Reading Time: 4 minutes

സര്‍വ്വര്‍ത്ഥേ സര്‍വ്വദാ ചൈവ
സര്‍വ്വ കര്‍മ്മ ക്രിയാസ്വഥ
സര്‍വ്വോപദേശ ജനനം
നാട്യം ലോകേ ഭവിഷ്യതി

ലോകത്തില്‍ സര്‍വ്വജനങ്ങള്‍ക്കും വേണ്ടി ഏതു കാലത്തും സകല പ്രവര്‍ത്തികളെ സംബന്ധിച്ചും എല്ലാ ഉപദേശങ്ങളും ഉളവാക്കുന്നതായിരിക്കും നാട്യം എന്നു വ്യാഖ്യാനം. അതായത് ജീവിതത്തിന്റെ എല്ലാ ഘടകങ്ങളുമായും നാട്യശാസ്ത്രത്തിന് ബന്ധമുണ്ട് എന്നര്‍ത്ഥം. നാട്യശാസ്ത്രത്തെപ്പറ്റി അത്യാവശ്യ ധാരണ ഉണ്ടെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിമറിയും. നാട്യശാസ്ത്രത്തെക്കുറിച്ച് ശരിയായ അറിവുള്ളയാളുടെ വ്യക്തിത്വം പൂര്‍ണ്ണതയോട് അടുത്തു നില്‍ക്കും.

നവരസങ്ങളുമായി മോഹന്‍ലാല്‍

നാട്യം സംബന്ധിച്ച് നമുക്ക് ലഭിച്ച ആദ്യ മഹാഗ്രന്ഥമാണ് നാട്യശാസ്ത്രം. ഏഷ്യയിലെ തന്നെ സകല കലകളുടെയും പ്രാമാണിക ഗ്രന്ഥമാണിതെന്നു തന്നെ പറയാം. ഭരത മുനി രചിച്ച ഈ പൗരസ്ത്യ കലാശാസ്ത്ര ഗ്രന്ഥത്തിന് അരിസ്‌റ്റോട്ടില്‍ രചിച്ച പോയറ്റിക്‌സിന്റെ ആയിരം മടങ്ങ് ഉള്ളടക്കസമ്പുഷ്ടിയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നമ്മുടെ ചലനം മുതല്‍ ഗൃഹനിര്‍മ്മാണം വരെ എല്ലാത്തിനുമുള്ള ചിട്ടകള്‍ നാട്യശാസ്ത്രത്തില്‍ കാണാം.

ഭാരതത്തിന്റെ ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന രാമായണത്തിനും മഹാഭാരതത്തിനും മുമ്പ് പിറവി കൊണ്ടതാണ് നാട്യശാസ്ത്രം. വാല്മീകിയുടെയും വ്യാസന്റെയും കാലശേഷമാണ് നാട്യശാസ്ത്രം പിറന്നിരുന്നതെങ്കില്‍ ഉറപ്പായും രാമായണത്തിന്റെയും മഹാഭാരത്തിന്റെയും പരാമര്‍ശങ്ങള്‍ കടന്നുവരുമായിരുന്നു. അതില്ലെന്നു മാത്രമല്ല അസുരനിഗ്രഹം, ത്രിപുരദഹനം, അമൃതമഥനം തുടങ്ങിയ വൈദിക കഥകളെക്കുറിച്ച് നാട്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുമുണ്ട്.

അഞ്ചാമത്തെ വേദമെന്നും വേദസംക്ഷിപ്തമെന്നുമൊക്കെ നാട്യശാസ്ത്രത്തെ വിശേഷിപ്പിക്കുന്നു. നാട്യശാസ്ത്രവുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ഈ വിശേഷണത്തിനു കാരണം. ത്രേതായുഗത്തിന്റെ തുടക്കത്തില്‍ വേദപഠനം കുറഞ്ഞു. 4 വേദങ്ങളും ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപയോഗമില്ലാതായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ 4 വേദങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊള്ളുന്ന അഞ്ചാമതൊരു വേദം നിര്‍മ്മിക്കണമെന്ന് ബ്രഹ്മദേവനോട് ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് ബ്രഹ്മദേവന്‍ പരമശിവന്റെ അഭിപ്രായം തേടി.

പരമേശ്വരന്റെ ഉപദേശമനുസരിച്ച് ഋഗ്വേദത്തില്‍ നിന്ന് കഥാവസ്തു ബ്രഹ്മദേവന്‍ സ്വീകരിച്ചു. യജുര്‍ വേദത്തില്‍ നിന്ന് അഭിനയം വന്നു. സാമവേദത്തില്‍ നിന്ന് സംഗീതവും അഥര്‍വ്വ വേദത്തില്‍ നിന്ന് രസവും കൂടി ചേര്‍ന്നതോടെ നാട്യ വേദം യാഥാര്‍ത്ഥ്യമായി. ഇത് പ്രായോഗിക തലത്തില്‍ ചിട്ടപ്പെടുത്തുന്നതിന് ഭരത മുനിയെ ബ്രഹ്മദേവന്‍ ചുമതലപ്പെടുത്തി. തന്റെ പുത്രന്മാരുടെയും ശിഷ്യന്മാരുടെയും സഹായത്തോടെ അദ്ദേഹം നാട്യശാസ്ത്രം സൃഷ്ടിച്ചു.

പ്രശസ്ത കഥകളി നടന്‍ കോട്ടയ്ക്കല്‍ പ്രദീപിന്റെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞപ്പോള്‍

ഭരത മുനി തയ്യാറാക്കിയ നാട്യം ബ്രഹ്മാവിന്റെ മുന്നില്‍ അവതരിപ്പിച്ചു. ദേവാസുര യുദ്ധം ഇതിവൃത്തമാക്കിയ ആ നാട്യത്തില്‍ സംഭാഷണപ്രധാനമായ ഭാരതീവൃത്തിയും രസഭാവപരമായ സാത്ത്വതീവൃത്തിയും ചടുലചലനങ്ങള്‍ക്കു പ്രാധാന്യമുള്ള ആരഭടീവൃത്തിയും നിറഞ്ഞുനിന്നു. എന്നാല്‍, അലങ്കാരഭംഗിയും അംഗചലനസൗകുമാര്യവും ശൃംഗാരരസഭാവങ്ങളും പ്രധാനമായ കൈശികീവൃത്തി അതില്‍ സമന്വയിപ്പിച്ചിരുന്നില്ല. ഇതൊരു വലിയ പാളിച്ചയായി വിലയിരുത്തപ്പെട്ടു.

ബ്രഹ്മദേവന്റെ നിര്‍ദേശപ്രകാരം ഭരത മുനി കൈശികീവൃത്തിക്കു കൂടി പ്രാധാന്യം നല്കി വേണ്ട പരിഷ്‌കാരം വരുത്തി. ഇതിനായി ബ്രഹ്മദേവന്‍ സുകേശി, മഞ്ജുകേശി തുടങ്ങി അതിസുന്ദരികളായ 24 അപ്‌സരസ്സുകളെ പ്രത്യേകം സൃഷ്ടിച്ചു നല്കി. വാദ്യത്തിന് സഹായിയായി സ്വാതി മഹര്‍ഷിയെയും സംഗീത സമന്വയത്തിനു സഹായികളായി തുംബുരു, നാരദന്‍ തുടങ്ങിയവരെയും നിയോഗിച്ചു. ഇവരുടെ സഹായത്തോടെ ആകര്‍ഷകമാക്കി മാറ്റിയശേഷമാണ് നാട്യം വീണ്ടും രംഗത്തവതരിപ്പിച്ചത്.

ദേവേന്ദ്രന്റെ ധ്വജാരോഹണോത്സവ സന്ദര്‍ഭത്തിലാണ് അസുരന്മാരെയും ഋഷിമാരെയും ഗന്ധര്‍വ-യക്ഷ-കിന്നരാദികളെയും ക്ഷണിച്ചുവരുത്തി നാട്യം അരങ്ങേറിയത്. ദേവാസുര യുദ്ധവും അതില്‍ ദേവന്മാരുടെ വിജയവുമായിരുന്നു ‘മഹേന്ദ്രവിജയം’ എന്ന പേരില്‍ അവതരിപ്പിച്ച ആദ്യ നാട്യത്തിന്റെ പ്രധാന പ്രമേയം. ഇത് ദേവന്മാരെ സന്തുഷ്ടരാക്കിയെങ്കിലും അസുരന്മാരുടെ പ്രതിഷേധത്തിനു കാരണമായി. നാട്യം തുടര്‍ന്നു നടത്തുന്നതിന് അവര്‍ വിഘ്‌നമുണ്ടാക്കിവന്നു.

ഭരത മുനിയുടെ അഭ്യര്‍ഥനപ്രകാരം വിഘ്‌നം കൂടാതെ നാട്യം അവതരിപ്പിക്കുന്നതിന് അനുയോജ്യമായ നാട്യഗൃഹം ബ്രഹ്മദേവന്‍ വിശ്വകര്‍മാവിനെക്കൊണ്ടു നിര്‍മിച്ചു നല്കി. ദേവന്മാരെ രക്ഷാപുരുഷന്മാരായി നിയോഗിക്കുകയും ചെയ്തു. അസുരന്മാരെ സാന്ത്വനപ്പെടുത്താന്‍ ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പങ്കാളിത്തമുണ്ടായിരുന്ന ‘അമൃതമഥനം’ പ്രമേയമായ നാട്യം പുതുതായി നിര്‍മിച്ച നാട്യഗൃഹത്തില്‍ അരങ്ങേറിയെന്നും ഐതീഹ്യം.

പ്രശാന്ത് നാരായണന്‍

ഐതീഹ്യമുണ്ടെങ്കിലും നാട്യശാസ്ത്രത്തിന്റെ നിയതരൂപം ഇന്ന് ലഭ്യമല്ല. പൂര്‍ണ്ണ രൂപത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം. നാട്യം സംബന്ധിച്ച അറിവുകള്‍ ഇന്ന് ഏഷ്യയിലെ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള കലാവിദഗ്ദ്ധരുടെ കൈവശം അവശേഷിക്കുന്ന അറിവ് കണ്ടെത്തി കഴിവിന്റെ പരമാവധി പ്രായോഗിക തലത്തിലെത്തിക്കാനുള്ള ശ്രമത്തിന് തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. മോഹന്‍ലാലിനെയും മുകേഷിനെയും അരങ്ങിലെത്തിച്ച ഛായാമുഖിയുടെ സൃഷ്ടാവ് എന്ന നിലയില്‍ ശ്രദ്ധേയനായ നാടകപ്രവര്‍ത്തകനും പ്രിയ സുഹൃത്തുമായ പ്രശാന്ത് നാരായണനാണ് ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. നാട്യശാസ്ത്രം പഠിച്ചുകൊണ്ടുള്ള തുടക്കം.കളം എന്ന പേരില്‍ തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥിരം നാടകവേദി എന്നത് പ്രശാന്തിന്റെ വലിയൊരു സ്വപ്നമാണ്. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇതിലൂടെ നാടകപ്രവര്‍ത്തകര്‍ക്ക് സ്ഥിരവരുമാനമുള്ള മാന്യമായ ജീവിതം ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. സ്ഥിരം നാടകവേദിയിലേക്കുള്ള യഥാര്‍ത്ഥ ചുവടുവെയ്പ്പുണ്ടാകേണ്ടത് നാട്യശാസ്ത്രത്തില്‍ നിന്നാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘നാട്യശാസ്ത്രക്കളം’ എന്ന പേരില്‍ പഠനക്കളരി ആവിഷ്‌കരിച്ചിരിക്കുന്നത്.

നാട്യശാസ്ത്രത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ തേടുന്നതിന്റെ ഭാഗമായി സംസ്‌കൃത പണ്ഡിതന്മാര്‍, സാഹിത്യകാരന്മാര്‍, കൂടിയാട്ടം കലാകാരന്മാര്‍ തുടങ്ങിയവരെയൊക്കെ കളം സമീപിക്കും. ഇവരെയെല്ലാം ഏകോപിപ്പിച്ചാണ് പഠനക്കളരി മുന്നോട്ടു നീങ്ങുക. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 6ന് തിരുവനന്തപുരത്തെ കളം ക്യാമ്പസില്‍ പഠനക്കളരി ഉണ്ടാകും. താല്പര്യമുള്ള ആര്‍ക്കും കളത്തില്‍ എത്താം, നാട്യശാസ്ത്രം മനസ്സിലാക്കാം, പഠിക്കാം. ഒരു ദിവസം ഒരു ശ്ലോകം അല്ലെങ്കില്‍ ഒരുമിച്ചു പോകുന്ന ഒരു പിടി ശ്ലോകങ്ങള്‍ വിഗ്രഹിച്ച് അര്‍ത്ഥം വ്യാഖ്യാനിച്ച് പ്രയോഗത്തില്‍ വരുത്തുന്ന സോദാഹരണ പ്രഭാഷണ പരമ്പര. വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളുമുണ്ടാവും. കെ.പി.നാരായണ പിഷാരോടിയുടെ നാട്യശാസ്ത്രം പദാനുപദ വിവര്‍ത്തനം മലയാളത്തിന്റെ ഭാഗ്യമാണ്. കളത്തിലെ പഠനത്തിനായി പ്രധാനമായും ഈ ഗ്രന്ഥത്തെയാണ് ആശ്രയിക്കുക. വളരെ ലളിതമായി നാട്യം വ്യാഖ്യാനിച്ചിട്ടുണ്ട് എന്നതാണ് കാരണം.

നാടകപ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അഭിനയം, രചന, സംവിധാനം, രംഗസംവിധാനം തുടങ്ങി നാടകവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പരിശീലന പരിപാടികള്‍ പ്രശാന്ത് നാരായണന്റെ കളം ആവിഷ്‌കരിച്ചു കഴിഞ്ഞു. സമൂഹത്തെ എല്ലാ വിഭാഗങ്ങളിലുള്ളവരെയും നാടകത്തോട് അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമാ -നാടക വേദികളിലെ ഒട്ടേറെ പ്രമുഖര്‍ ഈ ഉദ്യമത്തില്‍ പരിശീലകര്‍ എന്ന നിലയില്‍ പങ്കാളികളാണ്. കളത്തിലെ പരിശീലകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന നാടകങ്ങളുണ്ടാവും. ഇതിനു പുറമെ കളത്തിന്റേതായ അവതരണങ്ങളുമുണ്ടാവും. ഈ ശ്രമങ്ങളിലൂടെ നാടകരംഗത്തിന് പുത്തനുണര്‍വ്വ് പകരാനാണ് പ്രശാന്തിന്റെ പരിശ്രമം.

Previous articleനെഹ്‌റാ ജീ…
Next articleഓം ആചാരലംഘനായ നമഃ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here