തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വിഷ്ണു വേണുഗോപാല്‍ എന്ന യുവസുഹൃത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഒരു സന്ദേശമിട്ടു.
സഖാക്കളേ,
നിലമ്പൂരില്‍ മണ്ണിടിച്ചിലുണ്ടായ കവളപ്പാറയടക്കമുള്ള പ്രദേശത്തെ ജനങ്ങളെ നാല് ക്യാമ്പുകളിലായാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. രണ്ടായിരത്തോളം പേരുണ്ട്. ആയിരത്തോളം സ്ത്രീകളുണ്ട്. ക്യാമ്പിലേക്ക് അടിവസ്ത്രങ്ങളും നാപ്കിനും വേണം. തിരുവനന്തപുരത്തുള്ള സഖാക്കളേ, എന്തെങ്കിലും സഹായം ചെയ്യാനാകുമോ?
സാധനങ്ങള്‍ അറേഞ്ച് ചെയ്താല്‍ നാളെ വൈകിട്ട് തിരിച്ച് നാട്ടിലെത്തിക്കാം. ചാലിയാര്‍ പുഴയുടെ സൈഡിലെ വീടുകളൊക്കെ ഒഴിപ്പിച്ച് അവരെല്ലാം ക്യാമ്പുകളിലാണ്. ഗതാഗത മാര്‍ഗ്ഗങ്ങള്‍ തകരാറിലായതിനാല്‍ അങ്ങോട്ടേക്ക് സഹായമെത്താന്‍ വൈകുന്നുവെന്നാണ് വിവരം. നിലമ്പൂര്‍ എം.എല്‍.എയുടെ ക്യാമ്പ് ഓഫീസ് അടക്കം പരമാവധി സഹായശ്രമങ്ങള്‍ തുടരുന്നുണ്ട്.
ഇനിയും സാധനങ്ങള്‍ ആവശ്യമുണ്ട് മഴ തുടരുന്നതിനാല്‍ ദിവസങ്ങള്‍ കഴിയും വീടുകളിലേക്ക് മടങ്ങാന്‍. നിങ്ങളാലാവുന്ന സഹായം പ്രതീക്ഷിക്കുന്നു.
വിഷ്ണു: 9496277335
ശ്രീനാഥ്: 9746871040
മണ്ണിടിച്ചിലുണ്ടായ കവളപ്പാറക്കാരനാണ് വിഷ്ണു. അവന്റെ അച്ഛനമ്മമാര്‍ അടക്കം 30ലേറെ കുടുംബാംഗങ്ങള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ദുരിതാശ്വാസ ക്യാമ്പിലാണ്. അവര്‍ക്കൊപ്പമുള്ളത് അടുപ്പക്കാരും പരിചയക്കാരും നാട്ടുകാരുമായ രണ്ടായിരത്തോളം പേര്‍. ക്യാമ്പിലുള്ളവരെ കാണാന്‍ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശ്രീനാഥുമൊത്ത് പോകുമ്പോള്‍ എന്തെങ്കിലും സഹായം കിട്ടിയാല്‍ കൊണ്ടുപോകാം എന്നേ വിഷ്ണു കരുതിയിരുന്നുള്ളൂ. അങ്ങോട്ടു പോകുന്ന കാറില്‍ കൊണ്ടുപോകാനാവുന്ന സാധനങ്ങളെങ്കിലും ശേഖരിക്കുക, അത്രമാത്രം.
വിഷ്ണുവിന്റെ സന്ദേശത്തിന് ഉടനെ തന്നെ പ്രതികരണമുണ്ടായി -‘ഇത് നമുക്ക് ചെയ്തുകൂടെ?’ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ തന്നെ ചര്‍ച്ച. മാധ്യമപ്രവര്‍ത്തകരാവുമ്പോള്‍ സ്വാഭാവികമായും വരുന്ന നിര്‍ദ്ദേശം ‘പ്രസ് ക്ലബ്ബില്‍ കളക്ട് ചെയ്യാം’ എന്നാണല്ലോ. ഞായറാഴ്ച രാവിലെ 7 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാം എന്നും ധാരണയായി. പ്രചാരണച്ചുമതല ചില സുഹൃത്തുക്കള്‍ സ്വമേധയാ ഏറ്റെടുത്തു.
അപ്പോഴാണ് തിരുവനന്തപുരം കളക്ടര്‍ ഗോപാലകൃഷ്ണന്‍ പാരയുമായിറങ്ങിയത്. ദുരിതാശ്വാസ സാമഗ്രികള്‍ ഇപ്പോള്‍ ശേഖരിക്കേണ്ട കാര്യമില്ലെന്ന് ടിയാന്റെ ഫേസ്ബുക്ക് ലൈവ്. ഈ പാരയെ പൊളിച്ചടുക്കാന്‍ തീരുമാനിച്ചെങ്കിലും ഞങ്ങളുടെ കളക്ഷനെ ഇതു ബാധിക്കുമോ എന്ന ആശങ്ക ഉടലെടുക്കാതിരുന്നില്ല.
എന്തായാലും വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെന്ന നിലയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും വിവരമറിഞ്ഞു. വിഷ്ണുവിന്റെ ശ്രമങ്ങള്‍ക്ക് അവര്‍ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. അറിയിപ്പും കൊടുത്തു. അപ്പോഴാണ് പ്രസ് ക്ലബ്ബിന്റെ ഒരു ഭാരവാഹിക്ക് ഈഗോ ക്ലാഷ് -തന്റെ അനുമതിയില്ലാതെ പ്രസ് ക്ലബ്ബ് ഹാളിലെ പരിപാടി യൂണിയന്‍ എങ്ങനെ പ്രഖ്യാപിക്കും? ഹാള്‍ തരാന്‍ പറ്റില്ലെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബും പത്രപ്രവര്‍ത്തക യൂണിയനും രണ്ടു വ്യത്യസ്ത സ്ഥാപനങ്ങളാണ്. അതിന്റെ ഭാഗമായുള്ള പ്രശ്‌നമാണ്. ഒരു നല്ല കാര്യത്തിനല്ലേ എന്ന ചിന്തയിലാണ് യൂണിയന്‍ ഇതിനിറങ്ങിയത്. അത് ക്ലബ്ബിലെ മേലാളന് ഇഷ്ടപ്പെട്ടില്ല.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടടുപ്പിച്ചാണ് ഈ സംഭവം. ഞായറാഴ്ച വൈകുന്നേരം നിലമ്പൂരേക്കു പോകാനാണ് വിഷ്ണുവിന്റെയും കൂട്ടരുടെയും തീരുമാനം. വിഷ്ണു ആകെ നിരാശനായി.
ചേട്ടന്മാരെ, നാടിന്റെ അവസ്ഥ അങ്ങേ അറ്റം പരിതാപകരമായതിനാലാണ് വ്യക്തിപരമായ ശ്രമമായിട്ടും സഹായം പ്രതീക്ഷിച്ച് മെസേജ് ഷെയര്‍ ചെയ്തത്. കുറച്ചാളുകള്‍ക്ക് സഹായം എത്തിക്കുക എന്ന ഉദ്യമത്തിനു തടസം നില്‍ക്കുന്ന കാരണം അറിയില്ല. അവിടെ പറ്റില്ലെങ്കില്‍ സാധിക്കുന്നവര്‍ വിളിച്ച് വന്ന് പറഞ്ഞാല്‍ എവിടെ ആണെങ്കിലും വന്ന് കളക്ട് ചെയ്യാം. പ്രസ്‌ക്ലബിലെ ഹാളും ഉപയോഗവും അതിന്റെ റൂള്‍സും ഒന്നും അറിയില്ല.
നിങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഞങ്ങളത് എങ്ങിനെ വേണമെങ്കിലും സമാഹരിക്കാം. എന്റെ വീട്ടുകാരടക്കം, പത്ത് -മുപ്പത് ബന്ധുക്കളടക്കം മൂവായിരത്തില്‍ അധികം പേര്‍ അവിടെ നിന്നും ഇരുന്നും ഇത് നാലാമത്തെ ദിവസമാണ് തള്ളി നീക്കുന്നത്. ക്ഷമിക്കണം.
ഒടുവില്‍ ദുരിതാശ്വാസ സാമഗ്രികളുടെ കളക്ഷന്‍ കേന്ദ്രം യൂണിയന്‍ ആസ്ഥാനമായ കേസരി സ്മാരക മന്ദിരത്തിലേക്കു മാറ്റാമെന്ന് നേതാക്കള്‍. പറ്റില്ലെന്ന് ഞങ്ങള്‍ കട്ടായം പറഞ്ഞു. എം.ജി. റോഡിലുള്ള കേസരി മന്ദിരത്തെക്കാള്‍ ആളുകള്‍ക്ക് എത്താനും വാഹനം നിര്‍ത്താനുമെല്ലാം സൗകര്യം പ്രധാന പാതയില്‍ നിന്നു മാറി സ്ഥിതി ചെയ്യുന്ന പ്രസ് ക്ലബ്ബ് ആണെന്നതായിരുന്നു കാരണം. ക്ലബ്ബ് തുറന്നു തന്നില്ലെങ്കില്‍ മുന്നിലെ നടപ്പാതയില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടി ദുരിതാശ്വാസ സാമഗ്രികള്‍ സ്വീകരിക്കുമെന്ന് കൂട്ടത്തിലെ യുവതുര്‍ക്കികള്‍ പ്രഖ്യാപിച്ചു. ഈ തീരുമാനം അവര്‍ പരസ്യമാക്കുകയും ചെയ്തു.
പണി പാളിയെന്ന് പരിപാടിയെ എതിര്‍ത്ത പ്രസ് ക്ലബ്ബ് മേലാളന് മനസ്സിലായി. റോഡില്‍ കളക്ഷന്‍ കേന്ദ്രം പ്രവര്‍ത്തിപ്പിച്ചാല്‍ അതിനു പിന്നിലുള്ള സാഹചര്യം വിശദീകരിക്കാന്‍ ബുദ്ധിമുട്ടും. അതുകൊണ്ട് പ്രസ് ക്ലബ്ബില്‍ കളക്ഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന സന്ദേശമെത്തി, ഞായറാഴ്ച രാവിലെ 8 ണമിയോടടുപ്പിച്ച്. 7 മണിക്ക് കളക്ഷന്‍ സെന്റര്‍ തുറക്കുമെന്ന അറിയിപ്പാണ് 7.53ന് വന്നതെന്നറിയുക!
എന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായം ചെയ്യണമെന്നുറപ്പിച്ച് രാവിലെ 10 മണിയോടെ പ്രസ് ക്ലബ്ബിലെത്തി. 10 മിനിറ്റിനകം മടങ്ങണമെന്നായിരുന്നു തീരുമാനം. അങ്ങനെ പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയതും. അതിനു കാരണമുണ്ട്. ഞാന്‍ പ്രസ് ക്ലബ്ബില്‍ ഇപ്പോള്‍ കയറാറില്ല. അംഗവുമല്ല. വല്ലപ്പോഴും ചെല്ലുന്നത് അവിടത്തെ ഹാള്‍ വാടകയ്‌ക്കെടുത്ത് ആരെങ്കിലും നടത്തുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ മാത്രമാണ്. അതിനാല്‍ അവിടെ അധികം സമയം ചെലവിടാന്‍ താല്പര്യപ്പെട്ടില്ല.
ഏതാണ്ട് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു പരിപാടിയില്‍ പങ്കാളിയാവാന്‍ പ്രസ് ക്ലബ്ബില്‍ കയറി. പോകാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് ചെന്നു പോയതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തോട് സാധാരണക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നു എന്ന ആശങ്ക ശരിവെയ്ക്കുന്ന വിധത്തിലായിരുന്നു അവിടെ കാര്യങ്ങള്‍. വിരലിലെണ്ണാവുന്ന മാധ്യമപ്രവര്‍ത്തകര്‍ വെടിപറഞ്ഞിരിക്കുന്നു. സാധനങ്ങള്‍ കാര്യമായി വന്നിട്ടുമില്ല. വിഷ്ണുവിനെ തിരക്കിയപ്പോള്‍ അവന്‍ ഓഫീസിലാണ്. അവനെ കണ്ടിട്ടു പോകാമെന്നു കരുതി കാത്തു. അരുണുമായും അരവിന്ദുമായും വാചകമടിച്ച് അല്പസമയം അവിടെയിരുന്നു. പിന്നെ എനിക്ക് അവിടെ നിന്ന് പുറത്തു ചാടാനായത് 12 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു എന്നു മാത്രം.
രാവിലെ മന്ദഗതിയിലായിരുന്ന സാധനവരവ് 12 മണി കഴിഞ്ഞതോടെ പൊടുന്നനെ ശക്തിപ്രാപിക്കുന്നതാണ് കണ്ടത്. പിന്നീടുണ്ടായത് ഒരു കുത്തൊഴുക്കായിരുന്നു. എല്ലാം വാങ്ങാനും അടുക്കിപ്പെറുക്കാനും മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരും ഹാജര്‍. ആ ഹാളില്‍ ആകെ തൃശ്ശൂര്‍ പൂരത്തിന്റെ ബഹളം. ഈ സമയത്ത് പ്രസ് ക്ലബ്ബിലെ ദുരിതാശ്വാസ സാമഗ്രി ശേഖരണത്തെക്കുറിച്ച് ചലച്ചിത്ര താരങ്ങളായ നിവിന്‍ പോളി, ടൊവീനോ തോമസ്, മാലാപാര്‍വ്വതി, സംവിധായകന്‍ എം.എ.നിഷാദ് തുടങ്ങിയവരൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പാര്‍വ്വതി നേരിട്ട് സാധനസാമഗ്രികളുമായി ക്യാമ്പിലെത്തുകയും ചെയ്തു. ആദ്യം വന്നിട്ട് തൃപ്തിയാവാതെ കുറവുള്ള സാധനങ്ങള്‍ ഏതെന്ന് ചോദിച്ചറിഞ്ഞ ശേഷം അതും വാങ്ങി അവര്‍ വീണ്ടുമെത്തി. ബിനോയ് വിശ്വം എം.പിയുമെത്തി തന്റെ പങ്ക് കൈമാറാന്‍.
വരുന്ന സാധനങ്ങള്‍ തരംതിരിച്ച് പായ്ക്ക് ചെയ്തു മാറ്റാന്‍ എല്ലാവരും അദ്ധ്വാനിക്കുമ്പോള്‍ എനിക്ക് അതില്‍ നിന്നു മാറിനില്‍ക്കാനാവുമായിരുന്നില്ല. ക്യാമ്പില്‍ സാധനങ്ങള്‍ നല്‍കിപ്പോകാന്‍ വന്ന മറ്റു പലരും ഇത്തരത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ കൂടിയായി മാറി. സഹജീവിയോടു സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായാണ് അതിനെ അവര്‍ കണ്ടത്. പാപ്പനംകോട് സി.എസ്.ഐ.ആര്‍. -നീസ്റ്റിലെ ശാസ്ത്രജ്ഞര്‍ ഒരു ട്രക്ക് മുഴുവന്‍ സാമഗ്രികളെത്തിച്ച് ഞങ്ങളെ ഞെട്ടിച്ചു. അത് അടുക്കിപ്പെറുക്കി കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഒരു മിനി ലോറി നിറയെ സാധനങ്ങള്‍. ലീഗല്‍ മെട്രോളജി വകുപ്പിലെ ജോയിന്റ് കൗണ്‍സില്‍ സംഘടനയില്‍പ്പെട്ടവരുടെ വകയായിരുന്നു ആ സംഭാവന. പിന്നെയും ഒരുപാട് പേര്‍ വന്നു. ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ സാധനങ്ങളുമായി വന്നു, പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി. തങ്ങള്‍ കണ്ടിട്ടു പോലുമില്ലാത്ത, ഇനിയും കാണാനിടയില്ലാത്ത സഹജീവികളുടെ വേദനയകറ്റാന്‍ അവരെല്ലാം ഒറ്റക്കെട്ടായി പരിശ്രമിച്ചു.
ഉച്ചതിരിഞ്ഞ് 3 മണിക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന പരിപാടി ഏകദേശം ഒരരുക്കാക്കിയപ്പോള്‍ രാത്രി 9 കഴിഞ്ഞു. 3 മണിക്ക് അവസാനിപ്പിക്കുന്ന കാര്യം ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. അത്രയ്ക്കുണ്ടായിരുന്നു തിരക്ക്. ഒരു കാറില്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ പ്രതീക്ഷിച്ച് വിഷ്ണു തുടങ്ങിയ പ്രയത്‌നം വളരെപ്പെട്ടെന്ന് വളരെ വലുതായി. കാര്‍ താമസിയാതെ ലോറിയായി. ഒടുവില്‍ 2 ലോറികളില്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ആ ഹാളില്‍ നിറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചില സുഹൃത്തുക്കള്‍ സഹായം പണമായാണ് നല്‍കിയത്. കുറവുവന്ന സാധനങ്ങള്‍ ആ തുകയുപയോഗിച്ച് ചാലക്കമ്പോളത്തില്‍ പോയി വാങ്ങിനിറച്ചു. ഇനി ഈ സാധനങ്ങള്‍ മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലേക്ക് എത്തിക്കണം. അതിന് വാഹനം വേണം. സഹായം തേടി നാലുപാടും വിളിപോയി. ശാന്തിഗിരി മഠത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയാണ് സഹായവാഗ്ദാനവുമായി ആദ്യം പ്രതികരിച്ചത്. അദ്ദേഹം വലിയൊരു ലോറി വിട്ടുനല്‍കി. അഗ്നിസേനാ മേധാവി എ.ഹേമചന്ദ്രനും സഹായിച്ചു. അദ്ദേഹവും വിട്ടുനല്‍കി അഗ്നിസേനയുടെ വലിയൊരു ക്ലോസ്ഡ് കാരിയര്‍ ലോറി.
തരംതിരിച്ച സാമഗ്രികള്‍ അതേ സൂക്ഷ്മതയോടെ ലോറികളില്‍ ഞങ്ങള്‍ കയറ്റുമ്പോള്‍ അതു കാണാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. സ്തീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ പ്രായക്കാരായ കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, നാപ്കിനുകള്‍, ഡയപറുകള്‍, പായകള്‍, കിടക്കവിരികള്‍, കമ്പിളിപ്പുതപ്പുകള്‍, ഭക്ഷ്യസാമഗ്രികള്‍, അത്യാവശ്യ മരുന്നുകള്‍ -അങ്ങനെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എല്ലാം. 3,000 പേര്‍ക്ക് ഒരാഴ്ച കഴിയാനുള്ള എല്ലാം വെറും 12 മണിക്കൂറു കൊണ്ട് തിരുവനന്തപുരത്തുകാര്‍ എത്തിച്ചുതന്നു. മാത്രമല്ല, അവര്‍ ക്യാമ്പില്‍ നിന്നു മടങ്ങുമ്പോള്‍ ഒപ്പം കരുതാനുള്ള അവശ്യവസ്തുക്കളുമുണ്ട്.
മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചു തുടങ്ങിയ പരിപാടി സാധാരണക്കാരായ ജനങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കി. അതിന് കാരണമെന്ത് എന്നു ചോദിച്ചാല്‍ കളക്ഷന്‍ ക്യാമ്പിലേക്ക് സാധനങ്ങളുമായി വന്ന പ്രായം ചെന്ന ഒരാള്‍ പറഞ്ഞ മറുപടി തന്നെ -‘നിങ്ങള്‍ പത്രക്കാരല്ലേ. നിങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ കൃത്യമായി ആവശ്യക്കാരുടെ കൈകളിലെത്തുമെന്ന് നിങ്ങള്‍ തന്നെ ഉറപ്പാക്കും. എവിടെയെങ്കിലും കെട്ടിയിട്ട് വേസ്റ്റാക്കില്ല.’ മാധ്യമപ്രവര്‍ത്തകരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തില്‍ സന്തോഷം തോന്നിയെങ്കിലും ദുരിതാശ്വാസ സാമഗ്രികളുടെ വിനിയോഗം സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ എത്രമാത്രം ജനങ്ങളെ സ്വാധീനിക്കുന്നു എന്നതില്‍ ആശങ്കയുമുണ്ടായി.
ഒടുവില്‍ രാത്രി 10.15ന് നിറയെ സാധനസാമഗ്രികളുമായി 2 ലോറികള്‍ നിലമ്പൂരേക്ക് പുറപ്പെട്ടു. വിഷ്ണുവും ശ്രീനാഥും കൂട്ടുകാരും ഒരു കാറില്‍ അവര്‍ക്കൊപ്പം. വളരെ സന്തോഷമുണ്ട്, സംതൃപ്തിയുണ്ട്. ഒരു നിമിഷം കൊണ്ട് ജീവിതം കൈവിട്ടുപോയവര്‍ക്ക് ചെറിയ തോതിലെങ്കിലും കൈത്താങ്ങാവാന്‍ സാധിച്ചു. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തില്‍ പങ്കാളികളായി. ദുരന്തമുഖത്തുള്ള വിഷ്ണുവിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നില്‍ക്കാനുള്ള കേവലബാദ്ധ്യതയുടെ പേരിലാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുത്തതെങ്കിലും കുറഞ്ഞപക്ഷം ഒരു പഞ്ചായത്തിലുള്ളവര്‍ക്കു മുഴുവനുമെങ്കിലും ആശ്വാസമെത്തിക്കാന്‍ അതിലൂടെ സാധിച്ചു. തിരുവനന്തപുരം നഗരം അതിനായി ഞങ്ങള്‍ക്കൊപ്പം നിന്നു.
ഞങ്ങള്‍ സഹായം ചോദിച്ച് ഒരു വാതിലിലും മുട്ടിയില്ല. എല്ലാവരും സഹായസന്നദ്ധരായി ഞങ്ങളെ തേടി വരികയായിരുന്നു. ഈ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിയെ നഗരവാസികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതില്‍ വെറുമൊരു പങ്കാളി മാത്രമായിരുന്ന ഞാന്‍ സ്‌നേഹം ആവോളം ആസ്വദിച്ചു. ഈ ദൗത്യത്തില്‍ പങ്കാളിയാവാനെത്തി, പരിചയപ്പെട്ട്, ഹൃദയത്തിലൊരു സ്ഥാനം നേടി, കസേര വലിച്ചിട്ടിരുപ്പായ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ ഗോകുല്‍ ജി.നായരെപ്പോലുള്ള ചെറുപ്പക്കാരില്‍ വലിയ പ്രതീക്ഷയുണ്ട്. ഇവരുടെ കൈകളില്‍ ഈ നാടിന്റെ ഭാവി തികച്ചും ഭദ്രമാണ്.
വേഗം മടങ്ങുക എന്ന ഉദ്ദേശ്യവുമായെത്തിയ ഞാന്‍ വേരിറങ്ങിയ പോലെ ഉറച്ചുപോയി എങ്കില്‍ അതിനു കാരണം അവിടെയുള്ളവര്‍ സഹജീവികളോടു കാണിക്കുന്ന സ്‌നേഹവും കരുതലും കണ്ടു മാറിനില്‍ക്കാനാവാത്തത് തന്നെയാണ്. അവരിലൊരാളായില്ലെങ്കില്‍ പിന്നെ ഞാനെന്ത് മനുഷ്യനാണ്!
ഇനി ആദ്യമുണ്ടായ എതിരഭിപ്രായം സംബന്ധിച്ച്. പ്രസ് ക്ലബ്ബില്‍ തിരഞ്ഞെടുപ്പ് കാലമാണ്. അതിന്റെ പേരില്‍ത്തന്നെയാണ് ഏതു കാര്യത്തിലും -അതു നല്ല കാര്യമായാലും -രണ്ടഭിപ്രായമുണ്ടാവുന്നത്. അത്തരമൊരു സാഹചര്യം തന്നെയാണ് ഈ വിഷയത്തിലുമുണ്ടായത്. ഈ സദ്പ്രവര്‍ത്തിയെ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു എന്ന പ്രതീതി ജനിച്ചതും അതിനാല്‍ത്തന്നെ. അതിനുള്ള മറുപടിയാണ് നല്ല കാര്യത്തിനായി ഒരുമിച്ചവര്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും അതിനു ജനങ്ങളില്‍ നിന്നു ലഭിച്ച വലിയ പിന്തുണയും.
നന്മയുള്ള മനസ്സും ദുരിതം കാണാനുള്ള കണ്ണും ഉള്ളതിനാല്‍ ദൗത്യം വിജയം നേടുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. ഇനിയിപ്പോള്‍ ഇതിന്റെ നേട്ടം അവകാശപ്പെടാന്‍ ആദ്യം എതിര്‍ത്തവരടക്കം രംഗത്തുവരും. ഈ നല്ല കാര്യത്തിനു പിന്നില്‍ നിന്നവര്‍ അവരുടെ ലക്ഷ്യം കൈവരിച്ചു. അവരിനി ഒരവകാശവാദത്തിനും നില്‍ക്കില്ല. പക്ഷേ, യഥാര്‍ത്ഥത്തില്‍ ആരൊക്കെ എന്തൊക്കെ ചെയ്തുവെന്നും ആരൊക്കെ കുതികാല്‍ വെട്ടാന്‍ നോക്കിയെന്നുമൊക്കെ എല്ലാവര്‍ക്കുമറിയാം. ആരും കാണില്ലെന്ന വിശ്വാസത്തോടെ പൂച്ച സ്വന്തം കണ്ണടച്ച് പാലു കുടിച്ചാലും കണ്ടു നില്‍ക്കുന്നവര്‍ക്ക് അറിയാമല്ലോ പൂച്ച പാല് കുടിക്കുകയാണെന്ന്. തിരഞ്ഞെടുപ്പും അധികാരവും ലക്ഷ്യമിട്ട് എന്തു ദുഷിപ്പും ചെയ്യുന്നത് ഇപ്പോള്‍ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലെ പൊതുചട്ടമാണല്ലോ.
എന്തായാലും വിഷ്ണു ഹാപ്പിയാണ്. അവനില്‍ നിന്ന് വിവരങ്ങളറിഞ്ഞ അവന്റെ നാട്ടുകാരും ഹാപ്പിയാണ്. അവന്‍ യാത്രയിലാണ്. യാത്രയ്ക്കിടയില്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ വിഷ്ണു ഓരോ പോയിന്റും കടക്കുന്ന വിവരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു. അവന്റെ വാക്കുകളില്‍ എല്ലാമുണ്ട്…
പ്രിയരേ
രണ്ട് ലോറി നിറയെ സ്‌നേഹവുമായി നാട്ടിലേക്ക് തിരിച്ചു!!!
വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം..