Reading Time: 6 minutes

കഴിവുണ്ടായിട്ടും ദാനം ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ ദാനം കൊടുക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മടിക്കുന്നവര്‍ ചെയ്യുന്നത് ഇതാണ്. സംശയം കലര്‍ന്ന ചോദ്യങ്ങളുയര്‍ത്തി മറ്റുള്ളവരെക്കൂടി ആശയക്കുഴപ്പത്തിലാക്കിയിട്ട് ഒടുവില്‍ അവര്‍ സ്വയം തീരുമാനിക്കും, സംഭാവന നല്‍കേണ്ടതില്ലെന്ന്. അതവര്‍ ആദ്യമേ തീരുമാനിച്ചതാണ്. കൊടുക്കില്ല എന്ന തീരുമാനത്തെ അരക്കിട്ടുറപ്പിക്കാനാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. അവരുടെ മുഖമുദ്രയാണ് ‘പക്ഷേ..’

‘ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ്, പക്ഷേ’ -ഇതാണ് നമ്പര്‍. ഈ ‘പക്ഷേ’യുടെ തുടര്‍ച്ചയായി വരുന്നത് നിബന്ധനകളാണ്. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയെ മാറ്റണം, കാറുകള്‍ ഓടുന്നത് കുറയ്ക്കണം, ഉപദേശകരെ പിരിച്ചുവിടണം -കേട്ടാല്‍ പെട്ടെന്ന് ശരിയാണെന്നു തോന്നുന്ന നിബന്ധനകള്‍. എന്നാല്‍ സാന്ദര്‍ഭികമായി ഒരു പ്രസക്തിയുമില്ലാത്ത നിബന്ധനകള്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ‘പക്ഷേ’ മുന്നോട്ടു വെയ്ക്കുന്നയാളിന് ആ റിപ്പോര്‍ട്ടില്‍ പറയുന്നത് എന്താണെന്നോ റിപ്പോര്‍ട്ടില്‍ എത്ര താളുകളുണ്ടെന്നോ അറിയാമോ? ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത് ഇത്രേയുള്ളൂ -നമ്മുടെ രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല, അവരുടെ കയ്യില്‍ പണം ഏല്പിച്ചാല്‍ വെറുതെ പോകുമെന്നുറപ്പ്. ലക്ഷ്യം അവിശ്വാസം പരത്തല്‍ തന്നെ!

സ്വാഭാവികമായും ഉന്നയിക്കുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കുമറിയാം ഈ നിബന്ധനകളൊന്നും അംഗീകരിക്കപ്പെടാന്‍ പോകുന്നില്ല എന്ന്. അതുകൊണ്ട് ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കണ്ട എന്നങ്ങു തീരുമാനിക്കാം, അല്ലേ!! ബലേ ഭേഷ്!!! കഴിയാവുന്ന വല്ലതും സംഭാവന ചെയ്ത് സഹായിക്കണമെന്ന് കരുതുന്ന ഒരാളില്‍ ഇതുണ്ടാക്കുന്ന നിഷേധാത്മകത എത്രത്തോളമാണന്ന് ഊഹിക്കാവുന്നതേയൊള്ളു. ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേയുള്ളൂ -‘ഞാന്‍ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല.’

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ പോരാ എന്ന അഭിപ്രായം വെച്ചുപുലർത്താൻ ആർക്കും അവകാശമുണ്ട്. എന്നാൽ ആ അഭിപ്രായത്തിനുള്ള പരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാതിരിക്കുക എന്നതല്ല. മുഖ്യമന്ത്രി മോശക്കാരനാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താം. പിണറായി വിജയന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താം. അദ്ദേഹത്തിന്റെ മുന്നണിയെയും പരാജയപ്പെടുത്താം. കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് ഏതങ്കിലും ഒരു മുഖ്യമന്ത്രിയുടെയോ ഏതങ്കിലുമൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെതോ അല്ല എന്നിരിക്കെ അതിലേക്കു സംഭാവന നല്‍കുന്നതിനെ എതിര്‍ക്കുന്നത് സംഭാവന നല്‍കാന്‍ മനസ്സില്ലാത്തതു കൊണ്ടു തന്നെയാണ്.

സ്വന്തക്കാര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കുന്നത് എന്നതാണ് സംഭാവന നല്‍കാന്‍ മനസ്സില്ലാത്തവര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന മറ്റൊരാക്ഷേപം. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായം നല്‍കിയതാണ് അതിനുദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത്. അതിന്റെ ന്യായാന്യായങ്ങളിലേക്കു കടക്കും മുമ്പ് ഉഴവൂര്‍ വിജയനെ അറിയണം. വിജയേട്ടനായി, ഉഴവൂര്‍ജിയായി, ഉഴവൂരാനായി സ്നേഹിതരുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഒരു നല്ല രാഷ്ട്രീയ നേതാവ് -അതാണ് ഉഴവൂര്‍ വിജയന്‍. അദ്ദേഹം കര്‍മ്മമണ്ഡലത്തില്‍ പുലര്‍ത്തിയ ഹൃദയബന്ധങ്ങള്‍ തന്നെയാണ് എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ കാരണം. അതിലെല്ലാമുപരി അഴിമതിയുടെ കറ പുരളാത്ത, എന്നും നേരിന്റെ പാതയില്‍ മാത്രം സഞ്ചരിച്ച, കുടുംബത്തെ ‘വികസിപ്പിക്കാത്ത’ നന്മയുള്ള രാഷ്ട്രീയക്കാരന്‍.

മറ്റുള്ളവരുടെ ഹൃദയത്തിലേക്കു കടന്നു കയറാനുള്ള ഏറ്റവും നല്ല വഴി നര്‍മ്മത്തിന്റേതാണ്. ഉഴവൂരിന്റെ വിജയം അതു തന്നെയായിരുന്നു. നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗ ശൈലിയിലൂടെയാണ് ഉഴവൂര്‍ വിജയന്‍ ജനകീയനായത്. എന്തിലുമേതിലും നര്‍മ്മം കണ്ടെത്തുക. അത് പ്രസംഗത്തിലൂടെ കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാന്‍ അസാധാരണമായ വഴക്കം പ്രകടിപ്പിക്കുക. അതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. ഇതുവഴി രാഷ്ട്രീയ എതിരാളികളെക്കൊണ്ടു പോലും കൈയടിപ്പിക്കാന്‍ വിജയനു സാധിച്ചു. എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായപ്പോള്‍ തമാശ കുറയ്ക്കണമെന്നും ഗൗരവത്തോടെ പെരുമാറണമെന്നും സുഹൃത്തുക്കള്‍ ഉഴവൂരിനെ ഉപദേശിച്ചു. മറുപടി ഉടനെ വന്നു -‘തമാശ ഉണ്ടെങ്കിലേ ഉഴവൂര്‍ വിജയന്‍ ഉള്ളൂ. തമാശ ഇല്ലെങ്കില്‍ ഉഴവൂര്‍ പരാജയന്‍ ആയിപ്പോകും!!!’

ഉഴവൂരിന്റെ പത്രപാരായണവും ടിവി കാണലും വാര്‍ത്ത അറിയാന്‍ വേണ്ടി മാത്രമായിരുന്നില്ല. പ്രസംഗത്തിനാവശ്യമായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നാണ് അദ്ദേഹം കണ്ടെത്തിയിരുന്നത്. പ്രസംഗത്തിനാവശ്യമായ അസംസ്‌കൃത വസ്തു വാര്‍ത്തയിലോ പരസ്യത്തിലോ ഒക്കെയാവും ഉണ്ടാവുക. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ സമകാലിക രാഷ്ട്രീയവുമായി ബന്ധിപ്പിച്ചു നര്‍മ്മത്തില്‍ പൊതിഞ്ഞു സംഗതി റെഡിയാക്കും. തിരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണിയിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയന്റെ പ്രസംഗം വേണമായിരുന്നു. നേതാക്കന്മാരെത്തുന്നതിനു മുമ്പേ ഉഴവൂര്‍ പ്രസംഗം തുടങ്ങും. പിന്നാലെ പ്രവര്‍ത്തകരുടെ ഒഴുക്കായിരിക്കും. എതിരാളികള്‍ക്കു ചെറിയ കൊട്ടുകള്‍ നല്‍കി തുടങ്ങുന്ന പ്രസംഗം കത്തിക്കയറുമ്പോഴേക്കും സദസ്സില്‍ പൊട്ടിച്ചിരി നിറയും. എന്നാല്‍, വ്യക്തിപരമായി ആക്ഷേപിക്കാതെ വിജയന്‍ രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ചു. വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ പൂവുകൊണ്ടുള്ള ആക്രമണം. കെ.എം.മാണിയായിരുന്നു പലപ്പോഴും വിജയന്റെ ‘ഇര’.

ഉഴവൂർ വിജയൻ

മാണിയെ ഏറ്റവും കൂടുതല്‍ ആക്രമിച്ചതു കൊണ്ടാവണം ഉഴവൂര്‍ വിജയന് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നതും മാണിക്കെതിരെ ആയിരുന്നു. 2001ല്‍ പാലായില്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു വാശി പിടിക്കരുതെന്നായിരുന്നു വിജയന്റെ നിലപാട് -‘എല്ലാവരും അസംബ്ലിയിലേക്ക് പോയാല്‍ പുറത്തും ആളുവേണ്ടേ!’ 2001ല്‍ പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ വിജയസാദ്ധ്യതയെക്കുറിച്ചു ചോദിച്ചപ്പോള്‍ സാധാരണ ഒരു സ്ഥാനാര്‍ഥിയും പറയാത്ത മറുപടിയാണ് അദ്ദേഹം നല്‍കിയത് -‘തോറ്റുപോകും.’ ഇത്ര കൂടി പറഞ്ഞു -‘ഇത് വീരചരമമാണ്. ബെന്‍സ് ഇടിച്ചാണല്ലോ മരണം, ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ?’

ഒരിക്കല്‍ തൊടുപുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകവെ ഉഴവൂര്‍ വിജയന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നെല്ലാപ്പാറയില്‍വെച്ച് മറിഞ്ഞു. വിജയനുണ്ടായ അപകടം അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ അന്നത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ അറിഞ്ഞത് പിറ്റേന്നായിരുന്നു. വിവരം അന്വേഷിക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന സത്യജിത് രാജനെ രാഷ്ട്രപതി ചുമതലപ്പെടുത്തി. ആസ്പത്രിയിലെത്തിയ കളക്ടര്‍, ഇപ്പോഴാണ് വിവരം അറിഞ്ഞതെന്ന് പറഞ്ഞു. ഉടനെ വന്നു വിജയന്റെ മറുപടി -‘ഇനി അപകടം പറ്റുന്നതിനുമുമ്പേ അറിയിക്കാം’. തമാശയാണോ ശകാരമാണോ എന്നു മനസ്സിലാകാതെ കളക്ടര്‍ അന്തംവിട്ടു നിന്നത് ചരിത്രം.

ഉഴവൂർ വിജയന്റെ കുടുംബത്തിന് സഹായമനുവദിക്കാനുള്ള തീരുമാനമുണ്ടായ മന്ത്രിസഭാ യോഗത്തിന്റെ നടപടിക്കുറിപ്പ്

എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്നതിനാല്‍ ആരോടും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉഴവൂര്‍ വിജയനുണ്ടായിരുന്നു. അതിനാല്‍ത്തന്നെ സ്വതവേ ഗൗരവക്കാരനായ പിണറായി വിജയന്‍ പലപ്പോഴും പൊട്ടിച്ചിരിച്ചിരുന്നത് ഉഴവൂര്‍ വിജയന്റെ കമ്പനിയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഇടതു മുന്നണിയുടെ രാപ്പകല്‍ സമരം നടക്കുന്നു. പിണറായിയും പന്ന്യനും ഉഴവൂരുമെല്ലാം ഹാജര്‍. ഒരു പത്രഫൊട്ടോഗ്രാഫര്‍ക്ക് പിണറായി ചിരിക്കുന്ന ചിത്രം വേണം. ഏറ്റവും എളുപ്പ വഴി തന്നെ അദ്ദേഹം കണ്ടെത്തി -ഉഴവൂരിനെ പിടിച്ചു. ക്യാമറ റെഡിയാക്കിക്കൊള്ളാന്‍ പറഞ്ഞിട്ട് പിണറായിയുടെ അടുത്തു പോയി ഉഴവൂര്‍ എന്തോ ചെവിയില്‍ പറഞ്ഞു. ഇതു കേട്ടപാടെ പിണറായി പൊട്ടിച്ചിരിച്ചു. ഫൊട്ടോഗ്രാഫര്‍ക്ക് പടവും കിട്ടി. പിണറായിയോട് ഉഴവൂര്‍ പറഞ്ഞത് ഇതാണ് -‘തലമൂടി നീട്ടി വളര്‍ത്തിയ പന്ന്യന്‍ രവീന്ദ്രനൊപ്പം രാത്രി ഒറ്റയ്ക്കു പോയി കിടക്കരുത്. കിടന്നാല്‍ ഏതെങ്കിലും ഫൊട്ടോഗ്രാഫര്‍ തെറ്റിദ്ധരിച്ച് പടമെടുത്താല്‍ കേസാകും’. പിണറായി ചിരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

കെ.ജി.വിജയന്‍ ഉഴവൂര്‍ കോളജില്‍ പഠിക്കുന്ന കാലത്താണ് ഉഴവൂര്‍ വിജയന്‍ ആയി മാറിയത്. വിജയനൊപ്പം യാത്ര പോകുമ്പോള്‍ ഒപ്പമുള്ളവര്‍ക്കെല്ലാം ഭക്ഷണം വാങ്ങിക്കൊടുക്കുമായിരുന്നു. വൈക്കുന്നേരം തന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പലഹാരങ്ങള്‍ വാങ്ങിയാല്‍ ഒപ്പമുള്ളവര്‍ക്കും വാങ്ങി നല്‍കണമെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു.

തീര്‍ത്തും നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകന്‍ അതായിരുന്നു ഉഴവൂര്‍ വിജയന്‍. അദ്ദേഹത്തിന്റെ നിര്യാണം തികച്ചും ആക്‌സമികമായിരുന്നു. കുടുംബത്തിനു വേണ്ടി ഒന്നും നേടാത്ത ഒരാള്‍ പെട്ടെന്ന് അരങ്ങൊഴിഞ്ഞാല്‍ കുടുംബം കൊടിയ ദാരിദ്ര്യത്തിലാകും. ഉഴവൂരിന്റെ കുടുംബത്തിന്റെ അവസ്ഥ ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ചെലവായ ആസ്പത്രി ബില്‍ തുക പോലും കണ്ടെത്താന്‍ കുടുംബം ബുദ്ധിമുട്ടി. വരുമാനമില്ലാത്ത വ്യക്തി കാര്യങ്ങള്‍ മുന്നോട്ടു നീക്കാന്‍ എടുത്ത വായ്പകളുടെ ബാദ്ധ്യതകളും ഉഴവൂരിന്റെ മരണത്തോടെ കുടുംബത്തിനു മുകളിലായി. കടക്കാര്‍ എല്ലാം കൊണ്ടുപോകുന്ന അവസ്ഥ. ഇതേക്കുറിച്ച് ഇടതു മുന്നണി നേതാക്കള്‍ അറിഞ്ഞു. എന്തു ചെയ്യാനാവും എന്നു പരിശോധിച്ചു. ഇത്തരം കേസുകളില്‍ സഹായം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് വിവേചനാധികാരം ഉപയോഗിക്കാം. തുക 3 ലക്ഷത്തിലേറെ ആയാല്‍ മന്ത്രിസഭയുടെ അംഗീകാരം വേണമെന്നു മാത്രം. അതിനാല്‍ വിഷയം മന്ത്രിസഭയുടെ മുന്നിലെത്തി.

ഉഴവൂർ വിജയന്റെ കുടുംബത്തിന് സഹായം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ്

2017 ജൂലൈ 26നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഉഴവൂര്‍ വിജയന്റെ കുടുംബത്തെ സഹായിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തത്. ഉഴവൂരിന്റെ ചികിത്സാ ചെലവായി 5 ലക്ഷം രൂപയും 2 പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവിനായി 10 ലക്ഷം രൂപ വീതവും അനുവദിക്കാന്‍ തീരുമാനമായി. ഈ തീരുമാനത്തിന്റെ നടപടിക്കുറിപ്പ് അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഒപ്പിട്ട് 2017 ജൂലൈ 27നു തന്നെ കൈമാറി. ഈ നടപടിക്കുറിപ്പ് പ്രകാരം 25 ലക്ഷം രൂപ സഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 2018 ഓഗസ്റ്റ് 1ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ പുറപ്പെടുവിക്കുകയും ചെയ്തു.

ഫണ്ട് പിരിവ് പോലുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാമായിരുന്നില്ലേ എന്ന ചിന്ത സ്വാഭാവികമായും ഉയര്‍ന്നുവരാം. ബക്കറ്റ് പിരിവ് ഇടതുപക്ഷത്തിന്റെ ‘മുഖമുദ്ര’ ആണല്ലോ! എന്നാല്‍, ഉഴവൂരിന്റെ പേരില്‍ അത്തരമൊരു ഫണ്ട് പിരിവും പരിഗണിക്കപ്പെട്ടില്ല. നേരിന്റെ വഴിയില്‍ സഞ്ചരിച്ച നേതാവിന് അര്‍ഹമായ അംഗീകാരം സമൂഹത്തിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ നല്‍കണമെന്ന് തീരുമാനിക്കപ്പെട്ടു. അതൊരു രാഷ്ട്രീയ തീരുമാനമായിരിക്കാം, ശരിക്കൊപ്പം നില്‍ക്കണമെന്ന തീരുമാനം.

ഒരു വര്‍ഷം മുമ്പ് ഉണ്ടായ ഈ നടപടികള്‍ വഴിവിട്ട രീതിയിലായിരുന്നില്ല. മന്ത്രിസഭ ഔദ്യോഗികമായി തീരുമാനിച്ച് ഉത്തരവിറക്കി എല്ലാവരെയും അറിയിച്ചു നടപ്പാക്കിയ കാര്യം. ഒട്ടും മറയില്ലാതെ നടത്തുന്ന കാര്യം അഴിമതിയുടെ ഗണത്തില്‍ പെടില്ല. അന്ന് എല്ലാ മാധ്യമങ്ങളിലും സഹായം അനുവദിച്ച വാര്‍ത്ത വന്നു. എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ഇത് അറിഞ്ഞു. എന്നിട്ടും ആരും അന്ന് ഇക്കാര്യം വിവാദമാക്കിയില്ല. കോടതിയില്‍ ചോദ്യം ചെയ്തുമില്ല. കാരണം, എല്ലാവര്‍ക്കും ഉഴവൂര്‍ വിജയനെ നന്നായി അറിയാമായിരുന്നു. വിജയന്റെ കുടുംബത്തെ സഹായിക്കുന്നതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍, ഉഴവൂര്‍ വിജയന്റെ കുടുംബത്തെ സഹായിച്ചത് ഇപ്പോഴത്തെ സാഹചര്യത്തില്‍ കുത്തിപ്പൊക്കി വിവാദമാക്കുന്നത് ദുരുപദിഷ്ടമാണെന്നു പറയാതെ വയ്യ. അത് ദുരിതാശ്വാസ നിധിയിലേക്ക് ദാനം കൊടുക്കില്ല എന്നുള്ള തീരുമാനം നടപ്പാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണ്.

മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ 1983ൽ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായം അനുവദിച്ചതു സംബന്ധിച്ചുള്ള പത്രവാർത്ത

ലാഭേച്ഛയില്ലാതെ നിസ്വാര്‍ത്ഥമായി പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊപ്പം നാടും നാട്ടുകാരും ഉണ്ടാവും എന്നു തെളിയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പിന് ആവശ്യം തന്നെയാണ്. നാടിനു വേണ്ടി ജീവിച്ച നല്ല നേതാവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നാടിനുണ്ട്. നാട്ടില്‍ തലയെടുപ്പുള്ള നേതാക്കളുടെ കുടുംബങ്ങള്‍ അവരുടെ കാലശേഷം കൊടിയ ദാരിദ്ര്യത്തില്‍ ഉഴലുന്ന കാഴ്ച പലവട്ടം നമ്മള്‍ കണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പുതുതലമുറ നേതാക്കള്‍ ആരെങ്കിലും അഴിമതിക്കാരായിട്ടുണ്ടെങ്കില്‍ അതിനു കാരണം പഴയ തലമുറയിലെ നേതാക്കളുടെ കുടുംബങ്ങള്‍ നേരിട്ട ഇത്തരം ദുരവസ്ഥ കണ്ടതിനാല്‍ത്തന്നെയാണ്. അങ്ങേയറ്റം ദുരവസ്ഥയിലായിരുന്ന ഉഴവൂരിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായം വലിയൊരു താങ്ങായി എന്നു പറയാതെ വയ്യ. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉഴവൂരിന്റെ കുടുംബത്തിനോട് കാട്ടിയ ദീനാനുകമ്പ ഈ ഗണത്തിലെ ആദ്യത്തേതുമല്ല എന്നും പറയണം.

അപ്പോള്‍, ‘പക്ഷേ’ ഒരു കുടുക്കാണ്. സഹജീവിയോടുള്ള കാരുണ്യമില്ലായ്മയുടെ കുടുക്ക്. സ്വാര്‍ത്ഥതയുടെ കുടുക്ക്. ക്രൂരതയുടെ കുടുക്ക്. ഈ കുടുക്കുണ്ടാക്കുന്നവര്‍ സ്വയം അതില്‍ കുടുങ്ങാതിരുന്നാല്‍ നല്ലത്!

Previous articleIndia MODIfied
Next articleഒരു ആരാധകന്റെ ഡയറിക്കുറിപ്പ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here