HomeACADEMICSചരിത്രം തിരുത...

ചരിത്രം തിരുത്തുന്നവര്‍!!!

-

Reading Time: 8 minutes

0003a

നീട്ട്

ഇംകിരസു പഠിപ്പാന്‍ മനസ്സുള്ള ആളുകളെ ധര്‍മ്മത്തിനായിട്ടു അഭ്യസിപ്പിക്കുന്നതിനു പിടിപ്പതായിട്ടുള്ള ആളിനെ ഇവിടെ ആക്കിട്ടില്ലാഴികക്കൊണ്ട് ഇപ്പോള്‍ ആവകയ്ക്ക് നാഗര്‍കോവിലില്‍ പാര്‍ത്തിരിക്കുന്ന മെസ്തര്‍ റാബര്‍ട്ടിനെ ആക്കിയാല്‍ ജാഗ്രതയായിട്ടു ഇംകിരിസു അഭ്യസിപ്പിക്കുന്നതാകക്കൊണ്ടും അതിന്മണ്ണം മെസ്തര്‍ റാബര്‍ട്ടിനെ ആക്കി മാസം ഒന്നിനു രൂപാ 100 വീതം പതിവില്‍ക്കൂടി എഴുതിക്കൊടുപ്പിച്ചു ഇംകിരസു അഭ്യസിപ്പിച്ചു കൊള്ളത്തക്കവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം എന്നു ഇക്കാര്യം ചൊല്ലി 1009-ാം മാണ്ടു മിഥുനമാസം 10നു ദിവാന്‍ ശേഷാപണ്ഡിതര്‍ സുബ്ബരായര്‍ക്കു നീട്ടു എഴുതി വിടൂ എന്നു തിരുവുള്ളമായ നീട്ട്.

1834ല്‍ തിരുവനന്തപുരത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതി തിരുന്നാള്‍ പുറപ്പെടുവിച്ച ഉത്തരവാണിത്. ഈ സ്‌കൂള്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ച് എല്ലാവരുമറിയുന്ന കോളേജായി മാറിയിരിക്കുന്നു -തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്.

കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ്? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. 1866ല്‍ സ്ഥാപിതമായ യൂണിവേഴിസിറ്റി കോളേജ് ഈ വര്‍ഷം 150-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് 1991ല്‍ 125-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും യൂണിവേഴ്‌സിറ്റി കോളേജ് തന്നെയായിരുന്നു കേരളത്തിലെ ആദ്യത്തെ കോളേജ്. എന്നാല്‍, ഇപ്പോള്‍ 200-ാം വാര്‍ഷികാഘോഷവുമായി ആദ്യത്തെ കോളേജ് എന്ന അവകാശവാദവുമായി മറ്റൊരു കൂട്ടര്‍ രംഗത്തുവന്നിരിക്കുന്നു. എന്തൊരു മറിമായം!

0003

200-ാ വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം ചര്‍ച്ച് മിഷണറി സൊസൈറ്റി കോളേജ് എന്ന സി.എം.എസ്. കോളേജ് നിലവില്‍ വന്നത് 1892ല്‍! യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം ആഘോഷിക്കേണ്ടത് 124-ാം വാര്‍ഷികം. പിന്നെങ്ങനെ 200 വര്‍ഷം തികഞ്ഞു? ചരിത്രത്തിലെ ‘തിരുത്തുകള്‍’ അവിടെയാണ്. ലക്ഷ്യം കോടികളുടെ ഫണ്ട് തന്നെ. ഹെറിറ്റേജ് കോളേജുകള്‍ക്ക് പ്രത്യേക സാമ്പത്തിക പിന്തുണ നല്‍കുന്ന ഒരു പദ്ധതി ഏതാണ്ട് 10 വര്‍ഷം മുമ്പ് യു.ജി.സി. തുടങ്ങിയിരുന്നു. അതിലൂടെ പരമാവധി നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ വാര്‍ഷികാഘോഷങ്ങളിലേക്കു നയിച്ചത്. 10 വര്‍ഷം മുമ്പുവരെ ഇല്ലാതിരുന്ന പാരമ്പര്യം 2016ല്‍ പെട്ടെന്ന് 200 വയസ്സിന്റെ രൂപത്തില്‍ വന്നു എന്നു പറഞ്ഞാല്‍ എങ്ങനെയാണ് വിശ്വസിക്കുക!

0010

കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട കോളേജില്‍ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ഞാനെന്ന് ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെ അവകാശപ്പെട്ടുന്നു. ആ അവകാശവാദം ശരിയാണെന്ന് ഉത്തമബോദ്ധ്യമുള്ളതിനാല്‍ അതു തെളിയിക്കുന്നതിന് ഏതറ്റം വരെയും പോകുകയും ചെയ്യും. മറുഭാഗത്ത് ഏത്ര ശക്തരാണെങ്കിലും വെല്ലുവിളിക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചവര്‍ക്കുള്ള, പഠിക്കുന്നവര്‍ക്കുള്ള പോരാട്ടവീര്യം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല എന്നുറപ്പ്.

0009

എന്താണ് കോളേജ്? എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വതന്ത്രമായി കടന്നുചെന്ന് പൊതുവിഷയങ്ങള്‍ പഠിക്കാന്‍ കഴിയുന്ന സ്ഥലം. യൂണിവേഴ്‌സിറ്റി കോളേജും സി.എം.എസ്. കോളേജുമെല്ലാം നിലവില്‍ വന്ന 19-ാം നൂറ്റാണ്ടില്‍ അത് സമൂഹത്തിലെ മൂന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു എന്നത് ശരി തന്നെ. ജാതിവ്യവസ്ഥയും അയിത്തവുമെല്ലാം തന്നെ കാരണം. പക്ഷേ, എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രവേശനം ലഭിക്കുന്ന സ്ഥാപനമാണ് കോളേജ്. മതപാഠശാല കോളേജാവില്ല. ആ അര്‍ത്ഥത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് നിലവില്‍ വന്നത് 1866ലും സി.എം.എസ്. വന്നത് 1892ലും ആണ്.

0007

രാജ്യത്തെ കോളേജുകളെയും യൂണിവേഴ്‌സിറ്റികളെയും സംബന്ധിച്ച അവസാന വാക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ എന്ന യു.ജി.സിയാണ്. യു.ജി.സി. രേഖകള്‍ പ്രകാരം യൂണിവേഴ്‌സിറ്റി കോളേജ് 1866ലും സി.എം.എസ്. കോളേജ് നിലവില്‍ വന്നത് 1892ലുമാണ്. വിവിധ കോളേജുകള്‍ നല്‍കുന്ന വിവരങ്ങള്‍ വിശദമായി ചരിത്രരേഖകള്‍ ആധാരമാക്കി പരിശോധിച്ചും ക്രോഢീകരിച്ചുമാണ് ഔദ്യോഗിക രേഖ യു.ജി.സി. പ്രസിദ്ധീകരിക്കുന്നത്. വ്യാജഅവകാശവാദങ്ങള്‍ അവിടെ വിലപ്പോവില്ല എന്നു സാരം. സി.എം.എസ്. കോളേജില്‍ നിന്നു നേരത്തേ സമര്‍പ്പിക്കപ്പെട്ട രേഖകളും ചരിത്രവും വിലയിരുത്തിയാണ് 1892ല്‍ സ്ഥാപിക്കപ്പെട്ടു എന്ന അവരുടെ അവകാശവാദം യു.ജി.സി. അംഗീകരിച്ചത്.

0006

University Grants Commission’s document on Indian Colleges under section 2(F) / 12(B). Page no. 461 of the document shows that the Univesity College was established in 1866 and page no. 463 shows that the CMS College was established in 1892.

0005

സ്ഥാപിതവര്‍ഷം 1892 എന്നു രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്ന് ഇതുവരെ യു.ജി.സിയുടെ ഒരു തലത്തിലും സി.എം.എസ്. അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടില്ല. അതിനാല്‍ ഔദ്യോഗിക രേഖയില്‍ അതു നിലനില്‍ക്കുന്നു. ഇത് ആര്‍ക്കു വേണമെങ്കിലും യു.ജി.സി. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാം. യു.ജി.സി. 1956ല്‍ മാത്രമാണ് നിലവില്‍ വന്നതെന്നും സി.എം.എസ്. അതിനു മുമ്പ് ഉണ്ടെന്നും ചില വിഡ്ഡ്യാസുരന്മാര്‍ ഇപ്പോള്‍ വാദിക്കുന്നുണ്ട്. എന്നാല്‍, നിങ്ങള്‍ യു.ജി.സിയെ അംഗീകരിക്കേണ്ട. അവരുടെ ഗ്രാന്റും സ്വീകരിക്കണ്ട. എന്തേ?

University Grants Commission’s document on Indian Colleges under section 2(F) / 12(B). Page no. 463

ചരിത്രരേഖകള്‍ പ്രകാരം കേരളത്തിലെ ഒരു കോളേജില്‍ പഠിച്ച് ആദ്യമായി ബിരുദം നേടിയ വ്യക്തി വി.നാഗമയ്യയാണ്. കേരളത്തില്‍ മതം വിഷയമല്ലാതെ ആദ്യത്തെ ബിരുദധാരി എന്നു തന്നെ പറയാം. 1870ല്‍ യൂണിവേഴ്‌സിറ്റി കോളേജിലാണ് നാഗമയ്യയുടെ ബിരുദം രേഖപ്പെടുത്തിയിരിക്കുന്നത്. നാഗമയ്യ ചില്ലറക്കാരനല്ല. പിന്നീട് അദ്ദേഹം തിരുവിതാംകൂറിന്റെ ഒഫിഷ്യേറ്റിങ് ദിവാനായി. 1906ല്‍ പ്രസിദ്ധീകരിച്ച 3 വാല്യങ്ങളുള്ള ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വലിന്റെ കര്‍ത്താവും നാഗമയ്യ തന്നെ. യൂണിവേഴ്‌സിറ്റി കോളേജിനു മുമ്പ് സി.എം.എസ്. കോളേജ് നിലവില്‍ വന്നുവെങ്കില്‍ എന്തുകൊണ്ട് അവിടെ നിന്ന് ആദ്യത്തെ ബിരുദധാരി വന്നില്ല? ചോദ്യത്തിന് ഉത്തരമില്ല. ഉണ്ടാവുകയുമില്ല.

0004

തുടക്കത്തില്‍ സി.എം.എസ്. എന്നത് വെറുമൊരു സെമിനാരി മാത്രമായിരുന്നു. ബൈബിള്‍ കോളേജ് അഥവാ തിയോളജിക്കല്‍ കോളേജ് എന്നും പറയാം. തിയോളജി അഥവാ ദൈവശാസ്ത്രമാണ് അവിടെ പഠിപ്പിച്ചിരുന്നത്. ക്രൈസ്തവ മതവിശ്വാസികള്‍ക്ക്, അതു തന്നെ പ്രത്യേക സഭയില്‍പ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. പൊതുസമൂഹത്തിനു ബന്ധമുള്ളതാണ് കോളേജ്. ഒരു പ്രത്യേക സമുദായത്തിനു വേണ്ടിയുള്ളതല്ല കോളേജ്. ആ അര്‍ത്ഥത്തില്‍ സി.എം.എസ്. ആദ്യത്തെ കോളേജല്ല. ചരിത്രം, ഗണിതം, ഫിലോസഫി എന്നീ വിഷയങ്ങളിലാണ് 1870ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം വന്നത്. എന്നാല്‍ ഇതിനു മുന്‍പ് കോട്ടയം സി.എം.എസ്. അല്ലെങ്കില്‍ മറ്റേതെങ്കിലും കോളേജില്‍ നിന്ന് ദൈവശാസ്ത്രം അല്ലാത്ത ഏതെങ്കിലും വിഷയത്തില്‍ കേരളത്തില്‍ ആരെങ്കിലും ബിരുദം നേടിയിട്ടുണ്ടോ?

കേരളത്തിലെ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ചോ അവയ്ക്ക് പുറത്ത് ദര്‍സ് എന്ന പേരിലോ ഇസ്ലാമിക മതപഠനം നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്നിരുന്നു. അതുപോലെ തന്നെയാണ് ക്രിസ്ത്യന്‍ സെമിനാരികളും. ഉയര്‍ന്ന അക്കാദമിക നിലവാരം അവ പുലര്‍ത്തിയിരുന്നിരിക്കാം. എന്നാല്‍, അവയെ കേരളത്തിലെ ആദ്യത്തെ കോളേജുകളായി കണക്കാക്കാന്‍ കഴിയില്ല. വ്യവസ്ഥാപിത മതവിദ്യാഭ്യാസത്തെ കോളേജായി വ്യാഖ്യാനിക്കാന്‍ പറ്റില്ല. അതിന് അംഗീകാരവുമില്ല.

1854ല്‍ ലണ്ടനില്‍ നിന്നു വന്ന ചാള്‍സ് വുഡ്‌സ് ഡെസ്പാച്ച് എന്ന വിദ്യാഭ്യാസ രേഖ പ്രകാരമാണ് ഇന്ത്യയില്‍ സര്‍വ്വകലാശാലകള്‍ നിലവില്‍ വന്നത്. 1857ല്‍ ഇന്ത്യയില്‍ ബോംബെ, കല്‍ക്കട്ട, മദ്രാസ് സര്‍വ്വകലാശാലകള്‍ ഒരുമിച്ചു വന്നു. കേരളത്തില്‍ നിന്ന് ആദ്യമായി മദ്രാസ് സര്‍വ്വകലാശാലയില്‍ ബിരുദ കോഴ്‌സ് അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജ് തിരുവനന്തുരം യൂണിവേഴ്‌സിറ്റി കോളേജാണ്, 1866ല്‍. 1857ല്‍ തന്നെ സി.എം.എസ്സിന് അഫിലിയേഷന്‍ ലഭിച്ചുവെന്നാണ് അവിടെ നി്ന്നുള്ളവരുടെ വാദം. ശരിയാണ്, അഫിലിയേഷന്‍ ലഭിച്ചത് മെട്രിക്കുലേഷനാണ്, ബിരുദത്തിനല്ല. മെട്രിക്കുലേഷന്‍ എന്നു പറഞ്ഞാല്‍ ഇന്നത്തെ എസ്.എസ്.എല്‍.സി. അന്നത്തെ മെട്രിക്കുലേഷന് അഫിലിയേഷന്‍ വേണമായിരുന്നു. മെട്രിക്കുലേഷന്‍ സ്‌കൂളിലാണ്, കോളേജിലല്ല. യൂണിവേഴ്‌സിറ്റി ക്ലാസ്സുകള്‍ക്ക് സി.എം.എസ്. അഫിലിയേഷന്‍ നേടുന്നത് 1892ലാണ്. കോളേജ് ആയത് അന്നാണെന്നര്‍ത്ഥം. 1975ല്‍ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ‘കേരള ഡിസ്ട്രിക്ട് ഗസറ്റിയേഴ്‌സ്: കോട്ടയം’ എന്ന പുസ്തകത്തില്‍ ഇതിന്റെ എല്ലാ വിശദാംശങ്ങളുമുണ്ട്. പ്രശസ്ത ചരിത്രകാരനായ പ്രൊഫ.എ.ശ്രീധരമേനോനാണ് ഈ പുസ്തകത്തിന്റെ എഡിറ്റര്‍. 1892ല്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ ലഭിച്ചതോടെ കേരളത്തിലെ രണ്ടാമത്തെ കോളേജായി -ശ്രദ്ധിക്കുക ‘രണ്ടാമത്തെ കോളേജ്’ -സി.എം.എസ്. മാറി എന്നാണ് ഈ ചരിത്രരേഖ. 2016 വരെ ആരും ചോദ്യം ചെയ്യാത്ത രേഖ!

0011

When the (Madras) University was set up in 1857, the Kottayam College was one of the first to be affiliated to for Matriculation. University classes were started in 1892 and the institution acquired the status of a second college. In 1907, the University classes were separated from the school classes.
(A. Sreedhara Menon, Kerala District Gazetteers: Kottayam, Kerala Gazetteers, Government of Kerala, Trivandrum, 1975, PP 425-426)

1813ല്‍ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ നാഗര്‍കോവിലില്‍ എല്‍.എം.എസ്. സെമിനാരി തുടങ്ങി. 1817ല്‍ കോട്ടയത്ത് സ്‌കൂളിന്റെ ഭാഗമായി സി.എം.എസ്സും സെമിനാരി തുടങ്ങി. ഇംഗ്ലണ്ടിലെ മാതൃകയില്‍ തുടങ്ങിയ ഈ രണ്ടു സെമിനാരികളും അന്നു തന്നെ കോളേജുകള്‍ എന്നു വിളിക്കപ്പെട്ടിരുന്നു. അവിടെ പഠിപ്പിച്ചിരുന്നത് ഉയര്‍ന്ന തലത്തിലുള്ള ദൈവശാസ്ത്രമാണ് എന്നതാണ് കാരണം. രണ്ടു സ്ഥാപനങ്ങളും കാലക്രമേണ ശരിക്കുള്ള കോളേജായി മാറ്റുകയും മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് അഫിലിയേഷന് ശ്രമിക്കുകയും ചെയ്തു. കോട്ടയം സി.എം.എസ്. കോളേജിന് 1892ലും നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്റ്റ്യന്‍ കോളേജിന് 1893ലും അഫിലിയേഷന്‍ ലഭിച്ചു.

The LMS had started a seminary at Nagarcoil in 1813, then part of Travancore. The CMS had started a seminary at Kottayam in 1817 as part of their school. These two institutions were gradually converted into colleges and sought affiliation to the Madras University. The University granted affiliation to the CMS College at Kottayam in 1892 and the Scott Christian College, Nagarcoil, in 1893. In both colleges, the FA (First Examination in Arts) courses were started. In due course they were upgraded into first grade colleges.
(V.Karthikeyan Nair, Documentary History of Higher Education in Kerala, published by the Kerala State Higher Education Council, Thiruvananthapuram, 2011, PP 12-13)

The seminary which the LMS founded at Nagarcoil in 1813 and another one founded by the CMS at Kottayam in 1817 were known as colleges because a higher level of theology was taught there. Very often the founders called these institutions colleges.
(V.Karthikeyan Nair, Documentary History of Higher Education in Kerala, published by the Kerala State Higher Education Council, Thiruvananthapuram, 2011, P 4)

The institutions run by the missionaries, though called colleges, were not affiliated to any of the foreign or Indian Universities. They were merely engaged into raining scholars who could be appointed as preachers. But such scholars were also useful as teachers in schools to teach secular subjects.
(V.Karthikeyan Nair, Documentary History of Higher Education in Kerala, published by the Kerala State Higher Education Council, Thiruvananthapuram, 2011, P 7)

തിരുവനന്തപുരത്ത് 1834ല്‍ സ്വാതി തിരുന്നാള്‍ മഹാരാജാവിന്റെ നീട്ടു പ്രകാരം ആരംഭിച്ച സ്വകാര്യ ഇംഗ്ലീഷ് വിദ്യാലയം 1836ല്‍ രാജാസ് ഫ്രീ സ്‌കൂള്‍ ആയി മാറി. 1866ല്‍ ഈ സ്‌കൂള്‍ കോളേജ് ആയി ഉയര്‍ന്നു. മഹാരാജാസ് കോളേജ് എന്നായിരുന്നു പേര്. 1866ല്‍ ഫസ്റ്റ് എക്‌സാമിനേഷന്‍ ഇന്‍ ആര്‍ട്‌സ് എന്ന എഫ്.എ. കോഴ്‌സിലായിരുന്നു വിദ്യാര്‍ത്ഥി പ്രവേശനം. 1866ല്‍ തന്നെ സര്‍വ്വകലാശാല നടത്തിയ എഫ്.എ. പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികള്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് അഥവാ ബി.എ. എന്ന ഉപരിപഠന കോഴ്‌സില്‍ പ്രവേശനം നേടി. അവര്‍ 1870ല്‍ ബി.എ. പരീക്ഷ എഴുതി ബിരുദം സ്വന്തമാക്കി. നാഗമയ്യ ഈ ഗണത്തില്‍പ്പെടുന്നു. ഈ മഹാരാജാസ് കോളേജാണ് ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്.

The Raja’s English School was upgraded as a second grade college to commence ‘higher branch of education’. It was affiliated to the Madras University. SSLC certificate holders could join the institution for the FA (First Examination in Arts) course. The first batch of students was admitted to the FA course in 1866 and they appeared for the examination conducted by the University in 1866. The successful candidates joined a course for further higher studies and the first batch appeared for the examination of BA (Bachelor of Arts) in 1870. The institution was called Maharaja’s College (presently University College, Thiruvananthapuram).
(V.Karthikeyan Nair, Documentary History of Higher Education in Kerala, published by the Kerala State Higher Education Council, Thiruvananthapuram, 2011, P 8)

ചെറിയൊരു കാര്യം കൂടി. നമ്മുടെ സ്‌കൂളുകളില്‍ പത്താം ക്ലാസ്സിലെ സാമൂഹികശാസ്ത്രത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി എത്രയോ വര്‍ഷങ്ങളായി പഠിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടോ ഇന്നുവരെ സി.എം.എസ്. കോളേജിന്റെ പേര് ആ പാഠപുസ്തകത്താളുകളില്‍ ഇടം പിടിച്ചിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവയെല്ലാം അതില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നറിയുക. സി.എം.എസ്. ഇല്ലാതെ പോയതിനെക്കുറിച്ച് ആരും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ‘മതമില്ലാത്ത ജീവന്‍’ അതില്‍ അച്ചടിമഷി പുരളും മുമ്പു തന്നെ കണ്ടവര്‍ ഇതു കാണാതെ പോവുമെന്നു ന്യായമായും കരുതാനാവില്ലല്ലോ.

0012

കേരളത്തിലെ ആദ്യ കോളേജ് പോലുമല്ലാത്ത സി.എം.എസ്. ഇന്ന് വ്യാജപ്രചാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ കോളേജ് എന്ന സ്ഥാനം കൈയടക്കാന്‍ ശ്രമിക്കുന്നു. അതിന് സംഘടിത മതത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നു. സി.എം.എസ്. കോളേജിന് ഒരു സഭയുടെ പിന്തുണയുണ്ട്. സി.എസ്.ഐ. മധ്യകേരള മഹാ ഇടവകയുടേതാണ് ഈ കോളേജ്. സഭ എന്നാല്‍ വോട്ട് ബാങ്കാണ്. അതുകൊണ്ട് സി.എം.എസ്. കോളേജിനെക്കുറിച്ച് വരുന്ന അവകാശവാദം -അതു കള്ളമായാലും -ഒരു രാഷ്ട്രീയക്കാരും ചോദ്യം ചെയ്യില്ല. അതിനാല്‍ 200 വര്‍ഷം തികഞ്ഞു എന്ന് ആസൂത്രിതമായി കള്ളം പറയുമ്പോള്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളുള്‍പ്പെടെ തൊള്ള തൊടാതെ വിഴുങ്ങുന്നു. മലയാള മനോരമയും മാതൃഭൂമിയും പ്രത്യേക സപ്ലിമെന്റുകള്‍ ഒരേ ദിവസം പുറത്തിറക്കി ഈ കള്ളം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതിയെപ്പോലും ആ കള്ളം പറഞ്ഞു വിശ്വസിപ്പിക്കുന്നു. മലയാള മനോരമയുടെ ബല്യ പത്രാധിപര്‍ കെ.എം.മാത്യുവും നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊക്കെ പൂര്‍വ്വവിദ്യാര്‍ത്ഥികളാവുമ്പോള്‍ സി.എം.എസ്സിന് കാര്യങ്ങള്‍ അങ്ങേയറ്റം എളുപ്പമാവുന്നു.

പക്ഷേ, യൂണിവേഴ്‌സിറ്റി കോളേജ് പോലൊരു സര്‍ക്കാര്‍ സ്ഥാപനത്തിന് ആ ലോബീയിങ് ശേഷിയില്ല. ഇവിടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ശക്തമായ മാനേജ്‌മെന്റില്ല. തലപ്പത്തുള്ളത് സാധാരണ സര്‍ക്കാര്‍ ജീവനക്കാരായ അദ്ധ്യാപകര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പൊതുപെരുമാറ്റച്ചട്ടം അവരുടെ പരസ്യപ്രതികരണം വിലക്കുന്നു. അപ്പോള്‍പ്പിന്നെ പഠിച്ചിറങ്ങിയവരും പഠിക്കുന്നവരും മാത്രമേ യൂണിവേഴ്‌സിറ്റി കോളേജിനു പിന്തുണയേകാനുള്ളൂ. ഞങ്ങള്‍ ധാരാളം മതി.

0001

ചരിത്രം തങ്ങളുടെ താല്പര്യത്തിനനുസരിച്ച് തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നു എന്ന് സംഘപരിവാറിനെക്കുറിച്ച് ആക്ഷേപം പലരും ഉന്നയിക്കാറുണ്ട്. ആ ആരോപണം ഉന്നയിക്കുന്നവരുടെ ഗണത്തില്‍പ്പെടുന്ന ഒരു സഭ തങ്ങളുടെ സ്വാധീനമുപയോഗിച്ച് ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സി.എം.എസ്. കോളേജിന്റെ കാര്യത്തില്‍ കണ്ടത്. അപ്പോള്‍ ആരും മോശക്കാരല്ല. പരിവാറും സഭയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. എതിര്‍ക്കപ്പെടണമെങ്കില്‍ രണ്ടു കൂട്ടരും ഒരേ രൂപത്തില്‍ എതിര്‍ക്കപ്പെടണം.

ഹിസ് ഹൈനസ് ദ മഹാരാജാസ് യൂണിവേഴ്‌സിറ്റി കോളേജ് എന്താണെന്നും സി.എം.എസ്. കോളേജ് എന്താണെന്നും തിരുവിതാംകൂര്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ചരിത്രം തിരുത്തുമ്പോള്‍ 2016ലെ ചരിത്രം മാത്രം തിരുത്തിയാല്‍ പോരാ സി.എം.എസ്. സാറന്മാരെ. സ്‌കൂള്‍ പാഠപുസ്തകം മുതല്‍ തിരുത്തിത്തുടങ്ങണം. അതൊക്കെ വലിയ പാടാണ്. സി.എം.എസ്. കോളേജിനു വഴിമരുന്നിട്ട സ്‌കൂളിന്റെ 200-ാം വാര്‍ഷികം നിങ്ങള്‍ ആഘോഷിക്കൂ. പക്ഷേ, ആദ്യത്തെ കോളേജ് എന്നൊക്കെ പറഞ്ഞാല്‍ അതല്പം കടുത്തുപോകും. അല്ലെങ്കില്‍ ആദ്യത്തെ കോളേജ് ആണെന്ന് തെളിയിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. അതു ചെയ്യാത്തിടത്തോളം കേരളത്തിലെ ആദ്യ കലാലയം യൂണിവേഴ്‌സിറ്റി കോളേജ് തന്നെ.

നല്ല നമസ്‌കാരം.

Previous article
Next article

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks