ഇന്ന് 2018 ജൂണ്‍ 10, ഞായറാഴ്ച. ചെറിയ ചില വായനാപരിപാടികളുമായി അവധിദിനം തള്ളിനീക്കുന്നു. ഭാര്യ അകത്തെന്തോ പണിയിലാണ്. പെട്ടെന്ന് അവര്‍ പുറത്തേക്കു വന്നു. ഫോണ്‍ എന്റെ നേര്‍ക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
കോളേജ് അദ്ധ്യാപികയായ ഭാര്യയ്ക്ക് അവരുടെ ഒരു സുഹൃത്ത് അയച്ചുകൊടുത്ത വാട്ട്‌സാപ്പ് സന്ദേശമാണിത്. വീട്ടിലൊരു മാധ്യമപ്രവര്‍ത്തകന്‍ ഉള്ളതിനാല്‍ അവര്‍ അപ്പോള്‍ത്തന്നെ എന്നോടു ചോദിച്ചു -‘നാളെ അവധിയാണോ?’ 2018 ജൂണ്‍ 11, തിങ്കളാഴ്ചത്തെ കാര്യമാണ് ചോദിക്കുന്നത്.
അവധി സംബന്ധിച്ച് എനിക്കൊരു വിവരവുമില്ല. അങ്ങനെ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അത് ആദ്യം വരേണ്ടത് ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ്. അങ്ങനൊരു സന്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് അവധി എന്ന് സന്ദേശത്തില്‍ പറയുന്നു. അതോറിറ്റിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലും നോക്കി. അവിടെയും അവധിയുടെ സൂചനയൊന്നുമില്ല. ഇനി അതോറിറ്റി സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് എന്ന ശേഖര്‍ തന്നെ ആശ്രയം. അദ്ദേഹത്തോടു ചോദിച്ചു.
ശേഖര്‍ അമ്പരന്നു -‘അവധിയോ? എവിടെ?’ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനുള്ള ഒരു നിര്‍ദ്ദേശവും ദുരന്തനിവാരണ അതോറിറ്റി മുന്നോട്ടുവെച്ചിട്ടില്ലെന്ന് അദ്ദേഹം. സംസ്ഥാനത്ത് ജൂണ്‍ 21 വരെ വ്യാപകമായ മഴ പെയ്യുമെന്ന് പറഞ്ഞിരിക്കുന്നതിലെ പൊരുത്തക്കേടും ശേഖര്‍ ചൂണ്ടിക്കാട്ടി. അതോറിറ്റിയുടെ മഴപ്രവചനം നിലവില്‍ 11 വരെ മാത്രമേയുള്ളൂ. അതിനുശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതേയുള്ളൂ.
ശേഖര്‍ ഒരു കാര്യം കൂടി ചെയ്തു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിളിച്ചു ചോദിച്ചു, അവധിയുടെ കാര്യം. അങ്ങനെയൊരു അവധി പരിഗണിച്ചിട്ടേയില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മറുപടി. അതും ശേഖര്‍ എന്നെ അറിയിച്ചു. അപ്പോള്‍പ്പിന്നെ അവധി അറിയിപ്പ് എവിടെ നിന്നു വന്നു? ഒരു പിടിയുമില്ല.
ഈ തട്ടിപ്പ് സന്ദേശം സൃഷ്ടിച്ചയാള്‍ ബഹുമിടുക്കനാണ്. ഒരു വാര്‍ത്ത എഴുതുന്ന രീതിയില്‍ കൃത്യമായ ഘടന പാലിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി തന്നെ അവധി പ്രഖ്യാപിച്ചുകളഞ്ഞു. സംസ്ഥാനവ്യാപകമായി അങ്ങനൊരു അവധി ഇല്ലേയില്ല. ജില്ലാ തലത്തിലെ കാര്യങ്ങള്‍ അതാത് ജില്ലാ കളക്ടര്‍മാര്‍ അറിയിക്കും. ഇടുക്കിയിലോ മറ്റോ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോരുത്തരുടെ മോഹങ്ങള്‍ വാട്ട്‌സാപ്പിലൂടെ സന്ദേശമായി പടരുന്നു. സന്ദേശം ലഭിക്കുന്നവര്‍ക്ക് ഒടുവില്‍ അത് മോഹഭംഗമാവുന്നു.
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം..