HomePOLITYന്നാലും ന്റെ ...

ന്നാലും ന്റെ പിള്ളേച്ചാ..

-

Reading Time: 3 minutes

കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇവിടല്ലേ ജീവിക്കുന്നത്? വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കാന്‍ നിര്‍ബന്ധിതനാവുന്നു.

ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ നമ്മള്‍ ഒരുമയോടെ നേരിട്ടപ്പോള്‍ ഇക്കൂട്ടര്‍ പിന്നില്‍ നിന്നു കുത്തി. എവിടുന്നൊക്കെ സഹായം കിട്ടുമായിരുന്നോ, അതൊക്കെ തടസ്സപ്പെടുത്തി. സഹായമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നതിനെല്ലാം പിന്നീട് കണക്കുപറഞ്ഞ് കാശു വാങ്ങി. ഇപ്പോഴും പിടുങ്ങിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം ഇവിടത്തെ ബി.ജെ.പി. നേതാക്കള്‍ മുന്‍കൈയെടുത്ത് നടത്തിയത്.

ഇവിടത്തെ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും മലയാളികളല്ലേ? അവര്‍ കേരളത്തിലല്ലേ ജീവിക്കുന്നത്? കേരളത്തില്‍ വരാനിരിക്കുന്ന എന്തും തടസ്സപ്പെടുത്തുന്നത് കണ്ട് വീണ്ടും ചോദിച്ചുപോകുന്നതാണ്.

ബെടക്കാക്കി തനിക്കാക്കുക എന്നൊരു ചൊല്ലുണ്ട്. ചൊല്ലല്ല പരമാര്‍ത്ഥം തന്നെ. കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന കേരളത്തെ പരമാവധി ഞെരുക്കത്തിലാക്കുക, കഷ്ടപ്പെടുത്തുക. അത്തരത്തില്‍ ദുര്‍ഭരണമാണെന്നു വരുത്തി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന ഗതി. കേരളം നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നേടണമെന്നേ ബി.ജെ.പിക്കുള്ളൂ.

ഈ ഗണത്തില്‍ ഏറ്റവും പുതിയതാണ് ദേശീയപാത 66 നാലു വരിയാക്കുന്ന പദ്ധതിക്കുള്ള പൂട്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള നേരിട്ടാണ് ഇതിന്റെ കാര്യകര്‍തൃത്വം വഹിച്ചത്. അതിന്റെ സര്‍വ്വതെളിവുകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മിസ്റ്റര്‍ പിള്ളേ, നിങ്ങളോട് 100 ലോഡ് പുച്ഛം!

കേരളം ഒരു കൊച്ചു സംസ്ഥാനമാണ്. ജനനിബിഡമായ ഇവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ത്തന്നെ പല പദ്ധതികളും വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കാറുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍, കൊച്ചി -ഇടമണ്‍ വൈദ്യുതി ലൈന്‍, ദേശീയപാത വികസനം അങ്ങനെ ഒട്ടേറയുണ്ടായിരുന്നു മുടങ്ങിയവയുടെ പട്ടികയില്‍. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. മാറ്റിയിരിക്കുന്നു എന്നു തന്നെ പറയണം.

പിണറായി വിജയന്‍ സര്‍ക്കാരിനെക്കുറിച്ച് ആരൊക്കെ എന്തൊക്കെ വ്യത്യസ്താഭിപ്രായങ്ങള്‍ പറഞ്ഞാലും പദ്ധതികള്‍ നടപ്പാക്കാന്‍ അവര്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി എല്ലാവരും അംഗീകരിക്കുമെന്നുറപ്പ്. ഗെയില്‍ പൈപ്പ് ലൈന്‍ ഇന്ന് അവസാന ഘട്ടത്തിലാണ്. ഇടമണ്‍ -കൊച്ചി ഗ്രിഡ് പൂര്‍ത്തിയാകാറായി. ബാക്കിയുള്ളത് ദേശീയപാത വികസനമെന്ന സ്വപ്‌നമാണ്. അത് യാഥാര്‍ത്ഥ്യമാവാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നു. പക്ഷേ, ബി.ജെ.പി…

ദേശീയപാത വികസനം എതിര്‍പ്പുകള്‍ താണ്ടി തെക്കന്‍ കേരളത്തില്‍ 80 ശതമാനവും വടക്കന്‍ കേരളത്തില്‍ 60 ശതമാനവും സ്ഥലമെടുപ്പ് നടത്തി. പഴയ ദേശീയപാത 17, ദേശീയപാത 47ല്‍ ഇടപ്പള്ളി മുതല്‍ തെക്കോട്ടുള്ള ഭാഗം എന്നിവ ചേര്‍ന്നുള്ള ദേശീയപാത 66 കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ത്തന്നെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഈ പദ്ധതി പൂര്‍ത്തിയാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഇടതു സര്‍ക്കാരിനുണ്ടായിരുന്നു എന്നു വ്യക്തം.

ഈ സമയത്താണ് കേന്ദ്ര സര്‍ക്കാരിന്റെ വൃത്തികെട്ട ഇടപെടലുണ്ടാവുന്നത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാന്‍ ദേശീയ പാത അതോറിറ്റി ഉത്തരവിട്ടു. കേരളത്തിലെ 13 ജില്ലകളിലെയും ദേശീയ പാത വികസനം രണ്ടാം മുന്‍ഗണന പട്ടികയിലേക്കു മാറ്റി. ഇതോടെ രണ്ടു വര്‍ഷത്തേക്ക് തുടര്‍നടപടികളൊന്നും ഉണ്ടാവില്ലെന്നുറപ്പായി.

വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനത്തെ മുന്‍ഗണനാടിസ്ഥാനത്തില്‍ രണ്ടു തട്ടിലാക്കിയപ്പോഴാണ് കേരളത്തിന് തിരിച്ചടി നേരിട്ടത്. കാസര്‍കോട്ടെ തലപ്പാടി -ചെങ്ങള, ചെങ്ങള -നീലേശ്വരം പാതകള്‍ മാത്രമാണ് ഒന്നാം മുന്‍ഗണനാപട്ടികയിലുള്ളത്. ബാക്കി ജില്ലകളില്‍ പദ്ധതി സ്തംഭനത്തിലാവുന്നതോടെ സ്ഥലമെടുപ്പ് വീണ്ടും പ്രതിസന്ധിയിലാവും. ഭൂമിയുടെ വില വീണ്ടും കൂടും. ഇവിടെ ഭൂമിവില കൂടുതലാണെന്നത് ഒരു പ്രധാന തടസ്സവാദമായി കേന്ദ്രം നേരത്തേ തന്നെ ഉയര്‍ത്തുന്നുണ്ട്. സ്ഥലമെടുപ്പിന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനം പുതിയ തീരുമാനത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെടുന്നതോടെ പദ്ധതി എന്നെന്നേക്കുമായി നിലച്ചുപോകുന്ന അവസ്ഥയാണ്.

എന്തുകൊണ്ട് ഇതു സംഭവിച്ചു എന്ന് സര്‍ക്കാരും ജനങ്ങളും അന്തംവിട്ടിരിക്കുമ്പോഴാണ് കാരണം വ്യക്തമാക്കിക്കൊണ്ട് തെളിവ് കൈയിലെത്തുന്നത്. ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിളള പ്രത്യേക താല്പര്യമെടുത്ത് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിക്ക് നല്‍കിയ കത്താണ് വില്ലന്‍. അതായത് പി.എസ്.ശ്രീധരന്‍ പിള്ള തന്നെയാണ് വില്ലന്‍. കേരളത്തിന്റെ ദേശീയ പാത വികസനം അട്ടിമറിച്ചത് ബി.ജെ.പിയുടെ രാഷ്ടീയതീരുമാനമാണ്.

2018 സെപ്റ്റംബര്‍ 14നാണ് ശ്രീധരന്‍ പിള്ള കത്തു നല്‍കിയത്. പ്രളയത്തിനു ശേഷം കേരളം എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്ന നേരത്ത് പിന്നില്‍ നിന്ന് ആഴത്തിലൊരു പിള്ളക്കുത്ത്. ദേശീയപാത 66നായുള്ള ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ദേശീയപാത 17 സംയുക്ത സമരസമിതി ബി.ജെ.പിക്കു നല്‍കിയ നിവേദനമാണ് കത്തിനു കാരണമാക്കിയിരിക്കുന്നത്. സ്ഥലമെടുപ്പ് നിര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് പ്രളയത്തെയും പിള്ള കരുവാക്കി. It is also requested to keep the land acquisition proceedings in abeyance for a while എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അത് ഗഡ്കരി അംഗീകരിച്ചു, നടപ്പാക്കി.

പിണറായി വിജയന്‍ ഭരിക്കുന്ന കാലത്ത് കേരളം നന്നാവണ്ട എന്നാണ് ബി.ജെ.പി. തീരുമാനം. ആരു ഭരിച്ചാലും നാടു നന്നായാല്‍ മതിയെന്ന് ജനങ്ങളുടെ ആഗ്രഹം. പക്ഷേ, ബി.ജെ.പി. രഹസ്യമായി കളിക്കുന്ന വിധ്വംസക രാഷ്ട്രീയം ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇതിനവര്‍ക്ക് തിരിച്ചടി ലഭിക്കുക തന്നെ ചെയ്യും.

ചില വാര്‍ത്തകള്‍ കൈയിലെത്താന്‍ വൈകുമ്പോള്‍ അങ്ങേയറ്റം ദുഃഖം തോന്നാറുണ്ട്. ഇത് അത്തരമൊരു വാര്‍ത്തയാണ്. ശ്രീധരന്‍ പിള്ളയുടെ ഈ കത്ത് രണ്ടാഴ്ച മുമ്പ് കിട്ടിയിരുന്നെങ്കില്‍ പോളിങ് ബുത്തിലേക്കു പോകുന്ന ജനങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥികളെയും ദേശീയപാതയിലിട്ട് ചവിട്ടിത്തേക്കുമായിരുന്നു. സാരമില്ല, ഇനിയും അവസരം വരും. അപ്പോള്‍ നോക്കിക്കൊള്ളാം.

പി.എസ്.ശ്രീധരന്‍ പിള്ള

ശ്രീധരന്‍ പിള്ളമാര്‍ ഓര്‍ക്കുക -ഞങ്ങള്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ മറവി കുറവാണ്. ഈ ചതിക്ക് കണക്കു പറയിക്കുക തന്നെ ചെയ്യും. കണ്ടം വഴി ഓടാന്‍ തയ്യാറായിക്കൊള്ളുക!!

LATEST insights

TRENDING insights

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

1 COMMENT

  1. കേരളത്തിലെ രാഷ്ട്രീയന്തരീക്ഷം പച്ച പിടിച്ചു കേറുവാൻ ഇങ്ങനെയുള്ളവർക്കു പറ്റില്ല. കഷ്ടം തന്നെ.

COMMENTS

Enable Notifications OK No thanks