Reading Time: 4 minutes

കുട്ടന്‍ എന്നൊരു പയ്യന്‍സുണ്ട്. നമ്മുടെ നരേന്ദ്ര മോദി സാറിന്റെ വലിയ ഭക്തനാണ്. എം.എ. വരെ പഠിച്ചു. പി.എസ്.സി. ജോലിക്കായുള്ള പഠനമാണ് ഇപ്പോള്‍ പരിപാടി. മോദി സാറാണ് കുട്ടന്റെ റോള്‍ മോഡല്‍. സാര്‍ എന്തു പറഞ്ഞാലും കുട്ടന്‍ ചെയ്തിരിക്കും. മോദി സാറിന്റെ പദ്ധതികള്‍ക്കു സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കുകയാണ് കക്ഷിയുടെ പ്രധാന വിനോദം. ഫേസ്ബുക്കിലൂടെ പുള്ളി പാകിസ്താനിലെ ഒട്ടുമിക്ക നഗരങ്ങളിലും ഇതിനകം ബോംബിട്ടു കഴിഞ്ഞു. തികഞ്ഞ രാജ്യസ്‌നേഹി. കുട്ടന്റെ അച്ഛന്‍ എന്റെ അച്ഛന്റെ സുഹൃത്താണ്. അങ്ങനെയാണ് ഞാനുമായി ബന്ധം.

കുട്ടന്‍ വൈകീട്ട് പതിവുപോലെ വെറുതെ മൊബൈലില്‍ കളിച്ചിരിക്കുമ്പോഴാണ് ഉണ്ണിച്ചേട്ടന്റെ വാട്ട്‌സാപ്പ് മെസേജ് കിട്ടിയത്. നമ്മുടെ 2,000 രൂപയ്ക്ക് എന്തോ പുരസ്‌കാരം കിട്ടിയത് സംബന്ധിച്ചാണ്. അത് മോദി സാറിന് നേട്ടമാണല്ലോ!! അപ്പോള്‍ത്തന്നെ തട്ടി 4 ഗ്രൂപ്പുകളിലേക്ക്. 5 ബ്രോഡ്കാസ്റ്റും നടത്തി. അയച്ചു കഴിഞ്ഞിട്ടേ കുട്ടന്‍ സന്ദേശം വായിച്ചുനോക്കിയുള്ളൂ. എപ്പോഴും അതാണ് രീതി.

NASA UNESCO.jpg

പുതിയ ഇന്ത്യന്‍ കറന്‍സി നോട്ടിന് യുനെസ്‌കോയുടെ പ്രശംസ

കമലിനി മുഖര്‍ജി

ഇന്ത്യയുടെ പുതിയ 2,000 രൂപ നോട്ടിനെ ‘ലോകത്തെ ഏറ്റവും മികച്ച കറന്‍സി’ ആയി നാസ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചു. നാസയുടെ സാംസ്‌കാരിക ബോധവത്കരണ വിഭാഗം മേധാവി ഡോ.സൗരഭ് മുഖര്‍ജിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇന്നുച്ചയ്ക്ക് ഈ പ്രഖ്യാപനം നടത്തിയത്….

യുനെസ്‌കോ, നാസ, കമലിനി മുഖര്‍ജി, 2,000 രൂപ നോട്ട്… സംഭവം അടിപൊളിയാണെന്നു തോന്നുന്നു. പക്ഷേ, ഒന്നും പിടികിട്ടിയില്ല. എന്തോ അങ്ങോട്ട് സിങ്ക് ആവുന്നില്ല. വാര്‍ത്തയുടെ ഭാഗമാണെന്നു മനസ്സിലായി. നമ്മുടെ പുതിയ 2,000 രൂപ നോട്ടിനെക്കുറിച്ചാണ് പറയുന്നത്. പുതിയ നോട്ടിന്റെ ചിത്രമുണ്ട്. എഴുതിയിരിക്കുന്നത് കമലിനി മുഖര്‍ജി. പത്രം ഏതെന്ന് വ്യക്തമല്ല.

വാട്ട്‌സാപ്പില്‍ പത്രത്തിന്റെ ചിത്രത്തിനൊപ്പം ഈ സന്ദേശവുമുണ്ട്.

Congratulation to all of us. Our new Rs 2000 note is declared as the ‘BEST CURRENCY OF THE WORLD’ by UNESCO just few minutes ago. Dr.Saurabh Mukherjee, head of cultural awareness department of UNESCO announced this to media this afternoon.

Kindly share this.
Very proud to be an INDIAN!!

unesco
യുനെസ്‌കോ ആസ്ഥാനത്തെ യോഗം നാസയില്‍ തയ്യാറാവുന്ന റോക്കറ്റ്‌

വാര്‍ത്ത കുട്ടന്‍ വീണ്ടും വായിച്ചു. തലക്കെട്ടിലെ യുനെസ്‌കോ ഉള്ളടക്കത്തില്‍ നാസയാവുന്നു. ഇതെങ്ങനെ ശരിയാവും? ഐക്യരാഷ്ട്ര ഏജന്‍സിയായ യുണൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്ന യുനെസ്‌കോയുടെ ആസ്ഥാനം ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ യു.എസ്.എ. എന്ന നാസയുടെ ആസ്ഥാനം ആ രാജ്യത്തിന്റെ തലസ്ഥാനമായ വാഷിങ്ടണിലും. രണ്ടു നഗരങ്ങള്‍ക്കിടയില്‍ വിശാലമായ അറ്റ്‌ലാന്റിക് സമുദ്രമുണ്ട്. ഏജന്‍സികള്‍ക്കിടയില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. പി.എസ്.സി. പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടന് ഇതിനെക്കുറിച്ചൊക്കെ നല്ല ധാരണയാണ്.

nasa
നാസയില്‍ തയ്യാറാവുന്ന റോക്കറ്റ്‌

ഈ കമലിനി മുഖര്‍ജി എന്ന പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ? അയ്യോ!! ഇത് നമ്മുടെ ‘പുലിമുരുകന്‍’ ലാലേട്ടന്റെ നായികയല്ലേ? ബംഗാളി നടി. ആകെ കുഴപ്പമാണല്ലോ! കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2,000 രൂപ നോട്ടിന്റെ നേട്ടങ്ങള്‍ വര്‍ണ്ണിക്കാനായി വന്ന സന്ദേശം കണ്ണുമടച്ചങ്ങ് ഫോര്‍വേര്‍ഡിയത് അബദ്ധമായെന്ന് കുട്ടനു മനസ്സിലായി. ഏതോ മണ്ടശ്ശിരോമണി എവിടെയോ ഇരുന്ന് പടച്ചുവിട്ടതാണ്. പറ്റിയ അബദ്ധത്തില്‍ കുട്ടന്‍ സ്വയം ശപിച്ചു. മറുപടിയായി വരുന്ന തെറികള്‍ക്കായി മൊബൈലില്‍ നോക്കി കാത്തിരുന്നു.

kamalini
കമലിനി മുഖര്‍ജി

പക്ഷേ, കുട്ടന്‍ ഞെട്ടി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും കുട്ടന്റെ സന്ദേശങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല. ചിലപ്പോള്‍ ശ്രദ്ധിക്കാത്തതാവാം. മനസ്സിലാകാത്തതാവാം. തെറ്റു മനസ്സിലാക്കിയിട്ടും അവഗണിച്ച് മിണ്ടാതിരുന്നതുമാവാം. സഹപാഠിയായ ഹരി മാത്രം സന്ദേശമയച്ചു -‘എടാ ഇത് ഇന്നത്തേതാണോ?’ കുട്ടന്‍ മിണ്ടാന്‍ പോയില്ല. വെറുതെ സത്യം പറഞ്ഞ് അവന്റെ വായിലിരിക്കുന്നത് കേള്‍ക്കണ്ടല്ലോ!

ഇതാണ് സമൂഹമാധ്യമത്തിന്റെ പ്രശ്‌നം. ഏതു കള്ളവും വലിയൊരു വിഭാഗത്തിന്റെ മുന്നില്‍ സത്യമായി മാറും. അവര്‍ അത് ആത്മാര്‍ത്ഥമായി വിശ്വസിക്കും. പ്രചരിപ്പിക്കും. പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവനെ സംഘടിതമായി ആക്രമിക്കും. തെറ്റുപറ്റിയെന്നു മനസ്സിലായിട്ടും കുട്ടന്‍ മിണ്ടാതിരുന്നത് അതിനാല്‍ത്തന്നെ. പക്ഷേ, ഞാന്‍ വിളിച്ചു ചോദിച്ചപ്പോള്‍ കുട്ടന്‍ സാഷ്ടാംഗം വീണു. അതുകൊണ്ട് കൂടുതല്‍ കൊന്നില്ല. കുട്ടന് സന്ദേശമയച്ച ഉണ്ണിയെയും എനിക്കറിയാം. ഉണ്ണിയെ വിളിച്ചു കാര്യം തിരക്കി. പക്ഷേ, സംഗതി സത്യമാണെന്ന വാദത്തില്‍ പുള്ളി ഉറച്ചുനില്‍ക്കുന്നു. കാര്യകാരണ സഹിതം വിമര്‍ശിക്കാന്‍ ശ്രമിച്ച ഞാന്‍ കമ്മ്യൂണിസ്റ്റും പഴയ എസ്.എഫ്.ഐയുമൊക്കെ ആയതുമിച്ചം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതു പറയുന്നവരെ സംഘിയെന്നും കമ്മിയെന്നും മുദ്രകുത്തി മാറ്റിനിര്‍ത്തുന്നതില്‍ ഇരുകൂട്ടരും ഇപ്പോള്‍ പരസ്പരം മത്സരിക്കുകയാണല്ലോ.

girija-shettar
ഡോ.ഗിരിജ ഷെട്ടാര്‍

ഈ സന്ദേശത്തില്‍ പറയുന്നതു പോലുള്ള ഒരു പത്രവാര്‍ത്ത ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ? ഫോട്ടോഷോപ്പില്‍ പടച്ചതു തന്നെ. വാര്‍ത്തയുടെ കര്‍ത്താവിന്റെ പേരു ചികഞ്ഞപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് സൂപ്പര്‍ ഹിറ്റ് സിനിമയിലെ ബംഗാളി നായിക. ‘പുലിയൂരില്‍ നിന്ന് മൈന’ എന്നായിരുന്നെങ്കില്‍ പൊളിച്ചേനെ എന്നാണ് ഈ ചെയ്ത്ത് കണ്ടപ്പോള്‍ ഒരു സുഹൃത്ത് പ്രതികരിച്ചത്. ഈ കഥ ആസൂത്രണം ചെയ്തയാളിന് ഒരു വിവരം കൈമാറാം. അങ്ങനെ ഒരു നടിയെ മാധ്യമപ്രവര്‍ത്തക ആക്കണമെങ്കില്‍ പേര് ഞാന്‍ പറഞ്ഞുതരാം. 1989ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘വന്ദനം’ എന്ന സിനിമയുണ്ട്. ലാലേട്ടന്‍ തന്നെയായിരുന്നു നായകന്‍. അതില്‍ നായികയായി വന്ന ഗിരിജ ഇന്ന് ലണ്ടനില്‍ ഡോ.ഗിരിജ ഷെട്ടാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയാണ്. അവരുടെ പേര് ഉപയോഗിക്കാം.

SSP.jpeg

ഇതു കണ്ടപ്പോള്‍ ബി.ജെ.പി. അനുഭാവിയായ ഒരു സുഹൃത്ത് പ്രതികരിച്ചത് ‘സംഘികളെ താറടിച്ചു കാണിക്കാന്‍ മറ്റാരോ പടച്ചത്’ എന്നാണ്. അതു ശരിയായിരിക്കുമോ? ശരിയാണെങ്കില്‍ തന്നെ ഈ തട്ടിപ്പ് തൊണ്ട തൊടാതെ വിഴുങ്ങിയതും അതിന് പ്രചുരപ്രചാരം നല്‍കുന്നതും സംഘികള്‍ എന്നു പറയുന്ന ഗണത്തില്‍പ്പെടുന്നവര്‍ തന്നെ. ന്തായാലും യുനെസ്‌കോ പ്രശംസ ഗംഭീരമായി, ആരുടെ കുരുട്ടുബുദ്ധിയില്‍ ഉദിച്ചതായാലും!!!

Previous articleഅക്ഷരപ്പിശാച്..?!!!
Next articleഒബാമയെ എനിക്കിഷ്ടമാണ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here