ലയണല്‍ മെസ്സി..
നീയെന്തിന് പോകണം?
നേടിയ കിരീടങ്ങളുടെ പേരിലല്ല നിന്നെ ഞാന്‍ നെഞ്ചിലേറ്റിയത്.
ഒരു തോല്‍വിയുടെ പേരില്‍ നിരാശനായി നീ പിന്‍വാങ്ങി.
അവിടെ വീണുടയുന്നത് എന്റെ മനസ്സിലെ വിഗ്രഹം.
നീ എന്നോടിത് ചെയ്യരുതായിരുന്നു.
കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന തോറ്റു.
മെസ്സി, നിനക്കു വേദനയുണ്ടാകും.
നിര്‍ണ്ണായകമായ പെനാല്‍റ്റി പാഴാക്കിയതിന്റെ കുറ്റബോധം.
അതാണ് നിന്നെക്കൊണ്ടിതു പറയിപ്പിച്ചത്.
രാജ്യത്തിനുവേണ്ടി കളിച്ച് എനിക്ക് മതിയായി.
ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു.
ഫൈനലിലെത്തിയിട്ടും എനിക്കു ജയിക്കാനാവാതെ പോയത് നാലു തവണ.
സാദ്ധ്യമായതെല്ലാം ഞാന്‍ ചെയ്തു.
മറ്റാരെക്കാളും ഇതെന്നെ വേദനിപ്പിക്കുന്നു.
ഇതെനിക്കുള്ളതല്ലെന്ന് വീണ്ടും വ്യക്തമാകുന്നു.
രാജ്യത്തിനു വേണ്ടി കിരീടം നേടാന്‍ മറ്റാരെക്കാളും ഞാന്‍ ആഗ്രഹിക്കുന്നു.
പക്ഷേ, അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍..
അതാണ്..
നാലു ഫൈനലുകള്‍ തോറ്റു.
ആ നിമിഷത്തില്‍ നിനക്കു തോന്നിയ അതിവൈകാരികത എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
മെസ്സി ഞാന്‍ പറയുന്നു, 28 വയസ്സ് വിരമിക്കാനുള്ള പ്രായമല്ല.
എന്റെ നാട്ടിലൊരു മഹാനായ കളിക്കാരനുണ്ട് -സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍.
ഞങ്ങളുടെ ഇഷ്ടവിനോദമായ ക്രിക്കറ്റിലെ ദൈവം.
ക്രിക്കറ്റില്‍ നേടാവുന്നതെല്ലാം ഈ കൊച്ചു മനുഷ്യന്‍ നേടി, ലോക കിരീടമൊഴികെ.
ലോക കപ്പ് നേടാനുള്ള അദ്ദേഹത്തിന്റെ 5 ശ്രമങ്ങള്‍ പരാജയപ്പെട്ടു.
ഓരോ തവണയും കാലിടറുമ്പോള്‍ നിരാശനാവാതെ വീണ്ടും പരിശ്രമിച്ചു.
ആറാം വട്ടം 2011ല്‍ അദ്ദേഹമത് കൈവരിച്ചു. അപ്പോള്‍ പ്രായം 38 വയസ്സ്!!
നിന്നെപ്പോലെ ആയിരുന്നുവെങ്കില്‍ എത്രയോ വര്‍ഷം മുമ്പ് അദ്ദേഹം കളി നിര്‍ത്തുമായിരുന്നു.
ഒരു കാലത്ത്, സച്ചിന്‍ പുറത്തായാലുടന്‍ ടെലിവിഷന്‍ ഓഫ് ചെയ്ത് എഴുന്നേറ്റു പോകുന്ന സ്വഭാവം മറ്റു പലരെയും പോലെ എനിക്കുമുണ്ടായിരുന്നു.
ഒറ്റയാള്‍പട്ടാളമായിരിക്കുമ്പോഴും അദ്ദേഹം തന്റെ ടീമിനെ തള്ളിപ്പറഞ്ഞില്ല, രാജ്യത്തെയും.
കളിയില്‍ നിന്നു വിരമിച്ച് വര്‍ഷങ്ങള്‍ക്കു ശേഷവും സച്ചിന്‍ എന്റെ ആരാധനാപാത്രമാണ്.
സച്ചിനിലെ പോരാളിയെയാണ് ഞാന്‍ ആദരിക്കുന്നത്.
പ്രിയ മെസ്സി. നിനക്ക് റോജര്‍ ഫെഡററെ അറിയില്ലേ?
നിന്നെപ്പോലായിരുന്നുവെങ്കില്‍ ഈ മനുഷ്യന്‍ എന്നെ വിരമിക്കണമായിരുന്നു.
ഫെഡററുടെ വീട്ടിലെ ഷെല്‍ഫിലില്ലാത്ത കിരീടങ്ങളില്ല.
പക്ഷേ, ഒളിമ്പിക് സ്വര്‍ണ്ണം മാത്രം പൂര്‍ത്തീകരിക്കാത്ത മോഹമാണ്.
സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി ഒളിമ്പിക് സ്വര്‍ണ്ണം തേടി ഫെഡറര്‍ ഇറങ്ങിയത് 4 തവണ.
ഇക്കൊല്ലം റയോ ഡി ജനെയ്‌റോയില്‍ അഞ്ചാം തവണ ശ്രമിക്കാന്‍ അദ്ദേഹം വരുന്നു.
പ്രായം 35 വയസ്സ്!! ഇപ്പോഴും ലോക മൂന്നാം നമ്പര്‍ താരം!!!
ആര്‍ക്കും തകര്‍ക്കാനാവാത്ത പോരാട്ടവീര്യം.
വിട്ടുകൊടുക്കാന്‍ ഫെഡറര്‍ തയ്യാറല്ല.
ഫുട്ബാള്‍ മനോഹരമായ കളിയാണെന്ന് പെലെ പറഞ്ഞിട്ടുണ്ട്.
കളിക്കളത്തില്‍ ആ വാക്കുകള്‍ക്ക് അടിവരയിടുന്നവനാണ് മെസ്സി.
ഏതു തലത്തിലായാലും ഫുട്ബാളെന്നാല്‍ എനിക്കു നീയാണ്.
സിദാനും ഫിഗോയും റൗളും റൊണാള്‍ഡോയും ബെക്കാമുമൊക്കെ കളിച്ചപ്പോള്‍ റയല്‍ മാഡ്രിഡായിരുന്നു എന്റെ ഇഷ്ട ടീം.
റൊണാള്‍ഡീന്യോ കളിച്ചിരുന്ന ബാഴ്‌സലോണയായിരുന്നു അന്ന് പ്രധാന എതിരാളികള്‍.
മാഡ്രിഡിനെ വിട്ട് ഞാന്‍ ബാഴ്‌സലോണയെ പ്രണയിച്ചു തുടങ്ങാന്‍ കാരണക്കാരന്‍ നീയാണ്.
ഫുട്ബാള്‍ എന്നത് ടീം ഗെയിമാണ്.
എന്നാലിത് സ്വാര്‍ത്ഥന്മാരുടെ കളിയാണ്.
നിസ്വാര്‍ത്ഥനാണെന്നത് മെസ്സിയെ വ്യത്യസ്തനാക്കുന്നു.
കളിയിലെ മികവിലൂടെ സ്വാര്‍ത്ഥനായി ഗോളുകള്‍ വാരാന്‍ മെസ്സിക്കെളുപ്പമാണ്.
പക്ഷേ, നീ മറ്റുള്ളവര്‍ക്ക് അവസരമൊരുക്കി നല്‍കുന്നു.
താന്‍ എന്നതിനെക്കാള്‍ ടീം എന്നതിനാണ് നിനക്ക് പ്രാധാന്യം.
ലോകത്തെ മികച്ച കളിക്കാരനായിരിക്കുക, അതു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് സമ്മതിക്കുന്നു.
നിന്റെ അലമാരയിലെ 5 സ്വര്‍ണ്ണപന്തുകള്‍ മികവിന്റെ സാക്ഷ്യപത്രങ്ങളായുണ്ട്.
5 തവണ ലോകത്തെ മികച്ച ഫുട്ബാളര്‍.
അര്‍ജന്റീനയുടെ ടോപ് സ്‌കോറര്‍.
സ്പാനിഷ് ലീഗിലെ ടോപ് സ്‌കോറര്‍.
ബാഴ്‌സലോണയുടെ ടോപ് സ്‌കോറര്‍.
ചാമ്പ്യന്‍സ് ലീഗില്‍ 4 കിരീടം.
സ്പാനിഷ് ലീഗില്‍ 8 കിരീടം.
മെസ്സി എന്നാല്‍ പലര്‍ക്കും മിശിഹ.
പക്ഷേ, നീ തോറ്റോടിയിരിക്കുന്നു.
കളിയിലെ കണക്കുകള്‍ മെസ്സിയുടെ മികവിന് നിദാനങ്ങളാണ്.
ഒരു പക്ഷേ, ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കണക്കുകള്‍.
ക്ലബ്ബിലെ മികവ് രാജ്യത്തിനു നല്‍കുന്നില്ലെന്ന് പലരും പറയുന്നു.
പക്ഷേ, ഓരോ തവണയും അര്‍ജന്റീനയെ ഫൈനലിലെത്തിച്ചത് നീയാണെന്ന് അവര്‍ മറന്നു.
3 തവണ കോപ അമേരിക്കയിലും 1 തവണ ലോക കപ്പിലും.
ഫൈനലില്‍ അര്‍ജന്റീന തോറ്റിരിക്കാം. പക്ഷേ, ഫൈനല്‍ വരെ എത്തിച്ചത് മെസ്സിയാണ്.
പിന്നെന്തിന് നീ ഒളിച്ചോടണം?
മെസ്സി, പിന്മാറുന്നതാണ് ടീമിന് നല്ലതെന്ന് നീ കരുതുന്നുണ്ടാവാം.
പക്ഷേ, അതല്ല സത്യം.
നിന്റെ തീരുമാനം അനവസരത്തിലുള്ളതാണ്.
മെസ്സി, നീ മാറഡോണയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു.
പ്രതിഭയുടെ കാര്യത്തില്‍ മാറഡോണയെക്കാള്‍ മെസ്സി വലിയവനായിരിക്കാം.
പക്ഷേ, മാറഡോണയുടെ പോരാട്ടവീര്യവും കൂര്‍മ്മബുദ്ധിയും നിനക്കില്ല.
മാറഡോണ നിന്നെക്കാള്‍ മഹാനാകുന്നത് അതിനാലാണ്.
ഇളം നീലയും വെള്ളയും ഇടകലര്‍ന്ന കുപ്പായത്തില്‍ മെസ്സി ഇനിയില്ലെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
തീരുമാനം മാറ്റി നീ തിരിച്ചുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നീ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, മറ്റനേകര്‍ക്കൊപ്പം..
ഇത് മെസ്സിക്കു വേണ്ടി തന്നെ എഴുതിയ കത്താണെങ്കില്‍, ഇത്ര കുത്ത് വാക്കുകള്‍ വേണ്ടായിരുന്നു.
“വിഗ്രഹം വീണുടഞ്ഞു”, “തോറ്റോടി”, “ഒളിച്ചോടി”, “കൂര്‍മബുദ്ധിയും പോരാട്ടവീര്യവും ഇല്ലായ്മ”, “മറഡോണ മെസ്സിയെക്കാള്‍ മഹാന്‍”, “ടീമിനെയും രാജ്യത്തെയും തള്ളിപറയുക” ഒക്കെ..
ഇതൂ പോലത്തെ ഒട്ടനേകം വിമര്‍ശനങ്ങള്‍ക്കു ഇനിയും ഇടം കൊടുക്കാതിരിക്കാനല്ലേ മെസ്സി സ്വയം മാറിയത്? മറഡോണ പോലും പറഞ്ഞു മെസ്സി personality ഇല്ലാത്തവന്‍ ആണെന്നും മറ്റും. മുറിവില്‍ ഏരി തേക്കാനെന്ന വണ്ണം റൊണാള്‍ഡോ ആണ് മികച്ചവന്‍ എന്നും പറഞ്ഞു. തോറ്റാല്‍ argentina ഇലേക്കു തിരിച്ചു വരണ്ട എന്നും. അത്രേം വേണമായിരുന്നോ?
മെസ്സി പറഞ്ഞ പോലെ റൌണ്ട് ഓഫ് 16 ഇല്‍ തോറ്റിട്ടൊന്നുമല്ലല്ലോ അവര്‍ പോകുന്നത്? ഈ വിമര്‍ശനങ്ങള്‍ കണ്ടാല്‍ തോന്നും ഇവര്‍ ഇപ്പൊ ബ്രസീലിന്റെ അവസ്ഥയിലാണെന്ന്.
സച്ചിന്‍റെ കാര്യം – അദ്ദേഹം വിരമിക്കുന്നില്ല എന്ന് പറഞ്ഞു എന്തൊരു ബഹളമായിരുന്നു. കടിച്ചു തൂങ്ങി കിടക്കുകയാണെന്നും, അടുത്ത generation നു ചാന്‍സ് കൊടുക്കുന്നില്ല എന്നും ഒക്കെ.
മെസ്സി തിരിച്ചു വരണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. വിമര്‍ശിക്കരുത് എന്നല്ല, പക്ഷെ അത് കുത്ത് വാക്കുകള്‍ കൊണ്ടാവുമ്പോ, അനവസരത്തില്‍ (ഇത്രേം വിഷമത്തില്‍ ആയ സമയത്ത്) ആവുമ്പോ, അതിനിയും കേള്‍ക്കാതെ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു.
ഇതു മെസ്സിക്കു വേണ്ടി എഴുതിയതാണെന്ന് ആരു പറഞ്ഞു. അര്‍ജന്റീനയുടെയും മെസ്സിയുടെയും ഒരു ആരാധകന്‍ എന്ന നിലയില്‍ എനിക്കു തോന്നിയത് കുറിച്ചിട്ടു. ആരാധനാപാത്രത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഏതു നിയമത്തിലാ എഴുതിവെച്ചിരിക്കുന്നത്?