Reading Time: 4 minutes

അകിനേനി നാഗാര്‍ജ്ജുന -തെലുങ്കിലെ സൂപ്പര്‍താരം. എന്റെ തലമുറയില്‍പ്പെട്ടവരുടെ ഇഷ്ടനടന്മാരിലൊരാളാണ് നാഗാര്‍ജ്ജുന. പ്രീഡിഗ്രി പഠനകാലത്ത് തെലുങ്കില്‍ നിന്നു വന്ന ഡബ്ബിങ് ചിത്രം ‘ഗീതാഞ്ജലി’യിലൂടെ മലയാളത്തില്‍ പ്രണയവിപ്ലവം സൃഷ്ടിച്ച നടന്‍. ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ സ്വപ്‌നസുന്ദരി അമലയെ ജീവിതസഖിയാക്കിയ ഭാഗ്യവാന്‍.

‘ഗീതാഞ്ജലി’ എന്റെ തലമുറയുടെ സിനിമാസ്വാദനത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ഫിലിംഫെസ്റ്റിവലിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജ് ഏതാണ്ട് പൂര്‍ണ്ണമായി ഒഴുകിയെത്തിയത് ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ആണ്‍കുട്ടികള്‍ മാത്രമുള്ള പ്രീഡിഗ്രി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന ഞങ്ങള്‍ക്ക് ആ സ്വപ്നസാമീപ്യം ഉത്സവമായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, ആ സിനിമയിലെ പാട്ടുകള്‍ 26 വര്‍ഷത്തിനു ശേഷവും ഇന്നലെ കേട്ടപോലെ ഓര്‍ക്കുന്നു, തെലുങ്കിനായി സൃഷ്ടിച്ച ഈണം മലയാളത്തിലാക്കിയപ്പോള്‍ ഉണ്ടായ അരുചിയുണ്ടെങ്കില്‍ക്കൂടി. ‘ഓ പ്രിയേ പ്രിയേ, എന്‍ പ്രിയേ പ്രിയേ..’, ‘ഓ പാപ്പാ ലാലീ, കണ്‍മണീ ലാലീ, പ്രേമത്താല്‍ ലാലീ..’, ‘ഇല്ലിമുളം കാട്ടിനുള്ളില്‍ യക്ഷി തുള്ളും മാന്തോപ്പില്‍, കണ്ണും നട്ട് കാത്തിരിക്കും സന്ധ്യവിഴും യാമത്തില്‍..’ എന്നിവയൊക്കെ ഇപ്പോഴും കാതിലുണ്ട്. പിന്നീട് നാഗാര്‍ജ്ജുന ഞങ്ങളുടെ ഹൃദയം കവര്‍ന്നത് അമ്മയായും മകളായും ശ്രീദേവി തകര്‍ത്തഭിനയിച്ച ‘ഖുദാ ഗവാ’ എന്ന സിനിമയിലാണ്. അമ്മ ശ്രീദേവിയുടെ നായകന്‍ സാക്ഷാല്‍ അമിതാഭ് ബച്ചനും മകളുടേത് നാഗാര്‍ജ്ജുനയും. അമിതാഭ് ബച്ചനു തുല്യന്‍ എന്നര്‍ത്ഥം. കലാഭവന്‍ തിയേറ്ററില്‍ മൂന്നു തവണയാണ് ആ സിനിമ കണ്ടത്. വീണ്ടും ഒട്ടേറെ ഡബ്ബിങ് ചിത്രങ്ങളില്‍ നാഗാര്‍ജ്ജുനയെ കണ്ടു. പിന്നെ കുറച്ചുകാലമായി വിവരമുണ്ടായിരുന്നില്ല. 50 കഴിഞ്ഞ നടന് ഡബ്ബിങ് മാര്‍ക്കറ്റ് ഇല്ലായിരിക്കാം.

thozha1

അപ്പോഴാണ് നാഗാര്‍ജ്ജുന വീണ്ടും എത്തുന്നു എന്ന വാര്‍ത്ത കണ്ടത്. ‘തോഴാ’ എന്ന തമിഴ് സിനിമയിലൂടെ. ‘ഊപിരി’ എന്ന പേരില്‍ തെലുങ്കിലും ഈ സിനിമ തമിഴിനൊപ്പം ചിത്രീകരിച്ചിട്ടുണ്ട്. തമിഴ് തലക്കെട്ടിന് സുഹൃത്ത് എന്നും തെലുങ്ക് തലക്കെട്ടിന് ശ്വാസം എന്നും വെവ്വേറെ അര്‍ത്ഥമുണ്ടായത് എന്തുകൊണ്ടെന്നെറിയില്ല. നാഗാര്‍ജ്ജുനയ്ക്ക് കൂട്ടായുള്ളത് തമിഴ് യുവനടന്മാരില്‍ ശ്രദ്ധേയനായ കാര്‍ത്തി. പുതിയ തലമുറയില്‍ കാര്‍ത്തിയെയും എനിക്കിഷ്ടമാണ്. A total entertainer എന്നു വിശേഷിപ്പി്ക്കാവുന്ന നടന്‍. ‘തോഴാ’ കാണാന്‍ പോകണം എന്നു തീരുമാനിച്ചതും അതുകൊണ്ടു തന്നെ. നാഗാര്‍ജ്ജുനയെയും കാര്‍ത്തിയെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷമാണോ എന്നറിയില്ല, എനിക്ക് ‘തോഴാ’ ഇഷ്ടമായി. ഇവരുടെ കെമിസ്ട്രി അസാദ്ധ്യം.

ലോകപ്രശസ്തമായ ഫ്രഞ്ച് സിനിമ ‘ഇന്‍തച്ചാബ്ള്‍’ (Intouchables) പുനരാഖ്യാനം ചെയ്തതാണ് ‘തോഴാ’. ഇതേ സിനിമയുടെ ഒരു വിദൂര പകര്‍പ്പാണ് ജയസൂര്യയും അനൂപ് മേനോനും അഭിനയിച്ച മലയാളത്തിലെ ‘ബ്യൂട്ടിഫുള്‍’. ഫ്രഞ്ച് ചിത്രം നേരത്തേ കണ്ടിട്ടുള്ളതിനാല്‍ കഥയെന്തായിരിക്കും എന്നതിനെക്കുറിച്ചൊന്നും സംശയമുണ്ടായിരുന്നില്ല. പക്ഷേ, അറിയാവുന്ന കഥ പുതുമയോടെ പറയുക എന്ന വെല്ലുവിളി വിജയിപ്പിക്കുന്നതില്‍ സംവിധായകന്‍ വംശി പൈദിപ്പള്ളി വിജയിച്ചിട്ടുണ്ട്. ഈ സിനിമയുടെ നേട്ടവും അതുതന്നെ.

കഴുത്തിന് താഴേക്കു തളര്‍ന്നു പോയ ശതകോടീശ്വരനും അയാളുടെ കെയര്‍ടേക്കറായെത്തുന്ന ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനും ചേര്‍ന്നാല്‍ എന്തു സംഭവിക്കും? അതാണ് ഈ സിനിമ. നാഗാര്‍ജ്ജുന -കാര്‍ത്തി ജോഡിയുടെ കെമിസ്ട്രിയെക്കുറിച്ചാണ് സിനിമ ഇറങ്ങുന്നതിനു മുമ്പ് എല്ലാവരും ചര്‍ച്ച ചെയ്തത്. ആ ചര്‍ച്ചയാണ് ശരിയാണെന്ന് ബോദ്ധ്യപ്പെടുന്നതാണ് ബോക്‌സോഫീസില്‍ കിലുക്കമായി മാറുന്നത്.

thozha2

ശരീരം തളര്‍ന്ന കോടീശ്വരന്‍ വിക്രമാണ് നാഗാര്‍ജ്ജുന. കെയര്‍ടേക്കറായെത്തുന്ന സീനുവിന്റെ റോളില്‍ കാര്‍ത്തിയും. നാഗാര്‍ജ്ജുനയും കാര്‍ത്തിയും ചേര്‍ന്ന് പോലീസിനെ വെട്ടിച്ചു നടത്തുന്ന അതിവേഗ കാറോട്ടത്തിലും പിന്നീടിരുവരും ചേര്‍ന്ന് പോലീസിനെ കബളിപ്പിച്ച് തങ്ങളുടെ എസ്‌കോര്‍ട്ടാക്കി മാറ്റുന്നതിലുമാണ് സിനിമ തുടങ്ങുന്നത്. പിന്നെ കഥ വികസിക്കുന്നത് ഫഌഷ് ബാക്കില്‍.

പെട്ടെന്നു പണക്കാരനാവാന്‍ വേണ്ടിയുള്ള മോഷണശ്രമത്തിനിടെ പിടിയിലായി ജയിലിലാവുന്ന സീനു നാലു മാസത്തെ പരോളില്‍ പുറത്തിറങ്ങിയ ആളാണ്. നാലുമാസം നല്ലവനായി നടന്നാല്‍ ശിക്ഷ ഇളവുകിട്ടുമെന്ന വ്യവസ്ഥ പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിക്രമിന്റെ കെയര്‍ടേക്കര്‍ പണിക്കുള്ള ഇന്റര്‍വ്യൂവിന് അവനെ എത്തിക്കുന്നത്. ഒന്നിനെയും കൂസാത്ത സീനുവിന്റെ ഊര്‍ജ്ജസ്വലത വിക്രമിനെ ആകര്‍ഷിക്കുന്നു. അതേസമയം കൊട്ടാരം പോലത്തെ വീടും വിക്രമിന്റെ സെക്രട്ടറി കീര്‍ത്തിയുമാണ് സീനുവിനെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. വ്യത്യസ്ത കാരണങ്ങളാല്‍ ഒത്തുചേരുന്നുവെങ്കിലും പിന്നീട് ഇവര്‍ തമ്മില്‍ ഉടലെടുക്കുന്ന അപൂര്‍വ്വബന്ധമാണ് സിനിമയുടെ കാതല്‍.

പ്രധാന കഥാതന്തുവിനു സമാന്തരമായി പ്രണയവും വരുന്നുണ്ട്. പ്രണയമില്ലാതെ എന്തു തമിഴ്, തെലുങ്ക് സിനിമ? സ്‌ക്രീനില്‍ കളര്‍ നിറയ്ക്കുന്നതിനുള്ള പ്രധാന ചുമതല തമന്ന ഭാട്യയ്ക്കാണ്. വിക്രമിന്റെ സെക്രട്ടറി കീര്‍ത്തിയുടെ റോളാണ് അവര്‍ക്ക്. ഗസ്റ്റ് റോളുകളില്‍ എത്തുന്ന അനുഷ്‌ക ഷെട്ടി, ശ്രീയ ശരണ്‍, ദക്ഷിണാഫ്രിക്കന്‍ മോഡല്‍ ഗബ്രിയേല ഡിമട്രിയാഡസ്, ഐറ്റം ഡാന്‍സുമായി എത്തുന്ന മൊറോക്കന്‍-കനേഡിയന്‍ താരം നോറ ഫത്തേഹി എന്നിവരും കളറുകള്‍ തന്നെ. ഇതോടൊപ്പം ജയസുധയുമായി ചേര്‍ന്ന് കാര്‍ത്തിയുടെ അമ്മ-മകന്‍ ബന്ധം കേന്ദ്രമാകുന്ന മറ്റൊരു കഥാതന്തുവുമുണ്ട്. എല്ലാം ഒരുമിച്ചു കൊണ്ടുപോകാനാവുന്നു എന്നതാണ് സംവിധായകന്റെ വിജയം.

വിക്രമിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ പ്രസാദിന്റെ റോളിലെത്തുന്ന പ്രകാശ് രാജിന്റേത് ഗൗരവസ്വഭവാമുള്ള വേഷമാണെങ്കിലും കാര്‍ത്തിയുമായി ചേര്‍ന്ന് അദ്ദേഹം ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നുണ്ട്. റോഡ്‌സൈഡ് റോമിയോ ടൈപ്പ് റോളുകള്‍ ചെയ്യാന്‍ ഇപ്പോഴത്തെ നിലയില്‍ കാര്‍ത്തിയെക്കാള്‍ മികച്ചൊരു നടനില്ല എന്നു തന്നെ പറയാം. പക്ഷേ, എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. നാഗാര്‍ജ്ജുന എന്ന നടനെ സ്‌ക്രീനില്‍ കാണാനില്ല. വിക്രം ആദിത്യ എന്ന കഥാപാത്രമേയുള്ളൂ.

thozha3

മലയാളികള്‍ ഈ സിനിമയെ അധികം ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. നാഗാര്‍ജ്ജുനയുടെ വീട്ടുവേലക്കാരി ലക്ഷ്മിയമ്മയുടെ റോളില്‍ വരുന്ന നമ്മുടെ സ്വന്തം കല്പനയുടെ അവസാന ചിത്രമാണ് ‘തോഴാ’ എന്ന ‘ഊപിരി’. തമിഴ് പോസ്റ്ററുകളില്‍ സഹതാരങ്ങള്‍ക്ക് വലിയ റോള്‍ കിട്ടാത്തതാവാം ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണം. ഈ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയപ്പോഴാണ് മരണം അനുഗ്രഹീത നടിയെ തട്ടിയെടുത്തത്. പതിവുപോലെ തന്റെ അവസാന റോളും കല്പന മനോഹരമാക്കിയിരിക്കുന്നു. മറ്റാരുടെയോ ശബ്ദത്തിലാണ് കല്പന സംസാരിക്കുന്നത് എന്ന വസ്തുത അവരുടെ അസാന്നിദ്ധ്യം ശരിക്കും അനുഭവപ്പെടുത്തുന്നുണ്ട്. വിശേഷിച്ചും കരിയറിന്റെ തുടക്കം മുതല്‍ അവസാനം വരെ സ്വന്തം ശബ്ദത്തില്‍ മാത്രം സംസാരിച്ച നടിയാണെന്ന് നമുക്ക് അറിയുന്ന സാഹചര്യത്തില്‍.

സംഗീതത്തിലാണ് മറ്റൊരു മലയാളിസ്പര്‍ശം. ഗോപീസുന്ദറിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും ഹൃദ്യമാണ്. തന്റെ ഫാസ്റ്റ് നമ്പരുകള്‍ക്കൊപ്പം താളമിടാന്‍ തിയേറ്ററിലെ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതില്‍ ഗോപി വിജയിച്ചു. കഥാസന്ദര്‍ഭത്തിന്റെ പിരിമുറുക്കം ചോരാത്ത വിധത്തില്‍ പശ്ചാത്തലമൊരുക്കിയ ഗോപി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. മലയാളത്തെക്കാള്‍ മികവ് ഈ മലയാളി പ്രകടിപ്പിക്കുന്നത് അന്യഭാഷയിലാണോ എന്നു പോലും സംശയം തോന്നിപ്പിക്കുന്നുണ്ട് ‘തോഴാ’. ‘പുതിയ നിയമം’, ‘കലി’ എന്നീ സിനിമകളില്‍ ഗോപീസുന്ദറിന്റെ ശരാശരി പ്രകടനമാണ് ഈ സംശയം ജനിപ്പിക്കുന്നത്. പി.എസ്.വിനോദിന്റെ ഛായാഗ്രഹണവും കെ.എല്‍.പ്രവീണിന്റെ ചിത്രസംയോജനവും സിനിമയുടെ സാങ്കേതികത്തികവിന് കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

യഥാര്‍ത്ഥ കഥാതന്തുവില്‍ നിന്നേറെ വ്യതിചലിച്ചാണ് വംശി തന്റെ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോക്‌സ് ഓഫീസ് വിജയത്തിന് മസാല അനിവാര്യമാകുമ്പോള്‍ അതു ചേര്‍ക്കാതെ നിവൃത്തിയില്ല. സിനിമയുടെ തുടക്കത്തിലും പിന്നെ പാരീസിലും തിരക്കേറിയ റോഡിലും‍ അരങ്ങേറുന്ന കാറോട്ട മത്സരങ്ങള്‍ അതിന്റെ ആവേശം ചോര്‍ന്നുപോകാതെ സ്‌ക്രീനിലെത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒരു ഹൈലൈറ്റായി ഈ മത്സരങ്ങള്‍ മാറിയിട്ടുമുണ്ട്. മത്സരത്തില്‍ അന്തിമവിജയം നായകനായിരിക്കും എന്നറിയാമെങ്കിലും നമ്മള്‍ പ്രേക്ഷകരെ ഉദ്വേഗത്തിലാക്കാന്‍ ചടുലരംഗങ്ങള്‍ക്കു സാധിക്കുന്നുണ്ട്. മൂന്നു മണിക്കൂറോളമുള്ള ഈ സിനിമ ബോറടിപ്പിക്കുന്നില്ല എന്നത് വലിയ കാര്യം തന്നെയാണ്.

തെലുങ്കിലെ സൂപ്പര്‍ നാഗാര്‍ജ്ജുനയും തമിഴിലെ സൂപ്പര്‍ കാര്‍ത്തിയും ചേരുമ്പോള്‍ അതൊരു വിജയകൂട്ടുകെട്ടായി മാറുന്നു. മലയാളത്തിലെ സൂപ്പര്‍ മോഹന്‍ലാലും തമിഴിലെ സൂപ്പര്‍ വിജയും ഒരുമിച്ച ‘ജില്ല’ സമാനമായൊരു പരീക്ഷണമായിരുന്നു. പക്ഷേ, മോഹന്‍ലാല്‍ -വിജയ് കെമിസ്ട്രിയെക്കാള്‍ ഒരു പടി മുകളിലാണ് നാഗ്-കാര്‍ത്തി കെമിസ്ട്രി. ഒരു പക്ഷേ, കഥാതന്തുവിലെ വ്യത്യാസമാകാം കാരണം. ഒരു ആരാധകന്‍ എന്ന നിലയില്‍ ‘തോഴാ’ എന്നെ തൃപ്തിപ്പെടുത്തി.

മലയാളത്തില്‍ നല്ല കളക്ഷന്‍ നേടുന്ന അന്യഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ ‘തോഴാ’ ഇടം നേടുമെന്നുറപ്പ്. നന്മ പ്രസരിപ്പിക്കുന്ന ഈ സിനിമ ഒരിക്കല്‍ക്കൂടി കാണണം എന്ന ആഗ്രഹം ജനിപ്പിക്കുന്നുണ്ട് എന്നതു തന്നെ കാരണം. A feel good movie after a long time.

Previous articleആവേശിക്കുന്ന കലി
Next articleചരിത്രവായന
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here