ദേശീയ സിനിമാ അവാര്‍ഡുകളില്‍ സാമാന്യം മോശമല്ലാത്തൊരു പങ്ക് സ്വന്തമാക്കിയ മലയാളത്തിന് തിളക്കമേറെ ആയിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതി മികച്ച മൂല തിരക്കഥാകൃത്തായ സജീവ് പാഴൂരിനെപ്പോലെ അടുത്ത ചില സുഹൃത്തുക്കളുടെ പുരസ്‌കാര നേട്ടത്തില്‍ എനിക്കുമേറെ ആഹ്ലാദമുണ്ടായിരുന്നു. സജീവിനൊപ്പം മികച്ച മലയാള ചിത്രമായി മാറിയ തൊണ്ടിമുതലിന്റെ നിര്‍മ്മാതാവ് സന്ദീപ് സേനനും സംവിധായകന്‍ ദിലീഷ് പോത്തനും സുഹൃത്തുക്കള്‍ തന്നെ. ഇവര്‍ക്കൊപ്പം മികച്ച സഹനടനായ ഫഹദ് ഫാസിലും കൂടിയായല്‍ തൊണ്ടിമുതല്‍ ടീം പൂര്‍ണ്ണമായി.

സന്ദീപും ദിലീഷും ഫഹദും ഡല്‍ഹി അശോക ഹോട്ടലില്‍

മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥാകൃത്തുമായ ജയരാജ്, മികച്ച ഗായകനായ യേശുദാസ്, പ്രത്യേക പരാമര്‍ശം നേടിയ പാര്‍വ്വതി, ഛായാഗ്രാഹകനായ നിഖില്‍ എസ്.പ്രവീണ്‍, നിര്‍മ്മാണ രൂപകല്പനയ്ക്ക് അംഗീകരിക്കപ്പെട്ട സന്തോഷ് രാമന്‍, ശബ്ദ സാങ്കേതികവിദ്യയ്ക്ക് പുരസ്‌കാരം നേടിയ സനല്‍ ജോര്‍ജ്ജും ജസ്റ്റിന്‍ ജോസും, മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രമായ ആളൊരുക്കത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച വി.സി.അഭിലാഷ് എന്നിവര്‍ കഥാചിത്ര വിഭാഗത്തില്‍ പുരസ്‌കാരം നേടി. കഥേതര വിഭാഗത്തില്‍ മികച്ച ജീവചരിത്ര ചിത്രത്തിന്റെ സംവിയായികയായ ഷൈനി ജേക്കബ്ബ് ബെഞ്ചമിന്‍, സംഗീത സംവിധായകനായ രമേഷ് നാരായണന്‍, ഛായാഗ്രാഹകനായ അപ്പു പ്രഭാകര്‍, ഡോക്യുമെന്ററിക്ക് അവാര്‍ഡ് നേടിയ ആര്‍.നിതിന്‍, അനീസ് കെ.മാപ്പിള എന്നിവരും ആനിമേഷന്‍ ചിത്രത്തിന് പുരസ്‌കൃതനായ സുരേഷ് ഏരിയാട്ടും മലയാളത്തിന്റെ യശസ്സുയര്‍ത്തി.

എന്നാല്‍, യേശുദാസും ജയരാജും നിഖിലും ഒഴികെ മറ്റാര്‍ക്കും പുരസ്‌കാരം കൈയില്‍ വാങ്ങാനുള്ള സാഹചര്യമുണ്ടായില്ല. യേശുദാസിനും ജയരാജിനും പുരസ്‌കാരം സമ്മാനിച്ചത് രാഷ്ട്രപതി നേരിട്ടാണ് എന്നു വേണമെങ്കില്‍ പറയാം. രണ്ടു പുരസ്‌കാരം ലഭിച്ച ജയരാജിന് ഒരു പുരസ്‌കാരം മാത്രമേ രാഷ്ട്രപതി സമ്മാനിച്ചുള്ളൂ എന്നതും പറയണം. എന്തായാലും അവാര്‍ഡ് വാങ്ങിയതിനെക്കാള്‍ പതിന്മടങ്ങ് ബഹുമാനം അതു വാങ്ങാതിരുന്നവരോട് എനിക്കുണ്ട്. ഭൂരിഭാഗത്തിനും അങ്ങനെ തന്നെയാണ് എന്നു തന്നെയാണ് വിശ്വാസം.

പുരസ്‌കാര ജേതാക്കള്‍ക്കിടയില്‍ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ അവാര്‍ഡ് ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടന്ന സംഭവവികാസങ്ങള്‍ വള്ളിപുള്ളി തെറ്റാതെ മനസ്സിലാക്കാന്‍ അധികം ക്ലേശിക്കേണ്ടി വന്നില്ല. അവാര്‍ഡ് ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അയച്ച ക്ഷണക്കത്തുകളില്‍ രാഷ്ട്രപതി പുരസ്‌കാര വിതരണം നിര്‍വ്വഹിക്കും എന്നാണ് അറിയിച്ചിരുന്നത്. ഇതു തന്നെയാണ് പൊതുവായ ക്ഷണപത്രങ്ങളിലുമുള്ളത്. ഇതുവരെയുള്ള പതിവ് അതു തന്നെയായതിനാല്‍ ആര്‍ക്കും വെറെ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍, കാര്യങ്ങളൊക്കെ മാറി മറിഞ്ഞത് പുരസ്‌കാര വിതരണച്ചടങ്ങിന്റെ തലേന്നാളായ ബുധനാഴ്ചയാണ്. വിജ്ഞാന്‍ ഭവനില്‍ പുരസ്‌കാര ചടങ്ങിന്റെ റിഹേഴ്‌സല്‍ നടന്നു. പരിപാടിയുടെ ക്രമം വ്യക്തമാക്കുന്ന റണ്‍ ഡൗണ്‍ അവിടെ വിതരണം ചെയ്തു. അതു കണ്ടപ്പോഴാണ് രാഷ്ട്രപതിയല്ല പുരസ്‌കാരം നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡുമാണ് പ്രധാന വിതരണക്കാര്‍. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ ആഗ്രഹിച്ചെത്തിയവര്‍ അതോടെ നിരാശയിലായി.

പ്രോട്ടോക്കോള്‍ പ്രകാരമാണ് രാഷ്ട്രപതിയുടെ പങ്കാളിത്തത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് എന്നായിരുന്നു അവിടെയുണ്ടായിരുന്ന ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ചൈതന്യ പ്രസാദിന്റെ വിശദീകരണം. സുവര്‍ണ്ണ കമലം, രജത കമലം എന്നിങ്ങനെ 2 തരം അവാര്‍ഡുകളുണ്ട്. സുവര്‍ണ്ണ കമലം മാത്രമാണോ രാഷ്ട്രപതി നല്‍കുക എന്നു ചോദിച്ചപ്പോള്‍ അതുമല്ല തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം. അവാര്‍ഡ് ജേതാവിന്റെ താരമൂല്യമാണ് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അതു വാങ്ങാനുള്ള യോഗ്യതയ്ക്കുള്ള പുതിയ മാനദണ്ഡമെന്ന് അവര്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു.

മന്ത്രിയും സഹമന്ത്രിയും പുരസ്‌കാര വിതരണം നിര്‍വ്വഹിക്കുന്നതു സംബന്ധിച്ച് റണ്‍ ഡൗണിലുള്ള ഭാഗം

പുരസ്‌കാരം നല്‍കുന്നതിനു പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കി ആദ്യം പ്രതിഷേധിച്ചത് ബംഗാളില്‍ നിന്നുള്ള ജേതാക്കളാണ്. രാഷ്ട്രപതി തന്നെ പുരസ്‌കാരം നല്‍കണമെന്ന നിലപാട് അവര്‍ വ്യക്തമായും കൃത്യമായും അവതരിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള ജേതാക്കളും ബംഗാളികള്‍ക്കൊപ്പം ചേര്‍ന്നതോടെ ചൈതന്യ പ്രസാദിന് ഉത്തരം മുട്ടി. ഇങ്ങനെ തര്‍ക്കം തുടരുന്നിടത്തേക്കാണ് സ്മൃതി ഇറാനി കടന്നുവന്നത്. ചൈതന്യ പ്രസാദ് പറഞ്ഞതു തന്നെ അദ്ദേഹത്തിന്റെ മന്ത്രിയും പറഞ്ഞു -‘തീരുമാനം രാഷ്ട്രപതി ഭവന്റേതാണ്. മന്ത്രാലയത്തിന് ഇതില്‍ യാതൊരു റോളുമില്ല.’

രാഷ്ട്രപതി പങ്കെടുക്കുന്നു പരിപാടിയുടെ റണ്‍ ഡൗണ്‍

അഭിനയകലയിലുള്ള തന്റെ കഴിവുകള്‍ മുഴുവന്‍ സ്മൃതി പിന്നീട് അവിടെ പ്രകടമാക്കി. ആദ്യം അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പുരസ്‌കാര വിതരണത്തിന് ശേഷം രാഷ്ട്രപതിക്കൊപ്പം വിവിധ ബാച്ചുകളായി ഫോട്ടോ എടുക്കാമെന്നായിരുന്നു വാഗ്ദാനം. രാഷ്ട്രപതി അവാര്‍ഡ് കൊടുക്കുന്നതു പോലെ തന്നെയാണ് അദ്ദേഹത്തോടൊപ്പം പടം പിടിക്കുന്നത്രേ! അത് സ്വീകരിക്കപ്പെടാതായതോടെ മൗനിയായി. പിന്നീട് തനിക്കൊന്നും സാധിക്കില്ല എന്നു പറഞ്ഞ് കൈമലര്‍ത്തി. രാഷ്ട്രപതിയുടെ സൗകര്യം പോലെ മറ്റൊരു തീയതിയില്‍ പുരസ്‌കാരം നല്‍കണമെന്ന ആവശ്യവും മന്ത്രി ചെവിക്കൊണ്ടില്ല. ‘മന്ത്രിയുടെ അവാര്‍ഡ് വേണ്ട’ എന്ന് ജേതാക്കള്‍ തീര്‍ത്തുപറഞ്ഞു. അതോടെ സ്മൃതി ഭീഷണിയുടെ പാതയിലായി.’കേന്ദ്ര ക്യാബിനറ്റ് മന്ത്രിയോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നോര്‍ക്കണം’ -അവരുടെ ശബ്ദമുയര്‍ന്നു. പുരസ്‌കാരം വാങ്ങിയില്ലെങ്കില്‍ അത് രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും മന്ത്രി പറഞ്ഞു. അതോടെ ചര്‍ച്ച അലസി.

രാഷ്ട്രപതി പുരസ്‌കാര വിതരണം നിര്‍വ്വഹിക്കുന്നതു സംബന്ധിച്ച് റണ്‍ ഡൗണിലുള്ള ഭാഗം

റിഹേഴ്‌സല്‍ കഴിഞ്ഞിറങ്ങിയ പുരസ്‌കാര ജേതാക്കള്‍ ഒറ്റയ്ക്കും കൂട്ടമായും കൂടിയാലോചനകളില്‍ മുഴുകി. മന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങേണ്ടതില്ല എന്നു തന്നെയായിരുന്നു ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ‘നമ്മള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ദേശീയ അവാര്‍ഡ് കിട്ടിയെന്നു പറയുമ്പോള്‍ തന്നെ വിശദീകരിക്കപ്പെടുന്നത് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയിട്ടുണ്ട് എന്നാണ്. രാഷ്ട്രപതിക്ക് സമയമില്ലെങ്കില്‍ കുറഞ്ഞപക്ഷം ഉപരാഷ്ട്രപതിയെങ്കിലും അവാര്‍ഡ് നല്‍കണം. അതിനു പകരം ഏതെങ്കിലും മന്ത്രിയെ പറഞ്ഞുവിട്ടാല്‍ പറ്റില്ല’ -മികച്ച കന്നഡ ചിത്രം ഹെബ്ബെട്ടു രാമക്കയുടെ സംവിധായകന്‍ എന്‍.ആര്‍.നഞ്ചുണ്ഡ ഗൗഡ പൊട്ടിത്തെറിച്ചു. ആ വാക്കുകള്‍ ചര്‍ച്ചയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതായി.

കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ നിലപാടില്‍ ഉറച്ചു നിന്നു. നിലപാട് അറിയിച്ചുകൊണ്ട് മന്ത്രി സ്മൃതി ഇറാനിക്കും രാഷ്ട്രപതിക്കും കത്തു നല്‍കാന്‍ തീരുമാനിച്ചു. രാത്രി തന്നെ കത്ത് തയ്യാര്‍. മലയാളികളായ നിര്‍മ്മാതാവ് ആര്‍.സി.സുരേഷും സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേഷ് നാരായണും ഒപ്പു വെച്ച് പിതൃത്വമേറ്റു. ഇനി മറ്റുള്ളവര്‍ താഴെ നിരത്തി ഒപ്പിട്ടുകൊടുത്താല്‍ മതി. രാവിലെ ആയതോടെ ഒപ്പുശേഖരണം തുടങ്ങി. ഒന്നാമത്തെ ഒപ്പ് മറ്റൊരു മലയാളി തന്നെയിട്ട് ഐശ്വര്യമായി തുടങ്ങി -നീലിമ സുരേഷ് ഏരിയാട്ട്. പട പടാ ഒപ്പുകള്‍ വീണു. സജീവ് പാഴൂര്‍, ഫഹദ് ഫാസില്‍, സന്ദീപ് സേനന്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാളത്തിലെ ഏതാണ്ടെല്ലാവരും കൃത്യമായി നിലപാടറിയിച്ച് ഒപ്പിട്ടു. ആദ്യം ആമുഖ ഒപ്പിട്ട സുരേഷും രമേഷ് നാരായണനും എല്ലാവരുടെയും കൂട്ടത്തില്‍ ഒരിക്കല്‍ കൂടി ഒപ്പിട്ടു.

2 പേരുടെ കാര്യത്തില്‍ മാത്രമായിരുന്നു അനിശ്ചിതത്വം -യേശുദാസും ജയരാജും. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന മേലങ്കി മാറ്റി, മകന്‍ നിതിന്റെ നെയിം പ്ലേസ് ആനിമല്‍ തിങ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ അവാര്‍ഡ് വാങ്ങാനെത്തിയ ഭാഗ്യലക്ഷ്മി അടക്കമുള്ള മലയാളികള്‍ യേശുദാസിന്റെ മുറിയിലെത്തി കത്തില്‍ ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചു. ഉള്ളടക്കം വായിച്ചു കേള്‍പ്പിച്ച് ബോദ്ധ്യപ്പെടുത്തി. ഒടുവില്‍ ഒപ്പ് നമ്പര്‍ 59 വീണു -കെ.ജെ.യേശുദാസ് എന്ന പേരിനു നേരെ. യേശുദാസിനെ ഒപ്പിടുവിച്ച ശേഷം പാര്‍വ്വതി ഒപ്പിട്ടു. യേശുദാസ് ഒപ്പിട്ടാല്‍ താനും ഒപ്പിടാം എന്നായിരുന്നു ജയരാജ്. യേശുദാസിന്റെ ഒപ്പു കാണിച്ചുവെങ്കിലും ജയരാജ് ആദ്യം അംഗീകരിച്ചില്ല. അദ്ദേഹം യേശുദാസിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഒപ്പിട്ടുവെന്ന് ഉറപ്പാക്കി. ഒടുവില്‍ ഒപ്പം നമ്പര്‍ 69 ആയി പട്ടികയില്‍ ജയരാജും എത്തി.

രാഷ്ട്രപതിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും നല്‍കിയ കത്ത്‌

പത്തര മണിയോടെ ഒപ്പുശേഖരണം പൂര്‍ത്തിയാക്കിയ കത്ത് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലേക്കും രാഷ്ട്രപതി ഭവനിലേക്കും പറന്നു. അശോക ഹോട്ടലിനു പുറത്തുവന്ന അവാര്‍ഡ് ജേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ നിലപാടറിയിച്ചു. രാഷ്ട്രപതി ഭവനോ മന്ത്രാലയമോ ഉടനെ പ്രതികരിച്ചില്ല. പകരം ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ എത്തി, അനുരഞ്ജന ശ്രമങ്ങളുമായി. കത്തിനെയും അതിന്റെ ഉള്ളടക്കത്തെയും കുറിച്ചു മനസ്സിലാക്കിയ അദ്ദേഹം മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞ് മടങ്ങി.

രാഷ്ട്രപതിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും നല്‍കിയ കത്തിലെ ഒപ്പുകള്‍

അധികം വൈകാതെ രാഷ്ട്രപതി ഭവന്റെ പ്രതികരണമുണ്ടായി. ‘പുരസ്‌കാര -ബിരുദദാന ചടങ്ങുകളില്‍ പരമാവധി ഒരു മണിക്കൂര്‍ മാത്രമേ രാഷ്ട്രപതി പങ്കെടുക്കുകയുള്ളൂ. പുതിയ രാഷ്ട്രപതി സ്ഥാനമേറ്റ ശേഷം അതാണ് പ്രോട്ടോക്കോള്‍. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ആഴ്ചകള്‍ക്ക് മുമ്പു തന്നെ ഇത് അറിയിച്ചിരുന്നതാണ്. അതിനാല്‍ത്തന്നെ അവര്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയുകയും ചെയ്യാം. പതിനൊന്നാം മണിക്കൂറിലെ ഈ ആശയക്കുഴപ്പം അത്ഭുതപ്പെടുത്തുന്നതാണ്’ -രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മല്ലിക് പറഞ്ഞു.

രാഷ്ട്രപതിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും നല്‍കിയ കത്തിലെ ഒപ്പുകള്‍

അതോടെ വിജ്ഞാന ഭവനിലെ പരിപാടി മുന്‍ നിശ്ചയപ്രകാരം 2 ഘട്ടങ്ങളായി തന്നെ നടക്കും എന്നുറപ്പായി. മന്ത്രിയും സഹമന്ത്രിയും വൈകുന്നേരം 4 മുതല്‍ അവാര്‍ഡ് വിതരണം തുടങ്ങും. രാഷ്ട്രപതി 5.30ന് എത്തും. അതോടെ അവാര്‍ഡ് ജേതാക്കള്‍ തങ്ങളുടെ തീരുമാനം നടപ്പാക്കാന്‍ നിശ്ചയിച്ചു. അവര്‍ ഹോട്ടലിന്റെ പൂമുഖത്ത് നില്പുറപ്പിച്ചു. ആരെങ്കിലും നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുണ്ടോ എന്ന ആകാംക്ഷ ആ മുഖങ്ങളില്‍ പ്രകടമായിരുന്നു.

രാഷ്ട്രപതിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും നല്‍കിയ കത്തിലെ ഒപ്പുകള്‍

ഒടുവില്‍ അതു സംഭവിച്ചു. രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും. വെള്ള മുണ്ടും ജുബ്ബയുമണിഞ്ഞ് യേശുദാസ് ഭാര്യ പ്രഭയ്‌ക്കൊപ്പം ഇറങ്ങി വന്നു. ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം ശരി ഭാവത്തില്‍ തലയാട്ടി. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന നിവേദനത്തിലാണ് ഒപ്പുവെച്ചതെന്നും വിശദീകരണം. ഇതിനിടെ സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ ഒരു യുവാവിന്റെ കൈ അദ്ദേഹം തട്ടിക്കളഞ്ഞു. അവന്റെ ഫോണ്‍ ചോദിച്ചുവാങ്ങി സെല്‍ഫി മായ്ച്ചുകളയുകയും ചെയ്തു.

രാഷ്ട്രപതിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും നല്‍കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരിക്കുന്നു

അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന യേശുദാസിന്റെ നിലപാട് തങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല എന്നാണ് ഒരു സിനിമാപ്രവര്‍ത്തകന്‍ പറഞ്ഞത്. കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ!! യേശുദാസ് ചെയ്യുന്നത് ചെയ്യാനിരിക്കുന്ന ജയരാജും പങ്കെടുക്കും എന്ന് അതോടെ എല്ലാവര്‍ക്കും ഉറപ്പായി. എന്നാല്‍, ജയരാജ് വന്നത് ഒറ്റയ്ക്കായിരുന്നില്ല എന്നത് അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനായ നിഖില്‍ എസ്.പ്രവീണിനെയും ഒപ്പം കൂട്ടി. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനമില്ലെന്നും പരാതി ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണം ആ മുഖത്തും കേട്ടു. ജയരാജിന്റെ ഭാര്യ സബിത കൂടിയായതോടെ ആ സംഘം പൂര്‍ണ്ണമായി.

മൂന്നു മണിയോടെ ശേഖര്‍ കപൂര്‍ വീണ്ടുമെത്തി. എല്ലാവരും ഒത്തുചേര്‍ന്നു. രാഷ്ട്രപതി ഭവന്‍ തീരുമാനം അദ്ദേഹം പറഞ്ഞു. ആരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ശേഖര്‍ കപൂര്‍ നിര്‍ബന്ധിച്ചില്ല. ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍ ആരെയും വ്യക്തിപരമായി സ്വാധീനിക്കാന്‍ താനില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം സ്വന്തം മനസ്സില്‍ ശരിയെന്നു തോന്നുന്ന തീരുമാനവുമായി മുന്നോട്ട് പോകാമെന്നും നിര്‍ദ്ദേശിച്ചു. കടുത്ത നിലപാട് വേണം എന്നു തന്നെയായിരുന്നു യോഗത്തിന്റെ വികാരം. ആര്‍.സി.സുരേഷും സംവിധായകന്‍ മേഘ്നാഥ് നേഗിയും ഇത് പ്രഖ്യാപിക്കാന്‍ മുന്‍കൈയെടുത്തു.

ഫഹദ് ഫാസിലിനായി നീക്കിവെച്ചിരുന്ന ഇരിപ്പിടം

കടുത്ത നിലപാടിനെ മലയാളത്തിലെ ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും പിന്തുണച്ചു. പുരസ്‌കാര വിതരണത്തില്‍ വിവേചനം ശരിയല്ല എന്നു തന്നെയാണ് അവര്‍ പറഞ്ഞത്. സിനിമയിലെ വരും തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും വ്യക്തമാക്കപ്പെട്ടു. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തോടെ യോഗം അവസാനിച്ചു. കത്തില്‍ ഒപ്പിട്ട 69 പേരില്‍ 3 കരിങ്കാലികള്‍ മാത്രം!!

യേശുദാസും ജയരാജും നിഖിലുമൊഴികെ മറ്റാരും ചടങ്ങിന് പോയില്ല. വിജ്ഞാന്‍ ഭവനില്‍ ചടങ്ങു നടക്കുന്നതിനു സമാന്തരമായി അവര്‍ അശോക ഹോട്ടലില്‍ മാധ്യമങ്ങളെ കണ്ടു. ഇതാണ് ടെലിവിഷനില്‍ വീട്ടിലിരുന്ന് ഞാന്‍ കണ്ടത്. മേഘ്‌നാഥ് നേഗി, സുരേഷ്, വി.സി.അഭിലാഷ്, രമേഷ് നാരായണ്‍, സന്ദീപ് സേനന്‍, പാര്‍വ്വതി, അനീസ് എന്നിവരെല്ലാം നിലപാട് വിശദീകരിച്ചു. അവാര്‍ഡ് സ്വീകരിക്കാന്‍ പോയില്ല എന്നതുകൊണ്ട് അത് നിരസിച്ചു എന്ന് അര്‍ത്ഥമില്ല എന്ന് അവര്‍ വ്യക്തമാക്കി.

ദേശിയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു

‘ഞങ്ങള്‍ പോയി പുരസ്‌കാരം വാങ്ങിയിരുന്നെങ്കില്‍ ഒരു പതിവ് പരിപാടിയായി ഇത് അവസാനിക്കും. പക്ഷേ, ഞങ്ങള്‍ വിട്ടുനിന്നതിലൂടെ ഒരു വലിയ വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്’ -സന്ദീപിന്റെ വാക്കുകളില്‍ പ്രകടമായത് കലാകാരന്റെ പ്രതിരോധം. സാംസ്‌കാരിക മേഖലയിലെ രാഷ്ട്രീയ കൈകടത്തലിനെതിരായ പ്രതിരോധം. കാലങ്ങളായി രാഷ്ട്രപതി നല്‍കിയിരുന്ന ദേശീയ സിനിമാ പുരസ്‌കാരം കേന്ദ്ര മന്ത്രി നല്‍കുമ്പോള്‍ അത് ഏറ്റുവാങ്ങേണ്ടെന്ന തീരുമാനം ശക്തമായ രാഷ്ട്രീയ നിലപാട് തന്നെയാണ്. പങ്കെടുത്തവരെക്കാള്‍ തിളക്കം വിട്ടുനിന്നവര്‍ക്ക് ലഭിക്കുന്നത് അതിനാല്‍ത്തന്നെ.

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം ചിത്രത്തിന് പോസ് ചെയ്യുന്നു. ‘പത്മവിഭൂഷണ്‍’ കെ.ജെ.യേശുദാസ് ഇടത്തേ മൂലയില്‍ രണ്ടാമത്!!!

രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി പറഞ്ഞത് ശരിയാണെങ്കില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാരോട് രാംനാഥ് കോവിന്ദിന് പുല്ലുവിലയാണെന്ന് കരുതേണ്ടിയിരിക്കുന്നു. തന്റെ മുന്‍ഗാമികള്‍ എത്തരക്കാരായിരുന്നു എന്നത് അദ്ദേഹമൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ലളിതമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ ഒരു രാഷ്ട്രപതി നമുക്കുണ്ടായിരുന്നു -ആര്‍.വെങ്കിട്ടരാമന്‍. അദ്ദേഹത്തിന്റെ കാലയളവിലെ ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഈ രാജ്യമുള്ള കാലത്തോളം ഓര്‍മ്മിക്കപ്പെടും.

വര്‍ഷം 1987. ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ഭാഗമായ ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം ആ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ ഷോമാനായ രാജ് കപൂറിനാണ്. ഇപ്പോഴത്തേതു പോലെ ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് അന്നും ചടങ്ങ്. ഓഡിറ്റോറിയത്തില്‍ എത്തിയെങ്കിലും കടുത്ത ശാരീരികാസ്വാസ്ഥ്യം നിമിത്തം രാജ് കപൂറിന് വേദിയില്‍ കയറി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരു കലാകാരനെ അങ്ങേയറ്റം മാനിച്ചിരുന്ന വെങ്കിട്ടരാമന്‍ ആദ്യം ചെയ്തത് രാഷ്ട്രപതിയുടെ പ്രോട്ടോക്കോള്‍ എന്ന നിയന്ത്രണം എടുത്തു മറയത്തു കളയുകയാണ്.

1987ല്‍ രോഗാതുരനായ രാജ് കപുറിനരികിലേക്ക് വേദിയില്‍ നിന്ന് ഇറങ്ങി വന്ന രാഷ്ട്രപതി ആര്‍.വെങ്കിട്ടരാമന്‍ ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം സമ്മാനിക്കുന്നു

വേദി വിട്ടിറങ്ങിയ വെങ്കിട്ടരാമന്‍ നേരെ രാജ് കപൂറിന്റെ ഇരിപ്പിടത്തിനടുത്തെത്തി. മഹാനായ കലാകാരനെ രാഷ്ട്രപതി പൊന്നാടയണിയിച്ചു. പുരസ്‌കാരം ആ കൈകളില്‍ വെച്ചുകൊടുത്തു, ചേര്‍ത്തുപിടിച്ചു. തീര്‍ത്തും ദുര്‍ബലനായിരുന്ന രാജ് കപൂറിന്റെ ശരീരത്തിലൂടെ പെട്ടെന്നൊരു ഊര്‍ജ്ജം പ്രസരിച്ചതായി കണ്ടു നിന്നവര്‍ക്ക് തോന്നി. അന്നത്തെ ആ ചിത്രം നോക്കിയാല്‍ ഇതു മനസ്സിലാവും. ഒരു മലയാളിയായിരുന്നു അന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലക്കാരന്‍ -എസ്.കൃഷ്ണകുമാര്‍. ആ അനുപമ നിമിഷത്തിന്റെ ചിത്രത്തില്‍ കൃഷ്ണകുമാറിന്റെ തലയും കാണാം.

ഒരു ഗ്ലാമര്‍ മന്ത്രിണിയുടെ പ്രതിച്ഛായാ നിര്‍മ്മിതിക്കുവേണ്ടി ഇപ്പോള്‍ നടത്തിയ പൊറാട്ടു നാടകം യഥാര്‍ത്ഥത്തില്‍ ചെയ്തത് രാഷ്ട്രപതി എന്ന പദവിയുടെ വിലയിടിക്കലാണ്. ഒരു കാര്യം കൂടി -സ്മൃതിയുടെ കൈ പതിഞ്ഞതോടെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിലയും കുത്തനെ ഇടിഞ്ഞു.

 


അനുബന്ധം: രാഷ്ട്രപതിമാരായിരുന്ന ഗ്യാനി സെയില്‍ സിങ്ങും ശങ്കര്‍ ദയാല്‍ ശര്‍മ്മയും പ്രതിഭാ പാട്ടീലും ഓരോ വര്‍ഷം വീതം ദേശീയ പുരസ്‌കാര വിതരണം നടത്താതിരുന്നിട്ടുണ്ട്. അത് ആരോഗ്യപ്രശ്‌നം കൊണ്ട് മുന്‍കൂട്ടി അറിയിച്ച ശേഷം പൂര്‍ണ്ണമായി വിട്ടുനിന്നതാണ്. അല്ലാതെ, രാമേശ്വരത്തെ ക്ഷൗരം പോലെ കുറച്ചു പേര്‍ക്കു മാത്രം നല്‍കിയിട്ട് മടങ്ങിയതല്ല. ഇപ്പോള്‍ സംഭവിച്ചത് അതാണ്.

Previous articleഹിന്ദുവും ഹിന്ദുത്വയും
Next articleക്രൂരം ഈ തമാശ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here