മഴ നിര്‍ത്താതെ പെയ്യുന്നു. മഴയുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ ആ കൈക്കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങുകയാണ്. വരണ്ടുണങ്ങിയ ചുണ്ടുകള്‍ കണ്ടാലറിയാം അതിനു വിശന്നിട്ടാണെന്ന്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ഇറമ്പത്ത് കിട്ടിയ സ്ഥലത്ത് അതിനെയുമെടുത്ത് ഒതുങ്ങി നില്‍ക്കുകയാണ് അമ്മ. അവള്‍ നിസ്സഹായ ഭാവത്തില്‍ ചുറ്റും നോക്കുന്നുണ്ട്. ക്യാമ്പില്‍ ഭക്ഷണം വരുമെന്ന് രാവിലെ മുതല്‍ പറയുന്നുവെങ്കിലും എത്തിയിട്ടില്ല. കുഞ്ഞിന്റെ കരച്ചിലടക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അവള്‍ പതിയെ താന്‍ അണിഞ്ഞിരുന്ന നൈറ്റിയുടെ അരിക് മഴയത്തേക്ക് നീട്ടി. മഴവെള്ളത്തില്‍ അതു കുതിര്‍ന്നു. നനഞ്ഞ തുണിയിലെ വെള്ളം കുഞ്ഞിന്റെ ചുണ്ടിലേക്ക് ആ അമ്മ ഇറ്റിച്ചു, അവിടത്തെ ‘വരള്‍ച്ച’ മാറ്റാന്‍.
ഇത് കഥയല്ല. വയനാട്ടില്‍ നിന്നു സഹായം തേടി വിളിച്ച മാധ്യമപ്രവര്‍ത്തകയായ ധന്യ ഇന്ദു കണ്ട കാര്യം പറഞ്ഞതാണ്. ഫോണില്‍ അവള്‍ ഇതു പറയുമ്പോള്‍ വല്ലാത്തൊരു തണുപ്പ് കാലിലൂടെ ഇരച്ചുകയറുന്നത് ഞാനറിഞ്ഞു. ദുരിതാശ്വാസ സാമഗ്രികള്‍ അടുക്കിപ്പെറുക്കാന്‍ അരവിന്ദിനൊപ്പം കൂടിയിരുന്ന കണ്ണന്റെ നേര്‍ക്ക് എന്റെ നോട്ടമെത്തി. വയനാട്ടിലെ ക്യാമ്പില്‍ കരയുന്ന ആ കുഞ്ഞിന്റെ മുഖത്ത് എന്റെ കണ്ണന്റെ മുഖം തെളിയുന്നത് നടുക്കത്തോടെ ഞാന്‍ കണ്ടു. ഇന്ദുവിന്റെ അടുത്ത ചോദ്യമാണ് എന്നെ നടുക്കത്തില്‍ നിന്ന് ഉണര്‍ത്തിയത് -‘ചേട്ടാ കടുത്ത പട്ടിണിയാണ്. ഉള്‍പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ ഭക്ഷണസാമഗ്രികള്‍ എത്തുന്നില്ല. എന്തെങ്കിലും ചെയ്യാനാവുമോ?’ നിലമ്പൂരിലെ കവളപ്പാറയിലെ ക്യാമ്പുകളിലേക്ക് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ട് 2 ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചയച്ചു എന്ന വിവരമറിഞ്ഞാണ് ധന്യ വിളിച്ചത്. ബാക്കി വല്ലതുമുണ്ടെങ്കില്‍ വയനാട്ടിലേക്കു നല്‍കാമോ എന്നറിയാന്‍.
* * *
കവളപ്പാറയിലെ മണ്ണിടിച്ചിലിന് ഇരയായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഞായറാഴ്ച ഒരു ദിവസത്തെ ദുരിതാശ്വാസ സംഭരണം മാത്രമാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ട് ലക്ഷ്യമിട്ടിരുന്നത്. അതിനോട് എല്ലാവരും പ്രോത്സാഹജനകമായി പ്രതികരിക്കുകയും 2 ലോഡ് അവശ്യസാധനങ്ങള്‍ ശേഖരിച്ചയയ്ക്കാന്‍ സാധിക്കുകയും ചെയ്തു. എന്നാല്‍, അന്നു വരാന്‍ സാധിക്കാതിരുന്ന ചിലര്‍ വിളിച്ചുചോദിച്ചു -‘നാളെ കൊണ്ടു വന്നാല്‍ സ്വീകരിക്കുമോ?’ സഹായ മനഃസ്ഥിതിയുമായി മുന്നോട്ടുവരുന്നവരെ നിരാശരാക്കരുതല്ലോ എന്നു കരുതി ഞങ്ങള്‍ സമ്മതിച്ചു. എന്നാല്‍, വന്‍തോതിലുള്ള ശേഖരണമൊന്നും ലക്ഷ്യമായിരുന്നില്ല. കിട്ടുന്ന സാമഗ്രികള്‍ പരമാവധി ശേഖരിച്ച് വൈകുന്നേരം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നു പോകുന്ന വാഹനത്തില്‍ കയറ്റിവിടുക എന്നതായിരുന്നു പരിപാടി.
പെരുന്നാള്‍ ദിനമാണ്. അവധിയാണ്. എല്ലാവരെയും പോലെ ഫോണെടുത്ത് കുത്തിക്കുറിച്ചിരുന്നു. വിഷ്ണുവും ശ്രീനാഥും നിലമ്പൂരെത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ വിവരങ്ങള്‍ തത്സമയം വാട്ട്‌സാപ്പിലൂടെ അറിയിക്കുന്നുണ്ട്. ഞങ്ങളുടെ പ്രയത്‌നം സഫലമായതിന്റെ സന്തോഷം. പ്രസ് ക്ലബ്ബിന്റെ താഴത്തെ നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലേക്കു പോയില്ല. കാര്യമായ പണിയൊന്നും അവിടെ ഉണ്ടായിരുന്നില്ലല്ലോ, എന്റെ കണക്കില്‍.
രാവിലെ 10.30 മണിയായപ്പോള്‍ ദീപികയിലെ എം.ജെ.ശ്രീജിത്ത് വിളിക്കുന്നു -‘ചേട്ടാ വരുന്നില്ലേ. ഞാനെത്തി. ഇവിടാരുമില്ല. അരവിന്ദേട്ടന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്. നിങ്ങളും വാ.’ ഞാന്‍ വീട്ടിലുണ്ട് എന്ന കാരണത്താന്‍ മകന്‍ കണ്ണനെ അരികിലാക്കി അച്ഛനമ്മമാര്‍ക്കൊപ്പം ഭാര്യ വീട്ടുസാധനങ്ങള്‍ വാങ്ങാനും മറ്റുമായി പുറത്തുപോയിരിക്കുകയാണ്. അതിനാല്‍ ‘നോക്കട്ടെ’ എന്ന ഒഴുക്കന്‍ മറുപടി നല്‍കി ഫോണ്‍ വെച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കലാകൗമുദിയിലെ അരവിന്ദ് ശശിയുടെ വിളി -‘ഞാനെത്തി. നിങ്ങള് വാ. വന്നേ പറ്റൂ.’ അവന്‍ ഗൗരവത്തിലാണ്. ഒഴിവാക്കാന്‍ തോന്നിയില്ല. പെട്ടെന്നു കുളിച്ചു. കണ്ണനെയും കുളിപ്പിച്ചു റെഡിയാക്കി ഇറങ്ങി. ഭാര്യയെ വിളിച്ചു പറഞ്ഞു, അവര്‍ തിരികെ വരുമ്പോള്‍ പ്രസ് ക്ലബ്ബിലെത്തി കണ്ണനെ ഒപ്പം കൂട്ടണമെന്ന്.
ക്ലബ്ബിലെത്തുമ്പോള്‍ കുറച്ചു സാധനങ്ങള്‍ വന്നിട്ടുണ്ട്. കാര്യമായിട്ടൊന്നുമില്ല. വന്ന സാമഗ്രികള്‍ തരംതിരിക്കാതെ കൂട്ടിവെച്ചിരിക്കുകയാണ്. എല്ലാം തരംതിരിച്ച് അടുക്കി വെച്ചാല്‍ ജോലി എളുപ്പമാണല്ലോ എന്നു കരുതി അതിനിറങ്ങി. കുഞ്ഞിക്കൈകളുമായി കണ്ണനും ഒപ്പം കൂടി. അപ്പോഴുണ്ട് ഒരു സുഹൃത്ത് വിളിക്കുന്നു -‘1,500 കിലോ അരിയുണ്ട്. കൊണ്ടുവരട്ടെ?’ അരവിന്ദും ശ്രീജിത്തുമായി ആലോചിച്ചു. ഇങ്ങോട്ടു കൊണ്ടുവന്നാല്‍ വൈകുന്നേരം കോര്‍പ്പറേഷന്‍ ഓഫീസിലേക്കു കൊണ്ടുപോകുന്നത് നമ്മുടെ പണിയാകും. അങ്ങനെയെങ്കില്‍ നേരിട്ട് അത് കോര്‍പ്പറേഷന്‍ ഓഫീസിലേക്കു തന്നെ പോകട്ടെ. സുഹൃത്തിനോട് പറഞ്ഞു നേരിട്ട് അവിടെ കൊടുത്തേക്കാന്‍. നൈസായി കൈകഴുകി. ഏതു വഴിയാണെങ്കിലും ദുരിതബാധിതരുടെ കൈയിലെത്തിയാല്‍ മതിയല്ലോ.
ഉച്ചയ്ക്ക് 1 മണിയാകുന്നു. നിസാര്‍ മുഹമ്മദ് ഭാര്യയ്‌ക്കൊപ്പം പെരുന്നാള്‍ മധുരവുമായി വന്നു. അവന്‍ പോയതോടെ വീണ്ടും ഞാനും അരവിന്ദും ശ്രീജിത്തും കണ്ണനും ബാക്കി. ആളില്ലാത്തതിനാല്‍ ദുരിതാശ്വാസ സംഭരണ ക്യാമ്പ് അടച്ചുപൂട്ടാം എന്ന ധാരണയില്‍ ഞങ്ങളെത്തി. ഉച്ചയ്ക്കു ശേഷം ഒരു സിനിമയ്ക്കു കയറാം എന്നും നിശ്ചയിച്ചു. അതിനു തയ്യാറെടുക്കുമ്പോഴാണ് വയനാട്ടിലെ കല്പറ്റയില്‍ നിന്ന് ധന്യയുടെ വിളി വന്നത്. അതോടെ എല്ലാം മാറി മറിഞ്ഞു. ധന്യ പറഞ്ഞ കാര്യങ്ങള്‍ അരവിന്ദിനോടും ശ്രീജിത്തിനോടും പറഞ്ഞു. അതോടെ ഞങ്ങള്‍ തീരുമാനിച്ചു -‘വയനാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം.’
ക്യാമ്പ് സജീവമായത് വളരെ പെട്ടെന്നാണ്. മറ്റു മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കളെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. അവര്‍ക്ക് 100 സമ്മതം. ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. കുടുംബത്തോടൊപ്പം സിനിമ കാണുകയായിരുന്ന എന്‍.വി.ബാലകൃഷ്ണന്‍ പകുതി വഴിക്ക് ഇറങ്ങിവന്നു. എസ്.ലല്ലുവും സീജി കടയ്ക്കലും വി.വി.അരുണും ചന്ദ്രന്‍ ആര്യനാടുമൊക്കെ ഓടിയെത്തി. മാധ്യമപ്രവര്‍ത്തകര്‍ വയനാടിനു വേണ്ടി ഇറങ്ങുന്നു എന്ന വാര്‍ത്ത വളരെ വേഗം പ്രചരിച്ചു. അതോടെ ക്യാമ്പിലേക്ക് സാധനസാമഗ്രികളുടെ ഒഴുക്കായി. ഈ സമയത്ത് ഭാര്യ വന്ന് കണ്ണനെ കൊണ്ടുപോയി. മനസ്സിലാ മനസ്സോടെയാണ് അവന്‍ പോയത്.
വയറ് കാളുന്നു. കടുത്ത പ്രമേഹമുള്ളതിനാല്‍ സമയത്ത് വല്ലതും കഴിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാതിരുന്നത് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ‘ഭക്ഷണം കഴിച്ചാലോ?’ -ഞാന്‍ ചോദിച്ചു. നിസാറിന്റെ വക രണ്ട് ലഡ്ഡു ഒരുമിച്ചടിച്ചതിനാല്‍ വിശപ്പില്ലെന്ന് അരവിന്ദ്. വീട്ടില്‍പ്പോയി കഴിച്ചിട്ട് ഓടിവരാമെന്ന് ശ്രീജിത്ത്. ഞാന്‍ തിരികെയെത്തുമ്പോള്‍ അരവിന്ദിനു ചുറ്റും കുറെ ഘടാഘടിയന്മാരും ഘടാഘടിയത്തികളും. എന്താ സംഭവമെന്നു തലയിട്ടു നോക്കിയപ്പോള്‍ അരവിന്ദ് അവരെ പരിചയപ്പെടുത്തി -‘ശ്യാംലാലേ ഇവരെ അറിയാമോ? ഇതാണ് ആറടി പൊക്കക്കാരുടെ സംഘം.’ ആ ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും മുഖത്തേക്ക് ഞാന്‍ കൗതുകത്തോടെ തലയുയര്‍ത്തി നോക്കി. അവശ്യസാധനങ്ങളുടെ വലിയൊരു ശേഖരവുമായാണ് അവരുടെ വരവ്. അവര്‍ പോയതിനു പിന്നാലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജിയിലെ മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ എത്തി, വലിയൊരു ബോക്‌സ് നിറയെ ടീ ഷര്‍ട്ടുമായി. എല്ലാം തരംതിരിച്ച് അടുക്കി വെച്ചതും അവര്‍ തന്നെ.
മാധ്യമത്തിലെ ഹാറൂണിന്റെ നേതൃത്വത്തില്‍ ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗ് ടീം വന്‍തോതില്‍ സാധനങ്ങള്‍ എത്തിച്ചു. സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദനും ഭാര്യയും ഇതുപോലെ വലിപ്പമേറിയ പായ്ക്കറ്റുകളുമായാണ് വന്നത്. ജീവ ഞങ്ങള്‍ക്കൊപ്പം സന്നദ്ധസേവനത്തിനും കൂടി. ഈ സമയത്ത് ശേഖരിക്കുന്ന സാമഗ്രികള്‍ വയനാട്ടിലെത്തിക്കാനുള്ള മാര്‍ഗ്ഗം നോക്കാന്‍ ഞങ്ങള്‍ ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി. കുറിയര്‍ സര്‍വ്വീസ് സൗജന്യമായി സാധനങ്ങള്‍ വയനാട്ടിലെത്തിക്കും എന്ന് അവന്‍ ഉറപ്പാക്കി. വൈകുന്നേരം 7 മണിക്ക് എല്ലാം ശരിയാക്കി കൊടുക്കണമെന്നു മാത്രം.
ഡോ.മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായരുടെ ഫൗണ്ടേഷന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നമ്മളുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന വിവരം ഒരു സുഹൃത്ത് അറിയിച്ചത് ഈ സമയത്താണ്. ‘നമുക്കൊന്ന് വിളിച്ചാലോ?’ -ബാലകൃഷ്ണന്‍ ചോദിച്ചു. വിളിച്ചു, ദൗത്യം വിജയിച്ചു. ഈ സമയത്ത് അവിടെയെത്തിയ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവും ടി.കെ.എ.നായരോട് സംസാരിച്ചു. വയനാട്ടിനു വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമത്തെപ്പറ്റി ബാബുവേട്ടന്‍ അദ്ദേഹത്തോട് വിശദമായി പറഞ്ഞു. ടി.കെ.എ.നായര്‍ സഹായസന്നദ്ധനായി -ഒരു ലക്ഷം രൂപയുടെ സാധനസാമഗ്രികളുമായി വൈകുന്നേരം 6 മണിക്കെത്തും.
ഈ സമയത്താണ് പ്ലസ് വണ്ണിനു പഠിക്കുന്ന അഞ്ച് കുട്ടികളെത്തിയത്. പല സ്‌കൂളില്‍ നിന്നുള്ളവര്‍ ട്യൂഷന്‍ കഴിഞ്ഞു വരുന്ന വഴിയാണ്. അവര്‍ വന്ന് ആദ്യം ചോദിച്ചത് എന്ത് സാധനം വേണമെന്നാണ്. പോക്കറ്റ് മണിയും ഇടവേളയില്‍ ‘ചെറുകടിക്ക്’ നല്‍കുന്ന പൈസയുമൊക്കെ കൂട്ടിവെച്ചിരുന്നത് ഉപയോഗിക്കാനാണ് തീരുമാനം. എന്റെ കണ്ണു നിറഞ്ഞത് അവര്‍ കാണാതിരിക്കാന്‍ ശരിക്കും ബുദ്ധിമുട്ടി. അരവിന്ദിനെ നോക്കിയപ്പോള്‍ അവന്റെ കണ്ണിലും നീര്‍ത്തിളക്കം. അരിയും പയറും വേണമെന്ന് ഞങ്ങള്‍ പറഞ്ഞു. സപ്ലൈകോയില്‍ നിന്നും വാങ്ങാമെന്നും പറഞ്ഞുകൊടുത്തു. അവര്‍ പോയി. അല്പം കഴിഞ്ഞ് തിരിച്ചെത്തിയത് നിരവധി പായ്ക്കറ്റുകളുമായാണ്. പുതിയ തലമുറയുടെ സ്‌നേഹവും കരുതലും വിശദീകരിക്കാന്‍ വാക്കുകളില്ല. അവര്‍ യാത്ര പറഞ്ഞു പിരിയുമ്പോഴും കണ്ണു നിറഞ്ഞു.
ഒരു കൊച്ചുകുട്ടി അവളുടെ ഏറ്റവും പുതിയ കളിപ്പാട്ടങ്ങളാണ് പൊതിഞ്ഞുകെട്ടി അച്ഛനമ്മമാര്‍ വശം കൊടുത്തയച്ചത്. അത് പ്രത്യേകം കുറിപ്പെഴുതി ഞങ്ങള്‍ മാറ്റിവെച്ചു, ശ്രദ്ധയോടെ കൈമാറാന്‍. അപ്പോഴേക്കും സാധനങ്ങള്‍ കുന്നുകൂടിത്തുടങ്ങിയിരുന്നു. ടി.കെ.എ.നായര്‍ എത്തിക്കുന്ന സാധനങ്ങള്‍ കൂടിയാവുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. കുറിയര്‍ സര്‍വ്വീസ് മതിയാകില്ല. മാത്രമല്ല സമയക്കുറവും പ്രശ്‌നമാണ്. സാധനങ്ങള്‍ വയനാട്ടിലെത്തിക്കാന്‍ ബദല്‍മാര്‍ഗ്ഗം നോക്കിയേ പറ്റൂ. അവിടെ ബാബുവേട്ടന്‍ രക്ഷകനായി. സിറ്റി പൊലീസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാറിനെ അദ്ദേഹം വിളിച്ചു, കാര്യം പറഞ്ഞു. കമ്മീഷണറുടെ പൂര്‍ണ്ണപിന്തുണ. കേരളാ പൊലീസിന്റെ വലിയൊരു ട്രക്കും മൂന്നു പൊലീസുകാരും ഞങ്ങളുടെ സേവനത്തിന് ഹാജര്‍, അഞ്ചു പൈസ പോലും ചെലവില്ലാതെ. അത് വലിയൊരു ആശ്വാസമായിരുന്നു.
ഇനി സാധനങ്ങള്‍ തരംതിരിക്കുക എന്നതാണ് ദൗത്യം. ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനായ ഗോകുല്‍ ജി.നായരെപ്പോലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഒരു ഫോണ്‍വിളിക്കപ്പുറമുണ്ടായിരുന്നു. മഴയത്ത് ആറ്റിങ്ങലില്‍ നിന്ന് സ്‌കൂട്ടറോടിച്ച് അര മണിക്കൂറിനകം ഗോകുല്‍ ഹാജര്‍. പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികളും വിളിച്ചുടനെയെത്തി. ബാലകൃഷ്ണന്റെ ഭാര്യയും മക്കളും സിനിമയ്ക്കു ശേഷം നേരെ ക്യാമ്പിലേക്കു വന്നു. അരുണ്‍ സുധാകറും എത്തിയത് കുടുംബസമേതം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗീതാ നസീര്‍ എന്ന ഗീതേച്ചിയുടെ നേതൃത്വത്തില്‍ വേറൊരു സംഘം. ഒപ്പം ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത് സജീവ് പാഴൂരിനെപ്പോലുള്ള ചില ‘പ്രമുഖരും’. എല്ലാം ശരവേഗത്തില്‍. മുതിര്‍ന്നവര്‍ ജോലി ചെയ്യുമ്പോള്‍ കുട്ടികള്‍ പൂമ്പാറ്റകളെപ്പോലെ അതിനിടയിലൂടെ പാറിനടന്നു.
വൈകുന്നേരം 6 മണി എന്നാണ് ടി.കെ.നായര്‍ പറഞ്ഞിരുന്നതെങ്കിലും എത്തിയപ്പോള്‍ 6.30. പക്ഷേ, പൊലീസ് ട്രക്കുള്ളതിനാല്‍ പ്രശ്‌നമില്ല. ഒരു കുടുംബത്തിന് ഒരാഴ്ച കഴിയാനുള്ള അരിയും പലവ്യജ്ഞനങ്ങളും അടങ്ങുന്ന 100 പായ്ക്കറ്റുകളുമായാണ് അദ്ദേഹം വന്നത്. അതില്‍ പ്രത്യേകിച്ചൊന്നും തരംതിരിക്കാനില്ല. പെട്ടെന്നു തന്നെ സാധനസാമഗ്രികള്‍ ട്രക്കിലേക്കു കയറ്റി. ഒപ്പം പോകുന്നത് പൊലീസുകാരായ വേണുഗോപാല്‍, ജിജി, രാഹുല്‍ എന്നിവര്‍. ഇവര്‍ക്ക് വഴിച്ചെലവിനുള്ള പണം കൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും ഒരു രൂപ പോലും വാങ്ങാന്‍ അവര്‍ തയ്യാറായില്ല. ‘എല്ലാം കമ്മീഷണര്‍ സാര്‍ തന്നിട്ടുണ്ട്’ എന്നായിരുന്നു മറുപടി.
കൃത്യം 8 മണിക്ക് ട്രക്ക് പുറപ്പെട്ടു. ഇവിടെ നിന്നു പോകുന്ന പൊലീസ് സോദരന്മാരെയും വയനാട്ടില്‍ സാധനസാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ധന്യയയെും രാംദാസിനെയും പരസ്പരം ബന്ധപ്പെടുത്തിക്കൊടുത്ത് സുഗമമായ നടപടിക്രമങ്ങള്‍ ഞാന്‍ തന്നെ ഉറപ്പാക്കിയിരുന്നു. ട്രക്കിന്റെ താക്കോല്‍ പ്രതീകാത്മകമായി കൈമാറി മീഡിയ അക്കാദമി ചെയര്‍മാന്‍ ബാബുവേട്ടന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. രണ്ടാം ദിവസത്തെ അദ്ധ്വാനവും സഫലമായതിന്റെ സംതൃപ്തിയുമായി ഞങ്ങളുടെ മടക്കം. എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ സന്തോഷം. ടി.കെ.എ.നായര്‍ വന്നപ്പോള്‍ തുറന്ന ക്യാമറകള്‍ക്കു മുന്നില്‍ പോസ് ചെയ്യാന്‍ വേണ്ടി മാത്രം പ്രത്യക്ഷപ്പെടുകയും അതിനു തൊട്ടുപിന്നാലെ വീണ്ടും കാണാതാവുകയും ചെയ്ത ചില നേതാവ് അവതാരങ്ങള്‍ മാത്രം കല്ലുകടിയായി വേറിട്ടു നിന്നു. ഏതു നല്ല മരത്തിലും ഇത്തിള്‍ക്കണ്ണികള്‍ സ്വാഭാവികമാണല്ലോ!
* * *
തിരുവനന്തപുരത്തു നിന്ന് 13 മണിക്കൂര്‍ യാത്രയ്ക്കു ശേഷം ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പൊലീസ് ട്രക്ക് കല്പറ്റയിലെത്തി. അവിടെ അവരെ സ്വീകരിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ധന്യയും രാംദാസും കാത്തുനില്പുണ്ടായിരുന്നു. അമ്പലവയലിലെ ഉള്‍പ്രദേശങ്ങളില്‍ തുറന്നിട്ടുള്ള ക്യാമ്പുകളില്‍ സാധനങ്ങളെത്തിക്കാനായിരുന്നു പരിപാടി. ഓരോ ക്യാമ്പിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത് അനുസരിച്ചുള്ള സാധനങ്ങള്‍ നല്‍കും. ഇതു പ്രകാരം ചൂണ്ടേല്‍ ആര്‍.സി.എല്‍.പി. സ്‌കൂളിലെ ക്യാമ്പിലാണ് ആദ്യമെത്തിയത്. സാധനങ്ങള്‍ കൈമാറിയ ശേഷം കൃത്യമായ രശീതും വാങ്ങി.
ചിങ്ങവല്ലം എല്‍.പി. സ്‌കൂള്‍, പുറ്റാട് ഗവ. എല്‍.പി. സ്‌കൂള്‍, അമ്പുകുത്തി ഗവ. എല്‍.പി. സ്‌കൂള്‍, മീനങ്ങാടി ഗവ. സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ സാധനങ്ങള്‍ എത്തിച്ചു. ക്യാമ്പുകളിലെല്ലാം വലിയ സ്വീകരണമായിരുന്നു. എല്ലാവര്‍ക്കും ആവേശം. ഒടുവില്‍ തിരുവനന്തപുരത്ത് നിന്ന് ഞങ്ങളയച്ച മരുന്നുകള്‍ കല്പറ്റയിലെ കേരള സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസില്‍ എത്തിച്ച് വിതരണം പൂര്‍ത്തിയാക്കിയപ്പോള്‍ മണി 4 കഴിഞ്ഞു. പൊലീസുകാരായ വേണുഗോപാലും ജിജിയും രാഹുലും ഊണു പോലും കഴിക്കാതെ അത്രയും സമയം കര്‍മ്മനിരതര്‍. ഒപ്പം ഇന്ദുവും രാംദാസും.
വയനാട്ടിലെ വിതരണത്തിന്റെ വിശദാംശങ്ങള്‍ രശീതടക്കം തത്സമയം ഇന്ദു കൈമാറുന്നുണ്ടായിരുന്നു. അതു മുഴുവന്‍ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു, ഞങ്ങളെ വിശ്വസിച്ച് സാധനസാമഗ്രികള്‍ ഏല്പിച്ചവരെ അറിയിക്കാനായി. വിശ്വസിച്ചേല്പിച്ച സാധനങ്ങള്‍ കൃത്യമായി എത്തേണ്ടിടത്ത് എത്തി എന്ന് അവരെ ബോധിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണല്ലോ. വിശേഷിച്ചും സാധനസാമഗ്രികള്‍ കെട്ടിക്കിടക്കുന്നു എന്ന കുപ്രചരണം വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍.
വെറും 7 മണിക്കൂര്‍ കൊണ്ട് 1 ലോഡ് സാധനസാമഗ്രികള്‍ ശേഖരിക്കാനായി എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷേ, ധന്യയെയും രാംദാസിനെയും പോലുള്ള സുഹൃത്തുക്കള്‍ നടത്തുന്ന വലിയ പരിശ്രമങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ ഈ നേട്ടം എത്രയോ ചെറുതാണ്. ഇവരെപ്പോലുള്ളവര്‍ ഉള്ളപ്പോള്‍ കേരളം തോല്‍ക്കില്ല. അതെ, നമ്മള്‍ ഈ പ്രതിസന്ധി മറികടക്കുക തന്നെ ചെയ്യും.