Reading Time: 3 minutes

എന്‍.എസ്.എസ്സിന് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനെ വിമര്‍ശിച്ച് ഞാനെഴുതിയ കുറിപ്പിന്റെ തുടര്‍ച്ചയാണിത്. എന്റെ പേര് ജാതി വ്യക്തമാക്കുന്നില്ലെങ്കിലും മകന്റെ പേരില്‍ ജാതി വ്യക്തമാക്കാനുള്ള ത്വര ഞാന്‍ പ്രകടിപ്പിക്കുന്നതായി ഒരു സുഹൃത്ത് വിമര്‍ശിച്ചു കണ്ടു. അതിനൊരു വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.

ജാതി എന്നത് ഒരു സത്യമാണ്. അത് അവഗണിക്കാനാവില്ല. ഒരു കല്യാണം നടക്കുമ്പോഴും മരണം നടക്കുമ്പോഴുമെല്ലാം ജാതിസ്വത്വം ഉയര്‍ന്നുവരാറുണ്ട്. ജാതിയില്ലാതെ ജീവിച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബന്ധുക്കള്‍ ജാതീയമായി തന്നെ കാര്യങ്ങള്‍ ചെയ്യും. ജാതിയും മതവുമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കാര്യത്തില്‍ എത്രയോ തവണ ഇതു സംഭവിച്ചിരിക്കുന്നു. വിശ്വാസം, അതല്ലേ എല്ലാം. എന്റെ കാര്യം പറയാം. എന്റെ പേരില്‍ നിന്ന് ജാതി മനസ്സിലാവാതെ എത്രയോ പേര്‍ അച്ഛന്റെ പേര് ചോദിച്ചിട്ടുണ്ട്, ജാതി മനസ്സിലാക്കാന്‍.

എന്റെ സുഹൃത്തുക്കളില്‍ എല്ലാ ജാതിക്കാരുമുണ്ട്, നായന്മാര്‍ മാത്രമല്ല. സുഹൃത്തുക്കളെല്ലാവരും വീട്ടില്‍ വരാറുണ്ട്, ഭക്ഷണം കഴിക്കാറുണ്ട്. നായന്മാര്‍ക്ക് മാത്രം സ്വര്‍ണ്ണത്തളികയില്‍ നല്‍കിയിട്ട് ബാക്കിയുള്ളവര്‍ക്ക് മുറ്റത്ത് കുഴികുത്തിയല്ല ഭക്ഷണം നല്‍കുന്നത്. ഞാന്‍ മറ്റുള്ളവരുടെ വീട്ടില്‍ പോകുമ്പോഴും എന്നെ ആരും ജാതീയമായി പരിഗണിച്ചിട്ടില്ല. ജാതിക്കതീതമായി ചിന്തിക്കുന്നവര്‍ മാത്രം എന്റെ കൂട്ടുകാരായാല്‍ മതി എന്ന തീരുമാനം ആദ്യമേയെടുത്തിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി.

നിങ്ങളൊക്കെ കരുതുന്നതിനെക്കാള്‍ വലിയ തോതിലാണ് ജാതിയുടെ സ്വാധീനം. ഏതാണ്ട് 20 വര്‍ഷം പഴക്കമുള്ള കഥ പറയാം. യൂണിവേഴ്‌സിറ്റി കോളേജില്‍ എന്നോടൊപ്പം എം.എയ്ക്ക് പഠിച്ച ഒരു സുഹൃത്തുണ്ട്. അവളുടെ പേര് പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പറയുന്നില്ല. ആള്‍ നായരാണ്. നായര്‍ മുതല്‍ മുകളിലേക്കുള്ളവരുമായി മാത്രമേ കൂട്ടുകൂടാവൂ എന്ന വ്യവസ്ഥയിന്മേലാണ് അവളുടെ മുത്തശ്ശി പഠിക്കാന്‍ വിട്ടിരിക്കുന്നത്. നായരല്ലാത്ത ആരുമായെങ്കിലും കൂടിയാല്‍ കുളിച്ചിട്ടേ വീട്ടില്‍ കയറാവൂ എന്നായിരുന്നു മുത്തശ്ശിയുടെ വ്യവസ്ഥ. ഇതിനാല്‍ത്തന്നെ ഒപ്പം പഠിച്ചിരുന്ന മറ്റെല്ലാവരുടെയും വീട്ടില്‍ ഞങ്ങള്‍ സംഘമായി ഇടിച്ചുകയറിയിട്ടുണ്ട്, അവളുടെ വീട്ടിലൊഴികെ. പക്ഷേ, ഞങ്ങളെല്ലാവരുടെയും വീട്ടില്‍ അവള്‍ വന്നിട്ടുണ്ട്. അടുത്തിടെ അവള്‍ പുതിയ വീട്ടില്ലേക്ക് ഞങ്ങള്‍ പഴയ സഹപാഠികളെ ക്ഷണിച്ചു. ‘നിന്റെ മുത്തശ്ശി ഞങ്ങളെ പറപ്പിക്കും’ -ഞങ്ങള്‍ കളിയാക്കി. ‘കുഴപ്പമില്ലെടാ, മുത്തശ്ശിയൊക്കെ എന്നേ മരിച്ചു’ -അവളുടെ വാക്കുകളില്‍ ആശ്വാസം നിഴലിച്ച പോലെ തോന്നി. ജാതിയുടെ പിടിയില്‍ നിന്നു മോചിതയായതിന്റെ ആശ്വാസം.

എന്റെ കുഞ്ഞിന്റെ പേര് എന്നത് എന്റെ മാത്രം തീരുമാനമല്ല. ഞാന്‍ എന്റെ മകനെ സ്‌നേഹിക്കുന്നതു പോലെ അവനെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ കുടുംബത്തിലുണ്ട്. എല്ലാവരും കൂടിയാണ് പേര് നിശ്ചയിച്ചത്. അവിടെ എന്റെ എതിര്‍പ്പിന് പരിമിതിയുണ്ട്. മുമ്പ് ഔദ്യോഗികാവശ്യത്തിന് ചൈന സന്ദര്‍ശിച്ച വേളയില്‍ എന്റെ വി.എസ്. എന്ന ഇനിഷ്യല്‍സ് വല്ലാത്ത പൊല്ലാപ്പ് സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സംഘാംഗമായി അവിടെയെത്തിയ ഞാന്‍ ശ്യാംലാല്‍ ആയിരുന്നില്ല, മിസ്റ്റര്‍ വിക്രമന്‍ നായര്‍ ശ്യാമളകുമാരി എസ്. ആയിരുന്നു. അന്നു തീരുമാനിച്ചതാണ്, എന്റെ കുഞ്ഞിന് ഇനിഷ്യല്‍സ് ഉണ്ടാവില്ലെന്ന്. അതു മാത്രമായിരുന്നു ഞാന്‍ വെച്ച നിബന്ധന. ജാതി എന്നൊരപകടം സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചില്ല.

എന്റെ ഭാര്യയും ഞങ്ങളുടെ രണ്ടാളുടെയും അച്ഛനമ്മമാരും ബന്ധുക്കളുമൊക്കെ ചേര്‍ന്ന് ന്യൂമറോളജി ഒക്കെ നോക്കിയാണ് മകന്റെ പേര് നിശ്ചയിച്ചത്. ന്യൂമറോളജി പോലുള്ള കാര്യങ്ങളില്‍ എനിക്കൊരു നിലപാടേ ഉള്ളൂ -അവര്‍ വിശ്വസിക്കരുതെന്ന് ഞാന്‍ പറയില്ല. അതുപോലെ ഞാന്‍ വിശ്വസിക്കണമെന്ന് അവരും പറയരുത്. മറ്റൊരുദാഹരണം പറയാം. എന്റെ ഭാര്യവീട്ടുകാര്‍ സായിബാബയുടെ വലിയ ഭക്തരാണ്. ഞാന്‍ സായിബാബയുടെ ഏറ്റവും വലിയ വിമര്‍ശകനും.

‘പണ്ടൊരു കള്ളന്‍ സായിബാബ
ഭസ്മം വാരി വിതറിയ പോല്‍
ഇവിടൊരു വി.സി. വിളനിലവും
ഡിഗ്രികള്‍ വാരി വിതറുന്നേ
അമ്പേ നിന്റെ തൊലിക്കട്ടി
കരുണാകരനും തോറ്റുപോകും
കാണ്ടാമൃഗവും തോറ്റുപോകും’

കോളേജ് കാലത്ത് വിളിച്ച മുദ്രാവാക്യം തമാശയ്ക്ക് ആവര്‍ത്തിച്ച് ഇടയ്ക്ക് ചൊടിപ്പിക്കാറുണ്ടെങ്കിലും അവരുടെ വിശ്വാസത്തെ ഞാന്‍ എതിര്‍ക്കാറില്ല. പുട്ടപര്‍ത്തിയില്‍ കൊണ്ടുപോകണമെന്ന ആവശ്യം ഞാന്‍ എത്രയോ തവണ നിര്‍ദാക്ഷിണ്യം നിരാകരിച്ചിരിക്കുന്നു.

വളരെക്കാലം കാത്തിരുന്നു കിട്ടിയതായതിനാല്‍ ഞങ്ങളുടെ മകന്റെ മുകളില്‍ എല്ലാ ബന്ധുക്കളും അവരുടേതായ അവകാശം സ്ഥാപിച്ചിട്ടുണ്ട്. അവരുടെ വിശ്വാസപ്രകാരമാണ് പ്രണവ് എന്ന പേരിലെത്തിയത്. ഇനീഷ്യല്‍ പറ്റില്ല എന്ന എന്റെ വ്യവസ്ഥ പ്രകാരം പ്രണവ് ലാല്‍ എന്ന പേരാണ് ആദ്യം പരിഗണിച്ചത്. നടുവിലൊരു ‘എസ്’ ചേര്‍ക്കാന്‍ എന്റെ അമ്മ പരമാവധി ശ്രമിച്ചുവെങ്കിലും ഞാന്‍ സമ്മതിച്ചില്ല. അത് ഏതാണ്ട് തീര്‍പ്പാക്കിയപ്പോഴാണ് ഭാര്യയുടെ ഒരു മാമന്‍ കയറി വന്നത്. പ്രണവ് ലാല്‍ എന്ന പേരു കേട്ടപാടെ അദ്ദേഹത്തിന്റെ കമന്റ് -‘ഇത് നമ്മുടെ മോഹന്‍ലാലിന്റെ മകന്റെ പേരല്ലേ. അയ്യേ. കോപ്പിയടിയെന്ന് എല്ലാവരും പറയും.’ കുന്നിനു മുകളിലേക്ക് വളരെ കഷ്ടപ്പെട്ട് ഉരുട്ടിക്കയറ്റിയ കല്ല് ഒറ്റയടിക്ക് താഴേക്കുരുണ്ടു. വീണ്ടും ചര്‍ച്ച. ഭാര്യയുടെ പേര് ദേവിക പണിക്കര്‍. പ്രണവ് പണിക്കര്‍ ആയാലോ? ‘ഒരു ഗും പോരാ’ എന്ന് എന്റെ പ്രതികരണം. അതാ വരുന്നു അടുത്ത നിര്‍ദ്ദേശം -പ്രണവ് നായര്‍. അമ്മ അപ്പോഴും ‘എസ്’ ചേര്‍ക്കാന്‍ നോക്കി -പ്രണവ് എസ്.നായര്‍. ‘എസ്’ ഒഴിവാക്കാനുള്ള എന്റെ തത്രപ്പാടിനിടെ നായര്‍ കയറിപ്പോയി. എല്ലാവര്‍ക്കും സ്വീകാര്യം. ഞാന്‍ എതിര്‍ത്തു നോക്കി. പക്ഷേ, പ്രണവ് നായര്‍ മൃഗീയ ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടു.

പ്രണവ് ‘നായര്‍’ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പേര് മാത്രമാണ്. മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല. അങ്ങനെയാവില്ല. മതവും ജാതിയും സത്യമായ സമൂഹത്തില്‍ പേരില്‍ നിന്നു മാത്രം ജാതി മാറ്റിനിര്‍ത്തിയതുകൊണ്ട് വലിയ പ്രയോജനമില്ല എന്നു വിചാരിച്ച് സ്വയം സമാധാനിക്കുന്നു.

ഏതായാലും വളരുമ്പോൾ പേരിലെ ‘നായര്‍’ വേണമെങ്കിൽ എന്റെ മകന് ഉപേക്ഷിക്കാം. ആ പേര് അവന്റെ തലയിൽ കെട്ടിയേല്പിച്ചവരുടെ തീരുമാനം അച്ഛനായ എനിക്ക് ബാദ്ധ്യതയാണെങ്കിലും അവന് അല്ലല്ലോ. ആ വാൽ ഉപേക്ഷിക്കാൻ പ്രാപ്തനാക്കും വിധം പുരോഗമനവാദിയായി അവനെ വളർത്തിയെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും.

Previous articleഎന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?
Next articleഅക്കൗണ്ട് എന്ന മരീചിക
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

1 COMMENT

  1. ഹ ഹ ഹ ഒരുപക്ഷേ കുഞ്ഞിനുപേരിട്ടതിന്റെ കാരണവും നിസ്സഹായതയും ഇത്രമേൽ വിശദീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ പിതാവായിരിക്കും താങ്കൾ .. ജാതിപ്പേര് പറയുന്നത് എന്തോ ഒരു അപരാധമാണെന്നും വളരെ മോശമാണെന്നും താങ്കൾ വിശ്വസിച്ചുപോയിരിക്കുന്നു. ജാതി ഒരിക്കലും ഒരു അപമാനമായി തോന്നേണ്ടകാര്യമില്ല. പക്ഷേ അതിനെ ദുരുപയോഗപ്പെടുത്തുകയും മറ്റുള്ളവരെ വിഷമിപ്പിക്കുന്നരീതിയിൽ ഉപയോഗപ്പെടുത്തുംമ്പോഴുമാണ് എതിർക്കേണ്ടത്. ഞാൻ നാട്ടിലെ പേരുകേട്ട ഒരു നായർകുടുമ്പത്തിലെ അങ്ങമാണ്. മറ്റുള്ളജാതിക്കാരെ അർഹിക്കുന്ന പരിഗണനയിൽ കാണുകയും അവരോടുസഹകരിക്കുന്നതും കണ്ടാണ്‌ ഞാൻ വളർന്നത്‌, എന്നാലും താങ്കളെപോലെ എന്നിലും ചെറുപ്രായത്തിൽ ഇത്തരം ചിന്തകൾ ഉടലെടുത്തു. എന്നാൽ കാലമേറെകഴിഞ്ഞപ്പോൾ ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലായി. കാരണം സമൂഹത്തിൽ ബഹുപൂരിപക്ഷംപേരും ജാതിയെ അംഗീകരിക്കുന്നു. പണ്ടുകാലംതൊട്ട് മനുഷ്യരുടെയിടയിൽ ജാതിതിരിച്ച് പ്രത്യേകം പ്രത്യേകം വ്യവസ്ഥകളും അവകാശങ്ങളും കുലത്തൊഴിലുകളും ക്രമീകരിക്കുകയും അതിന്റെതായിട്ടുള്ള ബഹുമാനം അവരവർക്ക് നൽകുകയുമുണ്ടായിരുന്നു. അത് മനുഷ്യകുലത്തിന്റെ നിലനിൽപ്പിനുതന്നെ അത്യന്താപേക്ഷിതവുമായിരുന്നു. അതുകൊണ്ടുണ്ടായ നേട്ടം ഓരോ തൊഴിലിനും അതീവസമൃദ്ധരായ ആൾക്കാർ ഉണ്ടായിരുന്നു എന്നതാണ്. കാരണം അവരവർ അവരവരുടെ കുലത്തൊഴിലിനെ ദൈവീകവും ഉപജീവനവുമായി കണ്ട് പരിപോഷിപ്പിച്ചിരുന്നു. നമ്മളുകൊയ്യും വയലുകളെല്ലാം നമ്മുടെതായപ്പോൾ വയലുമില്ല ജന്മിയുമില്ല കൊയ്തുകാരുമില്ല നമ്മുടെ ആവാസവ്യവസ്ഥിതിതന്നെ താറുമാറായി. എല്ലാം ബഗാളിമയം.. അവർ വന്നുവന്ന് ജനജീവിതത്തിനുതന്നെ ഭീഷണിയായിരിക്കുന്നു.. ഇനിയുമെന്തെല്ലാം കാണാൻകിടക്കുന്നു. അതിനാൽ താങ്കളുടെ കുടുമ്പം മറ്റുള്ളജാതിക്കാരെ അർഹിക്കുന്ന പരിഗണനയിൽ കാണുകയും അവരെ വിഷമിപ്പിക്കുകയും ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും താങ്കളുടെ ജാതിയിൽ അഭിമാനിക്കൂ…

COMMENTS