HomeSOCIETYഹിന്ദു ഉണര്‍ന...

ഹിന്ദു ഉണര്‍ന്നു, ഇപ്പോ പൂരത്തല്ലാണ്..

-

Reading Time: 5 minutes

ഇതങ്ങനെ തന്നെയാണ് വരിക എന്ന് നേരത്തേ ഉറപ്പായിരുന്നു. അയ്യപ്പന്റെ പേരില്‍ കലാപമുണ്ടാക്കിയിരുന്ന ടീംസ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അയ്യപ്പനെ കൈയൊഴിഞ്ഞു. ഇപ്പോള്‍ സംഘബന്ധുക്കള്‍ ചേരിതിരിഞ്ഞ് അടികൂടുകയാണ്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറിവിളി. റെഡി ടു വെയ്റ്റ് ടീമില്‍പ്പെട്ട പദ്മ പിള്ള, ശങ്കു ടി.ദാസ് എന്നിവരൊക്കെ ഉള്‍പ്പെടുന്ന ഫേസ്ബുക്ക് പോരാളികള്‍ ഒരു ഭാഗത്തും യഥാര്‍ത്ഥ ഹിന്ദുത്വ വക്താക്കളെന്ന് അവകാശപ്പെടുന്ന മനോജ് മനയിലിനെയും ശരത് ഇടത്തിലിനെയും പോലുള്ളവര്‍ മറുഭാഗത്തുമായി പൊരിഞ്ഞ പോരാണ്. നാമജപത്തിന് ഇടതുപക്ഷം ചാര്‍ത്തിക്കൊടുത്ത തെറിജപം എന്ന വിശേഷണം ഇപ്പോള്‍ അക്ഷരംപ്രതി സത്യമാക്കിയിരിക്കുന്നു.

ആര്‍.വി.ബാബു

ആര്‍.എസ്.എസ്സുകാര്‍ക്ക് ആകെ ആശയക്കുഴപ്പമാണ്. ആചാരസംരക്ഷണമാണോ യുവതിപ്രവേശനമാണോ സംഘലക്ഷ്യമെന്ന് സാധാരണ പ്രവര്‍ത്തകര്‍ സംശയിച്ചുനില്‍ക്കുന്നു. ഈ ആശയക്കുഴപ്പത്തിനു മറുപടിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി.ബാബു തന്നെ രംഗത്തെത്തിയിട്ടുണ്ട് -‘സംഘനിലപാട് അന്നും ഇന്നും ഒന്നു തന്നെയാണ്. സ്ത്രീ പ്രവേശനമടക്കമുള്ള ഏത് ആചാരമാറ്റവും നടത്താമെന്നു തന്നെയാണ് സംഘത്തിന്റെ അഭിപ്രായം. ഇക്കാര്യം വിധി വന്നതിനു ശേഷം ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണ്’. അപ്പോള്‍പ്പിന്നെ ആചാരസംരക്ഷണമെന്ന പേരില്‍ ഈ കലാപം മുഴുവനുമുണ്ടാക്കിയത് എന്തിനായിരുന്നു? കാര്യങ്ങള്‍ ബോദ്ധ്യമാവുന്നുണ്ടല്ലോ, അല്ലേ?

അങ്ങോട്ടുമിങ്ങോട്ടും ചെളിയും ചാണകവും ഇപ്പോള്‍ ആനപ്പിണ്ടവും വാരിയെറിയുന്നതിനിടയില്‍ ആര്‍.എസ്.എസ്സിലെ പുതിയൊരു ഗ്രൂപ്പിനെക്കുറിച്ച് കേള്‍ക്കാനിടയായി -യോഹന്നാന്‍ ഗ്രൂപ്പ്. നമ്മുടെ കെ.പി.യോഹന്നാന്‍ തന്നെ. ചെറിയൊരു അമ്പരപ്പോടെയാണ് അതു കേട്ടത്. മോരും മുതിരയും ചേരുമോ? ന്യായമായ സംശയം. മതപരിവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ആര്‍.എസ്.എസ്. ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നയാളല്ലേ ഈ യോഹന്നാന്‍?

കെ.പി.യോഹന്നാന്‍

അമേരിക്കയിലെ ടെക്സസിലുള്ള വില്‍സ് പോയിന്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഭയാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ. 1978ല്‍ മലയാളിയായ കെ.പി.യോഹന്നാനാണ് ഇതു സ്ഥാപിച്ചത്. അമേരിക്കയ്ക്കു പുറമെ ഇന്ത്യ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ഈ സഭ വ്യാപിച്ചുകിടക്കുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭാഗമായ ബിലീവേഴ്സ് ചര്‍ച്ച് ഓഫ് കേരളയുടെ സ്വയപ്രഖ്യാപിത മെത്രാപ്പോലീത്തയാണ് യോഹന്നാന്‍. ശബരിമലയിലെ ആചാരലംഘനത്തിന്റെ തിരക്കഥയെഴുതിയത് ഈ യോഹന്നാന്‍ ആണെന്ന് സംഘികളില്‍ ഒരു വിഭാഗം ഉറച്ചുവിശ്വസിക്കുന്നു, പറയുന്നു, പ്രചരിപ്പിക്കുന്നു. പത്തനംതിട്ടയിലുള്ള യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം പണിയുന്നതിനാണ് ശബരിമലയുടെ വിലയിടിക്കുന്നത്രേ. ഇതിന് ആര്‍.എസ്.എസ്സിലെ ഒരു വിഭാഗം കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. യോഹന്നാനും ആര്‍.എസ്.എസ്സുമായി എന്തു ബന്ധം എന്ന ചോദ്യം സ്വാഭാവികം.

യോഹന്നാനുമായി ചേര്‍ത്തു വായിക്കപ്പെടുന്നത് ഹരിയേട്ടന്‍ എന്ന പേരാണ്. ഈ ഹരിയേട്ടന്‍ ചെറിയ പുള്ളിയല്ല. ആര്‍.എസ്.എസ്സിന്റെ കേരളത്തിലെ തലതൊട്ടപ്പന്മാരില്‍ ഒരാളാണ് ഹരിയേട്ടന്‍ എന്ന ആര്‍.ഹരി ഷേണായ്. ഉത്തരേന്ത്യയില്‍ ഇദ്ദേഹം അറിയപ്പെടുന്നത് ‘രംഗ ഹരി’ എന്ന പേരിലാണ്. കേരളത്തിലെ ആര്‍.എസ്.എസ്. താത്വികന്മാരില്‍ പി.പരമേശ്വരന്‍ കഴിഞ്ഞാല്‍ സ്ഥാനം ഹരിക്കാണ്. എളമക്കരയിലെ ആര്‍.എസ്.എസ്. ആസ്ഥാനമായ മാധവ നിവാസില്‍ വിശ്രമജീവിതം നയിക്കുന്ന ഈ മനുഷ്യനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും എന്ന നിലയിലാണ് 2 ചേരികള്‍ നാമജപക്കാര്‍ക്കിടയില്‍ രൂപമെടുത്തിരിക്കുന്നത്.

ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച പ്രേരണാകുമാരിയും സംഘവും ആര്‍.എസ്.എസ്. കുടുംബങ്ങളില്‍ നിന്നു വരുന്നവരാണ്. ആര്‍.എസ്.എസ്സിന്റെ അറിവോടും പിന്തുണയോടും കൂടി തന്നെയായിരുന്നു കേസ്. ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്നു തന്നെയായിരുന്നു സംഘ നിലപാട്. സുപ്രീം കോടതിയില്‍ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നപ്പോള്‍ ആര്‍.എസ്.എസ്. അതിനെ സ്വാഗതം ചെയ്യുകയും ബി.ജെ.പി. മുഖപത്രമായ ജന്മഭൂമി അത് ആഘോഷിക്കുകയും ചെയ്തത് ഈ സാഹചര്യത്തില്‍ തന്നെ.

ആര്‍.ഹരി ശ്രദ്ധേയനാവുന്നതും ഇവിടെയാണ്. ശബരിമലയില്‍ യുവതിപ്രവേശനം ആകാമെന്നു മാത്രമല്ല, പതിനെട്ടാം പടിയുടെ വീതി കൂട്ടണമെന്നും സാധാരണ ക്ഷേത്രങ്ങളിലേതു പോലെ വര്‍ഷം മുഴുവനും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നുമെല്ലാം അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ആര്‍.എസ്.എസ്സിന്റെ മുഖപത്രമായ കേസരിയില്‍ ഹരി ഈ അഭിപ്രായങ്ങള്‍ 14 ലക്കങ്ങളിലായി വിശദമായി എഴുതിയിടുകയും ചെയ്തിട്ടുണ്ട്. ഹരിക്കൊപ്പം നില്‍ക്കുന്നവരാണ് ജനം ടിവി പ്രോഗ്രാം ഹെഡ് മനോജ് മനയിലും കൂട്ടരും. ആര്‍.എസ്.എസ്. ബുദ്ധികേന്ദ്രങ്ങളായി അറിയപ്പെടുന്ന ടി.ജി.മോഹന്‍ദാസ് അടക്കമുള്ളവരും അങ്ങനെ തന്നെ.

സുപ്രീം കോടതി വിധി വന്നപ്പോള്‍ കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ അതിനെ സ്വാഗതം ചെയ്തുകൊണ്ടു രംഗത്തു വന്നതും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും കേസരിയില്‍ പ്രസിദ്ധീകരിച്ചുവന്ന ഹരിയുടെ ഈ നിലപാടുകള്‍ അടിസ്ഥാനമാക്കിയാണ്. ജന്മഭൂമിയില്‍ ശബരിമലയിലെ യുവതിപ്രവേശനത്തെ അനുകൂലിച്ച് എഡിറ്റോറിയല്‍ വന്നതും ഇതിന്റെ പേരില്‍ തന്നെ. ഹരിയുടെ നിലപാടുകള്‍ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പേരില്‍ ആര്‍.എസ്.എസ്സിന്റെ കേരളത്തിലെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പുസ്തമാക്കി മാറ്റി. നാമജപ സമരം നടക്കുന്നിടത്തെല്ലാം ഈ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ വില്പനയ്ക്കായി വെച്ചിരുന്നു എന്നതാണ് ഏറ്റവും രസകരം!

ആര്‍.ഹരിയുടെ പുസ്തകം വില്ക്കാന്‍ കുരുക്ഷേത്രയുടെ വെബ്‌സൈറ്റില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

പരിഷ്‌കരണം അതിജീവനത്തിന്റെ അനിവാര്യതയാണ്. കാലത്തേയും സാഹചര്യങ്ങളേയും അതിജീവിക്കാന്‍ പരിവര്‍ത്തനം കൂടിയേ കഴിയൂ. ഇതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്നതെന്തും കാലഹരണപ്പെടും. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ജീവിതമാരംഭിച്ച ഹിന്ദുസമൂഹം കാലാനുസൃതമായ പരിഷ്‌കരണങ്ങളിലൂടെയാണ് ജീവചൈതന്യം നിലനിര്‍ത്തിയത്. ഹിന്ദുവിന് ശ്രുതിയും സ്മൃതിയും ഒന്നല്ല. കാലാതീതമായ ശ്രുതികളെ നിലനിര്‍ത്തിക്കൊണ്ട് സ്ഥലകാല ബന്ധിതമായ സ്മൃതികളെ, ആചാരാനുഷ്ഠാനങ്ങളെ ധീരമായി പരിഷ്‌കരിച്ചതാണ് ഹിന്ദുസമൂഹത്തിന്റെ ചരിത്രം.

ദൈവം എഴുതിയതാണ്, അതുകൊണ്ടെന്റെ വിശ്വാസം അന്തിമമാണ് എന്നു ധരിക്കുന്നവരുമുണ്ട്. സ്വന്തം താല്പര്യസംരക്ഷണത്തിനുള്ള പരിചയായും മാറ്റമില്ലാത്ത കടുംവിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നവരുമുണ്ട്. ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള മേല്‍ക്കോയ്മ ആപല്‍ക്കരമാണ്. ഇതു നിലനിര്‍ത്തുന്നതില്‍ കപട മതേതരവാദികളുടെ ബോധപൂര്‍വമായ സംഭാവന എക്കാലത്തും ഉണ്ടായിട്ടുണ്ട്. വസ്ത്രധാരണത്തില്‍ പോലും സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. എത്ര വിവാഹമാകാമെന്ന് പുരുഷമേധാവി നിശ്ചയിക്കുന്നു. ബുദ്ധികൊണ്ടു ജീവിക്കുന്നവരാകട്ടെ ദീപസ്തംഭം മഹാശ്ചര്യക്കാരായി ഞെളിയുന്നു.

തെറ്റെന്നോ ഇക്കാലത്ത് അപ്രസക്തമെന്നോ ബോധ്യം വന്നാല്‍ തിരുത്താനും മടി കാണിച്ചിട്ടില്ല, ഹിന്ദു സമൂഹം. ഈ പാരമ്പര്യമനുസരിച്ച് ആധുനിക കാലഘട്ടത്തിനനുയോജ്യമായ സാമൂഹിക പരിഷ്‌കരണത്തിന് വിപ്ലവകരമായ ചില ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ ആര്‍ ഹരി. ഈ ആശയങ്ങളെ സമൂഹത്തിന്റെ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകളിലൂടെയാണ് സമവായം രൂപപ്പെടേണ്ടത്. ഈ വിഷയത്തിലുള്ള ഒരു തുറന്ന സംവാദത്തിന് അവസരം സൃഷ്ടിക്കുന്നതിന് ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന ലേഖന സമാഹാരം ഏറെ സന്തോഷത്തോടെ സമര്‍പ്പിക്കുന്നു.

ആര്‍.ഹരി

ഇതെല്ലാം യോഹന്നാനുമായി ബന്ധപ്പെടുന്നതെങ്ങനെ? ഹരിയുമായല്ല യോഹന്നാന് ബന്ധം. ഹരിയുടെ അനുജനുമായാണ്. രംഗ ഹരി ഷേണായ് എന്ന ആര്‍.ഹരിയുടെ അനുജനാണ് രംഗ ധനഞ്ജയ ഷേണായ് എന്ന ആര്‍.ഡി.ഷേണായ്. പ്രശസ്തനായ അഭിഭാഷകനാണ്. സംഘപരിവാറിന്റെ നിയമമേഖലയിലെ സാന്നിദ്ധ്യമായ അഭിഭാഷക പരിഷത്തിന്റെ മുതിര്‍ന്ന നേതാവാണ്. ഹരിയെപ്പോലെ ധനഞ്ജയനും കേസരിയില്‍ ലേഖനങ്ങളെഴുതും. സര്‍ക്കാര്‍ ഭൂമി കൈയേറിയും വ്യാജരേഖ ചമച്ചുമാണ് യോഹന്നാന്‍ ചെറുവള്ളി എസ്‌റ്റേറ്റ് കൈവശപ്പെടുത്തിയത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കേരളാ ഹൈക്കോടതിയില്‍ കേസുമുണ്ട്. ഗോസ്പല്‍ പോര്‍ ഏഷ്യയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഈ കേസ് വാദിക്കുന്നത് ആര്‍.ഡി.ഷേണായ് ആണ്. ശബരിമല ആചാരം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യോഹന്നാനുമായി ആര്‍.എസ്.എസ്സിലെ ഒരു വിഭാഗത്തിന് ബന്ധമുണ്ടെന്ന വാദം ഇതിനെ അടിസ്ഥാനമാക്കിയാണ്.

ശരിക്കും ആര്‍.എസ്.എസ്സിന്റെ നിലപാട് ശബരിമലയില്‍ ഹിന്ദുക്കളായ എല്ലാ സ്ത്രീകള്‍ക്കും കയറാനാവണം എന്നു തന്നെയാണ്. ഹരി പറഞ്ഞത് ഇതാണ്. സുപ്രീം കോടതി വിധി വന്നപ്പോഴും നിലപാട് ഇതു തന്നെയായിരുന്നു. എന്നാല്‍, റെഡി ടു വെയ്റ്റ് പ്രചാരണവുമായി സംഘത്തിലെ തന്നെ ചിലര്‍ ഫേസ്ബുക്കിലിറങ്ങി. പോകുന്നവര്‍ പൊയ്‌ക്കോട്ടെ, ഞങ്ങള്‍ 50 വയസ്സ് കഴിയുന്നവരെ കാത്തിരിക്കും എന്നായിരുന്നു ഈ കുലസ്ത്രീകളുടെ പ്രഖ്യാപനം. പ്രവീണ്‍ തൊഗാഡിയയുടെ കൂടിയ ഇനം ‘ഹിന്ദു’ക്കളായ പ്രതീഷ് വിശ്വനാഥനും ശ്രീരാജ് കൈമളുമെല്ലാം ഇവര്‍ക്കൊപ്പം കൂടി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ആകാശമിടിഞ്ഞുവീഴുമെന്ന് പെരുന്നയിലെ പോപ്പും പറഞ്ഞു.

ഈ പ്രചാരണം കാറ്റുപിടിക്കുന്നതു കണ്ടപ്പോള്‍ സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ ഇതൊരു സുവര്‍ണ്ണാവസരമാണെന്ന് ബി.ജെ.പിക്കും സംഘപരിവാറിനും മനസ്സിലായി. സുവര്‍ണ്ണാവസരം ഉറപ്പിക്കാന്‍ ശ്രിധരന്‍ പിള്ള നിലപാടുകളുടെ ഭണ്ഡാരക്കെട്ട് അഴിച്ചിട്ടു, ദിവസത്തിന് ഒരെണ്ണം എന്ന കണക്കില്‍. തലേദിവസം പറഞ്ഞത് പിള്ള അടുത്ത ദിവസം മറന്നു. യുവതിപ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റും ഡിലീറ്റി സുരേന്ദര്‍ജിയുമിറങ്ങി ശബരിമലയിലേക്ക്. ആര്‍.എസ്.എസ്. നേതൃത്വവും നവോത്ഥാനം മാറ്റിവെച്ച് നാമജപക്കാരുടെ കൂടെ ചേര്‍ന്നു. ശബരിമലയില്‍ അക്രമത്തിന് തുടക്കമിട്ടു. പോകുന്നവര്‍ പൊയ്‌ക്കോട്ടെ എന്ന് ആദ്യം പറഞ്ഞവര്‍ തങ്ങള്‍ക്ക് ജീവനുള്ളിടത്തോളം ശബരിമലയില്‍ ഒരു യുവതിയെയും കയറ്റില്ല എന്നു പ്രഖ്യാപിച്ചു.

അങ്കമായി, കലാപമായി, ഹര്‍ത്താലായി, ജനജീവിതം താറുമാറായി, തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയവുമായി. നിലയ്ക്കല്‍ കലാപവും പതിനെട്ടാം പടിയിലെ ഇരുന്നുനിരങ്ങലും മാളികപ്പുറത്തിന്റെ തലയിലെ തേങ്ങയേറും എടപ്പാള്‍ പൊലീസ് സ്‌റ്റേഷനിലെ ബൈക്ക് പണയവും എല്ലാം കെങ്കേമമായി. എല്ലാ പുകിലുകള്‍ക്കും ശേഷം ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുകയും സുവര്‍ണ്ണാവസരം പൂര്‍ത്തിയാവുകയും ചെയ്തതോടെ നേരത്തെ ആചാരസംരക്ഷണം അവര്‍ക്ക് ആവശ്യമില്ലാതായി. ആചാരസംരക്ഷണ സമരം നയിച്ചിരുന്ന ആര്‍.വി.ബാബുവിനെപ്പോലുള്ളവര്‍ തന്നെ ഇപ്പോള്‍ പരസ്യമായി അതിനെ തള്ളിപ്പറയുന്നു.

ആ പറയുന്നതിനെ റെഡി ടു വെയ്റ്റ് വിഭാഗം ശക്തമായി എതിര്‍ക്കുന്നു. ശങ്കു ടി.ദാസും പദ്മ പിള്ളയും ആട്ടക്കഥയുടെ രചനയിലാണ്. ഇന്നലെ വരെ എല്ലാവര്‍ക്കും ഹരിയേട്ടനായിരുന്ന വ്യക്തി ഇന്ന് എളമക്കരയിലെ കടല്‍ക്കിഴവനാണ്. ഹരിയും ധനഞ്ജയനും ഇന്ന് വെറും ഗൗഡസാരസ്വത ബ്രാഹ്മണന്മാരാണ്. ഇവര്‍ക്ക് കേരളീയ താന്ത്രിക പദ്ധതിയില്‍ യാതൊരു വിശ്വാസവുമില്ലത്രേ. ശബരിമല ഓര്‍ഡിനന്‍സുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ വരാതിരുന്നതിനു കാരണം യോഹന്നാനു വേണ്ടി ആര്‍.എസ്.എസ്. പ്രബലവിഭാഗം ചെലുത്തിയ സമ്മര്‍ദ്ദമാണെന്നു വരെ റെഡി ടു വെയ്റ്റുകാര്‍ മുറവിളി കൂട്ടുന്നു. ഇവരെ പ്രതിരോധിക്കാന്‍ മനോജ് മനയിലിനെപ്പോലുള്ളവര്‍ നല്ല മണിപ്രവാളം പ്രയോഗിക്കുന്നു. ശബരിമലയില്‍ കയറിയ ബിന്ദുവും കനകലതയും കേട്ടതിനെക്കാള്‍ മികച്ച തെറികളാണ് തങ്ങളുടെ നേതാക്കളെ ആര്‍.എസ്.എസ്സുകാര്‍ ഇപ്പോള്‍ വിളിക്കുന്നത്.

എന്തായാലും ശബരിമലയിലെ യുവതിപ്രവേശം ആര്‍.എസ്.എസ്സിന്റെ അജന്‍ഡ തന്നെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാവുന്നു. പക്ഷേ, ആ അജന്‍ഡയുമായി ചേര്‍ന്നു പോകുന്ന കോടതിവിധി നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുനിഞ്ഞാല്‍ അതിനെ എതിര്‍ക്കും. ദൈവമായ അയ്യപ്പന്‍ ആര്‍.എസ്.എസ്സിന് പ്രശ്‌നമല്ല. പക്ഷേ, കമ്മ്യൂണിസ്റ്റായ പിണറായി പ്രശ്‌നമാണ്. പിണറായി എതിര്‍ക്കാന്‍ വേണമെങ്കില്‍ ആര്‍.എസ്.എസ്സുകാര്‍ യോഹന്നാനെയും കൂട്ടുപിടിക്കും!!

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights