Reading Time: 3 minutes

സ്മാര്‍ട്ട് സിറ്റിയാവാനുള്ള മത്സരത്തിലാണ് തിരുവനന്തപുരം. അതിനായുള്ള പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. നല്ലതു തന്നെ. ഒരു തിരുവനന്തപുരത്തുകാരന്‍ എന്ന നിലയില്‍ അതിയായ ആഹ്ലാദമുണ്ട്. പക്ഷേ, നേരത്തേ ഉന്നയിച്ച, ലഭിക്കാന്‍ അര്‍ഹതയുള്ള ആവശ്യങ്ങള്‍ കൂടി ഇതിനൊപ്പം പരിഗണിക്കണം എന്നൊരഭ്യര്‍ത്ഥനയുണ്ട്. തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച് തന്നെയാണ് അതില്‍ പ്രധാനം.

smart-city-logo.jpg

സംസ്ഥാനമൊട്ടുക്ക് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അതിന്റെ ശരി-തെറ്റുകള്‍ നേരത്തേ പലതവണ വിലയിരുത്തി കഴിഞ്ഞതായതിനാല്‍ അതിലേക്കു കടക്കുന്നില്ല. പക്ഷേ, ഒരു കാര്യം എനിക്കുറപ്പാണ്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇതൊന്നും ഉണ്ടാവുമായിരുന്നില്ല. സര്‍ക്കാരുമായി ബന്ധമുള്ള കേസുകള്‍ ഇല്ലെങ്കില്‍ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും പോകേണ്ട ആവശ്യം വരില്ലല്ലോ.

സംസ്ഥാനത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധം നിലനിന്നിരുന്ന ജില്ലയാണ് തിരുവനന്തപുരം. ഹൈക്കോടതി ബെഞ്ച് എന്ന ആവശ്യവും അതിനു വേണ്ടിയുള്ള യോജിച്ച പോരാട്ടവുമൊക്കെ ആ ബന്ധം ശക്തിപ്പെടുന്നതിനു കാരണമായിട്ടുണ്ട്. ഹൈക്കോടതി ബെഞ്ചിനായി അഭിഭാഷകരാണ് പ്രധാനമായും സമരം ചെയ്തതെങ്കിലും അവര്‍ക്കു പിന്നില്‍ പൊതുസമൂഹത്തെ അണിനിരത്തുന്നതിന് മാധ്യമങ്ങളും കാര്യമായി അദ്ധ്വാനിച്ചിട്ടുണ്ട്. ആ ബന്ധം ഇപ്പോള്‍ പൊടുന്നനെ തകരാറിലായത് എങ്ങനെയെന്ന് എത്തുംപിടിയും കിട്ടുന്നില്ല. ഈ ചരിത്രമൊന്നുമറിയാത്ത പുതുതലമുറക്കാരാണ് പ്രശ്‌നം വഷളാക്കിയതെന്നു വേണമെങ്കില്‍ പറയാം.

തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഹൈക്കോടതി ബെഞ്ച് ഇല്ലാത്ത സംസ്ഥാന തലസ്ഥാനം എന്ന ഖ്യാതി ഇപ്പോള്‍ തിരുവനന്തപുരത്തിനു സ്വന്തം. ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായി അമരാവതി സജ്ജമാവുമ്പോള്‍ അതും കൂടി ഈ പട്ടികയില്‍ വന്നേക്കാം. പക്ഷേ, ചന്ദ്രബാബു നായിഡു ഹൈക്കോടതി കൂടി യാഥാര്‍ത്ഥ്യമാക്കിയിട്ടേ അമരാവതി തലസ്ഥാനമാക്കുകയുള്ളൂ. തിരുവനന്തപുരത്തോട് അത്തരത്തില്‍ താല്പര്യമുള്ള ആരും ഇവിടെയെങ്ങും ഇല്ലല്ലോ.

1949 നവംബര്‍ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോഴാണ് ഹൈക്കോടതി കൊച്ചിയില്‍ സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ നിയമസഭാ ആസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി കൊച്ചിയിലും നിശ്ചയിക്കുകയായിരുന്നു. 1956ല്‍ ഐക്യകേരളം നിലവില്‍ വന്നപ്പോഴും കേരള ഹൈക്കോടതി കൊച്ചിയില്‍ തന്നെ നിലനിര്‍ത്തി. അന്ന് മദ്രാസ് ഹൈക്കോടതി പരിധിയില്‍ നിന്ന് മലബാറും ബോംബൈ ഹൈക്കോടതി പരിധിയില്‍ നിന്ന് കാസര്‍കോടും കൊച്ചിയിലെ ഹൈക്കോടതി പരിധിയിലേക്കു വന്നു. എന്നാല്‍, തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഹൈക്കോടതി ബെഞ്ച് കേരളമായപ്പോള്‍ നിര്‍ത്തലാക്കി. സംസ്ഥാനം നിലവില്‍ വന്ന അന്നു മുതല്‍ ഇന്നു വരെ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യമുണ്ടെങ്കിലും നടപടി മാത്രമുണ്ടായില്ല.

hc-bench
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ നടത്തിയ സമരം 4 വര്‍ഷം തികഞ്ഞ വേളയില്‍ നടന്ന പ്രകടനം

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് ആരംഭിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 2008ല്‍ വിപുലമായ പ്രക്ഷോഭത്തിനു തുടക്കമിട്ടിരുന്നു. നാലര വര്‍ഷത്തോളം ആ സമരം വളരെ സജീവമായി മുന്നോട്ടുപോയി. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ എതിര്‍പ്പില്ല. എന്നാല്‍, കേരള ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചതെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. തിരുവനന്തപുരത്തെ ബെഞ്ചിന് വേണ്ടിയുള്ള രാഷ്ട്രീയസമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് ഇതിനുള്ള സാദ്ധ്യത പരിശോധിക്കാന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടാവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി.

ഇതുപ്രകാരം 2013 ഒക്ടോബര്‍ 15ന് ഹൈക്കോടതി ജഡ്ജിമാരുടെ ഒരു സമിതിക്ക് അന്നത്തെ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ രൂപം നല്‍കി. ജസ്റ്റീസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ജഡ്ജി സമിതിക്കാണ് രൂപം നല്‍കിയത്. ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, എസ്.സിരിജഗന്‍ എന്നിവരെല്ലാം ആ സമിതിയില്‍ അംഗങ്ങളായിരുന്നു എന്നാണ് ഓര്‍മ്മ. ഈ സമിതി വന്നതോടെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നിരുന്ന സമരപരിപാടികള്‍ നിര്‍ത്തിവെച്ചത്. വിവിധ തലങ്ങളില്‍ നിന്നുള്ളവരുടെ അഭിപ്രായം ആ സമിതി സ്വീകരിച്ചിരുന്നു എന്നാണറിവ്. പക്ഷേ, ഒന്നും സംഭവിച്ചില്ല. അതിനു കാരണമുണ്ട്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ എതിരാണ്.

ഫയലിങ് അധികാരമുള്ള ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യവഹാരച്ചെലവുകള്‍ ഗണ്യമായി കുറയും എന്നതാണ് പരമാര്‍ത്ഥം. കേസുകളുടെ ആവശ്യത്തിനായുള്ള യാത്രയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ എഴുതിയെടുക്കുന്ന വന്‍ യാത്രാപ്പടി കാര്യമായി വെട്ടിക്കുറയ്ക്കാനാവും. സര്‍ക്കാരുമായുള്ള നിയമപോരാട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നത് കുറച്ചുകൂടി എളുപ്പമാവുമെന്നതും മറ്റൊരു വസ്തുതയാണ്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കൊച്ചിയിലെ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ആവശ്യമായി വരുന്ന ഫയലുകള്‍ പലപ്പോഴും തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലായിരിക്കും. ആ ഫയല്‍ ഹാജരാക്കുന്നതിനു വേണ്ടി മാത്രമായിരിക്കും കേസ് ചിലപ്പോള്‍ 3 മാസത്തെ അവധിക്കുവെയ്ക്കുക. പക്ഷേ, തിരുവനന്തപുരത്തെ ബെഞ്ചിലാണ് കേസെങ്കില്‍ രാവിലെ കോടതി പറയുന്ന ഫയല്‍ ഉച്ചയ്ക്കു ശേഷം തന്നെ ഹാജരാക്കാനാവുകയും തീര്‍പ്പുകല്‍പ്പിക്കാനാവുകയും ചെയ്യും. ഇതിനൊരു മറുവശമുണ്ട്. സര്‍ക്കാര്‍ കേസുകളില്ലെങ്കില്‍ കൊച്ചിയിലെ ഹൈക്കോടതിയുടെ പത്രാസ് കുറയും. അവിടത്തെ അഭിഭാഷകരുടെ എതിര്‍പ്പിനു കാരണവും ഇതു തന്നെ.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുണ്ടായ സംഘര്‍ഷത്തിന് ഒരു നല്ല വശം ഞാന്‍ കാണുന്നത് ഇവിടെയാണ്. കീരിയും പാമ്പും പോലായിരുന്ന തിരുവനന്തപുരത്തെയും എറണാകുളത്തെയും അഭിഭാഷകര്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യവും സാഹോദര്യവും ഉടലെടുത്തിരിക്കുന്നു. ഒന്നു ചീഞ്ഞ് മറ്റൊന്നിനു വളമാകുമെന്നു പറയുന്നത് ഇവിടെയാണ്. ഇവിടത്തെ മാധ്യമപ്രവര്‍ത്തകരുമായുള്ള നല്ല ബന്ധം തിരുവനന്തപുരം ബാര്‍ അസോസിയേഷന് നഷ്ടമായപ്പോള്‍ അത് ഹൈക്കോടതിയിലെ അഭിഭാഷക സംഘടനയുമായുള്ള നല്ല ബന്ധമായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ചിന് ഏറ്റവും വലിയ തടസ്സമായി നിന്നിരുന്ന ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന് നിലപാട് സ്വാഭാവികമായും ഇനി തിരുവനന്തപുരം ബാര്‍ അസോസിയേഷന് അനുകൂലമാവും എന്നു പ്രതീക്ഷിക്കാം. അങ്ങനെ തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച് എന്ന് സ്വപ്‌നം യാഥാര്‍ത്ഥ്യമാവാന്‍ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.

smart-city-corpn
തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് കോര്‍പ്പറേഷനില്‍ മേയര്‍ വി.കെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗം

തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനോട് ഒരു അപേക്ഷയുണ്ട്. സ്മാര്‍ട്ട് സിറ്റി ശ്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി ബെഞ്ച് കൂടി ഉള്‍പ്പെടുത്തണം. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിയാലോചിച്ച് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ പിന്തുണ ഉറപ്പാക്കി ബെഞ്ച് നേടിയെടുക്കാന്‍ ശ്രമിക്കണം. തിരുവനന്തപുരത്തെയും കൊച്ചിയിലെയും അഭിഭാഷകര്‍ തമ്മിലുള്ള ഐക്യം ഒരു താല്‍ക്കാലിക പ്രതിഭാസമല്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അല്പം തല്ലുകൊണ്ടാലും സാരമില്ല, ഹൈക്കോടതി ബെഞ്ച് വരട്ടെ. അത് ഞങ്ങള്‍ക്കു സന്തോഷമുള്ള കാര്യമാണ്.

Previous articleഅമേരിക്കയിലെ കണക്കിലെ കളികള്‍
Next articleനോട്ടുനിരോധനം പ്രതിവിധിയാകുമോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here