HomeJOURNALISMഎന്റെ ആദ്യ മു...

എന്റെ ആദ്യ മുഖ്യപത്രാധിപര്‍

-

Reading Time: 5 minutes

“ഹ ഹ ഹ ഹ ഹ…”

മണി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലേക്ക് ഓടിയെത്തുക സ്വയം മറന്നുള്ള ഈ പൊട്ടിച്ചിരിയാണ്. അ‍ടഞ്ഞുകിടക്കുന്ന വലിയ വാതിലിനപ്പുറത്തെ ചിരി പലപ്പോഴും അരിച്ചിറങ്ങി ഇപ്പുറത്ത് ഞങ്ങളുടെ കര്‍ണ്ണപുടങ്ങളില്‍ അലയടിക്കും. അപ്പോള്‍ ബാബു സാര്‍ പറയും -“ചീഫ് ഇന്ന് മൂഡിലാണല്ലോ!!”

‘ചീഫ്’ -അങ്ങനെയാണ് ബാബു സാര്‍ മുഖ്യപത്രാധിപരെ വിശേഷിപ്പിച്ചിരുന്നത്. അതെ, അദ്ദേഹം ശരിക്കും ‘ചീഫ്’ തന്നെയായിരുന്നു. എല്ലാത്തിന്റെയും ചീഫ്. എല്ലാവരുടെയും ചീഫ്.

എം.എസ്.മണിയുടെ ഭൗതികശരീരം കുമാരപുരത്തെ വീട്ടില്‍

കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പത്രക്കുറിപ്പു കൊടുക്കാന്‍ പേട്ടയിലെ കൗമുദി ഓഫീസില്‍ പല തവണ കയറിയിറങ്ങിയിട്ടുണ്ട്. പക്ഷേ അന്ന്, 1997 ഡിസംബര്‍ 1 തിങ്കളാഴ്ച കടന്നു ചെല്ലുമ്പോള്‍ അതുവരെ ഇല്ലാതിരുന്ന എന്തോ പ്രത്യേകതയുണ്ടായിരുന്നു. എന്റെ ഗുരുനാഥന്‍ എന്‍.ആര്‍.എസ്.ബാബുവിനെ കാണാനാണ് ഞാനവിടെ എത്തിയത്. “ഡേയ്, തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് എന്റെ ഓഫീസില്‍ വരണം” എന്ന തൊട്ടുമുന്നിലത്തെ ശനിയാഴ്ച കണ്ടപ്പോള്‍ സാറില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശമനുസരിക്കുകയാണ് എന്റെ ലക്ഷ്യം.

കലാകൗമുദിയുടെ പത്രാധിപരാണ് ബാബു സാര്‍. പുറത്തുനിന്ന് റിസപ്ഷനിലെത്തി നേരെ കയറുന്നത് അദ്ദേഹത്തിന്റെ മുറിയിലാണ്. അനുവാദം വാങ്ങി അകത്തുകയറി. സാര്‍ എന്തോ വായിച്ചിരിക്കുകയാണ്. മൂക്കിലെ കണ്ണടയ്ക്കു മുകളിലൂടെ അദ്ദേഹം എന്നെയൊന്ന് പാളി നോക്കി. മുന്നിലെ കസേരയിലേക്കു വിരല്‍ ചൂണ്ടി. അവിടെ സാറിന്റെ മുന്നിലുള്ള കസേരകളിലൊന്നില്‍ അരച്ചന്തിയുറപ്പിച്ച് ഇരുന്നു.

ബാബു സാറിനെ ക്ലാസ്സില്‍ ഇടയ്ക്കൊക്കെ കാണുന്നതാണെങ്കിലും അന്ന് എന്തോ ഒരു അപരിചിത ഭാവം. എ.സിയുടെ തണുപ്പിലും ഞാന്‍ വിയര്‍ക്കുന്നതായി തോന്നി. ഞാനവിടെ ഉള്ളതായിപ്പോലും ഭാവിക്കാതെ സാര്‍ വായന തുടരുന്നു. പെട്ടെന്ന് അവിടെയൊരു പൊട്ടിച്ചിരി മുഴങ്ങി -“ഹ ഹ ഹ ഹ ഹ…” ഞാന്‍ ഞെട്ടിപ്പോയി. തൊട്ടടുത്ത മുറിയില്‍ നിന്നാണ്. എന്റെ ഭാവമാറ്റം ബാബു സാര്‍ ശ്രദ്ധിച്ചു. അദ്ദേഹം എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. പിന്നീട് അരികിലെ വാതിലിനു നേര്‍ക്കും. “സാരമില്ല.. ചീഫ് അപ്പുറത്ത് മീറ്റിങ് കൂടുന്നതാണ്.”

ചീഫ് എന്നു ബാബു സാര്‍ പറയണമെങ്കില്‍ അതു മണി സാറിനെക്കുറിച്ചായിരിക്കും എന്നു മനസ്സിലാക്കാനുള്ള ജേര്‍ണലിസ്റ്റിക് നോളജ് അപ്പോഴേക്കും ഞാന്‍ സ്വായത്തമാക്കിയിട്ടുണ്ടായിരുന്നു. അന്ന് കേരള കൗമുദിയും കലാകൗമുദിയും ഒന്നാണ്. എം.എസ്.മണി എന്ന പ്രഗത്ഭനാണ് കേരള കൗമുദിയുടെയും കലാകൗമുദിയുടെയും ചീഫ് എഡിറ്റര്‍. അന്നാദ്യമായി മണി സാറിനെ ഞാന്‍ “നേരിട്ടറിഞ്ഞു”, ശബ്ദത്തിലൂടെ. ആ വാതിലിനപ്പുറമാണ് ചീഫ് എഡിറ്റര്‍ എം.എസ്.മണിയുള്ളതെന്നും അവിടെ അപ്പോള്‍ നടക്കുന്നത് കേരള കൗമുദി എന്ന വലിയ പത്രത്തിന്റെ എഡിറ്റോറിയല്‍ മീറ്റിങ് ആണെന്നുള്ളതും മനസ്സിലായി. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു കൗതുകമെന്നതിനെക്കാളേറെ അത്ഭുതമായിരുന്നു.

രണ്ടു പത്രാധിപന്മാര്‍ക്കിടയിലെ ആ വാതിലിനുള്ള പ്രാധാന്യം കലാകൗമുദിയില്‍ പിന്നീടുള്ള എന്റെ ഒന്നര വര്‍ഷക്കാലത്തെ ജീവിതത്തിനിടെ നന്നായി ബോദ്ധ്യപ്പെട്ടു. ആ വാതില്‍ തുറന്ന് ബാബു സാറും മണി സാറും നേരിട്ട് ആശയവിനിമയം നടത്തുകയാണെങ്കില്‍ ആ ആഴ്ചത്തെ വാരികയിലൂടെ എന്തെങ്കിലും പൊട്ടിത്തെറി പ്രതീക്ഷിക്കാം. ഒരു തല മാത്രം അകത്തേക്കിട്ട് എന്റെ പത്രാധിപര്‍ അത്തരത്തില്‍ ആശയവിനിമയം നടത്തുമ്പോള്‍ മാത്രമാണ് ഒരു മിന്നായം പോലെ മുഖ്യപത്രാധിപരെ ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെ ആ വാതിലിനെയും ഞാന്‍ ബഹുമാനിച്ചു തുടങ്ങി.

ഇടയ്ക്ക് മുഴങ്ങിയിരുന്ന ഉച്ചത്തിലുള്ള ചിരിയുടെ പ്രതിധ്വനിയിലൂടെ മുഖ്യപത്രാധിപരുടെ സാന്നിദ്ധ്യം അവിടെ ഞാനറിഞ്ഞു, അനുഭവിച്ചു. അവിടുള്ള കാലമത്രയും ചീഫിനെ മുഖാമുഖം വരാതിരിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിച്ചു. മുന്നില്‍പ്പെടുമ്പോള്‍ സാര്‍ എന്തെങ്കിലും ചോദിച്ചാലോ? എന്തു പറയും? സാറിനോട് എന്തെങ്കിലും പറഞ്ഞാല്‍ അതു വിഡ്ഡിത്തമായാലോ? ആശങ്കകള്‍ പല വിധത്തിലായിരുന്നു. മൗനം വിദ്വാനു മാത്രമല്ല, മന്ദനും ഭൂഷണമാണല്ലോ! തുടക്കക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം അത്രമാത്രം ഉയരങ്ങളിലായിരുന്നു മണി സാര്‍ അന്ന്. ഇന്നും അങ്ങനെ തന്നെ.

കലാകൗമുദിയെ ജീവിതകാലം മുഴുവനും മറക്കാന്‍ പറ്റില്ല. പിന്നീട് പല സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവെങ്കിലും എന്റെ കൈയിലുള്ള ‘പത്രപ്രവര്‍ത്തന’ത്തിന്റെ അടിസ്ഥാനം കലാകൗമുദിയില്‍ പണിതതാണ്. അടിസ്ഥാനം നന്നായാല്‍ കെട്ടിടത്തിന് ഉറപ്പേറുമല്ലോ! എനിക്ക് എന്തെങ്കിലും കാര്യത്തില്‍ ഉറപ്പുണ്ടെങ്കില്‍ അത് അവിടെ നേടിയതാണ്. കലാകൗമുദിയില്‍ പഠിച്ചതു മാത്രമേ ഇപ്പോഴും കൈയിലുള്ളൂ എന്നു പറഞ്ഞാലും തെറ്റില്ല. അവിടെ പഠിച്ച കാര്യങ്ങള്‍ പരിപോഷിപ്പിക്കാന്‍ പില്‍ക്കാലത്ത് മാതൃഭൂമിയും ഇന്ത്യാവിഷനുമൊക്കെ സഹായിച്ചിട്ടുണ്ട് എന്നും പറയാം.

പ്രൊഫ.ഒ.എന്‍.വി.കുറുപ്പിനൊപ്പം എന്‍.ആര്‍.എസ്.ബാബു (ഫയല്‍ ചിത്രം)

കലാകൗമുദി വാരിക സമൂഹത്തില്‍ വളരെ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്ന കാലത്താണ് എനിക്കവിടെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യമുണ്ടായത്. വായന കുറച്ചുകൂടി ശക്തമായിരുന്ന കാലം. അതിനാല്‍ത്തന്നെ ഡോ.സുകുമാര്‍ അഴീക്കോട്, എം.പി.നാരായണപിള്ള, മാധവിക്കുട്ടി, കെ.എല്‍.മോഹനവര്‍മ്മ, പെരുമ്പടവം ശ്രീധരന്‍, കണിയാപുരം രാമചന്ദ്രന്‍ എന്നിവരുടെയൊക്കെ രചനകള്‍ “കൈകാര്യം” ചെയ്യാന്‍ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്തു തന്നെ എനിക്ക് അവസരമുണ്ടായി. മാധവിക്കുട്ടിയും മോഹനവര്‍മ്മയും ചേര്‍ന്നെഴുതിയ ‘അമാവാസി’ എന്ന നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ ആവേശവും പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റപ്പോഴുള്ള ആദ്യ അഭിമുഖവും രാമനാഥപുരം കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ മനുഷ്യന്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് നേരിട്ടു കണ്ട് തരിച്ചുനിന്നതുമെല്ലാം ഇന്നും മനസ്സില്‍ മായാതെയുണ്ട്. ബാബു സാറിന്റെ നേതൃത്വത്തിലുള്ള കലാകൗമുദിയില്‍ കലയിലും സാഹിത്യത്തിലും ഒരുപോലെ കഴിവു തെളിയിച്ച കള്ളിക്കാട് രാമചന്ദ്രന്‍, ഇ.വി.ശ്രീധരന്‍, ആര്‍.വേണുഗോപാല്‍, ഡോ.ടി.കെ.സന്തോഷ് കുമാര്‍ തുടങ്ങിയവരായിരുന്നു സഹപ്രവര്‍ത്തകര്‍.

പേട്ടയിലെ ഓഫീസില്‍ എന്റെ ഇരിപ്പിടത്തിന് തൊട്ടടുത്തായിരുന്നു വെള്ളിനക്ഷത്രം ഡെസ്‌ക്. അവിടെ പ്രസാദ് ലക്ഷ്മണ്‍ ആയിരുന്നു ചുമതലക്കാരന്‍. കൂടെ ബീനാരഞ്ജിനിയും സിന്ധുവും. ഇവരില്‍ നിന്നെല്ലാം എനിക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. വെള്ളിനക്ഷത്രം ലേഖകരാണെങ്കിലും വല്ലപ്പോഴും മാത്രം വന്നുപോകുന്ന പിറവന്തൂര്‍ സുരേഷേ്, യേശുദാസ് വില്യം എന്നിവരുമുണ്ടായിരുന്നു അവിടെ. സുരേഷേട്ടനോടും യേശുവിനോടും ഉണ്ടായിരുന്നത് വലിയ ആരാധനയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ എപ്പോള്‍ വേണമെങ്കിലും വിളിക്കാനും ചെന്നു കാണാനും ശേഷിയുള്ള വലിയ ആളുകള്‍!! ഫോട്ടോ കമ്പോസിങ്ങില്‍ കലാകൗമുദിയും വെള്ളിനക്ഷത്രവുമെല്ലാം ലേ ഔട്ട് ചെയ്തിരുന്ന രഞ്ജിത്, ജോഷി എന്നിവരില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ പഠിച്ചത്. കേരള കൗമുദി ഫോട്ടോഗ്രാഫര്‍മാരായിരുന്ന എന്‍.ശങ്കരന്‍കുട്ടി, എസ്.എസ്.റാം എന്നിവരില്‍ നിന്ന് അല്പം ‘പടംപിടിത്തം’ പഠിച്ചു.

കരുത്തന്മാര്‍ നിറഞ്ഞതായിരുന്നു അന്നത്തെ കേരള കൗമുദി ബ്യൂറോ. എം.എം.സുബൈര്‍, കെ.ബാലചന്ദ്രന്‍, എം.ബി.സന്തോഷ്, വി.എസ്.രാജേഷ്. പ്രസന്നകുമാര്‍ തുടങ്ങിയവരൊക്കെ വാര്‍ത്തകള്‍ അമ്മാനമാടുന്നത് ഫോട്ടോകമ്പോസിങ് വാതില്‍ക്കല്‍ നിന്ന് വെറുമൊരു ശിശുവായ ഞാന്‍ കൗതുകത്തോടെ നോക്കിയിട്ടുണ്ട്. കേരള കൗമുദി ഡെസ്കിലുമുണ്ടായിരുന്നു എ.പി.വിശ്വനാഥനെയും പിറവന്തൂര്‍ ശശിധരനെയും പി.ഫസലുദ്ദീനെയും പോലുള്ള പ്രഗത്ഭര്‍. ഇതിനെല്ലാം മുകളില്‍ പടര്‍ന്നു പന്തലിച്ച വന്മരമായിരുന്നു മണി സാര്‍. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനു മുന്നില്‍പ്പെടാതെ മാറി നടന്നിരുന്നതും.

ഒടുവില്‍ മണി സാറിനു മുന്നില്‍ ചെന്നു ഞാന്‍ ചാടുക തന്നെ ചെയ്തു. അപ്പോഴേക്കും ഞാന്‍ കലാകൗമുദിയില്‍ നിന്ന് മാതൃഭൂമിയിലെത്തിയിരുന്നു. 2011ലാണ്, മണി സാറിന്റെ സപ്തതി ആഘോഷ വേള. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ നിന്ന് അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല എനിക്കായിരുന്നു. സാറിനെ പോയി കണ്ടു, ഓര്‍മ്മ പുതുക്കി. നിറഞ്ഞ സ്നേഹത്തോടെ സാര്‍ തോളില്‍ തട്ടി അനുഗ്രഹിച്ചു. സപ്തതി സദ്യയും ഉണ്ടു. ഇതായിരുന്നു ആ വാര്‍ത്ത.

ആശംസാ പ്രവാഹവുമായി
അക്ഷരപ്രഭുവിന്റെ സപ്തതി

തിരുവനന്തപുരം: കലാകൗമുദി സ്ഥാപക പത്രാധിപര്‍ എം.എസ്.മണിയുടെ സപ്തതി വേളയില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിന് സ്‌നേഹോഷ്മളമായ ആശംസകള്‍ നേരാനെത്തി. മണിയുടെ വസതിയായ കുമാരപുരത്തെ കൗമുദി ഗാര്‍ഡന്‍സില്‍ എത്തിയവരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി വയലാര്‍ രവി, ജ്ഞാനപീഠ ജേതാവ് പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു.

രാവിലെ എട്ടരയോടെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സപ്തതി ആശംസകളുമായി ആദ്യമെത്തിയത്. പിന്നാലെ ചലച്ചിത്രതാരം ജദഗീഷെത്തി. തുടര്‍ന്ന് എം.എസ്.മണിയുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായവരുടെ പ്രവാഹമായി.

ഉച്ചയോടെ കേന്ദ്രമന്ത്രി വയലാര്‍ രവിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആശംസകള്‍ അര്‍പ്പിക്കാനെത്തി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ മണിയുമായുള്ള ബന്ധം പിന്നീട് കൂടുതല്‍ ദൃഢമായ കാര്യം ഉമ്മന്‍ചാണ്ടി ഓര്‍മിച്ചു. വിമര്‍ശിക്കുമ്പോഴും അത് നല്ലതിനുവേണ്ടിയായിരിക്കണമെന്ന നിര്‍ബന്ധമാണ് ഈ പത്രാധിപരുടേത്. മണിയുടെ പത്രപ്രവര്‍ത്തന ജീവിതം സമൂഹത്തിന്റെ ഗുണത്തിനും നന്മയ്ക്കും വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ സ്വന്തം വീട്ടിലെ ചടങ്ങാണിതെന്നു പറഞ്ഞാണ് വയലാര്‍ രവി ആശംസകള്‍ നേര്‍ന്നത്. പത്രപ്രവര്‍ത്തനത്തിന്റെ പുതിയ പല മേഖലകളും ശൈലിയും കണ്ടെത്തിയ വ്യക്തിയാണ് മണി. ഓരോ രാഷ്ട്രീയക്കാരുടേയും ചെറിയ തെറ്റുകള്‍പോലും ചൂണ്ടിക്കാട്ടി അവ തിരുത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടെന്നും കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ അതിനാല്‍ത്തന്നെ മണിയോടു കടപ്പാടുള്ളവരായിരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

തന്റെ ഗുരു കൂടിയായ ഒ.എന്‍.വി. വസതിയിലെത്തി ആശീര്‍വദിച്ചത് മണിയെ വികാരഭരിതനാക്കി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്ര കുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചു. ഹേമലത ചന്ദ്രന്‍, പി.വി.നിധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.ബി.ഗണേഷ്‌കുമാര്‍, കെ.ബാബു, ഷിബു ബേബി ജോണ്‍, കെ.സി.ജോസഫ്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, എ.സമ്പത്ത് എം.പി, സുരേഷ്‌കുറുപ്പ് എം.എല്‍.എ, മേയര്‍ കെ.ചന്ദ്രിക, ആര്‍.എസ്.പി. ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഢന്‍, സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്ണപിള്ള, ചലച്ചിത്ര താരങ്ങളായ മധു, നെടുമുടി വേണു, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, ടി.കെ.രാജീവ്കുമാര്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കവികളായ സുഗതകുമാരി, പഴവിള രമേശന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ഐ.ജി. കെ.പദ്മകുമാര്‍, ജസ്റ്റീസ് ഡി.ശ്രീദേവി, കെ.പി.മോഹനന്‍ തുടങ്ങി അനേകം പേര്‍ സപ്തതി ആഘോഷങ്ങളില്‍ പങ്കെടുത്ത് ആശംസകളര്‍പ്പിച്ചു.


പിന്നീട് പലവട്ടം മണി സാറിനെ കണ്ടു. ഏറ്റവും ഒടുവില്‍ കണ്ടത് സ്വദേശാഭിമാനി -കേസരി പുരസ്കാരം അദ്ദേഹത്തിന് പ്രഖ്യാപിക്കപ്പെട്ട വേളയിലാണ്. ചില പുരസ്കാരങ്ങൾ, അപൂർവ്വമായെങ്കിലും അവ അർഹിക്കുന്ന കൈകളിൽ ചെന്നു ചേരുമ്പോൾ കൂടുതൽ അർത്ഥവത്താകുന്നു. എം.എസ്.മണിയിലൂടെ സ്വദേശാഭിമാനി പുരസ്‌കാരത്തിന് കൈവന്നത് ആ അര്‍ത്ഥപൂര്‍ണ്ണതയാണ്.

പത്രപ്രവര്‍ത്തനത്തില്‍ ലഭ്യമായ മികച്ചൊരു പാഠപുസ്തകമാണ് എം.എസ്.മണി. പക്ഷേ, അദ്ദേഹത്തെ അനുകരിക്കാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല, സാധിക്കുകയുമില്ല. സാധാരണക്കാര്‍ക്ക് അനുകരിക്കാനാവുന്നതിനും അപ്പുറത്തെ ഉയരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മഹാമേരു. മലയാള പത്രപ്രവര്‍ത്തനത്തില്‍ എം.എസ്.മണിക്കു തുല്യം എം.എസ്.മണി മാത്രം. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. പക്ഷേ, എനിക്ക് അദ്ദേഹത്തെ ഓര്‍ക്കാനിഷ്ടം വലിയ ശരീരമുള്ള, ഉച്ചത്തില്‍ ചിരിക്കുന്ന, നിറയെ സ്‌നേഹമുള്ള മനുഷ്യനായിട്ടാണ്. എന്റെ ആദ്യ മുഖ്യപത്രാധിപരായിട്ടാണ്!

എം.എസ്.മണി, എന്‍.ആര്‍.എസ്.ബാബു എന്നിവരുടെ ഗണത്തില്‍ ബഹുമാനം “പിടിച്ചുവാങ്ങിയ” ഒരു പത്രാധിപരേ പിന്നീട് ജീവിതത്തിലുണ്ടായിട്ടുള്ളൂ -മാതൃഭൂമിയില്‍ കെ.ഗോപാലകൃഷ്ണന്‍. ഇവരെയൊക്കെ നമ്മള്‍ അറിയാതെ ബഹുമാനിച്ചുപോകും!!

മണി സാര്‍ മറഞ്ഞു. ചില നഷ്ടങ്ങള്‍ നികത്താവുന്നവയല്ല. അങ്ങനെ നികത്താനാവാതെ പോകുമ്പോഴാണല്ലോ ആ നഷ്ടം സവിശേഷമാവുന്നത്. മണി സാറിന് ആദരാഞ്ജലികള്‍.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights