Reading Time: 11 minutes

തിരുവനന്തപുരം ലോ അക്കാദമിയില്‍ ഒരു സമരം നടക്കുന്നുണ്ട്. എത്രത്തോളം പോകുന്നു എന്ന് നോക്കുകയായിരുന്നു ഇതുവരെ. അതിനാലാണ് എഴുതാതിരുന്നത്. എസ്.എഫ്.ഐ. സമരം ചെയ്യുന്ന ആവേശം കണ്ടപ്പോള്‍ ഉള്ളാലെ ചിരിക്കുകയായിരുന്നു. നാരായണന്‍ നായര്‍ക്കെതിരെ എസ്.എഫ്.ഐ. സമരം!!! പാവം സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ഡോ.പി.ലക്ഷ്മി നായര്‍ മാറണമെന്നതാണ്. അവിടെത്തന്നെ അവര്‍ക്കു പിഴച്ചു.

dr-lakshmi-nair (4)
ഡോ.പി.ലക്ഷ്മി നായര്‍

അല്പ കാലം മുമ്പു വരെ കേരള സര്‍വ്വകലാശാല എന്നാല്‍ ഡോ.എന്‍.നാരായണന്‍ നായര്‍ എന്നായിരുന്നു അര്‍ത്ഥം. സി.പി.ഐയുടെ നേതാവായി അറിയപ്പെടുന്ന അദ്ദേഹം തന്നെയായിരുന്നു എന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ വൈസ് ചാന്‍സലര്‍. യോഗ്യതാ പ്രശ്‌നം നിമിത്തമുള്ള ശക്തമായ പ്രക്ഷോഭം നേരിടാനാവാതെ വൈസ് ചാന്‍സലര്‍ ഡോ.ജെ.വി.വിളനിലം മാറിനില്‍ക്കുന്ന കാലം. അന്ന് വൈസ് ചാന്‍സലറുടെ വീട്ടില്‍ കൊണ്ടു ചെന്നാണ് പ്രധാനപ്പെട്ട ഫയലുകള്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ചിരുന്നത്. വിളനിലം ഒപ്പിട്ടിരുന്നതാകട്ടെ നാരായണന്‍ നായര്‍ നിര്‍ദ്ദേശിക്കുന്ന ഫയലുകള്‍ മാത്രം. ഏതു സര്‍ക്കാര്‍ വന്നാലും നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റിലുണ്ടാവും -ഒരു തരം ആജീവനാന്ത അംഗത്വം! എന്നാല്‍, കഴിഞ്ഞ തവണ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജിതനായത് ഏവരെയും ഞെട്ടിച്ചു. സിന്‍ഡിക്കേറ്റ് അംഗം അല്ലാതായിട്ടും നാരായണന്‍ നായരുടെ സ്വാധീനത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ലെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഡ്രൈവിങ് സീറ്റില്‍ നിന്ന് അദ്ദേഹം പിന്‍സീറ്റിലേക്ക് മാറിയിരുന്നു. നേരത്തേ അദ്ദേഹം നേരിട്ടു ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിനു വേണ്ടി കൂടുതല്‍ വൃത്തിയായി ചെയ്തുകൊടുക്കുന്നു.

KLA Carകേരള സര്‍വ്വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും കടന്നുകയറുമ്പോള്‍ നിയമപ്രകാരം നാരായണന്‍ നായര്‍ക്ക് അതിന് യോഗ്യതയുണ്ടായിരുന്നില്ല എന്നതാണ് സത്യം. സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും രജിസ്റ്റര്‍ ചെയ്തു വോട്ടവകാശം കിട്ടാന്‍ യോഗ്യത സര്‍ക്കാര്‍ കോളേജുകളിലെയും എയ്ഡഡ് കോളേജുകളിലെയും അദ്ധ്യാപകര്‍ക്കും എയ്ഡഡ് കോളേജിലെ മാനേജര്‍മാര്‍ക്കും മാത്രമായിരുന്നു. എന്നാല്‍, യോഗ്യതയില്ലാത്ത സ്വകാര്യ കോളേജിന്റെ പ്രിന്‍സിപ്പല്‍, മാനേജര്‍, ഡയറക്ടര്‍ എന്നിങ്ങനെ എല്ലാമെല്ലാമായ നാരായണന്‍ നായര്‍ സെനറ്റിലും സിന്‍ഡിക്കേറ്റിലും അംഗമായി. കേരളയില്‍ 69 കോളേജുകള്‍ മാത്രമുണ്ടായിരുന്ന കാലത്തെ കഥയാണ്. ഞങ്ങള്‍ പഠിക്കുമ്പോഴുള്ള കഥ. ഇതിനെക്കുറിച്ച് പലവിധ ചര്‍ച്ചകള്‍ നടന്നുവെങ്കിലും എല്ലാ രാഷ്ട്രീയക്കാരെയും കീശയിലാക്കിയ നാരായണന്‍ നായര്‍ ശക്തനായി നിലനിന്നു. ഇപ്പോള്‍ സ്വാശ്രയ കോളേജ് പ്രതിനിധികള്‍ക്കും പ്രവേശനമുണ്ട്. പക്ഷേ, നിയമപ്രകാരം അകത്തുകടക്കാവുന്ന സ്ഥിതിയായപ്പോള്‍ നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ തോറ്റു. നാരായണന്‍ നായര്‍ എന്ന വ്യക്തി എല്ലാ നിയമങ്ങള്‍ക്കും അതീതനാണെന്നു മനസ്സിലാവാന്‍ ഇതില്‍പ്പരം തെളിവ് വേറെ വേണോ? സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ചുവന്ന പശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തിലുള്ള ബോര്‍ഡ് നാരായണന്‍ നായരും ലക്ഷ്മി നായരുമൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇപ്പോഴും കാണാം. ലോ അക്കാദമി എന്ന് എഴുതിയിരിക്കുന്നത് ലോ കമ്മീഷന്‍ പോലെ എന്തോ സംഭവമാണെന്നു തെറ്റിദ്ധരിച്ച് സല്യൂട്ടടിക്കുന്ന പൊലീസുകാരെയും കണ്ടിട്ടുണ്ട്. നമ്മള്‍ വല്ലവരുമാണ് ഇത്തരമൊരു ബോര്‍ഡ് വെയ്ക്കുന്നതെങ്കില്‍ സല്യൂട്ടിനു പകരം പെറ്റിയും വയറുനിറച്ച് പുലഭ്യവും കിട്ടും. ഈ ബോര്‍ഡുമായി ഒരു പാസുമില്ലാതെ ഏത് അതീവസുരക്ഷാ മേഖലയിലും അക്കാദമിക്കാര്‍ കടന്നുചെല്ലും.

നാരായണന്‍ നായര്‍ക്കെതിരെ എസ്.എഫ്.ഐ. സമരം എന്നു കേട്ടപ്പോള്‍ ചിരിവന്നുവെന്നു തുടക്കത്തില്‍ പറഞ്ഞുവല്ലോ. അതിനു കാരണമുണ്ട്. അദ്ദേഹത്തിനെതിരെ സമരം ചെയ്ത പാരമ്പര്യം എന്റെ തലമുറയിലുള്ളവര്‍ക്കുമുണ്ട്. 1980കളുടെ പകുതിയില്‍ തുടങ്ങി 1990കളുടെ തുടക്കത്തില്‍ അവസാനിച്ച സമരം. ഭാഗികമായെങ്കിലും സമരം വിജയിച്ചു. സമരം പൂര്‍ണ്ണ വിജയമാണെന്നു ഞങ്ങള്‍ അന്ന് തെറ്റിദ്ധരിച്ചു എന്നു പറയുന്നതാവും ശരി. അബദ്ധം മനസ്സിലായപ്പോള്‍ ഞങ്ങളൊക്കെ കോളേജ് വിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. 1986ല്‍ കെ.കരുണാകരന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് നാരായണന്‍ നായര്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പൗരസ്ത്യ ഭാഷാ വിഭാഗത്തിന്റെ ഭാഗമായ ഒരു കെട്ടിടത്തിന്റെയും സമീപത്തുള്ള ഭൂമിയുടെയും നിയന്ത്രണം സ്വന്തമാക്കി. അവിടെ തുടങ്ങിയ സ്ഥാപനത്തിന് യൂണിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ എന്നായിരുന്നു പേരെങ്കിലും വില്പനയും ലാഭവുമെല്ലാം നാരായണന്‍ നായര്‍ക്ക്. ഈ സ്റ്റോറിനു മുന്നിലൂടെ വഴി നടക്കാന്‍ പോലും പൗരസ്ത്യ ഭാഷാ വിഭാഗത്തിലുള്ളവര്‍ക്ക് അനുമതിയില്ലാത്ത വിധം ക്രമേണ സ്വാധീനം വളര്‍ന്നു. സ്റ്റോറിനു പിന്നിലുള്ള സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമം നാരായണന്‍ നായര്‍ തുടങ്ങിയതോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ സമരം പ്രഖ്യാപിച്ചു.

പി.വി.അശോകനായിരുന്നു അന്നത്തെ ചെയര്‍മാന്‍. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന റൂബിന്‍ ഡിക്രൂസ് അന്ന് ജനറല്‍ സെക്രട്ടറി. കോളേജ് യൂണിയന്‍ കൗണ്‍സിലറും എ.ഐ.എസ്.എഫ്. സിറ്റി കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ടി.കെ.വിനോദന്‍, ബ്രൈറ്റ്, അനില്‍കുമാര്‍, ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവരും സമരനേതൃത്വത്തിലുണ്ടായിരുന്നു എന്നാണറിവ്. നാരായണന്‍ നായര്‍ക്ക് സ്ഥലം വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ വന്‍ വിദ്യാര്‍ത്ഥി പ്രകടനം കോളേജില്‍ നിന്നാരംഭിച്ച് പുളിമൂട് വഴി സെക്രട്ടേറിയറ്റിനു മുന്നില്‍ തിരിച്ചെത്തി കുത്തിയിരിപ്പ് നടത്തി. ഇതേത്തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബ്ബ് വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്കു വിളിച്ചു. ആ യോഗത്തില്‍ ഭൂമിദാനത്തെ അശോകനും വിനോദനുമടക്കമുള്ള നേതാക്കള്‍ ശക്തമായി എതിര്‍ത്തു. സ്റ്റാഫ് സെക്രട്ടറി പ്രൊഫ.എസ്.എം.അബൂബക്കര്‍, സംസ്‌കൃത വിഭാഗം മേധാവി പ്രൊഫ.പുത്തൂര്‍ ബാലകൃഷ്ണന്‍ നായര്‍ എന്നിവരും ശക്തമായി പിന്താങ്ങി. അന്ന് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സരള ഗോപാലന്‍ വിദ്യാര്‍ത്ഥികളുടെ വാദം ശരിവെച്ചതോടെ നാരായണന്‍ നായരുടെ കെട്ടിടനിര്‍മ്മാണ ശ്രമം പൊളിഞ്ഞു. സരളാ ഗോപാലന്റെ ദൃഢമായ നിലപാടുകള്‍ക്ക് മുന്നില്‍ ടി.എം.ജേക്കബ്ബിനെപ്പോലെ ഒരു മന്ത്രി കീഴടങ്ങുന്നത് അവിശ്വസനീയമായ കാഴ്ചയായിരുന്നു എന്നാണ് വിനോദന്‍ പറയുന്നത്. നാരായണന്‍ നായര്‍ക്ക് അനുവദിച്ച ഭൂമി തിരിച്ചെടുക്കാന്‍ സമരം വേണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും എന്തുകൊണ്ടോ മുന്നോട്ടു നീങ്ങിയില്ല. സി.പി.എം. വിലക്കായിരുന്നു കാരണമായി പറയപ്പെട്ടത്.

യൂണിവേഴ്‌സിറ്റി കോളേജ് 125-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു അടുത്ത സമരം. എന്റെ തലമുറ കോളേജില്‍ പ്രവേശനം നേടിയ കാലം. ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിനിടെ തങ്ങള്‍ക്ക് സ്ഥലം പോരാ എന്ന് ഹിന്ദി വിഭാഗത്തിലുള്ളവര്‍ക്ക് പരാതി. അവര്‍ മലയാളം, സംസ്‌കൃതം വിഭാഗക്കാരെക്കൂടി യോജിപ്പിച്ച് സ്റ്റോറിനെതിരെ സമരത്തിനിറങ്ങി. ആ സമരത്തിന് പിന്തുണ നല്‍കാന്‍ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഞങ്ങളായിരുന്നു ആവേശകുമാരന്മാര്‍. ആ തീരുമാനം വന്നപ്പോള്‍ തന്നെ 1986ല്‍ നടന്ന സമരത്തിന് സി.പി.എം. വിലക്കുണ്ടായ വിഷയം ചര്‍ച്ചയായി. എന്തായാലും സ്റ്റോറിനു മുന്നിലേക്കു പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഹിന്ദി വിഭാഗക്കാര്‍ നയിച്ച പ്രകടനത്തില്‍ എസ്.എഫ്.ഐ. മുഖേന കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തമുണ്ടായി. പ്രകടനം സ്റ്റോറിനു മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് രൂപം മാറി. സ്റ്റോറിനുള്ളില്ലേക്ക് ഇരമ്പിക്കയറിയ ചില കില്ലാഡികള്‍ അവിടെയുണ്ടായിരുന്ന പുസ്തകങ്ങളും അലമാരയുമെല്ലാം വാരിവലിച്ച് പുറത്തേക്കിട്ടു. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാവും മുമ്പ് എല്ലാം കഴിഞ്ഞു. സി.പി.എം. വിലക്കു വരുന്നതിനു മുമ്പ് തന്നെ സ്റ്റോറിന്റെ കാര്യത്തില്‍ ‘തീരുമാനമുണ്ടാക്കാന്‍’ ബുദ്ധിമാന്മാരായ അന്നത്തെ എസ്.എഫ്.ഐ. നേതാക്കള്‍ നടപ്പാക്കിയ തന്ത്രം!!

ഡോ.എൻ.നാരായണൻ നായർ

സമരത്തെക്കുറിച്ച് അറിഞ്ഞതോടെ പതിവുപോലെ നാരായണന്‍ നായര്‍ക്കു വേണ്ടി സി.പി.എം. നേതൃത്വം ഇടപെട്ടു. വിലക്കുണ്ടായി. അടുത്ത ദിവസത്തെ പത്രങ്ങളുടെ ഒന്നാം പേജില്‍ സ്റ്റോര്‍ സമരം സ്ഥാനം പിടിച്ചു. ‘അക്ഷരവിരോധികളായ’ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞതിനെക്കുറിച്ചായിരുന്നു അച്ചുനിരത്തല്‍. പൊതുവെ വില്ലന്മാരായി അറിയപ്പെടുന്ന ഞങ്ങളുടെ കിരീടത്തില്‍ ഒരു തൂവല്‍ കൂടി. ഏതായാലും സ്റ്റോര്‍ അവിടെ തുടര്‍ന്നു നടത്തിക്കൊണ്ടു പോകാനാവില്ലെന്ന് നാരായണന്‍ നായര്‍ക്ക് അതോടെ ബോദ്ധ്യപ്പെട്ടു. രായ്ക്കുരാമാനം സ്റ്റോര്‍ പുന്നന്‍ റോഡിലെ അക്കാദമി അനക്‌സിലേക്കു മാറി. അങ്ങനെ പരോക്ഷമായിട്ടാണെങ്കിലും ഞങ്ങളുടെ സമരം വിജയിച്ചു. അപ്പോള്‍ അതാണ് കാര്യം -‘അടി ചെയ്യും ഉപകാരം അണ്ണന്‍ തമ്പിയും ചെയ്യില്ല’. അക്കാലത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി നിയമപഠനത്തിന് ചെല്ലുന്ന ഒരാള്‍ക്കുപോലും നാരായണന്‍ നായര്‍ ലോ അക്കാദമിയില്‍ പ്രവേശനം നല്‍കുമായിരുന്നില്ല. സറ്റോര്‍ സമരത്തിന്റെ വേവ് തീര്‍ക്കല്‍!

പക്ഷേ, തങ്ങളുടെ കാലത്തെ സമരത്തിന് സി.പി.എം. വിലക്കുണ്ടായിരുന്നു എന്ന പ്രചാരണം ശരിയല്ലെന്നാണ് റൂബിന്‍ ഡിക്രൂസ് പറയുന്നത്. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയോ വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയോ സമരത്തെ തള്ളിപ്പറയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല. സി.പി.എം. ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയില്‍ എസ്.എഫ്.ഐയുടെ ചുമതല ഉണ്ടായിരുന്നവരോ ഇക്കാര്യത്തില്‍ ഇടപെട്ടില്ല. പക്ഷേ, പാര്‍ട്ടിയിലെ വളരെ മുതിര്‍ന്ന ഒരു നേതാവ് കോളേജിലെ എസ്.എഫ്.ഐ. നേതൃത്വത്തെ വിളിപ്പിച്ച് സമരവുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞു. അതു പക്ഷേ, വിലപ്പോയില്ല എന്ന് റൂബിന്‍ പറയുന്നു. പക്ഷേ, അപ്പോഴും ഒരു വസ്തുതയുണ്ട്. എസ്.എഫ്.ഐ. ജില്ലാ നേതാക്കളില്‍ പലരും ലോ അക്കാദമി വിദ്യാര്‍ത്ഥികളായിരുന്നു! നാരായണന്‍ നായര്‍ക്ക് നല്‍കിയ സ്ഥലം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം എന്തുകൊണ്ടോ പിന്നീട് മുന്നോട്ടു നീങ്ങിയില്ല. അതിനു കാരണം, എസ്.എഫ്.ഐയിലെ ജൂനിയര്‍ തലമുറക്കാരായ ഞങ്ങള്‍ കേട്ടറിഞ്ഞ പോലെ ‘പാര്‍ട്ടി’ ഇടപെടല്‍ തന്നെയാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

26 വര്‍ഷത്തിനിപ്പുറം യൂണിവേഴ്‌സിറ്റി കോളേജിന് 151 വയസ്സായി. അന്നത്തെ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ മുറ്റത്തേക്ക് എം.ജി. റോഡ് വികസിച്ചുകയറിയിരിക്കുന്നു. കെട്ടിടത്തില്‍ ആ പഴയ ബോര്‍ഡ് ഇപ്പോഴും കാണാം. സ്‌റ്റോര്‍ പോയതോടെ പ്രശ്‌നം തീര്‍ന്നു എന്നു ഞങ്ങളും കരുതി. എന്നാല്‍, പ്രശ്‌നം അതേപടി തുടരുകയാണെന്ന് വര്‍ഷങ്ങള്‍ക്കു ശേഷം നടുക്കത്തോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലുള്ളവര്‍ കണ്ടെത്തിയത്. യു.ജി.സി. അനുവദിച്ച ഫണ്ടുപയോഗിച്ച് 2006-07ല്‍ ആ സ്ഥലത്ത് ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ കോളേജ് പദ്ധതി തയ്യാറാക്കി. എന്നാല്‍, അതിനുള്ള ഫയല്‍ മുന്നോട്ടു നീക്കിയപ്പോഴാണ് സ്ഥലം നാരായണന്‍ നായരുടെ കൈവശം തന്നെ തുടരുകയാണെന്നു വ്യക്തമായത്. ഇപ്പോഴും അങ്ങനെ തന്നെ. അവിടത്തെ സര്‍ക്കാര്‍ സ്ഥലമെല്ലാം റവന്യൂ വകുപ്പിനു കീഴിലാണ്. സ്ഥലം നാരായണന്‍ നായര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ റവന്യൂ വകുപ്പിന് എളുപ്പത്തില്‍ തിരിച്ചെടുത്ത് യൂണിവേഴ്‌സിറ്റി കോളേജിന് നല്കാനാവും. 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സ്ഥലവും ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടാവുമോ എന്ന് അറിയണം. നാരായണന്‍ നായര്‍ക്കുള്ള സ്വാധീനം ചില്ലറയല്ല!!

ഇനി വര്‍ത്തമാന കാലത്തേക്ക്. ഇപ്പോഴത്തെ സമരത്തിന്റെ ഭാഗമായി ലോ അക്കാദമി മാനേജ്‌മെന്റും എസ്.എഫ്.ഐ. നേതൃത്വവുമായി ഏര്‍പ്പെട്ട ‘കരാര്‍’ വായിക്കാനിടയായി. വളരെ രസകരമാണത്. നിയമവിദ്യാലയവുമായി ബന്ധപ്പെട്ട കരാറാവുമ്പോള്‍ കുറഞ്ഞപക്ഷം നിയമപരമായ നിലനില്‍പ് പ്രതീക്ഷിക്കുമല്ലോ. എന്നാല്‍, കരാര്‍ എഴുതിയുണ്ടാക്കിയ ആള്‍ പോലും രണ്ടാമതൊരു വട്ടം അതു വായിച്ചുനോക്കിയിട്ടില്ല എന്നതുറപ്പ്. അത്രയ്ക്കുണ്ട് അക്ഷരത്തെറ്റുകള്‍. ചില പോയിന്റുകള്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. കരാറിലെ 17 വ്യവസ്ഥകള്‍ ചുവടെ. കരാറിലെ അക്ഷരത്തെറ്റും ആവര്‍ത്തനവും ഇവിടത്തെ ഉദ്ധരണിയില്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്.

kla1.jpeg

1. പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍ സ്ഥാനത്തില്‍ നിന്ന് ഒഴിഞ്ഞ് പകരം വൈസ് പ്രിന്‍സിപ്പലിന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയിരിക്കുന്നു. 5 വര്‍ഷത്തേക്ക് പേരൂര്‍ക്കട ലോ അക്കാദമി ക്യാമ്പസില്‍ ഫാക്കല്‍റ്റി സ്ഥാനത്തുണ്ടാവില്ല.

2. അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് എല്ലാ മാസങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.

3. ഇന്റേണല്‍സ്, വിഷയം പഠിപ്പിക്കുന്ന അതാത് അദ്ധ്യാപകര്‍ ആയതിന്റെ ചുമതല വഹിക്കുന്നതും അത് കോളം തിരിച്ച് പ്രത്യേകം രേഖപ്പെടുത്തുന്നതുമാണ്.

4. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഒരു ഗ്രീവന്‍സ് സെല്‍ രൂപീകരിക്കുന്നതും വിദ്യാര്‍ത്ഥികളോടുകൂടി ആലോചിച്ച് 3 അദ്ധ്യാപകരടങ്ങുന്ന സമിതിക്ക് ആയതിന്റെ ചുമതല നല്‍കുന്നതുമാണ്.

5. കോളേജിനകത്തുള്ള പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോളേജ് യൂണിയന്‍ നോമിനേറ്റ് ചെയ്യുന്ന ഒരു വനിതയടക്കം 2 വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കോളേജ് കൗണ്‍സില്‍ രൂപീകരിക്കും.

6. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നതല്ല.

7. മൂട്ട് കോര്‍ട്ട്, ചേമ്പര്‍ വര്‍ക്ക്, കോര്‍ട്ട് വര്‍ക്ക് തുടങ്ങിയ സമരത്തെത്തുടര്‍ന്ന് മുടങ്ങിയിട്ടുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ പുനരാരംഭിക്കുന്നതാണ്.

8. ഹോസ്റ്റലിനകത്ത് ഒരു മുതിര്‍ന്ന അദ്ധ്യാപികയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡനും മറ്റൊരു അദ്ധ്യാപികയും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍, ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥിനികളുടെ അഭിപ്രായ രൂപീകരണത്തിലൂടെ ഹോസ്റ്റലിന് ഒരു നിയമാവലി തയ്യാറാക്കും.

9. ഹോസ്റ്റലിലെ നിയമനിര്‍മ്മാണത്തിനും ഭേദഗതിക്കുമുള്ള പൂര്‍ണ്ണ അധികാരം സമിതിക്കായിരിക്കും.

10. ന്യായമായ ആവശ്യങ്ങള്‍ക്ക് വാര്‍ഡന്റെ സമ്മതത്തില്‍ മാത്രം പുറത്തുപോകാനുള്ള അനുമതി.

11. ലേഡീസ് ഹോസ്റ്റല്‍ പരിസരത്തും സ്റ്റേഡിയത്തിലും വൈകിട്ട് 6 മണി വരെ കളിക്കാനുള്ള സ്വാതന്ത്ര്യം ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികള്‍ക്കുണ്ടായിരിക്കുന്നതാണ്.

12. എല്ലാ അക്കാദമിക് ആക്ടിവിറ്റീസ്, ലൈബ്രറി, എന്‍.എസ്.എസ്. അടക്കം പ്രോഗ്രമുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപ്രാതിനിധ്യം.

13. ഒന്നാം വര്‍ഷ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തും.

14. സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും ക്യാമറകളുടെ പ്രവര്‍ത്തനം.

15. പി.ടി.എ. രൂപീകരിക്കുന്നതാണ്.

16. കോളേജില്‍ നടക്കുന്ന സെമിനാറുകള്‍ക്ക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ബന്ധിത ഫീസ് ഈടാക്കുന്നതല്ല.

17. മൂട്ട് കോര്‍ട്ട് അംഗങ്ങള്‍ക്കും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്. മൂട്ട് കോര്‍ട്ട്, ക്ലയിന്റ് കണ്‍സള്‍ട്ടിങ് മത്സരങ്ങള്‍ക്കായി വനിതാ ഹോസ്റ്റല്‍ റൂം ഒഴിയുന്നവര്‍ക്ക് മൂട്ട് കോര്‍ട്ടില്‍ സഹായിച്ചതായി പരിഗണിച്ച് ആയതിന്റെ ആനുകൂല്യം നല്‍കുന്നതായിരിക്കും.

ഒപ്പിട്ടത്

-എന്‍.നാരായണന്‍ നായര്‍

-കെ.അയ്യപ്പന്‍ നായര്‍

-ടി.കെ.ശ്രീനാരായണദാസ്

-നാഗരാജ് നാരായണന്‍

kla2.jpeg

കരാറാവാനുള്ള നിയമപരമായ നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതിനാല്‍ ഇത് സ്വന്തം ലെറ്റര്‍പാഡില്‍ ലോ അക്കാദമി മാനേജ്‌മെന്റ് ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് എഴുതിക്കൊടുത്ത സമ്മതപത്രം മാത്രമായേ പരിഗണിക്കാനാവൂ. ഇതു പാലിക്കണമെന്ന് നിയമപരമായ ഒരു ബാദ്ധ്യതയുമില്ല. ഇപ്പോഴത്തെ സമരാവേശം കെട്ടടങ്ങിക്കഴിയുമ്പോള്‍ നാരായണന്‍ നായര്‍ ഈ കത്ത് ചുരുട്ടിക്കൂട്ടി കുട്ടയിലിടും എന്നത് ഉറപ്പാണ്. മുന്‍കാല അനുഭവങ്ങള്‍ തന്നെ തെളിവ്. ലക്ഷ്മി നായര്‍ അക്കാദമിയില്‍ നിന്ന് 5 വര്‍ഷത്തേക്ക് മാറിനില്‍ക്കും എന്ന് മാനേജ്‌മെന്റ് തീരുമാനിച്ചു. ഇതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ല. ഏതു വകുപ്പ് പ്രകാരമാണിത്? സസ്‌പെന്‍ഷന്‍ അല്ല. അപ്പോള്‍പ്പിന്നെ അവര്‍ അവധിയില്‍ പ്രവേശിക്കുകയാണോ? അതിനവര്‍ സമ്മതിച്ചോ? അവധിക്ക് അപേക്ഷിച്ചോ? അവധിയുണ്ടോ? 5 വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനുള്ള തീരുമാനത്തിന് നിലനില്‍പ്പുണ്ടോ?

പ്രൊഫ.എം.എം.മാധവന്‍ പോറ്റി

ഇനി ലക്ഷ്മി നായര്‍ മാറിനില്‍ക്കാന്‍ സമ്മതിച്ചു എന്നുതന്നെ ഇരിക്കട്ടെ. പകരം പ്രിന്‍സിപ്പല്‍ ആരാണ്? വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം.എം.മാധവന്‍ പോറ്റിക്കാണ് ചുമതല. യു.ജി.സി. മാനദണ്ഡമനുസരിച്ച് ഡോക്ടറേറ്റ് ഉള്ളവര്‍ക്കു മാത്രമേ പ്രിന്‍സിപ്പലാവാന്‍ പറ്റൂ. പ്രൊഫ.പോറ്റിക്ക് അതില്ല. 65 വയസ്സാണ് പ്രിന്‍സിപ്പലിന്റെ പ്രായപരിധി. പ്രൊഫ.പോറ്റിക്ക് 67 വയസ്സുണ്ട്. ഇതെങ്ങനെ ശരിയാവും നാരായണന്‍ നായര്‍ സാറേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ തെറ്റുപറയാനാവില്ല. കരാര്‍ നേട്ടമായി ആഘോഷിക്കുന്ന എസ്.എഫ്.ഐക്കാരും ചോദിച്ചില്ല. ഏറ്റവും രസകരമായി എനിക്കു തോന്നിയത് ‘പി.ടി.എ. രൂപീകരിക്കും’ എന്ന വ്യവസ്ഥയാണ്. അപ്പോള്‍ ഇത്രയും കാലം കോളേജില്‍ ഇതൊന്നും ഇല്ലായിരുന്നോ?!!!

നാരായണന്‍ നായര്‍ക്കു മുന്നില്‍ മുട്ടിടിക്കുന്ന, മുട്ടുമടക്കുന്ന എസ്.എഫ്.ഐയുടെ പതിവിന് ആ സംഘടനയോളം തന്നെ പ്രായമുണ്ടെന്നു തോന്നുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് ഞാന്‍ പഠിച്ചിരുന്ന കാലത്തെ സ്ഥിതി ഇതു തന്നെയായിരുന്നു. ഇപ്പോള്‍, ജെയ്ക്കിന്റെയും വിജിന്റെയും തലമുറയ്ക്കും അതില്‍ നിന്നു മോചനമില്ല. ഇതിന് എസ്.എഫ്.ഐയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മറ്റു പലരെയും പോലെ ഞാനതിനു മുതിരുന്നുമില്ല. നാരായണന്‍ നായര്‍ക്ക് എല്ലാക്കാലത്തും ആശ്രയമായി സി.പി.എമ്മിലെ ഒരു മുതിര്‍ന്ന പൊളിറ്റ് ബ്യൂറന്‍ ഉണ്ട്. കോളേജ് പിള്ളേരായിരുന്ന ഞങ്ങളെ നാരായണന്‍ നായരുടെ പേരില്‍ വിരട്ടിയത് അദ്ദേഹമാണ്. ഇപ്പോഴത്തെ നാണം കെട്ട നാടകത്തിന് ഡല്‍ഹിയില്‍ നിന്നു പറന്നെത്തി എ.കെ.ജി. സെന്ററിലിരുന്ന് തിരക്കഥ തയ്യാറാക്കിയതും ഈ പൊളിറ്റ് ‘ബോറന്‍’ തന്നെ. അദ്ദേഹത്തിന്റെ വാക്കുകളെ എതിര്‍ക്കാന്‍ താഴെത്തട്ടിലുള്ള നേതാക്കള്‍ക്ക് ധൈര്യമില്ല -അച്ചടക്കം!! ഇത്തരം നേതാക്കളാണ് ഏതു പാര്‍ട്ടിയുടെയും ശാപം.

Kerala law academy
കേരളാ ലോ അക്കാദമി ലോ കോളേജ്

സര്‍ക്കാര്‍ സ്വത്തു നല്‍കി ഒരു സ്വാശ്രയ കോളേജ് നടത്തേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. ഈ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് എയ്ഡഡ് കോളേജാക്കി നിയമപ്രകാരം പ്രവര്‍ത്തിപ്പിക്കണം. അതു പറയാന്‍ വേറെ കാരണമുണ്ട്. അതാണ് ലോ അക്കാദമി ഭൂമിയുടെ ചരിത്രം. പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗല്‍ഭ അദ്ധ്യാപകനുമായിരുന്ന പ്രൊഫ.പി.സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കര്‍ 41 സെന്റ് സ്ഥലം. മനോമണിയം സുന്ദരനാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പേരില്‍ തിരുനെല്‍വേലിയില്‍ ഒരു സര്‍വ്വകലാശാല തന്നെയുണ്ട്. സുന്ദരം പിള്ളയുടെ മരണശേഷം ഏക മകനും കോണ്‍ഗ്രസ്സ് നേതാവുമായ പി.എസ്.നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേര്‍ന്നു. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി.

സ്വാത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ 1954-55 കാലത്ത് നടരാജ പിള്ള ധനകാര്യ മന്ത്രിയായി. കണ്ടുകെട്ടിയ ഭൂമി തിരിച്ചു നല്‍ക്കാന്‍ അന്ന് സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ നടരാജ പിള്ള നിരസിച്ചു. അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരില്‍ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂളും അദ്ദേഹം സര്‍ക്കാരിന് വിട്ടു കൊടുത്തു. അതാണ് ഇന്ന് ലോ അക്കാദമിക്ക് തൊട്ടടുത്തു തന്നെയുള്ള പി.എസ്.നടരാജ പിള്ള സ്മാരക ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 1962 ല്‍ തിരുവനന്തപുരത്തു നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം.പിയായിരിക്കുമ്പോഴാണ് 1966ല്‍ അന്തരിച്ചത്. അന്ന് സ്വന്തം പേരില്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

1968ല്‍ ഈ ഭൂമി ലോ അക്കാദമിക്ക് 3 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കി. ഇത് സംബന്ധിച്ച് ഇന്ന് രേഖയായുള്ളത് അന്ന് കൃഷി മന്ത്രിയായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍ മണലൂര്‍ എം.എല്‍.എയായിരുന്ന എന്‍.ഐ.ദേവസ്സിക്കുട്ടിക്ക് നിയമസഭയില്‍ നല്‍കിയ മറുപടി മാത്രമാണ്. ഗവര്‍ണര്‍ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റവന്യൂ മന്ത്രി കെ.ആര്‍.ഗൗരിയമ്മ, വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ് കോയ, 3 ഹൈക്കോടതി ജഡ്ജിമാര്‍, പ്രമുഖ അഭിഭാഷകര്‍ എന്നിവര്‍ അംഗങ്ങളുമായ ഒരു ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നായിരുന്നു മറുപടി. എന്നാല്‍ പില്‍ക്കാലത്തു ആ ട്രസ്റ്റ് ഒരു കുടുംബത്തിന് കൂടുതല്‍ പ്രാതിനിധ്യമുള്ള ഒന്നായി മാറി.

1971ല്‍ പാട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ല്‍ 30 വര്‍ഷത്തേക്ക് പാട്ടം പുതുക്കി. 1972ല്‍ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡയറക്റ്റ് പേമെന്റ് എഗ്രിമെന്റില്‍ ഒപ്പുവെച്ച് എയ്ഡഡ് ആയി മാറിയപ്പോള്‍ ലോ അക്കാദമി വിട്ടു നിന്നു.1985ല്‍ കെ.കരുണാകരന്‍ സര്‍ക്കാര്‍ ഭൂമി അസൈന്‍ ചെയ്ത് ടസ്റ്റിന് സ്വന്തമാക്കി കൊടുത്തു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതുപോലെ സര്‍ക്കാര്‍ ഭൂമി അസൈന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ എം.ജി. കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ കാണാം. എന്നാല്‍, ഇവയെല്ലാം എയ്ഡഡ് കോളേജുകളാണ്. കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി അസൈന്‍ ചെയ്തു കൊടുത്തിട്ടുള്ള ഏക അണ്‍എയ്ഡഡ് അഥവാ പക്കാ സ്വകാര്യ കോളേജ് ലോ അക്കാദമി മാത്രം.

law ac str
ലോ അക്കാദമിക്കു മുന്നിലെ സമരമുഖം

ലോ അക്കാദമി വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിയ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തലുകളാണല്ലോ ഇപ്പോള്‍ ലക്ഷ്മി നായരെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തിലേക്കു നയിച്ചത്. അതിനെ അവര്‍ക്ക് നിഷ്പ്രയാസം കോടതിയില്‍ ചോദ്യം ചെയ്യാം. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നു നീക്കിയതിനെ ചോദ്യം ചെയ്തില്ലെങ്കിലും സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടും. കാരണം അത് വ്യക്തിപരമായി അവര്‍ക്കുള്ള കുറ്റപത്രമാണ്. ഭാവിയില്‍ വല്ല വൈസ് ചാന്‍സലര്‍ പദവിയും ലക്ഷ്യമിടുമ്പോള്‍ ഇതു പാരയാകും. അതിനായി റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ പോയാല്‍ അനുകൂലവിധി ലഭിക്കുകയും ചെയ്യും. ലക്ഷ്മി നായരുടെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടല്ല അത്. നിയമബാഹ്യമായ കാരണങ്ങളാണ് കോടതി തീരുമാനം ലക്ഷ്മി നായര്‍ക്ക് അനുകൂലമാക്കുക!!

dr-lakshmi-nair (2).jpgസമരപ്പന്തല്‍ പൊളിച്ചനീക്കാന്‍ പോലും ഹൈക്കോടതിയെ സമീപിച്ച ലക്ഷ്മി നായര്‍ ഇക്കാര്യത്തില്‍ അതു ചെയ്യാതിരിക്കുമോ? തീര്‍ച്ചയായും ചെയ്യും. അങ്ങനെ ലക്ഷ്മിയുടെ കേസ് വന്നാല്‍ കേരള സര്‍വ്വകലാശാലയും സംസ്ഥാന സര്‍ക്കാരുമായിരിക്കും പ്രധാന എതിര്‍കക്ഷികള്‍. ലോ അക്കാദമി മാനേജ്‌മെന്റും എതിര്‍കക്ഷിയായിരിക്കും. അപ്പോള്‍ കേരള സര്‍വ്വകലാശാലയ്ക്കു വേണ്ടി ഹാജരാവുക സ്റ്റാന്‍ഡിങ് കോണ്‍സലായ തോമസ് എബ്രഹാം. ആരാണീ തോമസ് എബ്രഹാം? ലോ അക്കാദമിയിലെ മുന്‍ അദ്ധ്യാപകന്‍. ഇപ്പോള്‍ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗം. അടിപൊളി!!! സര്‍ക്കാരിനു വേണ്ടി ഹാജരാവുന്ന ഗവ. പ്ലീഡറെ നിശ്ചയിക്കുന്നത് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് ആയിരിക്കും. ലക്ഷ്മി നായരുടെ സഹോദരന്‍ അഡ്വ.നാഗരാജ് നാരായണന്‍ സ്‌പെഷല്‍ ഗവ. പ്ലീഡറാണ്. അദ്ദേഹത്തിന്റെ ഓഫീസ് എ.ജിയുടെ ഓഫീസിനോടനുബന്ധിച്ചാണ്. എ.ജിയുമായി നാഗരാജന് നല്ല അടുപ്പവുമുണ്ട്. സഹോദരിയുടെ കേസില്‍ ഹാജരാവുന്ന ഗവ. പ്ലീഡറായി തനിക്കു താല്പര്യമുള്ളയാളെ എ.ജി. മുഖേന കോടതിയിലെത്തിക്കാന്‍ നാഗരാജന് നിഷ്പ്രയാസം സാധിക്കും. ഇതിനു പുറമെ അക്കാദമിക്കു വേണ്ടി നാരായണന്‍ നായരുടെ അഭിഭാഷകനും ലക്ഷ്മിയുടെ സ്വന്തം അഭിഭാഷകനും. ഫലത്തില്‍ ലക്ഷ്മിക്കു വേണ്ടി വാദിക്കാന്‍ കോടതിയില്‍ 4 കോണിലുള്ള അഭിഭാഷകര്‍. കോടതിക്ക് സ്വമേധയാ തീരുമാനമെടുക്കാനാവില്ല. അഭിഭാഷകരുടെ വാദമനുസരിച്ചാണ് അവിടെ തീരുമാനം. കേസുമായി ലക്ഷ്മി നായര്‍ ഹൈക്കോടതിയിലെത്തിയാല്‍ നാട്ടുകാര്‍ മുഴുവന്‍ ശശിമാരായി മാറുമെന്നര്‍ത്ഥം.

ലോ അക്കാദമി മാത്രമല്ല അവിടത്തെ സമരത്തെയും ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്നു. എസ്.എഫ്.ഐയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ആ പാര്‍ട്ടിക്ക് രാഷ്ട്രീയനഷ്ടം വരുത്തിവെക്കുമെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കുമറിയാം. എന്നിട്ടും സി.പി.എം. എന്തിന് അക്കാദമിയെ പിന്തുണയ്ക്കുന്നു എന്ന ചോദ്യം സ്വാഭാവികം. നഷ്ടക്കച്ചവടത്തിറങ്ങുന്ന പാര്‍ട്ടിയല്ല സി.പി.എം. ഇപ്പോള്‍ കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുമ്പോലെ എസ്.എഫ്.ഐയെ ഉപയോഗിച്ച് കളിച്ചത് വെറുതെയല്ല. അധികം താമസിയാതെ കോടികള്‍ വിലമതിക്കുന്ന അക്കാദമി സ്വത്തുക്കള്‍ സി.പി.എം. നിയന്ത്രണത്തിലാവാന്‍ സാദ്ധ്യത നിലനില്‍ക്കുന്നു. സാദ്ധ്യതകള്‍ 2 വിധമുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിപ്പറയുന്ന ഈ സാദ്ധ്യതകളിലൊന്ന് യാഥാര്‍ത്ഥ്യമാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം. സി.പി.എമ്മിന്റെ വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നു തന്നെയാണ് ഈ വിരങ്ങള്‍ ലഭിച്ചത്.

ഇപ്പോഴത്തെ ഡയറക്ടര്‍ നാരായണന്‍ നായര്‍ ഒഴിയുമ്പോള്‍ സ്വാഭാവികമായും ആ സ്ഥാനത്തേക്കു വരിക സി.പി.എം. സംസ്ഥാന സമിതി അംഗമായ സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍ നായരാണ്. അച്ചടക്കം പാലിക്കാന്‍ പരമാവധി ശ്രമിക്കുന്ന കോലിയക്കോടിനെ അതേ മാര്‍ഗ്ഗമുപയോഗിച്ച് അക്കാദമിയുടെ കാര്യത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സി.പി.എമ്മിനു സാധിക്കും. സി.പി.എം. പറയുന്ന ആളുകളെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കി ഭൂരിപക്ഷമുറപ്പിച്ചാല്‍ പിന്നെ അക്കാദമിയെ പാര്‍ട്ടി നിയന്ത്രണത്തിലാക്കാന്‍ അധികസമയം വേണ്ടി വരില്ല. അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോള്‍ കണ്ടത്. ഇത് നാരായണന്‍ നായര്‍ ‘ഒഴിയുമ്പോള്‍’ എന്ന വ്യവസ്ഥയില്‍ നില്‍ക്കുന്ന സാദ്ധ്യതയാണ്. ഇതല്ലാതെ സര്‍ക്കാരിന് മറ്റൊരു സാദ്ധ്യതയുണ്ട്. ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ ഉണ്ടായിരുന്ന രീതിയില്‍ മുഖ്യമന്ത്രി ചീഫ് പേട്രണും വിദ്യാഭ്യാസ-റവന്യൂ മന്ത്രിമാര്‍ അംഗങ്ങളുമായി സര്‍ക്കാരിന് ട്രസ്റ്റ് പുനഃസംഘടിപ്പിക്കാം. മുഖ്യരക്ഷാധികാരി എന്ന നിലയിലാണെങ്കിലും മുഖ്യമന്ത്രി ട്രസ്റ്റില്‍ വരുമ്പോള്‍ സ്വാഭാവികമായും അത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാവും. അങ്ങനെ വരുന്ന ട്രസ്റ്റിന്റെ ബൈലോ ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കാം. നിയമ സെക്രട്ടറി കൂടി അംഗമായ ഒരു സമിതിയെ നിയോഗിച്ചാല്‍ അതു നിഷ്പ്രയാസം സാധിക്കും. പുതുക്കിയ ബൈലോയില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജഡ്ജിമാര്‍ എന്നിവരെയെല്ലാം ഒഴിവാക്കി സാധാരണ അംഗങ്ങളെ ഉപയോഗിച്ച് ട്രസ്റ്റിന് രൂപം നല്‍കാം. ഭാവിയില്‍ യു.ഡി.എഫ്. അധികാരത്തിലെത്തുന്ന ഒരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ ട്രസ്റ്റിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനാണ് ഈ നടപടി. സാധാരണ അംഗങ്ങളായി ട്രസ്റ്റിലെത്തുന്നത് സി.പി.എമ്മുകാരായാല്‍ അക്കാദമി പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവുമെന്നുറപ്പ്.

law vs
ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരപ്പന്തല്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിച്ചപ്പോള്‍

സി.പി.എമ്മിന്റെ ലക്ഷ്യത്തിന് ഏറ്റവും വലിയ തടസ്സം ഇപ്പോള്‍ വി.എസ്.അച്യുതാനന്ദനാണ്. കോളേജ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായതൊഴിച്ചുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് ലോ അക്കാദമി മാനേജ്‌മെന്റിനെതിരെ സ്വീകരിക്കാവുന്ന ഏക നടപടിയും അതു തന്നെ. അപ്പോള്‍പ്പിന്നെ ഈ പ്രായത്തിലും സാമാന്യബുദ്ധിയോടെ സംസാരിക്കുന്നത് വി.എസ്. ആണെന്നു വ്യക്തം. ഇതു സംബന്ധിച്ച് വി.എസ്. നല്‍കിയ കത്തു പരിഗണിച്ച് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ. നിലപാടും വി.എസ്സിനൊപ്പമാണ്. അതിനാല്‍ സി.പി.എമ്മിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

അക്കാദമിയുടെ പക്കല്‍ ഇപ്പോഴുള്ള ഭൂമിയില്‍ 8 ഏക്കറെങ്കിലും നിഷ്പ്രയാസം സര്‍ക്കാരിന് തിരിച്ചുപിടിക്കാനാവും എന്നാണ് റവന്യൂ വകുപ്പിന്റെ പ്രാരംഭ കണക്ക്. ഈ ഭൂമിക്ക് അര്‍ഹതയുള്ളവര്‍ അക്കാദമിയുടെ തൊട്ടടുത്ത് മണ്ണാമ്മൂലയില്‍ തന്നെയുണ്ട്. 2005 മുതല്‍ ഒരു ഭൂസമരം അവിടെ നടക്കുകയാണ്. രണ്ടര ഏക്കര്‍ ഭൂമിക്കായി ഒരു കൂട്ടം ദളിത് കുടുംബങ്ങള്‍ പോരാടുന്നു. നിയമപരമായി അവര്‍ക്ക് അവകാശപ്പെട്ട ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരം അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അക്കാദമിയുടെ അധികഭൂമിയില്‍ പാര്‍പ്പിച്ചാല്‍ പി.എസ്.നടരാജപിള്ളയുടെ സ്മരണയോട് പുലര്‍ത്തുന്ന ഏറ്റവും വലിയ നീതിയായിരിക്കും.

lekshmi nair kl.jpg

ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ വിവാദവും നാരായണന്‍ നായര്‍ക്കെതിരെ വന്നിട്ടുണ്ട്. അത് ഇതുപോലാവില്ല, കണക്കുപറയേണ്ടിവരുമെന്ന് ഉറപ്പ്. അപ്പോള്‍പ്പിന്നെ സുഹൃത്തുക്കളേ, ലക്ഷ്മി നായരെ വിടാം. അതില്‍ വലിയ കഥയില്ല. കോളേജ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയാല്‍ ഒരു പ്രിന്‍സിപ്പലിനും തന്നിഷ്ടം കാണിക്കാനാവില്ല, ലക്ഷ്മി നായര്‍ക്കും. വലിയ ലക്ഷ്യങ്ങളുമായി സമരത്തിന്റെ മുദ്രാവാക്യം മാറ്റിപ്പിടിക്കാം. ഇതാവട്ടെ പുതിയ മുദ്രാവാക്യം.

-ലോ അക്കാദമി ലോ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക

-അധികഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുക

-കള്ളപ്പണം വെളുപ്പിച്ചതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുക

Previous articleവീര്യമേറിയ പഴയ വീഞ്ഞ്
Next articleകാര്‍ട്ടൂണ്‍ വധത്തിലെ വര്‍ഗ്ഗീയത
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

10 COMMENTS

 1. ശ്യാമിന്റെ ലേഖനം വായിക്കുമ്പൊ അന്വേഷണാത്മകവും ആധികാരികവും ആയ എഴുത്ത് എന്നിലെ സമരത്തെ, സ്വരത്തെ വല്ലാതെ ഞെരുക്കയും ധാരണകളെ പരിമിതപ്പെടുത്തുകയും എന്റെ ചിന്ത Compromised ആയോ എന്ന ചോദ്യം ഞാൻ എന്നോടു തന്നെ ചോദിക്കയും ചെയ്യ്തു. അപ്പൊ മേമ്പൊടിയായി (അനുപൂരകമായി എന്ന് നല്ല ഭാഷ )കൊടുത്തിരിക്കുന്ന/ ശ്യാംലാൽ തെരഞ്ഞെടുത്തിരിക്കുന്ന ചിത്രങ്ങൾ കണ്ണിൽ പെട്ടു
  അവർ അദ്ധ്യാപിക എന്ന നിലയിലല്ലാതെ ജീവിതം നിറപ്പകിട്ടോടെ ഘോഷിച്ചിരുന്നതിനോട്
  No …. No ലക്ഷ്മി എന്ന ചൂണ്ടിക്കാട്ടൽ ലേഖകനും ഉണ്ടോ?
  പാചകം അശ്ലീലമായി മാറിയ കാഴ്ച ഒരാഴ്ച്ച മുഴുവൻ കണ്ടും കേട്ടും മടുത്തു
  ഈ വനിത ആരുടെയെങ്കിലുമൊക്കെ role മോഡലായിരുന്നോ
  ഒരു വ്യക്തിയുടെ ഏതെല്ലാം aspect ട ഒരു പ്ലാറ്റ്ഫോമിൽ ചർച്ച ചെയ്യപ്പെടുന്നു!

  • ഒരു പേജിന്റെ വായനാക്ഷമതയെ കാഴ്ചയുടെ സുഖം സ്വാധീനിക്കാറുണ്ട് എന്നാണ് ഇതുവരെയുള്ള എന്റെ വെബ്‌സൈറ്റ് അനുഭവം. കാഴ്ചാസുഖത്തിന് ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജസില്‍ പരതി തിരഞ്ഞെടുക്കുന്നു. ലക്ഷ്മി നായരുടെ നല്ലതെന്നു തോന്നിച്ച ചിത്രങ്ങളാണ് ഉപയോഗിച്ചത്.

   ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ലക്ഷ്മി നായര്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത് അവര്‍ ഒരു സെലിബ്രിറ്റി ആയതു കൊണ്ടാണ്. ഗൂഗിള്‍ തരുന്ന ചിത്രങ്ങളും ആ രീതിയിലുള്ളവ തന്നെ. അല്ലാതെ ഈ വിന്യാസം കൊണ്ട് അവരുടെ സൗന്ദര്യത്തിന്റെ ആരാധകനാണ് ഞാന്‍ എന്നു വിലയിരുത്തേണ്ടതില്ല. പേജിന്റെ സൗന്ദര്യം മാത്രമാണ് ഞാന്‍ നോക്കിയത്. എന്റെ എല്ലാ പോസ്റ്റുകളിലും ചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇതിനു തൊട്ടുമുമ്പ് ഫെഡററെക്കുറിച്ചെഴുതിയ പോസ്റ്റ് നോക്കൂ. ആദ്യകാല പോസ്റ്റുകളില്‍ ചിലപ്പോള്‍ ചിത്രങ്ങള്‍ കുറവായിരിക്കും.

   പിന്നെ കേക്കുമായി നില്‍ക്കുന്ന ആദ്യ ചിത്രം മനഃപൂര്‍വ്വം വെച്ചതാണ്. എസ്.എഫ്.ഐക്കാര്‍ക്ക് അവര്‍ കേക്ക് കൊടുക്കണ്ടേ??

 2. അല്പം വായിച്ച് നിർത്താം എന്നു കരുതി തുടങ്ങിയെങ്കിലും അവസാനംവരെ വായിപ്പിച്ചു…. നല്ല ലേഖനം.

 3. Thank you for a persuasive article. But Would you mind why do you have a dozen of Lakshmi Nair’s pictures in this article? You entire argument was how this whole issue should have been focused on Narayanan Nair. The pictures do disservice to your whole argument and they reflect the patriarchal ways in which our media work. Thank you.

 4. What you stated in your lekhanam are true ,true ,true nothing but true. But one thing is again true that, if Narayan Nair would have been intervint in this matter earlier,the claimax wouldnot have been like this,I swear you.

 5. പ്രിയ ശ്യാം,

  ചരിത്രപരമായ സത്യങ്ങൾ മുഴുവൻ പകർന്നു തന്നതിന് ആദ്യമേ നിസീമമായ നന്ദി രേഖപ്പെടുത്തുന്നു
  താങ്കളുടെ തൂലികയിൽ നിന്നും ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു, അതൊരു പൊൻതൂലികയാവട്ടെ എന്ന് ആശംസിക്കുന്നു, നന്ദി നന്ദി നന്ദി ………!!!!!!!!!

COMMENTS