Reading Time: 2 minutes

ഈ ചിരി ഇനിയില്ല..
പുതിയ തലമുറയിലെ ഏറ്റവും ഊര്‍ജ്ജസ്വലരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ വിടവാങ്ങി.
രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ സിനിയര്‍ റിപ്പോര്‍ട്ടര്‍ എം.ജെ.ശ്രീജിത്ത് അന്തരിച്ചു.
കോവിഡ് ബാധിച്ചല്ല മരണം എന്ന് ഇക്കാലത്ത് എടുത്തുപറയണം.
തലച്ചോറില്‍ ബാധിച്ച ട്യൂമറുമായി മൂന്നു വര്‍ഷത്തിലേറെയായി അവന്‍ പോരാട്ടത്തിലായിരുന്നു.
ഇതില്‍ ഒന്നിലേറെ തവണ അവന്‍ വിജയത്തിന്റെ അടുത്തെത്തിയതാണ്.
പക്ഷേ, ഒടുവില്‍ അവന്‍ തോറ്റുപോയി…

വല്ലാത്തൊരു പോരാട്ടവിര്യമായിരുന്നു ശ്രീജിത്തിന്.
രോഗമുക്തിയുടെ ഇടവേളകളില്‍ ഊര്‍ജ്ജസ്വലനായി അവന്‍ പത്രപ്രവര്‍ത്തനത്തില്‍ മുഴുകി.
എം.ജെ.ശ്രീജിത്ത് എന്ന ബൈലൈന്‍ കണ്ടാല്‍ ശ്രദ്ധേയമായ എന്തെങ്കിലും അതിനു താഴെയുണ്ടാവും എന്നുറപ്പ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അതു കണ്ടു.
എത്രയോ പൊട്ടിത്തെറി വാര്‍ത്തകള്‍!!
യു.ഡി.എഫ്. പ്രകടനപത്രിക പ്രകാശനം ചെയ്യുന്നതിനു മുമ്പു തന്നെ ശ്രീജിത്തിന്റെ പേരില്‍ അത് രാഷ്ട്രദീപികയില്‍ അച്ചടിച്ചുവന്നു.
ധര്‍മ്മടത്ത് സുധാകരന്‍ മത്സരിക്കാത്തത് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടാണെന്ന് ശ്രീജിത്ത് എഴുതിയിട്ടപ്പോള്‍ അന്ന് അവിശ്വാസം പ്രകടിപ്പിച്ചവരുണ്ടായിരുന്നു.
എന്നാല്‍, അവരെല്ലാം ഇപ്പോള്‍ ശ്രീജിത്തിന്റെ പേനയെ അംഗീകരിക്കുന്നു.

തിരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെ ശ്രീജിത്തിന്റെ ബൈലൈന്‍ കാണാതായി.
നല്ല വാര്‍ത്തകള്‍ ഇല്ലാത്തതിന്റെ മന്ദതയാവാം എന്നു കരുതി.
എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിന്റെ ഫലമാണെന്ന് ഇന്ന് മരണവാര്‍ത്ത വന്നപ്പോഴാണ് അറിഞ്ഞത്.
അതു സമ്മാനിച്ച നടുക്കം ചെറുതല്ല.
ശ്രീജിത്തിനെ അവസാനമായി ഞാന്‍ നേരിട്ടു കണ്ടത് എന്നാണെന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു.
ഓര്‍മ്മയില്‍ പരതിയെടുക്കാന്‍ സാധിച്ച കൂടിച്ചേരലിന് രണ്ടു വര്‍ഷത്തോളം പഴക്കമുണ്ട്.
പ്രളയം തകര്‍ത്തെറിഞ്ഞ കവളപ്പാറയ്ക്കും വയനാടിനും താങ്ങാവാന്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചപ്പോഴായിരുന്നു അത്.
അതിനു മുന്നില്‍ നിന്നവരുടെ കൂട്ടത്തില്‍ അവനുമുണ്ടായിരുന്നു.
2019 ഓഗസ്റ്റില്‍ -അന്നും അവന്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നില്ല എങ്കിലും അതൊന്നും അവന്‍ കാര്യമാക്കിയില്ല.
ആദ്യാവസാനം എല്ലാത്തിനും ഓടിനടന്നു.
സത്യസന്ധനെന്ന സല്പേര് അവനുള്ളതിനാല്‍ പണം സൂക്ഷിക്കുന്ന ചുമതല ഞങ്ങള്‍ ആ തലയില്‍ വെച്ചു രക്ഷപ്പെട്ടു.
എല്ലാം കഴിഞ്ഞപ്പോള്‍ അണപൈ വ്യത്യാസമില്ലാതെ അവന്‍ കണക്കു ബോധിപ്പിക്കുകയും ചെയ്തു..

പ്രളയം ബാധിച്ച വയനാടിനായി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ യാത്രയാക്കുന്നതിനു തൊട്ടുമുമ്പ് ശ്രീജിത്തും കൂട്ടുകാരും. രാത്രി ഏറെ വൈകി പകര്‍ത്തിയതാണ് ഈ ചിത്രം

അനീതി എവിടെക്കണ്ടാലും പ്രതികരിക്കാന്‍ ശ്രീജിത്ത് മുന്നിലുണ്ടായിരുന്നു.
അത് സ്വന്തം കൂട്ടത്തിലുള്ളവരുടെ ചെയ്തികള്‍ സംബന്ധിച്ചലായാലും ശരി.
മറ്റു പലരും പറയാന്‍ മടിച്ച സത്യങ്ങള്‍ അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു
അവന്‍ പറഞ്ഞതെല്ലാം ശരികളായിരുന്നു..
എന്നെക്കാള്‍ 11 വയസ്സിന് ഇളയതായിരുന്നു അവന്‍.
പക്ഷേ, കൂട്ടു കൂടാന്‍ പ്രായം തടസ്സമല്ലെന്നു തെളിയിച്ച എന്‍.ജെ.നായര്‍ അണ്ണന്റെ നല്ലൊരു ശിഷ്യനായിരുന്നല്ലോ അവനും.
പ്രായത്തിനതീമായി ശ്രീജിത്തും സൗഹൃദങ്ങളുണ്ടാക്കി.
“അണ്ണാ” എന്ന വിളിയുമായി അവന്‍ ഇനി വരില്ല.
വന്നയുടനെ വയറിനു ചുറ്റും കൈയിട്ട് ചുറ്റിപ്പിടിച്ച് ചേര്‍ത്ത് നിര്‍ത്തില്ല..
നിന്നെ അവസാനമായി കാണാന്‍ ഞാന്‍ വരുന്നില്ല.
എന്റെ ഓര്‍മ്മയില്‍ എന്നും നിന്റെ ഈ ചിരി മതി.
നീ ഇവിടൊക്കെത്തന്നെയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചോളാം..

എം.ജെ.ശ്രീജിത്ത്

ബഷീര്‍, ഹരി, എന്‍.ജെ. അണ്ണന്‍..
ഈ കൂട്ടത്തിലേക്ക് ഇപ്പോള്‍ ശ്രീജിത്തും യാത്രയായി.
സൗഹൃദങ്ങള്‍ തീരാവേദനയാവും സമ്മാനിക്കുക, ചിലപ്പോഴെങ്കിലും…
നഷ്ടങ്ങള്‍ നികത്താവുന്നതല്ല.
പക്ഷേ, അവയെ മറികടന്നേ മതിയാകൂ.
ശ്രീജിത്തിന്റെ പ്രിയപ്പെട്ടവള്‍ അഖിലയ്ക്കും മകള്‍ ഋതികയ്ക്കും അതിനുള്ള കരുത്ത് ലഭിക്കട്ടെ..

ആദരാഞ്ജലികള്‍..

Previous articleആനവണ്ടി മാഹാത്മ്യം
Next articleകേരളത്തിലെ ഭാവിതലമുറയും സുരക്ഷിതര്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here