ടെലിവിഷന്‍ സ്‌ക്രീനില്‍ മനോരമ ന്യൂസ് ചാനല്‍. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസായി പോകുന്നു. സീനിയര്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജീനാ പോളാണ് വാര്‍ത്താ അവതാരക. ലോകപ്രശസ്തനായ ഒരു കായികതാരം അന്തരിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ കായിക മന്ത്രിയോട് പ്രതികരണം ചോദിക്കും. അദ്ദേഹം പ്രതികരിക്കും. നമ്മുടെ കായിക മന്ത്രി ഇ.പി.ജയരാജനെ വിളിച്ചു. ഇനി സ്‌ക്രീനിലേക്ക്.
ജീന പോള്‍: ഇപ്പോള്‍ സംസ്ഥാനത്തെ കായികമന്ത്രി ഇ.പി.ജയരാജന്‍ നമ്മോടൊപ്പം ചേരുന്നു. ശ്രീ.ഇ.പി.ജയരാജന്‍, മുഹമ്മദലി എന്ന ഇതിഹാസം വിടവാങ്ങിയിരിക്കുന്നു. ആ ഇതിഹാസത്തെക്കുറിച്ചുള്ള ഓര്‍മ്മ താങ്കള്‍ക്ക് എങ്ങനെയാണ് പങ്കുവെയ്ക്കാനുള്ളത്?
ഇ.പി.ജയരാജന്‍ (ഒരു സംശയവുമില്ലാതെ): മുഹമ്മദലി അമേരിക്കയില്‍ വെച്ചു മരിച്ചുവെന്ന വാര്‍ത്ത ഇപ്പോഴാണ് ഞാനറിയുന്നത്. കേരളത്തിലെ കായികരംഗത്ത് ഒരു പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികരംഗത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി നമ്മുടെ കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്താന്‍, ലോകരാഷ്ട്രങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കേരളത്തിന്റെ ദുഃഖം, കായികലോകത്തിന്റെ ദുഃഖം ഞാനറിയിക്കുകയാണ്.
ജീന പോള്‍: വളരെയധികം നന്ദി മിനിസ്റ്റര്‍. മുഹമ്മദലി വിടവാങ്ങിയിരിക്കുന്നു….
ജയരാജന്‍ പറഞ്ഞതു കേട്ടിട്ട് ഒരു പ്രതികരണവുമില്ലാതെ, ശബ്ദവ്യത്യാസം പോലുമില്ലാതെ നിര്‍നിമേഷയായി വാര്‍ത്താ അവതരണം തുടര്‍ന്ന ജീനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇക്കാര്യത്തില്‍ വിവരമുള്ള ആരും പൊട്ടിച്ചിരിച്ചുപോകും. കൂടുതലൊന്നും ചോദിക്കാതെ ജീന സംഭാഷണം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കില്‍ മുഹമ്മദലിക്ക് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ കബറടക്കം കൂടി ജയരാജന്‍ പ്രഖ്യാപിക്കുമായിരുന്നു!
ന്നാലും ന്റെ മിനിസ്റ്ററേ!!
മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ടെലി ഇന്‍ വിളിക്കുമ്പോള്‍ ആരാണ് മരിച്ചതെന്നു ചോദിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണ്ടേ? വിളിക്കുന്നവര്‍ തന്നെ പറഞ്ഞുകൊടുക്കും. മരിച്ചയാളുടെ സംഭാവനകള്‍ തനിക്കറിയില്ല എന്നതിനാല്‍ പ്രതികരിക്കുന്നില്ല എന്നു പറയാം. പ്രതികരിപ്പിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ ഡെസ്‌കില്‍ നിന്ന് വിളിച്ച് വ്യക്തമായി കാര്യം പറഞ്ഞുകൊടുക്കുകയും അതനുസരിച്ച് പിന്നീട് ടെലി ഇന്‍ വിളിക്കുമ്പോള്‍ അതിഥിയായ മന്ത്രി പ്രതികരിക്കുകയും ചെയ്യും. ഇത്തരം എളുപ്പ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ ജയരാജന്‍ എങ്ങനെയാണാവോ കുഴിയില്‍ ചാടിയത്! മുഹമ്മദലി മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണെന്നു കൂടി അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ തികഞ്ഞു.
കെ.ബി.ഗണേഷ് കുമാര്‍ കായിക മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ എന്തോ കൂടോത്രം ചെയ്തിട്ടാണ് ഇറങ്ങിപ്പോയതെന്നു തോന്നുന്നു. പിന്നീട് ആ കസേരയിലിരിക്കുന്നവരെല്ലാം കിളി പോയ അവസ്ഥയിലാ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കായിക വകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ മുഴുവന്‍ ഞങ്ങള്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാകരയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന്റെ പ്രധാന നഷ്ടം തിരുവഞ്ചൂര്‍ ഫലിതങ്ങള്‍ ഇല്ലാതായി എന്നതാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയല്ലാതായതിന്റെ സങ്കടം ഇതോടെ തീര്‍ന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റിലോഡഡ്!!
തിരുവഞ്ചൂര്‍ ജയരാജന്‍!!!