തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പിന്‍കവാടത്തിനു സമീപത്തായി പവര്‍ ഹൗസ് റോഡില്‍ കാര്‍ നിര്‍ത്തിയ ദീപു ദിവാകര്‍ എന്ന യുവവ്യവസായിക്ക് പൊലീസില്‍ നിന്നുണ്ടായ ദുരനുഭവം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. ജനങ്ങളുമായി സൗഹൃദം പുലര്‍ത്തി സേവനമനഃസ്ഥിതിയോടെ പൊലീസുകാര്‍ പ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു ദീപുവിന്റെ നെഞ്ചത്ത് എസ്.ഐ. വി.കെ.സതീഷ് കുമാറും ഡി.സി.പി. ഡോ.അരുള്‍ ആര്‍.ബി.കൃഷ്ണയും ചേര്‍ന്ന് പൊങ്കാലയിട്ടത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ഈ രണ്ടുദ്യോഗസ്ഥര്‍ പുല്ലുവില പോലും കല്പിച്ചില്ല.
പൊലീസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും ആദ്യം എതിര്‍ക്കപ്പെടേണ്ടത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ദീപുവിനുണ്ടായ അനുഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിശദമായൊരു കുറിപ്പ് എഴുതാന്‍ തീരുമാനിച്ചത് അതിനാലാണ്. ഈ കുറിപ്പിനോട് പല തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഭൂരിഭാഗവും പൊലീസ് നടപടിയെ നിശിതമായി വിമര്‍ശിക്കുന്ന ഗണത്തിലുള്ളവയായിരുന്നു. ഏതിലും ഉണ്ടാവുന്നതു പോലെ ഈ വിഷയത്തിലും ന്യായീകരണ തൊഴിലാളികള്‍ വന്നു, പൊലീസിന്റെ പക്ഷത്തുനിന്ന്. അക്കൂട്ടര്‍ പക്ഷേ, വിരലിലെണ്ണാന്‍ പോലുമുണ്ടായിരുന്നില്ല. വെറുതെ 100 രൂപ അടച്ച് പ്രശ്‌നമൊഴിവാക്കാതെ വലിച്ചു നീട്ടി 25,000 രൂപ നഷ്ടപ്പെടുത്തിയത് മണ്ടത്തരമായിപ്പോയി എന്നു വിലയിരുത്തിയ ചെറിയൊരു വിഭാഗമുണ്ട്. ഭൂരിഭാഗവും പോരാട്ടം തുടരണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കണമെന്നും അഭിപ്രായമുള്ളവര്‍ തന്നെയായിരുന്നു.
എന്നാല്‍, ഈ വിഷയത്തിലുണ്ടായ ഏറ്റവും രസകരമായ ഒരു പ്രതികരണം സംബന്ധിച്ചാണ് ഈ കുറിപ്പ്. യഥാര്‍ത്ഥത്തില്‍ പ്രതികരണമല്ല, നടന്ന ഒരു സംഭവമാണ്. ഒരു പൊലീസുകാരന്റെ അഹങ്കാരത്തിന്റെ പത്തി അടിച്ചുപരത്തി റോഡിലിട്ട് ചവിട്ടിത്തേച്ച കഥ. പ്രിയ സുഹൃത്ത് നിഖില്‍ മാനവേന്ദ്രനാഥാണ് ഈ സംഭവകഥ പറഞ്ഞത്. നിഖില്‍ ഇതു പറഞ്ഞപ്പോള്‍ തന്നെ ഞാനവനോട് വ്യക്തമാക്കിയിരുന്നു കഥ എഴുതുമെന്ന്.
കുറച്ചുകാലം മുമ്പ് നടന്ന സംഭവമാണ്. സ്ഥലം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കു സമീപത്തുള്ള മേലാറ്റൂര്‍. ഇതില്‍ ഒന്നാം കക്ഷി പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ്. എതിര്‍ കക്ഷി സ്വാഭാവികമായും സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍. ഇവിടെ പേരുകള്‍ക്ക് പ്രസക്തിയില്ല. അറിയില്ല എന്നു പറയുന്നതാവും ശരി.
ഒരു പ്രവര്‍ത്തി ദിവസം ഉച്ചനേരം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിനു മുന്നില്‍ അന്നുമെത്തുന്നു. പതിവില്ലാതെ അവിടെ ഒരു നോ പാര്‍ക്കിങ് ബോര്‍ഡ്! മൈന്‍ഡ് ചെയ്തില്ല. സ്ഥിരം സ്ഥലത്തു തന്നെ പി.ഡബ്ല്യു.ഡിയുടെ ഉടമസ്ഥതയിലുള്ള ജീപ്പ് നിര്‍ത്തി. ഡ്രൈവറെ ഒന്നു നോക്കിയ ശേഷം എഞ്ചിനീയര്‍ അകത്തേക്കു പോയി. അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ല എന്നു തോന്നിച്ചു. ഡ്രൈവര്‍ കാറില്‍ തന്നെ ഇരുന്നതേയുള്ളൂ. എഞ്ചിനീയര്‍ ക്ഷണിച്ചുമില്ല.
ഊണു കഴിഞ്ഞ് എഞ്ചിനീയര്‍ മടങ്ങിയെത്താന്‍ 20 മിനിറ്റോളമെടുത്തു. തിരികെ വന്നപ്പോള്‍ അദ്ദേഹം കാണുന്നത് ജീപ്പിനു ചുറ്റും ചെറിയൊരാള്‍ക്കൂട്ടം. ഉച്ചത്തില്‍ സംസാരവും കേള്‍ക്കുന്നുണ്ട്. പി.ഡബ്ല്യു.ഡി. ജീപ്പിനു പിന്നിലായി ഒരു പൊലീസ് ജീപ്പും നിര്‍ത്തിയിട്ടിരിക്കുന്നു. എന്തോ പന്തികേടുണ്ട്. എന്താണ് സംഭവം എന്നറിയാന്‍ എഞ്ചിനീയര്‍ ആ തിരക്കിനിടയിലൂടെ നൂഴ്ന്നു കയറി. അദ്ദേഹം കണ്ടത് ഒരു എസ്.ഐയും ഒപ്പമുള്ള പൊലീസുകാരനും പി.ഡബ്ല്യു.ഡി. ഡ്രൈവറുമായി പൊരിഞ്ഞ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതാണ്.
നോ പാര്‍ക്കിങ് മേഖലയില്‍ സര്‍ക്കാര്‍ വാഹനം പാര്‍ക്ക് ചെയ്താലും പിഴ കൊടുക്കണമെന്ന് എസ്.ഐ. താന്‍ വാഹനം നിര്‍ത്തിയിട്ടിട്ട് പോയില്ല എന്നും എപ്പോള്‍ വേണമെങ്കിലും എടുത്തു മാറ്റാവുന്ന തരത്തില്‍ ജീപ്പില്‍ തന്നെ ഇരിക്കുകയായിരുന്നു എന്നും പി.ഡബ്ല്യു.ഡി. ഡ്രൈവര്‍. ഡ്രൈവര്‍ താഴ്മയായി അപേക്ഷിക്കുന്തോറും എസ്.ഐയുടെ ശബ്ദത്തിന് കനം കൂടി വന്നു. പിഴ തന്റെ കീശയില്‍ നിന്ന് അടയ്‌ക്കേണ്ടി വരുമെന്നും തനിക്കതിന് നിവൃത്തിയില്ലെന്നുമൊക്കെ ഡ്രൈവര്‍ പറയുന്നുണ്ട്. തന്റെ മേലുദ്യോഗസ്ഥന്‍ പറഞ്ഞിട്ടാണ് ജീപ്പ് അവിടെ നിര്‍ത്തിയതെന്നും വിശദീകരിച്ചു.
‘തന്റെ മേലുദ്യോഗസ്ഥന്‍ ഒരാളെ ജീപ്പിടിച്ചു കൊല്ലാന്‍ പറഞ്ഞാല്‍ ചെയ്യുമോ?’ -എസ്.ഐ. ഫുള്‍ ഫോമിലാണ്. പാവം ഡ്രൈവര്‍ നിന്നു വിറയ്ക്കുന്നു. ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്ന് എഞ്ചിനീയര്‍ക്കു മനസ്സിലായി. അദ്ദേഹം മുന്നിലേക്കിറങ്ങി -‘എന്താ പ്രശ്‌നം?’
‘നോ പാര്‍ക്കിങ് ബോര്‍ഡിനു താഴെ നിര്‍ത്തുന്നത് സര്‍ക്കാര്‍ വണ്ടിയാണെങ്കിലും പിഴ കൊടുത്തേ പറ്റൂ’ -എസ്.ഐയുടെ നിയമവശം.
എഞ്ചിനീയര്‍ എസ്.ഐയുടെ മുഖത്തേക്കു നോക്കി. വെയിലും കോപവും കൊണ്ട് അയാളുടെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. പിന്നീട് നോ പാര്‍ക്കിങ് ബോര്‍ഡിനു നേരെ നോക്കി. എന്നിട്ട് തന്റെ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി -‘ആ ബോര്‍ഡെടുത്ത് ജീപ്പില്‍ കയറ്റൂ!!!’
എസ്.ഐ. അമ്പരന്നു. ബോര്‍ഡ് എടുക്കാന്‍ പോയ പി.ഡബ്ല്യു.ഡി. ഡ്രൈവറെ പൊലീസുകാരന്‍ തടയാന്‍ ശ്രമിച്ചു. എസ്.ഐ. ആക്രോശിച്ചു -‘നിയമം കൈയിലെടുക്കുകയാണോ?’ എഞ്ചിനീയറുടെ മറുപടി എല്‍ ക്ലാസിക്കോ!! ‘നിയമമല്ല, ബോര്‍ഡാണ് എടുക്കാന്‍ പറഞ്ഞത്. ഇത് എന്റെ അധീനതയിലുള്ള റോഡാണ്. പി.ഡബ്ല്യു.ഡിയുടെ സമ്മതമില്ലാതെ ഇവിടെ നോ പാര്‍ക്കിങ് ബോര്‍ഡ് വെയ്ക്കാന്‍ ആരാ പറഞ്ഞത്? ഈ ബോര്‍ഡ് സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡിയില്‍ നിന്ന് നിങ്ങള്‍ അനുമതി വാങ്ങിയിരുന്നോ? ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുമായി ഇന്നു തന്നെ നിങ്ങള്‍ എന്റെ ഓഫീസിലേക്കു വരിക.’
ഇതു കേട്ടതോടെ ബോര്‍ഡ് എടുക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരന്‍ പതിയെ പിന്നിലേക്കു വലിഞ്ഞു. കോപം കൊണ്ട് വിജൃംഭിതനായിരുന്ന എസ്.ഐ. നിമിഷ നേരം കൊണ്ട് നനഞ്ഞ കോഴിയെപ്പോലായി. താന്‍ പുലിവാലു പിടിച്ചു എന്ന വസ്തുത എസ്.ഐയ്ക്ക് ക്രമേണ ബോദ്ധ്യപ്പെട്ടു. ഗൗരവമൊട്ടും കുറയ്ക്കാതെ ശാന്തനായി എഞ്ചിനീയര്‍ തന്റെ ജീപ്പിന്റെ മുന്‍ സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ചു. നോ പാര്‍ക്കിങ് ബോര്‍ഡ് ജീപ്പില്‍ കയറ്റാന്‍ ഡ്രൈവറെ നാട്ടുകാര്‍ സഹായിച്ചു. അവര്‍ക്കത് പൊലീസിനോടുള്ള എതിര്‍പ്പിന്റെ പ്രകടനമായിരുന്നു. ബോര്‍ഡുമായി പി.ഡബ്ല്യു.ഡി. ജീപ്പ് മുന്നോട്ടു നീങ്ങിയപ്പോള്‍ ജനത്തിന്റെ കൈയടിയും പൊലീസിനു നേര്‍ക്ക് കൂക്കുവിളിയും. ആകെ നാണംകെട്ട എസ്.ഐ. ഏമാന്‍ ഒരു വിധത്തില്‍ ജീപ്പില്‍ ചാടിക്കയറി സ്ഥലംവിട്ടു, സിനിമയില്‍ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ മുങ്ങും പോലെ.
പൊലീസിനെ കുറച്ചു കാണിക്കാനല്ല ഈ സംഭവം പറഞ്ഞത്. പൊലീസ് ഒരു ഭാഗത്തും വേറെ ആരെങ്കിലും മറുഭാഗത്തുമായി എവിടെ പ്രശ്‌നമുണ്ടായാലും ഓടിക്കൂടുന്ന ജനങ്ങള്‍ പൊലീസിനെതിരായിരിക്കും. ന്യായം 100 ശതമാനം പൊലീസിന്റെ ഭാഗത്താണെങ്കിലും ഇതു തന്നെയാണ് സംഭവിക്കുക. ഇതെന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? ജനങ്ങളെ ശത്രുക്കളായി കാണുന്ന സതീഷ് കുമാറിനെയും അരുള്‍ കൃഷ്ണയെയും പോലുള്ള ഉദ്യോഗസ്ഥരുടെ ചെയ്തികളുടെ ഫലമാണ്. 98 പേര്‍ നല്ലതു ചെയ്താലും 2 പേര്‍ മോശം ചെയ്യുകയാണെങ്കില്‍ അത് മുകളില്‍ നില്‍ക്കും. പൊലീസിന്റെ ദുരവസ്ഥയാണത്. തങ്ങളുടെ കൂട്ടത്തിലുള്ള കുരുട്ടുകളെ ഒറ്റപ്പെടുത്താന്‍ പൊലീസുകാര്‍ തന്നെ തയ്യാറായാല്‍ മാത്രമേ ഇതിനൊരു പരിഹാരത്തിനായി ശ്രമിക്കാനെങ്കിലും സാധിക്കൂ.
‘മൃദു ഭാവെ, ദൃഢ കൃത്യെ’ എന്നാണ് പൊലീസിന്റെ ആപ്തവാക്യം. സൗമ്യ ഭാവത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കൃത്യനിര്‍വ്വഹണം. ഇത് എത്ര പൊലീസുദ്യോഗസ്ഥര്‍ പാലിക്കുന്നുണ്ട് എന്നു മാത്രം വിലയിരുത്തിയാല്‍ മതി പ്രശ്‌നം മനസ്സിലാവും.
അനുബന്ധം:
NO PARKING ബോര്‍ഡ് ഇല്ലാത്തിടത്ത് പൊലീസ് പെറ്റി അടിക്കുകയാണെങ്കില്‍ ചോദ്യം ചെയ്യാന്‍ നമ്മള്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം. അതിനു നിയമപരമായ ബാദ്ധ്യതയുണ്ട്.
ഒരു മേഖലയെ NO PARKING ZONE ആയി പ്രഖ്യാപിക്കാന്‍ പൊലീസിന് അധികാരമില്ല. ഇല്ലാത്ത അധികാരം കാക്കിക്കാര്‍ പ്രയോഗിച്ചാല്‍ അത് നിയമപാലനമല്ല, നിയമലംഘനമാണ്.
നിയമത്തില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരം വ്യാഖ്യാനിക്കാം:
An area should be notified as ‘no parking zone’ if such a board has to be kept. Police alone cannot do that. The Traffic Advisory Committee is the authorised body. They have to notify it through a set procedure.
അപ്പോള്‍ പൊലീസ് സാറന്മാരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ തോന്നിയ പോലെ തോന്നിയിടത്തൊക്കെ സ്ഥാപിച്ചിരിക്കുന്ന NO PARKING ബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യുക. അല്ലെങ്കില്‍ നിയമപ്രകാരം ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുക. ഇല്ലെങ്കില്‍ ഞങ്ങള്‍ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
തിരുവന്തപുരം റെയില്‍വേ സ്റ്റേഷന്റെ പിന്‍കവാടത്തിനു സമീപം പവര്‍ ഹൗസ് റോഡില്‍ പാര്‍ക്കിങ് തര്‍ക്കമുയര്‍ത്തിയ പൊലീസുകാര്‍ കഴിഞ്ഞ ദിവസം ദീപു ദിവാകര്‍ എന്ന യുവ വ്യവസായിയോട് വളരെ മോശമായി പെരുമാറിയിരുന്നു. ഇപ്പോള്‍ അവിടെ സ്വന്തം ഇഷ്ടപ്രകാരം പൊലീസുകാര്‍ NO PARKING ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്.
നിയമപാലന ചുമതലയുള്ളവര്‍ ആദ്യം നിയമം പാലിക്കാന്‍ ശ്രദ്ധിക്കുക.