കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാവുന്ന സത്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു. ടൈംസ് നൗ ആണ് ഉണ്ണിത്താന്റെ വചനപ്രഘോഷണം പകര്‍ത്തി നാട്ടാര്‍ക്കു മുന്നിലെത്തിച്ചത്. വോട്ടെടുപ്പ് തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയായിരുന്നു ഈ തുറന്നുപറച്ചില്‍.
‘കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാ അടിത്തറ വളരെ മോശമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, രണ്ട് ഗ്രൂപ്പുകളാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉള്ളത്. ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. എല്ലാവരും വ്യക്തി താല്പര്യമുള്ളവരാണ്. ഗ്രൂപ്പ് വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. ആര്‍ക്കെങ്കിലും പാര്‍ട്ടിയോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എനിക്ക് ഉറപ്പ് പറയാമായിരുന്നു ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന്’ -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കേരളത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് ബാധിക്കുക തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയെക്കൂടിയായിരിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും തോല്‍ക്കുമെന്ന് ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
‘കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ ആദ്യം ചെയ്യേണ്ടത് സംഘടനയുടെ അടിത്തറ കെട്ടിപ്പടുക്കുകയാണ്. ബി.ജെ.പി. ഓരോദിവസം കഴിയും തോറും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ബൂത്ത് ലെവല്‍ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളൊന്നുമില്ല. പക്ഷേ, പാര്‍ട്ടിയുണ്ടാക്കി. കോണ്‍ഗ്രസ്സിലുള്ളവരൊക്കെ ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്’ -രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ പോകുന്നു.
ഈ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കഴിഞ്ഞദിവസവും കാസര്‍കോട് എം.പി. പറഞ്ഞിരുന്നു -‘ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപചയം. അതിന് ഈ തിരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാല്‍, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആള്‍ക്ക് എന്ന രീതി മാറണം. മാറാന്‍ പോവുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വന്നേ മതിയാവൂ. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിരുന്നെന്ന് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തേണ്ടിവരും’.
കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാദ്ധ്യമല്ലെന്നും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും ഉണ്ണിത്താന്‍ സമ്മതിക്കുകയാണ്. ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഇടതുപക്ഷത്തുള്ളവര്‍ പോലും പറയേണ്ടതില്ല എന്നാണ് തോന്നുന്നത്. സത്യം ജയിക്കട്ടെ!!