അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പം ചില കേന്ദ്രങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നുണ്ട്. അതിനവര്‍ ആധാരമാക്കുന്നത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒരു പത്രക്കുറിപ്പാണ്. രാജ്യത്തെ തീവണ്ടി യാത്രകള്‍ സംബന്ധിച്ചാണ് ഈ പത്രക്കുറിപ്പിലുള്ളത്. ഇതുവെച്ച് അവര്‍ പ്രചരിപ്പിക്കുന്നു, അതിഥി തൊഴിലാളികള്‍ക്ക് യാത്ര കേന്ദ്ര സര്‍ക്കാര്‍ സൗജന്യമാക്കിയിട്ടുണ്ടെന്നും അവര്‍ക്കാരും ടിക്കറ്റ് വില്‍ക്കുന്നില്ലെന്നും.
- മെയ് 2ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.
- സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവരുന്നതോ സൗകര്യമേര്‍പ്പെടുത്തിയതോ ആയ യാത്രക്കാരെ മാത്രമേ റെയില്‍വേ സ്വീകരിക്കുന്നുള്ളൂ.
- വേറെ യാത്രക്കാര്‍ സംഘമായോ ഒറ്റയ്ക്കോ സ്റ്റേഷനില്‍ വരേണ്ടതില്ല.
- പ്രത്യേക തീവണ്ടികള്‍ ഓടുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ്.
- വേറെ യാത്രാ തീവണ്ടികളും സബര്‍ബന്‍ തീവണ്ടികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
- ഇപ്പോള്‍ ഒരു സ്റ്റേഷനിലും ടിക്കറ്റ് വില്പനയില്ല.
- സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരമല്ലാതെ ഒരു തീവണ്ടിയും റെയില്‍വേ ഓടിക്കുന്നില്ല.
പൊതുജനങ്ങളുടെ അറിവിലേക്കായി പറഞ്ഞ കാര്യം -ഒരു സ്റ്റേഷനിലും ടിക്കറ്റ് വില്പനയില്ല / No tickets being sold at any station -എന്നതു മാത്രം അടര്‍ത്തിയെടുത്താണ് അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റേയില്ല എന്നു പ്രചരിപ്പിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് വ്യാഖ്യാനം. എന്നാല്‍ സത്യം ഇതാണോ?
അതിഥി തൊഴിലാളികളുടെ ടിക്കറ്റ് സംബന്ധിച്ച ഉത്തരവ് No. TC-II/2020/Spl Trains-Covid-19 എന്ന നമ്പരില്‍ മെയ് 1നു തന്നെ റെയില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
ഉത്തരവില്‍ പറയുന്നത് ഇപ്രകാരം.
സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നതില്‍ യാത്രക്കാരില്‍ നിന്ന് താഴെപ്പറയും പ്രകാരം നിരക്ക് ഈടാക്കേണ്ടതാണ്.
സ്ലീപ്പര്‍ മെയില്‍ എക്സ്പ്രസ് നിരക്ക് + സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 30 രൂപ + അധിക ചാര്‍ജ്ജ് 20 രൂപ.
ഇതു കൊടുക്കാന്‍ തയ്യാറല്ലാത്ത ഒരുത്തനും അങ്ങോട്ടു ചെല്ലണ്ടാന്ന്.
പത്രക്കുറിപ്പനുസരിച്ചല്ല രാജ്യത്ത് കാര്യങ്ങള്‍ നടക്കുന്നത്, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യത്തിന്റെ സത്യാവസ്ഥ മനസ്സിലായല്ലോ? പച്ചക്കള്ളം പറയാനും പ്രചരിപ്പിക്കാനും ഒരു മടിയുമില്ലാത്ത ചില കൂട്ടങ്ങള്‍!!