HomePOLITYകള്ളം അഥവാ കല...

കള്ളം അഥവാ കല്ലുവെച്ച നുണ

-

Reading Time: 4 minutes

The originating state will finalise the requirement of special trains in consultation with receiving states and communicate the requirement of special trains to the nodal officer of Railways. Railways will endeavour to plan and run the special trains based on the requirement given by Originating state subject to availability of Rolling Stock.

ഈ വരികള്‍ വളരെ പ്രധാനപ്പെട്ടതാണ്. മെയ് 2ന് റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവെന്നോ സര്‍ക്കുലറെന്നോ പറയാവുന്ന രേഖയിലെ പോയിന്റ് 4 ആണിത്. ഒരു ജനപ്രതിനിധി ഒരുളുപ്പുമില്ലാതെ എഴുന്നള്ളിക്കുന്നത് പച്ചക്കള്ളമാണെന്നതിന്റെ പച്ചയായ തെളിവാണിത്. അതിനെക്കുറിച്ച് ചര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ ഈ വരികള്‍ നമുക്കു മുന്നില്‍ വേണം.

കൊല്ലത്തിന്റെ എം.പി. എന്‍.കെ.പ്രേമചന്ദ്രനാണ് ഒരു കക്ഷി. മറുഭാഗത്തുള്ളത് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രേമചന്ദ്രന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. അദ്ദേഹം പറഞ്ഞത് ഇതാണ് -“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ ഏപ്രിൽ 30ന് റെയിൽവേ മന്ത്രാലയം ഒരു സർക്കുലർ പുറപ്പെടുവിച്ചു. യാത്ര ആരംഭിക്കേണ്ട സംസ്ഥാനവും എത്തിച്ചേരേണ്ട സംസ്ഥാനവും ഒരുമിച്ച് ആവശ്യപ്പെട്ടാൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കാമെന്ന് ഈ രേഖ വ്യക്തമാക്കുന്നു. ഇത് വന്ന് ഇത്രയും ദിവസമായിട്ടും യാതൊന്നും സംസ്ഥാന സർക്കാർ ചെയ്യാതിരുന്നതിനാലാണ് ഇപ്പോൾ റെഗുലർ ട്രെയിൻ സർവീസിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നു മലയാളികൾ വരുന്ന അവസ്ഥയുണ്ടായത്.”

കൊല്ലം എം.പിയുടെ കള്ളപ്രചരണം

പ്രേമചന്ദ്രന്‍ പറഞ്ഞതിനെ മന്ത്രി മേഴ്സിക്കുട്ടിയമ്മ നിശിതമായി വിമര്‍ശിച്ചു. താന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നു മന്ത്രി പറഞ്ഞതായാണ് പ്രേമചന്ദ്രന്‍ തന്നെ പിന്നീട് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. താന്‍ പറഞ്ഞ് ശരിയാണെന്നു തെളിയിക്കാന്‍ റെയില്‍വേയുടെ സര്‍ക്കുലര്‍ കൈവശമുണ്ടെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പിയുടെ ആഹ്വാനം ചെവിക്കൊണ്ടാവണം മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം ഇപ്പോള്‍ നടക്കുകയാണ്.

ജെ.മേഴ്സിക്കുട്ടിയമ്മ

യഥാര്‍ത്ഥത്തില്‍ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഒരു വാക്ക് ഈ വിഷയത്തില്‍ പറയാന്‍ പ്രേമചന്ദ്രന് യോഗ്യതയില്ല. കാരണം മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് സത്യവും പ്രേമചന്ദ്രന്‍ പറ‍ഞ്ഞത് പച്ചക്കള്ളവുമാണ്. അതിനു തെളിവാണ് റെയില്‍വെ സര്‍ക്കുലറിലെ പോയിന്റ് 4. ഇതില്‍ പറയുന്നത് –The originating state will finalise the requirement of special trains -എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് ആ സംസ്ഥാനമാണ് സ്പെഷല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിക്കേണ്ടത് എന്നാണ്. എവിടെയാണോ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുക ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങിയ ശേഷം യാത്ര ആരംഭിക്കുന്ന സംസ്ഥാനം റെയില്‍വേയുടെ നോഡല്‍ ഓഫീസറെ വിവരമറിയിക്കണം. ലഭ്യതയനുസരിച്ച് ട്രെയിന്‍ അനുവദിക്കുന്ന കാര്യം റെയില്‍വേ തീരുമാനിക്കും.

കോവിഡ് കാലത്തെ ട്രെയിന്‍ യാത്ര സംബന്ധിച്ച് മെയ് 2ന് റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍

എം.പി. പറയുന്നതു പോലെ അതിറങ്ങിയത് ഏപ്രില്‍ 30നു പോലുമല്ല എന്നതാണ് രസം. ഇതിലെ 6, 11 പോയിന്റുകളും പ്രേമചന്ദ്രന്‍ കള്ളം പറയുന്നു എന്നതിന്റെ തെളിവായി നില്‍ക്കുന്നു. യാത്ര അവസാനിക്കുന്ന സംസ്ഥാനത്തോട് യാത്ര ആരംഭിക്കുന്ന സംസ്ഥാനം അനുമതി വാങ്ങണം എന്ന് പോയിന്റ് 6 പറയുമ്പോള്‍ ടിക്കറ്റ് ചെലവ് യാത്ര തുടങ്ങുന്ന സംസ്ഥാനം യാത്രക്കാരില്‍ നിന്നു പിരിച്ച് റെയില്‍വേക്കു നല്‍കണമെന്ന് പോയിന്റ് 11 വ്യക്തമാക്കുന്നു. അതായതുത്തമാ ഒരു ട്രെയിന്‍ അനുവദിക്കണമെങ്കില്‍ അതിനു മുന്‍കൈയെടുക്കേണ്ടതും ആവശ്യമുന്നയിക്കേണ്ടതും യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ്. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടണം.

മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത്

പഞ്ചാബില്‍ 348 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടപ്പുണ്ട്. റെയില്‍വേ സര്‍ക്കുലര്‍ പ്രകാരം പഞ്ചാബില്‍ നിന്നു കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ പഞ്ചാബ് തന്നെ വിചാരിക്കണം. അവരതു ചെയ്തില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ട് കത്തയച്ചു, ആ കുട്ടികളെ നാട്ടിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കാമോ എന്ന്. എന്തുകൊണ്ടോ അവര്‍ ആ അഭ്യര്‍ത്ഥന മുഖവിലയ്ക്കെടുത്തില്ല. കോണ്‍ഗ്രസ്സിലെ ഏറ്റവും മാന്യതയുള്ള നേതാക്കളില്‍ ഒരാളായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് പഞ്ചാബ് മുഖ്യമന്ത്രി. പ്രേമചന്ദ്രന്റെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കള്ളം പറയുന്ന സമയത്ത് കോണ്‍ഗ്രസ് വഴി പഞ്ചാബിലെ കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നുവെങ്കില്‍ കൈയടി കിട്ടില്ലായിരുന്നോ? മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വിജയിക്കാനാവും എന്നത് ഇക്കാര്യത്തില്‍ ഉറപ്പല്ലേ?

ഒഡിഷയിലേക്കുള്ള പ്രത്യേക ട്രെയിന്‍ കേരളത്തിന്റെ ആവശ്യപ്രകാരമാണെന്നു വ്യക്തമാക്കുന്ന റെയില്‍വേ വിജ്ഞാപനം

350ലേറെ തീവണ്ടികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു പോയിട്ടും ഒരെണ്ണം കേരളത്തിലേക്കു വന്നില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. ഇപ്പോള്‍ ഓടിയ തീവണ്ടികള്‍ കേരളത്തിലേക്ക് വരില്ല സര്‍. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്സ്പ്രസ്സുകളാണിവ. കുടിയേറ്റ തൊഴിലാളികളുടെ ദൈന്യതയും പലായനവും നരകജീവിതവും ആഗോളതലത്തില്‍ വാര്‍ത്തയായപ്പോള്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയവയാണ് ഈ ശ്രമിക് എക്സ്പ്രസ്സുകള്‍. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം. ശ്രമിക് എക്സ്പ്രസ്സുകളല്ലാതെ മറ്റു പ്രത്യേക തീവണ്ടികളൊന്നും രാജ്യത്ത് ഓടിയിട്ടുമില്ല.

ബംഗാളികളായ തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതി തേടി കേരളമയച്ച കത്ത്

പ്രേമചന്ദ്രന്റെ കള്ളം അനായാസം തെളിയിക്കാന്‍ കഴിയുന്ന വേറെയും രേഖകളുണ്ട്. കേരളത്തിന്റെ അപേക്ഷ പ്രകാരം ഒഡിഷയിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നു എന്ന ദക്ഷിണ റെയില്‍വേ വിജ്ഞാപനമാണ് അതിലൊന്ന്. തൊഴിലാളികളെ അയച്ചാല്‍ സ്വീകരിക്കാമോ എന്നു ചോദിച്ച് ബംഗാള്‍ സര്‍ക്കാരിന് കേരളമയച്ച കത്ത് മറ്റൊരു തെളിവ്. കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെയും കൊണ്ട് 26 ശ്രമിക് എക്സ്പ്രസ്സുകളാണ് മറ്റു സംസ്ഥാനങ്ങളിലേക്കു പോയത്. ഇതെല്ലാം കേരളത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അനുവദിക്കപ്പെട്ടതാണ്. വെറുതെ ആവശ്യപ്പെട്ടതു കൊണ്ടു മാത്രം കാര്യമില്ല. യാത്രക്കാരെ കണ്ടെത്തുക, അവരുടെ വിലാസവും ഫോണ്‍ നമ്പരും ടിക്കറ്റിനുള്ള പണവും ശേഖരിച്ച് റെയില്‍വേക്കു കൈമാറുക, അവര്‍ക്ക് കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ ചുമതലകളെല്ലാം നിര്‍വ്വഹിക്കണം. കേരളം ഇതെല്ലാം നിറവേറ്റി. പല സ്ഥലത്തായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് സ്റ്റേഷനിലെത്തിക്കാനൊന്നും മറ്റു സംസ്ഥാനങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് ട്രെയിനും വന്നില്ല.

സത്യം തോറ്റു പോകുന്ന രീതിയില് കള്ളം പറഞ്ഞു ഫലിപ്പിക്കാന് പ്രേമചന്ദ്രനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. അതു സമ്മതിക്കാതെ തരമില്ല. കാറ്റടിക്കുന്നിടത്തെല്ലാം വേലി കെട്ടാനാവില്ല എന്നറിയാം. പക്ഷേ, സത്യത്തെ ജയിപ്പിക്കാനുള്ള ശ്രമം തുടരുക തന്നെ ചെയ്യും. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ എം.പി. സ്ഥാനം രാജിവെക്കാമെന്നാണ് പ്രേമചന്ദ്രൻ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികളെ കേരളത്തിലെത്തിക്കാന്‍ തീവണ്ടി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് അദ്ദേഹം പറഞ്ഞതത്രയും കള്ളം അഥവാ കല്ലുവെച്ച നുണയാണെന്ന് ആര്‍ക്കും ബോദ്ധ്യപ്പെടുന്ന തെളിവുകള്‍ ഇവിടെ നിരത്തി. ഇനി തീരുമാനം പ്രേമചന്ദ്രനു തന്നെ വിടുകയാണ്. വീണിടത്തു കിടന്ന് ഒരുപാടുരുണ്ടാല്‍ ഉടുപ്പു മൊത്തം ചെളിയാകുമെന്നു മാത്രമല്ല മുറിവു പറ്റുകയും ചെയ്യും എന്നു മാത്രമാണ് ബഹുമാന്യനായ എം.പിയോട് പറയാനുള്ളത്.

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS

Enable Notifications OK No thanks