Reading Time: 5 minutes

ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടു വന്ന അര്‍ജന്റീനയെ ആദ്യമായി യോഗ്യത നേടിയ ചെറുമീനുകളായ ഐസ്‌ലന്‍ഡ് സമനിലയില്‍ കുരുക്കി. അര്‍ജന്റീന വിരുദ്ധന്മാരൊക്കെ ആഘോഷവുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും ആഘോഷിച്ചോളൂ. പക്ഷേ, ഞാന്‍ പറയും -ഇതൊരു ‘നല്ല’ തുടക്കം.

ലയണല്‍ മെസ്സിക്കു മുന്നില്‍ തീര്‍ക്കപ്പെട്ട മഞ്ഞുമതില്‍

ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ കളത്തിലെ കളി മാത്രമല്ല. വിശ്വാസവും അന്ധവിശ്വാസവും ഭാഗ്യവുമെല്ലാം ഇടകലരുമ്പോഴാണ് ഫുട്‌ബോളിന് പൂര്‍ണ്ണത കൈവരിക. ജീവിതത്തില്‍ ഞാന്‍ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നയാളാണ്. പക്ഷേ, ഫുട്‌ബോളില്‍ നേര്‍വിപരീതം. അതിനാലാണ് അര്‍ജന്റീനയുടെ പ്രകടനത്തെപ്പറ്റി ഞാന്‍ പറയുന്നത് -ഇതൊരു ‘നല്ല’ തുടക്കം.

കളി കബഡിയല്ല, ഫുട്‌ബോള്‍ തന്നെ…

അര്‍ജന്റീന 3-0ന് ഐസ്‌ലന്‍ഡിനെ തോല്പിക്കുമെന്നാണ് മത്സരത്തിനു മുമ്പുള്ള ടെലിവിഷന്‍ അവലോകനത്തില്‍ ബൈചുങ് ബൂട്ടിയ പറഞ്ഞത്. മെസ്സി 2 ഗോളടിക്കുമെന്നും പറഞ്ഞു. ലുയി ഗാര്‍സ്യ പ്രവചിച്ചത് അര്‍ജന്റീന 2-0ന് ജയിക്കുമെന്നാണ്. ഐസ്‌ലന്‍ഡിന്റെ കളി ഞാനിതുവരെ കണ്ടിട്ടില്ല. അതിനാല്‍ പ്രവചനം ശരിയാവുമെന്ന് ഉറപ്പിച്ചു കളി കാണാനിരുന്നു.

ഐസ്‌ലന്‍ഡിനെതിരെ ഗോള്‍ നേടിയ അഗ്യുറോയുടെ ആഹ്ലാദം

പക്ഷേ, ഉള്ളിന്റെയുള്ളില്‍ എവിടെയോ അര്‍ജന്റീന സമനിലയില്‍ കുരുങ്ങണം എന്ന ആഗ്രഹമുണ്ടായിരുന്നു. 1-1 എന്ന സ്‌കോര്‍ വേണമെന്നും ആഗ്രഹിച്ചു. അന്ധവിശ്വാസം തന്നെ കാരണം. 19-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യുറോയിലൂടെ അര്‍ജന്റീന മുന്നിലെത്തി, 1-0. വെറും 4 മിനിറ്റിനകം ആല്‍ഫ്രയോ ഫിന്‍ബൊഗാസണിലൂടെ ഐസ്‌ലന്‍ഡ് സമനില കൈവരുത്തി, 1-1. ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ സ്‌കോര്‍ 1-1. ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുമോ? ആ ഗതിയില്‍ മത്സരം മുന്നോട്ടു നീങ്ങുമ്പോള്‍ 64-ാം മിനിറ്റില്‍ അതാ വരുന്നു അര്‍ജന്റീനയ്ക്കനുകൂലമായ പെനാല്‍റ്റി. എടുക്കുന്നത് മെസ്സി. ഗോളാകുമെന്നുറപ്പ്. പണി പാളുമോ?

ലയണല്‍ മെസ്സിയെടുത്ത പെനാല്‍റ്റി ഹാനസ് ഹാള്‍ഡോഴ്‌സന്‍ തടുത്തിടുന്നു

പെനാല്‍റ്റി സ്‌പോട്ടിലെ പന്ത് മെസ്സി ഇടത്തേക്കടിക്കുന്നു. ഐസ്‌ലന്‍ഡിന്റെ ഗോളി ഹാനസ് ഹാള്‍ഡോഴ്‌സന്‍ കൃത്യമായി വലത്തോട്ടു ചാടുന്നു. മെസി അടിച്ച പന്ത് കൃത്യമായി ഹാല്‍ഡോഴ്‌സന്റെ കൈയില്‍ തട്ടിത്തെറിക്കുന്നു. പെനാല്‍റ്റി നഷ്ടം. സ്‌കോര്‍ 1-1 തന്നെ. മെസ്സിയടക്കം എല്ലാവരും പെനാല്‍റ്റി നഷ്ടമായതില്‍ ദുഃഖിച്ചു. എന്നാല്‍, അന്ധവിശ്വാസത്തെ മുറുകെപ്പിടിച്ച ഞാന്‍ കസേരയില്‍ അമര്‍ന്നിരുന്നു. ഇനിയൊരു ഗോള്‍ ഇരുവശത്തും വീഴാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായി. ഈ കളി സമനിലയായാലും വേണ്ടില്ല, കപ്പുയര്‍ത്തിയാല്‍ മതി.

ഹാനസ് ഹാള്‍ഡോഴ്‌സന്‍ എന്ന ഗോളിയുടെ ചടുലത

7 പേരെ പ്രതിരോധത്തിലിറക്കി കളിപ്പിച്ച ഐസ്‌ലന്‍ഡുകാര്‍ എന്റെ പ്രാര്‍ത്ഥന സഫലമാക്കി. ഐസ്‌ലന്‍ഡ് പെനാല്‍റ്റി ബോക്‌സില്‍ എല്ലായ്‌പ്പോഴും ആള്‍ക്കൂട്ടമായിരുന്നു. ഹാനസ് ഹാള്‍ഡോഴ്‌സന്‍ എന്ന ഗോളിയുടെ ചടുലത കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. കളി 1-1ല്‍ അവസാനിച്ചു.

2016 ജൂണ്‍ 15
യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി യോഗ്യത നേടിയ ഐസ്‌ലന്‍ഡിനെ നേരിടുന്നു. കിരീടപ്രതീക്ഷയുള്ള പോര്‍ച്ചുഗല്‍ കുറഞ്ഞത് 3-0 എന്ന സ്‌കോറിനെങ്കിലും ജയിക്കും എന്നു പറഞ്ഞാണ് വാതുവെപ്പുകാര്‍ പണം മുടക്കിയിരിക്കുന്നത്. പോര്‍ച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന് ലൂയി ഫിഗോയുടെ പേരിലുള്ള റെക്കോഡിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തുന്ന മത്സരം.

എല്ലായ്‌പ്പോഴുമെന്നപോലെ റൊണാള്‍ഡോ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. എന്നാല്‍, ലഭിച്ച അവസരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി സൂപ്പര്‍താരം പുകയ്ക്കുന്നതു കണ്ട് ആരാധകര്‍ തരിച്ചിരുന്നു. ഭൂരിഭാഗം സമയവും പന്ത് പോര്‍ച്ചുഗലിന്റെ കൈയിലായിരുന്നുവെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മറുഭാഗത്ത് ഐസ്‌ലന്‍ഡുകാര്‍ വല്ലപ്പോഴും മാത്രം പോര്‍ച്ചുഗല്‍ ഗോള്‍മുഖത്തെത്തി വിറപ്പിച്ചു മടങ്ങി. ഒടുവില്‍ പോര്‍ച്ചുഗല്‍ ഗോളടിച്ചു, 31-ാം മിനിറ്റില്‍. റൊണാള്‍ഡോയ്ക്കു കഴിയാതെ പോയത് നാനി സാധിച്ചെടുത്തു.

യൂറോ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ ഐസ്‌ലന്‍ഡിന്റെ ബിര്‍കിര്‍ ബ്യര്‍നാസന്‍ ഗോള്‍ നേടുന്നു

പകുതി സമയത്ത് നാനി ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. രണ്ടാം പകുതിയും ഒന്നാം പകുതിയുടെ ആവര്‍ത്തനം. ഇടയ്ക്കുമാത്രം പോര്‍ച്ചുഗല്‍ ഗോള്‍മുഖം വിറപ്പിക്കാന്‍ ഐസ്‌ലന്‍ഡുകാര്‍ എത്തി. അത്തരമൊരു വിറപ്പിക്കലിനിടെ കളിയുടെ ഗതിക്കു വിപരീതമായി ഐസ്‌ലന്‍ഡ് ഗോളടിച്ചു, 50-ാം മിനിറ്റില്‍. ബിര്‍കിര്‍ ബ്യര്‍നാസനായിരുന്നു സ്‌കോറര്‍. ലീഡ് പിടിക്കാനും ജയിക്കാനും പോര്‍ച്ചുഗല്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, മഞ്ഞുമല കീഴടക്കാനായില്ല. അന്തിമ സ്‌കോര്‍ 1-1.

പോര്‍ച്ചുഗലിനെതിരെ ഗോള്‍ നേടിയ ബിര്‍കിര്‍ ബ്യര്‍നാസന്റെ ആഹ്ലാദം

ഒരു ദിവസത്തെ അത്ഭുതമായിരുന്നില്ല അത്. ഐസ്‌ലന്‍ഡ് പിന്നെയുമേറെ ദൂരം പോയി. ഗ്രൂപ്പില്‍ ഹംഗറിയെയും സമനിലയില്‍ തളച്ച അവര്‍ ഓസ്ട്രിയയെ തോല്പിച്ച് രണ്ടാം സ്ഥാനക്കാരായി പ്രി ക്വാര്‍ട്ടറിലെത്തി. അവിടെ കരുത്തരായ ഇംഗ്ലണ്ടിനെ മടക്കി. ഒടുവില്‍ ക്വാര്‍ട്ടറില്‍ ആതിഥേയരായ ഫ്രാന്‍സിനോട് പൊരുതിത്തോറ്റു. ആദ്യമായി യൂറോ കപ്പിനെത്തിയവര്‍ ഇത്രയും ചെയ്താല്‍ പോരെ?

ഇനി അനുബന്ധ കഥ. ഇത് ആദ്യ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് വിശ്വാസമാണ്. അന്ധവിശ്വാസം എന്നും പറയാം.

2016 ജൂലൈ 10
യൂറോ കപ്പ് 2016ന്റെ ഫൈനല്‍. ആതിഥേയരായ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടുന്നു. കിരീടസാദ്ധ്യത കല്പിക്കപ്പെടുന്നത് ഫ്രാന്‍സിന്. ആതിഥേയരുടെ തിണ്ണമിടുക്കും അവര്‍ക്കു സ്വന്തം. പോര്‍ച്ചുഗലിന് പ്രചോദനം അവരുടെ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രം.

2016ലെ യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ ട്രോഫിയുമായി

ഫൈനല്‍ വരെ പോര്‍ച്ചുഗലിനെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച റൊണാള്‍ഡോ പക്ഷേ ദുരന്തനായകനായാണ് അരങ്ങുവിട്ടത്. ഫ്രഞ്ച് താരം പയറ്റിന്റെ കഠിനമായ ഫൗളില്‍ 14-ാം മിനിറ്റില്‍ അദ്ദേഹത്തിന് പരിക്കേറ്റു. പിടിച്ചുനില്‍ക്കാന്‍ റൊണാള്‍ഡോ ശ്രമിച്ചുവെങ്കിലും ഗ്രൗണ്ടില്‍ മുടന്തിനടക്കാനേ സാധിച്ചുള്ളൂ. ഒടുവില്‍ 24-ാം മിനിറ്റില്‍ റൊണാള്‍ഡോ സൈഡ് ബെഞ്ചിലോട്ട് ആംഗ്യം കാട്ടി, പകരക്കാരനെ ഇറക്കാന്‍. നിറകണ്ണീരുമായി പോര്‍ച്ചുഗല്‍ നായകന്‍ കളം വിടുമ്പോള്‍ ഫ്രഞ്ചുകാരായ കാണികള്‍ കൂവിയാര്‍ത്തു.

യൂറോ കപ്പ് ഫൈനലില്‍ പരിക്കേറ്റ് കളി തുടരാനാവില്ലെന്നു തിരിച്ചറിഞ്ഞ റൊണാള്‍ഡോയുടെ കണ്ണുനീര്‍

റൊണാള്‍ഡോ പോയതോടെ പോര്‍ച്ചുഗല്‍ തളര്‍ന്നതുപോലെ തോന്നി. എങ്കിലും അവര്‍ പിടിച്ചുനിന്നു. പെപെയും ഹൊസെ ഫോണ്ടെയും പ്രതിരോധത്തില്‍ പാറയായി. പോസ്റ്റിലേക്കു വരുന്ന എന്തും കുത്തിത്തെറിപ്പിച്ച പോര്‍ച്ചുഗല്‍ ഗോളി റുയി പട്രീഷ്യോ മിന്നുന്ന ഫോമിലായിരുന്നു. മുഴുവന്‍ സമയത്ത് ആരും ഗോളടിക്കാത്തതിനാല്‍ കളി അധിക സമയത്തേക്കു നീണ്ടു. അന്തിമവിധി ഷൂട്ടൗട്ടിലായിരിക്കും എന്ന് ഫ്രാന്‍സ് അപ്പോള്‍ തന്നെ ഉറപ്പിച്ചതു പോലെ തോന്നി. അവരുടെ ശരീരഭാഷയില്‍ ആലസ്യം പ്രകടം. മറുഭാഗത്ത് വിജയിക്കണമെന്ന ത്വര കൂടുതല്‍ പ്രകടിപ്പിച്ചത് പോര്‍ച്ചുഗലാണ്. അതിന് 109-ാം മിനിറ്റില്‍ ഫലമുണ്ടാവുകയും ചെയ്തു. ഫ്രഞ്ച് പ്രതിരോധനിരക്കാരെ വെട്ടിച്ചു മുന്നേറിയ എഡര്‍ 20 വാരയകലെ നിന്നു തൊടുത്ത വലങ്കാലനടി താഴ്ന്നുപറന്ന് വല കുലുക്കി. അന്തിമ സ്‌കോര്‍ പോര്‍ച്ചുഗല്‍ 1 ഫ്രാന്‍സ് 0.

2004ല്‍ പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ ആതിഥേയരായിരുന്നു. ലൂയി ഫിഗോ എന്ന പ്രതിഭാധനന്റെ നേതൃത്വത്തിലിറങ്ങിയ അവര്‍ ആ വര്‍ഷം ഫൈനല്‍ കളിച്ചു. പക്ഷേ, പ്രതിരോധം മുഖമുദ്രയാക്കിയ ഗ്രീസിനോടു തോറ്റു. 12 വര്‍ഷത്തിനു ശേഷം പോര്‍ച്ചുഗല്‍ വീണ്ടും ഫൈനലിലെത്തി. അപ്പോള്‍ അവര്‍ തോല്പിച്ചതും ആതിഥേയരെത്തന്നെ -ഫ്രാന്‍സ്.

യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്പിച്ച് പോര്‍ച്ചുഗല്‍ ജേതാവായപ്പോള്‍ സൈഡ്‌ലൈനില്‍ റൊണാള്‍ഡോയുടെ ആഹ്ലാദം

അന്ന് റൊണാള്‍ഡോ വീണ്ടും കരഞ്ഞു. ഇക്കുറി ഫ്രഞ്ചുകാര്‍ ഒപ്പം കരഞ്ഞു. റോണാള്‍ഡോയുടേത് ആനന്ദക്കണ്ണീരും അദ്ദേഹത്തെ കൂവിയ ഫ്രഞ്ചുകാരുടേത് സങ്കടക്കണ്ണീരുമായിരുന്നു എന്നു മാത്രം.

അപ്പോള്‍, ഐസ്‌ലന്‍ഡുമായി അര്‍ജന്റീനയുടെ സമനില വെറുതെയല്ല എന്നു മനസ്സിലായല്ലോ. ഫുട്‌ബോളിലെ മിശിഹായ്ക്ക് വലിയതെന്തോ അദ്ദേഹം വിശ്വസിക്കുന്ന വലിയ മിശിഹ കാത്തുവെച്ചിരിക്കുന്നു. ദൈവം നിശ്ചയിച്ചതിന് എതിരാവുമെങ്കില്‍ മെസ്സിയല്ല സാക്ഷാല്‍ മാറഡോണ വന്നു പെനാല്‍റ്റിയെടുത്താലും അതു പാഴാവുക തന്നെ ചെയ്യും. മത്സരത്തിന്റെ 78 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ഗോളിലേക്ക് 27 ഷോട്ടുകളുതിര്‍ത്തിട്ടും അര്‍ജന്റീന ജയിച്ചില്ല. വെറും 22 ശതമാനം സമയം മാത്രം പന്ത് കൈവശം വെച്ച, 8 ഷോട്ടുകള്‍ മാത്രമുതിര്‍ത്ത ഐസ്‌ലന്‍ഡ് തോറ്റുമില്ല. ഈ 1-1 സ്‌കോര്‍ ഒരു സൂചനയാണ്. വരാനിരിക്കുന്നതിന്റെ സൂചന.

ഐസ്‌ലന്‍ഡുമായുള്ള മത്സരശേഷം ലയണല്‍ മെസ്സിയുടെ നിരാശ

ഐസ്‌ലന്‍ഡിനെ കുറച്ചുകാണണ്ട. യൂറോ കപ്പില്‍ കാട്ടികൂട്ടിയത് വെറും ഭാഗ്യത്തിന്റെ പിന്‍ബലത്തിലായിരുന്നില്ല എന്ന് ലോകകപ്പ് വേദിയില്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഗ്രൂപ്പ് ഡിയിലെ ഈ മഞ്ഞുമല കീഴടക്കാന്‍ ക്രൊയേഷ്യയും നൈജീരിയയും നന്നേ വിയര്‍ക്കേണ്ടിവരും.

മെസ്സിയിലെ പ്രതിഭയെ പൂട്ടിയ മഞ്ഞുമലയുടെ തടിമിടുക്ക്‌

2016 യൂറോ കപ്പില്‍ ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറം മങ്ങി, പോര്‍ച്ചുഗലും. പക്ഷേ, പിന്നീട് കൈമെയ് മറന്ന് നായകനും ടീമും പോരാടി. ഫൈനലിനു ശേഷം പോര്‍ച്ചുഗല്‍ നായകന്‍ കപ്പുയര്‍ത്തി. 2018 ലോക കപ്പില്‍ ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ലയണല്‍ മെസ്സി നിറം മങ്ങി. ഇനി പോരാട്ടത്തിന്റെ സമയമാണ്. ഫൈനലിനു ശേഷം അര്‍ജന്റീന നായകന്‍ കപ്പുയര്‍ത്തുമോ?

വിശ്വാസം.. അതല്ലേ എല്ലാം…
അന്ധവിശ്വാസവും വിശ്വാസമാണ്….

 


പിന്‍കുറിപ്പ്: ഈ എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത പഠിപ്പിക്കാനൊന്നും ആരും വരരുത്. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തന ഉത്തരവാദിത്വവും നിലവില്‍ എനിക്കില്ല. അതിനാല്‍, വെറുമൊരു ഫുട്‌ബോള്‍ പ്രേമിയായി എനിക്കിഷ്ടമുള്ള ടീമിനെ ഭ്രാന്തമായി പിന്തുടരാന്‍ എനിക്കവകാശമുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ വെറും ഭ്രാന്തന്‍.. ഫുട്‌ബോള്‍ ഭ്രാന്തന്‍!!

Previous articleഅവധിയുണ്ടോ… അവധി???
Next article‘പറക്കും ബോട്ട്’ വരുന്നു, ശരവേഗത്തില്‍…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here