HomeACADEMICSഞങ്ങള്‍ക്കെന്...

ഞങ്ങള്‍ക്കെന്താ അയിത്തമാണോ?

-

Reading Time: 5 minutes

1990 മുതല്‍ 1997 വരെയുള്ള വര്‍ഷങ്ങള്‍. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ഏതെന്നു ചോദിച്ചാല്‍ ഈ ഉത്തരമാണ് ഞാന്‍ നല്‍കുക. എന്റെ കോളേജ് വിദ്യാഭ്യാസകാലം. ആദ്യ രണ്ടു വര്‍ഷം തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി കോഴ്‌സ്. പിന്നീടുള്ള അഞ്ചു വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമുള്ള പഠനം. സാമാന്യം മോശമല്ലാത്ത രീതിയില്‍ തന്നെയാണ് പഠനം പൂര്‍ത്തിയാക്കിയത്. ആരു ചോദിച്ചാലും മാര്‍ക്ക് ലിസ്റ്റും ബിരുദ, ബിരുദാനന്തര ബിരുദ സാക്ഷ്യപത്രങ്ങളും കാണിച്ചുകൊടുക്കാന്‍ എനിക്കു നാണക്കേടു തോന്നേണ്ട കാര്യമില്ല എന്നു സാരം.

AYITHAM 01

ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരു കോളേജ് വിദ്യാര്‍ത്ഥിയും അവനോ അവളോ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മനസ്സിലാക്കില്ല. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം തിരിഞ്ഞുനോക്കുമ്പോഴായിരിക്കും അതു മനസ്സിലാകുക. കട്ട് ചെയ്ത ക്ലാസ്സുകള്‍, പങ്കെടുക്കാതെ പോയ മത്സരങ്ങള്‍, വിളിക്കാതെ പോയ മുദ്രാവാക്യങ്ങള്‍, എറിയാതെ പോയ കല്ലുകള്‍, എന്തിന് പറയാതെ പോയ പ്രണയങ്ങള്‍ വരെ മനസ്സില്‍ വിങ്ങലായി പിന്നീടുള്ള കാലമത്രയും നിലനില്‍ക്കും. കലാലയത്തിനു മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളില്‍ നിന്നൊരു നീണ്ട നെടുവീര്‍പ്പുയരും.

പിന്നെ കാത്തിരിപ്പാണ്, വീണ്ടും കോളേജിലെത്താനുള്ള അവസരത്തിനായി. പഴയ തലമുറയിലുള്ളവര്‍ വീണ്ടും ചെല്ലുമ്പോള്‍ പുത്തന്‍കൂറ്റുകാര്‍ സംശയഭാവത്തില്‍ ചെറഞ്ഞു നോക്കും. നിന്നെക്കാള്‍ മുമ്പ് ഇവിടെ വിലസിയതാ എന്ന രീതിയില്‍ പുച്ഛഭാവത്തില്‍ സീനിയര്‍ ചിറി കോട്ടും. എങ്കിലും ഒരു അന്യഥാ ബോധമുണ്ട്. അങ്ങനെയുള്ളപ്പോള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം എന്നു കേട്ടാല്‍ മതി പാഞ്ഞെത്താന്‍. എല്ലാവര്‍ക്കും തുല്യപങ്കാളിത്തമുള്ള വലിയ ആഘോഷങ്ങളാണെങ്കില്‍ ആവേശം ഇരട്ടിക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ അത്തരമൊരു വിശേഷം അരങ്ങേറുകയാണ്, 1866ല്‍ പിറന്ന കലാലയമുത്തശ്ശിക്ക് 150 വയസ്സ് തികയുന്നു. ഒരു ഭംഗിക്ക് ‘ശതോത്തര സുവര്‍ണ്ണ ജൂബിലി’ എന്നു പറയാം.

AYITHAM 02

യൂണിവേഴ്‌സിറ്റി കോളേജ് എന്നു കേള്‍ക്കുമ്പോള്‍ ഇവിടത്തെ അക്കാദമിക-കലാ-കായിക-സാഹിത്യ-സാംസ്‌കാരിക മികവിനെക്കാള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ പോരാട്ട വീര്യമാണ്. അങ്ങനെ നോക്കുമ്പോള്‍, എന്റേത് യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു സവിശേഷ തലമുമറയാണ്. കാരണം, 1991 മുതല്‍ 1996 വരെയുള്ള കാലത്ത് നടന്ന സമരപോരാട്ടങ്ങളെക്കാള്‍ വലുതൊന്നും അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നും തോന്നുന്നില്ല.

അന്നത്തെ പോരാളികള്‍ മുഴുവനാളുകളും എസ്.എഫ്.ഐ. എന്ന സംഘടനയില്‍പ്പെട്ടവരായിരുന്നില്ല. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ കൂട്ടുകാര്‍ സമരം ചെയ്യുമ്പോള്‍ കല്ലെറിയാനും പോലീസുകാര്‍ തൊടുത്തുവിടുന്ന ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ കൈയില്‍ നനഞ്ഞ തുണി ചുറ്റി പിടിച്ചെടുത്ത് തിരിച്ചെറിയാനും നിന്നവരില്‍ ആ രാഷ്ട്രീയത്തോട് മാനസികമായി യോജിക്കാത്തവരും ഉണ്ടായിരുന്നു. അവരൊക്കെ പോലീസ് നടപടി കോളേജിനെതിരായ അതിക്രമമായി കണ്ട് പ്രതിരോധിക്കാനിറങ്ങിയവരാണ്. യൂണിവേഴ്‌സിറ്റി കോളേജ് ഒരു വികാരമായിരുന്നു. മുകളിലത്തെ നിലയില്‍ സംഘര്‍ഷം കാണാന്‍ അണിചേരുന്ന സുന്ദരികള്‍ക്കിടയില്‍ താരമാവാന്‍ വേണ്ടി മാത്രം കല്ലെറിയാന്‍ കൂടിയവരുമുണ്ട്. എറിഞ്ഞ എല്ലാ കല്ലുകളും എസ്.എഫ്.ഐയുടെ അക്കൗണ്ടിലായി എന്നു മാത്രം. അതൊരു കാലം.

AYITHAM 04

എന്നാല്‍ ഒരു കാര്യം തീര്‍ത്തുപറയാം, യൂണിവേഴ്‌സിറ്റി കോളേജ് ഇന്നത്തെ രൂപത്തില്‍ നിലനില്‍ക്കുന്നതിനും കാരണം ഞങ്ങളുടെ പോരാട്ടവീര്യം തന്നെയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ച അഞ്ചു വര്‍ഷങ്ങളില്‍ നാലു വര്‍ഷവും ആ കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായി പഠിക്കേണ്ടി വന്ന ഹതഭാഗ്യരുടെ തലമുറയാണ് എന്റേത്. ഞങ്ങള്‍ക്ക് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. കാര്യം വിശദീകരിക്കാം. 1991ല്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി മന്ത്രിസഭ അധികാരത്തിലേറുന്നു. ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അന്ന് ധനകാര്യ മന്ത്രി. ആദ്യവര്‍ഷം തന്നെ വിദ്യാര്‍ത്ഥിസമര വേലിയേറ്റം സര്‍ക്കാരിന് തലവേദനയാകുന്നു. 1993ലെ ഉമ്മന്‍ചാണ്ടിയുടെ ബജറ്റ് പ്രസംഗമാണ് ജൂനിയറില്‍ നിന്ന് സീനിയറിലേക്കുള്ള സ്ഥാനക്കയറ്റം ഞങ്ങള്‍ക്ക് നിഷേധിച്ചത്. ‘സെന്റര്‍ ഓഫ് എക്‌സലന്‍സ്’ ആക്കുന്നു എന്ന പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദവിഭാഗം നഗരത്തിനു പുറത്ത് കാര്യവട്ടത്തേക്ക് പറിച്ചുനടാനുള്ള പ്രഖ്യാപനം ഉമ്മന്‍ചാണ്ടി നടത്തി. എല്ലാ വിദ്യാര്‍ത്ഥി സമരങ്ങളുടെയും ഊര്‍ജ്ജസ്രോതസ്സ് ബിരുദവിദ്യാര്‍ത്ഥികളാണല്ലോ!

AYITHAM 03

യൂണിവേഴ്‌സിറ്റി കോളേജ് വിഭജനത്തെ ചെറുക്കാന്‍ സാമ-മാന-ഭേദ-ദണ്ഡങ്ങള്‍ എല്ലാം ഞങ്ങള്‍ പരീക്ഷിച്ചു. വിജയിച്ചില്ല. കാര്യവട്ടത്തെ ബിരുദവിഭാഗം വളരെ പെട്ടെന്നു തന്നെ ഉയര്‍ന്നു. ആ സര്‍ക്കാരിന്റെ കാലാവധി തീരും വരെ -ഇടയ്ക്ക് ഉമ്മന്‍ചാണ്ടി കെ.കരുണാകരനെ വലിച്ചു താഴെയിറക്കി ആ കസേരയില്‍ എ.കെ.ആന്റണിയെ പ്രതിഷ്ഠിച്ചു -ഞങ്ങള്‍ പൊരുതി. ഞങ്ങളുടെ പല സമരങ്ങളും ഉദ്ഘാടനം ചെയ്തത് ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമാണ്. അവര്‍ ഞങ്ങള്‍ക്ക് ഉറപ്പുനല്‍കി -ഇടതുപക്ഷം അധികാരത്തിലേറിയാല്‍ അപ്പോള്‍ത്തന്നെ യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ്വസ്ഥിതിയിലാക്കും. നായനാര്‍ വാക്കുപാലിച്ചു. 1996ല്‍ ഇടതുമുന്നണിയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യതീരുമാനം യുണിവേഴ്‌സിറ്റി കോളേജിനെ പൂര്‍വ്വരൂപത്തിലാക്കുക എന്നതായിരുന്നു. തിരികെയെത്തിയ ബിരുദ കോഴ്‌സുകളുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു. അപ്പോള്‍ കാര്യവട്ടത്തെ ബിരുദ വിഭാഗമോ? അത് പ്രത്യേകിച്ചൊരു കോളേജാക്കി മാറ്റി -ഇന്നത്തെ കാര്യവട്ടം ഗവണ്‍മെന്റ് കോളേജ്. അങ്ങനെ ബിരുദാനന്തര ബിരുദം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആദ്യമായി ഞങ്ങള്‍ക്ക് സീനിയര്‍ പദവി നല്‍കി ജൂനിയര്‍ വന്നു -ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍.

AYITHAM 05

ഈ പോരാട്ടത്തിന്റെ ഭാഗമായി അന്നത്തെ തലമുറ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഒരു വൃക്ക നഷ്ടപ്പെട്ട ഹരിയുടെ ത്യാഗം തന്നെയാണ് ഏറ്റവും വലുത്. അടി കൊണ്ട് തലയില്‍ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയ വേണ്ടി വന്നവര്‍, കൈയ്ക്കും കാലിനും സ്വാധീനം നഷ്ടപ്പെട്ടവര്‍, വിട്ടുമാറാത്ത നടുവേദനയ്ക്ക് അടിമയായവര്‍, ക്ഷയരോഗികള്‍, ജയില്‍വാസമനുഭവിച്ചവര്‍ -പക്ഷേ, ഞങ്ങള്‍ക്ക് നഷ്ടബോധമില്ല. അതുണ്ടെങ്കില്‍ ഒരു കാര്യത്തില്‍ മാത്രം -യൂണിവേഴ്‌സിറ്റി ഈവനിങ് കോളേജിനെ സംരക്ഷിക്കാനായില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് ഈവനിങ് കോളേജുകളെക്കുറിച്ച് വലിയ ധാരണയുണ്ടാവില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരേ പ്രിന്‍സിപ്പലിനു കീഴില്‍ രണ്ടു കോളേജുകള്‍ പ്രവര്‍ത്തിച്ചിരുന്നു. രാവിലെ 9.30 മുതല്‍ 3.30 വരെ യൂണിവേഴ്‌സിറ്റി കോളേജ്. വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ യൂണിവേഴ്‌സിറ്റി ഈവനിങ് കോളേജ്. ഈവനിങ് കോളേജില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വേറെ. രാവിലെ 8 മണിയോടെ കോളേജിലെത്തിയിരുന്ന എന്റെ തലമുറ പുറത്തിറങ്ങിയിരുന്നത് ഈവനിങ് കോളേജിലെ ക്ലാസ്സും അവസാനിച്ച ശേഷം രാത്രി 9 മണിയോടെയായിരുന്നു. ഒരു ദിവസം 13 മണിക്കൂര്‍ കോളേജ് വാസം. ശനിയും ഞായറുമുള്‍പ്പെടെയുള്ള അവധിദിനങ്ങളിലും സ്ഥിതി ഇതു തന്നെ. മുത്തശ്ശിയോട് ഇത്ര അടുപ്പമുണ്ടായതില്‍ അത്ഭുതമുണ്ടോ?

AYITHAM 06

യൂണിവേഴ്‌സിറ്റി കോളേജിന്റെ ‘ശതോത്തര രജത ജൂബിലി’ അഥവാ 125-ാം വാര്‍ഷികം ആഘോഷിച്ച തലമുറയാണ് ഞങ്ങളുടേത്. അന്നുതന്നെ തീരുമാനിച്ചിരുന്നു 150-ാം വാര്‍ഷികം അടിപൊളിയാക്കണമെന്ന്. ആ മോഹം വെറും മോഹം മാത്രമായി അവശേഷിക്കുമോ എന്ന സംശയത്തിലാണ് ഞങ്ങളിപ്പോള്‍. കാരണം, ആഘോഷപരിപാടികളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ആരൊക്കെയോ അയിത്തം കല്പിച്ചിരിക്കുന്നു. 125-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചത് പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. ഒ.എന്‍.വി.കുറുപ്പ് സാറിനെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി പഴയ ചേട്ടന്മാരും ചേച്ചിമാരും കാര്യങ്ങള്‍ തീരുമാനിച്ചു നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഒപ്പം നിന്ന് സഹായിക്കുക എന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഘോഷപരിപാടികള്‍ വന്‍വിജയവുമായിരുന്നു. അതുപോലുള്ള ഒരവസരത്തിനായി ഞങ്ങള്‍ 25 വര്‍ഷമായി കാത്തിരിക്കുന്നു. മുത്തശ്ശിയുടെ മുറ്റത്തേക്കുള്ള വിളിക്കായി 2016 പിറന്ന അന്നുമുതല്‍ കാതോര്‍ക്കുകയാണ്. പക്ഷേ, ഞങ്ങളെ ആരും വിളിച്ചില്ല. വിളിക്കുന്നില്ല.

AYITHAM 07

സമരപോരാട്ടങ്ങളുടെ പേരിലാണ് പ്രശസ്തിയെങ്കിലും യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചില്ലറക്കാരല്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണന്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍ നായര്‍, കോണ്‍ഗ്രസ്സ് നേതാക്കളായ പി.സി.ചാക്കോ, എം.എം.ഹസ്സന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ ഷാജി എന്‍.കരുണ്‍, ബാലചന്ദ്ര മേനോന്‍, പ്രിയദര്‍ശന്‍, മുന്‍ നയതന്ത്രജ്ഞനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസന്‍, മുന്‍ ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ്, പ്രൊഫ.വി.മധുസൂദനന്‍ നായര്‍, ചെറിയാന്‍ ഫിലിപ്പ് തുടങ്ങി എം.എല്‍.എമാര്‍, ഐ.എ.എസ്, ഐ.എഫ്.എസ്. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍ എന്നിവരിലൂടെ ഈ പാവം എന്നെപ്പോലുള്ള സാധാരണക്കാര്‍ വരെ. എന്റെ തലമുറയിലുമുണ്ട് പ്രമുഖര്‍ -സംഗീതസംവിധായകരായ ജാസി ഗിഫ്റ്റിനെയും ബാലഭാസ്‌കറിനെയും പോലുള്ളവര്‍. പക്ഷേ, പഴയ ആളുകള്‍ക്ക് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വിലയിടിവാണ്.

AYITHAM 08

ഫെബ്രുവരി 5 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ 150-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതിക്ക് രൂപം നല്‍കാനുള്ള യോഗം നടക്കുകയാണ്. എന്തുകൊണ്ടോ ഞങ്ങള്‍ക്ക് അതിലേക്ക് ക്ഷണമില്ല. പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ വളരെ പ്രമുഖരായ ചിലര്‍ക്കൊക്കെ ക്ഷണമുണ്ടാകാം. പക്ഷേ, ന്യായമായും ക്ഷണിക്കപ്പെടും എന്നു ഞാന്‍ പ്രതീക്ഷിച്ച പലരും യോഗവിവരം അറിഞ്ഞിട്ടുപോലുമില്ല. യോഗം ചേരുന്ന സാഹചര്യത്തില്‍ ഞാന്‍ പലരെയും വിളിച്ചന്വേഷിച്ചു ‘നമുക്ക് പോകണ്ടേ’ എന്ന്. ആരും ഒന്നും അറിഞ്ഞിട്ടില്ല! എന്നെപ്പോലുള്ള ഇസ്‌പേഡ് ഏഴാംകൂലികളെ നിങ്ങള്‍ ക്ഷണിക്കേണ്ടതില്ല. പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത കൊടുത്താല്‍ അതു കണ്ട് ഞങ്ങള്‍ എത്തും. പക്ഷേ, അതു പോലും…

AYITHAM 10

ഇത്തരം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍മാതൃകകളുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിന്റെ ശതാബ്ദിയും ശതോത്തര രജത ജൂബിലിയും ആഘോഷിച്ചിട്ടുണ്ട്. ഇന്നലെ വന്നു കയറിയ സ്ഥാപിത താല്പര്യക്കാരായ ചില അദ്ധ്യാപകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ അതു നടക്കില്ല തന്നെ. ഞങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയമില്ല. കോളേജിലെ രാഷ്ട്രീയം ഭൂരിഭാഗത്തിനും അവിടെ അവസാനിച്ചു. അതുമായി മുന്നോട്ടു പോകുന്നവരുണ്ട് എന്നത് മറക്കുന്നില്ല. എസ്.എഫ്.ഐയുടെ പാനലില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായ എത്രയോ പേര്‍ ഇന്ന് യു.ഡി.എഫ്. നേതാക്കളായിരിക്കുന്നു. അതുപോലെ കോളേജില്‍ കെ.എസ്.യു. ആയിരുന്ന ചെറിയാന്‍ ഫിലിപ്പിനെപ്പോലുള്ളവര്‍ ഇന്ന് ഇടതുപക്ഷത്താണ്. ബി.ജെ.പിയിലെത്തിയവരുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷേ, കോളേജിന്റെ കാര്യത്തില്‍ ഞങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒന്നാണ്.

ഞങ്ങളെ ഞങ്ങളാക്കി മാറ്റിയ കലാലയ മുത്തശ്ശിയുടെ 150-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് ആരുടെയും ഓശാരം ആവശ്യമില്ല. വേണ്ടിവന്നാല്‍ സ്വന്തം നിലയ്ക്ക് ഞങ്ങള്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഇപ്പോള്‍ അവിടെ പഠിക്കുന്ന കുഞ്ഞനുജന്മാരും അനുജത്തിമാരും സാമൂഹികബോധം നഷ്ടപ്പെടാത്ത അദ്ധ്യാപകരും ഞങ്ങള്‍ക്കൊപ്പം ചേരുമെന്നുറപ്പുണ്ട്. ഔദ്യോഗിക ആഘോഷം എന്ന ലേബലിലാണെങ്കിലും ഒഴിഞ്ഞ കസേരകളാണ് സാക്ഷിയെങ്കില്‍ അതിന്റെ നാണക്കേട് മുത്തശ്ശിക്കാവില്ല, സംഘാടകര്‍ക്കു മാത്രമാവും.

AYITHAM 11

നിങ്ങള്‍ ക്ഷണിച്ചില്ലെങ്കിലും സംഘാടകസമിതി യോഗത്തിന് ഞങ്ങള്‍ വരും. കാരണം, യോഗം സംഘടിപ്പിക്കുന്നവരെക്കാള്‍ അതില്‍ പങ്കെടുക്കാനുള്ള അര്‍ഹതയും യോഗ്യതയും ഞങ്ങള്‍ക്കാണ് എന്നു ബോദ്ധ്യമുള്ളതുകൊണ്ടു തന്നെയാണ്. ഞങ്ങളെ അംഗീകരിക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. നിഷേധിക്കപ്പെടുന്ന നീതിയും അവകാശവും പിടിച്ചുവാങ്ങണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് ഈ കലാലയ മുത്തശ്ശി തന്നെയാണ്. പഠിച്ചതേ പാടൂ…

അപ്പോള്‍, കൂട്ടുകാരേ…
മറക്കരുത്, ഫെബ്രുവരി 5 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണി.
മറ്റാരും വിളിച്ചില്ലെങ്കിലും നമ്മുടെ പ്രിയപ്പെട്ട മുത്തശ്ശി നമ്മെ വിളിക്കുന്നു…

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks